രചന: ജിഷ്ണു രമേശൻ
ഞാൻ എങ്ങനെ അവളോട് പറയും ഇഷ്ടമാണെന്ന്..! കാര്യം മുറപ്പെണ്ണൊക്കെ ആണെങ്കിലും എന്റെ ഉള്ളിൽ അങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് ഒരു നോട്ടംകൊണ്ട് പോലും അവളെ ഞാൻ അറിയിച്ചിട്ടില്ല...
ഒരു പക്ഷെ ഞാൻ ഇഷ്ടം തുറന്നു പറഞ്ഞാൽ, അവൾക്ക് ആ ഒരു കണ്ണിൽ കൂടി എന്നെ കാണാൻ കഴിയുന്നില്ലെങ്കിൽ അതോടെ തീരും എല്ലാം...
എനിക്ക് അവിടെ അമ്മാവന്റെ വീട്ടിലും, അവൾക്ക് ഇവിടെ എന്റെ വീട്ടിലും ഏത് സമയവും കയറി വരാനുള്ള സ്വാതന്ത്രം ഞാൻ ആയിട്ട് ഇല്ലാതാക്കും...
ഇന്നേവരെ ലച്ചുവിന്റെ പെരുമാറ്റത്തിൽ നിന്നും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല...പിന്നെ ഞാൻ എങ്ങനെ ധൈര്യത്തോടെ പറയും...സത്യം പറയാലോ, ഉള്ളിൽ കുറച്ച് പേടിയുണ്ട്...
അച്ചുവേട്ടാ, അച്ചുവേട്ടാ എന്നും വിളിച്ചു കൊണ്ട് അവള് ഇവിടെ എല്ലാ അവകാശത്തോടെയും കയറി വരുന്നത് എന്റെ ഭാഗത്തെ ഒരു തെറ്റ് കൊണ്ട് ഇല്ലാതാക്കണ്ട... അവളുടെ അച്ചുവേട്ടാ എന്നുള്ള വിളി കേൾക്കാൻ തന്നെ ഒരു വല്ലാത്ത രസമാണ്...ഇടക്ക് ദേഷ്യം വരുമ്പോ ആ കാന്താരി എന്നെ "അച്യുതാ" എന്ന് വിളിക്കും...കാരണം വേറൊന്നും അല്ല, എന്റെ മുഴുവൻ പേര് അച്യുതൻ എന്നാണ്... അച്ഛൻ മുത്തശ്ശന്റെ പേരാണ് എനിക്ക് ഇട്ടത്..
സാഹചര്യങ്ങൾ കൊണ്ട് ലച്ചുവിനോടുള്ള ഇഷ്ടം ഞാൻ മനസ്സിൽ തന്നെ കുഴിച്ചു മൂടുകയായിരുന്നൂ...
എന്നാല് ഒരു ദിവസം അമ്മ വന്നിട്ട് പറഞ്ഞു,
"അച്ചൂ ഇന്ന് അമ്മായി വന്നിരുന്നു..നാളെ ലച്ചുവിനെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ടെന്ന്..വലിയ തറവാട്ടുകാരൊക്കെ ആണെന്നാ സരസ്വതി പറഞ്ഞത്..."
മനപ്പൂർവ്വം മറന്നു തുടങ്ങിയ ഇഷ്ടം അത് കേട്ടതോടെ ഒരു തേങ്ങലോടെ പുറത്ത് വന്നു.. മനസ്സിലൊക്കെ ലച്ചുവിന്റെ മുഖം തെളിഞ്ഞു വന്നു...
"എന്റെ ദേവി ലച്ചു വേറെ ഒരാൾക്ക് സ്വന്തമാവുന്നത് ചിന്തിക്കാൻ കൂടി കഴിയില്ല...ഇല്ല ആ കാന്താരി ഇല്ലാതെ എനിക്ക് പറ്റില്ല...നാളെ തന്നെ കല്യാണം നടത്തുകയൊന്നും ഇല്ലല്ലോ...എന്തായാലും കാലത്ത് അവിടെ വരെ ഒന്ന് പോകണം.."
