എന്റെ കവിളുകളിലവൻ അധരങ്ങൾ ചേർക്കുമ്പോൾ...

Valappottukal



രചന: ലില്ലി


"പി.ടി.എ ഫണ്ടിന്റെ ആ പൈസ കട്ടെടുത്തത് ചന്തുവാ മാഷേ... ഞാനെന്റെ ഈ രണ്ട് കണ്ണാലെ കണ്ടതാ...അല്ലേൽ അവന്റെ ബാഗ് ഒന്ന് തപ്പി നോക്ക്..."


നിശ്ശബ്ദത കനപ്പിച്ച  ക്ലാസ്സ്‌മുറിയിലാകെ എന്റെ വാക്കുകൾ മുഴങ്ങുമ്പോൾ,

10 B യുടെ അവസാന ബഞ്ചിന്റെ മൂലയിൽ നിസ്സഹായതയോടെ ചിമ്മിത്തുറക്കുന്ന അവന്റെ കണ്ണുകളിലേക്ക് പുച്ഛത്തോടെ നോക്കി ഞാനിരുന്നു...


അടക്കം പറച്ചിലുകളും മുറുമുറുപ്പുകളും ഉയർന്നു വന്നപ്പോൾ വലിഞ്ഞ മുഖത്തോടെ അവനരികിലേക്ക് നടക്കുന്ന മാഷിന്റെ കൈകളിലെ കനം കുറഞ്ഞ വള്ളിച്ചൂരൽ കാൺകെ എന്റെ ചുണ്ടിൽ പകയുടെ ചിരി തിളങ്ങി...


ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ പണക്കെട്ട് അവന്റെ ബുക്കുകൾക്കിടയിൽ നിന്നും കണ്ടെടുക്കുമ്പോഴും  മാഷിന്റെ ശകാരം വർഷമേൽക്കുമ്പോഴും ആ കണ്ണുകൾ എന്നിലേക്ക് തന്നെ കൊരുത്തു കിടക്കുകയാണെന്ന് ഞാനറിഞ്ഞു..


മാഷ് എല്ലാവർക്കും മുന്നിലേക്കവനെ കൊണ്ട് നിർത്തി ആ വള്ളിച്ചൂരലാൽ  അവന്റെ തുടയിലേക്ക് ആഞ്ഞടിക്കുമ്പോൾ വേദനയാൽ ആ മുഖം ചുളിയുന്നതും കണ്ണുകൾ കലങ്ങുന്നതും ആവേശത്തോടെ നോക്കി ഞാനിരുന്നു...


"വേണ്ടിയിരുന്നില്ല പുലരി... പാവം അവൻ അത് ചെയ്യില്ല... നീ അല്ലേ ആ പൈസ എടുത്ത് അവന്റെ ബാഗിൽ ഒളിച്ചു വച്ചത്..."


അവനോടുള്ള സഹതാപത്തിന്റെ തരികൾ എന്റെ കൂട്ടുകാരിയുടെ വാക്കുകളിലൂടെ ഞാനറിഞ്ഞപ്പോൾ കണ്ണുകളിൽ ദേഷ്യമൊളിപ്പിച്ചവൾക്കൊരു താക്കീത് ഞാൻ നൽകി...


"മൊട്ടേന്ന് വിരിഞ്ഞില്ല...മോഷണവും തൊടങ്ങി...അതും മാഷിന്റെ കീശേന്ന്...

ഇന്നലെ ആ കവലയിൽ കിടന്ന് അടി കൂടുന്ന കണ്ട്...കഴിഞ്ഞാഴ്ച ഒരു പെൺകുട്ടിയുടെ കരണത് അടിച്ചെന്ന് കേട്ട്... ഇനി നീയിവിടെ പഠിക്കണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കും... നടക്ക് ഹെഡ്മാസ്റ്ററിന്റെ റൂമിലേക്ക്..."


കുനിഞ്ഞ ശിരസ്സോടെ ക്ലാസ്സ്‌ മുറിയിൽ നിന്നും അവനിറങ്ങി പോകുന്നത് നോക്കി വിജയചിരിയോടെ ഞാനിരുന്നതും അവന്റെ കണ്ണുകളിൽ  കോപത്തിന്റെ കനലാളുന്നത് ഞാനറിഞ്ഞു...


ചെയ്യാത്ത തെറ്റിനെ ന്യായീകരിക്കുവാനോ തന്റെ നിരപരാധിത്വം തെളിയിക്കുവാനോ ശ്രമിക്കാതെ നടന്നകലുന്ന അവനിലേക്ക് ഒരുവേള ഞാൻ ആശങ്കയോടെ നോക്കിയെങ്കിലും അവനോടുള്ള അടങ്ങാത്ത പകയിൽ ആ വിരലുകൾ പതിഞ്ഞു  തടിച്ച എന്റെ കവിളിലേക്ക് സംതൃപ്തിയോടെ ഞാൻ തഴുകി...


പുത്തൻ പണക്കാരൻ രാമചന്ദ്രന്റെ വാശിക്കാരിയായ ഏകമകൾക്ക്  അഞ്ചാം ക്ലാസ്സ്‌ മുതലുള്ള ഒരേയൊരു ശത്രുവായിരുന്നു ചന്തുലാൽ...


നന്നായി പഠിക്കുന്ന വല്ലപ്പോഴും ക്ലാസ്സിലേക്ക് വരുന്ന ആരോടും അധികം കൂട്ടുകൂടാത്ത ആ പൊടിമീശക്കാരനിലേക്ക് എന്റെ മനസ്സും എന്നോ ഒരിക്കൽ ആകർഷിച്ചു തുടങ്ങിയിരുന്നു... ഇടയ്ക്കെപ്പോഴോ ആ ഇഷ്ടം  ശത്രുതയായി മാറിയത് എങ്ങനെയെന്നെനിക്ക് അറിയില്ല...


ക്ലാസ്സിലെ എല്ലാവരോടുമായി ചെറിയ അടുപ്പം സൂക്ഷിക്കുന്ന അവൻ, ഒരിക്കൽ പോലും എനിക്ക് മുഖം തരാത്തതും എന്റെ ഭാഗത്തുനിന്നുള്ള ചെറിയ തെറ്റുകൾക്ക്  പോലും പരസ്യമായി ദേഷ്യപ്പെടുന്നതും എന്നിൽ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു കിടന്നു...


