എനിക്കങ്ങനെ കാണാൻ പറ്റില്ല .. ഞാൻ സ്നേഹിച്ചത് ദേവികയെയാണ്

Valappottukal

 


രചന: സൂര്യകാന്തി


ചട്ടമ്പി പെണ്ണ്… 


ഓടിച്ചാടി മംഗലത്ത്  വീടിന്റെ പൂമുഖത്തു നിന്നും അകത്തേക്ക് കയറുകയായിരുന്നു ദേവിക.. ദീപക്കിന്റെ ദേഷ്യത്തോടെ ഉയരുന്ന ശബ്ദത്തിനൊപ്പം ഗീതാന്റിയുടെ വാക്കുകൾ അവളുടെ ചെവിയിലെത്തി.. 


"നീ എന്താ ദീപു ഈ പറയണത്..? ദേവൂം  മാളൂം , രണ്ടും ഞാൻ എടുത്തു വളർത്തിയ കുട്ട്യോള് തന്നെയാണ്..ന്ന് വെച്ച് ദേവൂനെ പോലെ ഒരു പെണ്ണിനെയല്ല എന്റെ മോന്റെ ഭാര്യയായി ഞാൻ കണ്ടിരിക്കുന്നത്.. എനിക്കവളെ ഇവിടുത്തെ മരുമോളായി സങ്കൽപ്പിക്കാൻ പോലും ആവില്ല.. ഞാൻ എന്റെ മോന്റെ പെണ്ണായി കണ്ടത് അവളെയാണ്.. മാളവികയെ.. "


"അമ്മ എന്തു പറഞ്ഞാലും ഇത് നടക്കില്ല.. എനിക്കിഷ്ടം മാളുവിനെ അല്ല.. അവളെ എനിക്കങ്ങനെ കാണാൻ പറ്റില്ല .. ഞാൻ സ്നേഹിച്ചത് ദേവികയെയാണ്.. "


"നടക്കില്ല ദീപു.. മുടിയും വെട്ടി കളഞ്ഞു, ജീൻസും ഷർട്ടുമിട്ട്, അടക്കവും ഒതുക്കവുമില്ലാതെ, കണ്ട ആൺപിള്ളേരുടെ ബൈക്കിന്റെ പിറകിൽ കയറി നടക്കുന്നവളെ എന്റെ മോന്റെ ഭാര്യയായി കാണാൻ എനിക്ക് ബുദ്ധിമുട്ടാണ്.. "


ദേവുവിന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെയായിരുന്നു ഗീതയുടെ വാക്കുകൾ.. ബാക്കി കേൾക്കാൻ നിൽക്കാതെ പടിയിറങ്ങുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.. 


നാലഞ്ച് വീട് അപ്പുറത്താണ് ദേവികയുടെ  വീട്.. ബാങ്ക് മാനേജർ ജയകൃഷ്ണനും ഭാര്യ ഗൗരിയ്ക്കും രണ്ടു പെൺകുട്ടികൾ.. ഇരട്ടകളാണെങ്കിലും രൂപത്തിലും ഭാവത്തിലുമെല്ലാം രാവും പകലും പോലെ വ്യത്യസ്തർ… 


ജയകൃഷ്ണന്റെ ഉറ്റ തോഴനായിരുന്ന മംഗലത്ത് ബാലചന്ദ്രനും ഭാര്യ ഗീതയ്ക്കും ഒരേ ഒരു മകൻ.. ദീപക്ക് ബാലചന്ദ്രൻ.. കോളേജ് അദ്ധ്യാപകൻ, എഴുത്തുകാരൻ… 


ബാലചന്ദ്രൻ മരിച്ചിട്ട് പത്തു പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഒരു കുടുംബം പോലെയാണ് ഗീതയും മകനും ജയകൃഷ്ണന്റെ കുടുംബവും കഴിയുന്നത്..  


ദേവു ഗേറ്റ് കടന്നു മുറ്റത്തെത്തുമ്പോൾ ഗൗരിയും മാളവികയും കോലായിൽ ഉണ്ടായിരുന്നു.. 


"എവിടെ ഊര് ചുറ്റാൻ പോയതാടി.. അവളുടെ ഒരു കോലം കണ്ടില്ലേ, കെട്ടിക്കാൻ പ്രായമായ പെണ്ണാണ് .. "


ഗൗരി പറഞ്ഞത് കേട്ട് ദേവു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു കോലായിലേക്ക് കയറി.. 


