എനിക്ക് മാത്രമായി ഇതിലൊരു തീരുമാനം എടുക്കാൻ കഴിയില്ല...

Valappottukal


രചന: ബിന്ധ്യ ബാലൻ


നിരഞ്ജൻ ❤️❤️❤️❤️


'നിരഞ്ജൻ സാറിന്റെ കല്യാണമാണ് അടുത്ത മാസം...'


ഓഫിസിലേക്ക് കയറിചെല്ലുമ്പോൾ ആണ് ആരോ ഫോണിൽ സംസാരിക്കുന്നത് കാതുകളിൽ വന്ന് വീണത്.


ഒരൊറ്റ നിമിഷം നിന്നിടത്ത് തന്നെ തറഞ്ഞു നിന്നു പോയി ഞാൻ.

കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ..

ശരീരമാകെ തളർന്നു നിലത്തേക്ക് വീഴുന്ന പോലെ വേച്ചു പോകുമ്പോൾ ആണ് പ്യൂൺ ജയേട്ടൻ ഓടി വന്നു താങ്ങിയത്..


"എന്ത് പറ്റി മോളെ.. രാവിലെ ഒന്നും കഴിക്കാതെയാണോ വന്നത്?"

.

എന്നെ അടുത്തുള്ള സോഫയിലേക്ക് ഇരുത്തി കുടിക്കാൻ വെള്ളം തന്ന് കൊണ്ട് ജയേട്ടൻ ചോദിച്ചു


"ഒന്നുമില്ല ജയേട്ടാ. പെട്ടന്ന് എന്തോ ഒരു വല്ലായ്ക.."


തലയ്ക്കു കൈ കൊടുത്ത് കൊണ്ട് ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു


വെള്ളം കുടിച്ചു ഒന്ന് നോർമൽ ആയപ്പോ മാനേജർക്കൊരു ലീവ് ലെറ്റർ എഴുതി കൊടുത്തു ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി.


വണ്ടിയൊടിച്ചു  പോകുമ്പോഴും ഹോസ്റ്റൽ മുറിയിൽ ചെന്ന് ആർത്തലച്ചു കരഞ്ഞു ബെഡിലേക്ക് വീഴുമ്പോഴും കാതുകളിൽ ആ വാക്കുകൾ ഒരായിരം കടന്നലുകൾ പോലെ മൂളിക്കൊണ്ടിരുന്നു


'നിരഞ്ജൻ സാറിന്റെ കല്യാണമാണ് .'


ഓർക്കും തോറും ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപോകുന്നത് പോലെ.


ഇത്ര മാത്രം വേദന തോന്നാൻ ആരാണ് തനിക്ക് നിരഞ്ജൻ..?


ഉത്തരമില്ല...


ഉത്തരം കണ്ടെത്താൻ കഴിയുമായിരുന്നിട്ടും ഞാൻ തന്നെയാണ് കണ്ടില്ലെന്ന് നടിച്ചു വഴി മാറി നടന്നത്.


അല്ലെങ്കിൽ തന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു..?


ആരോരുമില്ലാത്തൊരു അനാഥപ്പെണ്ണിന് മോഹിക്കാൻ പറ്റാത്ത അത്രയും ഉയരത്തിൽ നിൽക്കുന്നൊരാൾ....


ആദ്യമായി പ്രണയം പറഞ്ഞപ്പോ കരുതിയത്, കണക്കില്ലാത്ത സ്വത്തിന്റെയും ജോലി ചെയ്യുന്ന കമ്പനിയുടെയും ഒരേയൊരു അവകാശിയായ, സുഖത്തിന്റെ ശീതളിമയിൽ ജീവിക്കുന്നൊരുവന്, അവന്റെ ശമ്പളം പറ്റുന്നൊരു പെണ്ണിന്റെ ശരീരത്തോട് തോന്നിയ മോഹമായിരിക്കുമെന്നാണ്...


പക്ഷേ അത് അത്തരമൊരു വികലമായ വികാരമല്ല സാറിന്റെത് എന്ന് മനസിലാക്കാൻ അധിക നാളുകൾ വേണ്ടി വന്നില്ല.


