നിങ്ങള് കാരണം ഞാനിനിയെങ്ങനെ മറ്റുള്ളോരുടെ മുഖത്തു നോക്കും...

Valappottukal


രചന: ശാലിനി ഇ എ

അന്ന് സന്ധ്യയാകുമ്പോഴേക്കും അയാൾ കുളിയെല്ലാം കഴിഞ്ഞ് മുറിയിലെത്തി... 


ബോഡി സ്പ്രേ എടുത്തു ഒന്നുപൂശി 


കുറച്ച് പൗഡറെടുത്തു കക്ഷത്തും.. പിന്നെ.. കഴുത്തിനു പുറകിലും കുടഞ്ഞിട്ടു.... 


അലക്കി തേച്ചു വച്ച ഷിർട്ടിൽ നിന്നും ഒന്നെടുത്തിട്ടു .. 

കണ്ണാടിക്കു മുന്നിൽ നിന്നു മുടി ചീകി.. 


അതിനു ശേഷം ചായ്ച്ചും ചെരിച്ചും നോക്കി... പെർഫെക്ട് എന്ന് ഉറപ്പു വരുത്തി... 


മെല്ലെ ബെഡിലേക്കിരുന്ന് 


ഇടയ്ക്കിടെ അക്ഷമയോടെ വാച്ചിൽ നോക്കുന്നുണ്ട്.... 


അത്താഴം കഴിക്കാൻ ഇനിയും എത്ര നേരം കഴിയണം... 


ച്ചെ...... 

അത്താഴം കഴിഞ്ഞീട്ടു ഇതെല്ലാം എടുത്തിട്ടാൽ മതിയാരുന്നു... 


ഇനിപ്പോ ഇതെല്ലാം മാറ്റണോ.... 


അയാൾ ആശയകുഴപ്പത്തിൽ ആയി 


വേണ്ട.... 


ഇന്നാണെങ്കിൽ സമയോം പോണില്ല.... 


എത്ര ദിവസായീന്നറിയോ.... 


മൂത്ത മോളുടെ പ്രസവത്തിന്റെ അന്ന്  പോയതാ... 


ഇപ്പൊ കുട്ടീടെ ഇരുപത്തെട്ടും കഴിഞ്ഞ് മൂന്നാല് ദിവസായി... 


ഇന്നും കൂടി ഇങ്ങോട്ട് വന്നില്ലെങ്കിൽ.. മേലാൽ ഈ റൂമിനകത്തു കേറിപോകരുതെന്ന് കർശനമായി പറഞ്ഞീട്ടുണ്ട് ഞാൻ.... 


ഞാനും ഒരു മനുഷ്യജീവി അല്ലെ 


ഒരു മൈന്റും ഇല്ലെന്നു വച്ചാലോ 


ശരിയാക്കി തരാം ഞാൻ.... 


നേരം പോകുന്നില്ലല്ലോ.... 

കുറച്ച് നേരം കിടന്നാലോ... 


വല്ലാത്ത ഉഷ്ണം... 


ശരീരത്തു അവിടവിടെ വിയർപ്പു പൊടിയുന്നു... 


അയാൾ എണീറ്റു ഫാനിന്റെ സ്പീഡ് കൂട്ടി..... 


എന്നീട്ടും ചൂട് കുറയുന്നില്ല..... 


ജനൽ പാളികൾ രണ്ടും തുറന്ന് വച്ചു.. 


ചെറിയൊരു കാറ്റു ഉള്ളിലേക്ക് അരിച്ചു കയറി....... 


അപ്പോഴേക്കും ഇട്ടിരുന്ന ഷർട്ട്‌ വിയർപ്പിൽ കുളിച്ച് കഴിഞ്ഞിരുന്നു 


ച്ചെ... 


ഇനിയിപ്പോ ഒന്നൂടെ കുളിക്കേണ്ടി വരോ... 


അല്ലെങ്കിൽ തന്നെ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ.. അമ്മേടെ വക ചോദ്യം ഉണ്ടായിരുന്നു... 


ഇന്നെന്താടാ മോനേ ഈ നേർത്തൊരു കുളി........ 


