ദക്ഷാവാമി തുടർക്കഥ ഭാഗം 8 വായിക്കൂ...

Valappottukal


രചന: മഴ മിഴി


വേഗം മുടി കെട്ടികൊണ്ട് താഴേക്കു വാടി..

അതും പറഞ്ഞു അമ്മ താഴേക്കു പോയി..

അവൾ മുടി കെട്ടുമ്പോൾ താഴെ കാർ വന്നു നിൽക്കുന്ന sound അവൾ കേട്ടു...

കുറച്ചു കഴിഞ്ഞു  ആരുടെയൊക്കെയോ ശബ്ദം  ഹാളിൽ കേട്ടു...



അവൾ താഴേക്കു ചെല്ലുമ്പോൾ ഹാളിൽ  ആരൊക്കെയോ ഇരിക്കുന്നുണ്ടായിരുന്നു... അവരൊക്കെ അവളെ  ചൂഴ്ന്നു  നോക്കുന്നുണ്ടായിരുന്നു...

അവൾക്കു എന്തോ പോലെ തോന്നി.. അവൾ വേഗം മുഖം  കുനിച്ചു കൊണ്ട്  അടുക്കളയിലേക്ക് ഓടി..



അവൾ ചെല്ലുമ്പോൾ അമ്മ പാത്രത്തിലേക്ക്  ചിപ്സ് കുടഞ്ഞു ഇടുകയായിരുന്നു.. തൊട്ടപ്പുറത്തെ  പ്ലേറ്റിൽ ഇരുന്നു ഹൽവയും  ലെടുവും അവളെ നോക്കി പല്ലിളിച്ചു   കാണിച്ചു... അവൾ പതിയെ  ഒരു പീസ്  ഹൽവ  എടുത്തു.. നല്ല കറുത്ത  ഹൽവ.. അവൾ ഒന്നു മണത്തുനോക്കി.. ഏലക്കയുടെ ചുക്കിന്റെയും നല്ല മണം.. അവളുടെ വായിൽ കപ്പലോടി.... ഹൽവ ചുണ്ടോടു അടുപ്പിച്ചതും  അമ്മ പിടിച്ചു വാങ്ങി പ്ലേറ്റിലേക്ക് തിരികെ വെച്ച്....

അവൾ കൊതിയോടെ  ഹൽവയെയും അമ്മയെയും നോക്കി...


അമ്മ... പ്ലീസ്  എനിക്ക് ഒരു പീസ് തരുവോ?അവൾ കൊഞ്ചലോടെ  ചോദിച്ചു...


എന്റെ വാമി... ആക്രാന്തം കാണിക്കല്ലേ...കുറച്ചു കഴിഞ്ഞു  നിനക്ക് തന്നെ ഇതെല്ലാം കഴിക്കാം...


ഇപ്പോൾ നീ   ടീയും   ട്രേയും എടുത്തോണ്ട് എന്റെ കൂടെ വാ...


അയ്യോ... ഇത്രയും ചായ  ഞാൻ എടുത്താൽ താഴെ പോകും.

അമ്മ എടുത്തോണ്ട് വാ..

ഞാൻ പലഹാരവും പ്ലേറ്റ്സ്സും എടുക്കാം...


വാമി.. കളിക്കാതെ  ടീയും ട്രേയും എടുക്കാനാ പറഞ്ഞേ...


അപ്പോഴേക്കും അച്ഛമ്മ അങ്ങോട്ട്  വന്നു...


കഴിഞ്ഞില്ലേ ഇതുവരെ...

എത്ര നേരമായി അവരൊക്കെ നോക്കി ഇരിക്കുന്നു...


അച്ഛമ്മേ... ഒരു help ചെയ്യുവോ?(വാമി )


ഈ ചായ ട്രേ ഒന്ന് അവർക്കു കൊണ്ടുപോയി കൊടുക്കുവോ?

ഞാൻ എടുത്താൽ ഇതെല്ലാം കമരും....


