മേഘ ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ...

Valappottukal

 



രചന: Aravind Swaminathan


🥀 സ്നേഹാർദ്രം 🥀


" മേഘ ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? " ഉച്ചയൂണ് കഴിഞ്ഞുള്ള നേരത്തു ആണ് ഷാഫി സാർ തമാശ പോലെ ആ ചോദ്യം ചോദിക്കുന്നത്..


"അതെന്താ സാർ അങ്ങനെ ഒരു ചോദ്യം ഇപ്പോൾ..?" മേഘ ടീച്ചർ സംശയത്തോടെ ചോദിച്ചു..


"അല്ല ഞാൻ തന്നെ എത്ര വിവാഹ ആലോചന കൊണ്ട് വന്നു എന്നിട്ട് ടീച്ചർ അനുകൂലമായ മറുപടി ഒന്നും പറഞ്ഞു ഇല്ലല്ലോ? അപ്പോൾ ഒരു സംശയം..അങ്ങനെ ആരെങ്കിലും മനസ്സിൽ ഉണ്ടോ ടീച്ചറെ?സംശയം നേരിട്ട് അങ്ങ് തീർക്കാമെന്ന് വച്ചു." ഷാഫി സാർ പാതി തമാശ ആയും പാതി കാര്യം ആയും ആണ് ചോദിച്ചത്.


"എയ് അങ്ങനെ ഒന്നും ഇല്ല സാറെ.." ചിരിച്ചു കൊണ്ട് മേഘ ടീച്ചർ നിഷേധ അർത്ഥത്തിൽ തലയാട്ടി.. പക്ഷെ ഷാഫി സാറിന്ന് അത് അത്രേ വിശ്വാസം ആയില്ല.എങ്കിലും വിശ്വസിച്ച മട്ടിൽ എണീറ്റ് നടക്കുമ്പോൾ ആണ് ടീച്ചറുടെ വക മറു ചോദ്യം


"അല്ല സാർ ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ?"


"ആരെ അല്ല കുറെ ഉണ്ട് എനിക്ക് തന്നെ ഓർമ ഇല്ല എന്റെ ടീച്ചറെ " ഉറക്കെ ചിരിച്ചു കൊണ്ട് യാതൊരു കൂസലുമില്ലാതെ ഷാഫി സാർ അത് പറഞ്ഞു പുറത്തേക്ക് പോകുമ്പോൾ അവിടെ ഇരുന്ന ബാക്കി അധ്യാപകരും ആ മറുപടി കേട്ട് ചിരിച്ചു പോയി..

              🥀🥀🥀🥀🥀🥀🥀🥀

അപ്പോളും മേഘ ആ ചോദ്യത്തിൽ കുടുങ്ങി കിടപ്പ് ആയിരുന്നു. താൻ ആരെയും ഇത് വരെ പ്രണയിച്ചിട്ടില്ലേ?ആലോചനയ്ക്ക് ഒടുവിൽ ആ മുഖം മനസിലേക്ക് വന്നു..താൻ ഡിഗ്രിക്ക് പഠിക്കാൻ പോകുന്ന ആദ്യ ദിവസം വീടിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിന്റെ എതിർ വശമുള്ള ഓട്ടോ സ്റ്റാൻഡിൽ ആയിരുന്നു അയാളെ ആദ്യമായി കണ്ടത്. അത്യാവശ്യം നല്ല ഉയരം ഉള്ള ഇരുനിറം ഉള്ള ഒരു ഓട്ടോക്കാരൻ. അയാളുടെ ചിരി നല്ല ഭംഗി ആയിരുന്നു കാണാൻ..


മഹാദേവൻ അതായിരുന്നു ആ ഓട്ടോയുടെ പേര്. പക്ഷെ ഓട്ടോക്കാരന്റെ പേര് മാത്രം തനിക്കു അറിയില്ലായിരുന്നു.എന്നും കാണുന്ന ആയതു കൊണ്ടാകാം ഇടയ്ക്ക് അയാൾ ഒരു ചിരി സമ്മാനിച്ചു തുടങ്ങി.തിരിച്ചു താനും. ഒരു ദിവസം പെട്ടെന്ന് പ്രൈവറ്റ് ബസ് സ്ട്രൈക്ക് വന്നു. കോളേജിൽ നിന്ന് തിരികെ ഇറങ്ങുമ്പോൾ ആണ് അറിയുന്നത്. വീട്ടിലോട്ടു പ്രൈവറ്റ് ബസ് സർവീസ് മാത്രം ഉള്ളു. അവസാനം കൂട്ടുകാർക്കൊപ്പം നടന്നു പോകാൻ തന്നെ തീരുമാനിച്ചു.നല്ല ദൂരമുണ്ട്. കുറെ നടന്നപ്പോൾ കാലു കഴച്ചു തുടങ്ങി. വഴിയിൽ കണ്ട ഒരു മരച്ചുവട്ടിൽ ഞങ്ങൾ ഇരിക്കുമ്പോൾ ആണ് ഒരു ഓട്ടോ വരുന്നത് കണ്ടത്. മായ നടന്നു അതിന് കൈ കാണിച്ചു. ഭാഗ്യം ഓട്ടോ കാലിയാണ്. കയറാൻ നേരമാണ് അതിലെ ഡ്രൈവറെ കാണുന്നത്. ഒരു ചിരി പരസ്പരം നൽകി. സംസാരം ഒന്നും ഉണ്ടായില്ല.ഇടയ്ക്ക് ഓരോരുത്തരും ആയി ഇറങ്ങി. അവസാനം ഞാനും അയാളും മാത്രം ആയി..അപ്പോൾ ആണ് പേരെങ്കിലും ഒന്ന് ചോദിക്കണം എന്ന് കരുതിയത്.. മടിച്ചു ആണേലും താൻ ചോദിച്ചു


