പറയാതെ തന്നെ പലതും മനസ്സിലായ ഹരി അവളെ ചേർത്ത് നിർത്തി പുറത്ത് തട്ടി...

Valappottukal


രചന: വിനൂജ സുകേഷ്

"അമ്മേ,, ... ഞാനിപ്പോ നട്ട ഈ മാവ് എപ്പോ  കായ്ക്കും? " കൈയിൽ പറ്റിപ്പിടിച്ച മണ്ണ് തട്ടിക്കൊണ്ട് ഹരികുട്ടൻ  ചോദിച്ചു.  "അമ്മേടെ ഹരിക്കുട്ടൻ  വല്യ കുട്ടിയാകുമ്പോ.. ചിലപ്പോ കല്യാണൊക്കെ കഴിഞ്ഞു  ഹരിക്കുട്ടൻ  ഭാര്യയെയും  മക്കളെയൊക്കെ കൂട്ടി വരുമ്പോ.. അന്ന്  ഇതിൽ നിന്ന്  മാമ്പഴം പറിക്കാം."


"അപ്പൊ അമ്മയോ??? "


"അമ്മ... അമ്മക്ക്  വയസ്സാകും"


"അമ്മ വയസ്സാകണ്ട... വയസ്സായാൽ മരിക്കും.. അമ്മ മരിക്കണ്ട"


====================================


അയാൾ കണ്ണ് നിറഞ്ഞുകൊണ്ട് മെല്ലെ പറഞ്ഞു.. " അമ്മ മരിക്കണ്ടായിരുന്നു"..


"ഓഹ് ഇവിടെ വന്നു നിൽപ്പാണല്ലേ??. എനിക്ക് മടുത്തു.. തീരെ അഡ്ജസ്റ്റ് ആകുന്നില്ല ഹരി.. ഞാൻ ജീവിച്ച സാഹചര്യം നോക്കുമ്പോൾ.. എനിക്ക് വയ്യ ഇനിയും ഇങ്ങനെ.. അന്നേ ബാംഗ്ലൂർലേക്ക് പോയാൽ മതിയായിരുന്നു.. മമ്മി വിളിച്ചതാ " 


ഹരിയുടെ ഭാര്യ കീർത്തി  ദേഷ്യം കൊണ്ട് പുറകിൽ നിന്നു തന്റെ പാറിപ്പറന്ന മുടിയൊന്നൊതുക്കി.


"നോക്ക് കീർത്തി .. ഞാനിനി എന്ത് ചെയ്യാനാ??  ലോക്ക്ഡൗൺ അല്ലേ..  അത് തീരും വരെ പിടിച്ചു നിന്നെ പറ്റൂ "


"അമ്മയുടെ ചടങ്ങോക്കെ കഴിഞ്ഞപ്പോൾ പറഞ്ഞതല്ലേ ബാംഗ്ലൂർ പോകാൻ?

അവിടെയാണെങ്കിൽ ഈ തലവേദനയില്ല. പിന്നെ എല്ലാം ശരിയായിട്ടു കാനഡയിലേക്ക് പോയാൽ മതിയായിരുന്നു .. അപ്പോഴാ ടു ഡേയ്‌സ് കൂടി നിക്കണം എന്ന ഹരിയുടെ തോന്നൽ" 


കീർത്തി ശബ്ദം ഉയർത്തി പറഞ്ഞ് കൊണ്ട് മുടി മുകളിൽ കെട്ടിവച്ചു.


"ആ രണ്ട് ദിവസം കൊണ്ടല്ലേ ഫ്ലൈറ്റും ട്രെയിനും ഒക്കെ റദ്ദാക്കിയത്..  ഞാൻ.." 


ബാക്കികേൾക്കാതെ പലതും പിറുപിറുത്തുകൊണ്ട് കീർത്തി അകത്തേക്കു പോയി. ആർക്കും വേണ്ടാതെ നിലത്ത് വീണു കിടക്കുന്ന മാമ്പഴം നോക്കി ഹരി ആ മാവിനോട്‌ ചേർന്ന് നിന്നു. 