പോകുന്ന വഴികളിലെല്ലാം തണലായവൻ..

ജോലി കാര്യങ്ങളിൽ കർക്കശക്കാരനാകുമ്പോഴും അതിന്റെ പേരിൽ എന്റെ മുഖമൊന്നു വാടിയാൽ തകർന്നു പോകുന്നവൻ...


എന്റെ പെണ്ണ് എന്ന് എല്ലായിടവും പറയാതെ പറഞ്ഞവൻ...


എങ്കിലും,ഇഷ്ടത്തോടെ വന്നപ്പോഴെല്ലാം മുഖം തിരിച്ചു പോയിട്ടേ ഉളളൂ..


പക്ഷേ ഒളിച്ചും പതുങ്ങിയും നിന്ന് ആ മുഖം കൊതി തീരും വരെ ഞാൻ കാണുമായിരുന്നു. എന്റെ ഇഷ്ടം.. സ്നേഹം ഇതൊക്കെ ഞാൻ എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടുകയായിരുന്നു.


ഇന്നിപ്പോ ദാ കുഴി കുത്തി മൂടിയ സ്വപ്നങ്ങൾക്ക് മുകളിലേക്കൊരു കല്ലെടുത്തു വച്ചത് പോലെയാണ് പ്രാണനായവൻ എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നു എന്ന യാഥാർഥ്യം ഹൃദയത്തെ ഞെരിച്ചു കളഞ്ഞത്...


ഇല്ല ഇനിയും വയ്യ....

ഈ ഓർമ്മകളിൽ നിന്ന്..

ഈ വേദനകളിൽ നിന്ന്..

എല്ലാത്തിനും ഉപരി എന്റെ പ്രണയത്തിൽ നിന്ന് എനിക്ക് രക്ഷപെടാൻ തോന്നി...


ആലോചിച്ചു ഉറപ്പിച്ചൊരു തീരുമാനമെടുക്കാൻ കഴിയാതെ കരഞ്ഞു തളർന്നു ഉറക്കത്തിലേക്ക് വീഴുമ്പോഴും അബോധ മനസ്സിൽ നിരഞ്ജൻ മാത്രമായിരുന്നു


---------------------------------------------------------------------


"ആഭ... ആഭ... എഴുന്നേൽക്ക് .. നിനക്കിന്നു ഓഫിസിൽ പോകണ്ടേ..?"


പതിവ് സമയം ആയിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന എന്നെ കുലുക്കി വിളിച്ച് കൊണ്ടാണ് റൂം മേറ്റും എന്റെ ബെസ്റ്റ് ഫ്രണ്ടും ആയ ധ്വനി ചോദിച്ചത് 


കരഞ്ഞു വീർത്ത കൺപോളകൾ വലിച്ച് തുറന്ന്  എഴുന്നേറ്റ്  ഭിത്തി ചാരിയിരുന്നു ഞാൻ .


എന്റെ കരഞ്ഞു വീർത്ത കണ്ണുകളും കരുവാളിച്ച മുഖവും കണ്ടൊരു ഞെട്ടലോടെ എന്റെ അരികിലേക്ക് വന്നിരുന്ന് 


"എന്താടാ.. എന്ത് പറ്റി?"

എന്ന് ചോദിച്ച അവളുടെ തോളിലേക്ക് തല ചായ്ച്ചു പൊട്ടിക്കരയുമ്പോൾ ഒന്നും മിണ്ടാതെ ഒരു കൈ കൊണ്ടെന്നെ വട്ടം പിടിച്ച് അവളെങ്ങനെ ഇരുന്നു..


ഏതാനും മിനിട്ടുകൾ എന്നെ കരയാൻ വിട്ടിട്ട്, പിന്നെ എന്റെ കരച്ചിൽ ഒന്നൊതുങ്ങിയപ്പോൾ അവൾ ചോദിച്ചു


"നിരഞ്ജൻ സാറിന്റെ കല്യാണം ആണെന്ന് നീ അറിഞ്ഞല്ലേ മോളെ...?"


