രചന: അശ്വതി
ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേട്ടാണ് അന്ന കണ്ണ് തുറന്നത്. പരിചയം ഇല്ലാത്ത മുറിയിലൂടെ അവൾ ഒന്ന് കണ്ണോടിച്ചു. മുറിയിൽ ആകെ വെളിച്ചം പരന്നിട്ടുണ്ട്. രാവിലെ ആയിരിക്കുന്നു. ഇന്നലെ രാത്രിയാണ് ഇവിടെ എത്തിയത്. വന്നു ഭക്ഷണം കഴിച്ചു ഒരു കുളിയും പാസാക്കി കയറി കിടന്നതാണ്. യാത്രയുടെ ക്ഷീണം കാരണം അപ്പോഴേ ഉറങ്ങി. കുറെ ദിവസം കൂടി ഇത്ര നേരം ഉറങ്ങുന്നത് ഇന്നലെയാണ് എന്നവൾ ഓർത്തു. കുറച്ചു നാളായി ഉറക്കം നഷ്ടപെട്ട അവസ്ഥ ആയിരുന്നല്ലോ? ഫോൺ അപ്പോഴും ബെൽ അടിക്കുന്നുണ്ട് . അവളുടെ ശ്രദ്ധ ചാർജ് ചെയ്യാൻ ഇട്ടിരുന്ന ഫോണിലേക്കായി. എടുത്തു നോക്കിയപ്പോൾ വിചാരിച്ച പോലെ തന്നെ മമ്മി ആണ് .
" ഹലോ മമ്മി.. "
" ഹലോ മോളെ.. നീ എണീറ്റോ? വല്ലതും കഴിച്ചോ? നന്നായി ഉറങ്ങിയോ? അവിടെ കുഴപ്പം വല്ലതും ഉണ്ടോ? ആൾക്കാരെ വല്ലോം കണ്ടോ? എങ്ങനെയുണ്ട് ആൾക്കാരൊക്കെ? "
മമ്മി ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. മമ്മി ആണ് സംസാരിക്കുന്നതു എങ്കിലും ഇതിന്റെ മറുപടി അറിയാൻ തൊട്ടപ്പുറത്തു പപ്പയും നിൽപ്പുണ്ടാവും എന്ന് അവൾക്കു അറിയാമായിരുന്നു. പാവങ്ങൾ.. ഒരേ ഒരു മകളുടെ കാര്യത്തിൽ ഉള്ള ആധി ആണ്. അവൾ ഒരു ശ്വാസം ഉള്ളിലേക്കെടുത്തു .
" മമ്മി.. ഇങ്ങനെ ഒരു ശ്വാസത്തിൽ ഒത്തിരി ചോദ്യങ്ങൾ ചോദിച്ചാൽ ഞാൻ എങ്ങനെ പറയും? ഇവിടെ ഒരു കുഴപ്പവും ഇല്ല.. റെയിൽവേ സ്റ്റേഷനിൽ കമ്പനിയിൽ നിന്നു പറഞ്ഞ പോലെ തന്നെ എന്നേ പിക്ക് ചെയ്യാൻ ശങ്കരേട്ടൻ എന്നൊരാൾ വന്നിട്ടുണ്ടായിരുന്നു. ഇവിടുത്തെ ഒരു വലിയ ഫാമിലി ആണ് ഞങ്ങൾ പണിയുന്ന ഹോസ്പിറ്റലിന്റെ ഓണഴ്സ്.. അവരാണ് ഇവിടെ എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്.. ഫുഡ് ആക്കോമോഡാഷൻ ഒക്കെ.. അവരുടെ വണ്ടിയിൽ തന്നെ എന്നേ വീട്ടിൽ കൊണ്ട് വന്നു ആക്കുകയും ചെയ്തു. രാത്രി നന്നായി ഉറങ്ങി. ഇവിടെ ഈ വീട്ടിൽ ഞാൻ ഒറ്റക്കാണ്.. പക്ഷെ ഒരേ കോമ്പൗണ്ടിൽ തൊട്ടപ്പുറത്തു തന്നെയാണ് ഞാൻ പറഞ്ഞ ഓണഴ്സ് ഉള്ളത്.. അവരുടെ ഔട്ട് ഹൌസ് ആണ് കമ്പനി എനിക്ക് താമസത്തിനായി തന്നിരിക്കുന്നത്. ഇവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. വൈഫൈ അടക്കം. ഫുഡ് ഒക്കെ ആ വീട്ടിൽ നിന്നു ആണ്. ഇന്നിപ്പോ രാവിലെ എനിക്ക് പണി നടക്കുന്ന സൈറ്റിൽ പോകണം.. പോയി വന്നു ഞാൻ വൈകിട്ട് വീഡിയോ കാൾ ചെയ്യാം.. ഇപ്പൊ ഞാൻ വയ്ക്കുവാ.. "
" എന്നാൽ ശെരി മോളെ.. "
" അന്നാ "
കാൾ കട്ട് ചെയ്യാൻ തുടങ്ങവേ അവൾ പപ്പയുടെ സ്വരം കേട്ടു.