അമ്മയുടെ വല്ല്യ ആഗ്രഹമായിരുന്നു ആകെയുള്ള ഒരേയൊരു മോൻ ഹരിദാസ്  ഫാമിലിയായിട്ട് നാട്ടിൽ സെറ്റിൽഡ് ആകണമെന്ന് . അവന്റെ  മക്കളോടൊപ്പം അവസാന നിമിഷം വരെ കഴിയണമെന്ന്,  ഹരി മാത്രം ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ.. കീർത്തി  ജനിച്ചതും വളർന്നതും  ബാംഗ്ലൂരിലും ദുബായ്ലൊക്കെയാ, അവൾടെ പേരെന്റ്സ് ഇപ്പൊ ബാംഗ്ലൂരിലാ,  സിറ്റി ലൈഫ് ശീലിച്ചത്കൊണ്ട് നാട്ടിലെ ജീവിതം അവൾക്ക് ഇഷ്ടമല്ല . പിന്നെ ഹരിദാസ്ന് കാനഡയിൽ ജോലിയായപ്പോഴാ അവരുടെ മാര്യേജ് കഴിഞ്ഞത്. പിന്നെ അവിടെതന്നയായി,  വല്ലപ്പോഴും ഏതെങ്കിലും ഫങ്ക്ഷന് വേണ്ടി നാട്ടിൽ വന്നാലായി.


അമ്മയെ കാണാൻ ഹരി മാത്രം വരും. ഇടയ്ക്കിടെ ആഗ്രഹം തോന്നുമ്പോൾ.  പക്ഷെ,  അമ്മയുടെ അവസാന നിമിഷമാണ് നഷ്ടമായത്.  icu ഇൽ കേറി കാണുമ്പോൾ ചെറിയ ബോധമേ ഉണ്ടായുള്ളൂ..പലതും പറയാൻ നോക്കിയിരുന്നു  അമ്മ.. അതൊക്കെ അയാൾടെ മാത്രം  സ്വകാര്യ ദുഃഖമാണ്.


"എനിക്ക് ഈ വീട് കാണുമ്പോഴേ പേടിയാണ്.  നാഗവല്ലിയുടെ ഫിലിം പോലെ!!!.. എന്തിനാ ഇത്ര വല്ല്യ വീട്?  മൊത്തം പൊടിയാ..  പിന്നെ പേടിപ്പിക്കുന്ന പല ജീവികളും.. എന്റെ അലര്ജി കൂടി..  പിള്ളേർക്ക് വല്ല പ്രോബ്ലം വരുമോ എന്നാ പേടി " കീർത്തി  പറഞ്ഞു.


"ഭാഗം വച്ചപ്പോ അമ്മക്ക് കിട്ടിയതാ ഈ വീട്.. കുറേ ഭാഗം പൊളിച്ചു മാറ്റി. ഇപ്പൊ ആകെ ഈ കാണുന്നതേയുള്ളൂ..  എന്നാൽ പണ്ട് കണ്ടാലെന്താ പറയുക " ഹരി തുടർന്നു.. 


അപ്പോഴാ മക്കൾ എണീറ്റു വന്നത്. "ദാ  നോക്കിയേ പിള്ളേർടെ ദേഹം മുഴുവൻ ചൂടുകുരു.. ഏസി ഇല്ലാതെ ആർക്കാ ശീലം..ഹോ  വയ്യ "... കീർത്തി  മുഖം ചുളിച്ചു. 


ഹരിയുടെ അമ്മയെ  സഹായിക്കാൻ അപ്പുണ്ണിചേട്ടനും ഭാര്യയും ഉണ്ടായതാ.  അവരും ഇപ്പൊ വരാതെയായി.