ഒന്നും മിണ്ടാതെയിരിക്കുന്ന എന്നെയൊന്നു നോക്കിയിട്ട് ദേഷ്യത്തോടെ അവൾ പറഞ്ഞു


"ഇനി ആര് കാണാൻ ആണ് നീയിങ്ങനെ കരഞ്ഞു ഇല്ലാതാവുന്നത്. ഉള്ളിലെ ഇഷ്ടം ഉള്ളിൽ തന്നെ അടക്കിപ്പിടിച്ചു നടന്നപ്പോഴെല്ലാം ഞാൻ നിന്നോട് പറഞ്ഞതല്ലേ, ഉള്ളത് സാറിനോട് തുറന്ന് പറയെന്നു.. അല്ലെങ്കിൽ ഒടുക്കം ചങ്ക് പൊട്ടി കരയേണ്ടി വരുമെന്ന് . നീ കേട്ടോ 

ഇപ്പൊ ഈ വേദന ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വന്നില്ലേ നിനക്ക് 

എന്തിനു വേണ്ടി..?എന്ത് കാരണത്തിന്റെ പുറത്ത്.. നീയൊരു ഇഡിയറ്റ് ആണ് ആഭാ.. "


"അതേ.. ഞാനൊരു വിഡ്ഢി തന്നെയാണ്..

പിന്നെന്ത് വേണം ധ്വനി ഞാൻ..

ചൂണ്ടി കാണിക്കാൻ അച്ഛനോ അമ്മയോ കൂടെപ്പിറപ്പുകളോ, എന്തിന് ഒരു മേൽവിലാസം പോലുമില്ലാത്തൊരു അനാഥപെണ്ണ്... അങ്ങനെയുള്ളൊരു പെണ്ണിനെ സർ അംഗീകരിക്കോ..?

സാറിന്റെ വീട്ടുകാർ അംഗീകരിക്കോ..?

ആ അച്ഛനും അമ്മയ്ക്കും എന്തൊക്കെ മോഹം ഉണ്ടാകും ഒറ്റ മകനെക്കുറിച്ച്. വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഒരേയൊരു അവകാശിയെക്കുറിച്ചു..

അങ്ങനെയുള്ള ഒരാൾക്ക് എന്നെപ്പോലൊരു പെണ്ണ്... വേണ്ട..

ഞാൻ സ്നേഹിച്ചതിന്റെ പേരിൽ സാറിന്റെ അച്ഛനും അമ്മയും വേദനിക്കാൻ പാടില്ല.. ആരുടേയും കണ്ണുനീരിനു ഒരു കാരണം ആകാൻ വയ്യ ധ്വനി എനിക്ക്..

എന്റെ സ്നേഹം.. എന്റെ മോഹം. ഇതൊക്കെ എന്റെ ഉള്ളിൽ തന്നെ ഉരുകി തീരട്ടെ... സർ.. സാറൊന്നും അറിയണ്ട.. എന്റെ വേദന. എന്റെ നഷ്ടം.. അത് ഞാൻ ഇങ്ങനെ കരഞ്ഞു തീർത്തോളാം..."


അത്രയും പറഞ്ഞൊരു പൊട്ടിക്കരച്ചിലോടെ അവളുടെ മടിയിലേക്കൂർന്നു വീഴുമ്പോൾ എന്റെ മുടി തലോടി അവൾ പറഞ്ഞു


"ഇല്ല ആഭ.. നീ നിരഞ്ജൻ സാറിനുള്ളതാണ്. ആ കൈവെള്ളയിൽ ഈശ്വരൻ നിന്റെ പേരാണ് എഴുതി ചേർത്തിരിക്കുന്നത് കുട്ടി...കാലമത് തെളിയിക്കും.. ഐ ആം ഷുവർ.."


"ഇല്ല.. നിരഞ്ജൻ ആഭയുടേതല്ല.. ഇനിയൊരിക്കലും ആവുകയുമില്ല.. അതെന്റെ മനസിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്..എല്ലാം ഞാൻ തീരുമാനിച്ചിട്ടുണ്ട് ധ്വനി... ഞാൻ ആർക്കും ഒരു വേദന ആവില്ല..."


