അവൻ നന്നായി ഒന്ന് പ്ലാൻ ചെയ്താണ് തന്നെ അവിടെക്കു കൊണ്ടു പോയതെങ്കിൽ...

Valappottukal


രചന: Aswath Y (അച്ചു)

കഥ: ശാലിനി യുടെ"" ആങ്ങള ""

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"അയാൾ പുറകെ വരുന്നുണ്ടോ???


അങ്ങനെയൊരു ഭയം തോന്നിയതിനാലാവാം ആ വീടിന്റെ ഗെയ്റ്റ് കടന്നതും ശാലിനി ഒന്നുകൂടി തിരിഞ്ഞു നോക്കിയത്.


ഇല്ലെന്ന് ഉറപ്പുവരുത്താനായി അവൾ ഏതാനും നിമിഷങ്ങൾ അവിടെ നിന്നു.


ഓടിക്കിതച്ച മാൻപേടയെപോലെ അവളുടെ ശരീരം വിറകൊണ്ടു.


കയ്യിൽ മുറുകെ പിടിച്ച ചെറിയ കത്തിയിലേക്ക് ഒരിക്കൽ കൂടി നോക്കി...


"ഇല്ല..

രക്തം പുരണ്ടിട്ടില്ല."


കത്തി ബാഗിൽ വെച്ചു ആ ചെമ്മൺപാതയിലൂടെ  റോഡ് ലക്ഷ്യം വെച്ച് നടന്നു അവൾ.


അപ്പോളവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.


ആ നിമിഷം തന്റെ കൂട്ടുകാരി മിനിയുടെ വാക്കുകൾ ശാലിനിയുടെ മനസ്സിലേക്ക് കടന്നുവന്നു.


"എത്രയധികം ആത്മാർത്ഥ കാണിച്ചു എന്ന് പറഞ്ഞാലും സ്വന്തം രക്തത്തിൽ പിറന്ന ആങ്ങളയെ പോലെ ആകുമോ ശാലിനി ഓൺലൈൻ വഴി പരിചയപ്പെട്ട അന്യപുരുഷൻ "


ആ വാക്കുകൾ അക്ഷരം പ്രതി സത്യമാണെന്ന് ശാലിനി ഓർത്തു.


അച്ഛന്റെ മരണശേഷം ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു.

രോഗിയായ അമ്മക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നന്നേ കഷ്ട്ടപെടുന്നുണ്ട്.

രണ്ട് ചേച്ചിമാരും താനും അമ്മയും തീർത്തും ഒറ്റപെട്ട അവസ്ഥയിലായിരുന്നു.

ബന്ധുക്കളെന്ന് പറയാവുന്ന പലരും ഒരകലം പാലിച്ചാണ് തങ്ങളോട് ഇടപെടുന്നത്.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

നാളെ അമ്മയ്ക്കെന്തെങ്കിലും ആയിപോയാൽ തങ്ങൾ അവർക്കൊരു ബാധ്യത ആകുമോ എന്ന് ഭയക്കുന്നുണ്ടാകും.

കൂടെ ഒരാൺതുണ ഇല്ലെങ്കിലും അമ്മയും മക്കളും മോശം ആണെന്ന് പറയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടില്ല.


അച്ഛന്റെ ശൂന്യത ശാലിനിയെ എന്നും വല്ലാതെ വിഷമിപ്പിച്ചിരുന്നു.

തന്നെ സ്നേഹിക്കാനും ശാസിക്കാനും ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ.

അവൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.


ആ ഒരു സങ്കടം മനസിനെ അലട്ടുന്നത് കൊണ്ടാണ് fb വഴി പരിചയപ്പെട്ട റഹീമുമായി അവൾ പെട്ടെന്ന് അടുത്തത്.

പാവം ഒരു ഉമ്മയുടെ ഏക മകൻ.

സഹോദരങ്ങൾ ആരുമില്ലാത്തതിനാൽ ശാലിനിയെ ഒരു കൂടപ്പിറപ്പിനെ എന്നപോലെ കരുതി സ്നേഹിച്ചു പോന്നു അവൻ.

മാന്യമായപെരുമാറ്റം.

അവൻ ഇത്രയും നാൾ ഒരു വാക്കുകൊണ്ട് പോലും മോശമായി പെരുമാറിയിട്ടില്ല.

അവന്റെ ആ പെങ്ങളുട്ടി എന്ന വിളി കേൾക്കുമ്പോൾ തനിക്കും ഒരാങ്ങളയെ കിട്ടിയ സന്തോഷവും അഹങ്കാരവും ആയിരുന്നു അവൾക്ക്.