പോകെ പോകെ ഞങ്ങൾ തമ്മിലുള്ള ചില ചെറിയ ചെറിയ വഴക്കുകൾ വലിയ യുദ്ധമായും പോർവിളിയായും പ്രഖ്യാപിക്കപ്പെട്ടു..


ഇടയ്ക്കെപ്പോഴോ അവനോടുള്ള വെറുപ്പിന്റെ കാരണം എന്നിലവശേഷിക്കുന്ന അണയാത്ത പ്രണയമാണെന്ന് ഞാനറിഞ്ഞതും  എന്നിലെ കൗമാരക്കാരിക്ക് ആ സത്യത്തെ മൂടിവയ്ക്കാൻ കഴിഞ്ഞില്ല...


"ക്ഷമിക്കടാ... ഇനി ഈ വർഷം കൂടി അല്ലേ ഉള്ളൂ നമ്മൾ ഈ സ്കൂളിൽ... ഞാൻ എല്ലാം നിർത്തി... ഇനി നമ്മൾ തമ്മിൽ ഒരു വഴക്കും വേണ്ടാ..."


ക്ലാസ്സിൽ ആരും ഇല്ലാതിരുന്ന ഒരു ദിവസം അവനരികിൽ ഇരുന്നു അവന്റെ കൈകളിൽ കോർത്തു പിടിച്ചു ഞാനത്  പറഞ്ഞപ്പോൾ ആ കണ്ണുകൾ വിടരുന്നതും എനിക്കായി ചിരിക്കാത്ത പൊടി മീശ മറച്ച മേൽചുണ്ടിന് കീഴെ ഒരു ചിരി മിന്നുന്നതും നോക്കി ഞാൻ അവനരികിൽ നിന്നും നടന്നകന്നു..


ഇടവഴികളിൽ ഒരുനോക്ക് കാണാൻ അവനായി ഞാൻ കാത്തിരിക്കുമായിരുന്നു...


കണ്ണും കണ്ണും  കഥപറയുമായിരുന്നു...


തൊടിയിലെ കുളത്തിൽ പൂത്ത ഒരു പിടി നനഞ്ഞ വെള്ളാമ്പലുകളുമായി ഒരിക്കൽ ഞാനവനെ മൺപാതയുടെ വേലിക്കപ്പുറം കാത്തിരുന്നു...


"ചന്തു..."


ചിരിയോടെ എന്നെ നോക്കിയവൻ  കണ്ണുചിമ്മിയതും പിന്നിലൊളിപ്പിച്ച ആമ്പൽപ്പൂക്കൾ അവനു നേരെ ചിരിയോടെ ഞാൻ നീട്ടിപ്പിടിച്ചു...


"എനിക്ക് നിന്നെ ഇഷ്ട്ടാടാ..

എന്താ എങ്ങനെയാ എന്നൊന്നും അറീല്ല...

നിന്നോടൊരു  വല്ലാത്ത അടുപ്പം തോന്നുന്നു..."


ഞാനെന്റെ ഹൃദയത്തെ അവനു മുന്നിൽ തുറന്നപ്പോൾ ആ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ പരിഹാസത്തിന്റ കണികകൾ അലിഞ്ഞിരുന്നു എന്ന് ഞാനറിഞ്ഞു...


പ്രതീക്ഷിക്കാതെയുള്ള അവന്റെ പ്രതികരണത്തിൽ എന്റെ ഹൃദയമൊന്ന് പിടഞ്ഞു...ഒരുവാക്കുപോലും മറുപടി നൽകാതെയവൻ തിരിഞ്ഞു നടക്കുമ്പോൾ നെഞ്ചിൽ ഒരു നോവ് നിറയുന്നത് ഞാനറിഞ്ഞു...


"പ്രിയ സുഹൃത്തുക്കളെ...എല്ലാരും അറിഞ്ഞോ ഒരു കാര്യം... നമ്മുടെ സ്മാർട്ട്‌ ആൻഡ് ബ്യൂട്ടിഫുൾ പുലരി രാമചന്ദ്രന് ഈ ചന്തുവിനോട് ദിവ്യപ്രേമം ആണെന്ന്..."


ക്ലാസ്സിലേക്ക് ഞാൻ തിരികെ  എത്തിയതും

ഒരു ബുക്ക്‌ ചുരുട്ടി മൈക്ക് പോലെ പിടിച്ചു,

എല്ലാവരും കേൾക്കെ പരിഹാസത്തോടെ അവൻ വിളിച്ചു പറയുന്നത് കേൾക്കെ ഞാൻ നിശ്ചലമായ മനസ്സോടെ വാതിൽപ്പടിയിൽ അപമാനിതയായി നിന്നു...


"ആഹാ വന്നല്ലോ എന്റെ പ്രേമഭാജനം...

കടന്നു വരൂ... ഒരു പിടി പ്രണയപ്പൂക്കൾ എനിക്ക് നൽകിയാലും..."


വാതിൽക്കൽ തറഞ്ഞു നിൽക്കുന്ന എന്നിലേക്ക് ചൂണ്ടി വീണ്ടുമവനെന്നെ നാടകീയമായി പരിഹസിച്ചപ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരിയുയർന്നു...


"എന്ത് കണ്ടിട്ടാടീ നിന്നെ ഞാൻ പ്രേമിക്കേണ്ടത്... കണക്കിന് ആനമുട്ട വാങ്ങിയ ബുദ്ധിരാക്ഷസ്സി...."


വീണ്ടും ക്ലാസ്സിൽ ഉയർന്ന കൂട്ടച്ചിരി കേൾക്കെ നിറകണ്ണുകളോടെ ഞാൻ പുറത്തേക്കോടി...


ദിവസങ്ങൾ മറഞ്ഞു പോകെ അവനോടുള്ള ഇഷ്ടത്തിൽ മൂടുപടമിട്ട് പഴയ ആ വാശിക്കാരിയിലേക്ക് ഞാൻ തിരികെ നടന്നു...

ചെറിയ ചെറിയ നിസ്സാര വഴക്കുകൾ കയ്യാം കളിയായി വരെ അവസാനിച്ചു എങ്കിലും ഒരിക്കൽ പോലും എന്റെ ശരീരത്തെ അവൻ നോവിച്ചിരുന്നില്ല...