അവളുടെ മടിയിൽ നിന്ന് അസ്വസ്ഥതയോടെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടക്കുമ്പോൾ ഞാൻ പറഞ്ഞു.


"നീ.. നീ വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കല്ലേ പെണ്ണെ.. ന്ത്‌ തീരുമാനമാണ് നീ എടുത്തേക്കുന്നത്.. ഞാൻ കൂടെ ഒന്ന് കേൾക്കട്ടെ..?"


എനിക്ക് പിന്നലെ ബാത്‌റൂമിന്റെ വാതിൽക്കലേക്ക് വന്ന് ഡോറിൽ ശക്തിയായി അടിച്ചു കൊണ്ടാണവൾ ചോദിച്ചത്.


പൈപ്പ് തുറന്നു മുഖമൊന്നു നല്ല പോലെ കഴുകി പുറത്തിറങ്ങി ചിരിയോടെ ഞാൻ പറഞ്ഞു


"ചാകാനൊന്നും അല്ല പെണ്ണെ.... ഞാൻ. ഞാൻ ഈ ജോലി റിസൈൻ ചെയ്യുവാ.. എനിക്കിനി ഇവിടെ വയ്യ... ഈ നാട് പോലും എനിക്കിനി വേണ്ട. ഇവിടെ മുഴുവൻ എന്നെ നോവിക്കണ ഓർമ്മകൾ ആണ്. വയ്യ.. ഞാൻ പോകുവാണ്.."


"എങ്ങോട്ട്.. നീ ഇത്ര സില്ലി ആവരുത് ആഭാ... നോൺസെൻസ്. "


ദേഷ്യത്തോടെ പല്ലിരുമ്മിയാണ് അവളെങ്ങനെ പറഞ്ഞത്...


"ഇല്ല ധ്വനി.. പോകണം ഡാ .. ഇനിയും ഇവിടെ നിന്നാൽ ചിലപ്പോ ഞാൻ ചങ്ക് പൊട്ടി മരിക്കും...."


നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച്‌ ഉറച്ച സ്വരത്തിൽ ഞാനത് പറയുമ്പോൾ എനിക്ക് മുന്നിൽ കീഴടങ്ങിയത് പോലെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.


-----------------------------------------------------


"എന്ത് പറ്റി ആഭ.. പെട്ടന്ന് ഇങ്ങനെയൊരു റെസിഗനേഷൻ തരാൻ... വാട്സ് ദ പ്രോബ്ലം..?"


എഴുതി കൊടുത്ത റിസൈൻ ലെറ്റർ വായിച്ച് മുഖം ചുളിച്ചു കൊണ്ട് മാനേജർ ചോദിക്കുമ്പോൾ എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു..


"ആഭാ തന്നോടല്ലേ ചോദിച്ചത്... ഇഫ് എനി പ്രോബ്ലം ഹിയർ?"


മാനേജർ വീണ്ടും ചോദിച്ചു..


"നോ സർ.. ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇപ്പൊ ഇങ്ങനെയൊരു രാജി.. കൂടുതലൊന്നും എന്നോട് ചോദിക്കരുത് സർ. പ്ലീസ്.."


ഒരു യാചന സ്വരത്തിൽ ഞാനത് പറയുമ്പോൾ, ഇരു വശത്തെക്കും തലയാട്ടിക്കൊണ്ട് സർ പറഞ്ഞു


"എനിക്ക് മാത്രമായി ഇതിലൊരു തീരുമാനം എടുക്കാൻ കഴിയില്ല.. താനൊരു കാര്യം ചെയ്യ്.. റെസിഗനേഷൻ നിരഞ്ജൻ സാറിന് സബ്‌മിറ്റ് ചെയ്യൂ.. ഇന്നിപ്പോ സർ ഇവിടെ ഉണ്ട്.."


മാനേജർ പറഞ്ഞതൊരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്.ഞാൻ എങ്ങനെ നിരഞ്ജനെ ഫേസ് ചെയ്യും..