"ഒന്നാമത് നമ്മൾ ക്വാറന്റൈനിൽ അല്ലേ?.... അല്ലെങ്കിൽ ഇത്ര വിഷമം ഇല്ലായിരുന്നു. സാരമില്ല എല്ലാം ഓക്കേയാകും" ഹരി പറഞ്ഞപ്പോളേക്കും കീർത്തി  പിള്ളേരെയും കൂട്ടി അകത്തേക്കു പോയി. 


അന്ന് രാത്രി പിള്ളേരും ഉറങ്ങുന്നില്ല,  കീർത്തിയുടെ  മുഖമാണെങ്കിൽ കടന്നൽ കുത്തിയ പോലെ. "ഏസിയില്ല,  നല്ല എയർഫ്രഷ്നെർ ഇല്ല ഹോ.. "എന്നൊക്കെ പറഞ്ഞവൾ  തിരിഞ്ഞു കിടന്നു.  അയാൾ ആ ബെഡ്റൂമിന്റെ തെക്കേ ജനാല തുറന്നിട്ടു. ഇളം കാറ്റിനോടൊപ്പം ഒഴുകി വന്ന സുഗന്ധം എല്ലാരെയും ഉണർത്തി. 


"എവിടെന്ന പപ്പാ ഈ സ്മെൽ!!!..  നല്ല സുഖമുണ്ട്,  ഇപ്പൊ കാറ്റുണ്ടല്ലോ.. ഏസി പോലെ തണുപ്പ് വരുന്നുണ്ടല്ലോ.. പപ്പ എന്ത് മാജിക്‌ ആ കാട്ടിയത്?  " എട്ടു വയസ്സ്കാരൻ കാർത്തിക്  എണീറ്റിരുന്നു.


അയാൾ കീർത്തിയെ  നോക്കി പറഞ്ഞു. "അത് മോനെ,  പപ്പ പണ്ടേ ഈ മുറിയിലാ കിടക്കാറ്,  ഈ വിന്ഡോ ഓപ്പണാക്കിയാൽ നല്ല കാറ്റുണ്ടാകും.. പിന്നെ സ്മെൽ അത് അച്ഛമ്മ നട്ട പാരിജാതപ്പൂന്റെ ആണ്,  നാളെ മോനത് കാട്ടിത്തരാം " 


കാർത്തിക്ന് സന്തോഷായി.  രണ്ട് വയസ്സുള്ള കുഞ്ഞൂട്ടനെ ഉറക്കി കീർത്തി എണീറ്റിരുന്നു. മുഖത്തു നേരിയ തെളിച്ചം കണ്ട് ഹരി പറഞ്ഞു.. 


"പണ്ട് ഞാനും മാളുവും കൂടി ചെറിയ ആ  പാരിജാതപ്പൂ നേരിയ വാഴനാരിൽ  കോര്ക്കും എന്നിട്ട്.., "


"ആ എന്നിട്ട് അവളുടെ മുടിയിൽ ചൂടിക്കുമായിരിക്കും. ഓഹ്,, എനിക്കൊന്നും കേൾക്കണ്ട" കീർത്തി  തിരിഞ്ഞു കിടന്നു.


അയാൾ കുറേ പുറകോട്ടു പോയി..മാളുവിനെ കുറിച്ച് ഓർമിച്ചു എപ്പോഴോ ചെറിയ മയക്കത്തിലേക്.. പിന്നെ ഗാഢനിദ്രയിലേക്കും. 


"സ്റ്റോക്ക് വച്ച വെജിറ്റബ്ൾസ് ഒക്കെ തീരാറായി.  പിള്ളേർക്ക് നല്ല സ്നാക്ക്സ് ഒക്കെ കിട്ടാതിരുന്നിട്ട്  ഇവിടെ മതിയായി കാണും...പാവം എന്റെ മക്കൾ " കീർത്തി  കൂട്ടിച്ചേർത്തു.


