രചന: അശ്വതി
അന്ന
മുംബൈയിൽ ഒരു പ്രൈവറ്റ് കമ്പനിയിലെ ഉദ്യോഗസ്ഥനായ ജോണിന്റെയും ടീച്ചർ ആയ ആൻസിയുടെയും ഒരേ ഒരു മകളാണ് അന്ന മരിയ ജോൺ എന്ന അന്ന. ചെറുപ്പത്തിലേ തന്നെ വളരെ സ്മാർട്ടും ബോൾഡും ആയ പ്രകൃതം ആയിരുന്നു അവളുടേത്. ഉയരം കുറവെങ്കിലും വട്ട മുഖവും ഉണ്ട കണ്ണുകളും തോളൊപ്പം വെട്ടിയിട്ട ചുരുണ്ട മുടിയും ഉള്ള കൊച്ചു സുന്ദരി. നന്നായി പഠിക്കുമായിരുന്ന അന്നയ്ക്ക് പ്ലസ് ടു കഴിഞ്ഞു മുംബൈയിലെ തന്നെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജിൽ അവളുടെ ആഗ്രഹം പോലെ തന്നെ സിവിൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ കിട്ടി. അവിടുന്നാണ് അനുപല്ലവി എന്ന അനു അവളുടെ കൂട്ടുകാരി ആവുന്നത്. അന്നയെ പോലെ മുംബൈയിൽ ജനിച്ചു വളർന്നത് ആണെങ്കിലും അനു ശരിക്കും ഒരു നാടൻ പെൺകുട്ടി ആയിരുന്നു. നീണ്ട മുടിയും, കരിമഷി എഴുതിയ കണ്ണുകളും, പതിഞ്ഞ സംസാരവും ഒക്കെയായി ഒരു പാവം. അത് കൊണ്ട് തന്നെ കോളേജിൽ എപ്പോഴും അന്ന തന്നെയായിരുന്നു താരം. നന്നായി പഠിക്കുകയും, ചിത്രം വരക്കുകയും, എല്ലാവരോടും സ്മാർട്ട് ആയി ഇടപഴകുകയും ചെയ്യുന്ന അന്നയെ ടീച്ചേഴ്സും ബാക്കി സ്റ്റുഡന്റ്സും ഒരു പോലെ ശ്രദ്ധിച്ചിരുന്നു. അനു എപ്പോഴും അന്നയുടെ ഒരു പടി പിറകിൽ തന്നെയായിരുന്നു. അതിൽ അന്നയ്ക്ക് കുറച്ചു സ്വകാര്യഅഹങ്കാരവും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും അവരുടെ സുഹൃത്ത്ബന്ധത്തെ ബാധിച്ചിരുന്നില്ല. പിടിത്തവും, കളിയും ഒക്കെയായി കോളേജ് ജീവിതം സന്തോഷമായി തന്നെ അവസാനിച്ചു.
നാല് വർഷത്തെ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞപ്പോൾ രണ്ടു പേർക്കും ക്യാമ്പസ് സെലക്ക്ഷണിലൂടെ മുംബൈയിലെ പ്രശസ്തമായ RK കോൺസ്ട്രക്ഷൻസിൽ ജോലി ലഭിച്ചു. ഇന്ത്യയിൽ ഉടനീളം ഓഫീസുകളും പ്രൊജക്റ്റും ഒക്കെ ഉള്ള പ്രശസ്തമായ കമ്പനി ആയിരുന്നു RK കൺസ്ട്രക്ഷൻ. ഒരു പോലെ ഒരേ കമ്പനിയിൽ ജോലി കിട്ടിയത് രണ്ടു പേർക്കും ഒരുപാട് സന്തോഷം ആയിരുന്നു. ഒരേ ടീമിൽ തന്നെ രണ്ടാൾക്കും ട്രെയിനിങ് കിട്ടിയതും സന്തോഷത്തിന്റെ ആക്കം കൂട്ടി. ആ ടീമിൽ വച്ചാണ് അവർ രണ്ടുപേരും കിഷോറിനെ പരിചയപെടുന്നതു. അവരെ ട്രെയിനിങ്ന്റെ ഭാഗമായി ഏല്പിച്ചിരുന്ന ടീമിന്റെ ലീഡ് ആയിരുന്നു കിഷോർ മേനോൻ. ചെമ്പൻ മുടിയിഴകളും, നീല കണ്ണുകളും, വശ്യമായ ചിരിയും ഉള്ള കിഷോർ ആരെയും ആകർഷിക്കുന്ന വ്യക്തിത്വം ആയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ കിഷോർ അന്നയുടെ മനസ്സിൽ ഇടം നേടിയിരുന്നു. തന്റെ ടീമിൽ പുതുതായി വന്ന ഫ്രഷേഴ്സിനോട് ഒക്കെ വളരെ സൗമ്യമായ പെരുമാറ്റം