രചന: ആതൂസ് മഹാദേവ്
രണ്ട് മണിക്കൂറുകൾ പിന്നിട്ടപ്പോൾ ആമി മയക്കം വിട്ട് എഴുന്നേറ്റു.. അധികം ആരോടും അവൾ സംസാരിച്ചില്ല എങ്കിലും കഴിഞ്ഞ തവണത്തെ പോലെ വൈലന്റ് ആയ് സംസാരിക്കാത്തത് എല്ലാവരിലും സമാധാനം തോന്നിച്ചു.. മേരിയും നിമ്മിയും അവൾക്ക് അരികിൽ തന്നെ ഉണ്ട്.. കുഞ്ഞി പെണ്ണ് ഉണർന്നപ്പോൾ നിമ്മി അവളെ എടുത്ത് ആമിയുടെ കൈയിൽ കൊടുത്തു.. മേരി ആമിയേ പിടിച്ച് ബെഡിൽ ചായ്ച്ച് ഇരുത്തി കുഞ്ഞിനെ അവൾക്ക് കൊടുത്തു.. ആമി അവളെ എടുത്ത് ഫീഡ് ചെയ്തു..
നിഷ്കളങ്കമായ ആ മുഖത്തേയ്ക്ക് നോക്കി അവൾ ഒരുപാട് നേരം ഇരുന്നു.. കുഞ്ഞി പെണ്ണിന്റെ മോണ കാട്ടി ഉള്ള ചിരിയിൽ ആമി അവൾ പോലും അറിയാതെ ലയിച്ചു പോയി.. ആ കുഞ്ഞി ചുണ്ടിൽ നിന്നും അവളിലേയ്ക്ക് ആ പുഞ്ചിരി പടർന്നു.. പിന്നെ ഉള്ള നേരം അത്രയും ആ അമ്മയും അവളുടെ പൊന്ന് മോളും അവരുടെ മാത്രം ലോകത്ത് ആയിരുന്നു...
മേരിയിലും നിമ്മിയിലും അതൊക്കെ സന്തോഷം ആണ് നിറച്ചത്.. അലോഷി ഇടയ്ക്ക് വന്നപ്പോൾ കാണുന്നത് ഈ കാഴ്ച്ച ആണ്.. എന്തുകൊണ്ടോ അവന്റെ മനസ്സും നിറഞ്ഞിരുന്നു.. ആമി അവനോട് ഒന്നും സംസാരിച്ചില്ല ഒരു നേരിയ പുഞ്ചിരി കൈമാറി.. അത് മാത്രം മതി ആയിരുന്നു അവനിൽ.. അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങാൻ നിന്നതും..
"ചേട്ടായി "
അവളുടെ ആ വിളിയിൽ അവന് സ്വർഗം കിട്ടിയ പോലെ തോന്നി.. അവൻ വേഗം നടന്ന് അവളുടെ അടുത്തേയ്ക്ക് വന്നു..
"എന്താ മോളെ "
"നീ..തു "
അത് പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ താഴ്ന്ന് പോയിരുന്നു.. മിഴികൾ നിറഞ്ഞ് വന്നു.. എന്നാൽ അവളുടെ ഈ ഭാവങ്ങൾ ഒക്കെ അവനിൽ ഒരു പുഞ്ചിരി വിരിയിച്ചു..
" അപ്പുറത്തെ റൂമിൽ ഉണ്ട് മോളെ കിടക്കുവാ "
"എന്നെ ഒന്ന് അവളുടെ അടുത്തേയ്ക്ക് കൊണ്ട് പോകുവോ ചേട്ടായി "
അവൾ ഇടർച്ചയോടെ പറഞ്ഞു..
"മോള് എഴുന്നേൽക്കണ്ട വയ്യാത്തത് അല്ലെ ഞാൻ അവളെ ഇങ്ങോട്ട് കൊണ്ട് വരാം "
അവൻ അതും പറഞ്ഞ് വേഗത്തിൽ പുറത്തേയ്ക്ക് പോയി.. മേരിയും നിമ്മിയും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു...
ഇത്തിരി നിമിഷങ്ങൾ പിന്നിട്ടതും അലോഷിയും നീതുവും അകത്തേയ്ക്ക് വന്നിരുന്നു.. നീതു ഒന്നും പറയാതെ വേഗം വന്ന് ആമിയെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു.. ആമിയും കരയുക ആയിരുന്നു..
"സോറി ടി ഞാൻ അറിയാതെ എന്തൊക്കെയോ "
ആമിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല..
