ഒരു നിയോഗം പോലെ, ഭാഗം: 4 വായിക്കൂ...

Valappottukal

 


രചന: അശ്വതി


കല്യാണി


ബസിൽ ഇരുന്നു വീട്ടിൽ എത്തുന്നത് വരെയും അവളുടെ മനസ്സിൽ സ്വാതി പറഞ്ഞതൊക്കെ തന്നെ ആയിരുന്നു. ശരിക്കും ഇനി ശിവേട്ടന് സ്വാതിയോട് ഇഷ്ടം ഉണ്ടാവോ? തന്നെപോലെ തൊട്ടാവാടി ആയ ഒരു പെൺകുട്ടിയെ അല്ലെങ്കിലും നല്ല സ്മാർട്ടും ബോൾഡും ഒക്കെയായ ഒരു പെൺകുട്ടിയെയാണ് ശിവേട്ടന് ഇഷ്ടപെടുക എന്നാണ് കല്യാണി വിചാരിച്ചിരുന്നത്.. രാവിലെ കണ്ട എഞ്ചിനീയറെ ഒക്കെ പോലെ.. അന്ന ശിവേട്ടന് ചേരുന്ന പെൺകുട്ടി ആവും എന്നവൾക്ക് തോന്നി.. പക്ഷെ സ്വാതി.. മഹേന്ദ്രൻ തമ്പിയുടെ മകൾ എന്ന ഹുങ്ക് അവൾക്കു പണ്ടേ ഉണ്ട്.. അത് മറ്റുള്ളവരോട് കാണിക്കാനും മടിക്കാറില്ല.. തന്നെക്കാൾ മുതിർന്ന ആൾക്കാരോട് പോലും വല്ലാത്ത ഒരുതരം പെരുമാറ്റം ആണ്.. സ്വാതിയുടെ സ്വഭാവം ശിവന് പിടിക്കുന്ന ഒന്നായി കല്യാണിക്ക് തോന്നിയിട്ടില്ല..  പിന്നെ ഒരാളുടെ മനസ്സ്, ഇഷ്ടം എന്നൊക്കെ പറയുന്നത് അവരുടെ മാത്രം കാര്യങ്ങൾ ആണല്ലോ? നമ്മൾ ഒരാളെ ഇഷ്ടപ്പെട്ടു എന്ന് വച്ചു അയാൾ നമ്മളെ തിരിച്ചും ഇഷ്ടപ്പെടണം എന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലല്ലോ..  അങ്ങനെ ഓരോന്നോർത്തു അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു..


വീട്ടിൽ തിരിച്ചെത്തി ഡ്രസ്സ്‌ മാറി വീണ്ടും അടുക്കളയിലേക്ക്..  ചായക്ക്‌ എന്തേലും പലഹാരം ഉണ്ടാക്കാം എന്ന് വച്ചപ്പോൾ ഇലയട ആണ് മനസിലേക്ക് വന്നത്.. ഇലയട ശിവേട്ടന് വലിയ ഇഷ്ടമാണ്.. എന്നാൽ വിഷ്ണുവേട്ടന് വലിയ താല്പര്യവും ഇല്ല.. രണ്ടു നിമിഷം ആലോചിച്ചിട്ട് പിന്നെ ഇലയട തന്നെ ഉണ്ടാക്കി.. വിഷ്ണുവിനും ശങ്കരനും ഉള്ളത് മേശപ്പുറത്തു എടുത്തു വച്ചു ബാക്കി ഉള്ളതുമായി അവൾ മാമംഗലത്തേക്ക് ചെന്നു. പതിവ് പോലെ അരുന്ധതിയെ മേൽ കഴുകിപ്പിച്ചു, വേഷം മാറ്റി, വിളക്ക് കത്തിച്ചു, അതിനിടയിൽ കോളേജിലെ അന്നത്തെ വിശേഷങ്ങൾ പറഞ്ഞു.. ശിവേട്ടൻ സ്വാതിക്കു വേണ്ടി സൈറ്റിൽ പോയി വഴക്കുണ്ടാക്കിയത് അവൾ മനഃപൂർവം പറഞ്ഞില്ല..


