മുൻപരിചയം ഇല്ലാത്ത ഒരാളോടൊപ്പം ശ- രീരം പങ്കുവെച്ചുകൊണ്ടാണോ...

Valappottukal


രചന: Rexona Reyben


"മുൻപരിചയം ഇല്ലാത്ത ഒരാളോടൊപ്പം ശരീരം പങ്കുവെച്ചുകൊണ്ടാണോ നിങ്ങൾ പുതിയ  ജീവിതത്തിലേക്ക് കടക്കുന്നത് "


 ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയുള്ള നിക്കോളിന്റെ ചോദ്യം കേട്ടതും ആളുകൾ എല്ലാം അവളെ ഒരു അത്ഭുതജീവിയെ പോലെ നോക്കി.


"ഒരു പരിചയവും ഇല്ലാത്ത ആളെ മാരി ചെയുന്നു..ലൈഫ് പാർട്ണർ ആക്കുന്നു..,അയാളുടെ കൂടെ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിലേക്ക് ചെല്ലുന്നു... അവിടെ അവൾക്ക് അറിയാത്ത കുറെ പുതിയ ആളുകൾ.... അവരോടൊക്കെ ഇടപഴകുന്നു... പിന്നെ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കുന്നു..... ഇങ്ങനെ ആണല്ലേ ഇന്ത്യൻ മാര്യേജ്...".അവൾ അത്ഭുതം കൂറുന്ന മിഴികളോടെ എന്നെ നോക്കി.


  " ഇവിടുത്തെ രീതി അങ്ങനെ ആണ് നിക്കോൾ... " എല്ലാവരുടെയും നോട്ടം അവളിലേക്ക് വീണതും ഞാൻ ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു.


 " വാട്ട്‌..... ഇവിടെ എല്ലാവരും ഇങ്ങനെ ആണോ...... നിന്റെ മാര്യേജും ഇങ്ങനെ തന്നെ ആയിരിക്കുമോ രോഹിത്.. "


 അമ്പരന്നുള്ള അവളുടെ ചോദ്യവും അതോടൊപ്പം വീട്ടുകാരുടെ തുറിച്ചുള്ള നോട്ടവും കണ്ടതോടെ ആരെയോ call ചെയുന്നു എന്ന വ്യാജേന ഞാൻ പതിയെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പുറത്തേക്ക് നടന്നു.   അപ്പോഴും കണ്ടു അത്ഭുതം നിറഞ്ഞ മുഖത്തോടെ എന്റെ അനിയത്തിയോട് ഓരോന്നൊക്കെ ചോദിച്ചു മനസിലാക്കുന്ന നിക്കോളിനെ.


   

  സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിദുബായിൽ ചെന്നപ്പോഴാണ് ഞാൻ ആദ്യമായി നിക്കോൾ എന്ന ഫിലിപിനോ പെൺകുട്ടിയേ പരിചയപ്പെടുന്നത്. ഞങ്ങളുടെ ടീമിലെ ഏറ്റവും energetic ആയ പെൺകുട്ടി.പൊതുവെ സംസാര പ്രിയനായ  ഞാനുമായി വളരെ പെട്ടന്ന് തന്നെ  അവൾ കൂട്ടായി.


നാട്ടിലെ വിശേഷങ്ങളും കാര്യങ്ങളും ഒക്കെ എന്നോട് ചോദിച്ചറിയാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. ഇന്ത്യയിൽ കേരളം എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നതെന്നും അത് ദൈവത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെടുന്നതെന്നുമൊക്കെ പറഞ്ഞതോടെ നിക്കോളിന് കേരളത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നായി.കേരളത്തിലെ അറിയപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും വിവിധ ഭക്ഷണങ്ങളെക്കുറിച്ചും ഒക്കെ എവിടെയോ കേട്ട പരിചയം മാത്രം ഉള്ള അവളോട് അവയെക്കുറിച്ചൊക്കെ ഞാൻ  വിശദമായി പറഞ്ഞു കൊടുത്തു.


