രചന: Habeeba Nazrin
രാത്രി ഒരു പട വെട്ടി കഴിഞ്ഞ് വളരെ അധികം താമസിച്ച് ആണ് ഞാനും എന്റെ ശ്രീമതിയും ഒന്ന് ഉറങ്ങാൻ കിടന്നത്. വിഷയം എന്റെ കമ്പനിയിൽ പുതിയതായി ജോയിൻ ചെയ്ത ഭദ്ര. രാത്രി പത്ത് മണിക്ക് ശേഷം അവൾ എനിക്ക് മെസ്സേജ് അയക്കുന്നത് ശ്രീമതിയുടെ ശ്രദ്ധയിൽ പെട്ടു. അതാണ് കാരണം. പതിവ് പോലെ അവൾ വീട്ടിലേക്ക് പോകും എന്ന് ഭീഷണി. അതിൽ ഞാൻ വീഴും എന്ന് അവൾക്കും അറിയാം.
ഒരു വിധം അവളെ ഒന്ന് സമാധാനപ്പെടുത്തി നെഞ്ചിൽ ചേർത്ത് കിടത്തി ഉറക്കി. ഒന്ന് കണ്ണ് അടച്ച് വന്നപ്പോൾ ആണ് അവളുടെ അടുത്ത വിളി.
"എന്താ മാളൂ??"- ഉറക്കം പാതി വഴിയിൽ മുറിഞ്ഞതിന്റെ ഈർഷ്യയോടെ ഞാൻ ചോദിച്ചു.
"വിശക്കുന്നു.."- പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ഘാനാ ഘാനാ എന്ന വിളി ആയിരുന്നു എനിക്ക് ആദ്യം ഓർമ്മ വന്നത്. അത് പറഞ്ഞാൽ പിന്നെ തീർന്നു. ചില ദിവസങ്ങളിൽ എന്ന പോലെ എന്റെ കിടത്തം ഹാളിലെ സെറ്റിയിൽ ആയിരിക്കും. അത് കൊണ്ട് വന്ന ട്രോൾ എന്നിൽ തന്നെ ഞാൻ കുഴിച്ച് മൂടി.
"വാ.. രാത്രിയിലെ ദോശയും ചമ്മന്തിയും ഇരിപ്പുണ്ട്. അത് എടുത്ത് തരാം."- അരികിലെ സ്റ്റാൻഡിൽ വിരിച്ച് ഇട്ടിരുന്ന ഷർട്ട് എടുത്ത് ഇട്ട് കൊണ്ട് ഞാൻ എഴുന്നേറ്റു.
"അതല്ല വേണ്ടത്.."- കൈയിലെ നഖം കടിച്ച് പറിച്ച് കൊണ്ട് അവൾ ചിണുങ്ങി. ഞാൻ സംശയത്തോടെ അവളെ തിരിഞ്ഞ് നോക്കി.
"എനിക്കേ.."
"നിനക്ക്??"- ഒറ്റ പിരികം ഉയർത്തി കൊണ്ട് ഞാൻ ചോദിച്ചു.
"പറോട്ടയും ചില്ലി ചിക്കനും വേണം.."- ചുണ്ട് ഞൊട്ടി നുണഞ്ഞ് കൊണ്ട് അവൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി. നേരെ വലത് വശത്തെ ക്ലോക്കിൽ ഒന്ന് നോക്കി. സമയം രാത്രി രണ്ട് മണി..
"ദൈവമേ.. ഈ സമയത്ത് ഞാൻ എവിടെ പോയി ഇവൾക്ക് പറോട്ടയും ചില്ലി ചിക്കനും വാങ്ങും.."- ഞാൻ അറിയാതെ തന്നെ എന്റെ കൈ തലയിൽ അമർത്തി പോയി.
"എനിക്ക് ഇപ്പോ വേണം.."- അവൾ കൊഞ്ചാലോടെ കൈയിൽ തൂങ്ങി കൊണ്ട് പറഞ്ഞതും ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി.
"കുഞ്ഞേ.. നിനക്ക് ഞാൻ നാളെ രാവിലെ വാങ്ങി തരാം. ഈ സമയത്ത് ഞാൻ എവിടെ പോയി വാങ്ങാൻ ആണ്??"- ദയനീയം ആയി ഞാൻ അവളുടെ മുഖത്ത് നോക്കി.