ഞാൻ മനസ്സിൽ ഇങ്ങനെയൊക്കെ ചിന്തിച്ച് പതിയെ ഉറക്കത്തിലേക്ക് വീണു...
കാലത്ത് അമ്മയാണ് വിളിച്ച് ഏണീപ്പിച്ചത്...
"ഡാ അച്ചൂ നീ അമ്മാവന്റെ വീട്ടിൽക്ക് ചെല്ലടാ..അവിടെ ദേ അവരൊക്കെ ലച്ചുനെ കാണാൻ വന്നിട്ടുണ്ട്.. സരസ്വതി ഇന്നലെ പറഞ്ഞെ ഉള്ളൂ നിന്നോട് അങ്ങട് ഒന്ന് ചെല്ലാൻ...!"
ഞാൻ പെട്ടന്ന് കുളിച്ചൊരുങ്ങി ലച്ചൂന്‍റെ വീട്ടിൽക്ക് നടന്നു..ചെക്കനും കൂട്ടരും വന്ന കാറ് പുറത്ത് കിടക്കുന്നുണ്ട്..
"എന്റെ ദേവീ അവൾക്ക് ചെക്കനെ ഇഷ്ട്ടാവല്ലേ." എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് കയറി ചെന്നത്...
എന്നെ കണ്ടതും അമ്മാവൻ അവർക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു..
"ദേ ഇതെന്റെ പെങ്ങൾടെ മോനാ...അച്ചു,
അച്ചു ഇതാണ് നിന്റെ ഭാവി അളിയൻ....!"
ഒരു ചിരിയോടെ അമ്മാവൻ അത് പറഞ്ഞപ്പോ ഉള്ളിൽ കരയുകയായിരുന്നു ഞാൻ...കാര്യങ്ങളൊക്കെ പറഞ്ഞ് ചെക്കനും കൂട്ടരും ഇറങ്ങി...
"അമ്മായി ലച്ചു എവിടെ, അവളെ കണ്ടില്ലല്ലോ...!"
അവള് ദേ അപ്പുറത്ത് തൊഴുത്തിന്റെ അവിടെ പാടത്തേക്കും നോക്കി മുഖം വീർപ്പിച്ച് നിൽക്കുന്നുണ്ട്...ചെക്കനെ ഇഷ്ട്ടായില്ലേ ആവോ...! അമ്മവനോട് പറയാൻ പേടിയാവും... നീയൊന്ന് ചോദിച്ചു നോക്കടാ അച്ചൂ...?
അച്ചു നേരെ അവളുടെ അടുത്തേക്ക് ചെന്നു...
മുഖം കടന്നലു കുത്തിയത് പോലെ കണ്ണും നിറച്ച് കാന്താരി അവിടെ നിൽപ്പുണ്ട്...
എല്ലാ സങ്കടവും ഉള്ളിലൊതുക്കി കൊണ്ട് ഞാൻ ചോദിച്ചു, "എന്താ ലച്ചു നിനക്ക് ചെക്കനെ ഇഷ്ടായില്ലെ...?"
ഓ എന്റെ ഇഷ്ടം എന്തിനാ എല്ലാരും നോക്കുന്നത്..! നിക്ക് ഇഷ്‌ടായില്ല്യ.. അത് ഞാൻ അവന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു...
"നീയെന്താ ലച്ചു ഇൗ പറയുന്നത്..?"
അതെ അച്ചുവേട്ടാ, അയാള് എന്നോട് സംസാരിക്കാൻ വന്നപ്പോ ഞാൻ മുഖത്ത് നോക്കി പറഞ്ഞു, എനിക്ക് തന്നെ ഒട്ടും ഇഷ്ട്ടായില്ല,എനിക്ക് വേറെ ഒരാളെ ഇഷ്ട്ടാണ് എന്ന്...
