സുദേവന്റെ ജീവിതത്തിലേക്ക് പഴയ പ്രണയിനി ശാലു കടന്നുവന്നു...

Valappottukal


രചന: വിജയ് സത്യ


മനസ്സിൽ ഇടിച്ചുകയറി കൊണ്ടിരിക്കുന്ന ഒരുപാട് ചിന്തകളുമായി ഉച്ചയ്ക്കുശേഷം ഓഫീസിൽ ഇരിക്കുമ്പോൾ പ്രാന്ത് കയറിയ സുദേവൻ തന്റെ ബാഗും എടുത്തു മനസ്സിൽ ചിന്തിച്ച ആ കടൽ കരയെ ലക്ഷ്യമാക്കി നടന്നു..


കയ്യിൽ ഒരു വിഷകുപ്പി ഉണ്ട്.. സുലോചന പോയിടത്തേക്ക് തനിക്കും പോകണം...


അയാൾ ബാഗിൽ നിന്നും വിശക്കുപ്പിയും വെള്ളനിറച്ച ക്കുപ്പിയും കൈയിൽ എടുത്തു..

അല്പം ഫ്യൂരിടാൻ തരികൾ കുപ്പിയിൽ നിന്നും കൈവെള്ളയിൽ ഇടവേ...


ഒരു നിമിഷം അയാളുടെ സ്മരണയിൽ സു ജിഷ്ണ മോളുടെ ഒരു വയസ്സുള്ള രൂപം തെളിഞ്ഞു.. വാവിട്ട് കരഞ്ഞു കൈകാലിട്ടടിക്കുന്ന അവളുടെ സ്മരണ അയാളെ മാനസികമായി ദുർബലപ്പെടുത്തി...


അയാൾ ആ വിഷത്തരികൾ പൂഴിയിലേക്ക് വലിച്ചെറിഞ്ഞു..


അയാളോർത്തു... ഇന്ന് എന്താണ് താൻ കണ്ടത്... തന്റെ എല്ലാ പ്രതീക്ഷകളും കടപുഴകി വീണ ഒരു ദുർദിനം..


അച്ഛൻ എന്നെ കാത്തുനിൽക്കേണ്ട.. എന്നത്തെപോലെയും ഇന്നും ഈ കുരിപ്പ് കുർള വണ്ടി വൈകിയാണ് ഗോവയിൽ എത്തിയത്.. അച്ഛന്റെ ഓഫീസിൽ പോക്കു മുടക്കേണ്ട അച്ഛൻ വീട് പൂട്ടിയിട്ട് പൊക്കോ..എന്റെ ബാഗിന്റെ പോക്കറ്റിൽ വീടിന്റെ ഒരു ചാവി ഉണ്ടല്ലോ.. അച്ഛനെ വൈകിട്ട് കാണാം..


കൃത്യസമയത്ത് ഓഫീസിൽ എത്തുന്ന പഞ്ചായത്ത് ക്‌ളാർക്ക് സുദേവൻ അന്ന് ഗോവയിൽ നിന്നും വരുന്ന തന്റെ മകളെ കാത്തു വീട്ടിൽ ഇരിക്കുകയാണ്..


അവളുടെ ട്രെയിൻ 9 മണിക്ക് നാട്ടിലെ സ്റ്റേഷനിൽ എത്തണ്ടതാണ്..  പലപ്പോഴും വൈകാറുണ്ട് ട്രെയിൻ. അതുകൊണ്ടുതന്നെ മകളെ വരുന്ന നേരം ഏറെ കാത്തു നിന്നതിനു ശേഷം നിരാശയോടെ ഓഫീസിൽ പോവുകയാണ് പതിവ്.. ഇന്നെങ്കിലും നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചു..


ഗോവയിലെ ഒരു കോളേജിൽ ബിരുദാനന്തര ബിരുദം പഠിക്കുന്ന അവൾക്ക് വെക്കേഷൻ ലീവിന് കോളേജ് അടച്ചു. ഇന്നലെ രാത്രി ക്കുള്ള ട്രെയിനിനാണ് ഹോസ്റ്റലിൽ നിന്നും സുജിഷ്ണ പുറപ്പെട്ടതു..


