കല്യാണം ഭംഗിയായി നടത്താനുള്ള പൈസയൊക്കെ അച്ഛന്റെ കയ്യിലുണ്ട്...

Valappottukal



രചന: റഹീം പുത്തൻചിറ

മകളുടെ കല്യാണം 


"ആ ഭാഗത്താണച്ഛാ ചോരുന്നത്..".

ദേവു അച്ഛന്റെ കയ്യിൽ പഴയ ഇരുമ്പിന്റെ ഷീറ്റ് കൊടുത്തുകൊണ്ട് പറഞ്ഞു...


ദിവാകരൻ ചേട്ടൻ ഒരു ആശാരിയെ പോലെ അതു ഓടിന്റെ ഇടയിൽ കയറ്റി വെച്ചുകൊണ്ട് കുറച്ചു നേരം നോക്കി നിന്നു...


ഇനി ചോരില്ല...


"ഉവ്വാ ... രണ്ടു ദിവസം മുൻപും ഇതു തന്നെയാ പറഞ്ഞത്.".. ദേവു ചിരിയോടെ പറഞ്ഞു..


"ഇന്നാ ചായ...കല്യാണി ചേച്ചി ചായയുമായി അവരുടെ അടുത്തേക്ക് വന്നു...


"അച്ഛനും മോളും ഈ പഴയ വീട് പൊളിച്ചു പുതിയത് പണിയുന്നതായിരുക്കും നല്ലത്..."ചായ ദിവാകരൻ ചേട്ടന്റെ കയ്യിൽ കൊടുക്കുന്നതിനിടയിൽ അവർ പറഞ്ഞു..


"ഞങ്ങൾ പണിയും .. നല്ല ഒരു വാർക്കപ്പെര തന്നെ പണിയും അല്ലേ മോളെ... ചായ കയ്യിൽ പിടിച്ചുകൊണ്ട് കല്യാണി ചേച്ചിയോടായി ദിവാകരൻ ചേട്ടൻ പറഞ്ഞു...


കുറേ നാളായി ഇതു കേൾക്കാൻ തുടങ്ങിയിട്ട്...


"എന്റമ്മേ... അമ്മ ഞങ്ങളെ നിരാശരാക്കാതെ... ഒരു വർഷത്തിനുള്ളിൽ ഇവിടെ ഒരു വാർക്കപ്പെര പണിതിരിക്കും.. നോക്കിക്കോ... അല്ലേ അച്ഛാ...അതും പറഞ്ഞു ദേവിക അച്ഛന്റെ തോളിൽ കയ്യിട്ടു...


പിന്നല്ലാതെ....


"അല്ല.. നിനക്കിന്നു ഓഫിസിൽ പോകണ്ടേ..".


"അയ്യോ... അതു മറന്നു"... അതും പറഞ്ഞു ദേവിക മുറിയിലേക്കോടി...


വർഷങ്ങളായി KSRTC ബസ്സിലെ കണ്ടക്ടറാണ് ദിവാകരൻ ചേട്ടൻ... ആകെ ഒരു മകൾ ദേവിക... പ്രൈവറ്റ് ബാങ്കിലെ അക്കൗണ്ടന്റാണ്...


"ചേട്ടൻ പോകാണോ.".. അന്നു വൈകുന്നേരം കളക്ഷൻ ഓഫീസിൽ ഏൽപ്പിച്ചു വീട്ടിലേക്ക് പോകാൻ നിന്ന ദിവാകരൻ ചേട്ടന്റെ അടുത്തേക്ക് മറ്റൊരു ബസ്സിലെ ഡ്രൈവർ പ്രസാദ് വന്നു  ചോദിച്ചു..


"അല്ലാതെ പിന്നെ.... ഇവിടെ കുത്തിയിരുന്നിട്ട് വെല്ല കാര്യമുണ്ടോ.."


"ഒരു കാര്യം പറയുനുണ്ടായിരുന്നു..." പ്രസാദ് തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു...


"എന്താ പ്രസാദേ കാര്യം.."


"നമ്മുടെ ദേവികിയെ കുറിച്ചാണ്..."


അവൾക്കെന്താ പറ്റിയെ...


"ഒന്നും പറ്റിയില്ല... അതായത് നമ്മുടെ ഗ്രാമീണ ബാങ്കിലെ പിയുൺ ഹരിക്ക് ദേവകിയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്... ചേട്ടൻ അവനെ കണ്ടിട്ടുണ്ടാകും.. എന്നും നിങ്ങളുടെ ബസ്സിലാണ് അവൻ പോകുന്നത്...പയ്യൻ എവിടെയോ വെച്ചു ദേവകിയെ കണ്ടിട്ടുണ്ട്... അറിയാലോ അവൻ പിയൂൺ ആണെങ്കിലും ഗവൺമെന്റ് ജോലിയാണ്.... സ്ത്രീധനമൊന്നും പ്രശ്നമല്ല"... പ്രസാദ് അതും പറഞ്ഞു ദിവാകരൻ ചേട്ടന്റെ മുഖത്തേക്ക് നോക്കി...


"ഉവ്വാ.. ഞാൻ കണ്ടിട്ടുണ്ട് പയ്യനെ... നല്ല പയ്യനാ... ഞാൻ അവളോടുന്നു ചോദിച്ചിട്ട് നാളെ വിവരം പറയാം.."


മതി.. ആലോചിച്ചിട്ട് പറഞ്ഞാൽ മതി... അതും പറഞ്ഞു പ്രസാദ് പോയി..