" എന്താ പപ്പാ? "
" നീ ഇത്രദൂരം പോകുന്നു എന്ന് പറഞ്ഞപ്പോൾ.. അതും മുംബൈയിൽ ജനിച്ചു വളർന്ന നീ ഒരു ചെറിയ ഗ്രാമത്തിലേക്കു.. ഞങ്ങൾ എതിരൊന്നും പറഞ്ഞില്ല എന്നേ ഉള്ളു.. നിന്റെ സിറ്റുവേഷൻ ഓർത്തു മാത്രം.. ബട്ട് നിനക്ക് അവിടെ പറ്റുന്നില്ലെങ്കിൽ ഇങ്ങു പോരെ. കിഷോർ ആണ് പ്രശ്നം എങ്കിൽ അത് സാരമില്ല.. ഈ കമ്പനി അല്ലെങ്കിൽ മറ്റൊരു കമ്പനിയിൽ നമുക്ക് ജോലി നോക്കാം. എന്ത് വന്നാലും നിനക്ക് ഞങ്ങൾ ഉണ്ട്.. "
പപ്പയുടെ വാക്കുകൾ കേൾക്കവേ അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു. എന്നാൽ അത് സ്വരത്തിൽ വരാതെ ഇരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.
" അതൊന്നും ഇല്ല പപ്പാ.. ഇത് permanent ഒന്നും അല്ലല്ലോ? ഇവിടുത്തെ ഹോസ്പിറ്റൽ പണി കഴിയുമ്പോൾ ഞാൻ തിരിച്ചു അങ്ങോട്ടേക്ക് തന്നെ വരും.. കൂടി പോയാൽ വൺ ഇയർ.. പപ്പാ വിഷമിക്കണ്ട. ഞാൻ ഓക്കേ ആണ്.. "
" ഓക്കേ മോളെ.. "
പപ്പ ഫോൺ കട്ട് ചെയ്തു .അവൾ തിരിച്ചു വരും എന്ന് കേട്ടതോടു കൂടി പപ്പക്ക് പകുതി ആശ്വാസം ആയതു പോലെ. ഇനി കിഷോറിനെ ഫേസ് ചെയ്യാനുള്ള മടി കാരണം അന്ന ഇവിടെ തന്നെ കൂടുമോ എന്ന് പാവം പേടിച്ചു എന്ന് തോന്നുന്നു.. ഇന്നലെ വന്നു ഇവിടുത്തെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ അടുത്ത ട്രെയിൻ പിടിച്ചു തിരിച്ചു പോയാലോ എന്ന് കരുതിയതാണ്. മുംബൈ നഗരത്തിൽ ജനിച്ചു വളർന്ന അന്നയ്ക്ക് ഒട്ടും ഇഷ്ടപ്പെടുന്നത് ആയിരുന്നില്ല ആ ഗ്രാമത്തിലെ അന്തരീക്ഷം. ഗ്രാമീണത, പച്ചപ്പ് എന്നൊക്കെ പറയാൻ കൊള്ളാമെങ്കിലും അത് പ്രാക്ടിക്കൽ അല്ലെന്നാണ് അന്നയുടെ പക്ഷം. എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള നഗര ജീവിതം ആണ് അവൾക്കു ഇഷ്ടം.. നല്ലൊരു ഹോസ്പിറ്റൽ അടുത്തെങ്ങും ഇല്ലാത്തതു കൊണ്ടാണ് ഇവിടെ ഇപ്പോൾ ഇങ്ങനൊരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ പണി തന്നെ.. ഇങ്ങോട്ടേക്കുള്ള വരവ് അവൾ തീരെ പ്രതീക്ഷിച്ചിരുന്നത് അല്ല. പലപ്പോഴും നമ്മുടെ ജീവിതം നമ്മളെ കൊണ്ടെത്തിക്കുന്നത് ഇത്തരം ചില പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ ആണല്ലോ? അവൾ വേഗം കട്ടിലിൽ നിന്നെഴുനേറ്റു ഫ്രഷ് ആയി.