ഇല്ല.. എനിക്കതിനു കഴിയില്ല.. ഇനിയൊരിക്കൽ കൂടി ആ മുഖം കണ്ടാൽ ഞാൻ ഹൃദയം പൊട്ടി മരിക്കും..


"താനെന്താ സ്വപ്നം കാണുവാണോ.. ദാ ഈ ലെറ്റർ കൊണ്ട് പോയി സാറിന് സബ്‌മിറ്റ് ചെയ്യാൻ പറഞ്ഞത് കേട്ടില്ലേ..?"


അല്പം ഒച്ചയുയർത്തിയാണ് മാനേജർ ഇത്തവണ പറഞ്ഞത്..


മറ്റൊരു നിവൃത്തിയില്ലാതെ റെസിഗ്നേഷൻ ലേറ്ററുമായി വരുന്നത് വരട്ടെ എന്നുറപ്പിച്ച് നിരഞ്ജന്റെ ക്യാബിനിലേക്ക് ചെന്നു..


"മേ ഐ കമിൻ സർ "


"യെസ്.."


കനമുള്ള സ്വരം.


ഡോർ തുറന്നു കയറിച്ചെല്ലുമ്പോൾ കണ്ടു,ലാപ്ടോപ്പിൽ കാര്യമായെന്തോ ജോലിയിൽ ആണ് നിരഞ്ജൻ..

മെല്ലെയൊന്നു മുരടനക്കിയപ്പോൾ ലാപ്പിൽ നിന്ന് മുഖമുയർത്തി നിരഞ്ജൻ എന്നെ നോക്കി.


എന്ത് പറഞ്ഞു തുടങ്ങണം എന്നറിയാതെ പകച്ചു നിന്നപ്പോൾ ആണ് നിരഞ്ജൻ പറയുന്നത്


"നീ റെസിഗ്നേഷൻ തരാൻ വന്നതാണോ.. മാനേജർ നീ ഇങ്ങോട്ട് വന്ന ഉടനെ എന്നെ വിളിച്ചു.."


"അതേ സർ... റെസിഗ്നേഷൻ തരാൻ തന്നെ വന്നതാണ്.."


അത്രയും പറഞ്ഞു കയ്യിലെ എൻവലപ്പ് ഞാൻ നിരഞ്ജന് നേരെ നീട്ടി..


അത് വാങ്ങി ടേബിളിലേക്ക് ഇട്ട് കൊണ്ട് പെട്ടന്നാണ് നിരഞ്ജൻ ചോദിച്ചത്


"എന്റെ കല്യാണം ആണെന്നറിഞ്ഞാണോ ഈ റിസൈൻ ചെയ്യൽ?.. അതോ..?"


പാതിയിൽ നിർത്തി പരിഹാസം നിറഞ്ഞൊരു ചിരിയോടെ എന്നെ നോക്കുന്ന നിരഞ്ജന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ മുഖം കുനിച്ചു. പിന്നെ മെല്ലെ പറഞ്ഞു


"ഇല്ല.. ഇതെന്റെ  വ്യക്തിപരമായ കാരണം കൊണ്ടാണ്... എനിക്കിനിയും ഇവിടെ തുടരാൻ താല്പര്യമില്ല ..."


"ഇവിടെ തുടരാൻ താല്പര്യമില്ല എന്നാണോ.. ഇനിയും നിരഞ്ജനെ കാണാൻ താല്പര്യമില്ല എന്നാണോ.. ഏതാണ് സത്യം?"


നിരഞ്ജൻ വിടാൻ ഭാവമുണ്ടായിരുന്നില്ല.


"സർ പ്ലീസ്... അങ്ങനെയൊന്നും എന്റെ മനസ്സിൽ പോലുമില്ല.. എനിക്ക്.. എനിക്ക് ഇനിയും ഇവിടെ നിൽക്കാൻ താല്പര്യമില്ല.. ഞാൻ ഈ ജോലിയും വിട്ട് ഈ നാട്ടിൽ നിന്നേ പോകുവാണ്. അത് കൊണ്ട് എന്റെ യീ റെസിഗനേഷൻ സർ അപ്രൂവൽ ചെയ്യണം.. പ്ലീസ്.."


