രചന: ദിവ്യ അനു അന്തിക്കാട്
കൊതുക് വലയുടെ ചെറിയ ദ്വാ രത്തിൽ കൂടി അകത്തേക്ക് വന്ന മുട്ടൻ കൊതുകിന്റെ മൂളലും, ഇടിവെട്ടുന്ന ശബ്ദം പോലെ ജനൽപ്പാളികൾ വന്നടഞ്ഞതുമെല്ലാം ഒരുമിച്ചായിരുന്നു,
ഞെട്ടിയെഴുന്നേറ്റ് ലൈറ്റിട്ടതും കൂടെ താമസിക്കുന്ന പട്ടേൽ "അരെ ലൈറ്റ് ഓഫ് കർദോ ഭായ് "എന്നൊരു അലർച്ചയും, എന്റെ ഉറക്കം എന്തായാലും പോയി അയാളെക്കൂടി ശല്യപ്പെടുത്തണ്ട എന്ന് കരുതി ലൈറ്റണച്ച് പത്തു രൂപ ടോർച്ചിന്റെ ഇത്തിരി വെളിച്ചത്തിൽ ജനൽ പാളി വലിച്ചടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു, ഒന്നുകൂടൊന്ന് നോക്കിയപ്പോൾ ജനാല വലിച്ചു കെട്ടിയിരുന്ന തുണികഷ്ണം മുറിഞ്ഞു പോയി, പഴയ കൈലി തപ്പി തുമ്പ് കീറി അതിനെ വലിച്ചു കെട്ടാൻ ശ്രമിക്കുമ്പോഴാണ് നേരെ എതിർവശത്തുള്ള ബാൽക്കണിയിൽ ഒരു രൂപം ഇളകുന്ന പോലെ കണ്ടത്, ഒന്നൂടെ ശ്രദ്ധിച്ചു നോക്കിയപ്പോൾ മുൻപ് പലവട്ടം അവിടെ കണ്ടിട്ടുള്ള സ്ത്രീയാണ് അതെന്ന് മനസ്സിലായി,
എന്നാലും അവരീ പാതിരാത്രിക്ക് അവിടെ എന്തെടുക്കുകയാകും!ആകാംഷയുടെ പുറത്ത് ഒന്നുകൂടി ചെരിഞ്ഞും കുനിഞ്ഞും നോക്കി, അവർ ബാൽക്കണിയിൽ നിന്ന് താഴോട്ട് ചാടാനുള്ള പുറപ്പാട് തന്നെ, ആരെയെങ്കിലും വിളിച്ചു കൂട്ടാം എന്ന് കരുതി തിരിയാൻ പോയതും അവർ തിരിച്ചു മുറിയിൽ കയറി കതകടച്ചു,
എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാനും വന്നു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി, പിറ്റേന്ന് വെളുപ്പിനെ എണീറ്റ് ബാത്‌റൂമിൽ പോയി, ആറുമണിക്ക് എഴുന്നേറ്റാൽ തന്നെ സകല കാര്യങ്ങളും കഴിഞ്ഞു ജോലിക്ക് കേറാം, എന്നാലും മൂവായിരം രൂപേടെ ഒറ്റമുറിയിൽ കക്കൂസും കുളിമുറിയും കൂടി വേണമെന്ന് പറഞ്ഞാൽ അതും മുംബൈ പോലൊരു നഗരത്തിൽ ഇത്തിരി അഹങ്കാരം തന്നെയാകും, താഴെ താമസിക്കുന്ന ഞങ്ങൾക്കും, മുകളിൽ താമസിക്കുന്ന ഒരു കുടുംബത്തിനും കൂടി ഒറ്റ ഒരു ബാത്റൂമേ ഉള്ളൂ, ഇത്തിരി വൃത്തി വേണമെന്നുള്ളത്കൊണ്ട് നേരത്തെ എണീറ്റ് ആദ്യം തന്നെ കുളീം നനേം കഴിഞ്ഞു പുറത്ത് വരും, തന്റെ മുറി പങ്കിടുന്ന കഞ്ചൂസ് രാജാവായ പട്ടേലിനു എന്നും കുളിക്കുക എന്നത് അലർജി ആയത് കൊണ്ട് എഴുന്നേൽക്കാനും താമസിക്കും, അയാൾ പലപ്പോഴും ചോദിച്ചിട്ടുണ്ട് നിങ്ങളീ മദ്രാസികൾക്ക് എന്നും രണ്ട് നേരം കുളിച്ച് സോപ്പ് തീർക്കേണ്ട ആവശ്യമുണ്ടോന്ന്, അയാൾക്ക് മറുപടി കൊടുക്കാൻ നിൽക്കാറില്ല അതിന്റെ കാരണം തന്നെ ഈ മദ്രാസി വിളിയാണ്, പലപ്പോഴും പറഞ്ഞിട്ടുണ്ട് ഞങ്ങൾ കേരളക്കാരാണ്, മദ്രാസ് വേറെ നാടാണ് എന്ന്, എന്നാലും നാല് സംസ്ഥാനക്കാരേം ചേർത്ത് ഒറ്റ പേരെ ഹിന്ദിക്കാർക്കറിയൂ "മദ്രാസികൾ "