മകൾ വരുന്നതുകൊണ്ട് രാവിലെ എന്തൊരു ഉത്സാഹം ആയിരുന്നോ.. ഇത്തിരി നേരത്തെ എഴുന്നേറ്റ്, പ്രഭാത ഭക്ഷണത്തിൽ   സൂജിഷ്ണയ്ക്ക് ഏറെ ഇഷ്ടമുള്ള നാടൻ പുട്ടും ചെന്ന മസാലകറിയും പ്രത്യേകം ഉണ്ടാക്കിവെച്ചു. കൂടെ നേന്ത്രപ്പഴവും..


ഇനി കുറച്ചു സമയത്തിനുള്ളിൽ അവൾ വീട്ടിലെത്തുന്നതും കാത്തു സന്തോഷിച്ചിരിക്കെ ട്രെയിൻ വൈകുമെന്ന് ഫോണിൽ

അവളുടെ പറച്ചിൽ കേട്ടപ്പോൾ അയാൾ ആകെ നിരാശനായി.


അവൾ വന്നിട്ട് തന്നെ പോകാം. ഓഫീസിൽ ഇത്തിരി വൈകിയാലും സാരമില്ല.. സുദേവൻ അങ്ങനെ തീരുമാനിച്ചിരിക്കെയാണ് പതിവില്ലാത്ത സെക്രട്ടറിയുടെ വിളി..


സുദേവൻ ഒന്ന് വേഗം വന്നേ.. നാളെ ബോർഡ് മീറ്റിംഗ് ഉള്ളതാണല്ലോ ഈ മാസത്തെ പേപ്പേഴ്സ് വർക്ക് ചെയ്യാൻ ഒന്നു സഹായിക്കണം.. വേഗം വരൂ..


 സാർ അത് ഞാൻ...


എന്നു പറയുമ്പോഴേക്കും ഫോൺ കട്ടായി.

ഇന്ന് ഇത്തിരി വൈകി പോകാം എന്ന് കരുതിയതായിരുന്നു.. അപ്പോഴാ..


സുദേവൻ തന്റെ ഓഫീസ് ബാഗുമെടുത്ത് വീടുപൂട്ടി ഇറങ്ങി..


പഞ്ചായത്തിൽ എത്തി തുടർച്ചയായി രണ്ടു മണിക്കൂർ സെക്രട്ടറിയേ ജോലിയിൽ സഹായിച്ചു കാര്യങ്ങൾ പെട്ടെന്ന് പൂർത്തിയാക്കി..  സമയം 12:00... വാട്ട്സ്ആപ്പ് തുറന്നു നോക്കി ഫോണിൽ മകളുടെ മെസ്സേജ് അയച്ചത് സുദേവൻ നോക്കി


അച്ഛാ  ഞാൻ എത്തി..


സാർ മകളെത്തി..


സുദേവൻ വേണമെങ്കിൽ ഉച്ചയ്ക്കുശേഷം പോയിക്കോ..  എന്നെ സഹായിച്ചത് അല്ലേ..?


ഒരു മണി ആയപ്പോൾ സുദേവൻ വീട്ടിലേക്ക് പുറപ്പെട്ടു


തുറന്നിരിക്കുന്ന ഗേറ്റിലൂടെ അകത്ത് കടന്നു.. മുറ്റത്തെത്തി... വീടിന്റെ കതക് വെറുതെ ചാരി ഇരിക്കുന്നു..പൂട്ടു തുറന്നു കിടക്കുന്നു..


ആളനക്കം ഇല്ലല്ലോ..  ഒന്നുകിൽ അവൾ ഹാളിൽ ടിവി കാണുക ആയിരിക്കും.. അതുമല്ലെങ്കിൽ അടുക്കളയിൽ ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കുകയായിരിക്കും..


മക്കൾക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി സുദേവൻ ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു..


ഹോളിൽ അവളെ കാണുന്നില്ല.. സോഫയിൽ മകൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാഗ് കൂടാതെ വേറൊരു അപരിചിതമായ ബാഗ് കൂടി ഉണ്ടല്ലോ.. പുതിയത് വല്ലതും വാങ്ങിച്ചോ?.. ഹാളിൽ നിന്നും അയാൾ നേരെ പോയത് അടുക്കളയിലേക്ക് ആണ്.. അവിടെയും അവളെ കാണുന്നില്ല.. ബെഡ് റൂമിൽ ആയിരിക്കുമോ..? യാത്രാക്ഷീണം കാരണം ഉറങ്ങുകയാണോ?