"അല്ലെങ്കിലും നിങ്ങൾക്ക് ഇപ്പോ എന്നെ വേണ്ടല്ലോ.. ആ ഭദ്രകാളിയെ മതിയല്ലോ.. എന്റെ കുഞ്ഞ് ഇങ്ങ് വന്നോട്ടെ, ഞാൻ നിങ്ങൾക്ക് ഒന്ന് തൊടാൻ പോലും തരില്ല. എന്നെ ഇപ്പോ ഈ നിമിഷം എന്റെ വീട്ടിൽ കൊണ്ട് ആക്കണം."- വീർത്ത് വരുന്ന വയറിൽ കൈ ചേർത്ത് വെച്ച് അവൾ പരാതി പോലെ പറയുന്നത് കേട്ട് ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി. അതോടെ കണ്ണുകൾ ഒക്കെ നിറച്ച് ചുണ്ട് വിതുമ്പി കരയാൻ തയാറായി അവൾ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പതിയെ അരികിലേക്ക് ഇരുന്നു.
"കണ്ടോ വാവേ.. അച്ഛ ഒന്ന് നോക്കിയാൽ അപ്പൊ കരയും ഈ അമ്മ. എന്റെ വാവക്ക് ഇപ്പോ എന്താ വേണ്ടത്?? പറോട്ടയും ചില്ലി ചിക്കനും അല്ലേ.. ഞാനിപ്പോ വാങ്ങി കൊണ്ട് വരാം.."- അത് കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. എനിക്കും അത് മതി ആയിരുന്നു. ഞാൻ അവളോട് യാത്ര പറഞ്ഞ് ബൈക്കിന്റെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങി. ബൈക്ക് മെല്ലെ ഗേറ്റിന് വെളിയിലേക്ക് ശബ്ദം ഉണ്ടാക്കാതെ തള്ളി ഇറക്കിയ ശേഷം മെല്ലെ സ്റ്റാർട്ട് ചെയ്തു.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
*(ഇതേ സമയം മാളുവിന്റെ മുറിയിൽ..)*
ഇച്ഛ പോയത് മുതൽ ഞാൻ ബെഡിൽ ഇരിക്കാൻ തുടങ്ങിയത് ആണ്. അല്പം കഴിഞ്ഞ് വയറിൽ ഗ്യാസ് കയറി തുടങ്ങി. ഏട്ടൻ വരുന്നത് വരെ വിശക്കാതെ ഇരിക്കാൻ വേണ്ടി താഴെ ചെന്ന് രാത്രിയിലെ ദോശയും ചമ്മന്തിയും കഴിക്കാം എന്ന് വെച്ചു.
പതിയെ അധികം ശബ്ദം ഒന്നും ഉണ്ടാക്കാതെ താഴേക്ക് ഇറങ്ങി. താഴേക്ക് ഇറങ്ങുമ്പോൾ അടുക്കളയിൽ വെട്ടം കണ്ട് എന്റെ മുഖം ഒന്ന് ചുളിഞ്ഞു.
"ഇപ്പോ ആരാ ഈ സമയത്ത്?? വല്ല കള്ളനും ആണോ എന്തോ??"- സ്വയം ഒന്ന് ചിന്തിച്ച് കൊണ്ട് ഞാൻ ധൈര്യം സംഭരിച്ച് മെല്ലെ അങ്ങോട്ടേക്ക് ചെന്നു. അവിടത്തെ കാഴ്ച കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയി പോയി.
"ആഹാ.. എന്താ മോളെ??"- ഏട്ടത്തിയുടെ ശബ്ദം ആണ് എന്നെ ഉണർത്തിയത്. ഞാൻ ഒരു പുഞ്ചിരിയോടെ ഏട്ടത്തിയുടെ അരികിൽ മെല്ലെ സ്ലാബിൽ കയറി ഇരുന്നു.
"വിശക്കുന്നു.."- വയറിൽ മെല്ലെ തലോടി കൊണ്ട് ഞാൻ പറഞ്ഞതും പാചകത്തിൽ മുഴുകി നിന്ന ഏട്ടൻ എന്നെ ഒന്ന് നോക്കി.
"അല്ല.. നിന്റെ കേട്ട്യോൻ എവിടെ??"- ഏട്ടന്റെ വക ആയിരുന്നു ചോദ്യം.
"എനിക്ക് പറോട്ടയും ചില്ലി ചിക്കനും വാങ്ങാൻ പോയി.."- ഒരു ഇളിയോടെ ഞാൻ പറഞ്ഞു. ഏട്ടൻ അറിയാതെ തലയിൽ കൈ വെച്ച് പോയി.
"ഇവിടെ ഒരാൾക്ക് ക്യാരറ്റ് ഹൽവ വേണം എന്ന് പറഞ്ഞത് കൊണ്ട് അത് ഉണ്ടാക്കുക ആയിരുന്നു ഞാൻ.. എന്നേക്കാൾ ഗതി കെട്ട വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് ആയിരുന്നു എന്റെ ഒരു ധാരണ. പക്ഷെ ഇത് വെച്ച് നോക്കുമ്പോൾ നീ ഒരു മാലാഖയാണ് കുഞ്ഞേ.."- ഏട്ടത്തിയുടെ വയറിൽ മെല്ലെ തലോടി കൊണ്ട് ഏട്ടൻ പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു.
