രചന: മഹാദേവൻ
"പ്രിയേച്ചി, ന്തായിത്. മുഖമൊക്കെ വല്ലാതെ നീര് വന്നിട്ടുണ്ടല്ലോ. ഇന്നലേം അയാള് ചേച്ചിയെ ഉപദ്ര-വിച്ചല്ലേ? "
വെള്ളമെടുക്കാൻ വന്ന അടുത്ത വീട്ടിലെ രേവതിയുടെ ചോദ്യം കേട്ട് പ്രിയ ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി.
"ന്റെ പ്രിയേച്ചി. ന്ത് പറഞ്ഞാലും അയാള് എങ്ങനെ ഒക്കെ ഉപദ്ര-വിച്ചാകും ങ്ങനെ സഹിച്ചു നിന്നോ. ന്നിട്ട് ചോദിച്ചാ ഒരു ചിരിയും. ങ്ങളീ ലോകത്തൊന്നും അല്ലേ ജീവിക്കുന്നത്. ഇന്ന് ഇതുപോലെ ഉള്ള പീഡനങ്ങൾക്ക് പരാതി കൊടുത്താ മതി, അതോടെ അയാളുടെ ഈ കു-ത്തിക്ക-ഴപ്പ് അങ്ങോട്ട് തീരും. ങ്ങനെ ഉണ്ടോ മനുഷ്യൻമാർ. ആണുങ്ങൾ ആണെന്ന് കരുതി എന്ത് പ്രോ-ക്രിത്തരവും ആകാമെന്നോ. "
രേവതിയുടെ രോഷവും വാശിയും വാക്കുകളിൽ നിറഞ്ഞുനിൽപ്പുണ്ടായിരുന്നു. പക്ഷേ, അവളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ പ്രിയ ഒഴിഞ്ഞുമാറി.
പതിയെ അവൾ വീടിനകത്തേക്ക് പോകുമ്പോൾ രേവതിയുടെ മുഖത്ത് പ്രിയയെ കുറിച്ചുള്ള ആധി ആയിരുന്നു.
ഒരിക്കൽ വീട്ടുകാരെ എല്ലാം ധിക്കരിച്ചു സഹദേവന്റെ കൂടെ ഇറങ്ങിപോന്നതാണ് പ്രിയ. അന്ന് മുതൽ ആ വീട് അവൾക്ക് അന്യമായി. പതിയെ വാക്കുകളിൽ സ്നേഹം പുരട്ടിയവന്റെ ശരിക്കുള്ള സ്വഭാവം അറിഞ്ഞുതുടങ്ങുമ്പോഴേക്കും മറ്റൊരു സത്യം കൂടി അവൾ മനസ്സിലാക്കി...
"താൻ ഗർഭിണിയാണ് "
ഒരമ്മയാകാൻ പോകുന്നു എന്ന സന്തോഷം നാല്കാലിൽ വന്ന അവനോട് പറയുമ്പോൾ പ്രതീക്ഷിച്ചത് ഒരു ചേർത്തുപിടിക്കൽ ആയിരുന്നു.
പക്ഷേ, അവന്റെ കൈ മുഖത്ത് പതിഞ്ഞപ്പോൾ അവൾ അടിതെറ്റി നിലത്തേക്ക് വീണു.
"നായിന്റെമോളെ. നിന്നോട് പറഞ്ഞതല്ലെടി ഇപ്പോൾ ഒന്നും കുട്ടികൾ വേണ്ടെന്ന്. അതിനല്ലെടി മറ്റവളെ ഒരു കെട്ടു മരുന്ന് തിന്നാൻ കൊണ്ടുതന്നത്. എന്നിട്ടിപ്പോ പള്ളേളുണ്ടായെന്നും പറഞ്ഞ് അവളുടെ ഒരു ശൃംഗാരം. ഇനി ഇങ്ങനെ ഒന്ന് പള്ളേലുണ്ടായിട്ട് വേണം വെറുതെ കുറെ കാശ് കളയാൻ. നിന്റ തന്ത കൊണ്ടുതന്നിട്ടൊന്നും ഇല്ലല്ലോ. കഴുവേറിമോളെ... "
അതും പറഞ്ഞവൻ ആഞ്ഞുചവിട്ടിയത് അടിവയറ്റിൽ ആയിരുന്നു.