രാത്രി ഓൺലൈനിൽ കണ്ടാൽ വഴക്ക് പറയുന്ന,

പരീക്ഷക്ക് പഠിക്കാൻ പറയുന്ന,

എപ്പോഴും എന്തെങ്കിലും കഴിച്ചോ എന്നൊക്കെ സ്നേഹത്തോടെ ചോദിക്കുന്ന അവൻ ശരിക്കും അവളുടെ ആങ്ങളയായി മാറുകയായിരുന്നു.

അവനോട് സംസാരിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയത് പോലെ അവൾക്ക് തോന്നി.റഹിമും വളരെ സന്തോഷത്തിലാണെന്ന് തോന്നിയിട്ടുണ്ട്.

ഒരേ വയറ്റിൽ ജനിച്ചില്ലെങ്കിലും അവന്റെ കുഞ്ഞിപ്പെങ്ങൾ.

ആഘോഷങ്ങൾ വരുമ്പോൾ എത്രയൊക്കെ നിരസിച്ചാലും ഡ്രസ്സും പണവും എന്നുവേണ്ട എന്തും അയച്ചു തരുന്ന സ്നേഹമുള്ള ഒരാങ്ങള.


"ടീ പെണ്ണെ ഇന്ന് ഞാൻ വീട്ടിൽ എത്തിയിട്ടു നിന്നെ വിളിക്കും.ഉമ്മാക്ക് നിന്നോട് ഒന്ന് സംസാരിക്കണം പോലും.

ഇന്നലെ ഞാൻ നിന്നെക്കുറിച്ചു ഉമ്മയോട് പറഞ്ഞിരുന്നു."


തനിക്ക് ഇതിൽ കൂടുതൽ എന്ത് വേണം..

അവൾ ചിന്തിച്ച നിമിഷം.

പറഞ്ഞതുപോലെ അന്ന് രാത്രി റഹീമിന്റെ ഉമ്മ വിളിച്ചു ഒത്തിരി സംസാരിച്ചു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരുദിവസം വീട്ടിൽ വരണം എന്നുകൂടി പറഞ്ഞപ്പോൾ അവൾക്ക് സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു.

ഈ ഒരു സ്നേഹം.. ഈ ഒരു കരുതൽ.. ഇതൊക്കെയല്ലേ താനും ആഗ്രഹിച്ചത്.


അതുകൊണ്ടാണ് അവൻ വിളിച്ചപ്പോൾ വരാം എന്ന് പറഞ്ഞത്.

സത്യത്തിൽ അവനെ fb യിലെ ഫോട്ടോയിലൂടെ അല്ലാതെ കണ്ടിട്ടില്ല.

റഹീമിനെയും ഉമ്മയെയും കാണാൻ പോകുന്നതിന്റെ തലേ ദിവസം ശാലിനിക്ക് ഉറങ്ങാൻ പോലും കഴിയുമായിരുന്നില്ല.അത്രയും വീർപ്പുമുട്ടലും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.അമ്മയോടും ചേച്ചിമാരോടും തല്ക്കാലം പറയണ്ട.

അവർ ചിലപ്പോൾ അംഗീകരിച്ചെന്നു വരില്ല.

കൂട്ടുകാരി മിനിയോടെ മാത്രം പറഞ്ഞു.


റഹിം പറഞ്ഞ സ്ഥലത്ത് 

ബസ്സ്‌ ഇറങ്ങിയപ്പോഴേ കണ്ടു തന്നെ കാത്ത് ബൈക്കിൽ ചാരി നിൽക്കുന്ന അവനെ.

നിറഞ്ഞപുഞ്ചിരിയോടെ അതിലേറെ വാത്സല്യം തുളുമ്പുന്ന വാക്കുകളിലൂടെ അവളുടെ ഹൃദയം കവരാൻ അവനു എളുപ്പം സാധിച്ചു.

അവന്റെ ബൈക്കിന്റെ പുറകിൽ അവനോട് ചേർന്നിരിക്കുമ്പോൾ ഇതുവരെ ജീവിതത്തിൽ അനുഭവിക്കാത്ത ഒരു സുരക്ഷിതത്വം അവൾക്ക് അനുഭവപ്പെട്ടു.

ഒരു തെങ്ങിൻ തോപ്പിൽ ഒറ്റപെട്ട മനോഹരമായ ഇരുനില വീട്.


"ടാ നിനക്കും ഉമ്മാക്കും താമസിക്കാൻ എന്തിനാടാ ഇത്രയും വലിയ വീട്.


"ശാലിനിയുടെ ആശ്ചര്യത്തോടെയുള്ള ചോദ്യത്തിനു ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു അവന്റ മറുപടി.

അവനോടൊപ്പം ആ വീട്ടിലേക്ക് കയറിയപ്പോൾ ആ വലിയ വീടിന്റെ ഉള്ളിൽ അവന്റെ ഉമ്മയെ തേടുകയായിരുന്നു അവളുടെ കണ്ണ്കൾ.