തൊടിയിലൂടെ മക്കളുമായി നടന്ന ഹരി പല  പല  കാഴ്ചകൾ അവർക്ക് കാണിച്ചു കൊടുത്തു. കിളികളെയും കിളിക്കൂടും  പൂമ്പാറ്റയെയും അണ്ണാറക്കണ്ണനെയും,  പല പൂക്കളും ചെടികളും.. മക്കളുടെ സന്തോഷവും ചിരിയും ഉയർന്നപ്പോ കീർത്തി  മെല്ലെ വന്നു അവരോടൊപ്പം നടന്നു.. 


അമ്മയുടെ അടുക്കളത്തോട്ടത്തിലെ പറിക്കാതെ ബാക്കിയായ വല്ല്യ മഞ്ഞ വെള്ളരിക്കയും പച്ചമുളകും വെണ്ടയ്ക്കയും  പറിച്ചു. വേലിയിലുള്ള വേലിച്ചീരയും പൊട്ടിച്ചു.  പിന്നെ കുറച്ച് പണിപ്പെട്ട്  ചക്കയും..  കീർത്തിയുടെ  കണ്ണുകൾ വികസിക്കുന്നത് ഹരി കണ്ടില്ലാന്നു നടിച്ചു.


ഉച്ചക്ക് വേണ്ടിയുള്ള ഭക്ഷണത്തിനു ഹരി കൂടി കിച്ചനിൽ കേറി. പിള്ളേർക്ക് വേണ്ടി ചക്ക വറുത്തതും ആക്കിയെടുത്തു. അങ്ങെനെ നാടൻ ഭക്ഷണമൊക്കെ ശീലമായി. എന്തോ കീർത്തിക്ക്  മനസ്സിന്  തൃപ്തിയായി. ചുണ്ടിൽ നേരിയ പുഞ്ചിരിയൊക്കെ വന്നുതുടങ്ങി.


അങ്ങനെ ദിവസങ്ങൾ ഓരോന്നും കഴിഞ്ഞു. ക്വാറന്റൈൻ പറഞ്ഞ ദിവസവും തീർന്നു. അവർക്ക് സമാധാനമായി.


ഒരുദിവസം അവൾ വീണ്ടും പരാതിയായി വന്നു. "ദേ എന്റെ മുടി കണ്ടോ ഒരുമാതിരി... ഷാംപൂ ഇല്ലാത്തത് കൊണ്ട് ഓയിൽ മസാജ് ചെയ്യാനും പേടി. സ്കിൻ ഒക്കെ ഡ്രൈ ആയി. ഞാൻ ഒരു ഗ്ലാമറില്ലാത്തപോലെയായി "


ഹരിക്ക് ചിരി വന്നെങ്കിലും പുറമെ കാണിച്ചില്ല അയാൾ പറഞ്ഞു.. "അതേയ്.. ഞാൻ പറയുന്ന പോലെ അനുസരിക്കുമെങ്കിൽ ഒരു കൂട്ടം പറഞ്ഞുതരാം..  ഗ്ലാമർ കൂട്ടാം"


കീർത്തി  ഹരിയുടെ കൂടെ വീട്ടുവളപ്പിലൂടെ നടന്നു. ചെമ്പരത്തി പൂവും  ഇലയും പറിച്ചു. കറിവേപ്പിലയും തുളസിയും കയ്യോന്നിയും  പിന്നെ  പച്ചമഞ്ഞളും കൂടെ കുഴിചെടുത്തു. വീട്ടിൽ വന്നു മരുന്നിലകളൊക്കെയിട്ട് കാച്ചെണ്ണയാക്കിയെടുത്തു. 


ചെറു ചൂടോടെ കീർത്തിയുടെ  തലയിൽ മസ്സാജ് ചെയ്യുമ്പോൾ അവൾ :


"ഞാൻ പാർലറിൽ വച്ചേ ഓയിൽ മസ്സാജൊക്കെ ചെയ്തിട്ടുള്ളൂ" 


ഹ്മ്മ്  അയാൾ മൂളിക്കേട്ടു. 


