അന്ന് ഉച്ചക്ക് അയാൾ തന്നെ അവളെ അവളുടെ വീട്ടിൽ കൊണ്ടുപോയി...

Valappottukal


രചന: ഗായത്രി ഗോവിന്ദ്


"രാജി.. നീ ഇങ്ങനെ വിഷമിച്ചു നിന്നിട്ടെന്താ കാര്യം?? കുറച്ചു ദിവസം അമ്മയുടെ അരികിൽ  പോയിനിക്കു.." അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ട് നിക്കുന്ന രാജിയോട് പത്മാവദിയമ്മ പറഞ്ഞു..


"ഓഹ്.. സാരമില്ല അമ്മേ.. രമേശേട്ടൻ വിടില്ല.. വെറുതെ ഞാൻ വഴക്ക് കേൾക്കാം എന്നേയുള്ളു.. കഴിഞ്ഞ വർഷം അച്ഛൻ വീണുകാണാൻ ചെന്നപ്പോൾ രണ്ടു ദിവസം അവിടെ നിന്നോട്ടെ എന്ന് ചോദിച്ചപ്പോൾ.. അവിടെ എല്ലാവരുടെയും മുൻപിൽ വച്ചു വഴക്ക് പറഞ്ഞു.."


"നിങ്ങളുടെ ഒരു കാര്യത്തിലും ഇടപെടാൻ ഞാൻ വരാറില്ല.. പക്ഷേ ഞാനും ഒരു അമ്മയല്ലേ.. നിന്നെ പോലെ ഒരു മകൾ അല്ലായിരുന്നോ.. നീ അവനോട് ചോദിക്ക്... അവൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ സംസാരിക്കാം.. പോ പോയി ചോദിക്ക്.."


രാജി തെല്ലു പരിഭ്രമത്തോടെ രമേശനു അരികിലേക്ക് ചെന്നു.. ടീവിയും ഓൺ ചെയ്തു ഫോണിൽ നോക്കി ഇരിക്കുകയാണ് രമേശൻ..


"രമേശേട്ടാ.."


"എന്താ രാജി?? " അയാൾ ഫോണിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു...


"രമേശേട്ടാ.. രാവിലെ അച്ഛൻ വിളിച്ചിരുന്നു.. അമ്മക്ക് തീരെ സുഖം ഇല്ലായെന്ന്.. എന്നെ കാണണം എന്നുണ്ടാവും.. ഞാൻ കുറച്ചു ദിവസം അവിടെ പോയി നിന്നോട്ടെ..."


അയാൾ ഫോണിൽ നിന്നും മുഖമെടുത്തു


"നീ ഒരു മകളെയുള്ളോ അവർക്ക്.. നിന്റെ ചേട്ടനും ഭാര്യയും അല്ലേ നിന്റെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കേണ്ടത്..എത്ര നാളായി അവർ നാട്ടിലേക്ക് വന്നിട്ട്?? "


"അവർ വരാൻ ഇരുന്നതാ.. അപ്പോഴല്ലേ കൊറോണ കാരണം ഫ്ലൈറ്റ് എല്ലാം ക്യാൻസൽ ചെയ്തത്.. പിന്നെ ഏട്ടന് കൊറോണ ഡ്യൂട്ടിയും കിട്ടിയത് കൊണ്ടല്ലേ.."


"എന്തൊക്കെ പറഞ്ഞാലും നീ പോയാൽ ശരിയാകില്ല.. എന്റെയും മോളുടെയും  കാര്യങ്ങൾ ഓക്കെ ആരു നോക്കും.. "


പത്മാവദിയമ്മ അവിടേക്കു വന്നു...


"മൂക്കിൽ പല്ലു വരാറായ നിന്റെയും പതിമൂന്ന് വയസ്സായ നിന്റെ മോളുടെയും കാര്യം നോക്കാൻ ഈ പെണ്ണ് പുറകെ നടക്കണോടാ.."


"അമ്മേ.. അത്.."


"കൂടുതൽ ഒന്നും പറയണ്ട നീ.. എവിടെയാ നീ വായിച്ചത് അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ ആൺമക്കൾ മാത്രം ആണ് നോക്കേണ്ടത് എന്ന്.. മക്കൾക്ക് അച്ഛന്റെ അമ്മയുടെയും കാര്യത്തിൽ തുല്യ അവകാശം ആണ്.. സ്വത്തുക്കൾ ഭാഗം വക്കുമ്പോൾ കാണുന്നില്ലല്ലോ ചേട്ടനാണ് കൂടുതൽ അവകാശം എന്നൊന്നും പറയുന്നത്... ഈ പെണ്ണ് ഒരു പൊട്ടി ആയതുകൊണ്ട് നീ പറയുന്നത് അക്ഷരംപ്രതി അനുസരിച്ചു ഇവിടെ നിൽക്കുന്നു.. "


അയാൾ ഒന്നും മിണ്ടാതെ നിന്നു...


