രചന: രാജീവ്
"വാണിക്കൊരു വിസിറ്ററുണ്ട്"
വൈകിട്ടത്തെ സ്‌പെഷ്യൽക്ലാസ്സും കഴിഞ്ഞ് തളർച്ചയോടെ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡന്റെ വിളിവന്നത്.
ഈ സമയത്ത് ആരാണാവോ കാണാൻ വന്നിരിക്കുന്നതെന്ന ചിന്തയോടെ അവൾ സന്ദർശകമുറിയിലേക്ക് ചെന്നു.
സന്ദർശകമുറിയിലെ ചൂരൽ കസേരയിൽ കാലിന്മേൽ കാലു കയറ്റിവച്ചിരിക്കുന്ന ആ രൂപത്തെ കണ്ട് അവളൊന്നു ഞെട്ടി
"ആദർശ് "
അവളറിയാതെ വിളിച്ചുപോയി.
അവളുടെ മുഖം വിളറിവെളുത്തു.ചുണ്ടുകൾ വറ്റിവരണ്ടു.കാലുകളിൽ നിന്നുമൊരു പെരുപ്പ് ശരീരമാകെ വ്യാപിച്ചു.
ഒരുകാലത്ത് തന്റെ എല്ലാമായിയുന്നവൻ.
പ്ലസ്ടുവിന് ഒരുമിച്ചാണ് പഠിച്ചിരുന്നത്.
ചെറുപ്പത്തിന്റെ തിളപ്പിൽ കാണാൻ സുന്ദരനായ അവനോടോരാകർഷണം തോന്നി.
അവൻ ഒഴിഞ്ഞുമാറിയിട്ടും. താനാണ് പ്രലോഭനവുമായി അവന്റെ പുറകെ ചെന്നത്.
പ്ലസ്ടുവിന് ശേഷം താൻ വേറെ കോളേജിലേക്ക് മാറിയെങ്കിലും അവനുമായുള്ള ബന്ധം പൂർവാധികം ശക്തിയായി തുടർന്നു.
ഒഴിവു ദിവസങ്ങളിൽ അവന്റെകൂടെ ബൈക്കിൽ സിനിമാ തീയറ്ററുകളിലും ബീച്ചിലുമൊക്കെ കറങ്ങിനടന്നു. അങ്ങനെയിരിക്കെയാണ് തങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞത്.
തങ്ങളെക്കാൾ അന്തസ്സിനും ആഭിജാത്യത്തിലും താഴെയായ ഒരന്യജാ-തിക്കാരനുമായുള്ള ബന്ധത്തിന് വീട്ടുകാർക്ക് ഒരിക്കലും സമ്മതമായിരുന്നില്ല. വീട്ടുകാരെ പിണക്കിയൊരു ബന്ധത്തിന് തനിക്കും താത്പര്യമില്ലാത്തതിനാൽ മെല്ലെ അവനുമായുള്ള ബന്ധത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
അതവനൊരു ഷോക്കായി.തന്റെ അകൽച്ച അവനെ ഏതോ മാനസീകാരോഗ്യകേന്ദ്രത്തിലാണ് എത്തിച്ചതെന്നറിഞ്ഞു.
അതിനുശേഷം കഴിഞ്ഞ ദിവസം കോളേജിൽ തന്നെകാണാൻ അവൻ വന്നെങ്കിലും താൻ ഒഴിഞ്ഞുമാറുകയായിരുന്നു. അവൻ ചിലപ്പോൾ പ്രതികാരത്തിനൊരുങ്ങുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഓരോദിവസവും കേൾക്കുന്ന വാർത്തകൾ അത്തരത്തിലുള്ളവയാണല്ലോ.
ഇപ്പോൾ ഇവിടെ ഈ നേരത്ത് തീരെ പ്രതീക്ഷിച്ചതല്ല.
ഇനി അവൻ പ്രതികാരം ചെയ്യാൻ വന്നതാണോ.
അവളുടെ ശരീരം ഭയംകൊണ്ട് വിറച്ചു.
അവന്റെ കയ്യിൽ ആസിഡോ മാരകായുധങ്ങളൊ ഉണ്ടാകുമോ.
അവൾ ചുറ്റുംനോക്കി ആരെയും കാണ്മാനില്ല.
"അയ്യോ ആരെങ്കിലും ഓടിവരണെ രക്ഷിക്കണേ"
അവൾ അലറിവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു.
പെട്ടെന്നാരോ മുറിയിലെ ലൈറ്റിട്ടു.
"എന്തു പറ്റി "
റൂംമേറ്റ് സുഹ്റയുടെ ചോദ്യത്തിന് മറുപടിപറയാൻ അവൾക്കു കഴിഞ്ഞില്ല.താൻ കണ്ടത് സ്വപ്‌നമാണെന്ന തിരിച്ചറിവ് അവൾക്കൽപ്പം ആശ്വാസമേകി.
"വെറുതെ ഓരോന്നും ചിന്തിച്ചുകിടക്കും . മനുഷ്യന്റെ ഉറക്കം കളയാൻ.മര്യാദക്ക് കിടന്നുറങ്ങു പെണ്ണേ. നാളെ പരീക്ഷയുള്ളതാ"
അവളെ സ്നേഹപൂർവം ശാസിച്ചുകൊണ്ട്. സുഹ്‌റ ലൈറ്റ് അണച്ചു.
അകലെയേതോ മരക്കൊമ്പിലിരുന്ന കാലൻകോഴിയുടെ കൂവൽ വാണിയെ ഭയചകിതയാക്കി. അവൾ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് പുതപ്പിനുള്ളിലേക്ക് ആഴ്ന്നിറങ്ങി.
ഇതേസമയം ലോകം പ്രണയനൈരാശ്യം മൂലം ആ-ത്മ-ഹത്യചെയ്ത മാനസീകരോഗിയെ പറ്റി കഥകൾ മെനയുകയായിരുന്നു.