അനിലേട്ടനും ഇവാനിയും എന്നെ കെട്ടിപിടിച്ചുകൊണ്ട് അത്രയും പറഞ്ഞപ്പോൾ...

Valappottukal

 


രചന: അപർണ്ണ അരവിന്ദ്

"വൈകീട്ട് ഞാൻ വരാൻ അല്പം വൈകും... താക്കോൽ ചെടിച്ചട്ടിയുടെ അടിയിൽ വെച്ചേക്കാം..."


തിരിഞ്ഞുനടന്നുകൊണ്ട് വസുധ പറഞ്ഞതും വണ്ടിയിൽ കയറിയിരുന്ന ഇവാനിയും അനിലും നെറ്റിച്ചുളിച്ചുകൊണ്ട് അവളെയൊന്നു നോക്കി...


അമ്മ എവിടെക്കാ പോണത്... മാർക്കറ്റിൽ പോകാനാണെങ്കിൽ രാവിലെ പൊയ്ക്കൂടേ....


സ്വല്പം അനിഷ്ടത്തോടെ ഇവാനി പറഞ്ഞതും അതൊന്നും കേൾക്കാത്ത മട്ടിൽ വസുധ പുറത്തേക്ക് നോക്കിനിന്നു..


"വസു വൈകീട്ട് ഞാൻ വരാം നിന്നെ പിക്ക് ചെയ്യാൻ..കോളേജിന്റെ മുൻപിൽ തന്നെ വെയിറ്റ് ചെയ്തോ.."


അനിൽ വണ്ടി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് പറഞ്ഞു..


"വേണ്ട അനിലേട്ടാ.. രതീഷും സുസ്മിതയും എന്നെ കൂട്ടാമെന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ അവർക്കൊപ്പം വന്നോളാം..."


പിന്നീട് ഒന്നിനും ചെവികൊടുക്കാതെ വസുധ അകത്തേക്ക് കയറി.. അച്ഛനും മോളും വണ്ടി സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് പോകുന്നത് ജനലിലൂടെ നോക്കിനിന്നു... തൊണ്ടയിൽ നിന്നും ഒരേങ്ങൽ തികട്ടി വന്നിരുന്നു അപ്പോളും....


തന്റെ സീനിയർ തന്നെയായിരുന്ന അനിലിനെ പ്രണയിച്ചു വിവാഹം ചെയ്യുമ്പോൾ ഏറെ പ്രതീക്ഷകളായിരുന്നു തന്റെയുള്ളിൽ.. അത്രയും വാശിയോടെയും സ്നേഹത്തോടെയുമാണ് അനിൽ തന്നെ വിവാഹം ചെയ്തതും...പക്ഷേ...സ്വപ്നം കണ്ടതുപോലുള്ള ഒരു ജീവിതം തനിക്ക് ലഭിച്ചോ എന്ന് ചിന്തിക്കുമ്പോൾ ഇപ്പോളും ഉത്തരം മൗനം മാത്രമാണ്..

