ഉറക്കച്ചടവ് വിട്ടുമാറിയിട്ടില്ലാത്ത നമിതയെ ചേർത്തുപിടിച്ചുകൊണ്ട് അഭി...

Valappottukal



രചന: ഭാഗ്യലക്ഷ്മി. കെ. സി.


 പകൽ മുഴുവൻ ഉള്ള ക്ഷീണം കാരണമായിരിക്കാം രാത്രി പെട്ടെന്ന് തന്നെ ഉറക്കം വരുന്നുണ്ടായിരുന്നു. നമിത താഴെ അമ്മയുടെ അടുത്ത് ആയിരിക്കും.. 

ഭക്ഷണം കഴിച്ച് പെട്ടെന്ന് തന്നെ ഒന്നു വന്നിരുന്നെങ്കിൽ.. 

അഭി ഓരോന്നോർത്ത് കിടന്നു. കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടെങ്കിലും പാടുപെട്ട് ഉറങ്ങാതിരുന്നു. സമയം പതിനൊന്ന് മണി കഴിഞ്ഞു.


മാട്രിമോണിയൽ സൈറ്റിലും മറ്റും ഏറെ അന്വേഷിച്ചതിനുശേഷമാണ് നമിതയെ കണ്ടെത്തിയത്. കണ്ട ദിവസം മുതൽ അവളെ സ്വന്തമാക്കുന്നതായിരുന്നു തന്റെ ചിന്ത. അവരുടെ ഭാഗത്തുനിന്നും ഒരു യേസ് പറഞ്ഞുകിട്ടാൻ കുറച്ചു ദിവസങ്ങൾ എടുത്തു. അപ്പോഴൊക്കെ ഉള്ളിൽ പരിഭ്രമം ആയിരുന്നു. 

വേണ്ട എന്ന് പറഞ്ഞാലോ.. പക്ഷേ അവർ സമ്മതം പറഞ്ഞതോടെ താൻ നിലത്തൊന്നുമായിരുന്നില്ല. നമിത അതിസുന്ദരിയായിരുന്നു. കൂട്ടുകാരൊക്കെ ഫോട്ടോകണ്ട് വളരെ നല്ല അഭിപ്രായം പറഞ്ഞതോടുകൂടി വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ദിവസവും ഫോണിൽ സംസാരവും ചാറ്റും. ദിവസം പോയതറിഞ്ഞില്ല.


അമ്മേ നമിത എവിടെപ്പോയി?


കുറച്ചുനേരം കഴിഞ്ഞ് നമിതയെ കാണാത്തപ്പോൾ അഭി താഴെച്ചെന്ന് അമ്മയോട് ചോദിച്ചു. അമ്മ ഓരോന്ന് എടുത്തുവെച്ച് അടുക്കള പൂട്ടാനൊരുങ്ങുകയായിരുന്നു.

മുറ്റത്തുനിന്നും ചിലരോടൊക്കെ സംസാരിച്ചു നിൽക്കുകയായിരുന്ന അച്ഛനും അകത്തേക്ക് കയറി വന്ന് ചോദിച്ചു: എന്താടാ, അവൾ എവിടെ?


താഴെയുള്ള ബെഡ്റൂമിൽ നിന്നും കുഞ്ഞിനെ ഉറക്കുകയായിരുന്ന അനുജത്തി എഴുന്നേറ്റ് വന്ന് ചോദിച്ചു: ചേട്ടാ, നമിതേടത്തി മുകളിൽ ഇല്ലേ?


എല്ലാവരുടെ മുഖത്തും പരിഭ്രമം പടർന്നു. ചിലപ്പോൾ കുളിക്കുകയായിരിക്കും, നീയൊന്ന് ടോയ്‌ലറ്റിന് അടുത്ത് പോയി നോക്കൂ..


അതു കേട്ടതും അഭി മുകളിലെ ബെഡ് റൂമിൽ വന്ന് ടോയ്‌ലെറ്റിൽ നോക്കി. അതിൽ ആരുമില്ല.  വീണ്ടും താഴെ വന്നുപറഞ്ഞു: 


നമിത മുകളിൽ ഇല്ല. 


എല്ലാവ൪ക്കും ആകെ പരിഭ്രമമായി. പുറത്തും മുറ്റത്തും എല്ലായിടത്തും നോക്കി. അവളുടെ ഫോണിൽ കോൾ ചെയ്തു നോക്കി. ഫോൺ ബെഡ്റൂമിൽ നിന്നും റിംഗ് ചെയ്യുന്നുണ്ട്. അഭി അമ്മയോട് പറഞ്ഞു:


അമ്മേ നമിതയുടെ ഫോൺ ഇവിടെയുണ്ട്. 