"ഏട്ടായി.. എനിക്കും വേണം, പറോട്ടയും ചില്ലി ചിക്കനും.."- അടുത്ത നിമിഷം ഏട്ടത്തിയുടെ വായിൽ നിന്നും വീണത് കേട്ട് ഏട്ടൻ എന്നെ ഒന്ന് ദയനീയം ആയി നോക്കി.
"ഞാൻ അവനോട് വിളിച്ച് പറയാം.. നിനക്കും കൂടി വാങ്ങാൻ."- ഏട്ടൻ എന്നെ നോക്കി പറഞ്ഞു.
"ഇച്ഛ ഫോൺ കൊണ്ട് പോയില്ല.."- മുപ്പത്തി രണ്ട് പല്ലും കാണിച്ച് ചിരിച്ച് കൊണ്ട് ഞാൻ മറുപടി നൽകി. അത് കേട്ടതും ഏട്ടന്റെ മുഖം കാറ്റ് അഴിച്ച് വിട്ട ബലൂൺ പോലെ ആയി.
"ഞാൻ വിക്കിയെ ഒന്ന് വിളിച്ച് നോക്കട്ടെ.. എന്നെ ഒരു ഊഹം വെച്ച് അവന്റെ അവസ്ഥയും ഇത് തന്നെ ആവും.."- ഏട്ടൻ പറയുന്നത് കേട്ട് ഞങ്ങൾ രണ്ടും വായ് പൊത്തി ചിരിച്ചു.
അങ്ങനെ വിക്കിയെ വിളിച്ച് ഏട്ടൻ കാര്യം പറഞ്ഞു. വിക്കി അവിടെ ദേവുവിന്റെ കാൽ തിരുമ്മി കൊടുക്കുക ആയിരുന്നു. വിക്കിയുടെ വീടിന് അടുത്ത് ഒരു തട്ടുകട ഉണ്ട് എന്ന ഏട്ടന്റെ ഓർമ്മ ആണ് ഏട്ടനെ വിക്കിയെ ഓർമ്മിപ്പിച്ചത്. ഞങ്ങൾ മൂന്ന് പേരും തമ്മിൽ ഏകദേശം രണ്ട് മാസമേ ഉള്ളൂ. ഞാനും ദേവുവും രണ്ട് മാസം ആണ് എങ്കിൽ ഏട്ടത്തി അഞ്ച് മാസം ഗർഭിണി ആണ്.
വിക്കിയും ഏട്ടനും ഇച്ഛയും ഒരേ ക്ലാസിൽ പഠിച്ചത് ആണ്. അങ്ങനെ ആണ് ഞങ്ങൾ തമ്മിൽ പരിചയം. ഞങ്ങൾ ഇത്രയും പേര് ഒരു വീട്ടിൽ ആണ് താമസം എങ്കിലും ദേവുവിന്റെ വീട്ടിലേക്ക് ഒരു ദിവസം താമസിക്കാൻ വേണ്ടി പോയത് ആണ്.
"ഇവിടെ ചിക്കൻ ഇല്ലേ?? ഞാൻ വെച്ച് തരാം ചില്ലി ചിക്കൻ.. പറോട്ട അവനോട് വാങ്ങാൻ പറഞ്ഞിട്ടുണ്ട്."- ഏട്ടൻ പറഞ്ഞതിന് ഞങ്ങൾ പരസ്പരം ഒന്ന് നോക്കി കൊണ്ട് തല ആട്ടി കാണിച്ചു.
"അത് വരെ രണ്ടും വിശന്ന് ഇരിക്കണ്ട.. ദാ ഈ ഓറഞ്ച് കഴിക്ക്.."- ഒരു പ്ലേറ്റിൽ അല്ലി ഇറുത്ത് ഇട്ട ഓറഞ്ച് കൈയിലേക്ക് വെച്ച് തന്ന് കൊണ്ട് ഏട്ടൻ പറഞ്ഞതും ഞാൻ ഏട്ടത്തിയെയും വിളിച്ച് ഹാളിലെ സെറ്റിയിൽ പോയി ഇരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ വിക്കി ദേവുവിനെയും കൊണ്ട് വന്നു. ഞങ്ങൾ മൂന്ന് പേരും സെറ്റിയിൽ ഇരുന്നതും വിക്കി ഏട്ടനെ സഹായിക്കാൻ അടുക്കളയിലേക്ക് പോയി. അര മണിക്കൂറിന് ഉള്ളിൽ ഡൈനിങ് ടേബിളിൽ പറോട്ടയും ചില്ലി ചിക്കനും ചിക്കൻ ഫ്രൈയും ക്യാരറ്റ് ഹൽവയും റെഡി. അതിന് ഇടയിൽ ഇത് വാങ്ങാൻ പോയ കെട്ട്യോനെ ഞാൻ മറന്ന് പോയി.