ഇനിയും കുളിക്കാൻ ചെന്നാൽ ചിലപ്പോൾ അമ്മ വേറെന്തെങ്കിലും പറയും.... 


വേണ്ട... 

കുളിച്ചത് മതി.... 


"വല്യേട്ടാ.... അത്താഴം കഴിക്കാൻ വാ.."

താഴെ നിന്നും അനിയത്തിയുടെ വിളി വന്നു 


ഹാവൂ... ആശ്വാസായി.... 


അയാൾ എണീറ്റ് ഗോവണിയിറങ്ങാൻ തുടങ്ങി... 

മുതുമുത്തച്ഛൻമാരുടെ കാലത്തെ ഗോവണിയാണെന്ന് തോന്നുന്നു.. 


എപ്പോഴാ പൊട്ടി താഴെ വീഴുകാന്ന് അറിയില്ല... 


ഊണ് മേശക്കരികിൽ എല്ലാവരും ഉണ്ട്.... 

അവളൊഴികെ... 

ഇവളിതു എവിടെ പോയി.. 


അയാൾ അടുക്കള ഭാഗത്തേക്ക് എത്തി നോക്കി... 


"എന്താടാ...... "

അമ്മയുടെ ചോദ്യം 


"സരസു...... "

അയാളൊന്നു വിക്കി 


"ഓള്.. കൊച്ചിന്റടുത്തുണ്ട്... നിനക്ക് ചോറ് ഞാൻ വിളമ്പി തന്നാൽ പോരെ.. ഇരിക്കിവിടെ.... '


അമ്മ വിളമ്പിതന്ന ചോറ് ഉരുട്ടി വായിലേക്കിടുമ്പോഴാണ് അനിയത്തിയുടെ ചോദ്യം... 


"വല്യേട്ടൻ എങ്ങോട്ടേലും പോണുണ്ടോ... "


"ഏയ്..... "


"പിന്നെന്താ പുതിയ ഷർട്ടും മുണ്ടും.... ഒടുക്കത്തെ ഒരു സ്പ്രേടെ മണോം.. 

തല കുത്തുണു.. "


ഇവൾക്കൊക്കെ കെട്ടിച്ചോടുത്തു പോയി നിന്നൂടെ....... 

ഇവിടിങ്ങനെ വന്ന് നിക്കും മറ്റുള്ളോര് എന്താ ചെയ്യുന്നെന്ന് നോക്കാൻ..... 


"ഞാനും.. കുറച്ച് നേരായി ശ്രദ്ധിക്ക്യ.... 

എന്നൂല്ല്യാത്ത ഒരു കുളീം ഒരുക്കോം... 

എന്താണ്ട് ഒപ്പിക്കാനുള്ള പോക്കാ... "


"അമ്മക്കിതെന്താണ്.... ഞാൻ ഒറങ്ങാൻ പോവാ.... "


"ഇങ്ങനെ...... കല്ല്യാണചെക്കനെപോലെ ഒരുങ്ങീട്ടാ.. നീ ഒറങ്ങാൻ പോണേ.......... 

നിന്റെ തലയ്ക്കു ഓളം ഒന്നുല്ലല്ലോ.. "


"മതിയെനിക്ക് ചോറ്...... 

മനുഷ്യനെ നല്ലോണം പോലെ ഒന്നുറങ്ങാനും സമ്മതിക്കില്ല... "


കൈ കഴുകി മേലേക്ക് പോകുമ്പോൾ കണ്ടു അമ്മയുടെയും അനിയത്തിയുടെയും അന്താളിച്ചുള്ള നിൽപ്പ്.. 


ഇതാ പറഞ്ഞത് കൂട്ടുക്കുടുംബമൊന്നും    ശരിയാകില്ലെന്ന്... 

ഒരു പ്രൈവസിയും കിട്ടില്ലെന്നേ... 


ഏതായാലും ഊണ് കഴിഞ്ഞു.... 

ഇനി എത്രയും വേഗം അവളിങ്ങു വന്നാൽ മതിയാരുന്നു.. 


അയാൾ ക്ലോക്കിലേക്കു നോക്കി 


മണി 9 കഴിഞ്ഞു....