 അരുന്ധതിയെ തിരികെ മുറിയിൽ കൊണ്ടാക്കി അവൾ ശിവന്റെ മുറിയിലേക്ക് ചെന്നു..  എന്നത്തേയും പോലെ അലങ്കോലം ആയി കിടപ്പുണ്ട്.. എണീറ്റു പോയ കട്ടിൽ, കുളിച്ചിട്ടു ഇട്ട തോർത്ത്‌, രാവിലെ മാറിയ ഡ്രസ്സ്‌ എല്ലാം അവിടെ ഇവിടെയായി കിടക്കുന്നു.. അവൾ ഒന്നൊന്നായി അടുക്കാൻ തുടങ്ങി.. ശിവേട്ടന് ഇഷ്ടമല്ല അവന്റെ മുറിയിൽ ആരും കയറുന്നതു. അവൾ കയറി അവന്റെ മുറി അടുക്കി പെറുക്കുന്നത് അവനു അറിയാം.. പലപ്പോഴായി അത് വേണ്ടെന്നു പറഞ്ഞിട്ടും ഉണ്ടു.. എന്നാലും അവൾ അത് കാര്യമാക്കാറില്ല.. അവന്റെ മുറിക്കു പുതിയ ഒരു അവകാശി കൂടി വരുന്നത് വരെ അവൾ അത് തന്റെ അവകാശമായി എടുത്തിരുന്നു.. അവൻ രാത്രി ഇട്ടിട്ടു മാറ്റിയ ടി ഷർട്ട്‌ എടുത്തപ്പോൾ അവൾ അതൊന്നു മണത്തു നോക്കി.. ശിവേട്ടന്റെ ഗന്ധം..  കുറച്ചു നേരം അത് മുഖത്തേക്ക് ചേർത്ത് വച്ച ശേഷം അത് വൃത്തിയായി മടക്കി സ്റ്റാൻഡിൽ ഇട്ടു.. കിടക്ക കൊട്ടി വിരിച്ചു പുതപ്പും മടക്കി വച്ചു..  എല്ലാം അതാത് സ്ഥാനത്തു ആണെന്ന് ഒന്നുടെ ഉറപ്പു വരുത്തി അവൾ മുറി ചാരി പുറത്തേക്കിറങ്ങി..


കല്യാണി തിരികെ വീട്ടിലെത്തി അന്നത്തെ പഠിപ്പിൽ മുഴുകി. എട്ടു മണി കഴിഞ്ഞ സമയത്തു വീടിനു മുന്നിലൂടെ ബുള്ളറ്റ് കടന്നു പോയപ്പോൾ അവൾക്കു മനസിലായി ശിവൻ ഡ്യൂട്ടി കഴിഞ്ഞു എത്തിയെന്നു.. അവന്റെ ബുള്ളറ്റിന്റെ ശബ്ദം അവൾക്കു നന്നേ പരിചിതമാണ്..


അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ശങ്കരൻ എത്തി.. വിഷ്ണു എത്തിയപ്പോൾ പത്തു മണിയും കഴിഞ്ഞിരുന്നു..

മേശപ്പുറത്തു ഇരിക്കുന്ന ഇലയട കണ്ടപ്പോൾ അവന്റെ മുഖം ചുളിഞ്ഞു.. ഒരെണ്ണം കയ്യിലെടുത്തു പിടിച്ചോണ്ട് അവൻ കല്യാണിയെ നോക്കി പുരികം ഉയർത്തി..


" എനിക്ക് ഇന്ന് ഇലയട തിന്നണം എന്ന് തോന്നി.. ഞാൻ ഉണ്ടാക്കി.. വേണെങ്കിൽ കഴിച്ചാൽ മതി.. "


അവൾ പറഞ്ഞു.. വിഷ്ണു പിന്നെ ഒന്നും മിണ്ടാതെ അത് കഴിച്ചു.. അവൻ അല്ലെങ്കിലും അങ്ങനാണ്.. ഭക്ഷണ കാര്യങ്ങളിൽ ഒന്നും വലിയ നിർബന്ധം ഇല്ല.. ഇഷ്ടമില്ലെങ്കിലും കഴിച്ചോളും.. ശിവന് പക്ഷെ അങ്ങനല്ല.. ഇഷ്ടമുള്ളത് തന്നെ വേണം. അല്ലെങ്കിൽ ചിലപ്പോൾ മുഖം വീർപ്പിച്ചു കഴിക്കാതെ എണീറ്റു പോയികളയും..


വിഷ്ണു മിക്കവാറും ക്ലിനികിൽ നിന്നു വരാൻ ലേറ്റ് ആവാറുള്ളത് കാരണം ശങ്കരൻ നേരത്തെ ഭക്ഷണം കഴിച്ചു കിടക്കാറുണ്ട്.. കല്ലു ആണ് അവനു ഭക്ഷണം വിളമ്പി കൊടുക്കുന്നതും മറ്റും.. അവളും മിക്കവാറും അവനോടൊപ്പമാണ് കഴിപ്പ്..