"പേരെന്താ?"


"ഏഹ്?" അയാൾ കേട്ടില്ല എന്ന് തോന്നുന്നു


"പേരെന്താ എന്ന്?" കുറച്ചു കൂടി ഉറക്ക ആണ് ഇത്തവണ ചോദിച്ചത്


"ശിവൻ.. തന്റെയോ?''


"മേഘ.."


"സെന്റ് സ്റ്റീഫനിൽ ആണല്ലേ പഠിക്കുന്നെ?"


"അതെ എങ്ങനെ മനസിലായി?"


"എയ് നിങ്ങൾ ഫ്രണ്ട്സ് തമ്മിലുള്ള സംസാരത്തിന്റ ഇടയ്ക്ക് കേട്ടതാ ഇപ്പോൾ.."


"ഓഹ്.."


"താൻ ശാരദ ടീച്ചറുടെ മോൾ അല്ലേ? ടീച്ചർ എന്നെ പഠിപ്പിച്ചത് ആണ്."


"അതെയോ.. അമ്മയോട് ഞാൻ ചോദിക്കാം.. അവിടെ അടുത്ത് ആണോ വീട്?'


"അതെ.. ചോദിക്കേണ്ട ടീച്ചർ മറന്നു പോയിട്ടുണ്ടാകും.അങ്ങനെ ഓർത്തു ഇരിക്കാൻ പാകത്തിന് നല്ലത് ഒന്നും ഉണ്ടായിട്ടില്ല" അത് പറയുമ്പോൾ ശിവന്റെ ശബ്ദം ഇടറിയത് പോലെ മേഘയ്ക്ക് തോന്നി. പിന്നെ വീട് വരെയും സംസാരം ഒന്നും ഉണ്ടായില്ല..വീടെത്തിയതും താൻ ഇറങ്ങുമ്പോൾ ആണ് അമ്മ മുന്നിലേക്ക് ഇറങ്ങി വന്നത്.. അമ്മയെ കണ്ടതും ശിവേട്ടൻ പെട്ടെന്ന് പോകാൻ ധൃതി കാട്ടും പോലെ തോന്നി.


അത് കണ്ടിട്ട് തന്നെ അമ്മയോട് ഞാൻ ചോദിച്ചു


"അമ്മയ്ക്ക് ഈ ചേട്ടനെ അറിയാമോ?"അത്‌ കേട്ടതും ശിവേട്ടൻ എന്നെ ദഹിപ്പിക്കും വിധം ഒരു നോട്ടം ആയിരുന്നു. ഞാൻ അത് കണ്ടില്ല എന്ന് നടിച്ചു. അമ്മ അപ്പോളേക്കും അടുത്തേക്ക് വന്നു കണ്ണട നേരെ ആക്കി ശിവേട്ടനെ നോക്കി..


"എന്റെ ശിവ നീയോ?" എന്ന് പറഞ്ഞു ശിവേട്ടനെ ഒരു കെട്ടിപിടിത്തം ആയിരുന്നു അമ്മ..ശിവേട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ അപ്പോൾ കണ്ടു..അമ്മയുടെ എന്റെ ശിവ എന്നുള്ള ആ വിളി മാത്രം മതി ആയിരുന്നു അമ്മയ്ക്ക് എത്ര പ്രിയപ്പെട്ടവൻ ആണ് ശിവേട്ടൻ എന്ന് മനസിലാക്കാൻ..അവരുടെ സംസാരം മുറിയാതെ ഇരിക്കാൻ ഞാൻ അകത്തേക്ക് പോയി. കുളിച്ചു തിരിച്ചു വരുമ്പോൾ ശിവേട്ടൻ അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ അമ്മ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അടുക്കളയിൽ ചായ ഇടുന്നുണ്ടായിരുന്നു.


"എന്താ അമ്മേ ഇത്രയും ആലോചിക്കാൻ മാത്രം.." അമ്മയുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു..


