എല്ലാം നല്ലതിന് വേണ്ടിയാണെന്നായിരുന്നു അമൃതയുടെ ആശ്വാസ വാക്ക്...

Valappottukal


രചന: സജി മാനന്തവാടി


തന്റെ ഭർത്താവിന്റെ  ജന്മദിനത്തിൽ ഫോണിൽ

"സ്വീറ്റ് ഹാർട്ടിന് ഒരായിരം ജന്മദിനാശംസകൾ " എന്ന സ്റ്റാറ്റസ് ഇട്ടപ്പോൾ  അശ്വതിക്ക് തന്റെ ആദ്യ ഭർത്താവായ ജയന്തിനെ ഓർത്തു പോയി. ആ ഓർമ്മകൾ  കാരമുള്ള് പോലെ മനസ്സിൽ കോറി വലിക്കാൻ തുടങ്ങി . അറിയാതെ അശ്വതിയുടെ മനസ് എട്ട് കൊല്ലം പിന്നിലേക്ക് പാഞ്ഞു. ഓർമ്മിക്കരുത് എന്ന് വിചാരിക്കുന്നവ പലപ്പോഴും ഒളിപ്പിച്ചു വെച്ച കളിപ്പാട്ടം തപ്പിയെടുത്ത് കൊണ്ടുവരുന്ന കുസൃതി കുരുന്നുകളെ പോലെയാണ്. അതൊക്കെ മനസ്സിന്റെ രംഗവേദിയിൽ ഇടയ്ക്ക് ഇടയ്ക്ക് വന്ന് ആടിത്തിമിർക്കും ആരും ക്ഷണിക്കാതെ.


 ഡിഗ്രിക്ക് പഠിക്കുന്ന കാലം. വലുതായെങ്കിലും അച്ഛന്റെ കൈയും പിടിച്ച് സ്കൂളിലേക്ക് പോകുന്ന കാലം. അന്ന് ജീവിതം ഒരു സുന്ദര കാവ്യമായിരുന്നു. വ്യത്തനിബദ്ധമായ കാവ്യം. അല്ലലും അലച്ചിലുമില്ലാത്ത കാലം. പ്രശാന്തമായ ഒഴുകുന്ന ഒരു നദി. എത്ര പെട്ടന്നാണ് അതൊരു കൂലം കുത്തിയൊഴുകുന്ന ഒരു രൗദ്ര വാഹിനിയായി മാറിയത്. അച്ഛന്റെ ആകസ്മിക ആത്മഹത്യ എല്ലാ സ്വപ്നങ്ങളും പ്രതിക്ഷകളും തകർത്തു. അച്ഛനുള്ള സമയത്ത് ബന്ധുക്കളും സ്വന്തക്കാരും ഇഷ്ടം പോലെയുണ്ടായിരുന്നു. കാരണം എല്ലാവരെയും കൈയയച്ച് സഹായിക്കുന്ന ശീലം അച്ഛനുണ്ടായിരുന്നു. അച്ഛൻ മരിച്ചപ്പോഴാണ് അച്ഛന്റെ ബാധ്യതകളെ കുറിച്ച് അറിയാൻ കഴിഞ്ഞത്. ബാധ്യതകൾ തീർക്കാൻ അഞ്ച് സെന്റ് സ്ഥലവും വീടും ഒഴികെ ബാക്കിയെല്ലാം വിൽക്കേണ്ടി വന്നു. അച്ഛൻ വട്ടിപലിശക്ക് കടം വാങ്ങി മറ്റൊരാളെ സഹായിച്ചതായിരുന്നു. വെറും നാല് ലക്ഷം രൂപ കടം വാങ്ങിയത്. മുപ്പത് ലക്ഷം കൊടുത്തിട്ടും തീരാത്ത കടം. അതോടെ അതുവരെ സ്വന്തക്കാരെന്നും ബന്ധുക്കളെന്നും കരുതിയവരെ മഷിയിട്ട് നോക്കിയിട്ടും കണ്ടില്ല. ആ സമയത്താണ് ബസ് മുതലാളിയായ ജയന്ത് വിവാഹലോചനയുമായി വന്നത്. 


