രചന: അമ്മു അമ്മൂസ്
എന്നും നിനക്കായ്
ദേവാ....
കൊഞ്ചൽ നിറഞ്ഞ ഒരു വിളിയാണ് ആദ്യം മനസ്സിലേക്കോടി വരുന്നത്.
തിരിഞ്ഞു നോക്കിയ ആ അഞ്ചാം ക്ലാസുകാരന്റെ കണ്ണിൽ മുട്ടോളം എത്തുന്ന യൂണിഫോം ഫ്രോക്ക് ഇട്ട്...മുടി ഇരുവശത്തുമായി കെട്ടി വച്ചു ഓമനത്തം തുളുമ്പുന്ന ചിരിയോടെ തന്റെ അടുത്തേക്ക് ഓടി വരുന്ന ആ കൊച്ചു സുന്ദരിയിൽ ആയിരുന്നു.
അവളോടി വന്നവന്റെ കാലിൽ കെട്ടിപ്പിടിച്ചു...
" എടുക്ക് ദേവാ.... അപ്പൂന് കാലു നോവുന്നു. "
ചിരിയോടെ വാരിയെടുക്കുമ്പോൾ. രണ്ടു കവിളിലും മാറി മാറി ഉ മ്മകൾ കൊണ്ട് മൂടുമായിരുന്നു അവൾ.
അന്നവളോട് വാത്സല്യം ആയിരുന്നു. തന്റെ വിരലിൽ തൂങ്ങി...എവിടെ പോയാലും ദേവനും വാ എന്ന് പറയുന്ന തന്റെ അപ്പു.
പ്രണയവിവാഹം കാരണം നാട് വിടേണ്ടി വന്ന അച്ഛന് അഭയം നൽകിയത് മംഗലത്തു മാധവൻ ആയിരുന്നു.
അച്ഛനോടൊപ്പം ഒരിക്കൽ സഹായത്തിനു ചെന്നപ്പോളാണ് അപ്പുവിനെ കാണുന്നത്. ആരും കൂട്ടില്ലാതെ ഒറ്റക്കിരുന്നു കളിക്കാൻ ശ്രെമിക്കുന്ന ഒരു നാല് വയസ്സുകാരി. ആ മുഖം നിറയെ പരിഭവം ആയിരുന്നു.
കൈയിൽ ഇരിക്കുന്ന പാവയോട് എന്തൊക്കെയോ പറയുന്നുണ്ടവൾ. അടുത്തു ചെന്നിരുന്നപ്പോൾ കുഞ്ഞി കണ്ണുകളിൽ നിറയെ അത്ഭുതം ആയിരുന്നു.
പതിയെ പതിയെ കൂട്ട് കൂടി അവൾ.
പ്രായത്തിനു മുതിർന്നതാണെങ്കിലും ദേവാ എന്നായിരുന്നു വിളിച്ചിരുന്നത്. ദേവേട്ടാ എന്ന് വിളിക്കാൻ പറയുമ്പോൾ പിണങ്ങി തിരിഞ്ഞിരിക്കുമായിരുന്നു.
എപ്പോഴും അവളെ ഒറ്റക്കാണ് കാണാറുള്ളത്. കൈയിൽ ഉള്ള പാവകൾ ആയിരുന്നു കൂട്ട്. പണം സമ്പാദിക്കാൻ ഉള്ള തിരക്കിൽ അച്ഛനും അമ്മയും മറന്നൊരു ബാല്യം. പയ്യെ പയ്യെ ദേവനായി അവളുടെ ലോകം. എന്ത് കാര്യത്തിനും ദേവനും വാ എന്ന് വാശി പിടിക്കുന്ന ഒരു കൊച്ചു കുറുമ്പത്തി.
തന്റെ അമ്മ അവിൽ വിളയിച്ചത് വാരി തരുമ്പോൾ കൊതിയോടെ വാ തുറന്നു നിൽക്കുമായിരുന്നു അവൾ.
"നിച്ചും ഒരുമ്മ തര്വോ "എന്ന് ചോദിക്കുമ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ നിറയെ സങ്കടം ആയിരുന്നു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
"ദേവാ.... "അച്ഛന്റെ വിളിയാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്. കൈയിലെ കുപ്പിവളപ്പൊട്ടിൽ തന്നെ മിഴി നട്ടിരുന്ന അവന്റെ രൂപം വിശ്വന്റെ നെഞ്ചിൽ ഒരു നോവുണർത്തി.
"ദേവാ നീ ഇപ്പോഴും കഴിഞ്ഞതൊക്കെ ഓർത്തിരിക്കുവാണോ..... ഇനി എങ്കിലും ഒക്കെ വിട്ടേക്കേടാ... "അവന്റെ തോളിൽ കൈ ഇട്ട് പറയുമ്പോൾ അച്ഛന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.
കണ്ണുനീരിന്റെ നനവുള്ള ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി.