വിവാഹത്തിന് കൂടാൻ വന്ന ഒരു വലിയമ്മയാണ് ചോദിച്ചത്: 


അവൾക്ക് വിവാഹത്തിന് സമ്മതമായിരുന്നില്ലേ അഭി?

ഇനി വേറെ വല്ല ബന്ധവും... 

ഇറങ്ങിപ്പോയോ ആരുടെ കൂടെയെങ്കിലും?


സംഭാഷണം അത്രത്തോളമെത്തിയപ്പോൾ അഭി തളർന്ന് കസേരയിലിരുന്നു. അവന് തലകറങ്ങുന്നതുപോലെ തോന്നി. തന്നെ പറ്റിച്ചുവോ അവൾ... 

ഒരു ഇഷ്ടക്കേടും തന്നോട് ഇതുവരെ കാണിച്ചിട്ടില്ല സംസാരത്തിൽ... 

വളരെ സന്തോഷത്തോടെയാണല്ലോ പെരുമാറിയിരുന്നത്. അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ പറഞ്ഞു: 


അയ്യോ എനിക്ക് ആ കുട്ടിയെ അങ്ങനെ തോന്നിയിട്ടില്ല. എന്റെ  മോനോട് വലിയ ഇഷ്ടമാണ് അവൾക്ക്. നിങ്ങൾ വേഗം നമിതയുടെ വീട്ടിൽ വിളിച്ച് വിവരം പറയൂ. 


അഭിയുടെ അച്ഛൻ അതുകേട്ടതും നമിതയുടെ വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അവർ അവിടെ ഉറങ്ങാൻ ഒരുങ്ങുകയായിരുന്നു. കേട്ടപാതി കേൾക്കാത്തപാതി അവളുടെ അച്ഛനും അമ്മയും സഹോദരനും കാറുമെടുത്ത് വന്നു. വീടുമുഴുവൻ തിരഞ്ഞു.


അവരും ആകെ പരിഭ്രാന്തരായി. പോലീസിനെ വിളിക്കാമെന്ന് അഭിപ്രായമുയർന്നു. തൊട്ടയൽപ്പക്കത്തുപോലും ആരോടും പറയാതെ നിൽക്കുകയായിരുന്നു അഭിയുടെ അച്ഛൻ. മുറ്റത്തുള്ള ഒന്ന് രണ്ടു സുഹൃത്തുക്കൾ പറഞ്ഞു: 


അവരോടും ഒക്കെ ഒന്ന് ഇങ്ങോട്ട് വരാൻ പറയൂ..


പത്ത് മിനിറ്റിനകം പോലീസുകാരും വീട്ടിന് ചുറ്റുമുള്ള നാല് അയൽപക്കക്കാരും അവരുടെ വീടിന്റെ മുറ്റത്ത് എത്തി. എല്ലാവരും കൂടിയിരുന്നാലോചിച്ചു. എങ്ങോട്ട് അന്വേഷിക്കും? ആരെ വിളിക്കും? ആരോ ചോദിച്ചു: 


അഭി, അവളുടെ അടുത്ത സുഹൃത്തുക്കളെ ആരെങ്കിലും അറിയുമോ? 


അഭി നിഷേധാർത്ഥത്തിൽ തലയാട്ടി. എന്താ വേണ്ടതെന്ന് അവന് ഒരു പിടിയും ഉണ്ടായിരുന്നില്ല. എസ് ഐ പറഞ്ഞു: 


അവളെ ഏറ്റവുമൊടുവിൽ കണ്ടത് എവിടെയാണ്?  എനിക്ക് ആ സ്ഥലം ഒന്ന് പരിശോധിക്കണം. 


അമ്മ പറഞ്ഞു: 


താഴെ നിന്ന് ഭക്ഷണം കഴിച്ച് അവൾ മുകളിലേക്ക് പോയതാണല്ലോ... 

ഞാൻ ആണ് അവളെ അവസാനമായി കണ്ടത്.


അഭി എന്ത് ചെയ്യുകയായിരുന്നു അവൾ മുറിയിലേക്ക് വരുമ്പോൾ? 


അഭി പറഞ്ഞു:


അവൾ മുറിയിലേക്ക് വന്നിട്ടില്ല.  ഞാൻ കുളിക്കുകയായിരുന്നു. കുളിച്ചു വന്നതിനുശേഷം ഞാൻ അവളെയും കാത്ത് ഇത്രനേരവും ഇരിക്കുകയായിരുന്നു.