അന്ന് അനിലേട്ടനും താനും ഒരു കമ്പനിയിൽ തന്നെയായിരുന്നു ജോലി ചെയ്യുന്നത്... ഒരേ പോസ്റ്റിൽ ഒരുമിച്ച് ജോയിൻ ചെയ്തവർ... ജോലി കഴിഞ്ഞ് ക്ഷീണത്തോടെ വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ കുളിയും കഴിഞ്ഞ് നേരെ കട്ടിലിലേക്ക് ചായുന്ന അനിലേട്ടനും അടുക്കളയിലെ തിരക്കിലേക്ക് ഊളിയിടുന്ന ഞാനും തമ്മിലുള്ള അന്തരത്തെ കുറിച്ച് പലപ്പോളും ഞാൻ ചിന്തിച്ചിരുന്നു...വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോളാണ് ഇവാനിയെ ഗർഭിണിയാകുന്നത്...ജോലിയ്ക്ക് പോകുന്നതിന് പ്രത്യക്ഷമായും പരോക്ഷമായും പലരും എതിർപ്പറിയിച്ചു.. അതിലുമുപരി തന്റെ കുഞ്ഞിന്റെ നല്ല വളർച്ചയ്ക്ക് വേണ്ടി ഞാനും ജോലി ഉപേക്ഷിച്ചു... അവളുടെ വരവിന് ശേഷം ജീവിതം മുഴുവൻ അവൾക്കുവേണ്ടി മാറ്റിവെയ്ക്കുകയായിരുന്നു.. കണ്ട സ്വപ്നങ്ങളും പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകളും അവൾക്ക്‌ വേണ്ടി ഉപേക്ഷിച്ചു... മോളൊന്ന് വളർന്നാൽ ജോലി തുടരുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.. വയസ്സ് പതിനാല് കഴിഞ്ഞിട്ടും അവളെനിക്ക് കുട്ടി ആയതുകൊണ്ടാകാം പിന്നീടിതുവരേയും ഒരു ജോലിയെ കുറിച്ച് ഞാൻ ചിന്തിക്കാത്തിരുന്നത്....പക്ഷേ ഇപ്പോൾ..... അമ്മയ്ക്ക് ഒന്നുമറിയില്ലെന്നും അമ്മ വെറും അടുക്കള ഉപകരണം മാത്രമാണെന്നും തന്റെ മകളുടെ വായിൽ നിന്ന് കേട്ടപ്പോൾ നെഞ്ച് തകർന്നു പോകുന്നതായി തോന്നി... അവൾക്ക്‌ വേണ്ടിയല്ലായിരുന്നോ എല്ലാം.... എന്നിട്ടും.....


ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അടുക്കളയിൽ വാരിവലിച്ചിട്ട പാത്രങ്ങളെല്ലാം കഴുകി അടുക്കിവെച്ചു... മോളുടെയും അനിലേട്ടന്റെയും വസ്ത്രങ്ങൾ അലക്കി.. നിലം അടിച്ചുവാരി.. പത്തര മണിയോടടുത്തപ്പോളാണ് ആരോ ബെൽ അടിച്ചത്... മുഖമൊന്ന് സാരിത്തുമ്പാൽ തുടച്ചുകൊണ്ട് വേഗം പോയ്‌ വാതിൽ തുറന്നു...


സുസ്മിത.... തന്റെ പ്രിയപ്പെട്ട കൂട്ടുകാരി...


മിഷിഞ്ഞ വേഷമാണെങ്കിലും അവള് ഓടിവന്നെന്നെ കെട്ടിപിടിച്ചപ്പോൾ പിടിച്ചുവെച്ച സങ്കടങ്ങളെല്ലാം കണ്ണീരായി പുറത്തേക്കൊഴുകാൻ തുടങ്ങിയിരുന്നു....


ന്റെ വസു.... എത്ര കാലമായി തന്നെയൊന്ന് കാണാൻ കൊതിക്കുവാണെന്നോ... ഇതിനിടയിൽ രണ്ട് ഗെറ്റ്ടുഗതെർ നടന്നു കഴിഞ്ഞു ... ആ റീയൂണിയനിലൊന്നും പങ്കെടുക്കാത്ത തന്നെ ഇന്നത്തെ ഈ പ്രോഗ്രാമിൽ എന്തായാലും കൊണ്ടുവരുമെന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു...ഹോ... എന്തായാലും.. എത്ര കഷ്ടപെട്ടാലും തന്നെയോന്ന് കണ്ടുകിട്ടിയല്ലോ....


സന്തോഷം കൊണ്ട് സുസ്മിത വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു...


സുമി.... ഞാൻ.... ഞാൻ എങ്ങനെയാടോ അവിടെക്ക് വരാ... എല്ലാവരെയും കാണണമെന്നും സംസാരിക്കണമെന്നും അത്രയും കൊതിയുണ്ട്... പക്ഷേ.... വെറും വട്ടപ്പൂജ്യമായി അവിടെക്ക് വരാൻ....എന്റെ മനസ്സ് സമ്മതിക്കുന്നില്ലെടോ.....


