അയാൾ അവളെ തൻ്റെ അരികിൽ പിടിച്ചിരുത്തിയിട്ട് സ്നേഹത്തോടെ...

Valappottukal


രചന: സജി തൈപ്പറമ്പ്

"സ്നേഹേ.. നേരം പോയി, 

നീ വേഗം കഴിക്കാനെടുത്ത് വയ്ക്ക്"


ഓഫീസിൽ പോകാൻ ഡ്രസ്സ് ചെയ്ത് കൊണ്ട്, ഗിരിധർ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു.


ഗിരിയേട്ടാ ... ഇന്ന് നിങ്ങൾക്ക് കടയിൽ നിന്ന് കഴിച്ചൂടെ? എനിക്ക് വല്ലാത്ത കാല് വേദന


എൻ്റെ സ്നേഹേ.. നിനക്കറിഞ്ഞ് കൂടെ ,എനിക്ക് പുറത്ത് നിന്ന് ആഹാരം കഴിച്ചാൽ തൃപ്തിയാകില്ലെന്ന്

നിനക്ക് വയ്യെങ്കിൽ തല്ക്കാലം ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ലെന്ന് വയ്ക്കാം 


അയാൾ നീരസത്തോടെ പറഞ്ഞു


അയ്യോ ഗിരിയേട്ടാ ..പട്ടിണി ഇരിക്കാനോ? അത് വേണ്ട ,ഞാൻ എങ്ങനേലും വച്ചുണ്ടാക്കി തരാം


ഭർത്താവിൻ്റെ മുഖം വാടിയപ്പോൾ അവൾ തൻ്റെ ശാരീരിക വേദന മാറ്റി വച്ചിട്ട് അയാൾക്ക് ബ്രേക്ക് ഫാസ്റ്റുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി.


ഓഫീസ് അടുത്തായിരുന്നത് കൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാനായി പതിവ് പോലെ അയാൾ അന്നും വീട്ടിലേക്ക് വന്നു


സ്നേഹേ... വേഗമാവട്ടെ ,ഇന്നൊരു അർജൻറ് മീറ്റിങ്ങുള്ളതാണ്


വാഷ്ബേസിനിൽ കൈകൾ ഒഴുകുന്നതിനിടയിൽ അയാൾ അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു


ഇതെന്താ സ്നേഹേ ഇത്രയും കറികളേയുള്ളോ ,മീൻ പൊരിച്ചില്ലേ ?


ചോറും കറിയും ടേബിളിൽ കൊണ്ട് വച്ചപ്പോൾ അയാൾ ഭാര്യയോട് ചോദിച്ചു


രാവിലെ ഞാൻ പറഞ്ഞതല്ലേ ചേട്ടാ ... എൻ്റെ കാല് വേദനയുടെ കാര്യം,? ഉപ്പ് കുറ്റി നിലത്ത് കുത്താനേ വയ്യ, എന്നിട്ടും ഒരു വിധത്തിലാണ് ഞാനിത്രയുമൊക്കെ ചെയ്ത് വച്ചത്, തല്ക്കാലം ഇത് കൂട്ടി കഴിക്കു് നാളെ ഞാൻ നിങ്ങൾക്കിഷ്ടമുള്ളതൊക്കെ ചെയ്ത് വയ്ക്കാം


അതൃപ്തിയോടെ ഭക്ഷണം കഴിച്ചിട്ട് അയാൾ എഴുന്നേറ്റ് കൈകഴുകി


വൈകുന്നേരം കുറച്ച് നേരത്തെ വരുമോ?എനിക്ക് ഡോക്ടറുടെയടുത്തൊന്ന് പോകാനാണ്


അയാൾ പോകാൻ ഇറങ്ങിയപ്പോൾ സ്നേഹ ചോദിച്ചു.


ഉം നോക്കാം


ഉറപ്പില്ലാത്തൊരു മറുപടി കൊടുത്തിട്ട് ഗിരിധർ ബൈക്കുമെടുത്ത് ഓഫീസിലേക്ക് പോയി


ദുഷ്ടൻ .,, കറികളുടെ എണ്ണം കുറഞ്ഞതിനെക്കുറിച്ച് ചോദിച്ചിട്ടും നിൻ്റെ കാല് വേദനയ്ക്ക് കുറവുണ്ടോന്ന് ഒരിക്കൽ പോലും ഒന്ന് ചോദിച്ചില്ലല്ലോ ?


അയാൾ പോയി കഴിഞ്ഞപ്പോൾ അവൾ സങ്കടത്തോടെ ഓർത്തു.


ഊണ് കഴിച്ച എച്ചിൽ പാത്രങ്ങൾ പെറുക്കി കിച്ചനിലെ സിങ്കിനകത്ത് കൊണ്ടിട്ടിട്ട് അവൾ ബെഡ് റൂമിലെ കട്ടിലിൽ വന്ന് കിടന്നു.