ഞാൻ പറയുന്ന ഓരോ കാര്യങ്ങളും കേട്ട് ത്രിൽ അടിച്ചുള്ള നിക്കോളിന്റെ ഇരിപ്പും ഭാവവും ഒക്കെ കാണുംതോറും എനിക്കും ആവേശം കയറി. പൊടിപ്പും തൊങ്ങലും വെച്ചു ഓരോന്നൊക്കെ ഞാൻ പൊലിപ്പിച്ചു പറയുംതോറും എന്റെ വാക്കുകളിലൂടെ അവൾ കേരളത്തെയും മലയാളികളെയും ഇഷ്ട്ടപ്പെട്ടു തുടങ്ങി.


"രോഹിത്.... യു ആർ സൊ ലക്കി....ഇത്രേം ബ്യൂട്ടിഫുൾ ആയ സ്ഥലവും ആളുകളും ഒക്കെ ആണല്ലോ നിങ്ങളുടെ നാട്ടിൽ ഉള്ളത്....എനിക്കും അവിടെക്ക് വരാൻ തോന്നുന്നു.. " അവൾ ഉത്സാഹത്തോടെ പറഞ്ഞു. 


 " പിന്നില്ലാതെ.... ഇതുപോലെ കംഫർട്ടബിൾ ആയ സ്ഥലവും ആൾക്കാരും വേറെ എങ്ങും ഉണ്ടാവില്ല... ഞങ്ങളുടെ നാട്ടിലെ ആഘോഷങ്ങൾ,ആചാരങ്ങൾ,ഉത്സവങ്ങൾ, ഭക്ഷണം, കാലാവസ്ഥ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഇതൊക്കെ വന്നു കണ്ടാൽ മാത്രേ മനസിലാക്കൂ.... " ഞാൻ പറഞ്ഞു. 


 " ഒ ഗോഡ്.....ഐ വിഷ് ടു മാരി എ മല്ലു...അപ്പോൾ എനിക്ക് ഇതൊക്കെ അനുഭവിക്കാമല്ലോ.... " അവൾ സ്വയം പറഞ്ഞത് കേട്ടതും എന്റെ ഉള്ളിലുള്ള കോഴികുഞ്ഞ് തല പൊക്കി.  വെറുതെ ഒന്ന് ലൈൻ വലിച്ചു നോക്കിയാലോ എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ..  ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു ഇന്റർനാഷണൽ ദാമ്പത്യജീവിതം ഞാൻ സ്വപ്നം കണ്ടു.


 അങ്ങനെഇരിക്കുമ്പോഴാണ് അമ്മാവന്റെ മോൾ അഞ്ജലിയുടെ കല്യാണം ഉറപ്പിക്കുന്നത്. നാട്ടിലേക്ക് പോയിട്ട് രണ്ടു മൂന്ന് വർഷം ആയത് കൊണ്ട് തന്നെ എല്ലാവരെയും ഒന്ന് കണ്ടിട്ട് വരാമെന്നു കരുതി ലീവിനു അപ്ലൈ ചെയ്തു. എന്നാൽ എന്നോടൊപ്പം നാട്ടിലേക്ക് വരാനായി നിക്കോളും ലീവിന് അപ്ലൈ ചെയ്തപ്പോഴാണ് കാര്യങ്ങളുടെ സീരിയസ്നെസ് എനിക്ക് മനസിലായത്.


 ഞാൻ കുറെ പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും കേരളത്തിൽ വരണം എന്നുള്ള അവളുടെ വാശിയ്ക്ക് മുന്നിൽ എനിക്ക് മറ്റു വഴികൾ ഇല്ലാതെ ആയി. അവസാനം കല്യാണം കൂടാനായി അവളെയും കൂട്ടി ഞാൻ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി.നാട്ടിലേക്ക് വരാൻ തീരുമാനിച്ചതു മുതൽ അത്യാവശ്യം വേണ്ടുന്ന മലയാളം വാക്കുകൾ ഒക്കെ അവൾ എന്നോട് ചോദിച്ചറിഞ്ഞു പഠിച്ചുകൊണ്ടിരുന്നു. ഫ്ലൈറ്റിൽ ഇരുന്നു അതൊക്കെ എന്നോട് സംസാരിച്ചു പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 