ഇന്നലെ രാത്രി എത്തിയപ്പോൾ വൈകി.. അത് പോലെ ക്ഷീണവും ഉണ്ടായിരുന്നു.. അത് കൊണ്ട് വീടൊന്നും ശ്രദ്ധിച്ചതെ ഇല്ല.. അവൾ ഡ്രസ്സ് ചെയ്തു മുറിയിൽ നിന്നിറങ്ങി വീട് മുഴുവനും ഒന്ന് നടന്നു നോക്കി. പഴയ രീതിയിൽ നിർമിച്ച വീട് ആണെങ്കിലും എല്ലാ വിധ ആധുനിക സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. വിശാലമായ ഹാളും, രണ്ടു ബെഡ്‌റൂമും, ഒരു കിച്ചണും, രണ്ടു ബാത്റൂമും ചേർന്നതായിരുന്നു ആ ഔട്ട് ഹൌസ്. ഹാളിൽ വലിയ led ടീവി, ഒരു വില കൂടിയ സോഫ സെറ്റ്, അതിനു മാച്ചിംഗ് ആയ കസേരകൾ എല്ലാം ഉണ്ട്.. ഹാളിനോട് ചേർന്ന് ഒരു ചെറിയ ഡൈനിങ് ഏരിയ... അവിടെ ആറു പേർക്ക് ഇരിക്കാൻ പാലത്തിൽ ഉള്ള ഒരു ഡൈനിങ് ടേബിളും അതിന്റെ കസേരകളും, പിന്നെ ഒരു വാഷ് ബേസിനും.. ഡൈനിങ് ടേബിൾ തടിയുടേത് തന്നെ.. കിച്ചണിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്.. ഗ്യാസ് സ്റ്റവ്, പാത്രങ്ങൾ എല്ലാം.. മര്യാദക്ക് ഒരു ചായ പോലും ഉണ്ടാക്കാൻ അറിയില്ലാത്ത തനിക്കു എന്തിനാണാവോ ഇത്ര സൗകര്യങ്ങളുള്ള അടുക്കള? അന്ന ഓർത്തു . ഔട്ട് ഹൌസ് ഇത്രയും ഗംഭീരം എങ്കിൽ അപ്പുറത്തുള്ള തറവാട് എന്തായിരിക്കും എന്നവൾ ഒരു വേള ചിന്തിക്കാതെ ഇരുന്നില്ല. ഹാളിൽ വന്നു കർട്ടൻ മാറ്റി അപ്പുറത്തെ വീട്ടിലേക്കു നോക്കി. വീടല്ല.. വലിയൊരു നാലുകെട്ട്. . വിശാലമായ മുറ്റം.. മുറ്റത്തു ബുള്ളറ്റ് ആണെന്ന് തോനുന്നു.. ഒരു ബൈക്ക് ഇരിക്കുന്നത് കാണാൻ ഉണ്ട്.. അപ്പോഴേക്കും ഡോർ ബെൽ റിംഗ് ചെയ്യുന്നത് കേട്ടു. ഡോർ തുറന്നു നോക്കിയപ്പോൾ ഏകദേശം അന്നയുടെ അത്രയും പ്രായം വരുന്ന ഒരു സുന്ദരി പെൺകുട്ടി വാതിൽക്കൽ നിൽപ്പുണ്ട് . കയ്യിലെ പാത്രം കണ്ടപ്പോൾ മനസിലായി തനിക്കുള്ള ബ്രേക്ഫാസ്റ് കൊണ്ട് വന്നത് ആണെന്ന്. ഇനി ആ തറവാട്ടിലെ വേലക്കാരി ആയിരിക്കുമോ? പക്ഷെ ജോലിക്കാരൊക്കെ ഇത്ര സുന്ദരികൾ ആയിരിക്കുമോ? അതും ഇത്ര നല്ല വേഷത്തിൽ ഒക്കെ? പോരാത്തതിന് കോളേജിലോ മറ്റോ പോവുകയാണെന്നു തോനുന്നു.. കയ്യിൽ ഒരു ബാഗും ഉണ്ട്..
" രാവിലത്തെ ഭക്ഷണം.. "
തന്റെ കയ്യിലിരിക്കുന്ന പാത്രം അന്നയുടെ നേരെ നീട്ടി ആ പെൺകുട്ടി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അന്ന പാത്രം വാങ്ങി.