എന്തേലുമാകട്ടെ, താഴെ മാർവാടി ഹോട്ടലില് പോയി പതിവ് ചായേം ഉപ്മാവും കഴിച്ചു നേരെ ജോലിസ്ഥലത്തോട്ട് വിട്ടു, ആറെഴു വർഷം കഴിഞ്ഞു തുണിമില്ലിൽ അക്കൗണ്ടന്റ് ആയി കേറീട്ട്,ഇടക്ക് നാട്ടിൽ ഒരുതവണ പോയി, അമ്മേടെ ചാത്തമൂട്ടാൻ, പിന്നീട് അതും ഇവിടെ തന്നെയാക്കി, പ്രത്യേകിച്ച് യാതൊരു പ്രത്യേകതകളും ഇല്ലാത്ത ഇനിയങ്ങോട്ട് സംഭവിക്കാൻ ഇടയില്ലാത്ത ജീവിതം, എന്നാൽ വലിയ നിരാശയുമില്ല, ശനിയാഴ്ച ഉച്ചക്ക് ശേഷം പോകേണ്ടതില്ല, അന്ന് ഒരു ബിയറും ഒന്നുരണ്ട് സിഗരറ്റും, പിറ്റേന്ന് ഞായറിന് ഇത്തിരി മട്ടൻ കൂട്ടിയൊരു ഊണ്, ഇതിനപ്പുറം വലിയ ആഹ്ലാദങ്ങളൊന്നുമില്ല,
ആത്മഹത്യാ ശ്രമത്തിന് ശേഷം ആ സ്ത്രീയെ ജനലിൽക്കൂടി ഒന്നുരണ്ട് തവണ വീണ്ടും കണ്ടിരുന്നു, എപ്പോഴും ഒരു കനത്ത മുഖഭാവത്തോട് കൂടി, ഏകദേശം ഒരു മുപ്പത് അടുപ്പിച്ചു പ്രായം കാണുമായിരിക്കും, കാണാനും വലിയ തെറ്റില്ലാത്ത രൂപം, പക്ഷെ വിവാഹം കഴിഞ്ഞതാണോ എന്നറിയില്ല, അഥവാ ആണെങ്കിൽ തന്നെ തനിക്കൊന്നുമുണ്ടായിട്ടല്ല, എങ്കിലും എന്തായിരിക്കും ഇത്ര വലിയ ദുഃഖം!!
ദിവസങ്ങളും ആഴ്ചകളും പോയി, ദീപാവലിയുടെ തലേന്നുള്ള ലക്ഷ്മിപൂജയുടെ ദിവസം ആയത് കൊണ്ട് അയൽവക്കങ്ങളിൽനിന്നെല്ലാം പഴങ്ങളും മധുരങ്ങളും പ്രസാദമായി കൊണ്ട് വന്നു, പെട്ടെന്ന് ഒരു കുബുദ്ധി തോന്നി അതിൽ നിന്ന് കുറച്ചെടുത്ത് ഒരു തട്ടിൽ ബാൽക്കണിയിലൂടെ മാത്രം കണ്ട ആ സ്ത്രീക്കരികിലേക്ക് പോയി, കതക് തുറന്ന് മറാത്തി ഭാഷയിൽ "ഞങ്ങൾക്ക് പൂജയൊന്നുമില്ല, തിരിച്ചു കൊണ്ടു പൊക്കൊളു എന്ന് പറഞ്ഞു കതകടച്ചു "
തനിക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് കരുതി തിരിച്ചു നടക്കാൻ തുടങ്ങിയതും പെട്ടെന്ന് അവർ തിരിച്ചു വന്ന്" തന്നോളൂ " എന്ന് പറഞ്ഞു,കൊടുത്തിട്ട് പോരാൻ നേരം തന്റെ അനുവാദമില്ലാത്ത പോലെ അറിയാതെ ചോദിച്ചു പോയി "നിങ്ങൾക്കെന്താണ് വിഷമം!നിങ്ങൾ.. നിങ്ങൾ എന്തിനാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് മരിക്കാൻ ശ്രമിച്ചത്,!!"അവർ വളരെ രൂക്ഷമായി തട്ട് അതുപോലെ തന്നെ തിരികെ ഏൽപ്പിച്ച് കതകടച്ചു,.
എന്ത് കാര്യത്തിനാണ് താൻ ഇതുവരെ ഇല്ലാത്തവണ്ണം മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെട്ടത്!അവർക്കെന്ത് തോന്നിക്കാണും!
