ഒരു നിയോഗം പോലെ, ഭാഗം: 9 വായിക്കൂ...

Valappottukal


രചന: അശ്വതി

കല്യാണി കുതറി മാറാൻ കുറെ നോക്കിയെങ്കിലും അവളെ പിടിച്ചിരുന്ന കൈകൾ നല്ല ബലമുള്ളതായിരുന്നു. അവളുടെ കയ്യിൽ നിന്നു കുടയും ഫോണും താഴേക്കു വീണു. ഒരു കൈ കൊണ്ട് അവളുടെ വായ പൊത്തി മറ്റേ കൈ കൊണ്ട് അവളെയും വലിച്ചു കൊണ്ട് പോകാനായി അയാളുടെ ശ്രമം. കല്യാണി ശക്തമായി എതിർത്തിരുന്നത് കൊണ്ടും കനത്ത മഴ കൊണ്ടുമൊക്കെ അത് വളരെ ശ്രമകരം ആയിരുന്നു. പെട്ടെന്ന് ഒരു വണ്ടിയുടെ ലൈറ്റ് കണ്ടപ്പോൾ അയാൾ അവളെയും വലിച്ചു കൊണ്ട് റോഡിന്റെ സൈഡിൽ ഉള്ള ഒരു മരത്തിന്റെ മറവിലേക്കു മാറി നിന്നു. നല്ല മഴ ഉള്ളത് കൊണ്ട് വണ്ടിക്കാരൻ അത് കണ്ടതും ഇല്ല.. വായ പൊത്തി പിടിച്ചിരിക്കുന്നത് കൊണ്ട് അവൾക്കു ഒച്ച വയ്ക്കാൻ പറ്റുന്നും ഉണ്ടായിരുന്നില്ല.. ഒച്ച വച്ചാലും ഈ മഴയത്തു.. 


" ദൂരെ കൊണ്ട് പോയി തീർക്കാന്ന വിചാരിച്ചതു... നശിച്ച മഴ.. ഇനിയിപ്പോ ഇവിടെ ഇട്ടു തന്നെ തീർത്തേക്കാം.. "


അയാൾ ഓർത്തു. അവളുടെ വായ പൊത്തിപിടിച്ചു കൊണ്ട് മരത്തിലേക്കു ചേർത്ത് നിർത്തി. കറുത്ത റൈൻ കോട്ട് അയാൾ ഇട്ടിട്ടുണ്ട്.. തലയിൽ ഹൂഡ് ഉള്ളത് കൊണ്ട് മുഖം വ്യക്തമല്ല..പക്ഷെ മൂക്കിന്റെ അറ്റവും താടിയും ചുണ്ടും കാണാം.. അയാൾ അരയിൽ നിന്നു മൂർച്ച ഉള്ള കത്തി പുറത്തെടുത്തു..  കല്യാണിയുടെ കണ്ണുകൾ വിടർന്നു. 


"ഇയാൾ ആരാ? എന്നെ എന്തിനാ കൊല്ലാൻ നോക്കുന്നത്? ഞാൻ എന്ത് ചെയ്തിട്ടാണ്?"


കല്യാണി ഒരു നിമിഷം ഓർത്തു പോയി. അയാൾ കത്തി ഉയർത്താൻ തുടങ്ങിയതും അവൾ കണ്ണ് അടച്ചു പിടിച്ചു. താൻ ഇപ്പോൾ മരിക്കാൻ പോവുകയാണ് എന്നവൾ പേടിയോടെ മനസിലാക്കി. അപ്പോഴാണ് ആ ഒച്ച അവളുടെ കാതുകളിൽ പതിച്ചത്. ഏതു ഉറക്കത്തിലും അവൾ തിരിച്ചറിയുന്ന ബുള്ളറ്റ്റിന്റെ ഒച്ച. എത്ര ദൂരത്തു നിന്നു കേട്ടാലും ശിവന്റെ ബുള്ളറ്റിന്റെ ശബ്ദം അവൾക്കറിയാം.. തന്നെ അന്വേഷിച്ചു ശിവേട്ടൻ വന്നു.. ആ അറിവ് അവളുടെ ഉള്ളിൽ എവിടുന്നോ ഒരു ധൈര്യം നിറച്ചു. അവളെ കൊല്ലാൻ വന്നവനും ആ ഒച്ച കേട്ടെന്ന് തോന്നുന്നു. അയാളുടെ ശ്രദ്ധ ഒരു നിമിഷം ഒന്ന് മാറി.. കല്യാണി തന്റെ വായ പൊത്തി പിടിച്ചിരിക്കുന്ന കയ്യിൽ ആഞ്ഞു കടിച്ചു.  വേദനയിൽ അയാൾ പെട്ടെന്ന് കൈ വലിച്ചു. ആ ഒരു നിമിഷം മതിയാരുന്നു കല്യാണിക്ക്.. തന്റെ സകല ശബ്ദവും എടുത്തു " ശിവേട്ട " എന്ന് അലറി വിളിച്ചു കൊണ്ട് അവൾ റോഡിലേക്ക് ഓടി.