ആയിരുന്നു കിഷോറിന്റേത്. എന്ത് സംശയം ഉണ്ടെങ്കിലും കിഷോർ അത് തീർത്തു കൊടുക്കും. തെറ്റ് കണ്ടാൽ സൗമ്യതയോടെ അത് തിരുത്തി കൊടുക്കും. അങ്ങനെ ആദ്യ മാസത്തിൽ തന്നെ കിഷോർ അന്നയുടെ ഉള്ളിൽ കയറി കൂടി. പക്ഷെ അവളെ പോലെ തന്നെ RK കോൺസ്ട്രക്ഷൻസിൽ ഉള്ള മിക്ക പെൺകുട്ടികളുടെയും ആരാധനയുള്ള നോട്ടം കിഷോറിലേക്ക് എത്തുന്നത് അന്നയിൽ നീരസം സൃഷ്ടിച്ചു. എന്നാൽ കിഷോർ എല്ലാവരോടും സൗഹൃദപരമായി തന്നെ പെരുമാറി. സ്മാർട്ടും ഇന്റലിജന്റുമായ അന്ന കോളേജിലെ പോലെ തന്നെ കമ്പനിയിലും ഫേമസ് ആവാൻ അധികം സമയം വേണ്ടി വന്നില്ല. അധികം വൈകാതെ തന്നെ അവൾ കിഷോറിന്റെയും കണ്ണിലുണ്ണി ആയി മാറി. കിഷോർ മറ്റുള്ള ആൾക്കാരെക്കാൾ അടുപ്പവും സ്നേഹവും അന്നയോടു കാണിക്കാൻ തുടങ്ങി. കിഷോറിനോടുള്ള പ്രണയം അനുദിനം അവളുടെ മനസ്സിൽ വളർന്നു വന്നു കൊണ്ടിരുന്നു. ഇതിനിടയിൽ അനുവിനും കിഷോറിനോട് ഉള്ളിൽ പ്രണയം ഉണ്ടെന്നു അന്നയ്ക്ക് മനസ്സിൽ ആയെങ്കിലും അവൾ അത് കണ്ടില്ലെന്നു നടിച്ചു. തന്നെ ആരാധനയോടും പ്രണയത്തോടും നോക്കുന്ന അനുവിന്റെ കണ്ണുകളെ കണ്ടില്ലെന്നു വച്ചു കിഷോർ അന്നയോടു അടുത്ത് പെരുമാറുമ്പോൾ എല്ലാം അന്ന ഉള്ളിൽ സന്തോഷിച്ചു. അവളുടെ പ്രണയം അവളെ അത്രത്തോളം സ്വാർത്ഥ ആക്കിയിരുന്നു . പിന്നെ ഇത്രയ്ക്കു സ്മാർട്ടും സുന്ദരിയും ആയ തന്റെ മുന്നിൽ അനുവിന് പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന ചെറിയ അഹങ്കാരവും . അവൻ തിരികെ അവളോട് പ്രണയം ആണെന്ന് പറഞ്ഞില്ലെങ്കിലും അവന്റെ പ്രവർത്തികൾ എല്ലാം അത് വിളിച്ചോതുന്നത് ആയിരുന്നു. ട്രൈനിങ്ങിന്റെ ഒടുവിൽ അനുവിനെ മറ്റുരു ടീമിലേക്ക് വിട്ടു കിഷോർ അന്നയെ തന്റെ ടീമിൽ എടുത്തു. അത്രയും ഒക്കെ ആയപ്പോൾ അവരുടെ റിലേഷൻഷിപ്പിനെ കുറിച്ച് കമ്പനിയിലും ചർച്ച ആയി. അനു അടക്കം മറ്റു പെൺകുട്ടികൾ തന്നെ അസൂയയോടെ നോക്കുന്നത് അവളിൽ തെല്ലു സന്തോഷം ഉണ്ടാക്കി. കിഷോറുമായി അടുക്കുന്തോറും അനുവിൽ നിന്നു അന്ന അകന്നു കൊണ്ടിരുന്നു. പ്രണയം തലയ്ക്കു പിടിച്ചത് കൊണ്ട് അതൊന്നും അന്നയെ ബാധിച്ചതേ ഇല്ല. ഒരേ ഒരു മകളുടെ ഏതൊരു ആഗ്രഹത്തിനും പപ്പയും മമ്മിയും എതിര് നിൽക്കില്ല എന്ന ഉറപ്പു ഉള്ളത് കൊണ്ട് കിഷോറിന്റെ കാര്യം അവന്റെ സമ്മതംപോലും ചോദിക്കാതെ അവൾ വീട്ടിൽ അറിയിച്ചു. വർക്ക് ലേറ്റ് ആവുന്ന ദിവസങ്ങളിൽ തങ്ങളുടെ മകളെ സുരക്ഷിതമായി വീട്ടിൽ ഡ്രോപ്പ് ചെയ്യുന്ന സുന്ദരനും സൗമ്യനുമായ ചെറുപ്പക്കാരനെ അവർക്കും ഇഷ്ടമായിരുന്നു . ഇന്നല്ലെങ്കിൽ നാളെ കിഷോർ തന്റെ മുന്നിൽ മനസ്സ് തുറക്കുന്നതും കാത്തു അന്ന കഴിയവേ ആണ് അത് സംഭവിച്ചത് .