കഴിഞ്ഞ ദിവസം തെളിയാതെ വന്ന പേന ഞാനൊന്ന് കുടഞ്ഞപ്പോൾ അവിചാരിതമായി എനിക്കരികിലൂടെ നടന്നുപോയ അവന്റെ വെള്ള ഉടുപ്പിലേക്ക് മഷി ചിതറിവീഴുകയും ചെയ്തു , നൊടിയിടയിൽ ദേഷ്യത്തോടെ എന്നെ പിടിച്ചിറക്കി എല്ലാവർക്കും മുന്നിലിട്ട് എന്റെ കവിളിലേക്കവൻ ആഞ്ഞടിച്ചപ്പോൾ നിറകണ്ണുകളോടെ ഞാൻ വിങ്ങികരഞ്ഞു പോയി...


പി ടി എ പ്രസിഡന്റിന്റെ മകളുടെ കാരണത്തടിച്ചന് ശിക്ഷയും താക്കീതും നൽകി  പ്രശ്നപരിഹാരം നടത്തിയെങ്കിലും അവനോടുള്ള കടുത്ത പകയുടെ നെരിപ്പോട് എന്നിൽ പുകയുന്നുണ്ടായിരുന്നു...


എല്ലാവർക്കും മുന്നിൽ അവനെ അപമാനിക്കാൻ എന്റെ മനസ്സിൽ തോന്നിയ കുരുട്ടു ബുദ്ധിയാൽ അവനെ കള്ളൻ ചന്തുവാക്കി ഞാൻ മുദ്ര കുത്തിച്ചു...


ഹെഡ് മാസ്റ്ററുടെ റൂമിൽ അവൻ ചെയ്ത തെറ്റിന്റെ, അല്ല അവന്റെ തലയിൽ ഞാൻ കെട്ടിവച്ച തെറ്റിന്റെ പ്രശ്നപരിഹാരത്തിനായി അവന്റെ അമ്മയും ഉണ്ടായിരുന്നു...


സാക്ഷിയായ ഞാനും....


ഒരു നരച്ച കോട്ടൺ സാരിയിൽ  ക്ഷീണിച്ച മുഖവുമായി അവനരികിൽ തലകുനിച്ചു നിൽക്കുന്ന ആ അമ്മയെ കാൺകെ ഞാൻ ചെയ്ത തെറ്റിന്റെ ആഴങ്ങളെ  കുറിച്ചെനിക്ക് ആദ്യമായി പശ്ചാത്താപം തോന്നിത്തുടങ്ങി..


ഒന്നും വേണ്ടിയിരുന്നില്ല...


"അതെങ്ങനെ വീട്ടുകാരെ കണ്ടല്ലേ മക്കള് പഠിക്കുന്നെ... ഇവനെ ഒന്നും ഇനി ഈ സ്കൂളിൽ പഠിപ്പിക്കണ്ട സാറെ... ടി സി കൊടുത്ത് പറഞ്ഞു വിട്ടേക്ക്.."


ഹെഡ്മാസ്റ്ററുടെ മുന്നിൽ ഞെളിഞ്ഞിരിക്കുന്ന എന്റെ അച്ഛന്റെ വാക്കുകൾ പരിഹാസത്തോടെ ആ അമ്മയുടെ മുഖത്തേക്ക് ആഞ്ഞടിച്ചപോലെയായി എന്ന് ഞാനറിഞ്ഞു...


"ചന്ദ്രേട്ടാ  അവൻ.. എന്റെ മോൻ അത്‌ ചെയ്യില്ല..."


"ഏട്ടനോ... അതൊക്കെ പണ്ട്... ആ ബന്ധം ഒക്കെ ഞാൻ പണ്ടേ വെട്ടി മുറിച്ചതാ..."


എന്റെ അച്ഛന്റെയും അവന്റെ അമ്മയുടെയും  ചിരപരിചിതമായ സംഭാഷണം കേൾക്കെ ഞാൻ ആശങ്കയോടെ നിന്നു...


"കുടുംബകാര്യമൊക്കെ ഇവിടെ എടുത്തിടേണ്ട രാജേന്ദ്രാ... ഇനി ചന്തുലാൽ എന്ന വിദ്യാർത്ഥി ഈ സ്കൂളിൽ വേണ്ടാ..."


ഹെഡ്മാസ്റ്ററിന്റെ അവസാന വാക്കിൽ ഞാനും അറിയാതെ നടുങ്ങിപ്പോയി... എന്റെ പ്രവർത്തികളുടെ അവസാനം ഇത്തരമൊരു പ്രശ്‌നത്തിലേക്ക് എത്തപ്പെടുമെന്ന് സ്വപ്നത്തിലും ഞാൻ കരുതിയില്ല...


നിറകണ്ണുകളോടെ ചന്തുവിനോടൊപ്പം നടന്നകലുന്ന ആ അമ്മയെ കാൺകെ കുറ്റബോധത്തോടെ ഒന്നും ചെയ്യാനാകാതെ എന്റെ ഉള്ളമുരുകി...


വർഷങ്ങൾക്ക് മുൻപ് കല്യാണതലേന്ന് കുടുംബത്തിന് അപമാനം വരുത്തിവച്ചു ഇഷ്ടപുരുഷനൊപ്പം ഇറങ്ങിപ്പോയ അച്ഛന്റെ ഏക സഹോദരിയാണ് ചന്തുവിന്റെ അമ്മയെന്ന്...


ആ പക മനസ്സിലിട്ട് നീറ്റി സ്വന്തം സഹോദരിയെയും ഭർത്താവിനെയും പിന്നാലെ ചെന്ന് കാലങ്ങളോളം എന്റെ അച്ഛനും അച്ചാച്ചനും ഒക്കെ ഉപദ്രവിച്ചിരുന്നു എന്ന്...


ഈ സത്യങ്ങൾ ഒക്കെ മനസ്സിലാക്കിയാണ് ചന്തു ഓരോ നിമിഷവും എന്നോട് കാട്ടിയ അനിഷ്ടത്തിന് കാരണമെന്ന്...


സത്യങ്ങൾ ഓരോന്നും ഞാനറിഞ്ഞപ്പോളേക്കും ചെയ്ത തെറ്റുകൾക്ക് പോലും മാപ്പപേക്ഷിക്കാൻ കഴിയാതെ വന്നു...