സുദേവൻ അവളുടെ ബെഡ്റൂമിനടുത്തേക്ക് ചെന്നു..


വാതിലിന് പുറത്തേക്ക് വലിച്ചെറിഞ്ഞ മൂന്നാല് സിഗരറ്റ് കുറ്റികൾ.. അകത്ത് വല്ലാത്ത ധൂമം പടർന്നിരിക്കുന്നു..


എന്താ സംഭവം എന്നറിയാൻ അയാൾ റൂമിലേക്ക് നോക്കി


ഒരച്ഛൻ ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു കാഴ്ച.


പാതിചാരിയ ആ വാതിലിലൂടെ നോക്കിയ സുദേവൻ ഞെട്ടിപ്പോയി..


കൂടെ വന്ന ഒരു ആൺ സുഹൃത്തുമായി തന്റെ  മകൾ സുജിഷ്ണ..... ഛെ... സുധാകരൻ ഒരു നിമിഷം പകച്ചു പോയി..

അയാൾക്ക് അത്യന്തം ദുഃഖം ഉണ്ടായി..


ഈയൊരവസ്ഥയിൽ എന്താ ഒരച്ഛൻ ചെയ്യുക..


അലറി വിളിച്ച് അവരെ തടയണോ.. ഇനി എന്ത് തടയാൻ ആണുള്ളത്.. നാണമില്ലാതെ കിടക്കുകയാണല്ലോ ഇരുവരും.. ഒന്നും കാണാത്തതുപോലെ ഓഫീസിലേക്ക് തിരിച്ചു പോയാലോ.. അയാൾ ഒരു നിമിഷം ആലോചിച്ചു..


അയാൾ തിരിഞ്ഞ് നടക്കാൻ ശ്രമിച്ചു..


മകൾക്ക് 10 വയസ്സ് ഉണ്ടാകുമ്പോഴാണ് അവളുടെ അമ്മ സുലോചന അസുഖം ബാധിച്ച് മരിക്കുന്നത്.. മകളെ എങ്ങനെയെങ്കിലും  പഠിപ്പിച്ചു നല്ല നിലയിലാക്കി മാറ്റണം എന്നുള്ള ഒരൊറ്റ ഉദ്ദേശം ആയിരുന്നു പിന്നെ മനസ്സു മുഴുവൻ.. അതുകൊണ്ട് മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചില്ല..


നാട്ടിലുള്ള പല നല്ല കോളജുകളും മാറ്റി വെച്ച് അവൾ ആഗ്രഹിക്കുന്ന ഡിഗ്രി നേടാൻ അവളുടെ ഇഷ്ടം അനുസരിച്ചാണ് ഗോവയിൽ ഡോൺബോസ്കോ യിൽ MSW ന് കൊണ്ടുപോയി ചേർത്തത്..


ഒക്കെ പാഴയല്ലോ എന്നോർക്കുമ്പോൾ

സുദേവന് മുന്നോട്ട് നടക്കാൻ ആയില്ല..


എങ്കിലും സുദേവൻ വളരെ പണിപ്പെട്ടു ഓഫീസിലേക്ക് തിരിച്ചുപോകാനിറങ്ങി..

 ഓഫീസിലെത്തിയപ്പോൾ സെക്രട്ടറിയുടെ ഓഫീസ് റും അടച്ചിരിക്കുന്നു.. അയാൾ ജോലി പൂർത്തിയാക്കി പോയി..


സീറ്റിൽ ചെന്നിരുന്നപ്പോൾ ഓർമ്മകൾ വീണ്ടും വേട്ടയാടുന്നു.. പഞ്ചായത്തിലെ രാസവളങ്ങൾ സൂക്ഷിക്കുന്ന പെസ്റ്റിസൈഡ് റൂമിലേക്ക് ചെന്നു.. ഒരു കൊച്ചു കുപ്പിയിൽ ഫ്യൂറിഡാൻ ശേഖരിച്ച് ബാഗിൽ വച്ചു..