" ഇന്ന് ശിവേട്ടൻ സൈറ്റിൽ പോയി അടി ഉണ്ടാക്കിന്ന് കേട്ടല്ലോ? ഏട്ടനും ഉണ്ടായിരുന്നോ കൂടെ? "


അവന്റെ പ്ലേറ്റിലേക്ക് കറി ഒഴിച്ച് കൊണ്ട് അവൾ ചോദിച്ചു.. ശിവൻ അടി ഉണ്ടാക്കാൻ പോയിട്ടുണ്ടെങ്കിൽ കൂടെ വിഷ്ണുവും ഉണ്ടാവും എന്നവൾക്ക് അറിയാം.. അത് അവർ തമ്മിലുള്ള അലിഖിത നിയമം ആണ്..വിഷ്ണു അതിനു ഉണ്ടായിരുന്നു എന്ന് ഒന്ന് മൂളി..


" എന്തിനായിരുന്നു ഇന്നത്തെ അടി? "


ഒന്നും അറിയാത്ത പോലെ അവൾ ചോദിച്ചു..


" ആ.. ആ പയ്യൻ ആരാണ്ടെയോ ശല്യപെടുത്തിന്നോ കമന്റ്‌ അടിച്ചെന്നോ ഒക്കെ പറയണ കേട്ടു.. അവന്റെ സ്വഭാവം അല്ലെ? നല്ല തല്ലു കൊടുത്തിട്ടുണ്ട്.. അവസാനം ഞാനാ ചെന്നു പിടിച്ചു മാറ്റിയെ"


വിഷ്ണു പറഞ്ഞു. അപ്പോൾ സ്വാതി പറഞ്ഞതു സത്യമാണ്.. അവൾക്കു വേണ്ടി ചെയ്തതാണ്.. കല്യാണിക്ക് പിന്നെ ഭക്ഷണം ഇറങ്ങുന്നില്ലന്ന് തോന്നി.. എന്നാലും ഇനി വിഷ്ണുവിന് ഒന്നും തോന്നേണ്ട എന്ന് കരുതി വിളമ്പിയ ചോറ് മുഴുവനും കഴിച്ചു.


കഴിച്ചു കഴിഞ്ഞു അവൾ പാത്രങ്ങൾ ഒക്കെ കഴുകി എടുത്തു വച്ചു. വിഷ്ണു സഹായിക്കാൻ വന്നെങ്കിലും അവൾ തന്നെ ചെയ്തോളാം എന്ന് പറഞ്ഞു. രാവിലെ മുതൽ ക്ലിനിക്കിലെ ജോലി കഴിഞ്ഞു അവനു നല്ല ക്ഷീണം ഉണ്ടാവും എന്ന് അവൾക്കു അറിയാമായിരുന്നു. അവൾ എല്ലാം എടുത്തു വച്ചു ചെല്ലുമ്പോഴേക്കും വിഷ്ണു ഉറക്കം പിടിച്ചിരുന്നു. അവന്റെ പുതപ്പു നേരെയാക്കി തന്റെ മുറിയിലേക്ക് ചെന്നു അവൾ കട്ടിലിലേക്ക് കിടന്നു. ഫോൺ എടുത്തു.. വാൾ പേപ്പർ താനും അമ്മയും കൂടെ ഉള്ള ഒരു ഫോട്ടോ ആണ്.  ഇങ്ങനുള്ള സമയങ്ങളിൽ അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യും.. അരുന്ധതിയമ്മയെ താൻ സ്വന്തം അമ്മയായി തന്നെയാണ് കാണുന്നത്.. എന്നാലും.. ഒരുപക്ഷെ തന്റെ അമ്മ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഒന്നും പറയാതെ തന്നെ തന്റെ മനസ്സ് മനസിലാക്കിയേനെ.. ആരോടെങ്കിലും ഇതൊന്നു പറഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്. വിഷ്ണുവേട്ടനോട് എങ്കിലും.. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനോട് അനിയത്തിക്ക് പ്രണയം ആണെന്ന് അറിഞ്ഞാൽ വിഷ്ണു എങ്ങനെയാവും പ്രതികരിക്കുക എന്നവൾക്ക് പേടിയുണ്ടായിരുന്നു. അച്ഛനും, വിശ്വച്ഛനും അരുന്ധതിയമ്മയും അതിനെ എങ്ങനെയാവും എടുക്കുക. അതിനേക്കാൾ ഒക്കെ ഉപരി തന്റെ മനസ്സിലെ ഇഷ്ടം ശിവേട്ടൻ എങ്ങാനും അറിഞ്ഞാൽ.. അച്ഛനെയും വിഷ്ണു ഏട്ടനെയും ഓർത്തു ചിലപ്പോൾ തന്നോട് ക്ഷമിച്ചേക്കാം. പക്ഷെ അതിനു ശേഷം എന്നെന്നേക്കുമായി തന്നിൽ നിന്നും അകന്നു പോവും.. വേണ്ട.. ഒന്നും ആരും അറിയേണ്ട.. ഇപ്പോൾ ഇങ്ങനെ അടുത്ത് കാണാനും സംസാരിക്കാനും എങ്കിലും പറ്റുന്നുണ്ടല്ലോ.. അത് മതി..അതും കൂടെ ഇല്ലാതാവുന്ന ഒരു അവസ്ഥ ആലോചിക്കാൻ വയ്യ. ഒരു ആശ്വാസത്തിനെന്ന പോലെ ഫോൺ കയ്യിൽ വച്ചു കൊണ്ട് തന്നെ അവൾ ഉറക്കത്തിലേക്കു വീണു..