ഒരു സൺഡേ വൈകുന്നേരം ഓഫീസിലെ വാട്സ്ആപ്പ് ഗ്രൂപ്പ് തുറന്ന അന്ന ഞെട്ടിപ്പോയി. കിഷോറിനു എൻഗേജ്മെന്റ് വിഷസ് അയച്ചു കൊണ്ടുള്ള കുറെ മെസ്സേജുകൾ അതിൽ കിടക്കുന്നു . കിഷോർ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ഫോട്ടോ കൂടി കണ്ടപ്പോഴാണ് അന്ന മൊത്തമായും തകർന്നു പോയത്. അനു ആയിരുന്നു അത്. അനുവിന്റെ വീട്ടിലെ ഒരു പ്രൈവറ്റ് ഫങ്ക്ഷനിൽ വച്ചു കിഷോറും അനുവും മോതിരം കൈമാറിയിരിക്കുന്നു. അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ നിറഞ്ഞു കിടക്കുന്നു. അനു തന്നോടൊരു വാക്ക് പോലും പറഞ്ഞില്ലലോ എന്നവൾ വേദനയോടെ ഓർത്തു. അനു മാത്രമല്ല കിഷോറും.. Friday കൂടെ തന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തു പോയ കിഷോർ ആണ്.. സൺഡേ അനുവുമായി എൻഗേജ്മെന്റ് കഴിഞ്ഞിരിക്കുന്നു. എന്താണ് നടക്കുന്നതെന്നു പോലും അവൾക്കു മനസിലായില്ല. കിഷോറിനെ വിളിച്ചു ചോദിക്കാനും പറ്റില്ല. തന്നെ ഇഷ്ടമാണെന്ന് കിഷോർ ഒരിക്കലും പറഞ്ഞിട്ടില്ല . അവന്റെ സുഹൃദബന്ധത്തെ താനാണ് അങ്ങനെ കണ്ടത് . ഒരു പക്ഷെ അവനു അനുവിനെ ആയിരിക്കും ഇഷ്ടപെട്ടത്.. പക്ഷെ ഒരിക്കൽ പോലും കിഷോറിനു അനുവിനോടുള്ള പെരുമാറ്റത്തിൽ അങ്ങനെ ഒരു ഇഷ്ടം കണ്ടെത്താൻ അന്നയ്ക്ക് കഴിഞ്ഞിട്ടില്ല. അവർ തമ്മിൽ മര്യാദക്ക് സംസാരിക്കുന്നതു പോലും അവൾ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു നിമിഷം കൊണ്ട് avalude ലോകം കീഴ്മേൽ മറിഞ്ഞു. ഒരാഴ്ച സിക്ക് ലീവ് എടുത്തു അന്ന വീട്ടിൽ തന്നെ ഇരുന്നു. ആരുടേയും ഫോൺ ഏടുത്തില്ല.. ആരെയും വിളിച്ചുമില്ല.. കിഷോറിനു തന്നോട് പ്രണയം ഉണ്ടായിരുന്നു എന്നത് തന്റെ വെറും തോന്നൽ ആയിരുന്നോ? ഒരു പക്ഷെ കിഷോറിനു അനുവിനെ പോലെ അടക്കവും ഒതുക്കവും ഒക്കെയുള്ള പെൺകുട്ടിയെ ആയിരിക്കും ഇഷ്ടപ്പെടുക. അങ്ങനെ ഒക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ നോക്കിയെങ്കിലും ഉത്തരം ഇല്ലാത്ത ഇരു പാട് ചോദ്യങ്ങൾ അപ്പോഴും അവളുടെ മുന്നിൽ ഉണ്ടായിരുന്നു. എല്ലാം മറക്കണം എന്നുള്ള ഉറച്ച തീരുമാനവുമായാണ് ഒരാഴ്ചയ്ക്ക് ശേഷം അടുത്ത monday അവൾ വീണ്ടും ഓഫീസിൽ പോയത്. എന്നാൽ കിഷോറിനുടൊപ്പം കാറിൽ നിന്നിറങ്ങി വരുന്ന അനുവിനെ കണ്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു. അന്നാദ്യമായി അനുവിന്റെ ചുണ്ടിൽ അന്നയെ ജയിച്ച ഒരു പോരാളിയുടെ പുഞ്ചിരി കണ്ടു.. അതിനേക്കാൾ അന്നയ്ക്ക് അസഹ്യമായി തോന്നിയത് കമ്പനിയിൽ ബാക്കി ഉള്ളവരുടെ സഹതാപവും പുച്ഛവും നിറഞ്ഞ നോട്ടവും മറ്റുമാണ്.. ഇത് വരെ അസൂയയോടെ നോക്കിയവർ ഇപ്പോൾ സഹതാപം കാണിക്കുന്നു.. വിഷമം പങ്കിടാൻ എന്ന ഭാവേന വന്നു കുത്തിനോവിപ്പിക്കാൻ ശ്രമിക്കുന്നു.. അന്നയെ കാണുമ്പോൾ ഉള്ള അടക്കം പറച്ചിലുകൾ.. ജോലി സമയങ്ങളിൽ കിഷോറിനോട് ഒന്നും സംഭവിക്കാത്ത മട്ടിൽ ഇടപെടണം.. വിശ്രമസമയങ്ങളിൽ കിഷോറിന്റെയും അനുവിന്റെയും പ്രണയനിമിഷങ്ങൾ അടുത്തിരുന്നു കാണണം.. അന്നയ്ക്ക് അതൊക്കെ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഇതിന്റെ വിഷമം ഒക്കെ അവൾ വീട്ടിലെത്തി മുറിയിൽ കണ്ണീരായി ഒഴുക്കി കളഞ്ഞു. അവളുടെ അവസ്ഥ കണ്ടു പപ്പയും മമ്മിയും വല്ലാതെ വിഷമിച്ചു. അതും അന്നയെ വേദനിപ്പിച്ചു.
ജോലി രാജി വച്ചാലോ എന്ന് കാര്യമായി ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഡയറക്ടർ അവരെ ഒരു മീറ്റിംഗിനായി കാബിനിലേക്ക് വിളിപ്പിക്കുന്നത്. കേരളത്തിലെ ഒരു ചെറിയ ഗ്രാമമായ തൃക്കുന്നപുഴയിൽ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ പണിയാനുള്ള പ്രൊജക്റ്റ്. അത് അവിടെ പോയി നിന്നു സൂപ്പർവൈസ് ചെയ്യാൻ ഒരാളെ വേണം. നല്ല സാലറിയും പ്രൊജക്റ്റ് കംപ്ലീറ്റ് ആക്കി തിരിച്ചു വരുമ്പോൾ പ്രൊമോഷനും കിട്ടും. ഈ കാര്യം പണ്ടൊരിക്കൽ ഡയറക്ടർ അന്നയോടു ചോദിച്ചതാണ്. അന്ന് അന്ന വേറൊന്നും ആലോചിക്കാതെ നൊ പറഞ്ഞതാണ്. എന്തൊക്കെ കൊടുക്കാമെന്നു പറഞ്ഞാലും ഈ നഗരവും പപ്പയും മമ്മിയെയും കിഷോറിനെയും ഒക്കെ വിട്ടു ഏതോ പട്ടികാട്ടിൽ പോയി കിടക്കാൻ അവൾക്കു ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. മെയിൻ ഓഫീസിൽ നിന്നും അങ്ങോട്ട് ആർക്കും പോകാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ചില കോൺട്രാക്ട് ആൾക്കാരെ വച്ചാണ് അവിടെ പണി നടത്തികൊണ്ടിരുന്നത്. എന്നാൽ എന്തൊക്കെയോ കാരണം കൊണ്ട് അവരൊക്കെ ആ വർക്ക് ഉപേക്ഷിച്ചു പോയി. ഇപ്പോൾ കമ്പനി അങ്ങോട്ടേക്ക് അയക്കാൻ ഒരാളെ തപ്പി കൊണ്ടിരിക്കുന്നു. ആരെങ്കിലും