   രാവിലെ എയർപോർട്ടിൽ വന്നിറങ്ങി വീട്ടിലേക്ക് ടാക്സി പിടിക്കാൻ നോക്കിയപ്പോഴാണ് അറിയുന്നത് ഓട്ടോ ടാക്സി മിന്നൽ പണിമുടക്ക് ആണെന്നുള്ള കാര്യം.  പിന്നെ ലഗേജും തൂക്കി ആനവണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു.

 കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ബസിന്റെ പിൻസീറ്റിൽ ഇരുന്നുള്ള യാത്ര വല്ലാതെ ഇഷ്ടപ്പെട്ടത് കൊണ്ടാകും, നിക്കോൾ പെട്ടന്ന് തന്നെ എഴുന്നേറ്റ് മുൻസീറ്റിലേക്ക് മാറിഇരുന്നത്. 


 "കേരളത്തിലെ മികച്ച ട്രാൻസ്‌പോർടെഷനെക്കുറിച്ച് ഞാൻ പറഞ്ഞതൊക്കെ അവൾ ഓർക്കുന്നുണ്ടാകുമോ എന്തോ.... "


   വീടിനു അടുത്തുള്ള സ്റ്റോപ്പിൽ ബസ് ഇറങ്ങിയപ്പോഴാണ് അടുത്ത രസം. ആളുകൾ എല്ലാം എന്നെയും അവളെയും മാറി മാറി നോക്കുന്നു. നിക്കോൾ ആണെങ്കിൽ ആളുകളെ എല്ലാം നോക്കി ചിരിച്ചു കാട്ടുന്നുണ്ട്. ലഗേജും പിടിച്ചുള്ള വരവും എന്റെ മുഖത്തെ പരിഭ്രമവും ഒക്കെ കണ്ടിട്ടാകണം  ഞാൻ ഒരു പെണ്ണിനേയും വിളിച്ചു കൊണ്ട് വന്നെന്ന് ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് എത്തുന്നതിനു മുൻപ് തന്നെ വീട്ടുകാർ എല്ലാവരും അറിഞ്ഞു.


ഞങ്ങൾ വരുന്നതും കാത്ത് എല്ലാവരും വീടിന് മുറ്റത്ത് നിൽക്കുന്നത് കണ്ടപ്പോഴേ ഞാൻ ഊഹിച്ചു കാര്യങ്ങൾ അത്ര പന്തിയല്ലന്ന്.


 " ഇവൾ ആരാടാ.... നിനക്ക് ഇവളുമായി എന്താ ബന്ധം.... " ഞങ്ങളെ കണ്ടതും അമ്മാവൻ ചോദിച്ചു. തൊട്ട് പിറകിൽ കരച്ചിലോടെ അമ്മയും അമ്മായിയും ഒക്കെ ഉണ്ട്.


എന്റെ നാട്ടിലെ ആഥിതേയ മര്യാദ കണ്ടു നിക്കോൾ അമ്പരന്ന് കാണണം


 വീട്ടുകാരുടെ ചോദ്യങ്ങൾക്കും  കണ്ണീരിനുമൊക്കെ ഇടയിൽ ഞാൻ പറഞ്ഞൊപ്പിച്ചു ഇവൾ എന്റെ കൂടെ വർക്ക്‌ ചെയ്യുന്നത് ആണെന്നും നാട് കാണാനായി കൂട്ടികൊണ്ട് വന്നത് ആണെന്നൊക്കെ.


 വലിയ താല്പര്യം ഇല്ലെങ്കിലും അമ്മായിമാർ ഒക്കെ ചേർന്ന് അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. പിന്നാലെ ഞാനും.


  ചിലർക്കൊന്നും നിക്കോളിനെ തീരെ ഇഷ്ടം ആയില്ല. പക്ഷെ അവൾ എല്ലാവരോടും സംസാരിക്കാൻ ശ്രമിച്ചും എല്ലാവർക്കും ഒപ്പം കൂടിയും നടന്നു.