" താങ്ക് യൂ.. "
" രാവിലെ ചായയാണോ കാപ്പിയാണോ എന്നൊന്നും അറിയില്ലാത്തതു കൊണ്ട് ചായ കൊണ്ട് വന്നു.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഒന്ന് അറിയിച്ചാൽ മതി.. അതിനനുസരിച്ചു കൊണ്ട് തരാം.. "
ആ കുട്ടി പിന്നെയും പറഞ്ഞു. അന്ന തലയാട്ടി..
" താൻ ആ വീട്ടിലാണോ താമസിക്കുന്നത്? "
കൗതുകം അടക്കാൻ പണ്ടേ പറ്റാത്തത് കൊണ്ട് അന്ന ചോദിച്ചു.. ആ പെൺകുട്ടി ചിരിച്ചു കൊണ്ട് അല്ല എന്ന് തലയാട്ടി..
" ഞാൻ അവിടുത്തെ കാര്യസ്ഥന്റെ മകൾ ആണ്.. എന്റെ അച്ഛൻ ആണ് ഇന്നലെ അന്നയെ റെയിൽവേ സ്റ്റേഷനിൽ കൂട്ടാൻ വന്നത്. ഞങ്ങൾ തറവാടിന്റെ അപ്പുറത്താണ് താമസം.. എന്റെ പേര് കല്യാണി"
ഓ.. അപ്പോൾ ഇന്നലെ തന്നെ ഇവിടെ കൊണ്ട് വന്നു ആക്കിയ ശങ്കരേട്ടന്റെ മകൾ ആണ്. ആ ചേട്ടന്റേത് പോലെ തന്നെ പതിഞ്ഞ സംസാരവും..
" കല്യാണി എന്ത് ചെയ്യുന്നു? പഠിക്കുവാണോ? "
അവളുടെ പുറത്തെ ബാഗ് ചൂണ്ടി കാട്ടി അന്ന വീണ്ടും ചോദിച്ചു..
" അതേ.. ഞാൻ ടൗണിൽ കോളേജിൽ പഠിക്കുന്നു.. MSc സെക്കന്റ് ഇയർ... പിന്നെ അച്ഛൻ കുറച്ചു കാര്യങ്ങൾ പറഞ്ഞേൽപിക്കാൻ പറഞ്ഞു"
" എന്താ? "
" 9:30 ആവുമ്പോൾ സൈറ്റിലേക്ക് കൊണ്ട് പോകാൻ വണ്ടിയുമായി ഡ്രൈവർ വരും. അപ്പോഴേക്കും ഒരുങ്ങി നിന്നോളൂ..ഉച്ചക്കത്തേക്കുള്ള ഭക്ഷണം സൈറ്റിലേക്ക് കൊണ്ട് തരും. വൈകിട്ട് ജോലി കഴിയുമ്പോൾ തിരികെ ഇവിടെ വണ്ടിയിൽ കൊണ്ട് ആക്കി തരികയും ചെയ്യും. "
അന്ന എല്ലാം മനസിലായി എന്ന മട്ടിൽ തലയാട്ടി..