"സാരമില്ല ഡാ ഞാനും എന്തോ ആ നേരം "
അവരുടെ പരസ്പരം ഉള്ള സ്നേഹം എല്ലാവരും നോക്കി കാണുക ആയിരുന്നു..
"അതെ മതി മതി കരഞ്ഞത് ദേ ഈ കുഞ്ഞി പെണ്ണ് നിങ്ങളെ നോക്കി ചിരിക്കുന്നുണ്ട് "
മെരി തന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞി പെണ്ണിനെ കാണിച്ച് പറഞ്ഞതും നീതു വേഗം ആമിയിൽ നിന്ന് അകന്ന് മാറി അവരുടെ അടുത്തേയ്ക്ക് പോയ് ആ കുഞ്ഞി പെണ്ണിനെ കൈയിൽ വാരി എടുത്തു...
"ടി കുഞ്ഞി പെണ്ണെ "
അവൾ മതി വരുവോളം കുഞ്ഞിനെ കൊഞ്ചിക്കുകയും,, കൊതി തീരെ ചുംബിക്കുകയും ചെയ്തു..
എല്ലാവരും ഒന്ന് ഓക്കേ ആയതും മാധവനും സീതയും പോയിരുന്നു.. അലോഷിയും റീനയും വീട്ടിലേയ്ക്ക് പോയിരുന്നു അത്യാവശ്യം ചില സാധനങ്ങൾ എടുക്കാൻ.. ആമിയുടെ കൂടെ നിമ്മിയും നീതുവും ഉണ്ട്.. മാത്യു ഇപ്പോഴും ICU വിന് പുറത്ത് തന്നെ ഉണ്ട്..
=============================
രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ.. ആമിയെ നോക്കുന്ന ഡോക്ടർ വന്ന് അവളെ പരിശോധിച്ച ശേഷം വേറെ കുഴപ്പം ഒന്നും ഇല്ല കണ്ടതും അവൾക്ക് ഡിസ്ചാർജ് എഴുതി.. അവർ പുറത്തേയ്ക്ക് പോയതും അലോഷി വേഗത്തിൽ അകത്തേയ്ക്ക് വന്നു.. ഓടി കിതച്ച പോലുള്ള അവന്റെ വരവ് കണ്ട് എല്ലാവരും ഒരു നിമിഷം ഭയന്നു..
"എന്താ മോനെ എന്ത് പറ്റി "
മേരി അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ആദിയോടെ ചോദിച്ചു.. ആമിക്കും ആകെ വെപ്രാളം തോന്നി.. അവൾ വേഗം ബെഡിൽ നിന്ന് എഴുന്നേറ്റ് ഇരുന്നു.. അലോഷി നിറഞ്ഞ ചിരിയോടെ അവളുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു..
"ഈ വാർത്ത ആദ്യം അറിയേണ്ടത് നീ ആണ് മോളെ "
അത് കേൾക്കെ അവൾക്ക് ആകെ ഒരുതരം വെപ്രാളം തോന്നി.. നെഞ്ചോക്കെ വല്ലാതെ മിടിക്കും പോലെ..
"എ..ന്താ ചേട്ടായി "
അവളുടെ സ്വരം വല്ലാതെ ഇടറുന്നുണ്ടായിരുന്നു...
"ആദം അവൻ ബോധം വന്നു മോളെ "
അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. എന്നാൽ അവനിൽ നിന്ന് അത് കേട്ടതും അവളുടെ നെഞ്ചിൽ തരിപ്പ് തോന്നി.. കണ്ണുകൾ നിറഞ്ഞ് തുളുമ്പി,, ശരീരം ആകെ വിറച്ചു.. അവൾ രണ്ട് കൈ കൊണ്ടും വായ പൊത്തി പിടിച്ച് കരഞ്ഞു..
കേട്ട് നിന്ന എല്ലാവരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു.. മേരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
"വാ മോളെ നിനക്ക് കാണണ്ടേ നിന്റെ ഇച്ചായനെ "
അത് കേൾക്കേണ്ട താമസം അവൾ പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു..
"വേ..ണം എന്നെ കൊണ്ട് പോ ചേട്ടായി "
അതും പറഞ്ഞ് അവൾ വേഗം മേരിയുടെ കൈയിൽ ഇരുന്ന കുഞ്ഞിനെ അവളുടെ കൈയിലേക്ക് വാങ്ങി കൊണ്ട് അലോഷിയുടെ അടുത്തേയ്ക്ക് വന്നു.. അവൻ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പുറകെ ആയ് ആമിയും...