"അയ്യോ എന്നിട്ട് അയാള് ഒന്നും പറഞ്ഞില്ലല്ലോ...!"
അത് ഞാൻ പറഞ്ഞു, ഇപ്പൊ താൻ ഒന്നും പറയണ്ട ഇവിടെ, വീട്ടിൽ എത്തിയിട്ട് എന്നെ ഇഷ്ട്ടായില്ല എന്ന് അറിയിച്ചാ മതിയെന്ന്...
"എടീ കാന്താരി നിനക്ക് ഇത്രക്ക് ധൈര്യം ഉണ്ടോ...? അല്ല, ലച്ചൂ നിനക്ക് വേറെ ആരെ ഇഷ്ട്ടാണെന്നാ പറഞ്ഞത്...?"
അത് അച്ചുവേട്ടൻ എന്തിനാ ഇപ്പൊ അറിയുന്നത്..! അച്ഛനോട് പറഞ്ഞാ സമ്മതിക്കോ എന്നറിയില്ല... സമയം ആവുമ്പോ ഇൗ അച്യുതനോട് ഞാൻ പറയാട്ടോ..
"ഓ ശരി ശരി, അല്ലെങ്കിലും ഇപ്പൊ നമ്മളൊക്കെ പുറത്തായി അല്ലേ...!"
സങ്കടം അടക്കി പിടിച്ചാണ് അച്ചു അത് പറഞ്ഞത്..
അല്ലാ അച്ചുവേട്ടന്റെ മുഖമെന്താ ഇങ്ങനെ ഇരിക്കുന്നത്...? അയ്യോ കണ്ണൊക്കെ നിറഞ്ഞല്ലോ...!
"ഏയ് അത് പാടത്തുന്നുള്ള കാറ്റ് അടിച്ചിട്ടാ... ലച്ചൂ എന്നാ ഞാൻ പോട്ടെ..."
അതും പറഞ്ഞ് അച്ചു വീട്ടിലേക്ക് നടന്നു..
വീട്ടിലെത്തിയ അച്ചു നേരെ അടുക്കളയിൽ അമ്മേടെ അടുത്തേക്ക് ചെന്നു...
"അച്ചൂ എന്തായി അവളെ കാണാൻ വന്നിട്ട് ചെക്കനെ അവൾക്ക് ഇഷ്ട്ടായോ...?"
സങ്കടമൊക്കെ ഉള്ളിൽ മറച്ചു കൊണ്ട് അച്ചു പറഞ്ഞു, "അവൾടെ മുഖം കണ്ടിട്ട് ഇഷ്ട്ടായില്ല എന്നാ തോന്നുന്നത്..."
അല്ലാ ലച്ചു എവിടെ..! സാധാരണ നീ അവിടെ പോയാ തിരിച്ചു വരുമ്പോ വാലു പോലെ അവളും കൂടെ ഉണ്ടാവൂലോ...!
"ആവോ അറിയില്ല...അവള് വന്നില്ല.."
അതും പറഞ്ഞ് അച്ചു മുറിയിലേക്ക് കയറി..
ഇൗ ചെക്കനിത് എന്ത് പറ്റി..
മുറിയിലേക്ക് കയറിയ അച്ചു താൻ പുസ്തകത്തിൽ മയിൽപ്പീലികളുടെ കൂടെ ഒളിപ്പിച്ച ലച്ചുവിന്റെ ഫോട്ടോ എടുത്ത് നോക്കി...എന്നിട്ട് ഇനി ഒരിക്കലും കാണണ്ട എന്ന നിലയിൽ ഫോട്ടോ അകത്തേക്ക് വെച്ചു...
പിന്നീട് അച്ചു അവളിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നു.. ലച്ചു വീട്ടിലേക്ക് വരുമ്പോ പുറത്ത് പോകണം എന്നൊക്കെ പറഞ്ഞ് അച്ചു അവളിൽ നിന്ന് അകന്നു നിന്നു..