അന്നു രാത്രി ഭക്ഷണം കഴിക്കുന്ന നേരത്തു ദിവാകരൻ ചേട്ടൻ കല്യാണക്കാര്യം ദേവികയോട് പറഞ്ഞു...


"അച്ഛനെന്താ പറയുന്നത്...കല്യാണമെന്ന് പറഞ്ഞാൽ ഒരുപാട് ചിലവില്ലേ.. ഞാൻ ജോലിക്ക് പോയി തുടങ്ങിയിട്ടേയുള്ളു... ബാങ്ക് ടെസ്റ്റ്‌ എഴുതിയാൽ എനിക്ക് വേറെ നല്ല ബാങ്കിൽ ജോലി കിട്ടും"...ദേവിക വിഷമത്തോടെ അച്ഛനോട് പറഞ്ഞു..


ചിലവിന്റെ കാര്യമോർത്തു മോള് വിഷമിക്കേണ്ട... മോളുടെ കല്യാണം ഭംഗിയായി നടത്താനുള്ള പൈസയൊക്കെ അച്ഛന്റെ കയ്യിലുണ്ട്...


"അതല്ല അച്ഛാ..."


"മോൾക്ക് ഇഷ്ട്ടമല്ലങ്കിൽ വേണ്ടാ.. നിർബന്ധിക്കില്ല... പക്ഷെ ഏതൊരു മാതാപിതാക്കളുടെ ആഗ്രഹമാണ് മക്കളുടെ കല്യാണം... നല്ലൊരു ബന്ധം വന്നപ്പോൾ മോളോട് പറഞ്ഞെന്നേയുള്ളൂ..." അതും പറഞ്ഞു ദിവാകരൻ ചേട്ടൻ എഴുന്നേറ്റു..


ദേവിക കുറച്ചു നേരം ആലോചനയോടെ ഇരുന്നു...


ഇന്നു ദേവികയുടെ കല്യാണമാണ്...

തിളങ്ങുന്ന പട്ടു സാരിയിൽ അവൾ സുന്ദരിയായി... കൂട്ടുകാരികൾ അവളെ അണിയൊച്ചൊരുക്കുന്ന  മുറിയിലേക്ക് ദിവാകരൻ ചേട്ടൻ കടന്നു വന്നു.. കയ്യിൽ ചെറിയ പെട്ടിയുമായി...


"എല്ലാവരും കുറച്ചു നേരം ഒന്ന് പുറത്തു നിൽക്കോ..."ദേവിക കൂട്ടുകാരികളോടായി പറഞ്ഞു...


എല്ലാവരും പുറത്തു പോയപ്പോൾ അവൾ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു..


"എന്താ ഈ പെണ്ണ് കാണിക്കണേ... കരയാനുള്ള സമയമൊന്നും ആയിട്ടില്ല..." അതു പറയുമ്പോൾ ദിവാകരൻ ചേട്ടന്റെ കണ്ണുകളും നിറയുന്നുണ്ടായി...


ഇന്നാ.. ഇതു നിനക്കുള്ളതാ...


ആ കുഞ്ഞു പെട്ടി മകളുടെ കയ്യിൽ കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു ..


അതു തുറന്നു അതിലെ സ്വർണ്ണ വളകളും മാലകളും കണ്ട അവൾ അച്ഛന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി..


"വിഷമിക്കേണ്ട .. കടം വാങ്ങിയതല്ല... നിനക്കായി കരുതി വെച്ചതാ... അവർ ഒന്നും വേണ്ടാന്ന് പറഞ്ഞെങ്കിലും എന്റെ മകൾ രാജ കുമാരിയെ പോലെ തന്നെ ഇറങ്ങണം "..നിറഞ്ഞ കണ്ണുകൾ തോർത്തുകൊണ്ട് തുടച്ചു അയാൾ പുറത്തേക്ക് പോകാൻ എഴുന്നേറ്റു..


"പിന്നെ മഴക്കാറ് കണ്ടാൽ മോള് പെട്ടന്നു തന്നെ ഇങ്ങോട്ടേക്കു വരണം... പൊട്ടിയ ഓട് മാറ്റാൻ എനിക്ക് നിന്റെ സഹായം വേണ്ടി വരും.."..വാതിൽക്കൽ എത്തിയ ശേഷം അയാൾ തിരിഞ്ഞു നിന്നു മകളോടായി പറഞ്ഞു....


അവൾ ഓടി വന്നു അച്ഛനെ കെട്ടിപ്പിടിച്ചു നിന്നു...അയാൾ അവളുടെ മുടിയിൽ  തഴുകി കുറച്ചു നേരം നിന്നു...ആ നെഞ്ചിലെ വിങ്ങൽ അവൾ അറിയുന്നുണ്ടായിരുന്നു.... അവളുടെ കണ്ണിലെ നനവും അയാളും...


മകളെ കൈപിടിച്ച് നടത്തുന്നതും.... അവൾ പ്രായമായാൽ കൈപിടിച്ചു കൊടുക്കുന്നതും ഒരച്ഛന്റെ ആഗ്രഹമാണ്...ആ ആഗ്രഹം പൂർണ്ണ സമ്മതത്തോടെ നിറവേറ്റുന്ന അച്ഛനും, മകളും ഭാഗ്യം ചെയ്ത ജന്മങ്ങളുമാണ്...

പക്ഷെ ചിലർ സ്വന്തം കാര്യം നോക്കി ഇറങ്ങി പോകുമ്പോൾ വേദനിക്കുന്ന ചില ഹൃദയങ്ങളുണ്ട്... ആ ഹൃദയങ്ങൾക്ക് വേണ്ടി...

To Top