വേദനയിൽ ഒന്ന് ഞെരുങ്ങിയത് ഓർമ്മയുണ്ട്. പിന്നെ ബോധം വരുമ്പോൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു.
കുളിമുറിയിൽ കാല് തെന്നി വീണതാണെന്ന് അയാൾ കള്ളം പറഞ്ഞു. മറുത്തു പറഞ്ഞാൽ കൊല്ലുമെന്ന ഭീക്ഷണിയിൽ മൗനം പാലിച്ചു.
ആ മൗനത്തിനിടയിലും ഉള്ള് കരഞ്ഞത് തന്നിലെ
'അമ്മ' മരിച്ചല്ലോ എന്നതോർത്തായിരുന്നു.
അന്നൊക്കെ തോന്നിയതാണ് ഈ നശിച്ച വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോണമെന്ന്.
പക്ഷേ, നാളെ വീട്ടുകാർക്ക് മുന്നിൽ കഴിവ്കെട്ടവളായി നിൽക്കാനുള്ള മടി. നീ അനുഭവിക്കെടി എന്ന് പറയിപ്പിക്കാതിരിക്കാൻ പുറമെ ആരുമൊന്നും അറിയാതെ പോകാൻ പറ്റുന്നോളം പോകാമെന്ന ചിന്തയിൽ ദേ, ഇതുവരെ എത്തി.
അടിയും വഴക്കുമല്ലാതെ സ്നേഹത്തോടെ ഒരു വാക്ക് കേട്ടിട്ടില്ല. ഒന്ന് ചേർത്തുപിടിച്ചിട്ടില്ല. രാത്രി കാ-മം ശമിപ്പിക്കുന്ന ഒരു യന്ത്രമാക്കി കിടത്തുമ്പോൾ കൂടെ കിടക്കുന്നവളുടെ മനസ്സ് അറിയാൻ ശ്രമിച്ചിട്ടില്ല. ഒരു വേശ്യയ്ക്ക് പോലും ജോലി കഴിഞ്ഞാൽ കിട്ടുന്ന കൂലിയിൽ ഒരു നിമിഷം സന്തോഷം കണ്ടെത്താം.. ഇവിടെ അതുപോലും ഇല്ലാതെ ...
" എടി, നീ എന്താ അടുക്കളയിൽ നിന്ന് സ്വപ്നം കാണുവാനോ.. അതോ ഇനി ഏതെങ്കിലും മറ്റവമാർ ഉണ്ടോ മനസ്സിൽ. "
അയാളുടെ ചോദ്യം കേട്ടപ്പോൾ ഒന്ന് പുഞ്ചിരി അവൾ.
" അങ്ങനെ രക്ഷപ്പെടാൻ ആണെങ്കിൽ അതെനിക്ക് എന്നെ ആകാമായിരുന്നു. നിങ്ങളുടെ കൂടെ ഇറങ്ങിവരുമ്പോൾ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഈ ജീവിതം നിങ്ങൾക്കൊപ്പം ആണെന്ന്. പക്ഷേ, അത് നരകത്തിലാകുമെന്ന് കരുതിയില്ല. എന്നാലും നിങ്ങളുള്ള കാലം വരെ എന്റെ ജീവിതത്തിൽ മറ്റൊരു പുരുഷനെ ഞാൻ ചിന്തിക്കില്ല. അത് നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടല്ല. എന്നിലെ പെണ്ണിനോടുള്ള വിശ്വാസം. "
അവൾ അവനെ മറികടന്ന് അടുക്കളയിൽ നിന്ന് പുറത്തെ വരാന്തയിലേക്ക് ഇറങ്ങുമ്പോൾ അവൻ ദേഷ്യത്തോടെ അവളെ തെറിയും വിളിച്ചു മുറ്റത്തേക്ക് ഇറങ്ങിപ്പോയിരുന്നു.