ഒരു ദിവസം ലച്ചു രാവിലെ മുല്ലപ്പൂ കോർക്കുന്ന സമയത്ത് അവളുടെ അമ്മ വന്നിട്ട് പറഞ്ഞു, "ലച്ചൂ ദേ അവൻ പെണ്ണ് കാണാൻ പോവാൻ നിൽക്കാ.."
പെണ്ണുകാണാനോ.., ആര്...?
"വേറെ ആരാ നിന്റെ അച്ചുവേട്ടൻ തന്നെ.."
എന്നിട്ട് ആ എന്നോട് പറഞ്ഞില്ലല്ലോ...!
"ഇന്നലെ അമ്മായി എന്നോട് പറഞ്ഞിരുന്നു..ഞാൻ മോളോട് പറയാൻ വിട്ടുപോയതാ..."
കയ്യിലിരുന്ന മുല്ലപ്പൂ പാത്രം വലിച്ചെറിഞ്ഞു കൊണ്ട് അവള് അച്ചുവിന്റെ അടുത്തേക്ക് ഓടി...
അവിടെ ചെന്നു കയറുമ്പോ അച്ചു ഡ്രസ്സ് മാറുകയായിരുന്നു.. അവള് നേരെ അമ്മായിയുടെ അടുത്തേക്ക് ചെന്നിട്ട് ചോദിച്ചു,
"അമ്മായി അച്ചുവേട്ടൻ എവിടേക്കോ പോകുന്നത്...?"
അവനൊരു പെണ്ണുകാണൽ ഉണ്ട് മോളെ...
ലച്ചു ഒന്നും മിണ്ടാതെ അവന്റെ മുറിയിലേക്ക് നടന്നു..
"അച്ചുവേട്ടാ നിങ്ങള് എങ്ങടാ പോകുന്നത്...?"
ഞാനോ, ഞാനൊരു പെണ്ണുകാണാൻ പോവാ..എന്താ ലച്ചു...?
"എന്നിട്ട് എന്നോട് എന്താ പറയാതിരുന്നത്...?"
അവളുടെ മുഖം ചുവന്നു തുടുത്തു.. കണ്ണൊക്കെ നിറഞ്ഞിരുന്നു...
അങ്ങനെ എല്ലാ കാര്യങ്ങളും നിന്നോട് പറയണമെന്ന് എന്താ ഇത്ര നിർബന്ധം...!
"പറയണം എല്ലാം എന്നോട് പറയണം..വേറെ ആരോട് പറഞ്ഞില്ലെങ്കിലും എന്നോട് പറയണം..ഇത്രയും നാളും അങ്ങനെ ആയിരുന്നില്ലേ, പിന്നെ ഇപ്പൊ എന്താ ഒരു മാറ്റം...?"
എന്റെ ലച്ചൂ നീയെന്താ ഇങ്ങനെ ദ്ദേഷ്യപ്പെടുന്നത്..? നിനക്ക് ഇഷ്ടമാണെന്ന് പറഞ്ഞ ആളെയും കെട്ടി നീ സുഖമായിട്ട് ജീവിക്ക്.. അമ്മവനോട് ഞാൻ വേണമെങ്കി പറയാട്ടോ...!
"ഓഹോ അപ്പോ എന്നെ കെട്ടിച്ചു വിടാൻ അച്ചുവേട്ടന് അത്രക്ക് തിടുക്കമായി അല്ലേ...!"
ആ തിടുക്കമായി ..നീ മാറി നിൽക്ക്..ഞാൻ പോട്ടെ സമയമായി...
"വേണ്ട, പോകണ്ട എന്നല്ലേ പറഞ്ഞത്.. നീ കല്യാണം കഴിക്കണ്ടാടാ അച്ചുവേട്ടാ..."
ബഹളം കേട്ട് അച്ചുവിന്റെ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു, "എന്താ അവിടെ രണ്ടും കൂടി വഴക്ക്...?"
ഒന്നുല്ലാ അമ്മെ ..!