"ഹരി ഇതൊക്കെ എങ്ങനെ പഠിച്ചു?? "


"അമ്മ മാളുവിന്‌ വേണ്ടി ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. പിന്നെ  ഞാനും മാളുവും കൂടിയാ എല്ലാം പറിച്ചു കൊടുക്കാറ്"


"മാളു സുന്ദരിയാണോ? "


"എന്റെ ഭാര്യയുടെ അത്രയില്ല"


"ഓഹോ??  ആക്കല്ലേ.."


പച്ച മഞ്ഞൾ ചതച്ചിട്ട് കാച്ചിയ എണ്ണയെടുത്തു ദേഹം മുഴുവൻ തേക്കാൻ പറഞ്ഞു.


അപ്പോളേക്കും അമ്മിയിൽ നിന്ന് ചെറുപയർ പൊടിച്ചെടുത്തു.വെള്ളചന്ദനം തയക്കുമ്പോൾ രണ്ട് പിള്ളേർക്കും ഗോപിക്കുറി വെക്കാൻ അയാൾ മറന്നില്ല.


അവളതൊക്കെ കൗതുകത്തോടെ നോക്കിനിന്നു.


നേരെ കുളക്കടവിലേക്കു നടന്നു. മക്കൾക്ക് സന്തോഷത്തിനു അതിരില്ലായിരുന്നു. അവരെ കല്പടവിൽ ഇരുത്തി ഹരി വെള്ളത്തിലേക്ക് ഊളിയിട്ടു. കീർത്തി പേടിച്ചു അവിടെത്തന്നെ നിന്നു.  പിന്നെ വെള്ളത്തിൽ വെറുതെ കാലിട്ടിരുന്നു. 


"നീ വന്ന്  മുങ്ങിക്കുളിക്ക്.. എന്നാലേ ആ പറഞ്ഞ ഗ്ലാമർ വരൂ"..  ഹരി ഉള്ളിൽ ചിരിയൊതുക്കി പറഞ്ഞു.


"ഞാൻ ബക്കറ്റ് എടുത്തു വന്നു കോരി കുളിക്കാം.. മുങ്ങി ചത്താലോ.. ഒന്നാമത് നിങ്ങൾക്കെന്നോട് ഉള്ളിൽ ദേഷ്യമുണ്ട് "


അവളത് പറഞ്ഞപ്പോൾ അയാൾടെ ചിരിക്കു മങ്ങൽ വന്നു. അത് മനസ്സിലാക്കിയ കീർത്തി മെല്ലെ ഇറങ്ങി. പേടിമാറിയപ്പോൾ അവൾക്ക് ത്രില്ലായി. പിന്നെ ചെമ്പരത്തി താളി തലയിൽ തേക്കാനൊക്കെ  അവൾ ഉത്സാഹം കാട്ടി.


ബാക്കി കുളി ബക്കറ്റിൽ അയാലേ  തൃപ്തിയാകൂ എന്ന്പറഞ്ഞ് അവൾ  ബാത്‌റൂമിലേക്ക് പോയി..ദേഹത്തു തേക്കാൻ പയര്പൊടി എടുക്കാൻ മറക്കല്ലേ എന്നയാൾ ഉറക്കെ പറഞ്ഞു. 