പൊന്നും പണ്ടവും വേണ്ട മോളെ പൊന്നുപോലെ നോക്കി കൊള്ളാമെന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. പഠിക്കാനുള്ള മോഹം വിവാഹത്തിലൂടെ ഇല്ലാത്താകുമെന്ന ഭയം തനിക്കുണ്ടായിരുന്നു. പക്ഷെ വിവാഹശേഷവും പഠിപ്പിക്കാമെന്നുള്ള ജയന്തിന്റെ വാക്കുകൾ വിശ്വസിക്കാമെന്ന് തോന്നി. മാത്രമല്ല സ്വന്തം അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടും അവരെ BEd ന്  പഠിപ്പിക്കുന്നതും ജയന്താണെന്നറിഞ്ഞപ്പോൾ അയാളോട് ബഹുമാനം തോന്നി. പക്ഷെ കല്യാണം കഴിഞ്ഞതോടെ അവരുടെ ലക്ഷ്യം അവരുടെ വീട്ടിലെ വീട്ടുവേലക്കാരിയുടെ കുറവ് നികത്തുകയെന്നതു മാത്രമായിരുന്നുവെന്ന് മനസ്സിലായി. അനുജത്തിയോട് കാണിക്കുന്ന സ്നേഹം ജയന്തിനോ അയാളുടെ അമ്മയ്ക്കോ ഉണ്ടായിരുന്നില്ല. അവരുടെ മനസ് മാറാൻ രണ്ട് കൊല്ലം കാത്തിരുന്നു. എത്രയും പെട്ടെന്ന് ഒരു കുട്ടിയുടെ അമ്മയാക്കി ആജീവനാന്ത തടവിന് ശിക്ഷിക്കാനായിരുന്നു അവരുടെ പ്ലാൻ .ആ ചക്രവ്യൂഹത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് അശ്വതി ചിന്തിക്കാൻ തുടങ്ങി.


വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനെ കുറിച്ച് കൂലങ്കഷമായി ചിന്തിച്ചു . പഠിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന കാരണം പറഞ്ഞ് വിവാഹ മോചനം കിട്ടുമോ ? ഈ ആവശ്യം അമ്മ സമ്മതിച്ചു തരുമോ? ഇത്തരമൊരു വാദം നാട്ടുകാർ അംഗികരിക്കുമോ ? ഒരു പെണ്ണിന്റെ ജീവിതം തകർക്കാൻ എന്തെളുപ്പം! വേണമെങ്കിൽ ഒരടിമയെ പോലെ ജീവിക്കാം ജീവിതകാലം മുഴുവൻ .


ജയന്തിന് പഠിക്കാൻ പോകണമെന്ന് വാക്ക് കേൾക്കുന്നത് തന്നെ അലർജിയാണ്. അതിന് കാരണക്കാരി ജയന്തിന്റെ അമ്മയാണ്. 


"അവളിനി പഠിച്ചിട്ട് കലക്ടറാകാൻ പോകുന്നു. എന്നിട്ട് വേണം അവൾക്കെന്നെ ഭരിക്കാൻ ."


ജയന്തിന്റെ അമ്മയുടെ വാക്കുകൾ ആമ്പുലൻസിന്റെ ഹോൺ പോലെ കാതിൽ തുളച്ച് കയറിക്കൊണ്ടിരുന്നു.  അമ്മയുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്ന ജയന്തിനും മറ്റൊരു അഭിപ്രായമില്ലായിരുന്നു.


അപ്പോഴാണ്  അമ്മക്ക് സുഖമില്ലെന്നുള്ള ഫോൺ വന്നത്. രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു വരാമെന്ന് പ്രതിജ്ഞ ചെയ്തിട്ടാണ് അമ്മയുടെ അടുത്തേക്ക് വണ്ടികയറിയത്.


രണ്ട് ദിവസം കഴിഞ്ഞതും ജയന്തിന്റെയും അയാളുടെ അമ്മയുടെയും ഫോൺ വിളികൾ ചെവിയിൽ കയറി കൂടിയ പ്രാണിയെ പോലെ അവളെ അലട്ടിക്കൊണ്ടിരുന്നു.


