സ്വ- കാര്യങ്ങൾ അല്പം രഹസ്യമായും ചിലപ്പോൾ പരസ്യമായും പ്രകടിപ്പിക്കുന്ന കി- ടപ്പുമുറിയിലെത്തി.

Valappottukal


രചന: Saji Mananthavady

രാവിലെ എഴുന്നേറ്റാൽ എന്റെ  കാര്യപരിപാടികൾ ആരംഭിക്കുന്നത് മൊബൈലിൽ ഗുഡ് മോണിംഗ് സന്ദേശങ്ങൾ അയച്ചു കൊണ്ടാണ്. ഏകദേശം പത്ത് പതിനഞ്ച് മിനിറ്റ് നീളുന്ന ഈ ദൈനംദിന പ്രക്രിയ കഴിഞ്ഞിട്ടെ ന്യൂസ് പേപ്പർ വായിക്കുകയുളളു . ഇതിനിടയിൽ എന്റെ പട്ട മഹിഷി കാപ്പിയുമായി വരികയും ഞാൻ ആ കാപ്പി ആസ്വദിച്ച് കുടിച്ച് പത്രപാരായണം തുടരുകയും ചെയ്യും . പക്ഷെ പത്രപാരായണം പാതികഴിഞ്ഞിട്ടും നല്ല പാതി കാപ്പിയുമായി എഴുന്നെള്ളുന്നില്ല. അടുക്കളയിൽ നിന്ന് സാധാരണ കേൾക്കുന്ന ശബ്ദങ്ങളോ ചില ദിവസങ്ങളിൽ മാത്രം കേൾക്കുന്ന അസാധാരണ ശബ്ദങ്ങളോ ഇന്ന് കേൾക്കുന്നില്ല. ഞാൻ ചെവി വട്ടം പിടിച്ചു .ഇതിന്റെ കാരണമറിയാൻ ഞാൻ അടുക്കളയിലേക്ക് മാർച്ച് ചെയ്തു. അടുക്കള സ്മശാനമൂകം, ശൂന്യം.


" എന്റെ കാപ്പി കിട്ടിയില്ല ."


ഞാൻ മൊഴിഞ്ഞു.

ഞാൻ രണ്ട് നോട്ട് കൂട്ടിയിട്ട് വീണ്ടും മൊഴിഞ്ഞു ,


"കാപ്പി "


എവിടെ നിന്നും ഒരു മറുപടിയും കേൾക്കാതെ വന്നപ്പോൾ എനിക്കൊരു ഉൾവിളിയും അതിനെ തുടർന്ന് ഒരു ഉൾക്കിടിലവുമുണ്ടായി. എന്റെ നല്ലപാതിക്കെന്തോ സംഭവിച്ചിരിക്കുന്നു. ഈശ്വരാ അവൾക്കൊന്നും സംഭവിക്കല്ലേ . എന്റെ കാപ്പി, ബ്രെയ്ക്ക് ഫാസ്റ്റ്, ഉച്ചയൂണ് , വൈകുന്നേരത്തെ ചായ അതിനോടൊപ്പം ലഭിക്കുന്ന പലഹാരങ്ങൾ, അത്താഴം, ഇതിനിടയിലെ വസ്ത്രമലക്കൽ, അത് തേച്ച് ചുളിവില്ലാതെ നെറ്റിചുളിക്കാതെ ഞാൻ പോകുന്ന നേരം അത് ദേഹത്തിട്ട് പോകണമെങ്കിൽ, വീട് വ്യത്തിയായി സൂക്ഷിക്കൽ , എന്റെ ശാരിരികവും മാനസീകവുമായ സ്വസ്ഥതക്കും സുഖത്തിനും കാശ് കൊടുക്കാതെ ഇത്തരം സേവനങ്ങൾ ലഭിക്കുന്ന മറ്റൊരാളുണ്ടോ ? നിസംശയം പറയാം. ഇല്ല, ഇല്ല ,ഇല്ല. ഞാൻ അകമഴിഞ്ഞ് വീണ്ടും പ്രാർത്ഥിച്ചു. ദൈവമെ എന്റെ ഭാര്യക്കൊന്നും വരുത്തരുതെ. ഞാൻ നേർന്നു "നൂറ് മെഴുക്ക് തിരി കത്തിക്കാം ". നൂറെ ഇൻറ്റു അഞ്ച് സമം അഞ്ഞൂറ് രൂപ . വേണ്ട. അത്ര മെഴുക് തിരി ദൈവത്തിനെന്തിനാ ? പത്ത് തിരി കത്തിച്ചേക്കാം. ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ഞാൻ വീടിന്റെ ഓരോ ഇഞ്ചും അരിച്ച് പെറുക്കാൻ തീരുമാനിച്ചു. മെയിൻ ഹാളിൽ കക്ഷിയില്ല , വർക്കേരിയ, മുറ്റം , ടോയ് ലെറ്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ കാണാത്തതു കൊണ്ട് ഞങ്ങളുടെ സ്വകാര്യങ്ങൾ അല്പം രഹസ്യമായും ചിലപ്പോൾ പരസ്യമായും പ്രകടിപ്പിക്കുന്ന കിടപ്പുമുറിയിലെത്തി. അതാ അവിടെ സർവ്വ സംഘപരിത്യാഗിയായ എന്റെ കെട്ടിയോൾ മൊബൈലിൽ തോണ്ടി പുളകം കൊള്ളുന്നു. ലോകത്തിൽ ഞാൻ