കല്യാണതിരക്കുകൾ തുടങ്ങിയത് മുതൽ നിക്കോൾ വലിയ ഉത്സാഹത്തിൽ ആയിരുന്നു. അനിയത്തിയോടും കസിൻസിനോടുമൊക്കെ അവൾ പെട്ടന്ന് തന്നെ കൂട്ടായി. അവരെക്കൊണ്ട് സാരി ഒക്കെ ഉടുപ്പിച്ചു തലയിൽ മുല്ലപ്പൂ ചൂടി ഓർണമെൻറ്സ് ഒക്കെ അണിഞ്ഞു ഞങ്ങളിൽ ഒരാളായി ഇഴുകിച്ചേരാൻ അവൾ ശ്രമിച്ചു.  


 ഒരു ദിവസം കുടുംബത്തിലെ ബന്ധുക്കൾ എല്ലാവരും ചേർന്നിരുന്നു കല്യാണകാര്യം ചർച്ച ചെയ്യുന്നതിന് ഇടയിൽ ആണ് അമ്മാവന്റെ മകളോട് അവൾ എങ്ങനെ തന്റെ വരനെ കണ്ടെത്തി എന്ന് നിക്കോൾ ചോദിച്ചത്.


 " അച്ഛനും അമ്മാവന്മാരും ഒക്കെ പോയി ആളെ കണ്ടു. അവർക്ക് ഇഷ്ടമായി. പിന്നെ ആൾ വീട്ടുകാരോടൊപ്പം വന്നു എന്നെ കണ്ടു. സംസാരിച്ചു. കല്യാണത്തിന് ok പറഞ്ഞു... " അവൾ പറഞ്ഞു.


 " കണ്ട ഉടനെ ഇഷ്ടം ആണെന്ന് പറഞ്ഞോ... " നിക്കോൾ ചോദിച്ചു


 " കണ്ടു... ഇഷ്ടമായി.... അങ്ങനെ കല്യാണം ഉറപ്പിച്ചു..."


 " വുഡ്ബിയെ കുറിച്ച് എന്തൊക്കെ കാര്യങ്ങൾ അറിയാം... " നിക്കോൾ വീണ്ടും ചോദിച്ചു


"വീട്,വീട്ടുകാർ,ജോലി, ഇതൊക്കെ അറിയാം..പിന്നെ ബാക്കിയൊക്കെ കല്യാണത്തിന് ശേഷം അറിയാലോ... ഒരു ജീവിതം മുഴുവനും ഉണ്ടല്ലോ പരസ്പരം മനസിലാക്കാൻ..." അവൾ പറഞ്ഞത് കേട്ടതും നിക്കോൾ അമ്പരന്ന് പോയിരുന്നു.

അപ്പോഴാണ് അവൾ  " ഒരു പരിചയവും ഇല്ലാത്തവർ ശരീരം പങ്കിട്ടാണോ ഇവിടെ വിവാഹജീവിതം തുടങ്ങുന്നതെന്ന് "ചോദ്യം ചോദിച്ചത്. 

 

   വീട്ടുകാർ ഓരോന്നൊക്കെ മുറുമുറുക്കാൻ തുടങ്ങിയതും ഞാൻ കൂട്ടുകാരോടൊപ്പം പുറത്തേക്ക് പോയി. രാത്രി ഒരുപാട് വൈകിയാണ് വീട്ടിലേക്ക് തിരിച്ചു വന്നത് തന്നെ.


  തുടർന്നുള്ള ദിവസങ്ങളിൽ എല്ലാവരും കല്യാണ തിരക്കുകളിൽ ആയിരുന്നു. വീട്ടിലെ ഓരോ ചടങ്ങുകളും ക്യാമെറയിൽ പകർത്തിക്കൊണ്ട് നിക്കോളും വീടിനുള്ളിലൂടെ ഓടി നടന്നു. അവൾക്ക് ഭയങ്കര സന്തോഷം ആയിരുന്നു. ഇത്തരത്തിൽ ഉള്ള ചടങ്ങുകളും മറ്റും കാണുന്നതിലും അതിൽ പങ്കാളി ആവുന്നതിലും.