 " അമ്മേ ഞാനെന്താ ചെയ്യേണ്ടത് ? വേണമെങ്കിൽ അവിടെ അടിമയെ പോലെ കഴിയാം. മൂന്ന് നേരം ഭക്ഷണം കിട്ടും. അതിന് മുട്ടുണ്ടാകില്ല. പക്ഷെ ഭക്ഷണം മാത്രം മതിയോ? എന്റെ ആഗ്രഹം പഠിക്കണമെന്നാണ്. വ്യക്തിപരമായി എനിക്ക് ജയന്തിനോട് ദേഷ്യമില്ല എന്നു കരുതി  അവിടെ  പോകാനൊന്നും ഞാനില്ല.  ഇവിടെ നിന്ന് പഠിക്കാൻ പോകണമെന്നാണ് എന്റെ ആഗ്രഹം. ഇനി അമ്മ പറ . "


" കല്യാണം കഴിച്ചവർ അവരുടെ ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നതാണ് നാട്ടുനടപ്പ് .നിന്റെ അച്ഛൻ മരിച്ചതിൽ പിന്നെ തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ ഈ കാര്യത്തിൽ ഇടപ്പെടും സംശയല്യാ. പിന്നെ ജയന്തും അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ  ?"


"അതിനെയൊന്നും ഞാൻ പേടിക്കുന്നില്ല. പേടിക്കാൻ തുടങ്ങിയാൽ പിന്നെ അതിനെ നേരമുണ്ടാകു, ജയന്തിനോട് കാര്യങ്ങൾ പറഞ്ഞു നോക്കാം . വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ. "


രണ്ട് ദിവസം കഴിഞ്ഞതും ജയന്ത് കാറുമായി വീട്ടുപടിക്കലെത്തി. കാറിന്റെ ഡോർ വലിയ ശബ്ദത്തോടെ അടച്ചാണ് അയാൾ  കാറിൽ നിന്ന് ഇറങ്ങിയത്. 


"എടീ എന്താ നിന്റെ പരിപാടി ? ഇവിടെ തന്നെ അടയിരിക്കാനാണോ നിന്റെ ഭാവം ? വേഗം വന്ന് കാറിൽ കയറിക്കോ . വീട്ടിൽ ചെല്ലട്ടെ ബാക്കി അവിടെ വെച്ച് തരുന്നുണ്ട്."


"എനിക്കും ചിലത് പറയാനുണ്ട്. ഇനി എനിക്കൊരു സർക്കാർ ജോലി കിട്ടാതെ നിങ്ങളുടെ വീട്ടിലേക്ക് ഞാനില്ല. അവിടെത്തെ അടിമപ്പണിക്ക് എന്നെ കിട്ടില്ല. ഞാൻ വിചാരിച്ചു നിങ്ങൾ നിങ്ങളുടെ പെങ്ങളോട് കാണിക്കുന്ന സ്നേഹമെങ്കിലും നിങ്ങളുടെ ഭാര്യയായ എന്നോട് കാണിക്കുമെന്ന് . അതും വെറുതെയായി. എനിക്ക് ആരും ചോദിക്കാനില്ലാത്തതു കൊണ്ട് എന്തുമാകാമെന്ന് നിങ്ങൾ വിചാരിച്ചോ?"


"അപ്പോ നീയെന്താ പറഞ്ഞു വരുന്നത് ?"


" എനിക്ക് പഠിക്കണം ഒരു ജോലി വാങ്ങണം അത് കഴിഞ്ഞെയുള്ളു എനിക്ക് മറ്റുള്ളതെല്ലാം . ഇത് അംഗികരിക്കുകയാണെങ്കിൽ ഞാൻ വരാം. ഇപ്പോഴല്ല ജോലി കിട്ടിയതിന് ശേഷം  . ജയന്തിന് വേണമെങ്കിൽ ഇവിടെ നിൽക്കാമല്ലോ. അമ്മ കുറച്ച് കാലം ആര്യയുടെ കൂടെ താമസിക്കട്ടെ . "


"ഇത് നമ്മുടെ അവസാന കൂടികാഴ്ചയായിരിക്കും അത് ഓർക്കുന്നത് നിനക്ക് നല്ലതാ, വട്ടോൻ ചാടിയാ മുട്ടോളം . വക്കീൽ നോട്ടീസ് വരുമ്പോൾ നീ തനിയെ വന്നോളും. "


വീട്ടിൽ ചെന്ന് അമ്മയോട് ജയന്ത് അശ്വതിയുടെ തീരുമാനമറിയിച്ചപ്പോൾ അവരൊന്ന് ഞെട്ടി.