അങ്ങോട്ട് പോകാൻ തയ്യാറുണ്ടോ എന്നാണ് ചോദ്യം.. അന്ന അപ്പോൾ തന്നെ സമ്മതം പറഞ്ഞു. അടുത്ത ആഴ്ച തന്നെ പോയ്കോളാം എന്നും പറഞ്ഞു. ഡയറക്ടർക്കു സന്തോഷമായി. അന്ന ടാലെന്റെഡ് ആണെന്നും ഈ പ്രൊജക്റ്റ് ചെയ്യാൻ കഴിവുള്ള ആളാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. തന്നെ അതിശയത്തോടെ നോക്കുന്ന എല്ലാ കണ്ണുകളെയു പാടെ അവഗണിച്ചു കൊണ്ട് അവൾ മീറ്റിംഗ് റൂമിൽ നിന്നും ഇറങ്ങി പോയി. കിഷോറും അനുവും അടക്കം ഓഫീസിൽ നിന്നും തന്റെ തീരുമാനത്തെ ചോദ്യം ചെയ്തവരോടൊക്കെ തന്റെ കാരീർ വളർച്ചക്ക് ഈ പ്രൊജക്റ്റ് സഹായകമാകുമെന് തോന്നിയത് കൊണ്ടാണ് പോകുന്നത് എന്ന് മാത്രം പറഞ്ഞു. പപ്പയെയും മമ്മിയെയും പറഞ്ഞു സമ്മതിപ്പിക്കാൻ കുറച്ചു പാട് പെട്ടു. ഒട്ടും പരിചയം ഇല്ലാത്ത സ്ഥലത്തേക്ക്, അതും പരിചയം ഉള്ള ഒരാൾ പോലും ഇല്ലാത്ത നാട്ടിലേക്കു അന്നയെ വിടാൻ അവർക്കു ഒട്ടും താല്പര്യം ഇല്ലായിരുന്നു. എന്നാൽ ഒരു കുഴപ്പവും ഉണ്ടാവില്ലയെന്നും, ഫുഡ്, താമസം അടക്കം എല്ലാം കമ്പനി അറേഞ്ച് ചെയ്തോളും എന്ന് പറഞ്ഞു അന്ന അവരെ സമാധാനിപ്പിച്ചു. തന്റെ മകളുടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള അവസ്ഥ ജോണിനെയും ആൻസിയെയും വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. അവൾക്കു ഒരു ചേഞ്ച് ആവശ്യമാണ് എന്ന് അവർക്കും തോന്നിയിരുന്നത് കൊണ്ട് അന്ന ഒരുപാട് നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ അവർ അവൾക്കു പോകാൻ അനുമതി കൊടുത്തു .
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അന്ന തൃക്കുന്നപുഴയിലേക്ക് ട്രെയിൻ കയറി.. ജീവിതം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്.. താൻ കണ്ട സ്വപ്‌നങ്ങൾ എത്ര പെട്ടെന്നാണ് ഇല്ലാതായത്.. ഇപ്പോഴിതാ ഇവിടെ വന്നിട്ട് ഒരു ദിനവും പിന്നിട്ടിരിക്കുന്നു. കിഷോറിന്റെ മെസ്സേജിന് അവൾ റിപ്ലൈ കൊടുത്തില്ല. ആവശ്യമില്ലാത്ത ഓർമകൾക്ക് വിരാമം ഇട്ടു കൊണ്ട് അന്ന ഉറങ്ങാൻ കിടന്നു.
*************************************************
ശിവൻ
ഹോസ്പിറ്റലിന്റെ പണി നടക്കുന്ന സൈറ്റിൽ നിന്നു അവിടുത്തെ വെടികെട്ടു കഴിഞ്ഞു വരുന്ന വഴി വിഷ്ണുവിനെ അവൻ മാമംഗലം ക്ലിനിക്കിന്റെ മുന്നിൽ ഇറക്കി..