****************************************************


വിഷ്ണു


വിഷ്ണു രാവിലെ എണീറ്റു വന്നപ്പോൾ കല്യാണിയെ അവിടെയെങ്ങും കണ്ടില്ല.. പതിവ് പോലെ തന്നെ കല്യാണി ക്ഷേത്ര ദർശനത്തിന് പോയി കാണുമെന്നു മനസിലായി.


" നീ എണീറ്റോ? ചായ ഇട്ടു തരാം "


അവൻ എണീറ്റു വന്നത് കണ്ടു ശങ്കരൻ പറഞ്ഞു.


" ക്ലിനികിൽ ഇപ്പോൾ നല്ല തിരക്കാണ് അല്ലേ? ഇന്നലെ നീ എപ്പോഴാ വന്നത്? "


ശങ്കരൻ ചോദിച്ചു..


" നാട്ടിൽ മുഴുവനും ഇപ്പോൾ വൈറൽ ഫീവർ അല്ലേ? അതിന്റെ തിരക്കാ.. ഞാൻ ഇന്നലെ വന്നപ്പോ പതിനൊന്നായി.. "


വിഷ്ണു പറഞ്ഞു..


" നിന്നെ കണ്ടിട്ട് കുറച്ചു ദിവസമായിന്നു അരുന്ധതി ഇന്നലേം പറഞ്ഞു.. സമയം പോലെ നീ അങ്ങോട്ട്‌ ഒന്ന് ഇറങ്ങുട്ടോ.. "


ശരിയാണ്.. തിരക്ക് കാരണം കുറച്ചു ദിവസമായി അമ്മയെ കാണാൻ പോകാനേ പറ്റിയില്ല..


" ഞാൻ പോയി കണ്ടോളാം.. "


അപ്പോഴേക്കും കല്യാണി അമ്പലത്തിനു തിരിച്ചു എത്തി.. അവൾ കോളേജിലേക്കു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അച്ഛൻ അവളോട്‌ പുതിയ എഞ്ചിനീർക്കു കാപ്പി കൊണ്ട് കൊടുത്തിട്ടു പോകാൻ പറയുന്നത് അവൻ കേട്ടത്.. അപ്പോഴാണ് ഹോസ്പിറ്റൽ പണിയുന്നിടത്തു പുതിയ എഞ്ചിനീയർ ഇന്നലെ വരുമെന്ന് അച്ഛൻ പറഞ്ഞത് അവനു ഓർമ വന്നത്.. മുംബൈയിൽ നിന്നും ഒരു പെൺകുട്ടി ആണ് പുതിയ എഞ്ചിനീയർ എന്നും കേട്ടിരുന്നു.


" അച്ഛൻ കണ്ടോ പുതിയ എഞ്ചിനീയർ കുട്ടിയെ? "


കല്ലു പോകുന്നതും നോക്കി അവൻ ചോദിച്ചു..


" ഉവ്വല്ലോ.. ഞാൻ ആണ് ഇന്നലെ പോയി ആ കുട്ടിയെ സ്റ്റേഷനിൽ നിന്നു കൂട്ടി കൊണ്ട് വന്നത്.. നമ്മുടെ കല്ലുനെ കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതലേ കാണൂ "


" ഓ.. അപ്പോൾ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലേ? "


" ഏയ്.. ഇല്ല്യ.. "


വിഷ്ണുവിന് കൗതുകം തോന്നി.. ബാച്‌ലർ ആയ ഒരു മോഡേൺ പെൺകുട്ടി എന്തിനായിരിക്കും ഇപ്പോൾ ഇത് പോലെ ഒരു ഗ്രാമത്തിലേക്കു വന്നത്.. ശിവൻ പറഞ്ഞത് ചിലപ്പോ വല്ല ഉഡായിപ്പും കാണിച്ചിട്ട് ഒളിച്ചോടി വന്നത് ആയിരിക്കും എന്നാണ്.. ഇനി അങ്ങനെ ആവുമോ?


" അച്ഛൻ സംസാരിച്ചിരുന്നോ? എങ്ങനെയുണ്ട് ആൾ? "


അവൻ ചോദിച്ചു..