" എന്നാൽ ഞാൻ പൊയ്ക്കോട്ടേ.. ഇനിയും നിന്നാൽ ബസ് കിട്ടില്യ.. ക്ലാസ്സിൽ ലേറ്റ് ആവും.. എന്ത് ആവശ്യം ഉണ്ടെങ്കിലും ഇന്നലെ തന്ന നമ്പറിൽ അച്ഛനെ വിളിക്കാൻ മറക്കണ്ട എന്ന് പ്രത്യേകം പറയാൻ പറഞ്ഞെല്പിച്ചു അച്ഛൻ "
കല്യാണി അതും പറഞ്ഞിട്ട് പോയി.. അവൾ പോകുന്നതും നോക്കി അന്ന കുറച്ചു നേരം നിന്നു. അവൾ തിരിഞ്ഞു നടക്കുമ്പോൾ അവൾക്കു മുട്ടോളം മുടി ഉണ്ട് എന്ന് അന്ന കണ്ടു. എന്തോ അവൾക്കു പെട്ടെന്ന് അപ്പോൾ അനുവിനെ ഓർമ വന്നു. വന്ന ഓർമകളെ അപ്പോൾ തന്നെ അവൾ മനസിനകത്തേക്ക് കുഴിച്ചു മൂടുകയും ചെയ്തു. അതിനാണല്ലോ എല്ലാ ഇഷ്ടങ്ങളും ഇട്ടെറിഞ്ഞു ഇങ്ങോട്ടേക്കു വന്നത്. വാതിലടച്ചു അകത്തേക്ക് കയറി വന്നു സമയം നോക്കുമ്പോൾ എട്ടു മണി കഴിഞ്ഞിട്ടുണ്ട്. കല്യാണി കൊണ്ട് തന്ന ഭക്ഷണം മേശപ്പുറത്തു വച്ചു അന്ന കുളിക്കാൻ കയറി. കുളിച്ചു ഡ്രസ്സ് മാറി കഴിക്കാൻ ഇരുന്നു. നല്ല പൂ പോലത്തെ ഇഡലിയും സാമ്പാറും ചട്നിയും പിന്നെ ചായയും.. ഇതെല്ലാം ആ കല്യാണി ഉണ്ടാക്കിയത് ആവുമോ? അന്നയ്ക്ക് പെട്ടെന്ന് തന്റെ മമ്മിയെ ഓർമ വന്നു. ഭക്ഷണം കഴിച്ചു പാത്രങ്ങൾ കഴുകി വച്ചു അവൾ സമയം നോക്കുമ്പോൾ ഒൻപതര ആയിട്ടില്ല.. സമയം കളയാൻ അവൾ ഫോണും നോക്കി സോഫയിൽ ഇരുന്നു.
കൃത്യം ഒൻപതരക്ക് തന്നെ ശങ്കരേട്ടൻ പറഞ്ഞയച്ച വണ്ടി വന്നു. സൈറ്റിൽ എത്തുമ്പോൾ പണിക്കാരൊക്കെ വന്നിട്ടുണ്ടായിരുന്നു. മാമംഗലം സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ സൈറ്റ് എന്ന ബോർഡ് അവൾ കുറച്ചു നേരം നോക്കി നിന്നു. ഇങ്ങോട്ട് വിടുമ്പോഴേ കമ്പനി ഡയറക്ടർ പറഞ്ഞിരുന്നു ഇത് ഇവിടുത്തെ ഏതോ വലിയ തറവാട്ടുകാർ പണിയുന്ന ഹോസ്പിറ്റൽ ആണെന്ന്. അന്നയെ കണ്ട ഉടൻ കോൺട്രാക്ടർ ഓടി വന്നു.
" അന്ന മോൾ അല്ലെ? ഞാനാണ് ഇതിന്റെ കോൺട്രാക്ടർ.. സാമൂവൽ.. "
ഇവിടെ ആർക്കും മുംബൈയിലെ പോലെ മാഡം എന്ന് വിളിക്കുന്ന ശീലം ഇല്ല എന്നവൾക്ക് തോന്നി. മോളെ, കുഞ്ഞേ ഒക്കെയാണ് വിളി. അതിനോട് വലിയ താല്പര്യം ഇല്ലെങ്കിലും ആദ്യ ദിവസം തന്നെ മുഷിയാൻ നിൽക്കേണ്ട എന്ന് തീരുമാനിച്ചു. സാമൂവലിനോടൊപ്പം പതിയെ പണി നടന്നു കൊണ്ടിരിക്കുന്ന ഹോസ്പിറ്റൽ ചുറ്റി നടന്നു കണ്ടു.ഹോസ്പിറ്റലിന്റെ പണി പുരോഗമിക്കുന്നതേ ഉള്ളു.. ആദ്യത്തെ നില മാത്രമാണ് കഴിഞ്ഞിട്ടുള്ളത്.. ഇനിയും രണ്ടു നിലകളും കൂടിയുണ്ട്. പല പല ആൾക്കാർ മാറി വന്നതിന്റെ എല്ലാ കുഴപ്പങ്ങളും കാണാൻ ഉണ്ട്. അതെല്ലാം ശരിയാക്കണം.. ബാക്കി രണ്ടു നിലകളുടെ പണി തീർക്കാനുള്ള സമയവും കുറവാണ്. അന്ന മനസ്സിൽ ഓർത്തു.