പിന്നെ ഒന്നു പോ പെണ്ണെ....കിന്നാരിക്കാതെ 

നിന്നെ കാണാൻ അല്ലെ അവരൊക്കെ വന്നേക്കുന്നെ 

നീ അല്ലെ കൊണ്ടുപോയി കൊടുക്കേണ്ടേ...

അല്ലാതെ ഞാൻ ആണോ?



എന്നെ.. കാണാനോ?

എന്തിനു...


നിന്നെ പെണ്ണ് കാണാൻ  അല്ലാതെ പിന്നെ എന്തിനു...

അവൾ ഞെട്ടലോടെ അമ്മയെ നോക്കി..

അവളുടെ കണ്ണുകൾ നിറഞ്ഞു..


ദേ... വാമി.. വെറുതെ കരഞ്ഞു കൂവി.. എന്നെ അവരുടെ മുന്നിൽ നാണം കെടുത്താതെ എന്റെ കൂടെ ടീയും ട്രേയും എടുത്തോണ്ട് വരാനാ  പറഞ്ഞെ...


അമ്മയെ ഒന്ന് എതിർക്കാൻ പോലും അകാതെ  അവൾ   നിറഞ്ഞ കണ്ണുകൾ മറച്ചു പിടിച്ചു .. വിറക്കുന്ന കൈകളോട്  ടീയും  ട്രേയും എടുത്തു വിറക്കുന്ന പാദത്തോടെ  അമ്മയ്ക്ക് പിറകെ  നടന്നു...


അവൾ ടീ കപ്പ്‌ ഓരോരുത്തർക്കും മുന്നിലായി നീട്ടി.. അവൾ ആരുടെയും മുഖത്തേക്ക് നോക്കിയില്ല..

നോക്കിയാൽ അവൾ ചിലപ്പോൾ കരഞ്ഞു പോകും..


ടീ കൊടുത്തു കഴിഞ്ഞവൾ അമ്മയ്ക്ക് പിന്നിലായി മറഞ്ഞു നിന്നു...


അവൾക്ക് ഒന്ന് പൊട്ടി കരയാണമെന്ന്  തോന്നി..

സങ്കടങ്ങൾ  നെഞ്ചിൽ തന്നെ അടക്കി  പിടിച്ചവൾ  നിന്നു..


മോൾ ഇങ്ങു വന്നേ ഞങ്ങടെ ദീപക്കിന്റെ  പെണ്ണിനെ ഞങ്ങൾ  നല്ലോണം  ഒന്ന് കണ്ടോട്ടെ..വന്നവരിൽ കുറച്ചു പ്രായമായ  ഒരു സ്ത്രീ പറഞ്ഞു..


അവൾ പോകാൻ മടിച്ചു നിന്നതും  അമ്മയവളെ  ദഹിപ്പിക്കും  പോലെ ഒന്നു നോക്കി 


അവൾ പെട്ടന്ന് പതിയെ നേർത്ത പുഞ്ചിരിയോടെ അവർക്കടുത്തേക്ക് നീങ്ങി നിന്നു...


ഇത്.. ദീപക്കിന്റെ അമ്മ വനജ . വെളുത്തു കൊലുന്നനെ  ഉള്ള ഒരു സ്ത്രീയെ ചൂണ്ടി കാണിച്ചു കൊണ്ട് അവർ പറഞ്ഞു..

ഇതു  അവന്റെ ചിറ്റ ബീന അത്  അവന്റെ പെങ്ങൾ ദീപ കല്യാണം കഴിഞ്ഞു   അവരങ്ങ് കൊടുങ്ങല്ലൂർ ആണ്..

ഇതവന്റെ  അപ്പച്ചി ഗംഗ

ഞാൻ അവന്റെ അച്ഛമ്മ... സുഭദ്ര..


അവന്റെ അച്ഛനൊന്നും വന്നില്ല.. അവരെല്ലാരും കൂടി പിന്നീട് ഒരിക്കൽ വരാമെന്നു പറഞ്ഞു...