മഴയത്തു ചുറ്റും ശ്രദ്ധിച്ചു കൊണ്ട് പതുക്കെയാണ് അവൻ വണ്ടി ഓടിച്ചിരുന്നതു. സ്റ്റേഷനിൽ ഇരിക്കുമ്പോൾ പതിവില്ലാതെ കല്യാണിയുടെ ഫോൺ വരികയും ഒന്നും പറയാതെ കട്ട്‌ ആവുകയും ചെയ്തപ്പോൾ തൊട്ടു തുടങ്ങിയതാണ് അവനു വേവലാതി. അത്യാവശ്യം ഇല്ലെങ്കിൽ കല്യാണി ശിവനെ വിളിക്കില്ല. അതും അവളുടെ ശിവേട്ട എന്നുള്ള വിളിയിൽ എന്തോ പന്തികേട് ഉള്ളത് പോലെ.. അതുമല്ല തിരിച്ചു വിളിച്ചിട്ട് അവൾ എടുക്കുന്നുമില്ല. വിഷ്ണുവിനെ വിളിച്ചപ്പോൾ അവൻ എടുത്തില്ല. ശങ്കരേട്ടനെ വിളിച്ചപ്പോൾ ഇന്ന് അവൾക്കു കോളേജിൽ എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടായിരുന്നു ഇത് വരെ എത്തിയിട്ടില്ല എന്ന് പറഞ്ഞു. നേരം ആണെങ്കിൽ ഇരുട്ടുകയും ചെയ്തു. ടൗണിൽ നിന്നു ലാസ്റ്റ് ബസ് വരാറായി. അപ്പോൾ തന്നെ ബൈക്കും എടുത്തു ഇറങ്ങി. അവളുടെ ബസ് സ്റ്റോപ്പിൽ നിന്നു വീട്ടിലേക്കുള്ള വഴയിലൂടെ പതുക്കെ വണ്ടി ഓടിച്ചു നോക്കി വരികയായിരുന്നു ശിവൻ. കുറച്ചു ദൂരം വന്നപ്പോൾ വഴിയരികിൽ ഒരു കുട കിടക്കുന്ന പോലെ. അവൻ കുറച്ചൂ സ്പീഡ് കുറച്ചു.. അപ്പോഴാണ് ശിവേട്ടാ എന്നുള്ള അവളുടെ കരച്ചിൽ കേട്ടത്.. ഒപ്പം നനഞ്ഞു കുളിച്ച ഒരു രൂപം അവന്റെ ബൈക്കിന്റെ മുന്നിലേക്ക്‌ ചാടി.  ശിവൻ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു. പതുക്കെ വന്നിരുന്നത് കൊണ്ട് അവളുടെ മേലെ വണ്ടി തട്ടിയില്ല.


" കല്ലു "


അവൻ ബൈക്കിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു. ഒരു കരച്ചിലോടെ അവൾ അവനെ കെട്ടിപിടിച്ചു. പേടിയും തണുപ്പും കൊണ്ട് അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. അവളെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ശിവൻ ചുറ്റും നോക്കി.  റോഡിന്റെ സൈഡിലെ മരങ്ങൾക്കിടയിലൂടെ മഴയത്തു കറുത്ത റൈൻ കോട്ട് ഇട്ട ഒരു രൂപം ഓടി മറയുന്നത് അവൻ കണ്ടു. ഇനി പിറകെ പോയിട്ട് കാര്യമില്ല. തന്നെയുമല്ല കല്ലുവിനെ ഈ അവസ്ഥയിൽ ഇവിടെ ഒറ്റക്കാക്കി അവന്റെ പിറകെ പോകാനും സാധിക്കില്ല. മഴ അപ്പോഴും ശക്തമായി പെയ്തു കൊണ്ടിരുന്നു. ശിവനും നന്നായി നനഞ്ഞിരുന്നു. അവൻ കല്യാണിയെ തന്റെ ദേഹത്ത് നിന്നു മാറ്റി.. അവൾ അപ്പോഴും കരയുന്നുണ്ടായിരുന്നു.