"ഞാൻ അവനെ ഓർക്കുക ആയിരുന്നു ശിവനെ. എന്റെ സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയിരുന്നു അവൻ. അവന്റെ അമ്മയും അച്ഛനും അനിയത്തിയും അടങ്ങിയ കൊച്ചു കുടുംബം ആയിരുന്നു അവരുടേത്. നല്ല സന്തോഷം ആയി പോകുന്ന സമയം ആണ് അവന്റെ അച്ഛൻ ചെറിയ രീതിയിൽ മദ്യപാനം തുടങ്ങിയത്. ആദ്യം ഒന്നും പ്രശ്നം ഒന്നും ഇല്ലായിരുന്നു പിന്നെ പിന്നെ അയാൾ അതിനു അടിമ പെട്ടു പോയി. മക്കളേയും ഭാര്യയെയും ഉപദ്രവിക്കാൻ തുടങ്ങി. ജോലിക്ക് പോകാതെ കടം വാങ്ങി എല്ലാം നശിപ്പിച്ചു അയാൾ കുടിച്ചു കൊണ്ടേ ഇരുന്നു.അവന്റെ അമ്മയ്ക്കോ വീട്ടുകാർക്കോ ഒന്നും അയാളെ തടയാൻ കഴിഞ്ഞു ഇല്ല.അവന്റെ അമ്മ നളിനി ഒരു സാധാരണ സ്ത്രീ ആയിരുന്നു അധികം വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നു. അവരുടെ ലോകം തന്നെ ആ മക്കളും അയാളും ആയിരുന്നു.


ഒരു ദിവസം കുടിച്ചിട്ട് വന്നു അയാൾ സ്വന്തം മകളെ ഉപദ്രവിക്കാൻ നോക്കുന്നതു ആണ് നളിനി കാണുന്നത്. അവർക്ക് അത് സഹിക്കാൻ കഴിഞ്ഞു ഇല്ല. അവിടെ ഉണ്ടായിരുന്ന വെട്ടുകത്തി വച്ചു അയാളെ അവർ ആഞ്ഞു ആഞ്ഞു വെട്ടി. അയാളെ കൊന്ന് ആ ചോര പുരണ്ട വെട്ടുകത്തിയും ഒരു കയ്യിൽ തന്റെ മകളെയും പിടിച്ചു കൊണ്ട് നളിനി പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. ആ കാഴ്ച കണ്ടു നിന്നവരുടെ കരളലിയിക്കുന്നതു ആയിരുന്നു. സ്കൂളിൽ നിന്ന് ശിവനെ വിവരം അറിഞ്ഞു കൂട്ടി കൊണ്ട് പോയത് ഞാനും അമല ടീച്ചറും ആയിരുന്നു. ഒരു പന്ത്രണ്ടു വയസുകാരനെ തകർക്കാൻ മാത്രം ഉള്ളത് ഒക്കെ അന്ന് ഒറ്റ ദിവസം കൊണ്ട് അവന്റെ ജീവിതത്തിൽ നടന്നു. കുറച്ചു ദിവസം കൂടി അവനും പെങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിന്നെ അവന്റെ അമ്മയുടെ അച്ഛൻ അവരെ ഈ നാട്ടിൽ നിന്ന് തന്നെ കൊണ്ട് പോയിരുന്നു. പിന്നെ കുറെ തിരക്കി നോക്കി ഒരറിവും ഉണ്ടായില്ല.. പിന്നെ ഇന്നാണ് കാണുന്നത്.. അവൻ ഇവിടെ ഇത്രയും അടുത്ത് ഉണ്ടായിട്ടും ഞാൻ കണ്ടില്ലല്ലോ. വരാഞ്ഞത് ആണത്രേ എന്റെ മുന്നിൽ മൂന്നു വർഷം ആയത്രേ ഇവിടെ തിരിച്ചു വന്നിട്ട്. അമ്മയും അനിയത്തിയും ഒപ്പമുണ്ട്. അമ്മയുടെ ശിക്ഷയിൽ ഇളവ് കിട്ടിയിരുന്നു എന്ന്. ഇവിടേക്ക് തന്നെ വരണം എന്നത് അവന്റെ വാശി ആയിരുന്നു എന്ന്.. പഠിത്തം ഒക്കെ പാതി വഴിക്ക് നഷ്ടം ആയി എന്ന് ജീവിതം കൂട്ടി മുട്ടിക്കുന്നതിന്റെ ഇടയ്ക്ക്.പക്ഷെ അനിയത്തിയെ അവൻ പഠിപ്പിച്ചു ഇപ്പോൾ മെഡിസിന് രണ്ടാം വർഷം ആണത്രേ.. "ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ആണ് അമ്മ പറഞ്ഞു നിർത്തിയത്..ഞാൻ അമ്മ പകർന്ന ചായയും ആയി മുന്നിലേക്ക് വന്നു അമ്മ പറഞ്ഞത് ഓരോന്നും ഓർത്തു പോയി..എവിടെ ഒക്കെയോ ശിവേട്ടനോട് ഒരു ബഹുമാനം തോന്നി പോയി..