അതെന്താ ലച്ചൂ ഞാൻ കല്യാണം കഴിക്കണ്ട എന്ന് പറഞ്ഞത്..? നീ നിനക്ക് ഇഷ്ടമുള്ള ആളെ കണ്ടു പിടിച്ചില്ലെ,.അപ്പോ എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി..
"അങ്ങനെ ഞാനല്ലാതെ ഒരു കൂട്ട് നിനക്ക് വേണ്ടടാ അച്ചുവേട്ടാ...!"
നീ എന്താടി പറഞ്ഞത്...?
"എനിക്ക് അച്ചുവേട്ടനെ ഇഷ്ടാ..ഒത്തിരി ഒത്തിരി ഇഷ്ടാ.. അന്ന് ഞാൻ പറഞ്ഞ ആള് വേറാരുമല്ല നിന്നെയാട ഏട്ടാ...
എന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും അവരൊക്കെ എന്നെ കാണാൻ വന്നപ്പോ അല്ലേ വന്നത്...
പക്ഷേ അന്ന് വൈകുന്നേരം വന്നിട്ട് "ലച്ചു എനിക്ക് നിന്നെ ഇഷ്ടാ, നീ വേറെ കല്യാണം കഴിച്ചു പോവണ്ട" എന്നൊക്കെ എന്നോട് പറയും എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു...എന്നാലും നീ വന്നില്ലല്ലോടാ ദുഷ്ടാ...
എനിക്ക് വേറെ ആളെ ഇഷ്ടാണെന്ന് പറഞ്ഞപ്പോ എങ്കിലും ഇൗ അച്യുതന്റെ മനസ്സ് മാറും എന്നൊക്കെ വിചാരിച്ചു..
ഇത്രയും കേട്ടിട്ട് ഉള്ളിലുള്ള സന്തോഷം പുറത്ത് കാണിക്കാതെ അച്ചു പറഞ്ഞു,
"എന്നാലും എന്നെ ഇഷ്ടമാണെന്ന് ലച്ചൂന് കുറച്ച് നേരത്തെ പറയാമായിരുന്നു..ഇനിയിപ്പോ എന്തായാലും ഞാൻ ആ പെണ്ണിനെ കാണാൻ പോവാ..."
അത് കേട്ടതും ഒരു ഭദ്രകാളിയെ പോലെ എന്നോട് പറഞ്ഞു,
"എന്തൊക്കെ പറഞ്ഞാലും അച്ചുവേട്ടൻ ഇന്ന് പെണ്ണ് കാണാൻ പോവുന്നില്ല..അതിനു സമ്മതിക്കില്ല ഞാൻ..നീ എന്‍റെയാ അച്ചുവേട്ടാ..
എനിക്കറിയാം അച്ചുവേട്ടന് എന്നെ ഇഷ്ട്ടാണെന്ന്...അല്ലെങ്കിൽ അന്ന് ഞാൻ വേറെ ആളെ ഇഷ്ടാണെന്ന് പറഞ്ഞപ്പോ കണ്ണും നിറയിച്ച് പോവില്ലായിരുന്നൂ...ഞാൻ അതൊന്നും മനസ്സിലാക്കില്ല എന്ന് വിചാരിച്ചു അല്ലേ..."
അത്രയും പറഞ്ഞ് അവള് അവനെ കെട്ടിപിടിച്ച് കരഞ്ഞു...അവളുടെ കണ്ണുനീരിൽ കുതിർന്ന കൺമഷി അവന്റെ ഷർട്ടിൽ പതിഞ്ഞു...
"എന്റെ ലച്ചൂ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാടി.. പക്ഷെ അതൊന്നു പറയാൻ ഞാൻ നല്ലത് പോലെ ബുദ്ധിമുട്ടി.."
എനിക്കറിയാം..എനിക്കും ഒത്തിരി ഇഷ്ടാ...