അവൾക്ക് സന്തോഷം തോന്നി  ചെറുക്കൻ വന്നിട്ടില്ല... ഇനി അങ്ങനെ ഒരു കൂടികാഴ്ച  വേണ്ടല്ലോ... 


അവർ  എന്തൊക്കെയോ അവളോട് ചോദിച്ചു കൊണ്ടിരുന്നു..

അവൾ അതിനെല്ലാം പതിയെ  ഒന്നോ രണ്ടോ വക്കിൽ ഉത്തരങ്ങൾ നൽകി..


അപ്പോഴാണ് പുറത്ത് മറ്റൊരു കാർ വന്നു നിന്നത്..


അവിടെ ഇരുന്നവരിൽ  ആരോ പുറത്തേക്കു പോയി നോക്കിയിട്ട് വന്നു പറഞ്ഞു..

ദീപക്  മോനും ഫ്രണ്ട്സുമാ...


അവൾ അത് കേട്ടു ഞെട്ടി പോയി..


അപ്പോഴേക്കും ആരൊക്കെയോ അകത്തേക്ക് വന്നു..

അവൾ ആരെയും നോക്കിയതേ ഇല്ല..


അമ്മ അവളെ വിളിച്ചു ചായ  എടുക്കാൻ വിട്ടതും..

പെട്ടന്ന് അവൻ പറഞ്ഞു..


അമ്മേ....കോഫി ഒന്നും വേണ്ട....


അവൾക്ക് ആശ്വാസം തോന്നി.. ഇനി അതുമായി അവർക്കു മുന്നിലേക്ക്‌ പോകണ്ടല്ലോ?



അവൾക്കു അവിടെ നിന്നും ഒന്ന് രക്ഷപെട്ടാൽ  മതിയെന്ന്  തോന്നിപോയി 

അവൾ  ദയനീയമായി അമ്മയെ നോക്കി.....


ദീപക് പതിയെ  അവന്റെ അമ്മയോട് എന്തോ ഒന്ന് പറഞ്ഞു..


അമ്മ അത് അവന്റെ അച്ഛമ്മയോട് പറഞ്ഞു..


അവന്റെ അച്ഛമ്മ അത് അവളുടെ അച്ഛമ്മയോട് പറഞ്ഞു..


അവളുടെ അച്ഛമ്മ  ചിരിച്ചു കൊണ്ട്  അവളുടെ അമ്മയുടെ അടുത്തേക്ക് പോയി..


എന്താ അമ്മേ അവര് പറഞ്ഞെ..

സുചിത്ര  അക്ഷമയോടെ  ചോദിച്ചു..


പയ്യന്  വാമിയോട്  തനിച്ചോന്നു സംസാരിക്കണമെന്ന്...


അതൊക്കെ വേണോ അമ്മേ..അവളെ  നോക്കി കൊണ്ട് അമ്മ പതിയെ പറഞ്ഞു..

ഈ കുരുത്തം കെട്ടവൾ  എന്തൊക്കെ ഒപ്പിക്കുമെന്ന് ആരറിഞ്ഞു...


അതും ശരിയാ  വാമിയെ നോക്കി കൊണ്ട് അച്ഛമ്മ ശരിവെച്ചു..



അവരിങ്ങോട്ട് ചോദിച്ചിട്ട് പറ്റില്ലെന്ന് പറയാൻ  നമുക്ക് പറ്റില്ലല്ലോ..അമ്മേ....

ഞാൻ വമിയോട് ഒന്ന് സംസാരിച്ചു  മുകളിലേക്ക്  വിടാം...


മ്മ് ഞാൻ ചെറുക്കനെ  അങ്ങോട്ട് പറഞ്ഞു വിടാം..


അമ്മ  അവരെ നോക്കി ചിരിച്ചു കൊണ്ട് വാമിയെയും കൂട്ടി മുകളിലേക്കു കയറി...


അവൾ പടി കയറുമ്പോൾ എന്തൊക്കെയോ പറഞ്ഞു അവനെ കളിയാക്കുന്ന കൂട്ടുകാരുടെ ശബ്ദം  അവൾ കേട്ടു...