ഉമ്മറത്തിരുന്നു ഹരിയും മക്കളും എന്തോ കളിയിലേർപ്പെട്ടു. അവിടേക്ക് വന്ന  കീർത്തിയുടെ മാറ്റം  ഹരി നോക്കി നിന്നു.  അരച്ച് വച്ച ചന്ദനം കൂടി തേച്ചത് കൊണ്ടാവാം,   അവൾടെ വിലകൂടിയ പെർഫ്യൂം സ്മെൽ പോലും തോറ്റുപോയത്... മുടിയിൽ കാച്ചെണ്ണയുടെ മണം,  മഞ്ഞനിറമുള്ള കീർത്തിയുടെ  ദേഹത്തിനു ചന്ദനസുഗന്ധം, ഇടതൂർന്ന പീലിയുള്ള കണ്ണിൽ ഐലൈനറോ.. മസ്‌കാരയോ, അതോ സ്മോക്കിയുടെയൊ ഒരു  സഹായം  പോലുമില്ലാത്ത വശ്യത..


"നിന്റെ മിഴിയിൽ നീലോല്പലം.... 

നിന്നുടെ ചുണ്ടിൽ പൊന്നശോകം..

നിൻ കവിളിണയിൽ......... "


ഹരി മനസ്സിൽ പാടി 


"എന്താ  ഇങ്ങനെ നോക്കുന്നത് ?... എന്താ ഓർത്തെ എന്നെക്കുറിച്ച്?? " കീർത്തി കണ്ണ് വിടർത്തി ചോദിച്ചു.


അപ്പൊ ഹരി കണ്ണിറുക്കി...


" നാളെ എനിക്ക് ഈ വീട് മൊത്തം കാണണം" അവൾടെ വർത്തമാനം കേട്ടു അയാൾ അമ്പരന്നു.


"അയ്യോ.. നിന്റെ അലര്ജി അധികമാകില്ലേ..  മൊത്തം പൊടിപിടിച്ചു കാണും.. പോകണോ?? "


പിറ്റേന്ന് മക്കൾ എണീക്കും മുന്നേ അവർ ഓരോരോ റൂമിലായി കേറി.. മാറാലയൊക്കെ അടിച്ചു വീട് ക്ലീനാക്കാനുള്ള അവൾടെ  ഉത്സാഹം കണ്ട് ഹരി മനസ്സിൽ പറഞ്ഞു.. 


"കാനഡയിൽ നിന്നു എന്റൊപ്പം വന്ന എന്റെ പരിഷ്കാരി ഭാര്യ തന്നാണോ ഇത്!!" 


"അല്ല കീർത്തി ..  നിനക്ക് നാഗവല്ലി പോലെ വല്ലതും കൂടിയോ?? " എന്ന് പറഞ്ഞ് ഹരി ഉറക്കെ ചിരിച്ചു.


"അയ്യടാ വല്ല്യ തമാശ" അവൾ ക്ലീനിങ്ങിൽ ശ്രദ്ദിച്ചു. എല്ലാം കഴിഞ്ഞു ഫ്രഷ് ആയി. അപ്പോളേക്കും മക്കൾ എണീക്കാറായിരുന്നു.


അന്ന് വൈകുന്നേരം മക്കളെയും കൂട്ടി അവിടെമാകെ നടന്നു കാണിച്ചു. മക്കൾ ഓടിയോടി സന്തോഷംകൊണ്ട് തുള്ളിച്ചാടി. തേക്കിൻതടിയിൽ തീർത്ത വീടിന്റെ മനോഹാരിതയും, ഊഞ്ച കട്ടിലും പിന്നെ  പല പല ആന്റിക് വസ്തുക്കളും ഒക്കെ കീർത്തിയിൽ കൗതുകമുണർത്തി.


അങ്ങനെ മാസം രണ്ടായി. കീർത്തിയുടെ  പരാതീം പരിഭവവും ക്രമേണ കുറഞ്ഞു. അവൾടെ മമ്മി വിളിച്ചപ്പോൾ പറഞ്ഞു. "ഫ്ലൈറ്റ് റെഡിയായാൽ വേഗം ഇങ്ങു വന്നേക്ക്"..പക്ഷെ  ഇപ്രാവശ്യം മാത്രം  അവളിൽ   അതത്ര സന്തോഷം  തോന്നിപ്പിച്ചില്ല . 