"നാളെ തന്നെ വക്കീലിനെ കാണണം വിവാഹ മോചനത്തിന് എന്താ ചെയ്യ്ണ്ടതെന്ന് ചോദിക്കണം. " അയാൾ പറഞ്ഞു.


" ഉടനടി ഒരു തീരുമാനം എടുക്കണ്ട . അവൾ തിരിച്ചു വരും. ഈ വീട്ടിലെ വല്ല സൗകര്യവും അവൾക്കുണ്ടോ ? പിന്നെ ഒരു അംഗൺവാടി ടീച്ചർക്കെന്തു കിട്ടും ? അവളുടെ അമ്മയുടെ ശമ്പളം കൊണ്ട് അവൾക്ക് ഒരു നല്ല കോളേജിൽ പഠിക്കാൻ പോകാൻ പറ്റുമോ ?"


അവൾ വീണ്ടും കോളേജിൽ പോകാൻ തുടങ്ങി. പലരും ഭർ ത്യഗൃഹത്തിലേക്ക് പോകാൻ ഉപദേശിച്ചു. 


"അല്ലെങ്കിലും മനുഷ്യർ ഏറ്റവും കൂടുതൽ വാരിക്കോരി നൽകുന്നത് ഉപദേശമാണല്ലോ. "


 അശ്വതി മനസ്സിൽ പറഞ്ഞു.


 PSC പഠനവും ഡ്രൈവിംഗ് പരിശീലനവും തുടങ്ങി.

ഞായറാഴ്ചകളിൽ ഒരു റൂം വാടകക്ക് എടുത്ത് PSC കോച്ചിംഗ് സ്വയം തുടങ്ങി.   PSC പരിശീലനം വിപുലമാക്കാൻ അശ്വതി തീരുമാനിച്ചു. ആഴ്ചയിൽ ഏഴ് ദിവസവും ഒരു PSC കോച്ചിംഗ് നടത്തുന്ന സെൻറർ തുടങ്ങിയതോടെ ഇരുപത്തിനാല് മണിക്കൂർ തികയാതെ വന്നു. കോളേജ് വിട്ടാലുടനെ കോച്ചിംഗ് സെന്ററിൽ എത്തേണ്ടതു കൊണ്ട് അതിനടുത്തേക്ക് താമസമാക്കി. ക്ലാസിലെ പണക്കാരായ കൂട്ടുക്കാരാണ് പണം നല്കി സഹായിച്ചത്. അവരുടെ  പണം  കൊടുത്തുതീർക്കാനും അവർക്ക് ലാഭം കൊടുക്കാനും അവൾ മറന്നില്ല. എപ്പോഴും അവൾക്ക് തുണയായി നിന്നത് അവളുടെ കൂട്ടുക്കാരി അമൃതയായിരുന്നു. ഇതിനിടയിൽ വിവാഹ മോചനത്തിനുള്ള വക്കീൽ നോട്ടീസ് കിട്ടിയിരുന്നു. അതിൽ ഒപ്പിടുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാം നല്ലതിന് വേണ്ടിയാണെന്നായിരുന്നു അമൃതയുടെ ആശ്വാസ വാക്ക്. അവളുടെ നാവ് പൊന്നായി. സർക്കാർ ജോലി കിട്ടിയില്ലെങ്കിലും ഒരു സർക്കാരുദ്യോഗസ്ഥനെ  വിവാഹം കഴിക്കാനും അനവധി പേരെ എഞ്ചിനിയർമാരും ഡോക്ടർമാരും സർക്കാർ ജോലിക്കാരുമായി വാർത്തെടുത്ത ആൽഫാ അക്കാഡമിയുടെ എം ഡിയായും ഉദ്യോഗാർത്ഥികളുടെ പ്രീയ അശ്വതി ടീച്ചറാകാനും കഴിഞ്ഞത് അശ്വതിക്ക് ഇന്നലെ കഴിഞ്ഞതുപോലെ തോന്നി. 

മമ്മയെന്ന് വിളിച്ച് എം ഡിയുടെ കാബിൻ തളളി തുറന്ന് അകത്തേക്ക് വരുന്ന അഞ്ചു വയസുകാരി അനന്യ മോൾ അവളെ ചിന്തകളിൽ നിന്ന് ഉണർത്തി.

To Top