" ഡാ.. മര്യാദക്ക് സ്റ്റേഷനിലേക്ക് തന്നെ പൊയ്ക്കോണം.. കേട്ടല്ലോ? "
ശിവന്റെ ദേഷ്യം മാറാത്ത മുഖം കണ്ടിട്ടാവണം ക്ലിനിക്കിലേക്ക് കയറുന്നതിനു മുന്നേ വിഷ്ണു താകീത് പോലെ പറഞ്ഞു. ശിവൻ ഒന്ന് മൂളുക മാത്രം ചെയ്തു. വിഷ്ണു അകത്തു കയറി കഴിഞ്ഞപ്പോൾ അവൻ സ്റ്റേഷനിലേക്ക് തിരിച്ചു. വിഷ്ണു പറഞ്ഞത് ശരിയാണ്.. ശിവന്റെ ദേഷ്യം ഇത് വരെയും പൂർണമായും മാറിയിരുന്നില്ല. പല തവണ അവനു വാണിംഗ് കൊടുത്തിരുന്നതാണ്. പെൺകുട്ടികളെ ശല്യപെടുത്തുന്ന ഏർപ്പാട് നിർത്തികൊള്ളാൻ.. ഇന്നലെ അവൻ അവളെ.. ഓർക്കുന്തോറും അവനു ദേഷ്യം കൂടി കൂടി വന്നു.
സ്റ്റേഷനിൽ എത്തിയിട്ടും അവന്റെ ദേഷ്യത്തിന് അയവൊന്നും വന്നിരുന്നില്ല. അല്ലെങ്കിലും കുറച്ചു ദിവസമായി എന്തോ മനസ്സ് അസ്വസ്ഥമാണ്.. കാരണം എന്താണെന്നു ശിവനും അറിയില്ലായിരുന്നു. അകാരണമായ എന്തൊക്കെയോ വല്ലായ്മകൾ.. അരുതാത്തതു എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ കുറച്ചു ദിവസങ്ങളായി മനസ്സിൽ ഉണ്ട്. അതൊക്കെ കൂടിയുള്ള ദേഷ്യമാണ് ഇന്ന് പുറത്തു ചാടിയത്. തൃക്കുന്നപുഴ പൊതുവെ ശാന്തമായ ഗ്രാമം ആണ്.. അത് കൊണ്ട് തന്നെ സ്റ്റേഷനിലും അങ്ങനെ വലിയ തിരക്കില്ല. ആൾക്കാർ പൊതുവെ കൃഷിയും മറ്റുമായി ജീവിക്കുന്നവർ. അവിടെ അങ്ങനെ വലിയ കുറ്റങ്ങൾ ഒന്നും ഉണ്ടാവാറില്ല.. നാട്ടുകാർ തമ്മിൽ തമ്മിൽ ഉണ്ടാവുന്ന തർക്കങ്ങളും, ചെറിയ അടിപിടികളും ഒക്കെ മാത്രമേ അവിടെ ഉണ്ടാവാറുള്ളു.. അതൊക്കെ പെട്ടെന്ന് തന്നെ പരിഹരിക്കപെടുകയും ചെയ്യാറുണ്ട്. എങ്കിലും കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി തെളിയിക്കപ്പെടാതെ കിടക്കുന്ന ഒരു കേസ് തൃക്കുന്നപുഴ സ്റ്റേഷനിൽ ഉണ്ട്.. ശിവനെ പോലീസ് ആകാൻ പ്രേരിപ്പിച്ച ഒരു കേസ്.. ശിവൻ തന്റെ ടേബിളിന്റെ ഡ്രോ തുറന്നു ഒരു കേസ് ഫയൽ എടുത്തു.. പതിനഞ്ചു വർഷങ്ങൾക്കു മുന്നേ ഉണ്ടായ ഒരു ആക്സിഡന്റിന്റെ കേസ് ഫയൽ ആയിരുന്നു അത്.. അമ്പലത്തിൽ പോയി മടങ്ങി വരുന്ന വഴിക്കു രണ്ടു സ്ത്രീകളെയും അവരോടൊപ്പമുള്ള പത്തു വയസ്സുണ്ടായിരുന്ന ആൺകുട്ടിയെയും ഒരു കാർ ഇടിച്ചു തെറിപ്പിക്കുന്നു.. അതിൽ ഒരു സ്ത്രീയും ആ കുട്ടിയും മരിക്കുകയും, മറ്റേ സ്ത്രീയുടെ കാലുകൾ തളർന്നു അരക്കു കീഴ്പോട്ട് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു.. അവരെ അപകടപെടുത്തിയ കാർ നിർത്താതെ പോയി. അവരുടെ മൂന്നു പേരുടെയും ഫോട്ടോയും ഫയലിൽ ഉണ്ടായിരുന്നു. അത് കാൺകെ ശിവന്റെ കണ്ണുകൾ മെല്ലെ നിറഞ്ഞു.