" പ്രിയേച്ചി. ആയാളു പോയോ "
മതിലിനപ്പുറത്തുനിന്നും രേവതിയുടെ ചോദ്യം കേട്ട് പ്രിയ പുഞ്ചിരിയോടെ തലയാട്ടി.
" ഞാൻ ഒരു കാര്യം പറഞ്ഞാൽ പ്രിയേച്ചി കേൾക്കോ. നമുക്ക് സ്ത്രീപീഡനം ആരോപിച്ചൊരു പരാതി കൊടുത്താലോ. അത് ചിലപ്പോൾ പ്രിയേച്ചിക്ക് ഗുണം ചെയ്യും. ഇവിടെ ഏട്ടൻ പോലീസിൽ ആയത് കൊണ്ട് ആളോട് ചോദിച്ചാൽ അതിന്റ വിശദമായ കാര്യങ്ങൾ അറിയാൻ പറ്റും. പ്രിയേച്ചിക്ക് ഒക്കെ ആണെങ്കിൽ ഞാൻ ദീപുവേട്ടനോട് ചോദിക്കാം "
രേവതി പ്രതീക്ഷയോടെ പ്രിയയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളിലെ ചിരി മാത്രം തെളിഞ്ഞുനിന്നിരുന്നു.
" അതൊന്നും വേണ്ട മോളെ. ഇതെനിക്ക് ഞാൻ സ്വയം വിധിച്ച ശിക്ഷയാണ്. ഒരു മാറ്റം വരുമെന്ന പ്രതീക്ഷയിൽ അങ്ങനെ പോകട്ടെ. എന്റെ മനസ്സ് പറയുന്നുണ്ട് മോളെ എനിക്ക് ഒരു നല്ലകാലം വരുന്നുണ്ടെന്ന്. എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ. "
പിന്നെ രേവതി അതിനെ കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും പ്രിയയുടെ വാക്കുകൾ അവൾക്ക് ആശ്ചര്യം നൽകിയിരുന്നു. ഇത്രയൊക്കെ ആയിട്ടും അവർ അയാൾ മാറുമെന്ന് വിശ്വസിക്കുന്നു. ഇതുപോലെ ഒരു പെണ്ണിനെ കിട്ടിയിട്ടും അയാൾ.
രേവതിക്ക് സഹദേവനോട് വല്ലാത്ത പുച്ഛം തോന്നി.
" നിങ്ങടെ ജീവിതത്തിൽ ഒരു കുട്ടി വന്നാൽ ചിലപ്പോൾ നല്ലൊരു മാറ്റം ഉണ്ടാകും പ്രിയേച്ചി "
രേവതിയുടെ വാക്കുകളിലെ പ്രതീക്ഷ കണ്ടവൾ പുഞ്ചിരിയോടെ തലയാട്ടി.
പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
അന്നും വഴക്കുകൾക്കൊടുവിൽ അവൾ തളർന്നുറങ്ങുമ്പോൾ ദേഹത്തുകൂടെ വിരലുകൾ പതിയെ സഞ്ചരിക്കുന്നത് ഞെട്ടലോടെ അവൾ മനസ്സിലാക്കി.
അത് തന്റെ ഭർത്താവിന്റെ അല്ലെന്ന് കൂടി അറിഞ്ഞപ്പോൾ അവൾ ആവുന്ന പോലെ കുതറിയെങ്കിലും തളർന്ന ശരീരം അവളുടെ ചെറുത്ത് നിൽപ്പുകളെ അവസാനിപ്പിച്ചു.