മുഖം മങ്ങിയൊരു ചിരിയോടെ ഞാൻ സോഫയിൽ ചെന്നിരുന്നു..


ദി ബെസ്റ്റ് മോട്ടിവേറ്റർ എന്ന് ഞാൻ വാ തോരാതെ പുകഴ്ത്തിയിരുന്ന ന്റെ വസുധ തന്നെയാണോ ഇത്....


സുസ്മിത വന്നെന്റെ അരികിലിരുന്നുകൊണ്ട് ചോദിച്ചു..


എടി പെണ്ണെ... മാണിക്യം എത്ര ചളിയിൽ കുഴഞ്ഞാലും അതിന്റെ തിളക്കത്തിനു കോട്ടം തട്ടില്ല... എത്രയൊക്കെ പഴകിയാലും അതിന്റെ ശോഭയ്ക്ക് ഒരു മാറ്റവും ഉണ്ടാകില്ല... അതുപോലെ നിന്റെ കഴിവും തന്റെടവും ഇപ്പോളും നിനക്കൊപ്പമുണ്ട്... ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രെമിച്ചാൽ അത്രയും വേഗത്തിൽ നിനക്ക് പറക്കാൻ കഴിയും... ഇനിയെങ്കിലും അതിന് വേണ്ടി ശ്രെമിക്ക്


സുസ്മിത അത്രയും വീര്യത്തോടെ പറഞ്ഞപ്പോൾ ഞാനും ഉറപ്പിച്ചിരുന്നു ഇനിയെങ്കിലും ഞാൻ എന്നെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങുമെന്ന്...


അവളുടെ കൂടെ നേരെ പോയത്  ലാവണ്യയുടെ ബ്യൂട്ടി പാർലറിലേക്കാണ്.. പുരികം ത്രെഡ് ചെയ്ത്, എണ്ണയിൽ ഒട്ടികിടന്ന മുടി ഒന്ന് ലയെറിൽ കട്ട്‌ ചെയ്ത്,പ്രായമായെന്ന് വിളിച്ചോതുന്ന വെളുത്ത മുടികളിൽ അല്പം ചായം തേച്ച് മറ്റൊരു വസുധയായ് ഞാൻ പുറത്തേക്കിറങ്ങി..

കസവ് സാരിയ്ക്ക് പകരം  ചുരിദാർ മാറ്റി ധരിച്ചപ്പോൾ തന്നെ ഞാനാകെ മാറിപോയെന്ന് എനിക്ക് തോന്നി...


"സുമി... ഇതൊരുമാതിരി വേഷംകെട്ട് ആയോ... അനിലേട്ടനും മോളും എന്നെ കളിയാക്കില്ലേ..."


അവളുടെ കൂടെ കാറിലേക്ക് കയറുമ്പോൾ വളരെ രഹസ്യമായി ഞാൻ ചോദിച്ചു...


വസു.. ആളുകൾ നല്ല വസ്ത്രം ധരിക്കുന്നതും നന്നായി ഒരുങ്ങുന്നതും സ്വയം ഒരു കോൺഫിഡൻസ് കിട്ടാനാണ്... നിനക്ക് വയസ്സ് നാല്പത്തിരണ്ട് അല്ല ഇനി അറുപതു ആയാലും നിനക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്... മറ്റുള്ളവർ എന്ത് കരുതുമെന്ന് ചിന്തിച്ച് ഇങ്ങനെ ഇരുന്നാൽ നമ്മുടെ ആയുസ്സ് തീരുമെന്നല്ലാതെ മറ്റൊരു ഗുണവുമില്ല.. മനസിലായോ...


ചിരിച്ചുകൊണ്ട് അവൾക്കൊപ്പം കാറിൽ കയറുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവള് അവസാനം തന്നെകൊണ്ട് ചെല്ലുക അവളുടെ കമ്പനിയിൽ ആകുമെന്ന്.... എനിക്ക് നേരെ അവൾ നീട്ടിയ ജോബ് ഓഫർ ഞാൻ സ്വപ്നത്തിൽ പോലും കാണാത്തതായിരുന്നു...