പിന്നീട് അവന്റെ പഠിപ്പ് മുടങ്ങിപ്പോകുകയും  ആ നാട്ടിൽ നിന്നു തന്നെ അവനും കുടുംബവും മറ്റെവിടെക്കോ മാറിയെന്നും ഞാനറിഞ്ഞു...


കാലങ്ങൾ ചിതറിമാറി...

വർഷങ്ങൾ എനിക്കൊപ്പം  നിന്നില്ല...


ഒരിക്കൽ അവനോടു ചെയ്ത തെറ്റിന്റെ മുറിവുകൾ ഇടയ്ക്കൊക്കെ മനസ്സിനെ കുത്തിനോവിക്കുമ്പോഴും അവനെന്നോട് ക്ഷമിക്കുമായിരിക്കുമോ എന്ന് ഞാനോർക്കും...


ഓരോ ആൾക്കൂട്ടത്തിലും ആ പൊടിമീശക്കാരനെ ഞാൻ തിരയുമായിരുന്നു..


കാലങ്ങൾ കടന്നു പോയിട്ടും അവനു വേണ്ടി എന്നിൽ  പൂത്ത പ്രണയപ്പൂവുകൾ പിന്നീട് ആർക്കുവേണ്ടിയും മൊട്ടിട്ടില്ല...


ഇടയ്ക്കെപ്പോഴോ അച്ഛന്റെ ബിസിനസ്സുകളെല്ലാം താളം തെറ്റി... കടക്കെണിയിൽ തറവാട് വീടുപോലും കൈവിട്ട് പോയപ്പോൾ പെട്ടെന്നൊരു ദിവസം എന്റെ അമ്മയും ഞങ്ങളെ തനിച്ചാക്കി സ്വർഗ്ഗത്തിലേക്ക് മടങ്ങി...


വാടക വീടുകൾ മാറി മാറി താമസിക്കേണ്ടിവന്നപ്പോൾ രോഗിയായ അച്ഛനും ഞാനും തനിച്ചായി... കൈത്താങ്ങാകാൻ എന്റെ കൈകൾ ബലമുള്ളതാക്കേണ്ടിവന്നു...


ചെറിയ ചെറിയ ജോലികൾ ചെയ്തു ബി.കോം വരെ ഞാൻ പഠിച്ചെങ്കിലും ഒരു ജോലിക്കായി വൻകിട കമ്പനികളിൽ കയറിയിറങ്ങി...


ഒരുകാലത്ത് അഹങ്കരിച്ചതിന്റെ ഫലങ്ങൾ കാലം തിരിച്ചടിയായി തന്നു തുടങ്ങി...


ഓർമ്മകളിലെന്നും ആ പൊടിമീശക്കാരന്റെ മുഖം തെളിമയോടെ എന്നിൽ സന്ദർശിക്കുമ്പോൾ വേദനയോടെ ഞാൻ ചിരിക്കും...അവനെന്റെ മുറച്ചെറുക്കൻ ആയിരുന്നുവെന്ന് ചിരിയോടെ ഞാനോർക്കും...


എല്ലാം ഓർക്കുമ്പോൾ ഒരു വേദനയാണ്... ഒന്നും മറക്കാനാകാത്ത പോലെ ഇന്നും ഹൃദയം ആ പതിനഞ്ചുകാരിയിൽ നിന്നും  മാറാതെ നിൽക്കുന്ന പോലെ...


കാര്യമില്ലല്ലോ അവനെന്നെ ഇഷ്ടമേയല്ല...


എന്നെങ്കിലും കാണുമ്പോൾ ആ കൈപിടിച്ച് മാപ്പ് ചോദിക്കണമെന്നും ആ അമ്മയുടെ നെഞ്ചിൽ വീണു മകനെ ചതിച്ചത് ഞാനാണെന്ന് പറയണമെന്നുമൊക്കെ ആഗ്രഹിക്കും...


ഇടയ്ക്കെപ്പോഴോ ജീവിതത്തിന്റെ  രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള പെടപ്പാടിൽ എല്ലാം മറക്കും....


"അച്ഛൻ മോൾക്കൊരു ബാധ്യത ആയി, ല്ലേ...

എന്റെ മോൾക്ക് ഒരു നല്ല ജീവിതം കിട്ടിയില്ലല്ലോടാ... എല്ലാം എന്റെ തെറ്റിന്റെ ശിക്ഷ... ഈ അച്ഛനോട് പൊറുക്കില്ലേ മോളേ..."


മൗനമായി നിന്ന് വരണ്ട ഒരു ചിരി ചിരിച് ഞാൻ മുറിവിട്ടിറങ്ങുമ്പോൾ സാരിതലപ്പാൽ മുഖം പൊത്തിയാ മൺ ചുവരിലേക്ക് ഞാൻ ചാരി നിന്നു...


ഇതുപോലെ ഒരച്ഛൻ ഉണ്ടായിരുന്നു ചന്തുവിനും... അന്ന് കാലത്ത് അച്ചാച്ചന്റെ ആജ്ഞ നിറവേറ്റാൻ അവന്റെ  അച്ഛന് നേർക്കു കാർ ഓടിച്ചു കയറ്റി അപായപ്പെടുത്തി സ്വന്തം പെങ്ങളെ വിധവയാക്കിയ ആൾ...

സ്വന്തം അച്ഛൻ ആണെങ്കിലും മനസ്സുകൊണ്ട് ചിലപ്പോൾ തോന്നും ചെയ്തതിനൊക്കെ അനുഭവിക്കട്ടെ എന്ന്...


ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ശൃംഖലയായ ശോഭ ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഹെഡ് ഓഫീസിലേക്ക് ഒരു അക്കൗണ്ടന്റിന്റെ ഒഴിവു കണ്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഞാൻ വന്നു...


"പുലരി രാമചന്ദ്രൻ..."


നീട്ടിവിളിച്ച എന്റെ പേര് കേൾക്കെ ശീതീകരിച്ച ആ ഓഫീസ് മുറിയുടെ ഗ്ലാസ്‌ ഡോർ തുറന്ന് ഞാൻ അകത്തേക്ക് കടന്നപ്പോൾ കറങ്ങുന്ന കസേരയിൽ ഫയലുകളിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന അയാളുടെ മുഖം വേഗം ഞാൻ തിരിച്ചറിഞ്ഞു... ആഗ്രഹിച്ചതെന്തോ കണ്മുന്നിൽ എത്തി നിൽക്കുമ്പോൾ  നെഞ്ചിലൊരു മഞ്ഞുകണം വീണു തണുപ്പിക്കുന്ന പോലെ തോന്നിയെനിക്ക്...