പിറ്റേന്ന് ധൃതി വച്ചു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആ മനുഷ്യനെ കാണാൻ മനസ് തിടുക്കം കാട്ടി.പതിവ് പോലെ പരസ്പരമുള്ള ചിരിയിൽ ആ ധൃതി കഴിഞ്ഞു. പിന്നെ വല്ലപ്പോഴും വീട്ടിൽ വരാൻ തുടങ്ങി ശിവേട്ടൻ വന്നാൽ തന്നെ അമ്മയോട് മാത്രം സംസാരം ഉള്ളു തന്നോട് പതിവ് ചിരി മാത്രം.. അങ്ങനെ തന്റെ ഡിഗ്രി പഠനം കഴിഞ്ഞു BEd ചെയ്യാൻ കോട്ടയത്തേക്ക് പോകേണ്ടി വന്നു. ദൂരം ആയതു കൊണ്ട് അമ്മയും ഒപ്പം പോരേണ്ടി വന്നു വീട് അടച്ചു ഇട്ടിട്ട്. അന്നാണ് അവസാനമായി ശിവേട്ടനെ കാണുന്നത്..അവിടുന്ന് ബസിൽ കയറുമ്പോൾ പതിവ് ചിരിയോടെ കൈ വീശി യാത്ര പറയുന്ന ശിവേട്ടൻ അതായിരുന്നു അവസാന കാഴ്ച.


അമ്മയുടെ നമ്പർ ശിവേട്ടന് നൽകിയിട്ടു ആയിരുന്നു അന്ന് യാത്ര പറഞ്ഞത്. പക്ഷെ ഒരിക്കൽ പോലും ശിവേട്ടൻ അമ്മയെ വിളിച്ചു ഇല്ല. നമ്മളെ മറന്നു പോയി കാണുമോ അവൻ എന്ന് അമ്മ എപ്പോളും പരിതപിക്കുന്നത് കേൾകാം ആയിരുന്നു.വല്ലാത്ത ദേഷ്യം തോന്നി ശിവേട്ടനോട് അത്രയും അടുപ്പം മാത്രം ആ മനുഷ്യന് ഞങ്ങളോട് ഉണ്ടായിരുന്നുള്ളു എന്ന് ഞങ്ങൾ കരുതി.പഠിത്തം കഴിഞ്ഞു നാട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ ഇത്രയും നാള് കാണാത്ത ആ മനുഷ്യനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം ആയിരുന്നു. പക്ഷെ ബസ് ഇറങ്ങുമ്പോൾ അവിടെ ശിവേട്ടൻ ഉണ്ടായിരുന്നില്ല.. വെപ്രാളത്തിൽ അവിടെ ഉള്ള മറ്റു ഓട്ടോ ചേട്ടന്മാരോട് തിരക്കിയപ്പോൾ അവർ ഇവിടെ നിന്ന് വിറ്റ് പെറുക്കി പോയി എന്ന് മാത്രം അറിഞ്ഞു.. ആർക്കും ഒരു വിവരവും ഇല്ല ആളിനെ പറ്റി. അന്ന് കുറെ കരഞ്ഞു. എന്തിനാണെന്ന് അറിയാതെ. ദേഷ്യം ആയിരുന്നു പറയാതെ പോയതിൽ. ആ രാത്രി ആണ് തനിക്ക് മനസിലായത് ആ ശിവേട്ടന്റെ ആ പുഞ്ചിരിക്കു തന്റെ ഹൃദയത്തെ പറിച്ചു എടുക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു എന്ന്..ശിവേട്ടന് അതിന് പ്രണയം ആയിരുന്നോ? അറിയില്ല.. പക്ഷെ തനിക്ക് അങ്ങനെ ആയിരുന്നു..തനിക്കു മാത്രം പ്രിയപ്പെട്ട ആ ചിരി.. കുറച്ചു നാൾ ആ ഓർമയിൽ ആയിരുന്നു താൻ സന്തോഷം കണ്ടെത്തിയത് പിന്നെ പിന്നെ എവിടെ എന്ന് പോലും എങ്ങനെ എന്ന് പോലും അറിയാത്ത ഒരാളുടെ ചിരി സ്വയം മറവിയിലേക്ക് തള്ളിയിട്ടു. പിന്നെ ഇന്ന് ഷാഫി സാർ പറയുമ്പോൾ ആണ് വീണ്ടും ഓർത്തു എടുത്തത്..