എന്നിട്ട് നേരെ ചെന്നത് ആണ്‌ ആ കടൽക്കരയിലേക്ക്‌...!


ഒരുവട്ടം കൂടി ശ്രമിക്കാം അയാൾ തീരുമാനിച്ചു.. വിഷക്കുപ്പിയുടെ അടപ്പ് തുറന്നു നേരെ വായിൽ കമിഴ്ത്തണം.. അയാൾ അടപ്പ് മാറ്റിയ വിഷക്കുപ്പി വായിൽ കമിഴ്ത്താനൊരുങ്ങവെ...


സുദേവേട്ടൻ എന്താ ഇവിടെ തനിച്ചു..

ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ശാലു... തന്റെ പഴയകാല പ്രണയിനി..


ശാലു നീ എങ്ങനെ ഇവിടെ..


അതും പറഞ്ഞു സുദേവൻ വിഷക്കുപ്പി പെട്ടെന്ന് ബാഗിൽ മറച്ചു വെച്ചു..


കുട്ടികളെ കൊണ്ടു പിക്നിക് വന്നതാ...

ആണോ അപ്പോൾ ടീച്ചറാണ് അല്ലേ..?


അതേ..!


സുദേവേട്ടനോ?


ഞാൻ പഞ്ചായത്ത് ക്‌ളാർക്ക് ആണ്..


സുദേവേട്ടന് എത്ര കുട്ടികളാ..?


ഒരെണ്ണം മോളാ..എം എസ് ഡബ്ൾയു പഠിക്കുന്നു ...ഗോവയിൽ.


ഭാര്യ


അവൾ നേരത്തെ പോയി... അസുഖമായിരുന്നു..


നിൻറെ ജീവിതം..?


അതൊരു വകയായി.. പുള്ളി ഡിവോഴ്സ് ആയിട്ടു പോയി..


കുട്ടികൾ?


ഇല്ല.ആയാൾക്കാ പ്രശ്നം..


വേറെ മാര്യേജ്?


ഇത് വരെ ചിന്തിച്ചിട്ടില്ല.


അങ്ങനെ അവർ ഒരുപാട് സംസാരിച്ചു..

പരസ്പരം ഫോൺ നമ്പർ വാങ്ങി..


ഞാൻ വിളിക്കാം എടുക്കണം കേട്ടോ..


ശാലു ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞു പിരിഞ്ഞു.


മരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ഭയം ബാധിച്ചവനെ പോലെ അയാൾ വീട്ടിലേക്ക് ത്തന്നെ മടങ്ങി... എവിടെയോ പ്രത്യാശയുടെ ഒരു നവ കിരണം വീശുന്നു..


ഓഫീസ് വിട്ട് വരുന്നതുപോലെ വൈകിട്ട് സുദേവൻ വന്നു കയറുമ്പോൾ സുജിഷ്ണ നിറഞ്ഞ ചിരിയോടെ കാത്തിരിക്കുകയാണ്.


ഒരുപാട് കാപട്യത്തിന്റെ കല്മഷം കലർത്തിയ ചിരി ആയിരുന്നല്ലോ അത് എന്നോർത്തപ്പോൾ അയാൾക്ക് സങ്കടമായി

ഞാൻ ഒരു വിഡ്ഢി ആയിരുന്നു എന്നയാൾ തിരിച്ചറിയുകയായിരുന്നു അന്ന്.


ഒരു വിധത്തിൽ ചിരിച്ചെന്നു വരുത്തി.. അയാൾ അകത്തു കടന്നു..


അച്ഛൻ തന്നെ കാണുമ്പോൾ ഉണ്ടാകുന്ന പ്രസരിപ്പും കളിയും ചിരിയും ഒന്നും കാണാത്തതിൽ മകൾക്ക് ചെറിയ ശങ്ക കയറി..