അസ്വസ്ഥതയോടെയാണ് ഞാൻ അത്രയും പറഞ്ഞത്.


"അപ്രൂവൽ തന്നില്ലെങ്കിൽ നീ എന്ത് ചെയ്യും?"


അല്പം ഒച്ചയുയർത്തി ചോദിച്ചു കൊണ്ട് നിരഞ്ജൻ കസേരയിൽ നിന്നെഴുന്നേറ്റ് എനിക്ക് നേരെ വന്നു.


പെട്ടന്ന് ഉണ്ടായൊരു അമ്പരപ്പിൽ രണ്ടടി പിന്നോട്ട് മാറി ഭിത്തിയിൽ തട്ടി ഞാൻ നിന്നു.


എന്റെ അത്രയും അടുത്ത് എന്നോട് ചേർന്ന് നിന്നു കൈകൾ രണ്ടും ഭിത്തിയിൽ കുത്തി എന്നെ ആ കൈകൾക്കുള്ളിൽ നിർത്തി നിരഞ്ജൻ പിന്നെയും ചോദിച്ചു


"ചോദിച്ചത് കേട്ടില്ലേ, നീ എന്ത് ചെയ്യുമെന്ന്..?"


"സർ പ്ലീസ്.. ഇത് ഓഫിസ് ആണ്.. സാറിന് ഭ്രാന്ത്‌ കാണിക്കാൻ ഉള്ള സ്ഥലം അല്ല "


നിരഞ്ജന്റെ ശ്വാസമേറ്റ് പിടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു


"ദിസ്‌ ഈസ്‌ മൈ പ്ലേസ്.. ഇത് എന്റെ ഇടമാണ്. ഈ നിരഞ്ജൻ മാധവിന്റെ ഇടം... ഞാൻ ഇവിടെ എന്ത് കാണിച്ചാലും ചോദിക്കാൻ ഒരുത്തനും വരില്ല... അത് നിനക്ക് അറിയാലോ... ജീവിതത്തിൽ മോഹിച്ചതെല്ലാം നേടിയിട്ടുള്ളവനാണ് നിരഞ്ജൻ.. നിന്നേ നേടാൻ പറ്റാതെ പോയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല. പൊന്ന് പോലെ നോക്കാമെന്നു പറഞ്ഞു ഇഷ്ടം അറിയിച്ചപ്പോഴും പിന്നാലെ നടന്നു നിന്നേ ഞാൻ ശല്യം ചെയ്തോ..? ഇല്ല.. കാരണം എന്താന്നറിയോ, അങ്ങനെ പോലും നീ നോവുന്നത് സഹിക്കാൻ പറ്റാത്തത് കൊണ്ട്. അപ്പൊ നിനക്ക് ആ സ്നേഹം കാണാൻ വയ്യ... എന്നെ വെറുക്കാൻ ഉള്ള കാരണം പോലും എനിക്ക് അറിയില്ല....അതിനി എനിക്ക് അറിയുകയും വേണ്ട.പക്ഷേ ഇപ്പോ നീ ഇതെങ്ങോട്ടാണ് ഈ ഒളിച്ചോടുന്നതെന്ന് എനിക്ക് അറിഞ്ഞേ പറ്റൂ ..... നടക്കില്ല മോളെ.അങ്ങനെ പോകാൻ നിന്നേ ഞാൻ സമ്മതിക്കില്ല.. സൊ ഐ ആസ്കിങ് യൂ എഗൈൻ, നിന്റെ ഈ റെസിഗ്നേഷൻ അപ്രൂവ് ചെയ്തില്ലേ നീ എന്ത് ചെയ്യും...?"


പേടിയോടെ കണ്ണുകൾ ഇറുക്കിയടച്ച്‌ ശക്തിയിൽ നിരഞ്ജനെ തള്ളിമാറ്റി ഞാൻ പറഞ്ഞു


"ഞാൻ ചത്തൊടുങ്ങിയാൽ എല്ലാവർക്കും സന്തോഷം ആകുമെങ്കിൽ അത് തന്നെ ചെയ്യും.."