അല്പം കഴിഞ്ഞ് അറിയാതെയൊന്ന് മയങ്ങിപ്പോയ അവൾ വൈകുന്നേരത്തെ ബാങ്ക് വിളി കേട്ടാണ് ഞെട്ടിഉണർന്നത്


ഈശ്വരാ ... മണി മൂന്നര കഴിഞ്ഞു ,ഡോക്ടറെ കാണിക്കാൻ പോകണമെന്ന് പറഞ്ഞത് കൊണ്ട്, അദ്ദേഹം നേരത്തെയിങ്ങെത്തും ,

താനാണെങ്കിൽ ഇത് വരെ കുളിച്ചിട്ട് പോലുമില്ല,


വെപ്രാളത്തോടെ അവൾ ചാടിയെഴുന്നേറ്റപ്പോഴാണ്, കാലിൻ്റെ അസഹ്യമായ വേദന അവഗണിച്ചിട്ട് തനിക്ക് അത്ര പെട്ടെന്ന് നടന്ന് കുളിമുറിയിലെത്താൻ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായത്.


ഒരു വിധത്തിൽ കുളി പാസ്സാക്കി ചുരിദാറെടുത്തിടുമ്പോഴാണ് ഗിരിയുടെ ബൈക്കിൻ്റെ ഹോണടി അവൾ കേട്ടത്


പെട്ടെന്ന് അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു


അപ്പോൾ, ഗിരിയേട്ടന് തന്നോട് സ്നേഹമൊക്കെയുണ്ട്, അത് കൊണ്ടല്ലേ?തന്നെ ഡോക്ടറുടെയടുത്ത് കൊണ്ട് പോകാൻ ഇത്ര നേരത്തെ ആളെത്തിയത്?


വേഗം മുടി വാരിക്കെട്ടി ചെറിയൊരു റബ്ബർ ബാൻറിട്ടിട്ട് നെറ്റിയിലൊരു സ്റ്റിക്കർ പൊട്ടും പതിച്ചിട്ട് ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി അവൾ പൂമുഖത്തേയ്ക്കിറങ്ങി വന്നു


അല്ലാ നീയിതെങ്ങോട്ടാ ഒരുങ്ങി കെട്ടി ?


അവളെ കണ്ടതും അയാൾ ആശ്ചര്യത്തോടെ ചോദിച്ചു


അപ്പോൾ ഞാൻ ഉച്ചയ്ക്ക് പറഞ്ഞത് ഗിരിയേട്ടൻ മറന്നോ? നേരത്തെ വന്നപ്പോൾ ഞാൻ കരുതി , എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനായിരിക്കുമെന്ന്


ഒഹ്, അതാണോ വലിയ കാര്യം എടീ ... കാല് വേദനയൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതാണ് , അതെങ്ങനാ ,നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ? അകത്ത് ചെരുപ്പിട്ട് നടക്കാൻ ,മാർബിളിൻ്റെ തണുപ്പടിച്ചത് കൊണ്ടാണ്, നിനക്ക് കാല് വേദന ഉണ്ടായത്,

അതിന് ഹോസ്പിറ്റലിൽ പോകേണ്ട കാര്യമൊന്നുമില്ല, നീ കുറച്ച് കോടാലി തൈലമെടുത്ത് പുരട്ടിയാൽ മതി ,പിന്നേ ... ഇന്ന് മീറ്റിങ്ങിന് കുറച്ച് നേരം സംസാരിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, നല്ല തലവേദന ,നീ കടുപ്പത്തിലൊരു ചായ എടുത്തോണ്ട് വാ, ഞാനല്പം കിടക്കട്ടെ


തൻ്റെ വേദനകളെ നിസ്സാര വത്ക്കരിച്ച് കൊണ്ട്, ഗിരിയേട്ടൻ പോകുന്നത് കണ്ട്, സ്നേഹയുടെ കണ്ണുകൾ നിറഞ്ഞ് പോയി.


അവൾ ,അടുക്കളയിലേക്ക് പോയി ചായയുമായി ബെഡ് റൂമിലെത്തുമ്പോൾ അയാൾ കിടക്കുകയായിരുന്നു'


ഏട്ടാ ഇതാ ചായ,


നീയാ ,മേശവലിപ്പിൽ നിന്ന് , അമൃതാഞ്ചൻ്റ ബോട്ടിലിങ്ങെടുത്തേ,


എന്താ ചേട്ടാ... തലവേദനയുണ്ടോ ?


ഉം ...