"ജീവിതത്തിന്റെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയിൽ നിന്നിരുന്ന ഈ സുസ്മിതയെ അന്ന് അത്രയേറെ കഷ്ടപ്പെട്ട് ഉയർത്തെഴുന്നേൽപ്പിച്ചത് നീയാണ് വസു... ആ നിനക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ....


രണ്ട് കൈകൾകൊണ്ടും തന്നെ ചേർത്തുപിടിച്ച് സുമി അത്രയും പറഞ്ഞപ്പോൾ തന്നെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയാതെ പുറത്തേക്കൊഴുകിയിരുന്നു...


നേരം വൈകിയെന്നും പറഞ് വലിയ ബഹളത്തിനൊന്നും കാത്തുനിക്കാതെ സുമി എന്നെയും കൊണ്ട് കോളേജിലേക്ക് പറന്നു... ഏകദേശം ഒരുമണി ആയപ്പോഴേക്കും ഞങ്ങൾ കോളേജിൽ എത്തിയിരുന്നു.... എന്റെ കലാലയം...ഒരുപാട് ഓർമകൾ ഉറങ്ങിക്കിടക്കുന്നിടം... മനസ്സിൽ വല്ലാത്തൊരു കുളിര് തോന്നി... അതിലുമുപരി ആ കാലം കഴിഞ്ഞുപോയല്ലോ എന്നോർത്തൊരു സങ്കടം തികട്ടി വന്നുകൊണ്ടിരുന്നു.... അന്ന് കൂടെപഠിച്ചവരിൽ ഏതാണ്ട് എല്ലാവരും റീ യൂണിയനിൽ പങ്കെടുക്കാൻ എത്തിയിരുന്നു... എല്ലാവരോടും സംസാരിച്ചും വിശേഷങ്ങൾ ചോദിച്ചും ആ പഴയ വസുധയായ് ഞാൻ മാറുകയായിരുന്നു...


എല്ലാവരുടെയും മുൻപിൽ ചെന്നുനിന്ന് അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കാൻ എന്നെ ക്ഷണിച്ചപ്പോൾ ഒരു നിമിഷം എന്റെ ശരീരം വിറച്ചുപോയിരുന്നു... അവർക്ക് മുൻപിൽ ചെന്ന് നിൽക്കാൻ പോലും ഭയക്കുന്നത്രയും ഞാൻ മാറിപോയോ എന്നോർത്ത് എന്റെ തല താഴ്ന്നിരുന്നു... പക്ഷേ എവിടെ നിന്നോ ഊർജം കൈവരിച്ചുകൊണ്ട് ഞാൻ അവർക്കഭിമുഖമായി ചെന്നുനിന്നു...


ഓരോന്നും പറഞ് തുടങ്ങിയപ്പോൾ സംസാരിക്കാനുള്ള ശക്തി എന്നിൽ താനേ വന്നു നിറഞ്ഞു...


പഠിക്കാൻ അത്രയും പ്രയാസമാണെന്നാണ് ഞാൻ അന്ന് കരുതിയിരുന്നത്...പക്ഷേ പഠിച്ചു നേടിയ അറിവ് പ്രയോഗിക്കാനാണ് ഏറെ പ്രയാസം എന്ന് കാലം എനിക്ക് പഠിപ്പിച്ചുതന്നു... വെറുതെ ഒരാളായി ജീവിച്ചുതീർക്കാൻ എല്ലാവർക്കും കഴിയും.. മുടിയിൽ നര വീണ് തുടങ്ങുമ്പോൾ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞ് നോക്കി ദുഖിക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാകരുത്... achieve your goals...be happy...


വാക്കുകൾക്കവസാനം അത്രയും പറഞ്ഞുകൊണ്ട് തിരിച്ചു വന്നിരുന്നപ്പോൾ ചുറ്റുനിന്നും ആരൊക്കെയോ കൈയടിച്ചുകൊണ്ട് എന്നെ പ്രശംസിക്കുന്നുണ്ടായിരുന്നു


വസുധ ഇപ്പോളും ചെറുപ്പം തന്നെ..അവളുടെ ആ ചുറുചുറുക്കിന് ഒരു മാറ്റവും വന്നിട്ടില്ല... കൈയടിച്ചുകൊണ്ട് എല്ലാവരും ഉറക്കെ പറഞ്ഞപ്പോൾ സന്തോഷംകൊണ്ടെന്റെ കണ്ണ് നിറഞ്ഞിരുന്നു....