"ചന്തൂ...."


പരിസരം മറന്നു  അല്പം ഉറക്കെ ഞാൻ വിളിച്ചുപോയി... കാലങ്ങൾ കഴിഞ്ഞിട്ടും ആ മുഖം മായാതെ എന്റെ ഹൃദയത്തിൽ ഞാൻ തെളിമയോടെ സൂക്ഷിച്ചിരുന്നല്ലോ...


ആളാകെ മാറി... ഗൗരവമാർന്ന മുഖത്ത് തിങ്ങിനിറഞ്ഞ രോമക്കാടുകളും കണ്ണിൽ ദൃഡതയും...


"ഹൂ ആർ യൂ...??"


അപരിചിതമായ ഭാവത്തോടെ ആ ശബ്ദം കടുപ്പത്തോടെ ഉയർന്നപ്പോൾ എന്ത് പറയണമെന്നറിയാതെ എന്റെ നാവിറങ്ങി...


"സാർ, നമ്മൾ ഒരേ ക്ലാസ്സിൽ പഠിച്ച...

എന്റെ പേര് പുലരി.... ഓർക്കുന്നുണ്ടോ..."


അറിയാതെ ഞാനാ  പഴയ പതിനഞ്ച് വയസ്സുകാരിയായി  മാറിപ്പോകുന്നത് ഞാനറിഞ്ഞു...


"ഗെറ്റ് ലോസ്റ്റ്‌ ഐഡിയറ്റ്...

ടൈം വേസ്റ്റ് ചെയ്യാൻ ഓരോന്നു ഇറങ്ങിക്കോളും...."


മേശമുകളിൽ വച്ച എന്റെ സിർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ ഡോറിനരികിലേക്കയാൾ വലിച്ചെറിഞ്ഞുകൊണ്ട്   അലറിയപ്പോൾ ഹൃദയം അടർന്നു പോകുന്ന വേദനയാൽ നിറഞ്ഞ കണ്ണുകൾ  മറച്ചു ഞാൻ പുറത്തേക്ക് വേഗത്തിൽ  നടന്നു...


അവനെന്നെ തിരിച്ചറിഞ്ഞു കാണില്ല... ഓർക്കാൻ മാത്രം നല്ലതൊന്നും ഞാനവനോട് ചെയ്തിട്ടില്ലല്ലോ സ്വയം ഉത്തരം നൽകി ഞാൻ ആശ്വസിച്ചു...


റിസെപ്ഷനിൽ ബയോഡേറ്റ ഏൽപ്പിച്ചു വീട്ടിലേക്ക് ഞാൻ നടക്കുമ്പോൾ എന്റെ മനസ്സ് പിടയുകയായിരുന്നു... ഞാൻ അവനെ തോൽപ്പിച്ചു എങ്കിലും എല്ലാം ഒരു യോദ്ധാവിനെ പോലെ പിടിച്ചടക്കിയല്ലോ എന്നോർത്ത് എനിക്കവനിൽ  അഭിമാനം തോന്നി...


ഇടയ്ക്കൊരിക്കൽ ശോഭ ഗ്രൂപ്പിൽ നിന്നും വന്ന അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നെ അത്ഭുതപ്പെടുത്തിയപ്പോൾ വീണ്ടുമൊരു പ്രതികാരത്തിനവൻ തുടക്കം കുറിക്കാൻ പോകുകയാണോ എന്ന് ഞാനോർത്തു...


ഒരു നോക്കിനപ്പുറം ആ സാമിപ്യം വെറുപ്പോടെയാണെങ്കിലും എന്റെ ഹൃദയവും ആഗ്രഹിക്കുന്നപോലെ...


ദിവസങ്ങൾ പിന്നിടുമ്പോൾ പുതിയ ജോലിയോട് ഞാൻ കൂറ് പുലർത്തി... കണ്ണുകൾ ഞാനറിയാതെ അവനെ തിരയുമെങ്കിലും ഒരിക്കൽ പോലും എനിക്കുമുന്നിലവൻ  പ്രത്യക്ഷപ്പെട്ടില്ല...


"ആഹാ നീയാണല്ലേ ചന്തുലാലിന്റെ ഡയറക്റ്റ് അപ്പോയ്ന്റ്മെന്റ്... പുലരി രാമചന്ദ്രൻ..."


ഒരു തിരക്കുള്ള ദിവസം അപരിചിതയായ ഒരു പെൺകുട്ടി എന്റെ കാബിനിലേക്ക് അധികാരത്തോടെ ഇടിച്ചുകയറി..


സംശയത്തോടെ ഞാൻ കണ്ണുകൂർപ്പിച്ചതും അവളൊരു പരിഹാസചിരിയോടെ എന്നെയുഴിഞ്ഞു നോക്കി...


"എനിക്കെല്ലാം അറിയാം... എന്നുവച്ചാൽ പണ്ടത്തെ ചരിത്രങ്ങൾ എല്ലാം...അവന്റെ പകയിൽ എരിഞ്ഞു തീരാനാണോ വീണ്ടും മുന്നിൽ വന്നു ചാടിക്കൊടുത്തത്..."


മുഖപുരയില്ലാതെ അവൾ പറഞ്ഞു തുടങ്ങിയപ്പോൾ ഒന്നും പറയാതെ തലകുനിച്ചു നിൽക്കാനേ എനിക്കായുള്ളൂ...


"പണ്ട് അവനെ വലവീശി പിടിക്കാൻ ശ്രമിച്ചപോലെ ഇനി വേണ്ട കേട്ടോ...

അവൻ ദേ ഈ അനുപമയുടെ സ്വന്തമാ..."


ചായം പൂശിയ നഖങ്ങളുള്ള അവളുടെ നീണ്ട വിരലുകളോരോന്നും  മേശമേൽ താളം പിടിക്കുന്നുണ്ടായിരുന്നു.....