അമ്മ അവളെ പിടിച്ചു റൂമിൽ  കയറിയിട്ട് പറഞ്ഞു..

എന്റെ പൊന്നു വാമി നിന്നെ ഞാൻ കൈയെടുത്തു തൊഴാം... ആവിശ്യമില്ലാത്ത കാര്യങ്ങൾ ആ പയ്യനോട് പറഞ്ഞു... ഈ കല്യാണം  കുളമാക്കരുത്... നിന്റെ സ്വഭാവം എനിക്ക് അറിയാവുന്ന കൊണ്ടാണ് ഞാൻ നേരത്തെ പറയുന്നേ 

അതും പറഞ്ഞു  അമ്മ അവളെ വലിച്ചു ബാൽക്കണിയിൽ നിർത്തിയിട്ടു കലിപ്പിൽ താഴേക്കു പോയി...



ശരിക്കും അഗ്നിയിൽ ചവിട്ടി  നിൽക്കുന്ന പോലെയാണ് അവൾക്ക് തോന്നിയത്..

അമ്മക്ക് തന്നെ ഇപ്പോഴും വിശ്വാസം ഇല്ല എന്നത് അവളെ  വല്ലാതെ  വേദനിപ്പിച്ചു..

കണ്ണുകൾ നിറഞ്ഞു വന്നപ്പോഴാണ്  ദീപക്  മുകളിലേക്കു വന്നത്...


അവനെ കണ്ടതും  അവൾ ഒന്നും മിണ്ടാതെ  നിലത്തേക്ക് മിഴികൾ ഊന്നി നിന്നു...


Hi.. വാമിക... അവൻ കൈകൾ  ഉയർത്തി കാണിച്ചുകൊണ്ട്  കയറി വന്നു 

അവൾ പതിയെ  അവനെ ഒന്ന് നോക്കി..


ഞാൻ തന്നെ നേരത്തെ കണ്ടിട്ടുണ്ട്...

അവൾ മറുപടി ഒന്നും പറഞ്ഞില്ല..


താനെന്താടോ  ഒരിഷ്ടം ഇല്ലാത്ത പോലെ നിൽക്കുന്നെ..

അപ്പോഴാണ് അവൾ അമ്മ പറഞ്ഞത്  ഓർത്തത്..


അത് ഒന്നുല്ല അവൾ പതിയെ പറഞ്ഞു..


അവൻ അവളെ അടിമുടി ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു..

ശരിക്കും താനിന്നു ഈ ഡ്രെസ്സിൽ വളരെ സുന്ദരി ആയിട്ടുണ്ട്... അവന്റെ കണ്ണുകൾ  അവളുടെ വയറിനു മുകളിലായി   തൂങ്ങി  കിടക്കുന്ന  മുത്തുകളെയും  കടന്നു  ഉള്ളിലേക്കാണെന്നു കണ്ടതും 

അവൾ വേഗം ഷാൾ  കൊണ്ടു  വയർ മറച്ചു പിടിച്ചു..


അവൾ പുച്ഛത്തോടെ പുഞ്ചിരിച്ചു..


തന്റെ പേര് പോലെ തന്നെ താൻ  ശരിക്കും ഒരു സുന്ദരിയാണ്... അവൻ അത്  പറയുമ്പോഴും  നോട്ടം അവളുടെ  മേനിയിലേക്കായിരുന്നു...

അവൾ അവിടെ നിന്നുരുകി...


എന്താടോ എന്നെക്കുറിച്ചു താനൊന്നും ചോദിക്കാത്തെ...


ഞാൻ മാത്രം സംസാരിക്കുന്നു താനൊന്നും മിണ്ടുന്നില്ല...


ഇനി തനിക്ക് ഇഷ്ടമില്ലാത്ത കല്യാണലോചന  വല്ലതും ആണോ?

അതോ ഇനി 

തനിക്ക് വല്ല അഫയറും ഉണ്ടോ?

ഉണ്ടെകിൽ നേരെത്തെ പറയണം..

ഇന്നത്തെ കാലമല്ലേ..