"ഇത്രയും കാലം ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരു അഭിപ്രായവും പറയാൻ വന്നിട്ടില്ല.. പക്ഷേ ഈ കൊച്ചിന്റെ വിഷമം ശാപമായി എന്റെ മോന്റെ തലയിലേക്ക് തന്നെ വരുമല്ലോ എന്നോർത്തു പറഞ്ഞതാ.. കാരണം നിനക്ക് ഒരു മകളെയുള്ളു.. നാളെ നിന്റെ അവസ്ഥ എന്താണെന്ന് ഗണിച്ചു നോക്കാൻ പറ്റില്ലല്ലോ... മോൻ നന്നായി ആലോചിച്ചു തീരുമാനിക്ക്.."


രാജി അടുക്കളയിലേക്ക് പോയി പിന്നാലെ അമ്മയും.. രമേശൻ കുറെ നേരം ആലോചിച്ചു.. അമ്മ പറയുന്നതിലും കാര്യം ഉണ്ടെന്ന് അയാൾക്ക് തോന്നി.. അന്ന് ഉച്ചക്ക് അയാൾ തന്നെ അവളെ അവളുടെ വീട്ടിൽ കൊണ്ടുപോയി.. ചെന്നപ്പോൾ കാണുന്നത്.. അമ്മയുടെ തുണികൾ അലക്കി ഇടുന്ന അച്ഛനെയാണ്..


"ആരെയെങ്കിലും നിർത്തിക്കൂടെ അച്ഛാ ഇതൊക്ക ചെയ്യാൻ.." അവൾ ബാഗ് വച്ചിട്ട് തുണികൾ വിരിക്കാൻ കൂടി.. രമേശ്‌ അവിടെ തന്നെ നിന്നു..


"അവൾ വേറെ ആരെയുംകൊണ്ട് അവളുടെ കാര്യം ചെയ്യിക്കില്ല മോളെ.. പിന്നെ ഈ തുണി അലക്കാനായിട്ട് ഒരാളെ നിർത്തി ആ ചെക്കൻ രാവും പകലും കഷ്ട്ടപെടുന്ന പൈസ വെറുതെ എന്തിനാ കളയുന്നെ.. വീടിന്റെ ലോൺ അടവ് തീർന്നതേയുള്ളൂ..നിങ്ങൾ അകത്തേക്ക് വാ.."


അവർ മൂന്നുപേരും അകത്തേക്ക് പോയി.. അച്ഛനു നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടെന്ന് നടക്കുന്നത് കണ്ടപ്പോളെ അവൾക്ക് മനസ്സിലായി.. ഹാളിലേക്ക് കയറിയപ്പോൾ തന്നെ കേട്ടു അമ്മയുടെ ഞരക്കവും മൂളലും..


"ഇപ്പോൾ നന്നേ കൂടുതൽ ആണ്.. ഇനിയും ഒന്നും ചെയ്യാനില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.. അതിന്റെ കൂടെ ഓർമ്മക്കുറവും  ആരെയും കണ്ടാൽ തിരിച്ചറിയുന്നില്ല ഇപ്പോൾ.. ഇടയ്ക്കു രാജിയെന്നും രാജീവ്‌ എന്നും പറയുന്നുണ്ട്.. അതാ ഞാൻ മോളെ വിളിച്ചത്.. നിന്നെ കാണാൻ കിടക്കുവാകും ഈ വേദന എല്ലാം സഹിച്ചു..." അച്ഛൻ ഒരു നെടുവീർപ്പിട്ടു..


രാജി അമ്മക്ക് അരികിലേക്ക് ചെന്നു.. അച്ഛൻ കുളിപ്പിച്ച് വൃത്തിയാക്കി ചന്ദനകുറിയും അണിയിച്ചു ഒരുക്കി കിടത്തിയേക്കുവാണ്.. അവളെ കണ്ടതും ആ കണ്ണുകൾ വിടർന്നു.. പതിയെ അവ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. രാജി അമ്മക്ക് അരികിലേക്ക് ചെന്നു കണ്ണീർ തുടച്ചു ആ  മുഖത്തേക്ക് അവളുടെ മുഖം ചേർത്തു...


"ഡോക്ടർമാർ എന്താ അച്ഛാ പറഞ്ഞത്.." രമേശ്‌ ചോദിച്ചു


"എന്തു പറയാനാണ് മോനെ?? അവസാന സ്റ്റേജ് അല്ലായിരുന്നോ.. ഇനിയും കീമോയും റേഡിയേഷനും താങ്ങാൻ ആ ശരീരത്തിനു ആവുമെന്ന് തോന്നുന്നില്ല..."