ചന്തുലാലിന്റെ ആത്മമിത്രവും കമ്പനിയിലെ ഉയർന്ന പോസ്റ്റിൽ ഇരിക്കുന്ന

അനുപമ നമ്പ്യാർ ആണതെന്ന് ഞാനറിഞ്ഞപ്പോൾ എന്തെന്നില്ലാതെ നെഞ്ചോന്ന് പിടഞ്ഞു...


കൗമാരക്കാരിയുടെ വെറുമൊരു മോഹമായിയുന്നില്ല ചന്തു എനിക്ക് നിന്നോടുള്ള പ്രണയമെന്ന് അവനോടു ഒരിക്കൽ കൂടി പറഞ്ഞു യാചിക്കണമെന്ന് തോന്നിയെനിക്ക്...


ദിവസങ്ങൾ ഓരോന്നും വീണ്ടും  ഓടിമറഞ്ഞു...


ഒരിക്കൽ പോലും ചന്തുവിനെ പിന്നീട് ഞാൻ കണ്ടില്ലെങ്കിലും ബിസിനെസ്സ് ആവശ്യങ്ങൾക്ക് വേണ്ടി ആള് പുറത്തെവിടെയോ യാത്രയിലാണെന്ന് ഞാനറിഞ്ഞു...


ഒരിക്കൽ അക്കൗണ്ട്സുകൾ പരിശോധിക്കുന്നതിനിടയിൽ അൻപത് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ട് എന്ന സത്യം ഒരു ഞെട്ടലോടെയാണ് ഞാനറിഞ്ഞത്...


ആ കണക്കുകളടങ്ങിയ ഫയലുമായി അനുപമ മാഡത്തിന്റെ കാബിനിലേക്ക് ഞാൻ നടന്നു...


ആ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ വായിച്ചെടുക്കാനാകാതെ ഞാൻ നിൽക്കുമ്പോൾ എന്നേക്കടന്നവർ  ആ ഫയലുമായി  പുറത്തേക്ക് പോയിരുന്നു...


എന്നാൽ അണിയറയിൽ ഒരുങ്ങുന്ന ചതിയുടെ തിരക്കഥ ആണിതെന്ന് ഞാനറിഞ്ഞില്ല...


സാമ്പത്തിക തിരിമറികളുടെ പൂർണ്ണ ഉത്തരവാദിത്വം എന്നിലേക്ക് മാത്രം വിരൽ ചൂണ്ടി... തെളിവുകൾ  എല്ലാം എനിക്കെതിരായിരുന്നു... ആ പണം തട്ടിയെടുത്തത് ഞാനായിരുന്നെന്ന്....


വിലങ്ങണിഞ്ഞ കൈകൾ മുന്നോട്ടു കൂട്ടിപ്പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ ഓഫീസ് കവാടം കടന്നു ഞാൻ പോലീസ് ജീപ്പിലേക്ക് കയറി...


കണ്ണിൽ നിന്നിറ്റു വീഴുന്ന കണ്ണുനീർ നിലത്തേക്ക് പതിക്കുമ്പോൾ എന്റെ കണ്ണുകൾ അവനായി തിരയുന്നുണ്ടായിരുന്നു...


വർഷങ്ങൾ മുൻപ് പ്രായത്തിന്റെ ചാപല്യത്തിൽ ഞാൻ ചെയ്ത തെറ്റിന്റെ പക ഇന്നും അവൻ സൂക്ഷിച്ചിരുന്നല്ലോ എന്നോർക്കേ എന്റെ  നെഞ്ചിനുള്ളിലൊരു നോവിറങ്ങുന്നത് ഞാനറിഞ്ഞു...


തൂണിന് മറവിൽ എനിക്ക് നേരെ നീളുന്ന അനുപമയുടെ കണ്ണുകളിലെ കൗശലം എന്നിൽ  ഉയർന്ന സംശയത്തെ ഊട്ടിയുറപ്പിച്ചു...


ചന്തുവിന് വേണ്ടി അവൾ ചെയ്തതാകും...


ജയിലറയിലെ  ചൂരൽ പ്രഹരങ്ങൾ ഏൽക്കുമ്പോൾ വേദനയാൽ ഞാൻ അലറിക്കരഞ്ഞു പോയി...


കവിളിൽ പതിക്കുന്ന ബലിഷ്ഠമായ കരങ്ങളുടെ പ്രഹരങ്ങളേറ്റ് വേദനയോടെ ജയിൽ ഭിത്തിയിലൂടെ നിലത്തേക്ക് ഞാനൂർന്നിരുന്നു പോയി...


അച്ഛന്റെ മുഖം മനസ്സിലേക്ക് വന്നപ്പോൾ ഞാനെവിടെയാണെന്നറിയാതെ വലയുകയാകുമെന്ന് ഞാനോർത്തു...


ഒരിക്കൽ അവനോട് ചെയ്തതിനുള്ള പകരം വീട്ടൽ...എങ്കിലും ആരോരും സഹായത്തിനില്ലാത്ത എന്നോട് ഈ ക്രൂരത കാട്ടാൻ മാത്രം ഞാൻ അവന്റെ ജന്മ ശത്രുവായിരുന്നോ...


ഇത്രയും കടുത്ത ശിക്ഷ വേണമായിരുന്നോ...

ചോദ്യങ്ങളെന്നിൽ  ആർത്തലച്ചു പെയ്യുന്നു...


നീണ്ട നാല് ദിവസത്തെ ജയിൽ വാസത്തിനു ശേഷം ശോഭ ഗ്രൂപ്പ്‌ എന്റെ പേരിലുള്ള കേസ് പിൻവലിച്ചു എന്ന് ഞാനറിഞ്ഞു...


ശരീരം നുറുങ്ങുന്ന വേദനയോടെ നിലത്തുറപ്പിക്കാൻ കഴിയാത്ത കാലുകൾ വലിച്ചു വച്ചു ഞാനാ സ്റ്റേഷന്റെ പടികളിറങ്ങുമ്പോൾ ഈ ജീവിതം തന്നെ ഞാൻ വെറുത്തുപോയി...


അടുത്ത നിമിഷം എനിക്ക് കുറുകെ വന്നു നിന്ന വിലകൂടിയ ആഡംബരക്കാരിൽ കാറിൽ നിന്നും വേഗത്തിലിറങ്ങി എനിക്കരികിലേക്കവൻ നടന്നു വന്നു...