"എന്താണ് ഗൗരി മാഡം ചൂടിലാണല്ലോ.. ആ ബാങ്ക് മാനേജർ വിളിച്ചില്ലേ.. "


"ദേ പെണ്ണെ നീയെന്റെ കൈയിൽ നിന്നും വാങ്ങിക്കുമേ.. "


ഗൗരി അവൾക്ക് നേരേ കൈ ഓങ്ങിയതും ഒഴിഞ്ഞു മാറി കൊണ്ടു ചിരിക്കുന്ന മാളവികയെ നോക്കി ഒന്ന് കണ്ണിറുക്കി ദേവു അകത്തേക്കോടി.. 


തന്റെ റൂമിൽ കയറി കതകടച്ചതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. ദേവിക പതിയെ കണ്ണാടിയ്ക്ക് മുൻപിലേക്ക് നീങ്ങി നിന്നു.. 


ലൂസായ ഒരു ഷർട്ടും ത്രീ ഫോർത്തും വേഷം.. ഇരുനിറം.. ചുമലിന് തൊട്ടു താഴെ എത്തുന്ന ഇടതൂർന്ന മുടി വാരി ഉച്ചിയിൽ കെട്ടി വെച്ചിട്ടുണ്ട്.. ആഭരണമായി കാതിലുള്ള ചെറിയ വെളുത്ത കല്ല് വെച്ച കമ്മൽ.. ഒരു പൊട്ടു പോലും കുത്തിയിട്ടില്ല.. 


ഇതാണ് ദേവിക ജയകൃഷ്ണൻ.. കോളേജ് ചെയർമാൻ.. എന്തിനും ഏതിനും മുന്പിലുണ്ടാവുന്നവൾ.. അത് കൊണ്ടു തന്നെ പ്രശ്നങ്ങളിൽ ചെന്നു ചാടാറുമുണ്ട്.. കൂട്ടിനുള്ളതും അത് പോലെയുള്ളവർ തന്നെ.. 


ദേവുവിന്റെ മനസ്സിൽ മാളവികയുടെ രൂപം തെളിഞ്ഞു.. 


അമ്മ എപ്പോഴും പറയുന്നത് പോലെ അടക്കവും ഒതുക്കവുമുള്ളവൾ.. ശാലീന സുന്ദരി.. വെളുത്ത നിറവും വിടർന്ന കണ്ണുകളും നീണ്ടു ചുരുണ്ട തലമുടിയും ഒക്കെയായി ആരും ഒന്ന് നോക്കി പോവുന്നവൾ.. 


സ്വഭാവവും അങ്ങനെ തന്നെയാണ്.. 


അമ്മയ്ക്ക് ഒരു പൊടിയ്ക്ക് സ്നേഹക്കൂടുതൽ മാളുവിനോടാണെന്ന് പലപ്പോഴും ദേവു വഴക്കു കൂടാറുണ്ടെങ്കിലും അവളുടെ ജീവനാണ് മാളവിക.. തിരിച്ചും അങ്ങനെ തന്നെ.. ദേവുവിന്റെ എല്ലാ തല്ലു കൊള്ളിത്തരത്തിനും വേണ്ടി അമ്മയോട് വാദിക്കാറുള്ളത് മാളുവാണ്.. 


കുട്ടികളോട് പറഞ്ഞിരുന്നില്ലെങ്കിലും കൂട്ടുകാരുടെ മനസ്സിൽ മക്കളെ പരസ്പരം വിവാഹം കഴിപ്പിക്കണമെന്നൊരാഗ്രഹം ഉണ്ടായിരുന്നു.. 


ദേവുവിന്റെ കുസൃതിത്തരങ്ങൾ ഇഷ്ടമായിരുന്നെങ്കിലും പല തവണ അവളെ ഗൗരിയുടെ അടിയിൽ നിന്നും രക്ഷിച്ചിട്ടുണ്ടെങ്കിലും ഗീത മകന്റെ പെണ്ണായി കണ്ടത് ശാലീന സുന്ദരിയായ മാളുവിനെ ആയിരുന്നു.. 


തലവേദനയാണെന്ന് പറഞ്ഞു കതകടച്ചു കിടക്കുകയായിരുന്നു ദേവിക.. 