ഹ്മ്മ്..


"നിങ്ങൾ വന്നല്ലോ.. ഞാൻ വിളിച്ചു പറഞ്ഞെങ്കിലും വിചാരിച്ചു എന്തെങ്കിലും തിരക്ക് പറഞ്ഞു അവൾ ഒഴിയുമെന്ന്.. ആഹ് കുടുംബവും കുട്ടികളും ഓക്കെ ആയി കഴിഞ്ഞാൽ അങ്ങനെയൊക്കെയാ അല്ലേ..  അവൾക്ക് രാജിയെന്ന് വച്ചാൽ ജീവനായിരുന്നു.. രാജീവിനേക്കാളും ഇഷ്ടം അവളോടായിരുന്നു.. അവൻ അത് എപ്പോഴും പറയാറുണ്ട്.. പക്ഷേ അവസാന കാലത്ത് ഒരു തുള്ളി വെള്ളം മക്കളുടെ കയ്യിൽ നിന്ന് വാങ്ങി കുടിക്കാതെ മരിക്കാൻ ആവും വിധി.. അവളുടെ മാത്രം അല്ല എന്റെയും.." അയാൾ നെടുവീർപ്പിട്ടു


"ഞാൻ എങ്കിൽ അമ്മയെ കണ്ടിട്ട് ഇറങ്ങട്ടെ അച്ഛാ.. രാജി കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ.."


"അതേയോ.." അച്ഛന്റെ മുഖം തെളിഞ്ഞു


"ഹ്മ്മ്.."


രമേശ് അമ്മയെ കണ്ടു ഇറങ്ങി..


പിന്നീടുള്ള ദിവസങ്ങൾ അമ്മയുടെ എല്ലാ കാര്യങ്ങളും രാജി നോക്കി.. കുട്ടികാലത്തു അവളെ എങ്ങനെയാണോ നോക്കിയിരുന്നത്  അതുപോലെ.. ഒരു പിണക്കവും കാണിക്കാതെ ഒരു കുഞ്ഞിനെ പോലെ അമ്മ അവൾ പറയുന്നത് എല്ലാം അനുസരിച്ചു.. രാജീവിനെ വീഡിയോ കാൾ ചെയ്തു അമ്മയെ കാണിച്ചു.. അവരുടെ മുഖത്തു വേദനകളെക്കാൾ ഏറെ വീണ്ടും സന്തോഷം വരുത്താൻ അവൾക്ക് കഴിഞ്ഞു.. ആ സന്തോഷങ്ങൾക്ക് ഒടുവിൽ അവളുടെ മടിയിൽ കിടന്നു അവളുടെ കയ്യിൽ നിന്നും രണ്ടു തുള്ളി വെള്ളം കുടിച്ചു ആ അമ്മ വിടവാങ്ങി.. ഉറപ്പായും അവർ സന്തോഷത്തോടെ ആയിരിക്കും പോയത്.. എങ്കിലും രാജിയുടെ മനസ്സിൽ വേദനയായിരുന്നു.. കല്യാണം കഴിഞ്ഞു ഒരിക്കൽ പോലും അമ്മയോട് ഒത്തു വന്നു സമയം ചിലവാക്കാൻ കഴിയാതിരുന്നതിന്റെ.. തനിക്ക് കുടുംബം ആയതിൽ പിന്നെ മനപ്പൂർവം അല്ലെങ്കിലും അച്ഛനെയും അമ്മയെയും മറന്നതിന്റെ... തന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ടത് തന്റെ കൂടി കടമയാണെന്ന് അവളുടെ ഭർത്താവിനോട് വാദിക്കാത്തതിന്റെ...


പക്ഷേ ഇനിയും ഒരിക്കൽ കൂടി ആ തെ റ്റ് അവൾ ആവർത്തിച്ചില്ല.. അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ആങ്ങളയുടെ ഭാര്യയെയും മക്കളെയും അയാൾ നാട്ടിൽ നിർത്തിയിട്ടു പോയെങ്കിലും രാജി അച്ഛനരികിലേക്ക് ഇടയ്ക്ക് ഇടയ്ക്കു ഓടി വരും.. സമയം ചിലവഴിക്കും.. ഇപ്പോൾ രമേശ്‌ അതിനു തടസ്സം നിക്കാറുമില്ല... കാരണം അയാൾക്ക് ഒരു മകളെയുള്ളൂ... ലൈക്ക് കമന്റ് ചെയ്യണേ..

To Top