അവൾ ഹരിയോട് ചോദിച്ചു "മാളു ഇപ്പോൾ എവിടെയുണ്ട്?  എനിക്ക് കണ്ടാൽ കൊള്ളാമെന്നുണ്ട്.. "


"എന്തിനാ? "


"ഹരിയുടെ കളികൂട്ടുകാരിയല്ല? കാണാനൊരു ആഗ്രഹം.. '"


"മ്മ്..  ആർക്കും അറിയില്ല. ഇവിടെന്ന് രണ്ട് വീട് അപ്പുറമാണ് അവൾടെ വീട്. കുഞ്ഞിലേ ഞങ്ങൾ ഒന്നിച്ചാണ് കളിച്ചു വളർന്നത്. പത്താംക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു  അവളുടെ അച്ഛൻ വന്ന് അവരെ കൂട്ടികൊണ്ട് പോയി. അയാൾക്കു ഗുജറാത്തിൽ ആണ് ജോലി,  പിന്നെയവർ വന്നിട്ടുമില്ല ... കണ്ടിട്ടുമില്ല."


"ഹരിക്ക് അവളെ ഇഷ്ടമായിരുന്നു അല്ലേ? "


"ഹ്മ്മ് ഒരുപാട് "


"കുശുമ്പുണ്ടോ നിനക്ക്? "


"നല്ലോണം"


പിന്നെ രണ്ടാളും പൊട്ടിചിരിച്ചു.. 


ഒരുദിവസം ഹരി കീർത്തിയെ വിളിച്ചു പണ്ട്  അമ്മയേൽപ്പിച്ച  ആമാടപ്പെട്ടി  കൊടുത്ത്  പറഞ്ഞു..  "അമ്മ നിനക്ക് തരാൻ പറഞ്ഞതാ ഇത്...നിന്നെ ഇതൊക്കെ അണിയിച്ച് കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.."


അവൾക്കാകെ വല്ലായ്മ തോന്നി.  തന്റെ പിടിവാശി കാരണം ഇല്ലാതാക്കിയതാ അമ്മയുടെ ആഗ്രഹം. മോനും കുടുംബവും ഒന്നിച്ചു വേണമെന്നത് .  ഒരുപക്ഷെ അമ്മയുണ്ടെങ്കിൽ ഇപ്പോൾ ഏറ്റവും സന്തോഷിക്കുന്നതും  അമ്മയാകും..  പല കുറ്റബോധം അലട്ടി അവൾ പൊട്ടിക്കരഞ്ഞു.


പറയാതെ തന്നെ പലതും മനസ്സിലായ ഹരി  അവളെ ചേർത്ത്  നിർത്തി പുറത്ത് തട്ടി..


അന്ന് രാത്രി പുറത്തിരുന്നു ഹരി ആരെയോ വിളിക്കാൻ ഫോണെടുത്തു.  അമ്മയുടെ പച്ചക്കരയുള്ള മുണ്ടും നേര്യതുമുടുത്തു,  പാലക്ക മാലയുമണിഞ്ഞ് കുറച്ച് പാരിജാതപ്പൂക്കളും കൈകുമ്പിളിലെടുത്ത്  പതിവിലും സുന്ദരിയായി നടന്നു വരുന്ന കീർത്തിയെ കണ്ട് ഞെട്ടി. 


അയാൾടെ കണ്ണുകൾക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു അത്. മുൻപ് കുറേ ആഗ്രഹിച്ചതാ ആ വേഷത്തിലൊന്നു കാണാൻ. ആദ്യമായിട്ടാ ഇന്ന് കാണുന്നെ.. 