പറഞ്ഞു തീരും മുന്നേ മുഖമടച്ചൊരു അടിയായിരുന്നു.. കവിൾ പൊത്തി എന്താണ് സംഭവിച്ചത് എന്ന് മനസിലാവാതെ നിന്ന എന്നെ ബലമായി അവിടുത്തെ സോഫയിലേക്ക് ഇരുത്തിയിട്ട് സർ എന്റെ മുന്നിൽ മുട്ട് കുത്തി നിന്നിട്ട് എന്നെ ഞെട്ടിച്ച്‌ കൊണ്ടാണ് പറഞ്ഞത്.


"ആരോരുമില്ലാത്തൊരു അനാഥപ്പെണ്ണിന് ജീവിതം കൊടുത്താൽ ഏത് മാനമാണ് ഇടിഞ്ഞു വീഴാൻ പോകുന്നത് എന്ന് എനിക്ക് അറിയണം... എന്നെ വേണ്ടാന്ന് വയ്ക്കാൻ എനിക്ക് കൺവിൻസ് ആകുന്ന മറ്റൊരു കാരണം നിനക്ക് ഉണ്ടെങ്കിൽ നീ അത് പറ.."


ആ ചോദ്യത്തിനൊരു മറുപടിയില്ലാതെ മരവിച്ചിരിക്കുന്ന എനിക്കരികിലേക്ക് ചേർന്നിരുന്നു എന്റെ തോളിലൂടെ കയ്യിട്ട് ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു സർ ഒന്നും മിണ്ടാതെ ആ നെഞ്ചിലേക്ക് ചേർന്നിരിക്കുമ്പോൾ സർ പറഞ്ഞു


"രാവിലെ ധ്വനി വിളിച്ചു എല്ലാം പറയുമ്പോൾ ഒക്കെ കേട്ടിട്ട് ഓടി വന്നു നിന്നെ വാരിയെടുത്ത് നെഞ്ചോട് ചേർക്കാൻ കൊതിച്ചവനാണ് ഞാൻ... നീയെങ്ങനെ ആരോരുമില്ലാത്തവളാകും മോളെ.. നിനക്ക് ഞാൻ ഇല്ലേടി.. നിരഞ്ജന്റെ പെണ്ണിന് എല്ലാവരും ഇല്ലേ.. നിരഞ്ജന്റെ എല്ലാം എല്ലാവരും നിന്റെയല്ലേ മോളെ.. വെറുമൊരു അനാഥപെണ്ണാണ് നീയെന്നു ഞാൻ അറിഞ്ഞാൽ എന്റെ സ്നേഹം നഷ്ടമാകും എന്ന് പേടിച്ചല്ലേ നീ എന്നെ ഓരോ തവണയും അവഗണിച്ചു പോയത്. ഇപ്പൊ ഞാൻ നഷ്ടമാകുന്നു എന്നറിഞ്ഞു ചങ്ക് പൊട്ടി കരയാൻ മാത്രം വേദന നിനക്ക് തോന്നിയത് എന്നെ അത്ര മാത്രം നീ സ്നേഹിക്കുന്നത് കൊണ്ടല്ലേ. അപ്പൊ ആ നിനക്ക് എങ്ങനാടി എന്നെ

ഇട്ടേച് പോകാൻ തോന്നിയത്..."


പറഞ്ഞു നിർത്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളം തെറ്റുന്നത് എനിക്ക് കേൾക്കാമായിരുന്നു.


മറുപടി ഒന്നും പറയാനില്ലാതെ മുഖം പൊത്തി കരയുമ്പോൾ എന്നെ ഒന്നും കൂടി ചേർത്ത് പിടിച്ച് നേർത്തൊരു ചിരിയോടെ സർ പറഞ്ഞു


"ഈ നിരഞ്ജന്റെയാടി നീയ്.. എന്നെയിട്ടേച്ചു പോകാൻ ഞാൻ സമ്മതിക്കില്ല നിന്നേ... ചത്താലും ഞാൻ നിന്നെയും കൊണ്ടേ പോകൂ.."


"പിന്നെ കല്യാണം ആണെന്ന് പറഞ്ഞതോ..?"