"ഉമ്മ എവിടെ എന്ന ചോദ്യത്തിനു അടുക്കളയിലോ മുകളിലോ എവിടെയെങ്കിലും ഉണ്ടാകും എന്ന് ഒരു ഒഴുക്കൻ മറുപടി നൽകി അവൻ റൂമിലേക്ക് പോയി.


അവന്റെ ആ അലസഭാവം അവളിൽ ചെറിയ ടെൻഷൻ ഉണ്ടാക്കി.

അവൾ ഹാളിൽ ചെറിയ പകപ്പോടെ നിന്നപ്പോൾ അവന്റെ ശബ്ദം.


"ഇതെന്താടോ തന്റെ കയ്യിൽ ഒരു കവർ?".


അവന്റെ ചോദ്യത്തിനു ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവളാ കവർ അവന്റെ നേരെ നീട്ടി.


"തുറന്നു നോക്ക് "

ന്റെ ആങ്ങളക്ക് പെങ്ങളുട്ടിയുടെ ഒരു കുഞ്ഞ് സമ്മാനം ."


മനസിലെ ടെൻഷൻ മറച്ചു വച്ച് അവളാ കവർ അവനു നേരെ നീട്ടി.

 കവർ തുറന്ന് അവനുവേണ്ടി വാങ്ങിയ നിറയെ പൂക്കൾ ഉള്ള മനോഹരമായ ഷർട്ട് പുറത്തെടുത്തു അതിലേക് പുഞ്ചിരിയോടെ നോക്കുന്ന അവനോടായി അവൾ പറഞ്ഞു.


"ഇതുവരെ നീ എനിക്കായി പലതും തന്നിട്ടുണ്ട്.. അപ്പൊ എന്റെ ഒരു  സന്തോഷത്തിനു വേണ്ടിയാ.

ഇഷ്ടായോ?"


"മ്മ് ഒരുപാട് ഇഷ്ടായി "


"അല്ല ഉമ്മയെ കണ്ടില്ലല്ലോ? വന്നിട്ട് ഒത്തിരി സമയം ആയില്ലേ? "


അവൾ സംശയത്തോടെ അവനെ നോക്കി.


അവൻ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തപോലെ നിൽക്കുന്നു.


ഏതാനും നിമിഷങ്ങൾക്ക് ശേഷം ശാലിനി ഉമ്മാ..... എന്നൊന്ന് വിളിച്ചു നോക്കി...


അകത്തുനിന്ന് ആളനക്കം ഒന്നുമില്ല.

പെട്ടെന്നാണ് ഹാളിലേക്ക് കയറുന്ന വാതിൽ റഹീം അടച്ചു കുറ്റിയിട്ടത്.

പിന്നെ വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി.


ശാലിനിക്ക് എന്തോ പന്തികേട് തോന്നി.

"

ടാ നീയെന്താ ഇങ്ങനെ നോക്കുന്നെ ഇവിടെ ആരൂല്ലേ?"


പക്ഷേ അവൾ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്...

റഹീം പയ്യെ അടുത്തേക്ക് വന്നു അവളെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു.

ശാലിനി പെട്ടന്ന് കുതറി മാറി.


"നീയെന്താ ഈ ചെയ്യുന്നേ? ഇതിനാണോ സഹോദരിയാന്നൊക്കെ പറഞ്ഞു ഇങ്ങോട്ട് വരാൻ പറഞ്ഞത്."


പക്ഷേ അതുവരെ അവൾ കേട്ട ശബ്ദം ആയിരുന്നില്ല അവന്റെ.


"ടീ ഞാനൊരു കാര്യം പറയാം... ഇവിടെ ആരൂല്ല.

പിന്നെ അന്ന് നിന്നോട് സംസാരിച്ചത് എന്റെ ഉമ്മയൊന്നും അല്ല.

നിന്റെ ഫോട്ടോ fb യിൽ കണ്ടപ്പോ ഒരു മോഹം തോന്നിയിട്ടാ ഞാൻ അടുക്കാൻ വന്നേ.

പക്ഷേ ഞാൻ ഇത്രയും നാൾ പരിചയപ്പെട്ടത് പോലെ ഒരു പെണ്ണല്ല നീ എന്ന് എനിക്കു നിന്റെ സംസാരത്തിൽ തോന്നി.

നീ നഷ്ടപ്പെടരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.. അതുകൊണ്ടാ ഇത്രയും നാൾ ഞാൻ "


അതും പറഞ്ഞു അവൻ അവളെ വലിച്ചു തന്നിലേക്ക് അടുപ്പിക്കാൻ നോക്കി.


താൻ പറ്റിക്കപ്പെട്ടു എന്ന് ശാലിനി ബോധ്യമായി.

മനസിലെ ടെൻഷൻ മറച്ച് വച്ച് അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ.