" അതൊന്നും അറിയില്ല.. കുഴപ്പക്കാരി അല്ലെന്നു തോന്നുന്നു.. എന്നോട് ഇവിടെ ജിം ഉണ്ടോ പാർക്ക്‌ ഉണ്ടോന്നൊക്കെ ചോദിച്ചു.. ഞാൻ ഇല്ലാന്ന് പറഞ്ഞു.. "


വിഷ്ണുവിന് ചിരി വന്നു.. കൃഷി ചെയ്തു ജീവിക്കുന്നവർ ആണ് ഇവിടെ ഭൂരിഭാഗം ആൾക്കാരും.. മണ്ണിൽ ഇറങ്ങി പണി എടുക്കുന്ന അവർക്കെന്തിനാണ് ജിം.. ഇത്രയും മരങ്ങളും, വയലുകളും, പുഴയും, തോടും ഒക്കെ നിറഞ്ഞിടത്തു ഇനി പ്രത്യേകിച്ച് ഒരു പാർക്ക്‌ വേണമെന്നില്ല.. അതൊന്നും മുംബൈയിൽ ജീവിച്ചവൾക്ക് മനസിലാവണമെന്നില്ല.. അപ്പോൾ പിന്നെ ഇവളും ഇനി അധിക കാലം നിൽക്കുമെന്ന പ്രതീക്ഷ വേണ്ട.. ഇങ്ങനെ മാറി മാറി വരുന്ന എഞ്ചിനീയർമാർ കാരണം ഹോസ്പിറ്റലിന്റെ പണി ആണ് അവതാളത്തിൽ ആവുന്നത്.  അതോർത്തപ്പോൾ അവനു കുറച്ചു അസ്വസ്ഥത തോന്നി..


ക്ലിനിക്കിലേക്ക് പോകുന്നതിനു മുൻപേ അവൻ മാമംഗലത്തേക്ക് ചെന്നു. രാത്രി വരാൻ ലേറ്റ് ആയാൽ പിന്നെ അരുന്ധതിയമ്മയെ കാണാൻ പോവാൻ പറ്റില്ല.. ബുള്ളറ്റ് കാണാത്ത കൊണ്ട് ശിവൻ സ്റ്റേഷനിലേക്ക് പോയി എന്ന് മനസിലായി. അവൻ നേരെ അരുന്ധതിയുടെ മുറിയിലേക്ക് ചെന്നു.. അവനെ കണ്ടതും അവർ സ്നേഹത്തോടെ ചിരിച്ചു.. അവൻ ചെന്നു അവരുടെ അടുത്തായി ഇരുന്നു. 


" കുറച്ചു ദിവസായി കണ്ടിട്ടെന്ന് ഇന്നലേം കൂടി അച്ഛനോട് പറഞ്ഞെ ഉള്ളു ഞാൻ.. "


അവന്റെ കയ്യിൽ സ്നേഹത്തോടെ തലോടി കൊണ്ട് അരുന്ധതി പറഞ്ഞു.


" അച്ഛൻ പറഞ്ഞു.. ഇച്ചിരി തിരക്കായിരുന്നു അമ്മേ.. അതാ വരാൻ പറ്റാഞ്ഞേ.. "


" അറിഞ്ഞു.. കല്ലു പറയാറുണ്ട് നീ എന്നും വരാൻ ലേറ്റ് ആവാറുണ്ടെന്നു.. പിന്നെ വിശ്വേട്ടനും പറയാറുണ്ട് ക്ലിനിക്കിലെ തിരക്കിനെ പറ്റി.. Dr. വിഷ്ണു ദത്തന്റെ കൈപ്പുണ്യം നാട്ടിൽ പാട്ടല്ലേ? "


അവർ ചിരിയോടെ ചോദിച്ചു.. പക്ഷെ അപ്പോൾ വിഷ്ണു സങ്കടത്തോടെ നോക്കിയത് അവരുടെ കാലുകളിലേക്ക് ആയിരുന്നു. താനൊരു ഡോക്ടർ ആയാൽ ഏറ്റവും അധികം ആഗ്രഹിച്ചത് ആ കാലുകൾ ഒന്ന് ശരിയാക്കാൻ ആണ്.. അത് മനസിലായ പോലെ അരുന്ധതി അവന്റെ മുഖത്ത് തലോടി..


" അത് ഇനി ശരിയാവില്ല കുട്ടി .. അതോർത്തു എന്റെ കുട്ടി വിഷമിക്കണ്ട.  അതിനു പകരമായി ഈ നാട്ടിൽ ഉള്ള എല്ലാവർക്കും നന്മ ചെയ്യുന്നില്ലേ നീ.. അത് മതി.. നിന്നെ പറ്റി എല്ലാവരും നല്ലത് പറയുന്നത് കേൾക്കുന്നതാണ് അമ്മക്ക് സന്തോഷം.. സീതയുടെ ആത്മാവും അത് കേട്ടു സന്തോഷിക്കുന്നുണ്ടാവും.. "


അത് കേൾക്കെ അവൻ ഒന്ന് ചിരിച്ചു..