ആ മുഖം കാണാതിരിക്കാൻ വേച്ചു വേച്ചു ഞാൻ നടന്നകലാൻ ശ്രമിച്ചെങ്കിലും എനിക്ക് തടസ്സമായവൻ നിന്നു...


എന്റെ കൈകളിലെയും മുഖത്തെയും അടികൊണ്ട് തിണിർത്ത പാടുകളിലേക്ക്  ആ കണ്ണുകൾ തറഞ്ഞു നിൽക്കുന്നു എന്ന് ഞാനറിഞ്ഞു...


"പക വീട്ടിയും ദ്രോഹിച്ചും മടുത്തെങ്കിൽ ഇനി ഞാൻ പൊയ്ക്കോട്ടേ...വയ്യെനിക്ക്...

ഇനിയെങ്കിലും വെറുതെ വിട്ടൂടെ എന്നെ..."


കണ്ണുകൾ അറിയാതെ നിറഞ്ഞപ്പോൾ അവന്റെ കൈകൾ ഉയർന്നു വന്നു എന്റെ കവിളിൽ മെല്ലെ തഴുകി...


"ഇത്രയും ദിവസം എന്നെ ജയിലിലാക്കി അവരെക്കൊണ്ട് ഒരു ദയവുമില്ലാതെ  തല്ലിച്ചതപ്പിക്കാൻ മാത്രം എന്നോട് പകയുണ്ടായിരുന്നു ആ പഴയ ചന്തുവിനെന്ന് ഞാൻ അറിഞ്ഞില്ല കേട്ടോ..."


ചോദ്യങ്ങൾ ഗദ്ഗദങ്ങളായി അവനു മുന്നിൽ ചിതറി വീഴുമ്പോൾ തളർന്നു വീഴാതിരിക്കാൻ അരികിലായുള്ള ചുവരിലേക്ക് ഞാൻ കൈകൾ ഊന്നി...


"എന്നെങ്കിലും കാണുമ്പോൾ ആ കൈപിടിച്ച് ഒരു മാപ്പ് പറയണമെന്ന് ഞാൻ വിചാരിച്ചിരുന്നതാ... ഇന്നിപ്പോ പകരത്തിനു പകരവുമായി...വരട്ടേ.. ഇനിയൊരിക്കലും നമ്മൾ കാണരുതേ എന്ന് ആഗ്രഹിച്ചു പോകുവാ..."


എന്റെ ചുണ്ടിൽ വിടർന്ന വരണ്ട ചിരിക്കു മീതെ ഇറ്റ് വീണ കണ്ണീർ അമർത്തി തുടച്ചു മെല്ലെ നടന്നതും എന്തോ ഓർത്തപോലെ ഞാൻ വീണ്ടും അവനു നേരെ തിരിഞ്ഞു നിന്നു...


"പണ്ട് അടിവച്ചും വഴക്ക് കൂടിയും നമ്മൾ വെറുത്തെങ്കിലും എനിക്ക് തന്നോടുള്ള ഇഷ്ടം അതിനൊക്കെ മുകളിൽ ആയിരുന്നു...


കാലങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ പറ്റാത്ത വിധം ഈ ചന്തു എന്റെ ഹൃദയോം കട്ടെടുത്താ അന്ന് പോയത്...പക്ഷേ ആ ചന്തുവിന് ഈ പെണ്ണിനോട് ഇത്രയും പകയുണ്ടായിരുന്നെന്ന് അറിഞ്ഞില്ല കേട്ടോ...


അനുപമ നല്ല കുട്ടിയാ...തനിക്ക് ചേരും..."


മറുപടിയൊന്നും പറയാതെ എന്നിലേക്ക് തറഞ്ഞു നിൽക്കുന്ന കണ്ണുകൾ കലങ്ങുന്നതിന്റെ കാരണമറിയാതെ ഞാൻ തിരികെ നടക്കുമ്പോൾ ഈ നിമിഷം എന്റെ ജീവൻ തിരികെ എടുക്കാൻ ഈശ്വരനോട് ഞാൻ അപേക്ഷിച്ചുപോയി...


"പുലരി... ഞാൻ...."


പിന്നിൽ നിന്നും എന്തോ പറയാനായി എനിക്ക് നേരെ അവൻ വരുന്നെന്നറിഞ്ഞതും അകലങ്ങളിലേക്ക് ഞാൻ വളരെ വേഗം നടന്നകന്നു...


ശിക്ഷ വിധിച്ചിട്ട് എന്തിനാ നിനക്കെന്നോട് സഹതാപം... നിന്റെ പ്രണയിനിക്കൊപ്പം ആഘോഷിക്കുകയല്ലേ ചെയ്യേണ്ടത്...


തിരികെ വീട്ടിലേക്ക് വന്നതും മുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ ആരെയോ കാത്തിരിക്കുന്ന ചന്തുവിനെ കാൺകെ സംശയത്തോടെ ഞാൻ ഓട്ടോയിൽ നിന്നിറങ്ങി...


"ആഹാ എന്താടോ ഇനി വീട് തേടി വന്ന് ഉപദ്രവിക്കാനാണോ..."


പരിഹാസത്തിന്റെ ചുവയോടെ അവനെനോക്കി ചിരിയോടെ ഞാനത് പറയുമ്പോഴും നെഞ്ചിൽ വേദന തിങ്ങി നിറയുകയായിരുന്നു...


"ഞാൻ... ഞാൻ അറിഞ്ഞോണ്ടല്ലടീ...

അവൾ അനുപമ..അവൾ ചതിച്ചതാ...


അറിഞ്ഞോണ്ട് നിന്നോട് ഇങ്ങനൊക്കെ  ചെയ്യാൻ നിന്റെ ചന്തുവിന് പറ്റുവോ..."


എന്റെ കൈകൾ ബലമായി കവർന്നെടുത്ത് അവന്റെ ചുണ്ടോടു ചേർക്കുമ്പോൾ ആ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണീർ അടർന്നു വീഴുന്നത് ഞാനറിഞ്ഞു...


അവന്റെ കൈകൾ വിടുവിച്ചു പിന്നിലേക്ക് ഞാൻ അടർന്നു മാറി...