"വാതിൽ തുറക്ക്? എനിക്കു പോകണം, ""

നിന്നെയായിരുന്നല്ലോ ഞാൻ...


 അവൾക്ക് വാക്കുകൾ മുഴുവനാക്കുവാൻ കഴിഞ്ഞില്ല....അപ്പോഴേക്കും ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞിരുന്നു.


"ശാലിനി കുറച്ചു സമയം....

ആരുമറിയില്ല... അതുകഴിഞ്ഞു ഞാൻ കൊണ്ടുവിടാം നിന്നെ "


"നിന്നോട് വാതിൽ തുറക്കാനാണ് പറഞ്ഞത് "


ശാലിനി അവനോട് ആക്രോഷിച്ചു.


അവൻ അവളെ പിടിച്ചു സോഫയിലേക്ക് ഇരുത്താൻ ഒരു ശ്രമം നടത്തി.

പക്ഷേ അപ്പോഴേക്കും ശാലിനി തന്റെ ഹാൻറ്ബാഗിന്റെ സൈഡിലെ അറയിൽ നിന്നും ഒരു കത്തി എടുത്ത് അവന്റെ നേരെ വീശി.എന്നിട്ട് അവനോട് പറഞ്ഞു.   


ഒറ്റക്കുള്ള ജീവിതവും യാത്രകളും അല്ലെ??

ഒരു സേഫ്റ്റിക്ക് കൂടെ കരുതുന്നതാണ് ഈ കുഞ്ഞു കത്തി.

ഞാൻ ആങ്ങളയെ പോലെ കരുതി സ്നേഹിച്ച നിന്നെ എതിർക്കാൻ എനിക്കിത് മതി.


"പ്ലീസ് ശാലിനി..ഞാൻ പറയുന്നതൊന്നു കേൾക്കു എന്ന് പറഞ്ഞു റഹീം അവളുടെ കയ്യിൽ കയറി പിടിച്ചതും ശാലിനി കത്തി വീശിയതും ഒരുമിച്ചായിരുന്നു.

റഹീം ഉമ്മാ എന്ന് വിളിച്ചുകൊണ്ട് പുറകിലേക്ക് മാറിയ അത്രയും സമയം മതിയായിരുന്നു അവൾക്ക് രക്ഷപെടാൻ..അവനെ പിടിച്ചു തള്ളി അവളാ വാതിൽ തുറന്ന് ഇറങ്ങി ഓടി.

ഒരുപാട് സന്തോഷത്തോടെ വന്ന അവൾ ആ വിജനമായ വഴിയിലൂടെ കണ്ണീരോടെ തിരിച്ചു നടന്നു.

തിരിച്ചു പോകാനുള്ള ബസ്സിൽ കയറി ഇരുന്ന് അവൾ മനസ്സിൽ പറഞ്ഞു..

"

ലോകം മാറില്ല.

ഉള്ളറിഞ്ഞു സ്നേഹിക്കുന്നവരും ഒരുപാട് വിശ്വസിക്കുന്നവരും ഇനിയും പറ്റിക്കപ്പെട്ടുകൊണ്ടേ ഇരിക്കും.

അല്ലെങ്കിൽ തന്നെ ലോകത്തെയോ റഹിമിനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കുറ്റം തന്റേത് മാത്രമാണ്.

ഇത്രയൊക്കെ വിദ്യാഭ്യാസവും ലോക പരിചയവുമുള്ള തന്നെ പോലൊരു പെണ്ണ് ഇത്തരം ഒരു അബദ്ധം കാണിച്ചു എന്ന് കേട്ടാൽ തന്നെ ആളുകൾ പരിഹസിക്കും.

അവനിൽ നിന്ന് രക്ഷപെടാനായത് തന്റെ സാമർദ്ധ്യമോ തന്റെ കൈയ്യിലുള്ള മൂർച്ചയുടെ ബലമോ ഒന്നുമല്ല..

ഭാഗ്യം!!

അതൊന്നു കൊണ്ട് മാത്രമാണ് രക്ഷപെട്ടത്.

പിന്നെ അവന്റെ കഴിവു കുറവും..

അവൻ നന്നായി ഒന്ന് പ്ലാൻ ചെയ്താണ് തന്നെ അവിടെക്കു കൊണ്ടു പോയതെങ്കിൽ തനിക്കൊരിക്കലും രക്ഷപെടാൻ കഴിയില്ലായിരുന്നു.

ഒരിക്കലും രക്ഷപെടാൻ കഴിയാത്ത വിധത്തിൽ അവന്റെ പിടിയിൽ ആയി പോയേനെ താൻ.

അപ്പോൾ തെറ്റ് തന്റേത് മാത്രമാണ്.

നല്ലതും ചീത്തയും മനസിലാക്കാൻ കഴിയാതെ പോയ തന്റെ മാത്രം തെറ്റ്.


   ശുഭം.....

To Top