എങ്ങലടിച്ചു കൊണ്ട് ഞാൻ ചോദിച്ചു


"ആ അങ്ങനെ പറഞ്ഞാലേ എന്റെ പെണ്ണിന്റെ അഹങ്കാരം കുറച്ചു കുറയൂ എന്ന് എനിക്ക് മനസിലായി. അതിന് വേണ്ടി ചുമ്മാ ഒരു കഥ ഇറക്കിയതല്ലേ ഞാൻ... അത് കൊണ്ടിപ്പോ എന്ത് സംഭവിച്ചു, ദേ ഒരുത്തി അടിയും കൊണ്ട്  മൂക്കും കുത്തി എന്റെ ചങ്കിൽ വീണ് കിടക്കുന്നു.."


പൊട്ടിച്ചിരിച്ചു കൊണ്ട് നിരഞ്ജൻ അത് പറയുമ്പോൾ ആ കൈ തണ്ടയിൽ അമർത്തി നുള്ളി ഞാൻ..


പക്ഷേ ആ നോവ് പോലും ആസ്വദിച്ചു കൊണ്ട് എന്റെ മുഖം രണ്ട് കൈകൾ കൊണ്ടും വരിപ്പിടിച്ചു എന്റെ നനഞ്ഞ കണ്ണുകളിൽ ചുംബിച്ചു കൊണ്ട് നിരഞ്ജൻ ചോദിച്ചു


"അടിച്ചതിനു സോറി മോളെ.. പെട്ടന്ന് അങ്ങനെ കേട്ടപ്പോ സഹിച്ചില്ല.. അതാണ്.."


ഞാൻ ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി.. ഒന്ന് ചിരിക്കാൻ ശ്രമിച്ചു.


"നിന്റെ കാര്യം എന്നോ ഞാനെന്റെ അച്ഛനോടും അമ്മയോടും പറഞ്ഞതാണ്.. അവർക്കൊക്കെ സമ്മതമാണ് അന്ന് തൊട്ടേ... അമ്മയ്ക്ക് ആണ് നിന്നേ വീട്ടിലേക്ക് കൊണ്ട് വരാൻ ഏറ്റവും തിടുക്കം... പക്ഷേ എങ്ങനാ അത് നടക്കണേ, എന്റേയീ തൊട്ടാവാടി എനിക്ക് ഗ്രീൻ സിഗ്നൽ തന്നാലല്ലേ അമ്മേടെ ആഗ്രഹം നടക്കൂ... ഇനിയിപ്പോ ആ ആഗ്രഹം നടക്കും... ഇല്ലേ...?"


ഒരു തമാശ പോലെ നിരഞ്ജൻ ചോദിച്ചു 


തിരിച്ചൊന്നും പറയാനില്ലാതെ നിരഞ്ജനെ വട്ടം കെട്ടിപ്പിടിച്ചു ആ നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞു ഞാൻ... പിന്നെ ആ മുഖം നിറയെ ഉമ്മകൾ കൊണ്ട് മൂടി എന്റെ പ്രണയം ഞാൻ പറയാതെ  പറയുമ്പോൾ ഒരു പൊട്ടിച്ചിരിയോടെ എന്നെ അത്രമേൽ ഗാഡമായി പുണർന്ന് എന്റെ നെറുകിൽ ചുണ്ടമർത്തി താലി കെട്ടിനുള്ള തിയതി കുറിക്കാൻ ഫോണിൽ വിളിച്ചു അമ്മയോട് പറയുകയായിരുന്നു നിരഞ്ജൻ ......


അങ്ങനെ ഒരുനാൾ ഗുരുവായൂരപ്പന്റെ തിരുനടയിൽ വച്ച് ഒരു താലിച്ചരടിൽ എന്റെ നിരഞ്ജന്റെ മാത്രം ആകുമ്പോൾ, നിരഞ്ജനൊപ്പം ഒരച്ഛനെയും അമ്മയെയും കൂടി കിട്ടുകയായിരുന്നു ആരോരുമില്ലാത്തൊരു അനാഥപ്പെണ്ണിന്....



To Top