"സഹതാപമാണോ എന്നോട്... അതിന്റെ ആവശ്യം ഒന്നുമില്ലടോ... പൊയ്ക്കോ സാരമില്ല... അനുപമ അങ്ങനെ ചെയ്തെങ്കിൽ തന്നോടുള്ള ഇഷ്ടം കൊണ്ടാകും... പഴയ കഥകൾ ഒക്കെ അവളോട് പറഞ്ഞിട്ടുണ്ടല്ലേ... ചിലപ്പോൾ ഞാൻ അവളുടെ പ്രണയം തട്ടിയെടുക്കുമെന്ന് പേടിച്ചായിരിക്കും ..."


തളർന്ന ചിരിയോടെ ഞാനത് പറയുമ്പോൾ ആ കണ്ണുകൾ കുറുകുന്നത് ഞാനറിഞ്ഞു...


എനിക്കരികിലേക്ക് വീണ്ടും ചേർന്നു വന്നു ബലമായി എന്നെ ചേർത്തു പിടിച്ചെന്റെ കവിളിലവൻ തഴുകുമ്പോൾ അകന്നു മാറാനാകാതെ ഞാനാ കുരുക്കിലകപ്പെട്ട പോലെ ...


"വാ ഹോസ്പിറ്റലിൽ പോകാം... ഒത്തിരി വേദനിച്ചോടീ..."


ആ നെഞ്ചിലേക്ക് ഞാൻ തളർന്നു വീഴുമോ എന്ന് ഞാൻ ഭയന്നു പോകുന്നു... നിനക്കിതെന്ത് പറ്റി ചന്തു... ഇത്രമേൽ കരുതൽ എന്നോട് കാട്ടാൻ മാത്രം ആരാണ് ഞാൻ നിനക്ക്...


"ഇത്രേം കാലം നിന്നെ മാത്രം മനസ്സിലിട്ട് നീറി ജീവിച്ച എനിക്ക് അത്ര പെട്ടന്നൊന്നും  മറക്കാൻ പറ്റില്ലടീ..."


കാതോരം പറഞ്ഞ അവന്റെ വാക്കുകൾ ഒരുവേള എന്നെ പൊള്ളിക്കും പോലെ തോന്നി.. കാലങ്ങളായി കേൾക്കാൻ കൊതിച്ചതെന്തോ എന്നിലേക്ക് വന്നു ചേർന്നിട്ടും സന്തോഷിക്കാൻ കഴിയാത്ത പോലെ...


ചേർത്തു പിടിച്ച കൈകളിൽ നിന്നും കുതറി മാറി ഞാൻ അകത്തേക്ക് നടക്കുമ്പോൾ 

എന്നെ പിന്തുടരുന്ന അവന്റെ കണ്ണുകളിൽ വിരിയുന്ന പ്രണയപ്പൂവുകളെ  വകവയ്ക്കാതെ ഞാൻ വാശികാട്ടി...


എവിടെയൊക്കെയോ ആ പതിനഞ്ചുവയസ്സുകാരിയായി ഞാൻ മാറുന്ന പോലെ...


"അനുപമയ്ക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്... എന്റെ പെണ്ണിനെ തൊട്ട അവളിനി അടുത്ത കാലത്തെങ്ങും എഴുനേറ്റ് നടക്കില്ല കേട്ടോ...


പിന്നെ അന്നും ഇന്നും പുലരിയെ പോലെ, ഈ ചന്തുവിനും മറ്റാരേം സ്നേഹിക്കാൻ പറ്റിയിട്ടില്ല കേട്ടോ...''


പിന്നിൽ നിന്നും  ഉയരുന്ന അവന്റെ ശബ്ദത്തെ ഞാൻ അർഹിക്കുന്ന അവഗണയോടെ ഒഴിവാക്കി....


വീണ്ടും പിന്നാലെ ഓടിവന്നെന്നെ ആ നെഞ്ചിലേക്ക് ചേർത്തു എന്റെ നെറുകയിലവൻ ചുംബിക്കുമ്പോൾ ആ കണ്ണുകളിലെ പ്രണയസാഗരത്തിലേക്ക് ഞാനും ഇടറി വീഴുമോ എന്ന് ഭയപ്പെട്ടു പോയി...


''അതെ പകയായിരുന്നു നിന്റെ അച്ഛനോടെനിക്ക്... പക്ഷേ നീ, നിന്നോട് മാത്രം അതൊന്നും കാണിക്കാൻ എനിക്ക് പറ്റില്ലാരുന്നടീ... ഉള്ളിലുള്ളത് പുറത്തേക്ക് വരുമെന്ന് പേടിച്ചാ നിന്നെ അന്നൊക്കെ അകറ്റി നിർത്തിയെ...


പക്ഷേ കാലം എത്ര കഴിഞ്ഞിട്ടും ആ വാശിക്കാരിയായ പെണ്ണിനോടുള്ള ഇഷ്ടം മാത്രം ഒരു തരി കുറഞ്ഞില്ല...


അറിയുന്നുണ്ടായിരുന്നു നീയെനിക്കായി കാത്തിരിക്കുന്നെന്ന്... വൈകാതെ നിന്റെ കൈപിടിക്കാൻ വരാനിരുന്നതാ... അപ്പോളേക്കും ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഞാനും അറിഞ്ഞില്ല...


ഞാൻ ഒരുപാട് വൈകിയല്ലേ...ക്ഷമിക്കില്ലേ എന്നോട് നീ..."


നിറ കണ്ണുകളോടെ എന്റെ കവിളുകളിലവൻ അധരങ്ങൾ ചേർക്കുമ്പോൾ  അറിയാതെ ആ നെഞ്ചിലേക്ക് വീണു ഞാൻ പൊട്ടിക്കരഞ്ഞു പോയി...


നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന മുറ്റത്തെ കണിക്കൊന്നമരച്ചുവട്ടിൽ അവന്റെ കൈകൾ കോർത്തു ഞാൻ നിന്നപ്പോൾ വീശിയടിച്ച കുളിർക്കാനൊപ്പം കർണ്ണികാരങ്ങൾ മഞ്ഞനൂൽ നൂൽ പോലെ ഞങ്ങളിലേക്ക് അടർന്നു വീഴുന്നുണ്ടായിരു‌ണു...

ലൈക്ക് കമന്റ് ചെയ്യണേ, സ്വന്തം രചനകൾ പേജിലേക്ക് അയക്കൂ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക...

To Top