എപ്പോഴാണ് ദീപുവേട്ടനോട് ഇഷ്ടം തോന്നിയത് എന്ന് ചോദിച്ചാൽ അറിയില്ല.. സ്കൂളിൽ പഠിക്കുമ്പോഴേ തന്നെ എപ്പോഴും തന്നെ കളിയാക്കുന്ന, കള്ളച്ചിരി കണ്ണുകളിൽ ഒളിപ്പിച്ചു വെച്ച ദീപക്ക് ബാലചന്ദ്രൻ മനസ്സിൽ കയറിയിരുന്നു.. 


പക്ഷേ ദീപുവേട്ടൻ അന്നേ മാളുവുമായായിരുന്നു കൂട്ട്.. ഇടയ്ക്ക് കുശുമ്പ് വരുമെങ്കിലും അതിൽ ദേഷ്യമൊന്നും തോന്നിയിരുന്നില്ല.. 


എന്തും തുറന്നു പറയാറുള്ള മാളുവിനോട് മറച്ചു വെച്ചത് ഈ ഒരു കാര്യം മാത്രമായിരുന്നു.. അപകർഷതാ ബോധം തന്നെയാവും കാരണം.. കാണാൻ സുന്ദരനായ, പഠിക്കാൻ മിടുക്കനായ, സകലകലാവല്ലഭനായ ദീപക്ക് എപ്പോഴെങ്കിലും തന്റെ ഇഷ്ടം അറിയുമ്പോൾ പുച്ഛിക്കുമോ എന്ന പേടിയുണ്ടായിരുന്നു.. അത് മാത്രം താങ്ങാനാവില്ല എന്നും അറിയാമായിരുന്നു.. 


കോളേജിലെ തീപ്പൊരി സഖാവും കവിയും എഴുത്തുകാരനുമെല്ലാമായ യുവസുന്ദരന്  ആരാധികമാർ കൂടി വരുന്നത് കണ്ടു മനസ്സിലെ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്.. ദിവസങ്ങളോളം മിണ്ടാതെ, കാണാത്തമട്ടിൽ നടന്നിട്ടുണ്ട്.. വല്യ സൗഹൃദം ഒന്നും ഇല്ലാതിരുന്നത് കൊണ്ടു ദീപുവേട്ടന് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല.. 


ഇടയ്ക്കിടെ മംഗലത്ത് പോവുമ്പോൾ, ആള് ഇല്ലെന്ന് ഉറപ്പു വരുത്തി, പുസ്തകങ്ങൾ നോക്കാനെന്ന വ്യാജേന ദീപുവേട്ടന്റെ മുറിയിലെത്തും.. ഉദ്ദേശം രണ്ടാണ്.. പുതിയ എഴുത്തുകൾ.. ഏതേലും പെണ്ണ് നെഞ്ചിൽ കയറിയിട്ടുണ്ടോ എന്നതിന് എന്തെങ്കിലും സൂചന കിട്ടുമോ എന്നൊരു അന്വേഷണം.. 


ഒരിക്കൽ എല്ലായിടത്തും തപ്പി കഴിഞ്ഞു മേശമേൽ അടുക്കി വെച്ചിരിക്കുന്ന പേപ്പറുകളിൽ ഒന്നിൽ എഴുതി വെച്ച അക്ഷരങ്ങളുടെ അർത്ഥം ആലോചിച്ചു ചൂണ്ട് വിരൽ ചുണ്ടിൽ ചേർത്ത് തിരിഞ്ഞപ്പോഴാണ് കൈ കെട്ടി വാതിലിൽ ചാരി തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടത്.. ദീപുവേട്ടൻ… 


നിന്ന നിൽപ്പിൽ അപ്രത്യക്ഷമാവാൻ വല്ല വഴിയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചെങ്കിലും നടക്കില്ല എന്ന് അറിയാവുന്നത് കൊണ്ടു തലയും താഴ്ത്തി പുറത്തേക്ക് നടന്നു.. തൊട്ടരികെ എത്തിയതും ആൾ വലതു കൈ വാതിലിലേക്ക് നീട്ടി വെച്ചു നിന്നു..


"അപ്പോൾ നീയാണ് എന്റെ മുറിയിൽ ഇടയ്ക്കിടെ സർവേ നടത്തുന്നത്.. "


"അത്.. ഞാൻ ഒരു പുസ്തകം.. "


"ഒരു കള്ളിപ്പൂച്ച എന്റെ റൂമിൽ പുസ്തകവും തേടി കയറിയിറങ്ങാറുണ്ടെന്ന് ഞാൻ അറിഞ്ഞിട്ട് നാള് കുറച്ചായി.. കൈയോടെ പിടിക്കാൻ കാത്തിരുന്നതാണ്.. "


ദേവികയ്ക്ക് ശബ്ദം കിട്ടാതെയായി.. ജീവിതത്തിൽ ആദ്യമായി ആണ്‌ ഇങ്ങനെ ഒരു അവസ്ഥ.. 