 

പെണ്ണുങ്ങളെല്ലാം കഴിച്ച്... 


പാത്രങ്ങളെല്ലാം കഴുകി വച്ച് 


അടുക്കള തുടച്ചു.. 

എന്നീട്ട് വേണ്ടേ വരാൻ.... 


ഊം... പത്തുമണിക്കെങ്കിലും എത്തുമായിരിക്കും.... 


അവളൊന്നു കുളിച്ചീട്ടു വന്നാൽ മതിയാരുന്നു... 


ഇനിയിപ്പോ കുളിച്ചില്ലേലും സാരല്ല്യ 


വന്നാൽ മതി.. 


അയാൾ അക്ഷമയോടെ കാത്തിരിക്കാൻ തുടങ്ങി... 


ഒൻപതര കഴിഞ്ഞു..... 

പത്തു കഴിഞ്ഞു.... 

പത്തര കഴിഞ്ഞു.... പതിനൊന്നു കഴിഞ്ഞു... 

അവളെ കണ്ടില്ല.. 


പുള്ളുകലുറങ്ങീട്ടുംപൂങ്കോഴികൂവിയീട്ടും 

കള്ളനവൻ വന്നില്ല... തോഴിമാരെ... 


എന്ന പാട്ട് പോലെ... അയാൾ ഇതികർത്തവ്യതാ മൂഢനായി ഇരുന്നു.. 


കുറച്ച് നേരം അനങ്ങാതെ ഇരുന്നതിന് ശേഷം... അയാൾ എഴുന്നേറ്റു ശബ്ദം ഉണ്ടാക്കാതെ  ഗോവണി ഇറങ്ങി.. 


താഴെ നടുമുറിയിലേക്കാണ് ഗോവണി ഇറങ്ങി ചെല്ലുന്നത്... 


അമ്മയും അനിയത്തിയും.. അനിയത്തിയുടെ രണ്ടു മക്കളും നടുമുറിയിൽ കിടക്കുന്നുണ്ട്... 


നടുമുറിയുടെ വടക്കു പടിഞ്ഞാറായി ചെറിയ ഒരു മുറിയുണ്ട്... നടുമുറിയിലേക്ക് ആണ് അതിന്റെ വാതിൽ... 

ഇട ചുമരാണ്.. 

ഒരു സ്ടൂളിട്ടു കയറിനിന്ന് നോക്കിയാൽ അകത്തുള്ളവരെ കാണാം 

അച്ഛനുള്ള കാലത്ത് അച്ഛനും അമ്മയും ഈ മുറിയിലാണ് ഉറങ്ങിയിരുന്നത്.. 


അയാൾ മെല്ലെ ചെന്ന് ആ മുറിയുടെ വാതിൽ ചെറുതായി ഒന്ന് തള്ളി... 


അതു അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്നു... 


എന്തിന്....??? 


കുറ്റിയിടാനായി ഇതിനുള്ളിലേക്കു കള്ളന്മാർ വരുന്നുണ്ടോ..... 


അയാൾ പൂച്ചയെ പോലെ പതുങ്ങി പതുങ്ങി... ഊണ് മേശക്കരികിൽ നിന്നും ഒരു സ്റ്റൂള് എടുത്തു കൊണ്ട് വന്നു. 


അതിൽ കേറി നിന്ന് കൊണ്ട് അപ്പുറത്തേക്ക് എത്തി നോക്കി.. 


മുറിയിൽ സീറോ ബൾബിന്റെ ചുവന്ന മങ്ങിയ പ്രകാശം.... 


ആ മങ്ങിയ വെളിച്ചവുമായ് കണ്ണുകൾ ചെറുതായി ഒന്ന് മല്ലടിച്ചപ്പോൾ അകത്തെ കാഴ്ച മെല്ലെ മെല്ലെ തെളിഞ്ഞു വന്നു 


കട്ടിലിൽ കിടന്നുറങ്ങുന്ന മകൾ.. 

താഴെ പായ് വിരിച്ചു മോളുടെ കുഞ്ഞിനേയും കെട്ടിപിടിച്ച്.. അവൾ 


തന്റെ വാമഭാഗം.... 