പിന്നെ ഉച്ച വരെ തിരക്ക് തന്നെ ആയിരുന്നു.. ഉച്ചക്ക് കല്യാണി പറഞ്ഞത് പോലെ അവൾക്കുള്ള ചോറും കറികളും കൃത്യമായി സൈറ്റിൽ എത്തി. നാടൻ കറികൾ ആയിരുന്നു എന്നതൊഴിച്ചാൽ എല്ലാം സ്വദിഷ്ടമായിരുന്നു. ചോറൂണിന് ശേഷം ഇനി എങ്ങനെയൊക്കെ വേണം അവിടുത്തെ വർക്കുകൾ എന്ന് സാമൂവേലിനോട് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് സൈറ്റിലേക്ക് ഒരു ബുള്ളറ്റ് പാഞ്ഞു വന്നു നിന്നത്. ബുള്ളറ്റിൽ രണ്ടു ചെറുപ്പക്കാർ ആണ് ഉണ്ടായിരുന്നത്. ബുള്ളറ്റിൽ നിന്നും ഇറങ്ങി അത് ഓടിച്ചിരുന്നവൻ സൈറ്റിലേക്ക് കയറി വന്നു. മറ്റേ ആൾ ബുള്ളറ്റിൽ ചാരി നിന്നതേ ഉള്ളു. സൈറ്റിലേക്ക് കയറി വന്നവൻ അവിടെ ഉള്ള ഒരു പണിക്കാരനെ കോളറിനു പിടിച്ചു പുറത്തേക്കു കൊണ്ട് വരുന്നതും " നീ പെൺപിള്ളേരെ മര്യാദക്ക് വഴിയേ നടക്കാൻ സമ്മതിക്കില്ല അല്ലെ " എന്ന് ചോദിച്ചോണ്ട് അവനെ എല്ലാവരുടെയും മുന്നിലിട്ട് തല്ലുന്നതും കണ്ടു അന്നയുടെ കിളി പോയി ..
അവളെ അത്ഭുദപ്പെടുത്തിയ വേറെ ഒരു കാര്യം ഇതൊക്കെ കണ്ടിട്ടും ആ സൈറ്റിൽ ഉള്ള ഒരാളും ഒന്ന് അനങ്ങുക പോലും ചെയ്തില്ല എന്നുള്ളതാണ്..
" വാട്സ് ഹാപ്പണിങ് ഹിയർ? സംവൺ കാൾ ദ പോലീസ് "
ഞെട്ടൽ വിട്ടു മാറിയപ്പോൾ അന്ന സാമൂവലിനോട് പറഞ്ഞു. എന്നാൽ അവൾ പറഞ്ഞത് കേട്ടു സാമൂവൽ ചിരിച്ചതേ ഉള്ളു.
" പോലീസോ? നല്ല കാര്യായി.. ഇവൻ തന്നെയാ പോലീസ്. ഇവിടെ സ്റ്റേഷനിലെ si ആണ് ഇവൻ.. ശിവജിത്ത്.. മാമംഗലത്തെ ശിവജിത്ത് വർമ.. "
അന്ന വീണ്ടും പണിക്കാരനെ തല്ലികൊണ്ടിരുന്ന അയാളെ നോക്കി.. ഏകദേശം മുപ്പതു വയസ്സ് പ്രായം വരും.. ഉയരം കൂടി, ഒത്ത ശരീരവും, കട്ട മീശയും.. ഒരു കലിപ്പൻ പോലീസുകാരന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. മാമംഗലത്തെ എന്ന് പറയുമ്പോൾ രാവിലെ താൻ ജനലിലൂടെ ആ തറവാടിന്റെ മുറ്റത്തു കണ്ട ബുള്ളറ്റ് ഈ ബുള്ളറ്റ് ആയിരിക്കുമോ? അങ്ങനെ ആണെങ്കിൽ ഈ പണിയുന്ന ഹോസ്പിറ്റൽ ഇയാളുടേത് ആകാനാണ് സാധ്യത.. പോരാത്തതിന് പോലീസും. ഇതിൽ തലയിടാൻ പോകാത്തത് തന്നെയാണ് നല്ലത് എന്നവൾക്ക് തോന്നി. എന്നാലും എന്തോ പൂർവ വൈരാഗ്യം ഉള്ള പോലെ ആ പണിക്കാരനെ അയാൾ ചവിട്ടി കൂട്ടുന്നത് കണ്ടപ്പോൾ അന്നയ്ക്ക് ചെറിയ സഹതാപം തോന്നാതെ ഇരുന്നില്ല..