ചില്ലി ചിക്കന്റെ കൊതിയൂറും മണം മൂക്കിൽ എത്തിയതും ഞങ്ങൾ മൂന്നും കസേരയിൽ എത്തി. അങ്ങനെ അത് ആസ്വദിച്ച് കഴിച്ച് കൊണ്ട് ഇരിക്കെ ആണ് എന്റെ കെട്ട്യോൻ വിയർത്ത് കുളിച്ച് കയറി വരുന്നത്.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
പാതി രാത്രി ഈ ടൗണിൽ ഇനി പോകാത്ത ഒരു സ്ഥലവും ഉണ്ടാവില്ല. എന്നാലും അവളുടെ ആഗ്രഹം അല്ലേ എന്ന് കരുതി ആണ് മൊത്തം ചുറ്റിയത്. ഒരിടത്ത് നിന്നും ഞാൻ അന്വേഷിച്ച സാധനം കിട്ടിയില്ല. അവസാനം മൂന്ന് ഡയറി മിൽക്കും വാങ്ങി അവളുടെ കാൽ പിടിച്ചിട്ട് ആയാലും വീട്ടിൽ കയറണം എന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് എത്തി.
അപ്പോൾ ആണ് മുറ്റത്തെ പോർച്ചിൽ വിക്കിയുടെ കാർ കിടക്കുന്നത് കണ്ടത്. അത് കണ്ടപ്പോൾ ടെൻഷൻ ആണ് തോന്നിയത്. ഈ രാത്രി അവൻ എന്തിനാണ് എത്തിയത് എന്ന് അറിയാതെ. ഇനി ആർക്കെങ്കിലും എന്തെങ്കിലും അപകടമോ മറ്റോ?? ചിന്തിച്ച് തീരുന്നതിന് മുൻപേ ഞാൻ വീട്ടിലേക്ക് ഓടി കയറി. ഡോർ തുറന്ന് കിടക്കുന്നത് കണ്ട് വേഗം മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആണ് എന്നെ രാത്രി ഇട്ട് ഈ ടൗൺ മുഴുവൻ ഓടിച്ചവൾ വെ ട്ടി വിഴുങ്ങുന്നത് കാണുന്നത്. അരികിൽ ദേവുവും ശ്രീയും ഉണ്ട്. മൂന്നും വലിച്ച് കേറ്റുന്നത് കണ്ടാൽ ആ ചിക്കൻ വരെ ഇറങ്ങി ഓടും എന്ന് തോന്നി.
എന്നെ കണ്ടതും കുരിപ്പ് ബസന്തി സ്റ്റൈലിൽ ചിരിക്കുവാ.. അത് കണ്ടതും അറിയാതെ തന്നെ ഞാൻ ചിരിച്ച് പോയി.
"ടാ.. നീ പറോട്ടയും ചില്ലി ചിക്കനും വാങ്ങാൻ പോയത് ആണോ.. അതോ ഉണ്ടാക്കാൻ പോയത് ആണോ??"- വിക്കിയുടെ ചോദ്യം കേട്ട് ഞാൻ അവന്റെ മുതുകിൽ തന്നെ ഒന്ന് കൊടുത്തു.
"ഇത് നിനക്ക് എവിടന്ന് കിട്ടി??"- അതാണ് ആദ്യം വായിൽ വന്നത്.
"നമ്മുടെ കുമാരേട്ടന്റെ കടയിൽ നിന്നും പറോട്ട വാങ്ങി. ചില്ലി ചിക്കൻ ഞങ്ങൾ രണ്ടും കൂടി അങ്ങ് ഉണ്ടാക്കി."- അവർ പറയുന്നത് കേട്ട് ഞാൻ മാളുവിന്റെ മുഖത്തേക്കും അരികിലെ ക്ലോക്കിലേക്കും ഒന്ന് നോക്കി.
സമയം നാലര..
അവിടെ ഒരാൾ എന്റെ വായിൽ നിന്നും എന്തെങ്കിലും വീഴാനും കണ്ണ് നിറക്കാനും ആയി കാത്തിരിക്കുകയാണ്. പതിയെ അവളുടെ അടുത്തേക്ക് ചെന്ന് ഒരു പീസ് വായിൽ വെച്ച് കൊടുത്തു. അത് കണ്ടതും മറ്റ് രണ്ടും അവരുടെ ഭാര്യമാരുടെ അടുത്തേക്കും നീങ്ങി. അന്ന് അവളെ നെഞ്ചോട് ചേർത്ത് കിടത്തിയപ്പോൾ കുരിപ്പ് പറയുകയാ..
കെട്ട്യോൻ ആണെന്റെ ഹീറോ 😎എന്ന് 🤦🏻♀️🤦🏻♀️