" അത് പോട്ടെ.. സഞ്ജു ഇപ്പോൾ എങ്ങനെ ഉണ്ട്? "


സഞ്ജയ്‌ എന്ന സഞ്ജു അരുന്ധതിയുടെ ആങ്ങള മഹേന്ദ്രന്റെ മൂത്ത മകൻ ആണ്.. സ്വാതിയുടെ ചേട്ടൻ.. മെഡിസിൻ പഠനം പൂർത്തിയാക്കി അവൻ മാമംഗലം ക്ലനിക്കിൽ വിഷ്ണുവിനോപ്പം ജോലിക്ക് കയറിയിട്ട് കുറച്ചു നാളെ ആയുള്ളൂ.. പണ്ട് ശിവനോടും വിഷ്ണുവിനോടും ഒപ്പം സ്കൂളിൽ പഠിക്കുന്ന സമയത്തു അവൻ ഒരു തല്ലുകൊള്ളി ആയിരുന്നു.. ശിവന്റെ കയ്യിനു അവൻ കുറെ തല്ലു വാങ്ങി കൂട്ടിയിട്ടുണ്ട്. പ്ലസ്  ടു കഴിഞ്ഞപ്പോൾ മഹേന്ദ്രൻ പിന്നെ അവനെ പുറത്തയച്ചാണ് പഠിപ്പിച്ചത്..പണ്ട് മുതലേ തന്റെ മക്കളെ കാര്യസ്ഥൻ ശിവശങ്കരന്റെ മക്കളുമായി താരതമ്യം ചെയ്യുന്ന ശീലം മഹേന്ദ്രന് ഉണ്ടായിരുന്നു. അമ്മാവന്റെ മകനായ സഞ്ജുവിനോട് കൂട്ട് കൂടാതെ ശിവൻ വിഷ്ണുവുമായി കൂട്ട് പിടിച്ചത് പണ്ടേ മഹേന്ദ്രന് ഇഷ്ടമായിരുന്നില്ല.. അത് പോലെ കല്യാണി സ്വാതിയേക്കാൾ പഠിക്കാൻ മിടുക്കി ആയതും, അരുന്ധതി സ്വാതിയേക്കാൾ കല്ലുവിനെ സ്നേഹിക്കുന്നതും ഒന്നും അയാൾക്ക്‌ പിടിച്ചിട്ടില്ല.. വിഷ്ണു ഡോക്ടർ ആവാൻ തീരുമാനിച്ചപ്പോഴാണ് സഞ്ജുവിനെയും നിർബന്ധിച്ചു മഹേന്ദ്രൻ മെഡിസിന് വിട്ടത്. വിഷ്ണുവിന് ആദ്യത്തെ ശ്രമത്തിൽ തന്നെ മെഡിസിന് സീറ്റ്‌ കിട്ടിയെങ്കിലും സഞ്ജുവിന് പിന്നെയും രണ്ടു ശ്രമങ്ങൾ കൂടി വേണ്ടി വന്നു.പ്ലസ് ടു കഴിഞ്ഞു അവിടുന്ന് പോയതിനു ശേഷം അവനെ പറ്റി വലിയ വിവരമൊന്നും ഇല്ലായിരുന്നു. സഞ്ജു ഡോക്ടർ ആയി മാമംഗലം ക്ലിനിക്കിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ ആദ്യം വിഷ്ണുവിന് കുറച്ചു ആശങ്ക ഉണ്ടായിരുന്നു.. പക്ഷെ അവൻ വന്നു കഴിഞ്ഞപ്പോൾ അതൊക്കെ മാറി.. സഞ്ജു ഉത്തരവാദിത്തം ഉള്ള ഡോക്ടർ ആയാണ് തിരികെ വന്നിരിക്കുന്നതെന്നു കുറച്ചു ദിവസം കൊണ്ട് തന്നെ അവനു മനസിലായി. 


"അവൻ കൊള്ളാം അമ്മേ.. അവൻ ഇപ്പോൾ മിടുക്കൻ ആയില്ലേ? അവനെ പറ്റിയും എല്ലാവർക്കും നല്ല അഭിപ്രായം ആണ്.. "


അരുന്ധതിയോട് വിഷ്ണു പറഞ്ഞു. പിന്നെ കുറച്ചു നേരം കൂടി അവരോടു ഓരോന്ന് സംസാരിച്ചു ഇരുന്നിട്ടാണ് വിഷ്ണു ക്ലിനിക്കിലേക്ക് പോകാൻ ഇറങ്ങിയത്. മുറ്റത്തു എത്തിയപ്പോൾ ഔട്ട്‌ ഹൗസിന്റെ മുന്നിൽ ഒരു കാർ നിൽക്കുന്നതും അതിലേക്കു ഒരു പെൺകുട്ടി കയറുന്നതും കണ്ടു.. പുതിയ എഞ്ചിനീയർ.. മുഖം കണ്ടില്ല എങ്കിലും പൊക്കം കുറഞ്ഞ ചെറുപ്പകാരി ആണെന്ന് മനസിലായി. അവൻ പിന്നെ സമയം വൈകാതെ ക്ലിനിക്കിലേക്ക് പുറപ്പെട്ടു.