"എന്നിട്ട് മാഡം ഏതു പുസ്തകമാണ്‌ ഇവിടെ നിന്നും വായിച്ചത്..? "


"അത്… "


ശ്വാസം മുട്ടി കൊണ്ടാണെങ്കിലും ഒരു പുസ്തകത്തിന്റെ പേര് ആലോചിച്ചെങ്കിലും ഒന്നും മനസ്സിൽ വന്നില്ല… 


"മുഖത്തോട്ട് നോക്കെടി… അല്ലാണ്ട് എന്തെങ്കിലും പറഞ്ഞാൽ നൂറു നാക്കാണല്ലോ പെൺപുലിയ്ക്ക്.. "


ദേവു മുഖമുയർത്തി ദയനീയമായി ദീപക്കിനെ നോക്കി.അവന്റെ മുഖത്തൊരു കുസൃതിച്ചിരി ഉണ്ടായിരുന്നു.. 


"ഈ ഒളിച്ചുകളി ഒക്കെ എന്തിനാണെന്ന് എനിക്കറിയാം മാഡം.. ഞാൻ അന്ന് കോളേജിൽ പഠിക്കുമ്പോഴും ഇപ്പോൾ പഠിപ്പിക്കുമ്പോഴും നിന്റെ കണ്ണുകൾ എനിക്കു ചുറ്റുമാണെന്ന് ഞാനറിഞ്ഞതാണ് പെണ്ണെ.. "


ദേവുവിന്റെ മുഖത്തെ ഞെട്ടൽ കണ്ടതും ദീപക്ക് പൊട്ടിച്ചിരിച്ചു.. 


"എന്നാലും നിന്നെയിങ്ങനെ വാല് മുറിഞ്ഞു എന്റെ മുൻപിൽ കിട്ടുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.. "


ആ വാക്കുകൾ ദേവുവിന്റെ നെഞ്ചിൽ കയറിയങ്ങു കൊളുത്തി..അവളുടെ നാവിനു അനക്കം വെച്ചു... 


"ദേ ഗീതാന്റി.. "


ദീപക് തിരിഞ്ഞു നോക്കിയതും അവനെ തള്ളി മാറ്റി ദേവു പുറത്തേക്കോടി.. 


"നിന്നെ എന്റെ കൈയിൽ കിട്ടുമെടി ചട്ടമ്പി, അന്ന് ഞാൻ പലിശ സഹിതം തരണുണ്ട്.. "


ദീപക്കിന്റെ വാക്കുകൾ അവളുടെ ചെവിയിൽ എത്തിയിരുന്നു.. പിന്നെ കുറച്ചു ദിവസം അവന്റെ കണ്മുന്നിൽ ചെന്നു പെടാതെ നടന്നു ദേവിക.. 


പിന്നെ അടുത്ത്  കണ്ടത് ജയകൃഷ്ണന്റെയും ഗൗരിയുടെയും വെഡിങ് ആനിവേഴ്സറിയ്ക്കായിരുന്നു.. ഗീതയെ കണ്ടതും അടുത്ത് ചെന്നു കെട്ടിപ്പിടിച്ചു സംസാരിച്ചെങ്കിലും ദേവു ദീപക്കിന്റെ മുഖത്തേക്ക് നോക്കിയതേയില്ല.. 


 അമ്മ പറഞ്ഞതനുസരിച്ചു സ്റ്റോർ റൂമിലേക്ക് നിന്നും ഒരു കവർ എടുത്തു തിരിയുമ്പോൾ മുൻപിൽ ദീപക്ക്.. 


"മാറി നിൽക്ക്.. എനിക്ക് പോണം.. "


"അങ്ങിനങ്ങു  പോയാലോ.. കള്ളിപൂച്ച എന്തേ ഇപ്പോൾ സർവ്വേയ്ക്ക് വരാത്തത്.. ആരെങ്കിലും കയറി താമസിച്ചോന്നറിയണ്ടേ എന്റെ നെഞ്ചിൽ.. "


കുസൃതി നിറഞ്ഞ വാക്കുകൾ കേട്ടതും ദേവുവിന്റെ മുഖം തുടുത്തു.. 