അവൾ അനുഭാവത്തോടെ അയാളുടെ നെറ്റിയിൽ കൈവച്ച് നോക്കി


ഈശ്വരാ ... നല്ല ചൂടുണ്ടല്ലോ ?

ഞാൻ പോയി കുറച്ച് ചുക്ക് കാപ്പി ഇട്ടോണ്ട് വരാം


അമൃതാഞ്ജൻ നെറ്റിയിൽ പുരട്ടി കൊടുത്തിട്ടവൾ വേഗം അടുക്കളയിലേക്കോടി


തിരിച്ചെത്തിയപ്പോൾ അയാൾ കിടക്കുകയായിരുന്നു,


ഏട്ടാ എഴുന്നേറ്റേ... ചൂടോടെ ഈ കാപ്പി കുടിച്ചിട്ട് പുതച്ച് മൂടി കുറച്ച് നേരം കിടന്നാൽ, പനി പമ്പ കടക്കും ,ഇല്ലെങ്കിൽ നമുക്ക് ആശുപത്രിയിൽ പോകാം


അവൾ നിർബന്ധിച്ച് അയാളെ കൊണ്ട് ചുക്ക് കാപ്പി മുഴുവൻ കുടിപ്പിച്ചു


കാപ്പി കുടിച്ച് കഴിഞ്ഞ് വീണ്ടും കട്ടിലിലേക്ക് ചരിഞ്ഞ അയാളെ വലിയൊരു ബെഡ്ഷീറ്റെടുത്ത് അവൾ ദേഹമാസകലം പുതച്ച് കൊടുത്തിട്ട് ,അടുക്കളയിലേക്ക് പോയി


അല്പം കഴിഞ്ഞ് ആവി പറക്കുന്ന പൊടിയരിക്കഞ്ഞിയും തേങ്ങാച്ചമ്മന്തിയുമായി അവൾ മുറിയിലേക്ക് വന്നു


അപ്പോഴേക്കും അയാൾ ഉറക്കമായിരുന്നു.


അവൾ വീണ്ടും അയാളുടെ നെറ്റിയിൽ കൈവച്ച് പനി നോക്കി


ഉം നല്ല കുറവുണ്ട്


അവൾ ആശ്വാസത്തോടെ സ്വയം പറഞ്ഞു


ഗിരിയേട്ടാ... എഴുന്നേറ്റേ ... ദേ ഈ കഞ്ഞി കുടിച്ചിട്ട് കിടന്നോളു ഇല്ലെങ്കിൽ രാവിലെ എഴുന്നേല്ക്കുമ്പോൾ നല്ല ക്ഷീണമായിരിക്കും


അവൾ അയാളെ മയക്കത്തിൽ നിന്നും തട്ടി ഉണർത്തി


ഈ തലയണയിൽ ചാരി ഇരുന്നോളു, ഞാൻ കോരിതരാം


ചുമരിൽ വച്ച തലയണയിൽ ചാരി ഇരുന്ന അയാൾക്ക്, സ്നേഹ,പൊടിയരിക്കഞ്ഞി സ്പൂണിൽ കോരി വായിൽ വച്ച് കൊടുത്തു.


കഞ്ഞി കുടി കഴിഞ്ഞ അയാളുടെ ചുണ്ടുകൾ തുവർത്ത് കൊണ്ട് തുടച്ച് കൊടുക്കുമ്പോൾ ഗിരിധർ അവളുടെ കൈയ്യിൽ കയറിപ്പിടിച്ചു


എന്താ ചേട്ടാ ...


സ്നേഹേ...നിൻ്റെ കാല് വേദന മാറിയോ?


അപ്പോഴാണവൾ തൻ്റെ കാല് വേദനയുടെ കാര്യമോർത്തത്


അത് മാറിയോ?


സംശയത്തോടെ സ്വയം ചോദിച്ച് കൊണ്ട്  അവൾ മെല്ലെ നടന്ന് നോക്കി


പെട്ടെന്നവൾ കട്ടിലിൻ്റെ 

ക്രാസിയിൽ കയറി പിടിച്ചു.


ഇല്ല ചേട്ടാ ... ഇപ്പോഴുമുണ്ട് 

ആ നശിച്ച വേദന  


അവൾ അസഹ്യതയോടെ കാല് കുടഞ്ഞു


സോറി സ്നേഹാ... നീ രാവിലെ മുതൽ നിൻ്റെ വേദനയെ കുറിച്ച് പലവട്ടം പറഞ്ഞിട്ടും ഞാനത് മുഖവിലയ്ക്കെടുത്തില്ല, പക്ഷേ ,ഞാനൊരു തലവേദന പറഞ്ഞപ്പോൾ നീ നിൻ്റെ വേദനകളൊക്കെ മാറ്റി വച്ചിട്ട് എന്നെ സുഖപ്പെടുത്താനായി എത്ര പെട്ടെന്നാണ് അലർട്ടായത്,എനിക്ക് വയ്യെന്നറിഞ്ഞപ്പോൾ നീയനുഭവിച്ച ആത്മസംഘർഷം നിൻ്റെ മുഖത്ത് ഞാൻ തെളിഞ്ഞ് കണ്ടു, ഞാനൊരു കാര്യം ചോദിച്ചോട്ടെ? നിന്നോടെനിക്ക്