" ശിവൻ അങ്ങനെ വെറുതെ ആരെയും തല്ലില്ല.. അവന്റെ സ്വഭാവം അത്ര നന്നല്ല.. പെൺകുട്ടികളോടുള്ള അവന്റെ പെരുമാറ്റം വളരെ മോശമാണ് .. "
അവളുടെ മനസ്സ് വായിച്ച പോലെ സാമൂവൽ പറഞ്ഞു.
" ഡാ.. മതി.. ഇനി നിന്റെ ഇടി കൊള്ളാനുള്ള ശേഷി അവനില്ല.. "
ഇത്ര നേരം ഇതൊന്നും തന്റെ കണ്മുന്നിലെ അല്ല നടക്കുന്നത് എന്ന മട്ടിൽ ബുള്ളറ്റിൽ ചാരി നിന്നിരുന്ന ശിവജിത്തിന്റെ കൂടെ വന്നവൻ വിളിച്ചു പറഞ്ഞു. അന്ന അയാളെ ഒന്ന് നോക്കി.. ശിവന്റെ അത്ര പൊക്കം ഇല്ലെങ്കിലും കൂടെ വന്നവനും സുന്ദരൻ ആയിരുന്നു. ഇടതൂർന്ന കറുത്ത മുടിയും, വെട്ടി ഒതുക്കിയ താടി മീശയും.. താൻ പറഞ്ഞിട്ടും ശിവൻ ഇടി നിർത്താൻ ഉള്ള ഭാവമില്ല എന്ന് കണ്ടതും അയാൾ ശിവന്റെ അടുത്തേക്ക് വന്നു അവനെ പിടിച്ചു മാറ്റി.
" മതിയാക്കാനല്ലെടാ നിന്നോട് പറഞ്ഞത്.. ഇങ്ങോട്ട് വന്നേ നീ.. "
ശിവനെ ശക്തിയായി ബുള്ളറ്റിന്റെ അടുത്തേക്ക് വലിച്ചു കൊണ്ട് അയാൾ പറഞ്ഞു .
" ഇതാരാ? ഇയാളും മാമംഗലത്തെ ആണോ? "
അന്ന സാമൂവലിനോട് ചോദിച്ചു..
" ആണോന്നു ചോദിച്ചാൽ ആണെന്ന് തന്നെ പറയാം.. മാമംഗലത്തെ കാര്യസ്ഥൻ ശങ്കരേട്ടന്റെ മകൻ ആണ്.. വിഷ്ണുദത്തൻ.. ഡോക്ടർ ആണ്. ശിവൻ ഇല്ലാതെ വിഷ്ണുവിനെയും വിഷ്ണു ഇല്ലാതെ ശിവനെയും കാണുന്നതേ ചുരുക്കം ആണ്.."
ശങ്കരേട്ടന്റെ മകൻ.. കല്യാണിയുടെ ബ്രദർ.. അന്നയുടെ കണ്ണുകൾ വീണ്ടും അവരിലേക്കായി..
" ഡാ.. ഇനി മേലാൽ നീ ഈ നാട്ടിലെ ഏതെങ്കിലും പെൺപിള്ളേരെ ശല്യപെടുത്തിന്നു അറിഞ്ഞാൽ പിന്നെ എന്നേ നിനക്ക് അറിയാലോ? "
അടി കൊണ്ട് വീണു കിടക്കുന്ന പണിക്കാരനെ നോക്കി ഒരു ഡയലോഗ് കൂടി വിട്ടു കലിപ്പൻ വിഷ്ണുന്റെ ഒപ്പം ബുള്ളറ്റിനടുത്തേക്ക് നടന്നു. ഇയാൾ എന്താ ഈ നാട്ടിലെ സകല പെണ്പിള്ളേരുടെയും സംരക്ഷണം ഹോൾസെയിൽ ആയി ഏറ്റെടുത്തിരിക്കുവാണോ എന്ന് അന്ന മനസ്സിൽ ഓർത്തു. പോകും വഴി ശിവജിത്തിന്റെയും വിഷ്ണുദത്തന്റെയും നോട്ടം അന്നയിൽ വീണു.. കലിപ്പ് ഒട്ടും വിടാതെ ശിവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി.. എന്നാൽ വിഷ്ണുവിന്റെ നോട്ടം ശാന്തമായിരുന്നു. അവർ പകലും രാത്രിയും പോലെയാണെന്ന് അവൾക്കു തോന്നി . ശിവന്റെ കണ്ണുകളിലെ രുദ്രതക്ക് പകരം വിഷ്ണുവിന്റെ കണ്ണുകളിലെ ശാന്തത.. ഒരാൾ കുറ്റക്കാരെ ശിക്ഷിക്കുന്ന പോലീസും, മറ്റെയാൾ എല്ലാവരെയും രക്ഷിക്കുന്ന ഡോക്ടറും.. കലിപ്പനും സൗമ്യനും.. അന്ന അവർക്കു മനസ്സിൽ പേരുകൾ നൽകി. അവർ വന്ന പോലെ തന്നെ ബുള്ളറ്റിൽ കയറി പാഞ്ഞു പോയി..