"ആരേലും ഉണ്ടെങ്കിൽ എനിക്കെന്താ..? "


"ഒന്നുമില്ലേ.. ഉം..? "


തന്നെ നോക്കി കൊണ്ടു അരികിലേക്ക് വരുന്ന ദീപക്കിനെ കണ്ടതും ദേവു രണ്ടടി പിറകിലേക്ക് നീങ്ങി.. 


"ദേവൂ.. വേഗം വാ.. അമ്മ വിളിക്കുന്നു.. "


മാളു പുറത്തു നിന്ന് വിളിക്കുന്നത് കേട്ടതും ദീപക്കിനെ ഒന്ന് നോക്കി അവൾ ധൃതിയിൽ പുറത്തേക്ക് നടന്നു.. 


പിന്നെ കാണുമ്പോഴെല്ലാം ആ കുസൃതി ചിരി ദീപക്കിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു.. കോളേജിൽ വെച്ചു പലപ്പോഴും ആ കണ്ണുകൾ തന്നെ തിരയുന്നത് ദേവു കണ്ടിട്ടുണ്ട്.. 


ഇഷ്ടമാണെന്ന് ഒരിക്കലും വാക്കുകളാൽ പറഞ്ഞിട്ടില്ല.. പക്ഷേ.. 


രാത്രി ഭക്ഷണം വേണ്ടെന്നു പറഞ്ഞിട്ടും മാളു സമ്മതിച്ചില്ല.. അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നത്.. ഒരു സന്തോഷവാർത്ത പറയാനുണ്ടെന്ന് അച്ഛൻ പറഞ്ഞപ്പോൾ എന്തായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും നെഞ്ചൊന്ന് നീറി.. 


വാർത്ത കേട്ടു മാളു ഞെട്ടുന്നത് കണ്ടു.. പിന്നെ നാണിച്ചാവും തല താഴ്ത്തി പ്ലേറ്റിലേക്ക് നോക്കിയിരിക്കുന്നത് കണ്ടു.. 


ദീപുവേട്ടന്റെ ജാതകപ്രകാരം ഉടനെ വിവാഹം നടത്തണമെന്നും മുഹൂർത്തം കുറിക്കാൻ നാളെ തന്നെ പോണമെന്നുമൊക്കെ അച്ഛൻ പറയുന്നത് കേട്ടപ്പോൾ സന്തോഷഭാവം മുഖത്ത് വരുത്താൻ പാടുപെടുകയായിരുന്നു ദേവിക.. 


അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ നിന്നും ദീപുവേട്ടനുമായുള്ള വിവാഹത്തെ പറ്റി മാളുവിനും അറിയാമായിരുന്നുവെന്ന് അറിഞ്ഞപ്പോൾ ഭക്ഷണം തൊണ്ടയിൽ തന്നെ നിന്നു..


ഞാൻ മാത്രം… ഒന്നുമറിയാതെ.. കോമാളിയായി… 


എങ്ങനെയോ റൂമിൽ എത്തിയതും മൊബൈലിൽ ഒരുപാട് മിസ്സ്ഡ് കാൾ കണ്ടു.. ദീപുവേട്ടനാണ്.. വിളിക്കാറില്ല.. മെസ്സേജ് അയക്കാറുമില്ല.. പക്ഷെ ഇടുന്ന സ്റ്റാറ്റസ് എല്ലാം തനിക്ക് വേണ്ടിയാണെന്ന് പലപ്പോഴും  തോന്നിയിട്ടുണ്ട്.. 


പിന്നെയും പിന്നെയും കാൾ വന്നപ്പോൾ മുഖം അമർത്തി തുടച്ചു ഫോൺ കൈയിലെടുത്തു.. 


"ഹെലോ.."


"എവിടെ പോയി കിടക്കുവായിരുന്നെടി  പുല്ലേ… മനുഷ്യൻ ഇവിടെ പ്രാണൻ കൈയിൽ പിടിച്ചോണ്ട് 

നിൽക്കുവായിരുന്നു.. "


തൊണ്ടയിൽ കുടുങ്ങിയ ഗദ്ഗദം വിഴുങ്ങികൊണ്ടാണ് ദേവിക പറഞ്ഞു.. 