എന്താ ഉറക്കം....... 


ഇവിടൊരാളുടെ ഒറക്കം നഷ്ടപെട്ടട്ട് ദിവസം എത്രയായിന്നറിയോ 


അപ്പോഴാ അവള്ടെയൊരൊറക്കം.. 


ശരിയാക്കി തരാടീ ഞാൻ........ 


അയാൾ മെല്ലെ സ്റ്റൂളിൽ നിന്നും താഴെ ഇറങ്ങി... 


മെല്ലെ മാർജാരപാദങ്ങളോടെ.. അടുക്കള ലക്ഷ്യമാക്കി നടന്നു 


ഈ കള്ളന്മാരെയൊക്കെ സമ്മതിക്കണം.. ട്ടോ... 


അടുക്കളയിൽ ആകെ ഒന്ന് പരതി... 


സാമാന്യം വലുപ്പം ഉള്ളൊരു വടിയാണ് ലക്ഷ്യം...... 


അടുപ്പിന്റെ അടിയിൽ കിടക്കുന്നതെല്ലാം ചെറിയ വിറകു കഷ്ണങ്ങളായിരുന്നു


അതു കിട്ടിയീട്ടു എന്ത് കാര്യം... 


ഒന്നുകൂടി പരതിയപ്പോഴുണ്ട് മൂലക്കിരിക്കുന്നു.. ഒരു മാറാലക്കോല് 


ഒന്നും നോക്കിയില്ല അതുമെടുത്തു വീണ്ടും നടുമുറിയിലെത്തി... 


മാറാലക്കോല് ചുവരിൽ ചാരി വച്ച്.. 

സ്റ്റൂളിലേക്ക് കയറി... 


എന്നീട്ട് കോലിന്റെ പ്ലാസ്റ്റിക് നൂൽ ഉള്ള ഭാഗം താഴോട്ടാക്കി 


മെല്ലെ മെല്ലെ ആ വടി സരസുന്റെ മേലേക്ക്.... 


"അയ്യോ.... അമ്മേ....... 

കള്ളൻ.. കള്ളൻ..... "


പെട്ടെന്നാണ് നടുമുറിയിൽ കിടന്ന അനിയത്തി അലറി കരഞ്ഞത്... 


അതോടു കൂടി ഞെട്ടിയെനീറ്റ അവളുടെ മക്കളും....വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.. 

പിന്നാലെ എണീറ്റ അമ്മയുടെ വക വേറെ 


പെട്ടെന്ന് തോന്നിയ ഉൾപ്രേരണയിൽ അയാൾ സ്റ്റൂളിൽ നിന്നും ഇറങ്ങി മേലേക്ക് ഓടിക്കേറി..... 


കാലക്കേടു എന്നല്ലാതെ എന്ത് പറയാൻ..... 


ഓടിക്കയറുന്നതിനിടയിൽ ദ്രവിച്ചു പഴകിയ ഗോവണി പലകകളിൽ ഒന്നിൽ ഊക്കോടെ ചവുട്ടിയതും പടി ഇളകി അയാൾ താഴേക്കു വീണു.... 


പിന്നീട് ഒന്നും ഓർമയില്ല... 

തലങ്ങും വിലങ്ങും ആടിയാരുന്നു... 


അടിയുടെ പൊടിപ്പൂരം... കണ്ണിലാകെ ഇരുട്ട്.... 


.. ശരിക്കും ഓർമ വന്നത് പിറ്റേദിവസം ആണ്.. 


കണ്ണു തുറന്ന് നോക്കിയതും ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുന്ന സ്വന്തം ഭാര്യയെയാണ്.... കണ്ടത്.. 


"എന്നാലും.. എന്റെ മനുഷ്യാ.... ഇത്രത്തോളം വേണ്ടാരുന്നു...നിങ്ങള് കാരണം ഞാനിനിയെങ്ങനെ മറ്റുള്ളോരുടെ മുഖത്തു നോക്കും . "


അപ്പോ എന്റെ അവസ്ഥയൊ... 

അതെന്താ ഇവള് ആലോചിക്കാത്തെ.. 


ശുഭം..... 

To Top