                   🥀🥀🥀🥀🥀🥀🥀

വൈകിട്ടു വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ എന്തിനെന്നു അറിയാത്ത ഒരു ദേഷ്യം മേഘയ്ക്ക് ഉണ്ടായി.തനിക്ക് വേണ്ടി വിവാഹം ആലോചിക്കാൻ ഇനി ആരെയും ഏല്പിക്കേണ്ടന്നും തനിക്കു തോന്നുമ്പോൾ കെട്ടിക്കോളാം എന്നുമൊക്കെ ശാരദ ടീച്ചറോട് അവൾ തട്ടിക്കയറി കൊണ്ടേ ഇരുന്നു.അതിന് അവർ വെറുതെ ചിരിച്ചു കൊടുത്തു.അവർ അവളെ ഒരിക്കലും വിവാഹത്തിന് നിർബന്ധിച്ചു ഇരുന്നില്ല എന്ന് അവൾക്ക് അറിയാം പക്ഷെ അമ്മയോട് ആരെങ്കിലും ചോദിച്ച

"ആലോചിച്ചോളു പക്ഷെ തീരുമാനം അവളുടെ മാത്രം ആണ് " എന്നൊരു മറുപടിയെ അമ്മ കൊടുക്കുള്ളു അല്ലാതെ അറുത്തു മുറിച്ചു " വേണ്ട " എന്ന് പറയാറില്ല..തന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് പോലും അമ്മ ഇതുവരെ ചോദിച്ചിട്ടില്ല. കാരണം അമ്മയെയും തന്നെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം പോയ അച്ഛനെ പറ്റി ഓർക്കുമ്പോൾ വിവാഹം എന്ന ഏർപ്പാട് തന്നെ വെറുത്തു പോയ ഒരാൾ ആണ് അമ്മ എന്ന് അമ്മയുടെ സംസാരത്തിൽ പലപ്പോഴും തോന്നിയിട്ടുണ്ട്..


പിറ്റേന്ന് ശനിയാഴ്ച ആയതു കൊണ്ട് സ്കൂളിൽ പോകേണ്ട. രാവിലെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോകാം എന്ന് കരുതി മേഘ. വീടിന്റെ അവിടുന്ന് കുറച്ചു നടക്കണം. ശിവേട്ടന്റെ വീടിന്റെ മുന്നിൽ കൂടിയാണ് പോകേണ്ടത്. കഴിഞ്ഞ അഞ്ചു വർഷം ആയി അത് വഴി പോകുമ്പോൾ ഒരു പ്രതീക്ഷ ആണ് അവിടെ ആ വീട്ടിൽ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന്. പക്ഷെ വിറ്റ് പോയ വീട്ടിലേക്ക് ഇത് വരെ പുതിയ താമസക്കാർ ആരും എത്തിയിരുന്നില്ല ഇത്രയും കാലമായി.


നടന്നു ആ വീടിന്റെ അവിടെ എത്തിയപ്പോൾ നെഞ്ചിൽ എന്നത്തേയും പോലെ ഒരു വേദന വന്നു നിറഞ്ഞു മേഘയിൽ.അവിടേക്ക് കണ്ണുകൾ വെറുതെ പായിച്ചു നോക്കി. ഇല്ല ആരും തന്നെ ഇല്ല..! കണ്ണുകൾ നിറഞ്ഞു വന്നതു തുടച്ചു കൊണ്ട് തന്നെ അവൾ അമ്പലത്തിലേക്ക് നടന്നു.. അമ്പലമുറ്റത്തുള്ള ആലിന്റെ ചോട്ടിൽ ചെരുപ്പ് അഴിച്ചു വച്ചു കുളത്തിന്റെ അവിടേക്ക് കയ്യും കാലും കഴുകാൻ ആയി തിരിയുമ്പോൾ ആണ് ഒരു ഓട്ടോയുടെ ശബ്ദം മേഘയുടെ കാതിൽ പതിച്ചത്. പെട്ടെന്ന് വെട്ടി തിരിഞ്ഞു നോക്കുമ്പോൾ അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞു ഇല്ല.. മഹാദേവൻ..!! ശിവേട്ടന്റെ അതെ ഓട്ടോ..മുന്നിൽ കണ്ടത് സത്യമോ മിഥ്യയോ എന്ന് അറിയാൻ വയ്യാതെ നിൽകുമ്പോൾ തന്റെ മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്ന് ശിവേട്ടൻ ഇറങ്ങി വന്നു.. അതെ സത്യം തന്നെ ആണ്.. തന്നെ നോക്കി കയ്യും കെട്ടി അതെ പുഞ്ചിരിയോടെ നിൽക്കുന്ന ശിവേട്ടനെ കണ്ടപ്പോൾ പെട്ടെന്ന് എവിടെ നിന്നോ ദേഷ്യം വന്നു നിറഞ്ഞു മേഘയ്ക്ക്..


ശിവനിൽ നിന്ന് കണ്ണെടുത്തു കുളത്തിലേക്കും അവിടെ നിന്ന് അമ്പലത്തിനകത്തെക്കും കടക്കുമ്പോൾ മേഘ മനഃപൂർവം ശിവന്റെ സാമീപ്യം ഒഴിവാക്കി.. എന്നാൽ ശിവൻ പുറത്തു ആൽ തറയിൽ അവളെയും കാത്തു തന്നെ നിന്നു..തൊഴുതു ഇറങ്ങിയ മേഘ ആലിന്റെ അടുത് ഊരി ഇട്ട ചെരുപ്പ് എടുക്കാൻ ആയി അവിടെ നിന്ന്..