താൻ നോക്കികൊണ്ടിരുന്ന പേഷ്യന്റിന് മരുന്ന് എഴുതി കൊടുത്തു വിഷ്ണു അടുത്ത ആളോട് വരാൻ പറഞ്ഞു. അയാൾ അകത്തേക്ക് കയറാൻ ഡോർ തുറന്നപ്പോൾ പുറത്തു വരി വരിയായി ആൾക്കാർ ഉണ്ടെന്നു അവൻ കണ്ടു. മാമംഗലം ക്ലിനികിൽ അന്ന് രാവിലെ മുതൽ നല്ല തിരക്കായിരുന്നു. പൊതുവെ അവിടെ തിരക്ക് ഉണ്ടാവാറുണ്ടെങ്കിലും ഇന്ന് ഇച്ചിരി കൂടുതൽ ഉള്ളത് പോലെ.. നാട്ടിലാകെ ഒരു വൈറൽ പനി പടർന്നു പിടിച്ചിട്ടുണ്ട്.. വലിയവർക്കും കുട്ടികൾക്കും ഒരുപോലെ.. അതിന്റെ തിരക്കാണ്.. സഞ്ജുവിന്റെ ക്യാബിന്റെ മുന്നിലും അത്യാവശ്യം തിരക്കുണ്ട്.. അവൻ കൂടി ഉള്ളത് ഒരു ആശ്വാസം ആണ്.. പണ്ടത്തെ പോലെ താൻ മാത്രം ആയിരുന്നു എങ്കിൽ വലഞ്ഞു പോയേനെ എന്ന് വിഷ്ണു ഓർത്തു.. 


പേഷ്യന്സിനെ ഓരോരുത്തരെ ആയി നോക്കി കൊണ്ടിരിക്കുമ്പോഴാണ് ശിവന്റെ വിളി വരുന്നത്.  വിഷ്ണു ഫോൺ ചെവിയോട് ചേർത്തു..


"പറയെടാ.. "


" ഡാ.. ആ ബൈജു അവളെ ഇന്നലേം ചെന്നു ശല്യപെടുത്തിന്നു.. ഞാൻ ഇന്ന് അവനിട്ടു രണ്ടെണ്ണം പൊട്ടിക്കാൻ തന്നെ തീരുമാനിച്ചു.. "


ശിവന്റെ കലിപ്പ് സ്വരം കേട്ടതും സംഗതി വഷളാണെന്ന് അവനു മനസിലായി. പക്ഷെ ഇപ്പോൾ ഇവിടുന്നു ഇറങ്ങാനും പറ്റില്ല..


" ഡാ.. ഇവിടിപ്പോ നല്ല തിരക്കാ.. നീ കുറച്ചു നേരം ക്ഷമിക്കു.. ഞാൻ ചോറുണ്ണാൻ ഇറങ്ങുമ്പോൾ വിളിക്കാം.. അന്നേരം പോവാം.. അവൻ എവിടെ ഉണ്ടെന്നു അറിയോ? "


" അവൻ നമ്മുടെ സൈറ്റിൽ ഉണ്ട്.. നീ ഉച്ചക്ക് തിരക്ക് കുറഞ്ഞു ഇറങ്ങുമ്പോൾ വിളിക്കു.. "