പെട്ടന്നവൾ പറഞ്ഞു ഇല്ല..

ഞാൻ നിങ്ങൾ പറയുന്നത്  കേൾക്കുവായിരുന്നു...


അവനൊന്നു ചിരിച്ചു..

അവളും ചിരിച്ചു..


എന്റെ പേര് ദീപക്   ഗംഗാധരൻ..


ഞാൻ കെൽട്രോണിൽ വർക്ക്‌ ചെയ്യുന്നു...

ഫീൽഡ് മാനേജർ ആണ്..


മ്മ്..അവളൊന്നു മൂളി..


പിന്നെ പറയാതിരിക്കാൻ വയ്യ തന്റെ  ഈ നീല  കണ്ണുകൾ  ആണ് എന്നെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്...

അവന്റെ നോട്ടം  അവളുടെ മുഖത്തേക്ക്   ചൂഴ്ന്നിറങ്ങി..

അവൾ മുഖം വെട്ടിച്ചു  ചരിഞ്ഞു നിന്നു...


തന്റെ നീല കണ്ണുകൾക്ക്‌ വല്ലാത്ത ഒരു വീര്യമാണ്.


ബ്യൂട്ടി സ്പോട് എന്ന് കേട്ടിട്ടേയുള്ളു.. പക്ഷെ   തന്റെ  ചുണ്ടിനും തടിക്കും  സൈഡിൽ ആയി കാണുന്ന ആ ചെറിയ മറുക്  ..

ഉഫ്.... ശരിക്കും അത് തന്റെ  സൗന്ദര്യം  ഒന്ന് കൂടി  കൂട്ടുന്നുണ്ട്..

താൻ  ചിരിക്കുമ്പോൾ  അതൊന്നുകൂടി  കൂടും..


അവന്റെ സംസാരം അവളെ   വല്ലാത്ത ഒരു പിരിമുറുക്കത്തിൽ എത്തിച്ചു.


ഇയാൾ ഇങ്ങനെ വർണിച്ചുകൊണ്ടിരുന്നാൽ ഇയാൾ തന്റെ ശരീരം മുഴുവൻ വർണിക്കും എന്നവൾക്ക് തോന്നിപോയി... അവൾക്കു വല്ലാത്ത നാണക്കേട് അറപ്പും തോന്നി അവന്റെ മുന്നിൽ നിൽക്കാൻ...


എന്റെ കണ്ണാ.... ഇയാളുടെ മുന്നിൽ നിന്നും എന്നെ ഒന്ന് രക്ഷിച്ചൂടെ... 



അപ്പോഴേക്കും അവന്റെ ഫ്രെണ്ട്സ് കയറി വന്നു..

മതിയെടാ.. മതിയെടാ..അതിനെ കൊന്നത് ..

ഇവൻ അതിന്റെ ചോരയും നീരും  ഊറ്റി എന്ന് തോന്നുന്നു.. അവരിൽ ആരോ പറഞ്ഞു...


രണ്ടു മാസം കൂടി  കഴിഞ്ഞാൽ  അവൾ നിന്റെ കൂടെ  അല്ലെ..

അപ്പോഴും വേണ്ടേ എന്തെകിലും പറയാൻ..


അവൻ ഒന്ന് ചിരിച്ചു..

ഇവന്മാർക്കൊക്കെ കയറി വരാൻ കണ്ട time അവൻ മനസ്സിൽ പറഞ്ഞു..


വാമിക.... ഇതെന്റെ ഫ്രണ്ട് അശ്വിൻ...ഇത് ഷെറിൻ, ഇതു  ജെറിൽ 


അവൻ ഓരോരുത്തരെയും പരിചയപ്പെടുത്തി..

അവളോന്ന് ചിരിച്ചു....

എന്തോ അവൾക്കു മനസ്സറിഞ്ഞു ചിരിക്കാൻ തോന്നിയില്ല...


കുറച്ചു നേരം അവരെന്തൊക്കെയോ അവളോട് പറഞ്ഞു  കഴിഞ്ഞ്  അവർ പതിയെ അവനെയും കൂട്ടി താഴേക്കു പോയി..