ഹാ ബ്രോ ഇൻ ലോ.. ആള് മാറി പോയിട്ടോ.. ഇത് മാളു അല്ല.. ഞാനാണ്… പിന്നെ പറയാൻ മറന്നു കൺഗ്രാറ്റ്സ്  അളിയാ… ദേ ഞാൻ മാളുവിന് കൊടുക്കാം ട്ടോ.. "


അപ്പുറത്ത് നിശബ്ദതയായിരുന്നു.. പിന്നെ കേട്ടു.. 


"അഭിനയം കലക്കി… "


"ഞാൻ.. ഞാൻ മാളുവിനോട് അങ്ങോട്ട്‌ വിളിക്കാൻ പറയാം ദീപുവേട്ടാ.. "


പറഞ്ഞതും കാൾ  കട്ട്‌ ചെയ്തു ഫോൺ കട്ടിലേക്കിട്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു ദേവിക.. 


കുറച്ചു സമയം കഴിഞ്ഞു മൊബൈലിൽ സംസാരിച്ചു കൊണ്ടു മാളു റൂമിലേക്ക് വന്നപ്പോൾ ദേവു കണ്ണുകളടച്ച് ഉറക്കം നടിച്ചു കിടന്നു.. മാളു ചിരിയോടെ ഗുഡ് നൈറ്റ്‌ പറഞ്ഞു കാൾ കട്ട്‌ ചെയ്തത് അവൾ അറിയുന്നുണ്ടായിരുന്നു.. 


കല്യാണത്തിന്റെ മുഹൂർത്തം കുറിപ്പിക്കലും ബന്ധുക്കളെ വിളിക്കലും ആഭരണങ്ങൾ എടുക്കലുമൊക്കെയായി ദിവസങ്ങൾ കടന്നു പോയി.. 


ഗീത വീട്ടിൽ വന്നപ്പോൾ അന്ന് തന്നെ കുറിച്ച് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നെങ്കിലും ഒന്നും സംഭവിക്കാത്തത് പോലെ ദേവിക അവരോട് ചിരിച്ചു കളിച്ചു തന്നെ പെരുമാറി.. 


ദീപക്കിനെ പിന്നെ ദേവു കാണുന്നത് വിവാഹത്തിന്റെ ഡ്രെസ്സ് എടുക്കാൻ പോവുന്ന അന്നാണ്.. വയറുവേദന എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ പരമാവധി ശ്രെമിച്ചെങ്കിലും മാളു പിടിച്ച പിടിയാലേ അവളെ കൊണ്ടു പോയി.. 

ദീപക്ക് അവളെ ശ്രെദ്ധിച്ചതേയില്ല.. അത് ദേവുവിന് ഒരാശ്വാസം ആയിരുന്നു.. എങ്കിലും അറിയാതെ എവിടെയോ ഒരു നോവുണർന്നു.. 

ദീപക്കിന്റെ കാറിൽ പുറകിലെ സീറ്റിലാണ് ദേവുവും മാളുവും കയറിയത്..എത്ര ശ്രെമിച്ചിട്ടും ദേവുവിന്റെ നോട്ടം ദീപക്കിനെ തേടിയെത്തി.. 


ഒരു മാത്ര കണ്ണുകൾ തമ്മിലിടഞ്ഞതും പുച്ഛത്തോടെ ദീപക്ക് നോട്ടം മാറ്റുന്നത് അവൾ കണ്ടു.. 


കല്യാണസാരി സെലക്ട്‌ ചെയ്യുന്നതിനിടെ ബാത്‌റൂമിൽ പോവാനുണ്ടെന്ന് പറഞ്ഞു ദേവിക അവിടെ നിന്നും ഒഴിവായി.. ബാത്‌റൂമിൽ കയറിയതും അവൾ ഇടനെഞ്ചു തകർന്നത് പോലെ കരയുകയായിരുന്നു… 


ഇടയ്ക്കെപ്പോഴോ മോൾക്കെന്താ സുഖമില്ലേ എന്ന് ഗീതാന്റി ചോദിക്കുന്നത് കണ്ടു.. നോട്ടമെത്തിയത് ദീപുവേട്ടന്റെ മുഖത്താണ്.. ആളും തലയുയർത്തി നോക്കുന്നുണ്ടായിരുന്നു.. 


അവൾക്ക് നല്ല സുഖമില്ല.. മാളു പിടിച്ചു വലിച്ചു കൊണ്ടു വന്നതാണെന്ന് അമ്മ പറയുന്നത് കേട്ടു.. 