സ്നേഹമുണ്ടെങ്കിലും അതൊരിക്കലും നീയാഗ്രഹിക്കുന്ന പോലെ ഞാൻ നിനക്ക്തന്നിട്ടില്ല ,

എന്നിട്ടും എന്നെയിങ്ങനെ കലർപ്പില്ലാതെ, മടുപ്പില്ലാതെ സ്നേഹിക്കാൻ നിനക്കെങ്ങനെ കഴിയുന്നു 


അതാണ് ചേട്ടാ ... ഒരുഭാര്യയും ഭർത്താവും തമ്മിലുള്ള പ്രധാന വ്യത്യാസം, എല്ലാ ഭാര്യമാർക്കുമറിയാം, 

തൻ്റെ ഭർത്താവിന് തന്നോട് സ്നേഹമുണ്ടെന്നും, പക്ഷേ അതവർ പുറത്ത് കാണിക്കാത്തതാണെന്നും, എന്നാലും ,അവർ പിന്നെയും പ്രതീക്ഷയോടെ കാത്തിരിക്കും, തൻ്റെ ഭർത്താവ് ചില റൊമാൻ്റിക് സിനിമകളിലെ നായകൻമാരെ പോലെ, എന്നും തന്നോട് സ്നേഹത്തോടെ സംസാരിച്ചിരുന്നെങ്കിൽ ,

രാവിലെ ഓഫീസിൽ പോകുമ്പോഴും ,തിരിച്ച് വരുമ്പോഴും, ഒരു ചുടുചുംബനം തന്നിരുന്നെങ്കിൽ, ഇടയ്ക്ക് തൻ്റെ ഫോണിലേക്ക് വിളിച്ച് നീയവിടെ എന്തു ചെയ്യുവാടാ ,ഞാൻ വരുമ്പോൾ നിനക്ക് സ്പെഷ്യൽ എന്തേലും വാങ്ങിച്ചോണ്ട് വരണോ? എന്ന് ചോദിച്ചിരുന്നെങ്കിൽ ,എന്നൊക്കെ ,അങ്ങനെ നടക്കാത്ത പല സ്വപ്നങ്ങൾ കാണുന്നവരാണ് മിക്ക ഭാര്യമാരും, ഗിരിയേട്ടനറിയാമോ ,

നിങ്ങളെന്നെങ്കിലുമൊരിക്കൽ

എനിക്കൊരു സർപ്രൈസ് ഗിഫ്റ്റ് കൊണ്ടുവന്നെങ്കിലെന്ന് ഞാൻ ഒരുപാടാഗ്രഹിച്ചിട്ടുണ്ട്, ഒരിക്കൽ പോലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, കല്യാണദിവസം 

നിങ്ങളോടെനിക്ക് തോന്നിയ ആ ഇഷ്ടത്തിന്, ഒരല്പം പോലും കുറവ് ഇന്ന് വരെ വന്നിട്ടില്ല, എന്നാൽ ഗിരിയേട്ടനങ്ങനാണോ? നമ്മുടെ മധുവിധു നാളുകളിൽ എന്നെക്കാൾ സ്നേഹം പ്രകടിപ്പിച്ചത് ഗിരിയേട്ടനായിരുന്നു ,

പക്ഷേ, കാലങ്ങൾ കടന്ന് പോയപ്പോൾ, ഗിരിയേട്ടന് എന്നോടുള്ള സ്നേഹം കുത്തനെ കുറഞ്ഞില്ലേ? 


ശരിയാണ് ,സ്നേഹേ ... നീ പറഞ്ഞത് ,ഒരിക്കലും ഭാര്യ തന്നെ സ്നേഹിക്കുന്നത് പോലെ അതേ അളവിലും തൂക്കത്തിലും തിരിച്ചവരെ സ്നേഹിക്കാൻ മിക്ക ഭർത്താക്കന്മാർക്കും കഴിയില്ല എനിക്കും അത് തന്നെയാണ് സംഭവിച്ചത് ,


കുറ്റബോധത്തോടെ അയാൾ അവളെ തൻ്റെ അരികിൽ പിടിച്ചിരുത്തിയിട്ട് ,ചുട് കണ്ണീരടർന്ന് വീണ കപോലങ്ങളിൽ, സ്നേഹത്തോടെ ചുംബിച്ചു. 

To Top