"ശിവൻ പല തവണ വാണിംഗ് കൊടുത്തിരുന്നതാ. ഇതിപ്പോ അവനു വേണ്ടപ്പെട്ട പെൺകുട്ടിയെ തന്നെ ശല്യപെടുത്തിയാൽ പിന്നെ എന്താ ചെയ്യാ? "
അവർ പോയിക്കഴിഞ്ഞപ്പോൾ പണിക്കാരിൽ ആരോ അടക്കം പറയുന്നത് കേട്ടു . ഇമ്മാതിരി ഇടി ഇടിക്കാൻ ഇയാൾക്ക് ഏതു വേണ്ടപ്പെട്ട പെണ്ണിനെ ആണോ ആ പണിക്കാരൻ കമന്റ് അടിച്ചതെന്നു അന്ന ഓർത്തു പോയി. ഇനി എന്തായാലും അയാളുടെയോ അയാൾക്ക് വേണ്ടപ്പെട്ട ആരുടെയെങ്കിലുമൊ അടുത്തൂടെ പോലും പോവേണ്ട.. വെറുതെ എന്തിനാ തല്ലു വാങ്ങിച്ചു കൂട്ടുന്നത്?
ബാക്കി ദിവസം വലിയ സംഭവവികാസങ്ങൾ ഒന്നുമില്ലാതെ തന്നെ കടന്നു പോയി. വൈകിട്ട് പറഞ്ഞ പോലെ തന്നെ അവളെ ഡ്രൈവർ വന്നു കൂട്ടി കൊണ്ട് പോയി വീട്ടിലാക്കി. ഔട്ട് ഹൌസിലേക്കു കയറുമ്പോൾ അവൾ മാമംഗലം തറവാടിന്റെ മുറ്റത്തേക്ക് ഒന്ന് നോക്കി.. ബുള്ളറ്റ് അവിടെ കാണുന്നില്ല. കലിപ്പൻ വേറെ ആരെയെങ്കിലും തല്ലാൻ പോയി കാണും. മേൽ കഴുകി വന്നു വീട്ടിലേക്കു വീഡിയോ കാൾ ചെയ്തു. അവളെ കണ്ടു സംസാരിച്ചപ്പോൾ പപ്പക്കും മമ്മിക്കും സമാധാനം ആയപോലെ.. 7:30 കഴിഞ്ഞപ്പോൾ ശങ്കരേട്ടൻ അത്താഴം കൊണ്ട് കൊടുത്തു. അവളോട് സുഖവിവരവും തിരക്കി, എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞു ആണ് ശങ്കരേട്ടൻ പോയത്. മകനും കൂട്ടുകാരനും കൂടി സൈറ്റിൽ വന്നു നടത്തിയ പ്രകടനമൊന്നും അവൾ പറയാൻ നിന്നില്ല. ചിലപ്പോൾ അയാൾ അറിഞ്ഞു കാണും. ഈ ചെറിയ ഗ്രാമത്തിൽ വലിയ രഹസ്യങ്ങൾ ഒന്നും ഉണ്ടാവാൻ വഴിയില്ല. അത്താഴം കഴിച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ല .. അത് കൊണ്ട് ഫോൺ എടുത്തു ചുമ്മാ ഓരോന്ന് നോക്കി കൊണ്ടിരുന്നപ്പോഴാണ് ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വരുന്നത്.
" അന്ന.. ഹൌ ആർ യൂ? ആർ യൂ ഓക്കേ?ഈസ് എവെരിതിങ് ഫൈൻ തെർ? "
കിഷോർ ആണ്. ഓർക്കരുതെന്നു കരുതി അന്ന കുഴിച്ചു മൂടിയതെല്ലാം വീണ്ടും അനുസരണയില്ലാതെ മനസ്സിലേക്ക് അണപൊട്ടി ഒഴുകി..
( തുടക്കം നന്നായോ? രണ്ടു വരി അഭിപ്രായം അറിയിക്കണേ.. ) തുടരും..