 അവൾ മുട്ട് വരെയുള്ള ട്രൗസർ ധരിച്ചു നടക്കുന്നതും, പുഴയിൽ നീന്തി കുളിക്കുന്നതും, മരത്തിൽ കയറി മാങ്ങ പൊട്ടിക്കുന്നതും, വീട്ടിലെ ആണുങ്ങൾക്ക് ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നതും ഒക്കെ മറ്റുള്ളവർക്ക് അനിഷ്ടം ഉണ്ടാക്കി.


 ഞാൻ എന്തെങ്കിലും പറഞ്ഞാൽ " അതിലിപ്പോ എന്താ തെറ്റെന്നു " അവൾ ചോദിക്കും.


" ശെരിയാണ്... അതിലിപ്പോ എന്താണ് തെറ്റ്... വിശക്കുമ്പോൾ അല്ലെ ഭക്ഷണം കഴിക്കേണ്ടത്.. ആണുങ്ങൾ എല്ലാം കഴിച്ചതിനു ശേഷം പെണ്ണുങ്ങൾ കഴിച്ചാൽ അവരുടെ വിശപ്പ് മാറിപോകുകയൊന്നും ഇല്ലല്ലോ...!അവൾക്ക് comfortable ആയ വസ്ത്രം ആണ് അവൾ  ധരിക്കുന്നത്.സ്വകാര്യഭാഗങ്ങൾ മറയുന്ന രീതിയിൽ തന്നെയാണത്... പിന്നെന്താ അതിൽ പ്രശ്നം... വെറുമൊരു തോർത്തു മാത്രം ഉടുത്തു കുളത്തിൽ ആണുങ്ങൾ നീന്തികുളിക്കുമ്പോൾ ഉണ്ടാകാത്ത എന്ത് പ്രശ്നമാണ് ഡ്രസ്സ്‌ ഇട്ട് നീന്തിക്കുളിക്കുന്ന നിക്കോളിന് ഉണ്ടാകുന്നത്.... " ഞാൻ സ്വയം ചിന്തിച്ചു. 


  "  മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെങ്കിൽ നമ്മുടെ ഏത് ഇഷ്ടവും മാറ്റിവെയ്‌ക്കേണ്ടത് ഇല്ല... അവർക്ക് എന്ത് തോന്നും എന്ന് കരുതി നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വെയ്ക്കാനും പാടില്ല... " നിക്കോൾ എന്നോട് പറയും.


  അവളുടെ ആറ്റിട്യൂട് ഒക്കെ എനിക്ക് ഇഷ്ടമാകാൻ തുടങ്ങി. കാരണം മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ത് കരുതും എന്നൊക്കെ ഓർത്തു ജീവിച്ചവൻ ആയിരുന്നു ഞാൻ. നിക്കോൾ ആകട്ടെ എന്നിൽ നിന്നും തീർത്തും വ്യത്യസ്ത.


അവളോടൊപ്പം കൂടിയതിൽ പിന്നെ എനിക്കും ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി.


ആരെന്തു വിചാരിക്കും എന്നോർത്തു ഇരിക്കാതെ എന്റെ മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ഞാൻ ചെയ്തു തുടങ്ങി.അതിൽ ഞാൻ സംതൃപ്‍തനും ആയിരുന്നു.