താനും വിപിനും വരുന്നത് അയൽപക്കക്കാർ ആരും കണ്ടിട്ടില്ല.. മാത്രമല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും തീർത്തും പരിചയമില്ലാത്ത ഓട്ടോ അന്ന് പിടിച്ചു ആണ്‌ വന്നത്.. കുറെ ദൂരത്ത് നിർത്തി വീട്ടിലേക്കുള്ള ഊടുവഴി യിൽ കയറിയാണ് വന്നത്.. ആ വഴിക്ക് ഒരു സംശയം അവൾക്കില്ല.. എന്നാലും അച്ഛന്റെ മുഖത്തെ വേണ്ടത്ര തെളിച്ചം കാണാത്തതിൽ ചെറിയൊരു ഭയം അവളെ അലട്ടി.......


എന്താച്ചാ മിണ്ടാത്തത്?


ഒന്നുമില്ല സുഖമായിരുന്നോ?നിന്റെ പഠനവും

യാത്രയും മറ്റും...


ആണച്ചാ..  കുഴപ്പമൊന്നുമില്ല..


ഉം


സുദേവൻ ഇരുത്തി ഒന്ന് മൂളി..


അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്..


ഉം...എന്താ


എനിക്ക് ഒരാളെ ഇഷ്ടമാണ്.. അയാൾക്കും എന്നെ ഇഷ്ടമാണ്.. മലയാളിയാണ്‌.. വിപിൻ എന്നാണ് പേര്..  ഗോവയിൽ എന്റെ കോളേജിനടുത്ത് വിപിന് സ്വന്തമായി ഒരു കമ്പനി ഉണ്ട്.. അച്ഛൻ ഞങ്ങളെ ഒന്നിപ്പിച്ചു തരണം..


അപ്പോൾ നിന്റെ പഠനവും ലക്ഷ്യവും


അത് അവിടുന്ന് ആകാമല്ലോ.


അപ്പോൾ നീ അച്ഛനെ വിട്ട് അവിടെയാണ് ദൂരെ പോകാനാണ് പരിപാടി അല്ലേ..,?


അച്ഛാ ജോലി ആവശ്യാർത്ഥവും ജീവിതാവശ്യത്താലും പിന്നെ എനിക്ക് നാട്ടിലെ ഈ വീട്ടിൽ തന്നെ നിൽക്കാൻ പറ്റുമോ..?

അല്ലെങ്കിലും ഞാൻ ഒരു വീട്ടിലേക്ക് പോകേണ്ടതല്ലേ..?


അതും ശരിയാണ്...


ഏതായാലും പ്രശ്നം വഷളാക്കാതെ നോക്കേണ്ടത് തന്റെ ആവശ്യമാണ്..


പ്രേമത്തിന്റെ പേരിൽ പിള്ളേർ വല്ലതും കാട്ടി കൂട്ടിയാൽ അതും പ്രശ്നമാണ്..


അവൾ നൽകിയ വിവരം വച്ച് സുദേവൻ വിപിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു..


മോശമില്ലാത്ത ഫാമിലി ആണന്നു അന്വേഷണത്തിൽ ബോധ്യപ്പെട്ടു..


അവന്റെ മനോഭാവവും മറ്റും അറിയാൻ വിപിനുമായി അദ്ദേഹം ഫോണിലൂടെ ബന്ധപ്പെട്ടു..


കുഴപ്പക്കാരനല്ല.. സുജിഷ്ണയുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറുള്ള ഒരു ചെറുപ്പക്കാരൻ ആണെന്ന് മനസ്സിലായി..


ഏതായാലും അഭിമാനം നഷ്ടപ്പെട്ടില്ലല്ലോ..ഈ കല്യാണം നടത്തിക്കൊടുക്കണം...


തുടർന്ന് വന്ന നല്ലൊരു മുഹൂർത്തത്തിൽ സുദേവൻ മകളെ അവളുടെ കാമുകന് വിവാഹം കഴിച്ചു നൽകി....


അവിടുന്ന് കുറച്ചു ദിവസം കഴിയുമ്പോൾ സുദേവന്റെ ജീവിതത്തിലേക്ക് പഴയ പ്രണയിനി ശാലു കടന്നുവന്നു. സ്വന്തം കാര്യം നോക്കി പോകുന്ന ഈ ലോകത്തിൽ അയാൾക്കും വേണ്ട ഒരു കൂട്ട്...

To Top