അവൻ അവളെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി താഴേക്കിറങ്ങി...


എടാ... ... ഇങ്ങനെ നോക്കിയാൽ  നിന്റെ കഴുത്തോടിയും  താലികെട്ടാൻ നേരം  മഫ്ലർ ഇടേണ്ടി വരും...


അവരുടെ കൂട്ടച്ചിരി മുഴങ്ങി  അവിടെ.... 


അവൾ വേഗം  റൂമിലേക്ക്‌ കയറി ഡോർ  അടച്ചു ബെഡിലേക്ക് വീണു...

എന്റെ കണ്ണാ... എനിക്ക്  അയാളോട് ഒരിഷ്ടവും  തോന്നുന്നില്ല..


അയാളുടെ വൃത്തികെട്ട നോട്ടം എന്നെ കൊല്ലുന്ന പോലെയാ..തോന്നിയെ.


അയാളെ ഞാൻ എങ്ങനെ കല്യാണം  കഴിക്കും..

അവൾക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല..


എന്റെ കണ്ണുകൾക്കെന്തിനാണ് ഈ നീലകളർ  തന്നത്... ചെറുപ്പം മുതൽ  എല്ലാവരും ഇതും പറഞ്ഞാണ് എന്നെ കളിയാക്കുന്നത്...


നീല  കണ്ണി, യക്ഷി,എന്തൊക്കെ പേരുകളാണ് അവർ ചാർത്തി തന്നത്..

അവൾ സങ്കടത്തോടെ  പറഞ്ഞുകൊണ്ടിരുന്നു...


താഴെ കാറുകൾ  പോകുന്ന ശബ്ദം കേട്ടു അവൾ  വേഗം  ഡ്രസ്സ്‌ ഊരി  മാറ്റി ഒരു night ഡ്രസ്സ്‌ എടുത്തിട്ടു...


അവൾ സ്റ്റഡി ടേബിളിൽ ചെന്നിരുന്നു 

അവൾക്കു പഠിക്കാൻ പോയിട്ട് അതിലേക്കു ഒന്ന് നോക്കാൻ പോലും തോന്നിയില്ല.. വെറുതെ ടെക്സ്റ്റ് തുറന്നു വെച്ചവൾ അതിലേക്കു ഉറ്റു നോക്കി ഇരുന്നു.. അപ്പോൾ അമ്മ കയറി വന്നത്..


വാമി... വാമി...

അവൾ പതിയെ  മുഖം ഉയർത്തി നോക്കി...


നിന്നെ അവർക്കെല്ലാം ഇഷ്ടം ആയിന്നു...

അമ്മ ഒരു പ്ലേറ്റ്സ് നിറയെ ലെടുവും ഹൽവയും  ടേബിൾ കൊണ്ടു വെച്ച് കൊണ്ട് പറഞ്ഞു..


അവൾ പതിയെ ഒന്ന് ചിരിച്ചു..


നീ ഇതൊക്കെ കഴിക്ക്.. എനിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട്...


അവൾ ആ പ്ലേറ്റ്സിലേക്ക്  നോക്കി..

അവൾക്കു ഒന്നും കഴിക്കാൻ തോന്നിയില്ല..


അവൾ അതെല്ലാം രണ്ടുപ്ലാസ്റ്റിക് ബോക്സിൽ ആക്കി ടേബിളിൽ വെച്ച്..

രാവിലേ ക്ലാസിനു പോകുമ്പോൾ കൊണ്ടുപോകാം...



രാത്രി   അച്ഛാ വന്നപ്പോൾ അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചെങ്കിലും അവൾ  വേണ്ടാന്നു പറഞ്ഞു..

പക്ഷെ അമ്മ അവളെ നിർബന്ധിച്ചു  കൂട്ടികൊണ്ട് പോയി..




ഫുഡ്‌ വിളമ്പി കൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ ഫോൺ റിംഗ് ചെയ്തത്...