" കല്ലു.. എന്താ? എന്താ ഉണ്ടായേ? എന്തേലും പറ്റിയോ മോളെ നിനക്ക്? "


അവൾ ഇല്ലായെന്ന മട്ടിൽ തലയാട്ടുക മാത്രം ചെയ്തു.


" ആരാ അയാൾ? നീ കണ്ടോ അയാളെ? "


" ഹ്മ്മ്.. കുറച്ചു.. കണ്ടു.. എനിക്കറിയില്ല ശിവേട്ടാ.. അയാൾ ആരാണെന്നു.. അയാൾ എന്തിനാ എന്നെ കൊല്ലാൻ.. "


അവൾ വീണ്ടും കരയാൻ തുടങ്ങി. അവൻ അവളെ ചേർത്ത് പിടിച്ചു..


" ഹേയ്.. പേടിക്കല്ലേ.. ശിവേട്ടൻ വന്നില്ലേ? ഇനിയാരും നിന്നെ ഒന്നും ചെയ്യില്ല.. വാ.. നമുക്ക് വീട്ടിൽ പോകാം.. "


ശിവൻ തന്നെ ചെന്നു അവളുടെ ഫോണും കുടയും എടുത്തു.  തന്റെ ഫോണിൽ നിന്നു സ്റ്റേഷനിലേക്ക് വിളിച്ചു ആ ഏരിയ മുഴുവനും സെർച്ച്‌ ചെയ്യാൻ പറഞ്ഞു. ഈ മഴയത്തു എന്തെങ്കിലും തെളിവ് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.. എങ്കിലും..  എന്നിട്ട് കല്ലുവിനെയും കൊണ്ട് ബൈക്കിൽ വീട്ടിൽ പോയി. ബൈക്കിൽ അവനു പിന്നിൽ ഇരിക്കുമ്പോഴും അവൾ ചെറുതായി എങ്ങൽ അടിക്കുന്നുണ്ടായിരുന്നു.  അവർ ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ ശങ്കരൻ ഉണ്ടായിരുന്നു. കല്ലുവിനെ നോക്കി ഇരിക്കുകയായിരുന്നു എന്ന് വ്യക്തം.. ശിവന്റെ ബൈക്കിനു പിന്നിൽ നിന്നു നനഞ്ഞു കുളിച്ചു വരുന്ന കല്യാണിയെ കണ്ടു അയാൾ ആധിയോടെ ഇറങ്ങി വന്നു. 


" അച്ഛനോട് ഒന്നും പറയണ്ട.. "


ബൈക്കിൽ നിന്നു ഇറങ്ങുമ്പോൾ കല്ലു ശിവനോട് മെല്ലെ പറഞ്ഞു.


" എന്താ മോളെ? എന്താ ശിവാ? എന്താ മോളുടെ മുഖം വല്ലാതിരിക്കുന്നെ?  നീ കരഞ്ഞോ? "


അവളുടെ കരഞ്ഞു വീർത്ത മുഖം കണ്ടു ശങ്കരൻ ചോദിച്ചു.


" അത് ബസ് സ്റ്റോപ്പിൽ നിന്നു നടക്കുന്ന വഴി അവൾ മഴയത്തു തെന്നി വീണു. അതാ നനഞ്ഞത്. കാലു വേദന കാരണം നടക്കാൻ വയ്യാത്തോണ്ട് കൊണ്ട് വരാൻ വിളിച്ചതാ.. ഞാൻ പോയി കൊണ്ട് വന്നു. പിന്നെ ഇവൾക്ക് കരയാൻ വല്ലതും വേണോ? ഞാൻ ചെല്ലുമ്പോൾ കരഞ്ഞു കൂവി നിൽക്കായിരുന്നു. "


അവൻ പറഞ്ഞു..