"ഡോ എന്തിനാ ഇത്രയും ഗൗരവം.. ഒന്ന് ചിരിക്കടോ?" തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നു പോകാൻ തുടങ്ങിയ മേഘയോട് ആയി ശിവൻ പറഞ്ഞു.


"ആരാണ്? മനസിലായില്ല? ചിരിക്കാൻ മാത്രം എന്ത് ബന്ധം ആണ് നമ്മൾ തമ്മിൽ ഉള്ളത്?" മേഘ വിട്ട് കൊടുക്കാൻ തയ്യാറായില്ല.


"പറയാതെ പോയതിൽ ഉള്ള ദേഷ്യം ആണെന്ന് എനിക്ക് അറിയാം. പക്ഷെ സാഹചര്യം അങ്ങനെ ആയിരുന്നു.." ശിവൻ പറയാൻ ശ്രെമിച്ചു..


"ഞാൻ ഒന്നും ചോദിച്ചു ഇല്ലല്ലോ ഉവ്വോ? പിന്നെ ഇങ്ങനെ പറയാൻ മാത്രം ഒരു ബന്ധവും നമ്മൾ തമ്മിൽ ഇല്ല. പരസ്പരം നൽകുന്ന ഒരു ചിരി അല്ലാതെ.. സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു. ഞാൻ പോകുകയാണ്.അമ്മയോട് കണ്ടിരുന്നു എന്ന് പറയാം. ആ പാവം നിങ്ങൾ മറന്നു പോയി എന്ന് പറഞ്ഞു പരിതപിക്കാറുണ്ട് ഇടയ്ക്ക്.." അത്രയും പറഞ്ഞു മേഘ ശിവനെ മറികടന്നു നടന്നു തുടങ്ങി..


"അമ്മയ്ക്ക് കാൻസറിന്റെ ഫസ്റ്റ് സ്റ്റേജ് ആയിരുന്നു.. നടന്നു കയറി തുടങ്ങിയ ജീവിതം വീണ്ടും കൈ വിട്ട് തുടങ്ങുന്നു എന്ന് മനസിലായപ്പോൾ എന്ത് ചെയ്യണം എന്നൊന്നും അറിയാത്ത അവസ്ഥ ആയിരുന്നു.. " ശിവൻ പറഞ്ഞത് കേട്ട് മേഘ അവിടെ സ്തംഭിച്ചു നിന്ന് പോയി..അവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് കൊണ്ട് പറഞ്ഞു..


"അതേടോ.നിങ്ങൾ പോയ ശേഷം അത്രയും നല്ല അവസ്ഥ ഒന്നും അല്ലായിരുന്നു.അമ്മയുടെ രോഗവസ്ഥ അനിയത്തിയുടെ പഠിത്തം എല്ലാം എന്താകും എന്ന് ഓർത്തു വിഷമിച്ച സമയം.ഈ ഓട്ടോ മാത്രം ഓടിച്ചു കിട്ടുന്ന പണം കൊണ്ട് എന്ത് ആകാൻ ആണ്.അങ്ങനെ ആണ് ആകെയുള്ള ഈ വീടും വസ്തുവും വിറ്റ് പോകുന്നത്. കിട്ടിയത് വച്ചു അമ്മയുടെ ചികിത്സ നടത്തി..അമ്മയെ ഞങ്ങൾക്ക് തിരികെ കിട്ടി അവളുടെ പഠിപ്പ് മുടക്കരുത് എന്നുണ്ടായിരുന്നു കുറച്ചു ഏറെ കടം ഒക്കെ എടുത്തു അതും നടത്തി കൊണ്ട് പോയി. പിന്നെ ഇവനെ അങ്ങ് വിൽക്കുക കൂടി ചെയ്തു.. പിന്നെ കൂലിപ്പണിക്ക് ഇറങ്ങി. ആരുടേയും കയ്യിൽ കൈ നീട്ടരുത് എന്നുണ്ടായിരുന്നു പക്ഷെ അവസ്ഥ സമ്മതിക്കില്ലല്ലോ. ടീച്ചറെ വിളിക്കാഞ്ഞത് അതാണ് തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കും എന്ന് എനിക്ക് അറിയാം.അതാണ് ഞാൻ.." ശിവൻ പറഞ്ഞു ഒപ്പിച്ചു 


"ശിവേട്ട ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ.. ഇങ്ങനെ ആണോ ഏട്ടൻ ഞങ്ങളെ കരുതിയത്."മേഘ വിഷമത്തോടെ ചോദിച്ചു 


"ബന്ധങ്ങളുടെ ആഴം എനിക്ക് അറിയാടോ.. പക്ഷെ അത് അങ്ങനെ തന്നെ നിൽക്കണം എന്ന് തോന്നി. പിന്നെ ടീച്ചറോട് എനിക്ക്‌ ഒരു കടപ്പാട് ഉണ്ട്.." ശിവൻ പറഞ്ഞപ്പോൾ എന്ത് എന്നർത്ഥത്തിൽ മേഘ ചോദിച്ചു..