          ❤️❤️❤️❤️


സമയം ഏഴുമണി കഴിഞ്ഞിരുന്നു സുസ്മിതയ്‌ക്കൊപ്പം തിരിച്ച് വീട്ടിലെത്തുമ്പോൾ.. ബെൽ അടിച്ചപ്പോൾ തന്നെ ഇവാനി വാതിൽ തുറന്ന് ഓടിവന്നെന്നെ കെട്ടിപിടിച്ചു...


സോറി അമ്മേ.... അമ്മയ്ക്ക് ഇത്രയൊക്കെ വിഷമമാവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല...


മറ്റെന്തെങ്കിലും പറയുന്നതിന് മുൻപ് ഇവാനി കരഞ്ഞുകൊണ്ട് പറഞ്ഞു...


മോള് പറഞ്ഞതിൽ ഒരു തെറ്റുമില്ല.. അടുക്കളയിലെ ഒരു ഉപകരണം മാത്രമായ് ഒതുങ്ങരുത് ഒരു പെണ്ണുമെന്ന് മോള് അമ്മയെ പഠിപ്പിച്ചുതന്നു... നാളെ നിനക്കും അമ്മയുടെ ഗതി വരരുത്.. അമ്മയെ കണ്ട് പഠിച്ച് തന്നെ നീയും വളരണം.. എത്രയൊക്കെ കഷ്ടപ്പെട്ടാലും എന്തൊക്കെ അനുഭവിച്ചാലും തന്റെതായ ഒരു നിലപാട് ഉണ്ടാവണം ഏത് പെണ്ണിനും...അമ്മ കണ്ട സ്വപ്നങ്ങളെല്ലാം ഞാൻ ഉപേക്ഷിച്ചത് നിനക്ക് വേണ്ടിയായിരുന്നു.. ഇപ്പോൾ നീ ഒരുപാട് മുതിർന്നു... ഇനിയെങ്കിലും അമ്മയ്ക്ക് സ്വപ്‌നങ്ങൾ നിറവേറ്റണം...ആ പഴയ വസുധയായ് മാറണം


"നിന്റെ എല്ലാ സ്വപ്നങ്ങൾക്കുമൊപ്പം പോകാൻ ഇനിം ഞങ്ങളും ഉണ്ടാകും വസു....."


പിന്നിലൂടെ വന്ന് ചേർത്തുപിടിച്ചുകൊണ്ട് ചിരിയോടെ  അനിലേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...


"നിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇടയ്ക്ക് ഞാൻ മറന്നുപോയി..എന്നോട് ക്ഷമിക്ക്... ഇനിയൊരിക്കലും ഒന്നിനും ഞങ്ങൾ തടസമാകില്ല..എന്തിനും ഏതിനും ഞങ്ങളുണ്ടാകും കൂടെ..."


അനിലേട്ടനും ഇവാനിയും എന്നെ കെട്ടിപിടിച്ചുകൊണ്ട് അത്രയും പറഞ്ഞപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞിരുന്നു... ഇനിയൊരിക്കലും ഞാനെന്റെ സ്വപ്‌നങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ഞാനും അദേഹത്തിന്റെ കൈകളിൽ മുറുക്കെ പിടിച്ചു...


End


( കുടുംബവും കുട്ടികളുമാകുമ്പോൾ മറന്ന് തുടങ്ങുന്ന പഴയ സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്നീടൊരു നോവാവരുത്.. സ്വന്തം ഇഷ്ടങ്ങൾ മറന്ന് ജീവിക്കുന്നത് ജീവിതമല്ലല്ലോ... അതൊരു അഭിനയം മാത്രമല്ലേ )

To Top