" വീണിട്ടു വല്ലതും പറ്റിയോ കുട്ടി? കാലു ഒത്തിരി വേദന ഉണ്ടോ? എന്നാൽ പിന്നെ ക്ലിനികിൽ കയറി വിഷ്ണുനെ കണ്ടിട്ട വന്നൂടായിരുന്നോ? "


" ഇല്ലാച്ചാ.. വേദന കുറവുണ്ട്.. അപ്പോൾ നല്ല വേദന ഉണ്ടായിരുന്നു.  ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ല.. അതാ ശിവേട്ടനെ വിളിച്ചേ.. "


" നീയും ആകെ നനഞ്ഞല്ലോ ശിവാ? വാ തല തൂവർത്തു.. കല്ലു.. മോളും പോയി മുടിയൊക്കെ ഉണക്കി ഡ്രസ്സ്‌ മാറി വരൂ.. അച്ഛൻ ചൂട് ചായ ഇട്ടു തരാം "


ശിവന് തോർത്ത്‌ എടുത്തു കൊടുത്തു ശങ്കരൻ അടുക്കളയിലേക്ക് പോയി. അവർ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കല്ലു വന്നത്. ശിവൻ അവളെ നോക്കി.. മുഖം ഇപ്പോഴും വല്ലാതിരിക്കുന്നുണ്ട്.. വേറെ എന്തെങ്കിലും പറ്റിയതായി തോന്നുന്നില്ല. അവളും വന്നു അവരോടൊപ്പം ഇരുന്നു ചായ കുടിച്ചു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ ശിവൻ പോകാൻ ഇറങ്ങി.  കല്ലു അവനോടൊപ്പം ഉമ്മറത്തേക്ക് വന്നു.


" പേടിക്കേണ്ട.. ഇനിയാരും വരില്ല.. നിന്നെ ആരും ഒന്നും ചെയ്യില്ല.. "


ശിവൻ അവളോട്‌ പറഞ്ഞു. അവൾ ശരി എന്ന് തലയാട്ടി..


" നിനക്ക് വേറെ എന്തെങ്കിലും ഓർമ ഉണ്ടോ കല്ലു അയാളെ പറ്റി? എന്തെങ്കിലും.. "


ശങ്കരൻ കേൾക്കാതെ ഇരിക്കാൻ ശിവൻ പതിയെ ചോദിച്ചു.


" എനിക്ക്.. അയാൾക്ക്‌ നല്ല ആരോഗ്യം ഉണ്ടായിരുന്നു.  താടി ഉണ്ട്.. പിന്നെ... ആ പിന്നെ ഒരു ടാറ്റൂ ഉണ്ട്.. അത് ഒരു തേളിന്റെ പടം ആണെന്ന് തോന്നുന്നു.. അതിൽ എന്തോ എഴുതിയിട്ടും ഉണ്ട്. "


" എവിടെ? "


"  വലത്തേ കയ്യിൽ.. കത്തി എടുത്തപ്പോ കണ്ടതാ.. "


അവൾ പറഞ്ഞു..


" ഞാൻ ഇറങ്ങുവാ.. നീ കയറി കതകു അടച്ചു കുറ്റി ഇട്ടോണം.. "


ശിവൻ അവളോട്‌ പറഞ്ഞു.. എന്നിട്ട് ബൈക്കിൽ കയറി പോയി.. മഴയത്തു അവൻ കണ്ണിൽ നിന്നു മറയുന്നത് വരെ അവൾ നോക്കി നിന്നു. പിന്നെ അവൻ പറഞ്ഞത് പോലെ വീട്ടിൽ കയറി കുറ്റി ഇട്ടു.


ശിവൻ ചെന്നപ്പോൾ രണ്ടു പോലീസുകാർ അവിടെയെല്ലാം സെർച്ച്‌ ചെയ്യുന്നുണ്ട്..