"അന്ന് ഇവിടുന്ന് പോകുമ്പോൾ ടീച്ചർ എന്നോട് വീണ്ടും പഠിക്കുന്നതിനെ പറ്റി പറഞ്ഞിരുന്നു. ഓട്ടപ്പാച്ചിലിൽ എവിടെ അതിനു സമയം എന്ന് കരുതി അതും പത്തു ജയിച്ചു കഴിഞ്ഞു പഠിത്തം നിർത്തിയ എനിക്ക്. അങ്ങനെ ഇരിക്കുമ്പോൾ ആണ് പി എസ് സി LD വിളിക്കുന്നതു. സൈറ്റിൽ രജിസ്റ്റർ ചെയ്തു അപ്ലിക്കേഷൻ അയച്ചു. പിന്നെ രണ്ടായാലും ഒരു കൈ നോക്കാം എന്ന് തന്നെ വച്ചു. ജോലിക്കിടയിലും അമ്മയ്ക്ക് ഒപ്പം പോകുന്ന ചികിത്സയുടെ ഇടവേള അങ്ങനെ അങ്ങനെ കിട്ടിയ സമയം ഒക്കെ വായിച്ചു പഠിച്ചു.ഒരുപാട് കളിയാക്കലുകൾ അപ്പോളും ജീവിതത്തിൽ ഉണ്ടായിരുന്നു "ഓഹ് ഓട്ടോക്കാരൻ ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ ആയതു തന്നെ ഓരോ ദുരാഗ്രഹങ്ങൾ അല്ലാതെ എന്ത് " അങ്ങനെ തുടങ്ങി നമ്മളെ തളർത്താൻ ഒരു സമൂഹം തന്നെ ഉണ്ടായി.. തളരാൻ ഞാൻ തയ്യാറില്ലായിരുന്നു.പരീക്ഷ എഴുതി ലിസ്റ്റിൽ 78ആമത്തെ ആളായി വന്നപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു എനിക്ക്..കളിയാക്കിവരുടെ മുന്നിൽ രണ്ടു വർഷം മുൻപ് നെഞ്ച് വിടർത്തി നിന്ന് കൊണ്ട് ജോലിക്ക് കയറി.രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റൽ ആയിരുന്നു നിയമനം.. ഇപ്പോൾ സന്തോഷത്തിന്റെ നാളുകൾ ആണ്. മറന്നു പോയത് അല്ലടോ ആരെയും ചില ലക്ഷ്യങ്ങളിലേക്ക് ഉയരാൻ ചെറിയ ഒരു മറ ആവശ്യം ആണ് നമുക്ക് പലപ്പോഴും.. ഒറ്റയ്ക്കു തന്നെ നമ്മൾ നീന്തി കയറണം എന്ന് തോന്നി.. " ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് ശിവൻ പറഞ്ഞു നിർത്തുമ്പോൾ മേഘയ്ക്ക് എല്ലാം അവിശ്വസനീയമായിരുന്നു..


"പിന്നെ എന്തുണ്ട് തന്റെ വിശേഷം..ജോലി, വിവാഹം?"ശിവൻ ചോദിച്ചു


"ടീച്ചർ ആയിട്ട് ഇപ്പോൾ ഒന്നര വർഷം ആകുന്നു.. പിന്നെ വിവാഹം... ആലോചന കുറെയുണ്ട്. മനസ്സിൽ പിടിച്ച ഒരാളെ കിട്ടി ഇല്ല ഇത് വരെ.." മേഘ പറഞ്ഞു..


"ആഹാ എന്നാൽ എന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു പയ്യൻ ഉണ്ട്.. നല്ല സ്വഭാവം നല്ല ഫാമിലി.. നോക്കട്ടെ.. "ശിവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.


"എനിക്ക് ചെക്കനെയും കൊണ്ട് ആണോ ശിവേട്ടൻ ഇത്രയും വരെ വന്നേ.. ഏഹ്?" മേഘ ദേഷ്യത്തിൽ ചോദിച്ചു.


"അയ്യോ അങ്ങനെ അല്ല. ഞാൻ അവൻ തനിക്കു ചേരും എന്ന് കരുതി പറഞ്ഞതാ. വിട്ടേക്ക്.." ശിവൻ കൈ കൊണ്ട് തൊഴുതു കൊണ്ട് പറഞ്ഞു.


"എനിക്ക് നിങ്ങളെ ഇഷ്ടം ആണ് ശിവേട്ട.." മേഘ ശിവന്റെ കണ്ണുകളിൽ നോക്കി ഉറച്ച സ്വരത്തിൽ തന്നെ പറഞ്ഞു.