==============================
ICU വിന്റെ അകത്തേയ്ക്ക് കടക്കുമ്പോൾ ആമിയുടെ നെഞ്ചം പരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.. കൈ കാലുകൾക്ക് ഒക്കെ തളർച്ച ബാധിച്ച അവസ്ഥ.. എന്നാലും തന്റെ പ്രാണനെ കാണാൻ അവളുടെ ഉള്ള് തുടിച്ചു കൊണ്ടിരുന്നു..
നടത്തത്തിനോടുവിൽ അവൾ കണ്ടു വയറുകൾക്കിടയിൽ കിടക്കുന്ന അവളുടെ ഇച്ചായനെ.. കണ്ണുകൾ നിറഞ്ഞ് തൂവി..
"ചെല്ല് മോളെ "
അലോഷി അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു.. അവൾ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ ഒന്നുടെ നെഞ്ചിലേയ്ക്ക് ചേർത്ത് കൊണ്ട് അവന്റെ അടുത്തേയ്ക്ക് നടന്നു.. അവൻ കണ്ണുകൾ അടച്ച് കിടക്കുവാണ്.. അവൾ അവനെ മതി വരാതെ നോക്കി കണ്ടു.. കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു..
അവനെ വിളിക്കണം എന്ന് ഉണ്ട് എങ്കിലും അവൾക്ക് നാവ് അതിന് ഉയരാത്ത പോലെ..
"വിളിക്ക് മോളെ "
അവളുടെ അവസ്ഥ മനസിലാക്കി കൊണ്ട് അലോഷി പറഞ്ഞു.. അവൾ അവന്റെ നെറ്റിയിൽ ഒന്ന് തലോടി കൊണ്ട് ഇടർച്ചയോടെ പതിയെ വിളിച്ചു..
"ഇച്ചാ...യ "
എന്നാൽ അവനിൽ ഒരു മാറ്റവും ഉണ്ടായില്ല.. അത് കണ്ട് അവളുടെ നെഞ്ച് ഒന്ന് പിടഞ്ഞു..
"ഇച്ചാ..യ "
അവൾ വീണ്ടും വീണ്ടും ഇടർച്ചയോടെ വിളിച്ചു.. എന്നാൽ അവന്റെ കൺ പോളകൾ ചലിക്കുന്നത് കണ്ട് അവൾക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞില്ല.. സന്തോഷവും സങ്കടവും അങ്ങനെ എന്തൊക്കെയോ വികാരങ്ങൾ അവളിൽ നിറയുന്നുണ്ടായിരുന്നു...
"ഇച്ചായ എന്നെ എന്നെ ഒന്ന് നോക്ക് "
അവൾ കരഞ്ഞു കൊണ്ട് അത് പറഞ്ഞതും അവൻ പതിയെ പതിയെ മിഴികൾ തുറന്നു.. അലോഷി വേഗം കുഞ്ഞിനെ അവന്റെ കൈയിലേക്ക് വാങ്ങി.. ആ നിമിഷം തന്നെ ആമി പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് വീണു..
അവളുടെ ചൂട് കണ്ണുനീർ അവന്റെ നെഞ്ചിൽ വീണു പൊള്ളുന്നുണ്ടായിരുന്നു.. അതിന്റെ ഫലമായ് അവന്റെ കണ്ണിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി കൊണ്ടിരുന്നു..
"ഡാ "
അലോഷി ആദമിന്റെ അടുത്തേയ്ക്ക് വന്ന് അവന്റെ കൈയിൽ പിടിച്ച് കൊണ്ട് വിളിച്ചു..
എന്നാൽ അവന്റെ കണ്ണുകൾ തന്റെ കൈയിൽ ഇരിക്കുന്ന അവന്റെ ചോരയിൽ ആണെന്ന് മനസിലായതും അലോഷി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു..
"നിന്റെ കുഞ്ഞി പെണ്ണാട "
അത് കേൾക്കെ ആദം തന്റെ കണ്ണുകൾ മുറുകെ അടച്ചു.. ആമി വേഗം എഴുന്നേറ്റ് അലോഷിയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി അവന്റെ അടുത്തേയ്ക്ക് ചേർത്ത് കൊണ്ട് പറഞ്ഞു..
"ദേ നോക്ക് ഇച്ചായ നമ്മുടെ പൊന്ന് മോളെ നോക്ക് "
അവൻ തന്റെ കണ്ണുകൾ തുറന്ന് ആമിയെ ഒന്ന് നോക്കി ശേഷം തല പതിയെ ചരിച്ച് അവളുടെ കൈയിൽ ഇരിക്കുന്ന തന്റെ അംശത്തെയും..