തൃക്കുന്നപുഴയിലെ ഏറ്റവും സമ്പന്നമായ കുടുംബം അന്നും ഇന്നും മാമംഗലം തന്നെ ആയിരുന്നു. ആ ഗ്രാമത്തിന്റെ മുക്കാൽ ഭാഗവും അവരുടേത് ആണെന്ന് പറയുന്നതാവും കൂടുതൽ ശരി. പണ്ട് മുതലേ നാട്ടിലെ എന്ത് കാര്യങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്നത് കൊണ്ടും, ആവശ്യമുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്നത് കൊണ്ടും അവർ ആ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവർ ആയിരുന്നു. മാമംഗലത്തെ ഇപ്പോഴത്തെ ഉടമസ്ഥൻ ആയ വിശ്വാനാഥനും ഭാര്യ അരുന്ധതിക്കും രണ്ടു ആൺമക്കൾ ആയിരുന്നു. ശിവജിത്ത് ( ശിവനും ), ദേവജിത്ത് ( കുഞ്ഞനും ). മാമംഗലത്തെ കാര്യസ്ഥപണി വര്ഷങ്ങളായി ഒരേ കുടുംബക്കാർ തന്നെയാണ് ചെയ്തു പോന്നിരുന്നത്. ഇപ്പോഴത്തെ കാര്യസ്ഥനായ ശിവശങ്കരൻ വിശ്വാനാഥനു കൂട്ടുകാരനും കൂടപ്പിറപ്പിനു സമവും ഒക്കെയാണ്. ശിവശങ്കരന്റെ ഭാര്യ സീതയും വിശ്വാനാഥന്റെ ഭാര്യ അരുന്ധതിയും അവരുടെ ഭർത്താക്കന്മാരെ പോലെ തന്നെ നല്ല കൂട്ടുകാരികൾ ആയിരുന്നു. ശിവശങ്കരനും സീതയ്ക്കും രണ്ടു മക്കൾ.. വിഷ്ണുദത്തനും ( വിഷ്ണു ) കല്യാണിയും ( കല്ലു ). ശിവനും വിഷ്ണുവും സമപ്രായക്കാർ ആയതിനാൽ ചെറുപ്പം മുതലേ ഇണ പിരിയാത്ത കൂട്ടുകാരായി വളർന്നു.
സ്വർഗം പോലത്തെ ജീവിതം തകിടം മറിഞ്ഞത് ശിവനും വിഷ്ണുവും പ്ലസ് ടു വിനു പഠിക്കുന്ന സമയത്താണ്.. കല്യാണി എട്ടിലും പഠിക്കുന്നു.. മാമംഗലത്തു തറവാടിന്റെ കുടുംബക്ഷേത്രമാണ് തൃക്കുന്നപുഴ തേവരുടെ അമ്പലം. അവിടെ ഉത്സവം നടക്കുന്ന സമയം. എല്ലാവരും അമ്പലത്തിൽ ആണ് ഉള്ളത്. കുഞ്ഞൻ വിശക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് അവനെയും കൊണ്ട് വീട്ടിലേക്കു പോകുകയായിരുന്നു അരുന്ധതിയും സീതയും.. പെട്ടെന്നാണ് ഒരു കാർ പിറകിലൂടെ വന്നു അവരെ ഇടിച്ചു തെറിപ്പിക്കുന്നത്. കുഞ്ഞൻ ആശുപത്രിയിലേക്കുള്ള വഴിയിലും സീത ആശുപത്രിയിൽ വച്ചും മരണപെട്ടു. അരുന്ധതിയുടെ ജീവൻ തിരിച്ചു കിട്ടി.. എന്നാൽ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പെട്ടെന്നുണ്ടായ ഈ ദുരന്തത്തിൽ നിന്നും കര കയറാൻ ആ രണ്ടു കുടുംബങ്ങളും ഒരുപാട് സമയം എടുത്തു. പതിയെ പതിയെ എല്ലാവരും പുതിയ അവസ്ഥയുമായി പൊരുത്തപ്പെട്ടു. എന്നാൽ ശിവന്റെ മനസ്സിൽ ചില കനലുകൾ എരിഞ്ഞു കൊണ്ടേ ഇരുന്നു.