" എടി മോളെ. നിന്റ കെട്യോൻ എന്റെ കയ്യിൽ നിന്നും നിന്നെ മോഹിപ്പിച് കള്ള് വാങ്ങി മോന്താൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.
ഇനി അത് നടക്കില്ല. നീ എന്റെ ഒരു മോഹമാടി. നിന്റ കെട്യോൻ ങ്ങനെ വെളിവില്ലാതെ കേറി നിരങ്ങുന്ന ശരീരം ആയത് കൊണ്ട് ഇപ്പോഴും ഒന്നും ഉടഞ്ഞിട്ടില്ല. "
അയാൾ ആർത്തിയോടെ വീണ്ടും അവളിലേക്ക് അമരുമ്പോൾ അവൾ മനസ്സിലാക്കിയിരുന്നു കൂടെ കിടക്കുന്നത് ഭർത്താവിന്റെ ആത്മാർത്ഥസ്നേഹിതനാണെന്ന്.
അതിനേക്കാൾ അവളെ വേദനിപ്പിച്ചത് തന്നെ കൂട്ടികൊടുക്കാമെന്ന വാക്കിലാണ് ഇത്രനാളും ഇയാളിൽ നിന്ന് കുടിച്ചതും പണം വാങ്ങിയതും എന്നോർത്തപ്പോൾ ആയിരുന്നു. സഹദേവനോട് അതുവരെ തോന്നാത്തൊരു പുച്ഛം ആയിരുന്നു അപ്പോൾ അവളിൽ.
ന്തായാലും കൂടെ കിടക്കുന്നവനോട് ചെറുത്തുനിൽക്കാൻ കഴിയില്ലെന്ന് പ്രിയയ്ക്ക് മനസ്സിലായി. പ്രതികരിക്കാൻ നിൽക്കുംതോറും എലിയെ പിടിച്ച പൂച്ചയെ പോലെ ആവേശത്തോടെ...
" നിങ്ങൾക്ക് എന്റെ ശരീരം അല്ലേ ആവശ്യം. അത് ഞാൻ പൂർണ്ണസമ്മതത്തോടെ തരാം. എന്റെ ഭർത്താവിന് ആവശ്യമില്ലാത്ത എന്നെ ഇനി ആരാനുഭവിച്ചാൽ എന്താ. എന്നെ കൊണ്ട് നിങ്ങൾക്കെങ്ങിലും സന്തോഷിക്കാൻ കഴിയുമെങ്കിൽ എനിക്ക് സമ്മതമാണ്. പക്ഷേ, എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. "
അയാൾ പ്രിയയുടെ മുഖത്തേക്ക് ചുണ്ടുകൾ നുണഞ്ഞുകൊണ്ട് നോക്കി എന്താണ് ചെയ്യേണ്ടത് എന്ന അർത്ഥത്തിൽ.
" ഒരാളെ കൊല്ലണം.. "
ബാക്കി അവൾ പറഞ്ഞുതീരുംമുന്നേ അയാൾ അവളിൽ നിന്നും എണീറ്റിരുന്നു.
" നിന്നെപ്പോലെ ഒരു പെണ്ണിന് വേണ്ടി അവനെ കൊല്ലണമെങ്കിൽ ഞാൻ ചെയ്യും. പക്ഷേ, ഇവന്റെ മരണത്തിന്റെ കെട്ടടങ്ങുമ്പോൾ നീ എന്റെ ആവണം. ഭാര്യ അല്ല, ഇതുപോലെ തോന്നുമ്പോൾ കേറി വരാൻ ഒരു വെപ്പാട്ടി "
അയാളിലെ ക്രൗര്യത നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.
പിന്നെ ആവേശത്തോടെ കുടിച്ചു ബോധമില്ലാതെ കിടക്കുന്ന സഹദേവന്റർ അരികിലേക്ക് നടക്കുമ്പോൾ പിറകിൽ അവളും ഉണ്ടായിരുന്നു അവനെ അനുഗമിക്കാൻ.