" സർ.. കാര്യമായി ഒന്നും കിട്ടിയില്ല.. പക്ഷെ കുറച്ചു ദൂരെയായി എറണാകുളം രെജിസ്ട്രേഷൻ ഒരു ജീപ്പ് കുറച്ചു നേരം പാർക്ക്‌ ചെയ്തിരുന്നു എന്ന് അവിടെയുള്ള ഒരു വീട്ടുകാരൻ പറഞ്ഞു.. അവരുടെ വീടിനു മുന്നിലായാണ് കിടന്നിരുന്നതു. "


" എറണാകുളം രെജിസ്ട്രേഷൻ? അപ്പോൾ ഇവിടെ ഉള്ളതല്ല.. അത് പോലെ അന്ന് അന്നയെ അമ്പലത്തിൽ വച്ചു ആക്രമിച്ചവരും കൊച്ചിക്കാർ ആണ്.. അപ്പോൾ അവിടെയുമായി എന്തെങ്കിലും ബന്ധം ഉണ്ടാവുമോ? "


അവൻ മനസ്സിൽ ഓർത്തു..


" ആ ജീപ്പ് എടുത്തുകൊണ്ടു പോയ ആളെ അവർ ആരെങ്കിലും കണ്ടോ? "


" അത് കണ്ടില്ല.. മഴയല്ലേ സാർ.. എല്ലാവരും വീടിനകത്തു ആയിരിക്കും.. "


" ഹ്മ്മ്.. ഒന്ന് കൂടെ ഒന്ന് സെർച്ച്‌ ചെയ്യാം "


ഇത്തവണ ശിവനും കൂടെ ഇറങ്ങിയിട്ടും ഒന്നും കിട്ടിയില്ല. അയാൾ ഓടിയതിന്റെ കാൽപാടും മഴയിൽ ഒലിച്ചു പോയി. ആ ജീപ്പ് കിടന്നിരുന്നു എന്ന് പറഞ്ഞ വീടിന്റെ മുന്നിലും പോയി. അവിടെയും ഒന്നും ഉണ്ടായിരുന്നില്ല.. ശിവന് ദേഷ്യം വരുന്നുണ്ടായിരുന്നു. ഇനിയിപ്പോൾ ആകെ ഉള്ള ലീഡ് ആ ടാറ്റൂ ആണ്..


അവൻ അവിടുന്ന് നേരെ ക്ലിനിക്കിലേക്കാണ് പോയത്. വിഷ്ണു ഇറങ്ങി വരുന്നത് വരെ അവൻ അതിന്റെ മുന്നിൽ തന്നെ നിന്നു. ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ അവൻ പുറത്തു നിൽക്കുന്നത് കണ്ടു വിഷ്ണു ഒന്ന് അമ്പരന്നു.


" എന്താടാ? നീ നേരത്തേയും വിളിച്ചിട്ടുണ്ടായിരുന്നല്ലോ? കല്ലുവിന്റെയും മിസ് കാൾ കണ്ടു. എന്തേലും പ്രശ്നം ഉണ്ടോ? "


" നീ വാ.. കുറച്ചു സംസാരിക്കാൻ ഉണ്ട്.. "


വിഷ്ണുവിനെയും കൂട്ടി ശിവൻ പോകുന്നത് സഞ്ജു നോക്കി നിന്നു. പിന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവർക്കു പിന്നാലെ ചെന്നു. 


" നീ എന്തൊക്കെയാടാ ഈ പറയുന്നേ? ആദ്യം പറഞ്ഞു മാമംഗലത്തു കാരോടാണ് പക എന്ന്. അതും പറഞ്ഞു അന്നയെ ആക്രമിക്കാൻ വന്നു. ഇപ്പോൾ കല്ലുവിനെയോ? കല്ലുവിന് ഇതൊക്കെയുമായി എന്താ ബന്ധം? എന്തിനാ ഇന്ന് കല്ലുവിനെ? "


ശിവൻ വിഷ്ണുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ തൊട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് വിഷ്ണു.


" എനിക്കും മനസിലാവുന്നില്ല..  അവളെ കൊല്ലാനും മാത്രം ദേഷ്യം.. ആർക്കു? എന്തിനു? "


വിഷ്ണു നടപ്പ് നിർത്തി ശിവനെ നോക്കി..


" ഇനി നിനക്ക് അവളോടുള്ള ഇഷ്ടം അറിയുന്ന ആരെങ്കിലും? "


" നിനക്ക് അല്ലാതെ ആർക്കാട അറിയുന്നേ? അവൾക്കു പോലും അറിയില്ല.. "


ശിവൻ പറഞ്ഞു..