മാളു സന്തോഷം നിറഞ്ഞ മുഖത്തോടെ ദീപുവേട്ടനൊപ്പം അവൾക്കുള്ള ഡ്രെസ്സുകൾ എടുത്തു വെയ്ക്കുന്നത് കണ്ടപ്പോൾ സ്വയം ശാസിച്ചു.. 


ദീപുവേട്ടനെക്കാളും എനിക്ക് വലുത് മാളുവാണ്.. അവളുടെ സന്തോഷമാണ്.. അവർക്കിടയിൽ ഒരു കരടായി ഒരിക്കലും ദേവിക ഉണ്ടാകരുത്.. മനസ്സിനെ പറഞ്ഞു തിരുത്താൻ ശ്രെമിക്കുകയായിരുന്നു.. 


വിവാഹദിനം അടുത്തപ്പോഴേക്കും മനസ്സിനെ പാകപ്പെടുത്തി എടുത്തിരുന്നു.. മാളു എപ്പോഴും ഫോണിലാണ്. സത്യത്തിൽ അത് കണ്ടപ്പോൾ ആശ്വാസമാണ് തോന്നിയത്.. 


ദീപുവേട്ടൻ ഒരിക്കലും എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല.. 


ദേവിക മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.. വിവാഹത്തലേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു അമ്പലത്തിൽ പോണമെന്നു അമ്മ ഓർഡർ ഇട്ടിരുന്നു.. മാളുവിനെ കെട്ടിപ്പിടിച്ചാണ് കിടന്നത്.. നാളെ മുതൽ ഇവിടെ താൻ തനിച്ചാണ്.. 


ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു.. ഓർമ്മ വെച്ച കാലം മുതൽ നിഴലു പോലെ കൂടെയുണ്ട്.. അവളോട്  ആകെ മറച്ചു വെച്ചത് ദീപുവേട്ടനോടുള്ള ഇഷ്ടമാണ്.. അത് നന്നായി..


മാളുവും കരയുന്നുണ്ടായിരുന്നു.. വീട് വിട്ടു പോവുന്നതിൽ അവൾക്കും നല്ല സങ്കടം ഉണ്ട്.. എന്നാലും അടുത്താണല്ലോ.. 


എപ്പോഴോ ആണ് ഉറങ്ങിയത്.. രാവിലെ കണ്ണുകൾ  തുറന്നപ്പോൾ വൈകിയിരുന്നു. ചാടി എഴുന്നേറ്റു പുറത്തേക്ക് ചെന്നപ്പോൾ മാളു അമ്പലത്തിൽ പോയെന്ന് അമ്മ പറഞ്ഞു.. 


"നിന്നെ എത്ര വിളിച്ചു.. പോത്ത് പോലെ ഉറങ്ങുവല്ലായിരുന്നോ.. അവൾ ശ്രുതിയോടൊപ്പം പോയി.. "


ഇളയമ്മയുടെ മോളാണ് ശ്രുതി.. നിരാശ്ശയോടെ കുളിച്ചൊരുങ്ങി പുറത്തേക്കിറങ്ങി.. 


ഹാളിലെ സോഫയിൽ തല താഴ്ത്തി ഇരിക്കുന്ന അച്ഛനും ഡൈനിങ്ങ് ടേബിളിൽ മുഖം ചേർത്ത് വെച്ചു കരയുന്ന അമ്മയും ചുറ്റും കൂടി നിൽക്കുന്ന ബന്ധുക്കളും.. 

ഉള്ളിലുണർന്ന നടുക്കത്തോടെ ഓടിച്ചെല്ലുമ്പോൾ കേട്ടു.. 


മാളു അവൾക്കിഷ്ടപ്പെട്ട ആളോടൊപ്പം പോയി.. ശ്രുതിയുടെ കൈയിൽ ഒരു കത്ത് ഏല്പിച്ചിട്ടാണ് പോയത്.. 


മാളു.. അവൾ… ഒരു വാക്ക് പോലും എന്നോട് പറഞ്ഞില്ല.. അപ്പോൾ ഫോണിൽ സംസാരിച്ചതൊക്കെ അയാളോടായിരുന്നു.. ഇന്നലെ ഉറങ്ങാൻ നേരം അമ്മ അവൾക്ക് കൊടുത്ത പാൽ നിർബന്ധിച്ചു എന്നെ കുടിപ്പിച്ചത്.. ചേർന്നു കിടന്നു കെട്ടിപിടിച്ചു കരഞ്ഞത്… 


കണ്ണുനീർ പോലും വരാതെ നിൽക്കുമ്പോൾ അമ്മാവൻ പറയുന്നത് കേട്ടു.. 