 ഏറ്റവും വെറുക്കുന്ന കാര്യമാണ് മറ്റുള്ളവർ മൊബൈലിൽ തോണ്ടി സ്പർശന സുഖം പ്രാപിക്കുന്നത് . ഞാൻ മുരടനക്കി . 


"കാപ്പി കിട്ടിയില്ല. "


നോ റെസ്പോൺസ്. ഞാൻ വീണ്ടും വിളിച്ചു. ഫോണിൽ ലഭിക്കുന്ന മറുപടിയാണ് മനസ്സിലേക്ക് പടികടന്നു വന്നത്.


 "നിങ്ങൾ വിളിക്കുന്ന വ്യക്തി പരിധിക്ക് പുറത്താണ് . അല്‌പസമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കു. "


അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. നല്ലൊരു കോളിനോസ് പുഞ്ചിരി മുഖത്ത് പതിപ്പിച്ചു തോണ്ടി വിളിച്ചു.


 " എന്താ മോളെ കാപ്പിയുണ്ടാക്കാത്തത്?"


മോളെയെന്ന എന്റെ അഭിസംബോധന എനിക്കത്ര യോജിച്ചതായി തോന്നിയില്ല. കാരണം വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും  ഞാൻ ആദ്യമായാണ് അവളെ മോളെയെന്ന് വിളിക്കുന്നത്. പലപ്പോഴും വിളിക്കുന്ന പേര് മലയാള നിഘണ്ഡുവിൽ കാണാറില്ലെങ്കിലും അതൊക്കെ സംസ്കൃത പദങ്ങളാണെന്ന് ഞാൻ അഭിമാനത്തോടെ പറയാറുണ്ട്.


മോളെയെന്ന അസാധാരണ അഭിസംബോധന കേട്ടിട്ടാവണം അവൾ പുരികങ്ങൾ വളച്ച് നാഗവല്ലിയെ പോലെ  മുഖമുയർത്തി. കോൾഗേറ്റ് പുഞ്ചിരിക്ക് ഒരുകോട്ടവും തട്ടാതെ ഞാൻ പറഞ്ഞു.


"കാപ്പി കിട്ടിയില്ല. "


മുഖത്തെ ഭാവത്തിന് ഒരു മാറ്റവും വരുത്താതെ എന്റെ കെട്ടിയോൾ മൊഴിഞ്ഞു


" ഞാനിന്ന് അവധിയിലാണ്. "


ലോകത്തിൽ ആരുവേണമെങ്കിലും അവധിയെടുക്കുന്നത് ഞാൻ അംഗിക്കരിക്കുമെങ്കിലും സ്വന്തം പത്നി ലീവെടുക്കുന്നത് അചിന്ത്യം.


" ലീവ് സറണ്ടർ ചെയ്തു കൂടെ?"


" നോ , നെവർ "


" ലീവെടുക്കുന്നതിന്റെ കാരണം ബോധിപ്പിച്ചു കൂടെ? "


വ്യണീതമാനസനായി ഞാൻ ചോദിച്ചു.