"ലച്ചൂ ഇനിയിപ്പോ എനിക്ക് നിന്നോട് മിണ്ടാനൊക്കെ ഒരു ചമ്മലായിരിക്കും...!"
അയ്യട ചമ്മലോ, നീ കൊള്ളാലോ മോനെ അച്യുതാ...!
മുറിയിലെ രണ്ടാളുടെയും വഴക്ക് എന്താണെന്ന് നോക്കാൻ അച്ചുവിന്റെ അമ്മ കേറി വന്നു..
"എന്റെ ദേവ്യെ ഞാൻ എന്തായീ കാണുന്നത്...?"
അപ്പോഴേക്കും ലച്ചു അവനെ വിട്ട് മാറിയിരുന്നു..
"എന്റെ അമ്മായി, അമ്മായിയുടെ ഇൗ മോനെ എനിക്ക് ഒത്തിരി ഇഷ്ടാ..ഞാൻ എന്നും അമ്മായി എന്നല്ലേ വിളിക്കുന്നത്..ഇനി ഞാൻ അമ്മേ എന്ന് വിളിച്ചോട്ടെ...?"
എന്റെ ലച്ചു മോള് അച്ചൂന്‍റെ പെണ്ണായിട്ട് വരുന്നത് എനിക്കും ഇഷ്ടാ..പക്ഷേ മോളെ നിന്റെ അച്ഛൻ....!
ഇവരുടെ സംസാരം കേട്ടുകൊണ്ടാണ് അച്ചുവിന്റെ അച്ഛൻ കയറി വന്നത്..
"ഓഹോ അപ്പോ രണ്ടാളും കൂടി ഇങ്ങനെ ഒരു ഇഷ്ടം കൊണ്ടു നടക്കുന്നുണ്ടായിരുന്നു അല്ലേ..!"
അയ്യോ അച്ഛാ ഇഷ്ടമൊക്കെ ആയിരുന്നു.. പക്ഷെ തുറന്നു പറഞ്ഞില്ല..ഇപ്പോഴാ പറഞ്ഞത്...
"എന്തായാലും എനിക്ക് നൂറു വട്ടം സമ്മതമാണ്... ലച്ചൂന്‍റെ അച്ഛനോട് കാര്യങ്ങൾ ഞാൻ പറയാം.. സമ്മതിച്ചില്ലെങ്കി ഒരു കാര്യം ചെയ്യാം, രണ്ടാളും കൂടി ഒളിച്ചോടി പോക്കോ,എന്നിട്ട് തീയും പുകയും കെടാറാവുമ്പോ തിരിച്ചു വന്നാ മതി.."
ഇത് കേട്ട് ലച്ചു പൊട്ടി ചിരിച്ചു..
അപ്പോഴാണ് പുറത്ത് നിന്ന് ഒരാള് അച്ചുവിനെ വിളിക്കുന്നത്.., "അച്ചൂ നീ വരുന്നില്ലെടാ, ദേ സമയമായി..."
എന്നാ അമ്മേ ഞാൻ പോയിട്ട് വരാം..
"ഓഹോ അച്ചുവേട്ടൻ പെണ്ണ് കാണാൻ പോവാണോ..?"
അതേലോ, പക്ഷേ എനിക്കല്ല, എന്റെ കൂട്ടുകാരൻ മനുവിന് പെണ്ണ് കാണാൻ ആണ്..
"എടാ ദുഷ്ടാ എന്നെ പറ്റിക്കായിരുന്നു അല്ലെടാ അച്ചുവേട്ടാ.."
ആ നിമിഷം അച്ചുവിന്റെ വീട്ടിലെ സ്ഥാനം അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു...അനു അനാമിക എഴുതിയ എല്ലാ നോവലുകളും ഇപ്പോൾ പ്രതിലിപി ആപ്പിൽ വായിക്കൂ. പ്രതിലിപി ആപ്പിൽ "അനു അനാമിക Anu Anamika" എന്നു തന്നെ സെർച്ച് ചെയ്യുക...
(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ....)