  

 അഞ്ജലിയുടെ കല്യാണം കഴിഞ്ഞു പോകുന്നത് വരെയും കുടുംബത്തിലെ ഒരു അംഗത്തെപോലെ നിക്കോൾ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഓടി നടന്നു എല്ലാം ചെയ്യാനും അതിഥികളെ സ്വീകരിക്കാനുമൊക്കെ ബന്ധുക്കളോടൊപ്പം അവളും കൂടി. മലയാളം പറയുന്നതിൽ അവൾ വരുത്തുന്ന തെറ്റുകൾ ഒക്കെ മറ്റുള്ളവർക്ക് എല്ലാം രസം പകരുന്നത് ആയിരുന്നു. പിന്നെ വീട്ടുകാർ തന്നെ അവൾക്ക് തെറ്റ് തിരുത്തി കൊടുക്കാൻ തുടങ്ങി. മെല്ലെ മെല്ലെ എല്ലാവർക്കും അവളോട് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങി. ആക്കൂട്ടത്തിൽ എനിക്കും.

 അവളോടൊപ്പം ഇങ്ങനെ മുന്നോട്ട് പോകാനും കൂടെ നിർത്താനുമൊക്കെ വല്ലാത്ത ആഗ്രഹം തോന്നി.


 രണ്ട് മാസത്തെ ലീവ് തീർന്നു തിരികെ പോകാൻ നേരം വീട്ടുകാരെല്ലാം കണ്ണീരോടെ ആണ് അവളെ യാത്രയാക്കിയത്. നിക്കോളിനെ അത്രത്തോളം അവരെല്ലാം ഇഷ്ടപ്പെട്ടിരുന്നു. വീണ്ടും വരാമെന്ന് ഉറപ്പ് പറഞ്ഞു ഞങ്ങൾ തിരികെ ഫ്ലൈറ്റ് കയറി. 


  " യു ഇന്ത്യൻ ഗയ്‌സ് ആർ സൊ ഡിഫറെൻറ്.... ആളുകളെ സ്വീകരിക്കുന്നതും യാത്രയാക്കുന്നതും കരഞ്ഞുകൊണ്ടാണ്... "  നിക്കോൾ പറഞ്ഞതും എനിക്ക് ചിരി വന്നു.


 തിരികെ ദുബായിൽ എത്തി വീണ്ടും ഞങ്ങൾ ജോലിയ്ക്ക് കയറി. ദിവസങ്ങൾ കഴിയുംതോറും എനിക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം ഉടലെടുത്തു.  അവൾക്ക് എന്നോടും ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന് ഞാൻ മനസിലാക്കി.


 "എനിക്ക് നിന്നോട് പ്രേമം തോന്നുന്നുവെന്നും കല്യാണം കഴിക്കണമെന്നുണ്ടെന്നും ഒരു ദിവസം ഞാൻ നേരിട്ട് അവളോടത് പറഞ്ഞു.

  പക്ഷെ അവളെന്നെ ഞെട്ടിച്ചു


  " ഇപ്പോൾ എനിക്ക് നിന്നോടും നിനക്ക് എന്നോടും തോന്നുന്നത് പ്രണയം അല്ലെന്നും വെറും ആകർഷണീയത മാത്രം ആണെന്നും അവൾ പറഞ്ഞു " 


 " നമ്മൾ തമ്മിൽ കുറച്ചു നാളത്തെ പരിചയമേ ഉള്ളു.. ആ പരിചയത്തിന്റെ പുറത്തു ഉണ്ടാകുന്ന ഇഷ്ടം.... അവയെ പ്രണയം എന്നൊക്കെ എന്നൊക്കെ പറയുന്നത് പൊട്ടത്തരമാണ്... ഇറ്റ് ഈസ്‌ ജസ്റ്റ്‌ ആൻ ഇൻഫാക്ച്ചുവേഷൻ...അത് പ്രണയം ആണെന്ന് കരുതി കല്യാണം കഴിച്ചാൽ കുറച്ചു നാളുകൾ കഴിയുമ്പോൾ മടുത്തു പോകും..വേണ്ടിയിരുന്നില്ല എന്ന് തോന്നും...എടുത്ത ഡിസിഷൻ തെറ്റായിരുന്നു എന്ന് തോന്നും..അപ്പോഴാണ് love മാര്യേജ് ഒക്കെ ഫെയിൽ ആകുന്നത്.." നിക്കോൾ പറഞ്ഞു.