" അത് ശരിയാ.. "


" വിഷ്ണു? "


" ഹ്മ്മ് "


" നിനക്ക് പേടിയുണ്ടോ ഞാൻ കാരണം അവൾക്കു എന്തേലും വന്നു പോകും എന്ന്? "


ശിവൻ ചോദിച്ചു..


" എനിക്ക് ഉറപ്പുണ്ട് എന്ത് വന്നാലും നീ അവളെ അതിൽ നിന്നെല്ലാം സംരക്ഷിക്കും എന്ന് "


വിഷ്ണു ശിവന്റെ തോളത്തു കയ്യിട്ടു. 


" എന്തായാലും തത്കാലം ഈ പ്രശ്നങ്ങൾ ഒന്ന് കെട്ടടങ്ങുന്ന വരെ അവളും ആരും ഈ ഇഷ്ടത്തെ പറ്റി അറിയണ്ട.. ഇപ്പോൾ എങ്ങനെ പോകുന്നോ അങ്ങനെ തന്നെ പോകട്ടെ.. സമയം വരുമ്പോൾ എല്ലാം എല്ലാവരെയും അറിയിക്കാം "


രണ്ടു വീട്ടിൽ എല്ലാവരുടെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്ന് ഉറപ്പിച്ചാണ് അവർ പിരിഞ്ഞത്. അവർ പോയി എന്നുറപ്പായപ്പോൾ സഞ്ജു പതിയെ തന്റെ ഒളി സ്ഥലത്തു നിന്നു പുറത്തേക്കു വന്നു. അവരുടെ സംസാരം മുഴുവനും അവൻ കേട്ടിരുന്നു. അപ്പോൾ ശിവന് കല്ലുവിനോട് ഇഷ്ടമാണ്.. കല്ലുവിന് ശിവനോടും.. അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഉയർന്നു വന്നു.


അന്ന് രാത്രി  ശിവന് ഉറക്കം വന്നതേ ഇല്ല. കല്ലുവിന് നേരെ ഉണ്ടായ വധശ്രമത്തിൽ ആയിരുന്നു മനസ്സ് മുഴുവനും. താൻ എത്താൻ ഒരു ഇത്തിരി വൈകിയിരുന്നെങ്കിൽ കല്ലു..  അവളോട്‌ ആർക്കാണ് ഇത്ര വിരോധം? പാവം പെണ്ണാണ് അവൾ.. മാമംഗലത്തു കാരോട് പക ഉണ്ടെങ്കിൽ ഞങ്ങളോടല്ലേ തീർക്കേണ്ടത്? കല്ലുവിനോട് എന്തിനാ? ഇനി വിഷ്ണു പറഞ്ഞത് പോലെ തനിക്കു അവളോടുള്ള ഇഷ്ടം അറിഞ്ഞിട്ടുവുമോ അവളെ ഉപദ്രവിക്കാൻ നോക്കുന്നത്. പക്ഷെ വിഷ്ണുവിന് അല്ലാതെ മറ്റാർക്കും അത് അറിയില്ല. കല്യാണിയെ എപ്പോഴാണ് ആ ഒരു കണ്ണ് കൊണ്ട് ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് അറിയില്ല. അവൾക്കു പണ്ടേ തന്നെ ഇഷ്ടം ആയിരുന്നു.  അവളുടെ നോട്ടത്തിൽ നിന്നു തന്നെ മനസിലായിട്ടും ഉണ്ട്..  വിഷ്ണുവിനും അത് മനസിലായിട്ടുണ്ട്..  അന്നൊന്നും അത് കാര്യമാക്കിയില്ല.. പ്രായത്തിന്റെ തമാശ ആയിട്ടേ കണ്ടിട്ടുള്ളു.. 