"വന്നത് വന്നു.. ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്ക്.. പോലീസിൽ 

അറിയിക്കണ്ടേ..? "


"വേണ്ട.. അവൾ അവൾക്കിഷ്ടമുള്ള ജീവിതം തേടി പോയതല്ലേ.. "


വിറയാർന്നതെങ്കിലും അച്ഛന്റെ സ്വരം ഉറച്ചതായിരുന്നു.. 


അതിനിടയിൽ വേറെ ഒരു ശബ്ദം കെട്ടു.. ഗീതാന്റി.. 


"ജയേട്ടാ.. ഈ സമയത്ത് പറയാൻ പാടുണ്ടോ എന്നറിയില്ല.. എന്നാലും കല്യാണം വേണ്ട എന്ന് വെക്കണോ.. ദേവു… അവളെ ദീപുവിന് തന്നൂടെ.. എന്റെ മകൻ സ്നേഹിച്ചതും ആഗ്രഹിച്ചതും അവളെ ആയിരുന്നു.. എന്റെ പിടിവാശിയാണ് ഇതിനൊക്കെ കാരണം.. ഈ വിവാഹം ഉറപ്പിച്ചത്  മുതൽ അവൻ നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ടോ എന്നോട് സംസാരിച്ചിട്ടോ ഇല്ല.. "


അച്ഛൻ ഞെട്ടലോടെ മുഖമുയർത്തി എന്നെ നോക്കുന്നതും അമ്മ എഴുന്നേറ്റു അരികിലേക്ക് വരുന്നതും കണ്ടു.. ഗീതേന്റി വന്നു കൈയിൽ പിടിച്ചു.. 


"മോള് എന്നോട് പൊറുക്കണം..  ഈ വിവാഹത്തിന് സമ്മതിക്കണം.. "


ദേവിക ഒന്നും പറഞ്ഞില്ല.. 


ദീപക്ക് അവളുടെ കഴുത്തിൽ താലി കെട്ടുമ്പോഴും മരവിച്ച അവസ്ഥയിലായിരുന്നു ദേവിക.. അവനും അവളുടെ മുഖത്ത് നോക്കിയില്ല.. 


അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മാത്രം അവളുടെ കണ്ണുകൾ നിറഞ്ഞു.. 


രാത്രി അത്താഴം കഴിഞ്ഞതിനു ശേഷം അവളെ ദീപക്കിന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടു ഗീത നിറഞ്ഞ കണ്ണുകളോടെ ദേവു പോവുന്നത് നോക്കി നിന്നു.. 


റൂമിൽ ആരും ഉണ്ടായിരുന്നില്ല.. ദേവു ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു.. സംഭവിച്ചതെല്ലാം അപ്പോഴും ഉൾക്കൊള്ളാൻ കഴിന്നുണ്ടായിരുന്നില്ല.. 


"സ്നേഹിച്ചവനെ കൂടപ്പിറപ്പിന് വിട്ടു കൊടുത്തു ത്യാഗം ചെയ്യാനൊരുങ്ങിയതല്ലെ  എന്റെ ഭാര്യ.. "


തൊട്ട് പിറകിൽ നിന്നും ദീപക്കിന്റെ കൈകൾ ജനൽകമ്പികളിൽ പിടിച്ചു. ആ നിശ്വാസം ദേവുവിന്റെ മുഖത്ത് തട്ടി.. അവളുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടു ദീപക്ക് പറഞ്ഞു.. 


"മാളുവിന്റെ കാര്യം എനിക്ക് അറിയാമായിരുന്നു.. പിന്നെ എന്റെ ചട്ടമ്പി പെണ്ണിനെ എനിക്ക് കിട്ടാൻ ഞാനും ഒന്ന് കണ്ണടച്ചു.. "


ദീപക്ക് കണ്ണിറുക്കി കാണിച്ചതും മുതുകിൽ ഇടി വീണതും ഒരുമിച്ചായിരുന്നു.. 


"ഡീ.. കെട്ട്യോനെ തല്ലുന്നോടി.. അതും ആദ്യരാത്രിയിൽ.. "


ദീപക്ക് ദേവുവിന്റെ കൈകൾ കൂട്ടി പിടിച്ചതും ദേവിക അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു...

To Top