------------------------------------------------------------
മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് ദീപു എഴുന്നേറ്റത്. ഫോൺ കയ്യിലെടുത്തപ്പോഴേക്കും കാൾ കട്ട് ആയി. അപ്പുറത്തെ വീട്ടിലെ പ്രിയേച്ചി ആണെന്ന് മനസ്സിലായപ്പോൾ അവൻ തിരികെ വിളിക്കണോ എന്ന് ഒന്ന് അമാന്തിച്ചു. അതെ സമയം ആയിരുന്നു വാട്സാപ്പ് msg.കേറി വന്നതും. പ്രിയയുടെ നമ്പർ ആണെന്ന് മനസ്സിലായപ്പോൾ ദീപു വേഗം ആ msg.ഓപ്പൺ ചെയ്തു.
ഒരു ഞെട്ടലോടെ ആണ് അവൻ അതിലേക്ക് നോക്കിയത്. സഹദേവന്റെ കഴുത്തിൽ കയറിട്ടു മുറുക്കുന്ന ഒരാൾ. ദീപു വേഗം ചാടിയെഴുന്നേറ്റ് രേവതിയെയും വിളിച്ചുണർത്തി പുറത്തെ ലൈറ്റ് ഇട്ടതും ആ ലൈറ്റ് തെളിയാൻ വേണ്ടി കാത്തിരുന്ന പോലെ ഉറക്കെ കരഞ്ഞുകൊണ്ട് പ്രിയ വാതിൽ തുറന്ന് മുറ്റത്തേക്ക് ചാടി.
അപ്പോഴേക്കും സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിച്ച ദീപു പ്രിയയുടെ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു.
സഹദേവൻ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം എഴുനേൽക്കുമ്പോൾ പെട്ടന്നുള്ള പ്രിയയുടെ കരച്ചിലും പുറത്തേക്ക് ഉള്ള ഓട്ടവും കണ്ടു അന്തം വിട്ട് നിൽക്കുകയായിരുന്നു അവൻ. അവൾ ചതിച്ചെന്ന് മാത്രം അവന് മനസ്സിലായി. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ മുന്നിൽ ദീപു ഉണ്ടായിരുന്നു.
പിറകെ ദീപു പെട്ടന്ന് വിളിച്ചുവരുത്തിയ അടുത്തുള്ള വീട്ടിലെ മൂന്ന്നാല് പേരും.
അവരൊക്കെ പ്രിയ സംഭവം വിശദമാക്കുന്നത് കണ്ടപ്പോൾ ഒന്ന് മാത്രം മനസ്സിലായി. അവളൊരുക്കിയ കുഴി ആയിരുന്നു ഇതെന്ന്.
സ്വന്തം ശരീരത്തിൽ കൈ വെച്ചവനെ ഒഴിവാക്കുക മാത്രമല്ല, ജീവിതകാലം നരകമാക്കിതന്നവനെ കൂടി അവൾ ഒഴിവാക്കി.
അയാൾ അവളെ രൂക്ഷമായി നോക്കുമ്പോൾ മറ്റാർക്കും കാണാൻ കഴിയാത്തൊരു പുഞ്ചിരി അവളിൽ ഉണ്ടായിരുന്നു.
പീ-ഡനശ്രമവും കൊ-ലപാ-തകവും ആയി ആ വാർത്ത അരങ്ങുവാഴുമ്പോൾ അവൾ ഒന്ന് മാത്രേ ചിന്തിച്ചുള്ളൂ.
താലി കെട്ടിയവന് കൊടുത്ത ആ വാക്ക് !
" നിങ്ങളുള്ള കാലം വരെ എന്റെ ജീവിതത്തിൽ മറ്റൊരു പുരുഷനെ ഞാൻ ചിന്തിക്കില്ല. അത് നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടല്ല. എന്നിലെ പെണ്ണിനോടുള്ള വിശ്വാസം..."