പക്ഷെ തന്റെ അമ്മയെ അവൾ നോക്കുന്ന രീതി മനസ്സിനെ തൊടുക തന്നെ ചെയ്തു.. തന്റെ സ്നേഹം പ്രതീക്ഷിച്ചിട്ടല്ല അവൾ അങ്ങനെ ചെയ്യുന്നത് എന്നവന് അറിയാമായിരുന്നു. അങ്ങനെ ശ്രദ്ധിച്ചു തുടങ്ങിയത് പിന്നെ പ്രണയമായി വളർന്നു. ഒരു ദിവസം അകലെ നിന്നെങ്കിലും ഒന്ന് കണ്ടില്ലെങ്കിൽ ശ്വാസം മുട്ടുന്ന രീതിയിൽ ഉള്ള പ്രണയം.. അത് അവളെ അറിയിക്കാതിരിക്കാൻ അവളെ ചീത്ത പറഞ്ഞു.. ദേഷ്യം അഭിനയിച്ചു അവളുടെ മുഖം ചുവക്കുന്നത് കാണാൻ.. അവളുടെ ദേഷ്യം കാണാൻ അവളുടെ മുന്നിൽ നിന്നു സ്വാതിയോട് സംസാരിച്ചു. അവളുടെ പരിഭവം കാണാൻ അവൾ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറ്റം പറഞ്ഞു.  അവളുടെ പഠിത്തം കഴിയുമ്പോൾ രണ്ടു വീട്ടിലും പറയാൻ ഇരിക്കുകയായിരുന്നു.. അമ്മയ്ക്കും അച്ഛനും എതിർപ്പൊന്നും ഉണ്ടാവില്ല എന്ന് അറിയാം. അവർക്കു അവൾ ഇപ്പോഴേ മകളെ പോലെ ആണ്.  എന്തായാലും ഇതിന്റെ അവസാനം കണ്ടേ മതിയാവൂ.. തേളിന്റെ ടാറ്റൂ.. പിന്നെ എറണാകുളം രെജിസ്ട്രേഷൻ ജീപ്പ്. ശിവൻ പിന്നെയും ഉറക്കം വരാതെ മുറിയിലൂടെ അങ്ങുമിങ്ങും നടന്നു.


*************************************************


അതേ സമയം കുറച്ചു ദൂരെ ഒരു സ്ഥലത്തു ഫോണിൽ..


" ഞാൻ മനഃപൂർവമല്ല.. ആ നശിച്ച മഴ കാരണം ആണ്.. എനിക്ക് ആ പെണ്ണിനെ ജീപ്പ് വരെ കൊണ്ടെത്തിക്കാൻ പറ്റിയില്ല.."


" എന്നാൽ പിന്നെ തനിക്കു അവിടുന്ന് തന്നെ തീർത്തു കൂടായിരുന്നോ? "


"അതായിരുന്നു plan.. പക്ഷെ അപ്പോഴേക്കും അവൻ വന്നു.. ആ ശിവജിത്ത്.. "



" അവൻ കണ്ടോ തന്നെ? "


" ഇല്ല.. അവൻ കണ്ടില്ല.. പക്ഷെ അവൾ മുഖം കുറച്ചു കണ്ടു കാണും.. ഇനിയും കണ്ടാൽ ഒരു പക്ഷെ അവൾക്കു തിരിച്ചറിയാൻ സാധിച്ചേക്കും "


അപ്പുറത്ത് നിന്നും ഒരു അലർച്ച കേട്ടു..


" എന്തൊരു പൊട്ടനാ താനൊക്കെ?  കൊല്ലാൻ പൈസയും വാങ്ങി മുഖവും കാണിച്ചു കൊടുത്തു വന്നിരിക്കുന്നു.. ഇനി എന്തായാലും അവളെ ജീവിക്കാൻ അനുവദിക്കാൻ പറ്റില്ല.. അവൾ മരിച്ചേ മതിയാവൂ"


" അത് ഞാൻ നോക്കിക്കൊള്ളാം.. ഇനിയവൾ രക്ഷപെടില്ല "


" ഹ്മ്മ്.. തല്കാലം താൻ ഒന്ന് മാറിക്കോ.. ആ ശിവൻ..പാമ്പിന്റെ പക ആണവന്.. അവൻ എന്തായാലും തിരക്കി ഇറങ്ങും.. തത്കാലം നമുക്കൊന്ന് ഒതുങ്ങാം.. അവന്റെ ശ്രദ്ധ ഒന്ന് മാറിട്ടു മതി ഇനിയത്തെ അറ്റാക്ക്.. "


" ഓക്കേ.. "


( കുറച്ചു തിരക്ക് വന്നത് കൊണ്ടാണ് ഈ പാർട്ട്‌ ലേറ്റ് ആയതു.. സോറി.. അടുത്ത പാർട്ട്‌ പഴയപോലെ ദിവസത്തിൽ ഒന്ന് എന്ന രീതിയിൽ ഇടാട്ടോ.. ) തുടരും...

To Top