  " പക്ഷെ പ്രണയം അങ്ങനെ അല്ല... ഒറ്റ നോട്ടത്തിലോ ആദ്യ കാഴ്ചയിലോ ഉണ്ടാകുന്നത് പ്രണയം ആണെന്ന് എനിക്ക് തോന്നുന്നില്ല...ഒരു വ്യക്തിയുടെ സ്വഭാവം,കാഴ്ചപ്പാടുകൾ, അവരുടെ ജീവിത രീതി, കഴിവുകൾ, കുറവുകൾ, പോരായ്മകൾ, തെറ്റുകുറ്റങ്ങൾ, എന്നിവയെല്ലാം അറിഞ്ഞതിനു ശേഷം... ഒരു വ്യക്തിയെ പൂർണമായി മനസിലാക്കിയതിനു ശേഷവും അവരോട് ഇഷ്ടം തോന്നുന്നെങ്കിൽ, ഒരു അവസ്ഥയിലും അവരെ വിട്ടു പോകാൻ നിങ്ങൾക്കോ, നിങ്ങളെ വിട്ടു പോകാൻ അവർക്കൊ കഴിയില്ലെന്ന് തോന്നുന്നെങ്കിൽ അതാണ് പ്രണയം..അങ്ങനെ ഉള്ളവരുടെ മാരീഡ് ലൈഫ് ഒരിക്കലും ഫെയിൽ ആകില്ല.. അവർക്ക് മടുപ്പ് ഉണ്ടാകില്ല... അവിടെ ലൈഫ് ലോങ്ങ്‌ പ്രണയം ഉണ്ടാകും... "


നിക്കോൾ പറഞ്ഞു തീർന്നതും ഞാനവളെ നോക്കിയിരുന്നു പോയി.


  " എനിക്ക് രോഹിത്തിനോടൊപ്പം ഉള്ള മോമെൻറ്സ് എല്ലാം വളരെ ഇഷ്ടമാണ്... നീ കൂടെ ഉള്ളപ്പോ ഞാൻ ഹാപ്പി ആണ്.. ഞാൻ കൂടെ ഉള്ളപ്പോ നീയും ഹാപ്പി ആണെന്ന് എനിക്കറിയാം...ഇപ്പോൾ നമുക്ക് തോന്നും കല്യാണം കഴിച്ചാൽ ഈ ഹാപ്പിനെസ്സ് എന്നും നിലനിൽക്കുമെന്ന്...... പക്ഷെ അതൊരു തെറ്റായ ചിന്ത ആണ്.. "


  "റിയൽ ലൈഫിലേക്ക് കടക്കുമ്പോ നമുക്ക് ഒരുപാട് കാര്യങ്ങളെ ഫേസ് ചെയ്യേണ്ടി വരും.നമ്മൾ lovers എന്നതിലുപരി ഹസ്ബൻഡ് & വൈഫ്‌ ആകുവാണ്‌.. ആ സമയത്ത് ഈ ഹാപ്പിനെസ്സ് ഉണ്ടായെന്ന് വരില്ല. പരസ്പരം ഉള്ള കുറവുകൾ കണ്ടെത്താനും അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരാനും നോക്കും... അപ്പോൾ അതൊരു ബിഗ് ഫെയിലിയർ ആകും.... അതിലും എത്രയോ നല്ലതാണ് ആദ്യം പരസ്പരം മനസിലാക്കി രണ്ടു പേരുടെയും പ്ലസ് & മൈനസ് എല്ലാം അറിഞ്ഞുവെച്ചു, നമ്മൾ തമ്മിൽ ചേർന്ന് പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കല്യാണം കഴിക്കുന്നത്.... അങ്ങനെ ആണെങ്കിൽ ആ ലൈഫ് ഫുൾ ഹാപ്പിനെസ്സ് ഉണ്ടാകും.... അവിടെ മാത്രമേ ഹാപ്പിനെസ്സ് ഉണ്ടാകൂ.... ഇല്ലെന്നുണ്ടെങ്കിൽ രണ്ടു പേരുടെയും ജീവിതം മുഴുവൻ അഡ്ജസ്റ്മെന്റ് ആയിപ്പോകും..... എന്നെ സംബന്ധിച്ചിടത്തോളം അഡ്ജസ്റ്റ്മെൻറ്റിനേക്കാൾ നല്ലത് അണ്ടർസ്റ്റാൻഡിങ് ആണ്..."