"എന്താ?" ശിവൻ ഞെട്ടലോടെ ചോദിച്ചു.


"എനിക്ക് നിങ്ങളെ ഇഷ്ടം ആണെന്ന്. വേറെ ആരെയും എനിക്ക് ഇഷ്ട്ടപ്പെടാൻ ഈ ജന്മം കഴിയില്ല. പിന്നെ വേറെ ഡിമാൻഡ് ഒന്നും എനിക്കില്ല. എന്ന എന്ന് വച്ചാൽ അമ്മയെയും പെങ്ങളെയും കൂട്ടിൽ വീട്ടിലേക്ക് പോന്നോളൂ ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ ശിവേട്ട.." മേഘ ചിരിയോടെ പറഞ്ഞു..


"ആ പിന്നെ അമ്മ.. അമ്മയ്ക്ക് പ്രശ്നം കാണില്ല കേട്ടോ.." മേഘ കൂട്ടിച്ചേർത്തു..


"എടൊ താൻ എല്ലാം ആലോചിച്ചു ആണോ ഇതൊക്കെ പറയുന്നേ. എന്റെ കുടുംബം ഒക്കെ.."ശിവൻ അവളുടെ തീരുമാനത്തെ നിരുത്സാഹപ്പെടുത്താൻ തുടങ്ങി.


"സ്വന്തം അമ്മയെയും പെങ്ങളെയും ഇത്രയും നന്നായി നോക്കാൻ കഴിയുന്ന ശിവേട്ടന് എന്നെ നോക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ആ കൈകളിൽ എന്റെ ജീവിതം സുരക്ഷിതം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പാ.." മേഘ ശിവന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..


"ബെസ്റ്റ് അമ്മയും കൊള്ളാം മോളും കൊള്ളാം.." ശിവൻ അവളെ നോക്കി പിറു പിറുത്തു..


"എന്താ??" അവൾ അവനെ നോക്കി ചോദിച്ചു..


"ഓഹ് നിന്റെ അമ്മയും അതായത് എന്റെ ടീച്ചറും ഇത് തന്നെ ആണ് പറഞ്ഞത്. പിന്നെ ടീച്ചർ ഇന്നല്ല നിങ്ങൾ അന്ന് ഇവിടുന്ന് പോയ ദിവസം ആണ് പറഞ്ഞത് നിന്നെ എന്റെ കൈകളിൽ ഏല്പിക്കാൻ ആണ് ടീച്ചറിന് ഇഷ്ടം എന്ന്.. പക്ഷെ അന്ന് ഞാൻ  ഒരു ഓട്ടോക്കാരൻ ആയിരുന്നു.. അത് ഒരു മോശം തൊഴിൽ ഒന്നുമല്ല പക്ഷെ നിനക്ക് നല്ല ജോലിയും സാമ്പത്തിക സ്ഥിതിയും ഒക്കെയുള്ള ആളെ കിട്ടും എന്നിരിക്കെ എന്നെ തിരഞ്ഞു എടുത്തതിൽ എനിക്ക് അന്ന് അത്ഭുതം ആയിരുന്നു.അന്ന് ഞാൻ മറുപടി ഒന്നും കൊടുത്തു ഇല്ല.. പിന്നെ ഞാൻ വിളിച്ചതും ഇല്ല. പക്ഷെ ജോലിക്ക് കയറുന്ന ദിവസം ഞാൻ ടീച്ചറെ വിളിച്ചു ഇരുന്നു.എല്ലാം പറഞ്ഞു ഇരുന്നു പിന്നെ നിന്നെ എനിക്ക് തന്നെ തരണം എന്ന്.."


"ഓഹോ അപ്പോൾ ടീച്ചറും ശിഷ്യനും കൂടി എന്നെ മണ്ടി ആക്കുക ആയിരുന്നു അല്ലേ.. എന്താ അഭിനയം എന്റെ അമ്മയുടെ.." മേഘ  പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു..


"പിന്നെ അല്ലാതെ.. അപ്പോൾ മേഘ ടീച്ചറെ നമുക്ക് പോയാലോ വീട്ടിലോട്ട്.. അവിടെ നിന്നെ ഓഫീഷ്യൽ ആയി പെണ്ണ് ചോദിക്കാൻ എന്റെ അമ്മയും പെങ്ങളും ഇരിപ്പുണ്ട്.. എന്ന നമുക്ക് നമ്മുടെ വണ്ടിയിൽ ഒരുമിച്ചു യാത്ര തുടങ്ങിയാലോ.. കേറിക്കോ.." ശിവൻ മേഘയുടെ കയ്യിൽ ചേർത്തു പിടിച്ചു അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ചോദിച്ചു..ഒരു ചെറു പുഞ്ചിരിയോടെ അവൾ മഹാദേവനിലേക്ക് വലതു കാലെടുത്തു വച്ചു ഒപ്പം അവൾ സ്വപ്നം കണ്ട അവരുടെ ജീവിതത്തിലേക്കും....



To Top