ആ കുഞ്ഞ് മുഖം കാൺകേ അവന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.. അവൻ കൈകൾ പതിയെ ഉയർത്താൻ ശ്രെമിച്ചു എന്നാൽ അതിന് ബുദ്ധിമുട്ട് തോന്നിയതും അവൻ അലോഷിയെ ഒന്ന് നോക്കി.. കാര്യം മനസിലായതും അവൻ പതിയെ ആദമിന്റെ കൈ ഉയർത്തി കുഞ്ഞിന്റെ കുഞ്ഞി കൈയിൽ പിടിപ്പിച്ചു..
ആ നിമിഷം അവന്റെ ശരീരം ഒന്ന് വിറച്ചു.. ഉറക്കത്തിൽ ആയിരുന്ന കുഞ്ഞി പെണ്ണ് അപ്പോൾ തന്നെ ഉണരുകയും ചെയ്തു.. ആമി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അത് നോക്കി നിന്നു....
ആദം കുഞ്ഞിന്റെ കൈയിൽ പിടിച്ച് കൊണ്ട് ആമിയിലേയ്ക്ക് മിഴികൾ പായിച്ചു.. അവന്റെ ഉള്ളിൽ ഇപ്പോൾ എന്താവും എന്ന് മനസിലാക്കി കൊണ്ട് അവൾ പറഞ്ഞു..
"നിക്ക് ഇപ്പോൾ ഒരു കുഴപ്പവും ഇല്ല ഇച്ചായ,, ഞാനും വാവയും ഇച്ചായന് വേണ്ടി ആണ് കാത്തിരിക്കുന്നത് "
അവൻ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി കിടന്നു...
"എന്തെങ്കിലും ഒന്ന് പറയ് ഇച്ചായ "
അത് കേൾക്കെ അവൻ ദയനീയമായ് അലോഷിയെ ഒന്ന് നോക്കി...
"അവനെ കൊണ്ട് പെട്ടന്ന് ഒന്നും സാധിക്കില്ല മോളെ,,, ശെരിയായി വരുന്നത് അല്ലെ ഉള്ളൂ "
അത് കേൾക്കെ അവൾ മുഖം തായ്‌തി കണ്ണുനീരോടേ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. അവൻ കണ്ണുകൾ അടച്ച് അവ സ്വികരിച്ചു...
"വേഗം വരണെ ഇച്ചായ ഇച്ചായന്റെ ആമി കൊച്ചും കുഞ്ഞി പെണ്ണും ഇച്ചായനെയും കാത്തിരിക്കും "
അവൾ അവന്റെ കണ്ണിലേയ്ക്ക് നോക്കി അത് പറയുമ്പോൾ അവൻ അതിന് മറുപടി ആയ് ഒന്ന് തല ചലിപ്പിച്ചു..
"അതെ അധികം നേരം ഇവിടെ ഇങ്ങനെ നിൽക്കാൻ പാടില്ല "
ഒരു സിസ്റ്റർ ആരുടെ അടുത്തേയ്ക്ക് വന്ന് അത് പറഞ്ഞതും അലോഷി ആമിയോട് പറഞ്ഞു..
"മോളെ പോകാം വാ "
എന്നാൽ അവൾക്ക് അവനെ വിട്ട് പോകാൻ കഴിയൂന്നുണ്ടായിരുന്നില്ല... അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ ഒന്ന് നോക്കി.. അവൻ തിരികെ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.. അത് കാൺകേ അവൾ ആ കണ്ണുനീരിന് ഇടയിലും ഒന്ന് പുഞ്ചിരിച്ചു..
"പോയിട്ട് വരാം ഡാ "
അലോഷി അവന്റെ കൈയിൽ ഒന്ന് മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു.. അതിന് ആദം ഒന്ന് തല ചലിപ്പിച്ചു...
അലോഷി ആമിയുടെ കൈയും പിടിച്ച് പുറത്തേയ്ക്ക് നടന്നു.. അവളുടെ പ്രാണനിൽ നിന്ന് അകലുമ്പോൾ അവൾക്ക് അത് താങ്ങാൻ കഴിഞ്ഞില്ല.. അവന്റെ അരുകിൽ തന്നെ ഇരിക്കാൻ മനസ്സ് പറയുമ്പോൾ അവൾക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല.. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി...
അവനും നോക്കി കിടക്കുവായിരുന്നു തന്റെ പ്രാണനെയും തന്റെ ജീവനേയും...
തുടരും...