അന്ന് നടന്ന അപകടത്തിൽ പല ദുരൂഹതകളും ഉള്ളതായി ശിവന് പണ്ടേ തോന്നിയിരുന്നു. ഒന്നാമത് അവരെ അപകടപെടുത്തിയ കാർ ആ നാട്ടിൽ ആരും കണ്ടിട്ടുള്ളത് ആയിരുന്നില്ല. അമ്പലത്തിലെ ഉത്സവം ആയിരുന്നത് കൊണ്ട് പുറത്തു നിന്നു വന്ന ആരോ ആണെന്നാണ് പോലീസുകാർ പറഞ്ഞത്. എന്നാൽ ആ കാർ പിനീടൊരിക്കലും ആരും കണ്ടിട്ടില്ല. തന്നെയുമല്ല ആ അപകടം നേരിൽ കണ്ട ആൾക്കാർ പറഞ്ഞത് റോഡരികിലൂടെ ശാന്തമായി നടന്നു പൊയ്ക്കൊണ്ടിരുന്ന അവരെ റോങ്ങ് സൈഡിലൂടെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ്.. എന്നിട്ട് നിർത്താതെ പോവുകയും ചെയ്തു. മനഃപൂർവം വരുത്തി വച്ച അപകടം പോലെ തോന്നിച്ചു അത്. ഒന്നുകിൽ മദ്യസക്തിയിലോ അല്ലെങ്കിൽ നന്നായി ഡ്രൈവ് ചെയ്യാൻ അറിയാൻ പാടില്ലാത്ത ആരോ ആണ് കാർ ഓടിച്ചിരുന്നത് എന്ന് തോന്നും വിധമായിരുന്നു ആ കാറിന്റെ വരവ്. കാറിന്റെ ഗ്ലാസ് കറുത്ത ഫിലിം കൊണ്ട് മറച്ചിരുന്നതിനാൽ ഓടിച്ചിരുന്ന ആളെ ആരും കണ്ടില്ല.. അത് പോലെ കാറിനു നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല. അതൊക്കെ ഇതൊരു സാധാരണ അപകടം ആയിരുന്നു എന്ന് വിശ്വസിക്കുന്നതിൽ നിന്നും ശിവനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ആയിരുന്നു. അന്ന് പോലീസുകാർ ഒരുപാട് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താൻ ആയില്ല. ഇങ്ങനെ ഒരു കൃത്യം ചെയ്യാനും മാത്രം ആ രണ്ടു കുടുംബങ്ങളോടും ആർക്കാണ് ഇത്ര വൈരാഗ്യം എന്നും ആർക്കും അറിയില്ലായിരുന്നു. പിന്നീടൊരിക്കലും അങ്ങനെ ഒരു അപകടം ആ നാട്ടിൽ നടന്നതും ഇല്ല.. പക്ഷെ തനിക്കു വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുത്തിയ ആ അപകടം അങ്ങനെ വിട്ടു കളയാൻ ശിവൻ ഒരുക്കമായിരുന്നില്ല.. ആ അപകടത്തിന്റെ ചുരുൾ അഴിച്ചേ മതിയാവൂ എന്ന് അന്ന് ഉറപ്പിച്ചതാണ് മനസ്സിൽ. അതിനു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു പോലീസിൽ തന്നെ കയറി.. ഈ നാട്ടിൽ തന്നെ പോസ്റ്റിങ്ങും വാങ്ങി.. ഒരുപാട് രീതിയിൽ അന്വേഷിച്ചു നോക്കി.. പക്ഷെ ആ കാറും കാർ ഓടിച്ച ആളും ഇന്നും ഒരു രഹസ്യമായി തന്നെ തുടരുന്നു.. എന്തായാലും ഒരിക്കൽ താൻ അവനെ കണ്ടെത്തുക തന്നെ ചെയ്യും.. മനസ്സിൽ അത് പറഞ്ഞു കൊണ്ട് ആ ഫോട്ടോയിലേക്ക് ഒന്ന് കൂടി നോക്കിയിട്ട് ശിവൻ ആ കേസ് ഫയൽ തന്റെ ഡ്രായിലേക്ക് തന്നെ തിരികെ വച്ചു. പിന്നെ തന്റെ ജോലികളിൽ മുഴുകി.
( ഇന്നലെ കഥ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.. കഥയിലെ മെയിൻ characters നെ ഓരോരുത്തരെ ആയി പരിചയപെടുത്തുകയാണ്.. നാല് പേർക്കും തുല്യ പ്രാധാന്യം ആണ് കഥയിൽ.. അവരുടെ past പറയാതെ ബാക്കി കഥ പറയാൻ പറ്റില്ല.. രണ്ടു പാർട്ട് കൂടി കഥ ഇങ്ങനെ പാസ്റ്റും പ്രെസെന്റും കൂടി കലർന്നു മുന്നോട്ടു പോവും.. കൂടെ നിൽക്കണേ എല്ലാവരും... ലൈക്ക് കമന്റ് ചെയ്യുന്നത് ഒരുപാട് പ്രോത്സാഹനം ആവും ) തുടരും..