വാമി....ഫ്രിഡ്ജിനു   മുകളിൽ ഇരിക്കുന്ന ആ  ഫോൺ ഇങ്ങെടുത്തെ...


ആരാന്നു നോക്കിയെ  വിളിക്കുന്നത്..


കിച്ചണിൽ വെള്ളംഎടുക്കാൻ പോയ അവൾ വെള്ളവും ജഗ്ഗും താഴെ വെച്ചിട്ട് ഫ്രിഡ്ജിന്റെ മുകളിൽ നിന്നും ഫോൺ എടുത്തു നോക്കി...


അമ്മേ സന്ധ്യാ മിസ് ആണ്...


നീ ആ ഫോൺ  ഇങ്ങു കൊണ്ടു വന്നേ..


ഫോൺ  വാങ്ങിക്കൊണ്ടു അമ്മ പറഞ്ഞു... സമയം ഒമ്പതര കഴിഞ്ഞല്ലോ? ഈ ടൈമിൽ സാധാരണ സന്ധ്യാ വിളിക്കാറില്ല... എന്തെങ്കിലും അത്യാവശ്യം ആയിട്ടായിരിക്കും..

നീ ഇവിടെ ഇരുന്ന് കഴിക്ക് അപ്പോഴേക്കും അച്ഛാ കുളിച്ചിട്ട് വരും..


മ്മ്....അവളൊന്നു മൂളി

അമ്മ ഫോണുമായി കിച്ചണിലേക്ക് തന്നെ പോയി...


കുറച്ചുകഴിഞ്ഞ് അമ്മ സംസാരം നിർത്തി ഹാളിലേക്ക് വന്നു.. അപ്പോഴേക്കും അവൾ കഴിച്ചെന്നു വരുത്തി പ്ലേറ്റ്സുമായി കിച്ചണിലേക്ക് വന്നു...


വാമി..... വേഗം പ്ലേറ്റ്സ് കൊണ്ട് ചെന്ന് വെച്ച് കയ്യും കഴുകിയിട്ട് ഇങ്ങോട്ടൊന്നുവന്നെ...(അമ്മ )

മ്മ്....ദാ വരുന്ന അമ്മേ..

വായിൽ നിറച്ച വെള്ളം വാഷ് ബേയ്സനിലേക്ക് തുപ്പികൊണ്ടവൾ  അമ്മയുടെ അടുത്തേക്ക് വന്നു...


എന്റെ കണ്ണാ... ഇനി എനിക്കുള്ള എന്ത് പണി  ആണാവോ?

അവൾ ആലോചനയോടെ അമ്മയെ നോക്കി...


അമ്മ വാട്സ്ആപ്പ് തുറന്നു ഒരു ഫോട്ടോ അവളെ  കാണിച്ചു കൊണ്ടു പറഞ്ഞു...


ഈ  പയ്യനെ  നിനക്കറിയുവോ?അവൾ ഫോട്ടോയിലേക്ക് നോക്കി ഫെബിയും ഒരു പയ്യനും കൂടി  കെട്ടിപിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ...


അവൾ ഒന്ന് ഞെട്ടി.. ലിയയെ  സ്മരിച്ചു...

എന്റെ പൊന്നു ലിയ   ഇതാണോ  നീ പറഞ്ഞ  പണി...



വാമി... നിന്നോട് ഞാൻ ചോദിച്ച കേട്ടില്ലേ..


പെട്ടന്നവൾ ഞെട്ടികൊണ്ട് പറഞ്ഞു..

എനിക്കറിയില്ല അമ്മേ ഇതാരാണെന്നു..


ഞങ്ങടെ സ്കൂളിൽ  ഞാൻ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല..


ഹ്മ്മ്....

അപ്പോഴേക്കും സന്ധ്യ ടീച്ചറുടെ കോൾ വീണ്ടും


അമ്മ കോൾ എടുത്തുകൊണ്ട്  അവളെ നോക്കി അവൾ വേഗം റൂമിലേക്ക്‌ പോയി


തുടരും...

To Top