ഫോൺ കട്ട്‌ ആയി.. വിഷ്ണു ഇവൻ നന്നാവാൻ പോണില്ല എന്ന മട്ടിൽ തലയാട്ടി കൊണ്ട് വീണ്ടും തന്റെ ജോലിയിൽ മുഴുകി.. ഉച്ചക്ക് തിരക്ക് ഒന്ന് ശമിച്ചപ്പോൾ തത്കാലം ക്ലിനിക് സഞ്ജുവിനെ ഏല്പിച്ചു അവൻ ശിവനോടൊപ്പം സൈറ്റിൽ പോയി. അവിടുത്തെ അടിപിടി ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോഴാണ് സൈറ്റിലെ കോൺട്രാക്ടർ സാമൂവൽ അച്ചായന്റെ ഒപ്പം നിൽക്കുന്ന പെൺകുട്ടി കണ്ണിൽ ഉടക്കിയത്.. രാവിലെ കാണാൻ പറ്റിയില്ലെങ്കിലും ഇപ്പോൾ മുഖം ശരിക്കും കണ്ടു.. ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു പ്രത്യേകത അവളിൽ വിഷ്ണുവിന് തോന്നി.. ശിവൻ പറഞ്ഞത് പോലെ ഉടായിപ്പു ആണെന്ന് തോന്നുന്നില്ല.. പക്ഷെ കണ്ണുകളിൽ എവിടെയോ ഒരു വിഷാദഭാവം കാണാനുണ്ട്.. ഇനി വല്ല തേപ്പും കിട്ടി വന്നത് ആയിരിക്കുമോ? അല്ല  ഇപ്പോൾ അതാണല്ലോ ട്രെൻഡ്.. എന്തായാലും ഇവൾ എങ്കിലും ഇവിടെ നിന്നു ഇതിന്റെ പണി ഒന്ന് തീർത്തു തന്നാൽ മതിയാരുന്നു.. വിഷ്ണു മനസ്സിൽ ഓർത്തു.


വിഷ്ണു തിരിച്ചു ക്ലിനിക്കിൽ എത്തിയപ്പോൾ സഞ്ജു അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു..


" കുറച്ചു മുന്നേ ഇവിടെ കൊണ്ട് വന്ന പേഷ്യന്റ് ആണ്.. തലയിടിച്ചു വീണതാണെന്ന പറഞ്ഞെ.. Internal bleeding ഉണ്ടോന്നു സംശയം.. CT വേണ്ടി വരുമെന്ന് തോന്നുന്നു.. "


വിഷ്ണു ചെന്നു നോക്കിയപ്പോൾ ശരിയാണ്.. അതൊരു ക്ലിനിക് ആയതു കൊണ്ട് CT, MRI തുടങ്ങിയവയൊന്നും അവിടെയില്ല.. അതിനു ഇനി സിറ്റി ഹോസ്പിറ്റലിൽ പോയെ മതിയാവൂ.തത്കാലം ചെയ്യാവുന്ന ഫസ്റ്റ് എയ്ഡ് ഒക്കെ ചെയ്തു അവൻ ചെന്നു പേഷ്യന്റിന്റെ ബന്ധുക്കളെ കാര്യം പറഞ്ഞു മനസിലാക്കി അവരെ സിറ്റിയിലേക്ക് പറഞ്ഞു വിട്ടു.. ഇത് തന്നെയായിരുന്നു അവിടുത്തെ പ്രശ്നവും.. എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു ഹോസ്പിറ്റൽ അവിടെ ഇല്ല.. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ ഇന്നും തന്റെ അമ്മ തന്നോടൊപ്പം ഉണ്ടായേനെ..വർഷങ്ങൾക്കു മുന്നേ സിറ്റിയിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടർ തന്റെ അച്ഛനോട് സങ്കടത്തോടെ പറഞ്ഞത് അപ്പോഴും അവന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു..


" വീ ആർ റിയലി സോറി.. സീതയേ രക്ഷിക്കാൻ സാധിച്ചില്ല.. ഇവിടെ എത്തിയപ്പോൾ തന്നെ ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു.  കുറച്ചു നേരം മുന്നേ ഇവിടെ എത്തിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് സീതയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചേനെ.. " 


( ഞാൻ എഴുതുന്നതിൽ ചെറിയ കൺഫ്യൂഷൻ വരുന്നുണ്ടെന്നു ചില കമന്റ്സ് 

കണ്ടപ്പോൾ തോന്നി.. ഒരേ ദിവസത്തെ സംഭവങ്ങൾ ആണ് ഞാൻ എഴുതി കൊണ്ടിരിക്കുന്നത്.. ഇതിലെ നാല് മെയിൻ characters ആയ അന്ന, ശിവൻ, കല്ലു, വിഷ്ണു എന്നിവരുടെ കണ്ണിലൂടെ ആ ദിവസത്തെ പറ്റി പറയുന്നു എന്നേ ഉള്ളു.. അതിലൂടെ അവരുടെ ദിനചര്യകളും, സ്വഭാവവും, സ്വപ്നങ്ങളും നിങ്ങള്ക്ക് പരിചയപെടുത്തുക എന്നതായിരുന്നു ഉദേശിച്ചത്‌.. ഒരു character introduction പോലെ.. അടുത്ത പാർട്ടോടു കൂടി നമുക്ക് മെയിൻ സ്റ്റോറിയിലേക്ക് കടക്കാം..


പിന്നെ മെഡിക്കൽ ഫീൽഡിനെ പറ്റി വലിയ അറിവൊന്നുമില്ല.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക..) തുടരും..

To Top