"ഇന്നലെ നിങ്ങൾ പറഞ്ഞു കാപ്പിക്ക് ഉപ്പിന്റെ ചുവയുണ്ടെന്ന് , പിന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് ഉപ്പുമാവിന് ഉപ്പില്ലെന്ന് . അത്താഴത്തിന് വിളമ്പിയ സാമ്പാറിൽ കായം കൂടുതലാണെന്ന് . നിങ്ങൾ കുറ്റം പറയുന്നതിനെ ഞാൻ എതിർക്കുന്നില്ല. അതുകൊണ്ട് ഇന്ന് ഞായറാഴ്ച ആയതിനാൽ ഞാനിന്ന് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് നിങ്ങൾക്ക് ഓഫീസിൽ പോകണ്ട കാര്യമില്ലല്ലോ. ഇന്ന് നമ്മുടെ അടുക്കള ഭരണം നിങ്ങൾക്ക് കൈമാറിയിരിക്കുന്നു. "


"ആദ്യമായി ഞാൻ ചെയ്ത അപരാധത്തിന് അക്ഷന്ത്യവ്യമായി മാപ്പ് പറയുന്നു. മാത്രമല്ല ഇനി മേലാൽ എന്റെ അധരങ്ങളിൽ നിന്ന് നിന്നെയോ നീയുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളെയോ കുറ്റപ്പെടുത്തില്ലയെന്ന് ഞാൻ പ്രഖ്യാപിച്ചു കൊള്ളുന്നു. ഇനി ഈ അടിയനോട് ക്ഷമിച്ചു കൂടെ ?"


രജനികാന്ത് സ്റ്റൈലിൽ അവൾ തന്റെ കൈ കറക്കി കൊണ്ട് പറഞ്ഞു.


" ഞാൻ പറഞ്ഞാൽ പറഞ്ഞതാ "


 അവൾ കട്ടായം പറഞ്ഞു.

ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. ഈ പെണ്ണുങ്ങളെ സൃഷ്ടിക്കുന്നതിന് മുമ്പ് ദൈവം ആദത്തിനെയാണ് സൃഷ്ടിച്ചതെന്നും ആദം ഹവ്വയില്ലാതെ തന്റെ കാര്യങ്ങളെല്ലാം നിറവേറ്റിയ കാര്യം ആലോചിച്ച് കൊണ്ട് ഞാൻ അടുക്കളയിലേക്ക് ലെഫ്റ്റ് റൈറ്റ് അടിച്ചു. അവിടെ ചെന്നപ്പോഴാണ് സംഗതിയുടെ ഗൗരവം മനസ്സിലായത്. .ടി പാനും വെള്ളവും ഓക്കെ, പക്ഷെ കാപ്പിപ്പൊടിയും പഞ്ചസാരയും മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ല. അവസാനം അവയെ കണ്ടെത്തിയപ്പോഴേക്കും ഗ്യാസ് സ്റ്റൗവിൽ വെച്ചിരുന്ന വെള്ളം പറ്റിയിരുന്നു. വീണ്ടും വെള്ളം ഒഴിച്ച് കാപ്പി തിളപ്പിച്ചപ്പോൾ സമയം ഒൻപത് മണി. സമയത്ത് ബ്രെയിക്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ഗ്യാസിന്റെ അസ്ക്കിതയുള്ളതിനാൽ പെട്ടെന്നുണ്ടാക്കാവുന്ന വിഭവങ്ങളെ യു റ്റ്യൂബിൽ തിരഞ്ഞു. അവരുടെ വിഭവങ്ങളിൽ ഒന്നായ ഉപ്പുമാവ് തയ്യാറാക്കാൻ തീരുമാനിച്ചു. കൃത്യം പതിനൊന്നരയോടെ ഉപ്പുമാവെന്ന നാമത്തിലുള്ള ഒരു കരി പുരണ്ട സാധനം റെഡിയായി. അത് കണ്ട ഭാര്യ എനിക്ക് ഗുഡ് സർവീസ് സർട്ടിഫിക്കറ്റ് നല്കി അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പറഞ്ഞു വിട്ടു. എന്നിരുന്നാലും ഞാനുണ്ടാക്കിയ ഉപ്പുമാവിന്റെ ഫോട്ടോയെടുത്ത് ഫാമിലി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ അവൾ മറന്നില്ല.

To Top