" നമ്മൾ തമ്മിൽ നല്ലൊരു അണ്ടർസ്റ്റാൻഡിങ് ഉണ്ടെങ്കിൽ നമുക്കിടയിലെ പ്രണയം എന്നും നില നിൽക്കും..അല്ലാതെ പ്രണയിച്ചു പോയതല്ലേ...ഇനി അഡ്ജസ്റ്റ് ചെയ്തു ജീവിച്ചേക്കാം എന്നതിനോട് എനിക്ക് താല്പര്യം ഇല്ല...എന്തായാലും രോഹിത്ത് നന്നായി ആലോചിച്ചു തീരുമാനം എടുക്ക്.... "


നിക്കോൾ എന്നോട് പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.


 അവൾ പറഞ്ഞതിൽ എന്തൊക്കെയോ കാര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അതെല്ലാം നന്നായി ചിന്തിച്ചു നോക്കി. കേവലം ആകർഷണീയതയെ പ്രണയം എന്ന് തെറ്റിദ്ധരിക്കരുതെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്. 


  പിനീടുള്ള നാളുകൾ ഞങ്ങൾ പഴയ പോലെ തന്നെ നല്ല നിലയിൽ സൗഹൃദം കാത്തുസൂക്ഷിച്ചു. ഞങ്ങൾ തമ്മിൽ കുറച്ചു കൂടുതൽ അടുത്ത് ഇടപഴകി. നിക്കോൾ എന്താണെന്ന് ഞാനും, ഞാൻ എന്താണെന്ന് നിക്കോളും മനസിലാക്കി. എന്റെ കുറവുകൾ, കഴിവുകൾ, പോരായ്മകൾ, ഞാൻ തളർന്നു പോകുന്ന സാഹചര്യങ്ങൾ, എന്റെ മികവുകൾ എല്ലാം അവൾ മനസിലാക്കി.. അതെ പോലെ അവളെയും ഞാൻ പൂർണമായും മനസിലാക്കി.


ഞാൻ ആദ്യം കരുതിയിരുന്നതിൽ നിന്നും യഥാർത്ഥ നിക്കോളിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്ന് അപ്പോഴാണ് ഞാൻ മനസിലാക്കിയത്. ഓരോ വ്യക്തിയുടെയും പുറംമോടി മാറ്റിയാൽ മാത്രമേ ഉള്ളിലുള്ള യഥാർത്ഥ വ്യക്തിത്തെ മനസിലാക്കാൻ പറ്റു.. അവരുടെ ഉള്ളം അറിയാൻ പറ്റു...അങ്ങനെ ഉള്ളം തൊട്ടറിഞ്ഞ രണ്ടു പേർക്ക് മാത്രമേ പരസ്പരം താങ്ങായും തണലായും സ്നേഹിക്കാനും പ്രണയിക്കാനും പറ്റുള്ളൂ... ആ പ്രണയം കേവലം നിസ്സാരപ്രശ്നങ്ങൾക്ക് മുന്നിൽ നമ്മെ ഉപേക്ഷിച്ചു പോകുന്നതല്ല... എത്ര പ്രതിസന്ധികൾ ഉണ്ടായാലും കൈവിടാതെ ചേർത്ത് നിർത്തുന്നതാണ്..


 അങ്ങനെ പരസ്പരം മനസിലാക്കി, താങ്ങായി, തണലായി ചേർത്ത് നിർത്താൻ അവളും ഞാനും തയ്യാറായതോടെ ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾതാണ്ടിയ ഞങ്ങളുടെ പ്രണയം പൂവണിഞ്ഞു.  ഞങ്ങളൊരുമിച്ചുള്ള പുതിയ ജീവിതം അവിടെ ആരംഭിച്ചു.

To Top