എസ് ഐയും കൂടെ രണ്ടു പോലീസുകാരും  വീടിനകംമുഴുവൻ അരിച്ചുപെറുക്കി. അടുക്കളയും ബെഡ്റൂമും ടോയ്‌ലറ്റും എല്ലാം നോക്കി. മുകൾനിലയിൽ അഭിയുടെ ബെഡ്റൂമിലേക്ക് പോകുന്ന ഇടനാഴിയിൽനിന്ന് പുറത്തേക്ക് ഒരു വാതിൽ ഉണ്ടായിരുന്നു. എസ് ഐ അത് തുറന്നു:


ഇവിടെ നോക്കിയതാണോ? 


എസ് ഐയുടെ ചോദ്യത്തിന് അഭിയുടെ അച്ഛൻ ഉത്തരം പറഞ്ഞു: 


ആ വാതിൽ തുറക്കാൻ ഇത്തിരി പ്രയാസമാണ്, അതുകൊണ്ട്  ബാൽക്കണിയിലേക്ക് ആരും അധികം അങ്ങനെ ഇറങ്ങാറില്ല...


എന്നാൽ നിങ്ങളുടെ മരുമകൾ ആദ്യമായി അങ്ങനെ ഇറങ്ങിയിരിക്കുന്നു. തുറക്കാൻ വയ്യാത്ത ആ വാതിൽ അവൾ തുറന്നിരിക്കുന്നു. ഇതാ ഇവിടെയുണ്ട്  നമിത. 


എസ് ഐ പറഞ്ഞത്കേട്ട് എല്ലാവരും  അവിടെ ഓടിച്ചെന്നു നോക്കി. നമിത ചുമരും ചാരിയിരുന്ന് ചാരുപടിയിൽ ഉറങ്ങുകയായിരുന്നു. ആ പകലത്തെ ക്ഷീണം അവളെയും വല്ലാതെ ഉലച്ചിരുന്നു. കല്യാണപ്പന്തൽ കെട്ടിയിരുന്നതുകാരണം മുറ്റത്ത് നിന്നും ആ൪ക്കും അവളവിടെ ഇരിക്കുന്നത് കാണാനും കഴിഞ്ഞില്ല.


പെട്ടെന്ന് തന്നെ അഭി എല്ലാവരോടുമായി പറഞ്ഞു: 


അവളെ പെട്ടെന്ന് ഉണർത്തി വിഷമിപ്പിക്കേണ്ട... 

നിങ്ങളെല്ലാവരും പൊയ്ക്കോളൂ, ഞാൻ പതുക്കെ വിളിച്ചോളാം.. 


നമിതയുടെ അച്ഛനും അമ്മയ്ക്കും അത് ശരിയാണെന്ന് തോന്നി. അവർ പറഞ്ഞു: 


ഞങ്ങൾ ഇവിടെ വന്നത്ഒന്നും ഇപ്പോൾ പറയേണ്ട, ഞങ്ങൾ പോവുകയാണ്.. 


എസ് ഐയും രണ്ട് പൊലീസുകാരും പുഞ്ചിരിച്ചുകൊണ്ട് ഗോവണി ഇറങ്ങിനടന്നു. അച്ഛനും അമ്മയും അനിയത്തിയും വേഗം താഴേക്കിറങ്ങി പോന്നു.


അഭി നമിതയുടെ അടുത്തിരുന്ന് പതുക്കെ അവളുടെ തോളിൽ തൊട്ടു. 


പതുക്കെ വിളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. ഇത്രയുംനേരം നടന്ന കോലാഹലം ഒന്നും അവളറിഞ്ഞില്ല എന്നതോ൪ത്ത് അഭിക്ക് ചിരി വരുന്നുണ്ടായിരുന്നു. പക്ഷേ പതുക്കെ ആ ചിരി മാറ്റിവെച്ചുകൊണ്ട് അവൻ ചോദിച്ചു: 


ഇവിടെ ഇരുന്ന് ഉറങ്ങിയാൽ മതിയോ? കിടക്കണ്ടേ? 


അവൾ കണ്ണുതുറന്ന് മാനത്തേക്ക് വിരൽചൂണ്ടി.


എന്ത് രസാ, നോക്കിയേ... 


അഭി തിരിഞ്ഞ് ആകാശത്തേക്ക് നോക്കി. പൂർണചന്ദ്രൻ നിലാവ് പൊഴിച്ചുകൊണ്ട് പുഞ്ചിരിച്ചു നിൽക്കുന്നു....

നിറയെ നക്ഷത്രങ്ങളും.

ഉറക്കച്ചടവ് വിട്ടുമാറിയിട്ടില്ലാത്ത  നമിതയെ ചേർത്തുപിടിച്ചുകൊണ്ട് അഭി പറഞ്ഞു: 


കുറച്ചു മുൻപ് ഞാൻ നക്ഷത്രമെണ്ണിയതേ  ഉള്ളൂ...

To Top