അപ്പോളേക്കും ട്രാവൽസിലെ ഒരു ഫ്രണ്ട് വിളിച്ചു.  ബാംഗ്ലൂറിലേക്കു 2 വീക്സ് കഴിഞ്ഞു ഫ്ലൈറ്റ് ഉണ്ടാകാൻ ചാൻസുണ്ടെന്ന്. അവനോട് കുറച്ച് സംസാരിച്ചു.. പിന്നെ നോക്കിയിട്ട് പറയാമെന്നു പറഞ്ഞ് കോൾ  കട്ടാക്കി.


അപ്പോഴെക്കും അവൾ ചോദിച്ചു "ഹരിക്ക് എന്നോട് ഇഷ്ടക്കേട് തോന്നിയിട്ടില്ലേ  പണ്ടൊക്കെ"


"ഇല്ല "


"എന്തെ?? " 


"അതങ്ങനെയാ".. ഹരി തുടർന്നു.. പട്ടാളക്കാരനായ  കർക്കശക്കാരൻ എന്റെ അച്ഛന്റെ രീതി  വേറെ.. പൂവിനോടും പുല്ലിനോടും കിന്നാരം പറയുന്ന അമ്മ വേറെ..എന്നാലും അമ്മയുടെ ഒരു ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും അച്ഛൻ എതിരല്ലായിരുന്നു. അവരുടെ സ്നേഹം കണ്ട് വളർന്ന എനിക്കും അങ്ങെനെ ചിന്തിക്കാനാകൂ.. "


അവൾ ഹരിയുടെ അടുത്തേക്ക് വന്നിരുന്നു..അവൾടെ കയ്യിലെ പൂക്കളെടുത്തു മണത്തുനോക്കി അയാൾ  തുടർന്നു.. 


"പിന്നെ നിന്റെ ഇഷ്ടത്തിന് ചങ്ങലയിടാൻ എനിക്ക് തോന്നിയില്ല. ബട്ട്‌, ആഗ്രഹിച്ചിരുന്നു എവിടെ ജീവിച്ചാലും മനസ്സിൽ ഗ്രാമത്തിന്റെ വെളിച്ചം ഉണ്ടായാൽ മതിയെന്ന്.. ഓരോന്നും പറഞ്ഞ്  അടിച്ചേൽപ്പിക്കാൻ എനിക്ക് തീരെ ഇഷ്ടവുമല്ല.. 


എല്ലാറ്റിലും ഉപരി എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് അമ്മയാ.. അതിൽ കലർപ്പുണ്ടാകില്ല"..


മറ്റൊന്നും ചോദിക്കാതെ കീർത്തി ഹരിയുടെ   നെഞ്ചോടുചേർന്നു..അയാൾക്ക് അമ്മയെ  ഓർമ്മ വന്നു. കണ്ണുകൾ നിറഞ്ഞിട്ടില്ലാന്ന് അറിയിക്കാൻ  പറഞ്ഞു..


" ഓ ഒന്ന് വിട്ടു,,.. തന്റെ ആഗ്രഹം പോലെ ബാംഗ്ലൂർ ലേക്ക് ഫ്ലൈറ്റ് റെഡി ആകാൻ ചാൻസ് ഉണ്ടെന്ന്.. ടു വീക്സ് കഴിഞ്ഞ്"


"ഏയ്‌ കേൾക്കുന്നില്ലേ?? " ഹരി ചുമലിൽ തട്ടി 


അവൾ അയാളെ  ഒന്നൂടെ കെട്ടിപിടിച്ചു പറഞ്ഞു "എനിക്ക് എവിടേക്കും പോകണ്ട...  ഇതാണെന്റെ  സ്വർഗം.. ഞാനീ സ്വർഗ്ഗം വിട്ടു ഇനിയെങ്ങോട്ടുമില്ല"


മാഞ്ചോട്ടിൽ നിന്നും ഒരു കുളിർക്കാറ്റ് വന്ന് മെല്ലെയവരെ തഴുകിപ്പോയി... അയാൾക്കപ്പോൾ  അമ്മയുടെ മണവും വാത്സല്യവും അനുഭവപ്പെട്ടു... ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

To Top