ദിപാവലിയുടെ അവധി കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ ബാത്റൂമിലേക്ക് പോകാൻ നേരം, കതക് തുറന്നതും ആ സ്ത്രീ മുൻപിൽ നിൽക്കുന്നു, സത്യത്തിൽ ഒന്ന് പേടിച്ചു എന്നത് നേരാണ്, എങ്കിലും അവരോട് ചോദിച്ചു "നിങ്ങൾ എന്താണ് ഈ നേരത്തിവിടെ!!
"ഞാൻ മരിക്കാൻ ശ്രമിക്കാൻ പോയതാണ് പക്ഷെ ഒരു കാര്യവുമില്ലാതെ നിങ്ങളെ കണ്ട് പറയാൻ തോന്നി..
"ബക്കറ്റ് തിരികെ മുറിക്കുള്ളിൽ വച്ചു പതുക്കെ കതക് ചാരി പുറത്തേക്കിറങ്ങി,
"പറയൂ നിങ്ങളെ ഞാനെങ്ങനെയാണ് സഹായിക്കേണ്ടത്,
"എനിക്കാരുടെയും സഹായമാവശ്യമില്ല, ഞാൻ മരിക്കാൻ പോകുന്നു '
"ശരി, നിങ്ങൾ മരിക്കാൻ പോകുന്നു എങ്കിൽ എന്തിനാണ് എന്നെ കാണാൻ വന്നത്, ഞാൻ തടയാൻ വേണ്ടിയാണോ, അതോ ഞാൻ കുടുങ്ങാൻ വേണ്ടിയാണോ??"
"എനിക്ക് എനിക്കാരുമില്ല, ഞാനൊറ്റക്കാണ്, എനിക്ക് മടുത്തു ഈ ജീവിതം "
"ഞാനും ഒറ്റക്കാണ് പക്ഷെ ഇന്നുവരെ എനിക്ക് മരിക്കാൻ തോന്നിയിട്ടില്ല, ജോലിയെടുക്കുന്നു ജീവിക്കുന്നു,"ആട്ടെ നിങ്ങളുടെ വിവാഹം കഴിഞ്ഞതാണോ, എങ്കിൽ ഭർത്താവ് എവടെ, നിങ്ങളുടെ വീട്ടുകാർ!!
"എന്റെ ഭർത്താവ് മൂന്നുവർഷം മുൻപ് മരിച്ചു, ജോലിയിലിരിക്കുമ്പോൾ കിട്ടിയ പണം അവരുടെ വീട്ടുകാർ ഓരോ ബാധ്യതയുടെ പേര് പറഞ്ഞു മുഴുവനും വാങ്ങിയെടുത്തു, വിധവ വീട്ടിൽ വന്നാൽ അനിയത്തിയുടെ വിവാഹം നടക്കില്ലെന്നോർത്ത് അങ്ങോട്ട് ചെല്ലരുതെന്ന് പറഞ്ഞു, ഇവിടെ അടുത്ത് എനിക്ക് ചെറിയൊരു ജോലിയുണ്ട് വീട് വാടകയും ചിലവും അങ്ങനെ നടക്കും, പക്ഷെ നിങ്ങൾക്കറിയോ ഞാൻ ഒരു മനുഷ്യനോട് മിണ്ടിയിട്ട് എത്ര കാലമായെന്ന്! ഞങ്ങടെ നാട്ടിൽ ഒരു വിശേഷത്തിനും എന്നെ ആരും ക്ഷണിക്കാറില്ല, നിങ്ങളാണ് എനിക്ക് ആദ്യമായ് പ്രസാദം തന്നത്, എനിക്ക് എത്ര ഇഷ്ടമാണെന്നറിയോ ആഘോഷങ്ങൾക്ക് പോകാൻ,നിറമുള്ള പട്ട്സാരിയുടുക്കാൻ, ഒന്നുമൊന്നും ഇല്ലാതെ ഇങ്ങനെ എന്തിനാണ് ഒരു ജീവിതം!ഞാൻ പോകുന്നു, നിങ്ങൾ ഞാൻ മരിച്ചതിനു ശേഷം ആരോടും എന്നെപ്പറ്റി പറയരുത്, ഞാൻ പറഞ്ഞതെല്ലാം രഹസ്യമായിരിക്കട്ടെ,
ഏതോ ഒരു ശക്തി ഉള്ളിൽനിന്നും ചെയ്യാൻ പറഞ്ഞത് പോലെ പെട്ടന്നവളുടെ കൈ പിടിച്ചു ചേർത്ത് നിർത്തി ചോദിച്ചു, തനിക്ക് സമൂഹത്തിനെ പേടിയില്ലായെങ്കിൽ, ഞാൻ മോശക്കാരനല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ ഇനി മുന്നോട്ടുള്ള വാടക ഒരുമിച്ചാക്കിയാലോ??
കുറച്ച് നേരം അവൾ തന്നെത്തന്നെ നോക്കിനിന്നു, "ചെറിയ ഒരു ചിരിയോടെ പറഞ്ഞു, തല്ക്കാലം മ രിക്കുന്നില്ല, ആലോചിച്ചിട്ട് പറയാമെന്ന്...