ജീവന് തുല്യം സ്നേഹിച്ച പെണ്ണ് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞിട്ടും ബന്ധനങ്ങളുടെ കെട്ടുപാടുകൾക്കുള്ളിൽ നിന്നു നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന അവസ്ഥ.
എപ്പോഴായിരുന്നു അവളെ പ്രണയിച്ചു തുടങ്ങിയത്. അറിയില്ല...
സൈക്കിളിൽ നിന്നും വീണുരഞ്ഞ കൈകളിൽ മരുന്ന് വച്ചു കൊടുക്കുമ്പോൾ അവളെക്കാൾ വേദന തനിക്കായിരുന്നു. വേദന കൊണ്ട് ചുമന്നു കലങ്ങിയ ആ കണ്ണുകൾ ദിവസങ്ങളോളം ഉറക്കം കെടുത്തിയിരുന്നു.
തന്റെ മാറ്റം ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു.
"ഉണ്ട ചോറിന് നന്ദികേട് കാട്ടരുത്" എന്നുള്ള അച്ഛന്റെ ആ വാക്കുകൾക്ക് മനസ്സിലെ പ്രണയത്തിന്റെ ഉറവയെ വറ്റിക്കാനുള്ള ശേഷി ഉണ്ടായിരുന്നു.
പിന്നേ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. മനഃപൂർവം പലപ്പോഴും അവളെ കണ്ടില്ല എന്ന് നടിക്കേണ്ടി വന്നു.
അവളുടെ മനസ്സിലും താനാണ് എന്ന് അറിഞ്ഞപ്പോൾ അന്നാദ്യമായി കടപ്പാട് എന്നതിനോട് വെറുപ്പ് തോന്നി. തിരുത്താൻ ശ്രെമിക്കുംതോറും അവൾ കൂടുതൽ അടുത്തുകൊണ്ടിരുന്നു.
അകറ്റാനുള്ള ശക്തി ഉണ്ടായിരുന്നില്ല.
ഓർമ്മകൾ വല്ലാതെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ ദേവൻ കണ്ണുകൾ അടച്ചു ഉമ്മറപ്പടിയിൽ ചാഞ്ഞിരുന്നു.
"പാടില്ല... എല്ലാം ഓർമകളായി തന്നെ അവശേഷിക്കട്ടെ. അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ്. "
"ദേവനില്ലാതെ പറ്റില്ലെനിക്ക് ......... ഒന്നച്ഛനോടു പറ ദേവാ" എന്നുള്ള അവളുടെ ശബ്ദം ഇന്നലെ എന്ന പോലെ കാതിൽ മുഴങ്ങുന്നു. അവളുടെ കണ്ണുനീരിന്റെ നനവ് ഇപ്പോഴും നെഞ്ചിനെ പൊള്ളിക്കുന്നുണ്ടെന്ന് തോന്നി.
വിട്ടുകൊടുക്കാൻ മനസ്സുണ്ടായിട്ടല്ല . "കാര്യസ്ഥന്റെ മോനായ തനിക്ക് എന്ത് അർഹതയാണുള്ളതെന്ന "..... അവളുടെ അച്ഛന്റെ ചോദ്യത്തിന് മുൻപിൽ തല കുനിഞ്ഞു പോയിരുന്നു.
"സർക്കാർ ഉദ്യോഗം എങ്കിലും ഉണ്ടായിരുന്നു എങ്കിൽ പിന്നെയും നോക്കാമായിരുന്നു "........എന്നുള്ള വാക്കുകളിൽ തീരുമാനം വ്യക്തമായിരുന്നു .
നാട്ടിൽ നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല . അവൾ മറ്റൊരാളുടെ സ്വന്തം ആകുന്നത് കാണാതിരിക്കാനാണ് എല്ലാം ഉപേക്ഷിച്ചു പോയത്. പക്ഷേ ഓടിയൊളിക്കാൻ ശ്രെമിക്കുംതോറും വരിഞ്ഞു മുറുകുകയാണ് ഓർമ്മകൾ.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു അപ്പു. കഴിഞ്ഞ കുറച്ചു നാളുകളായി ഏകാന്തത മാത്രമാണ് കൂട്ട്.
മകളുടെ അവസ്ഥ കണ്ടു ഗിരിജയുടെ കണ്ണുകൾ നിറഞ്ഞു. രണ്ടു വർഷത്തിന് മേലെ ആയിരിക്കുന്നു അവളൊന്നു ചിരിച്ചു കണ്ടിട്ട്. നിർവികാരത മാത്രമാണ് ഇപ്പോൾ ആ മുഖത്ത് തെളിഞ്ഞു കാണുന്നത്.
ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടിപ്പോൾ മൂന്ന് മാസം കഴിഞ്ഞു. മനോനില താളം തെറ്റി തുടങ്ങിയിരുന്നു അവളുടെ.
സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കുമ്പോൾ മാധവന്റെ കണ്ണുകളിൽ അഭിമാനം മാത്രമായിരുന്നു. കുടുംബമഹിമയും സമ്പത്തും ജാതകവും പൊരുത്തപ്പെട്ടപ്പോൾ മനപ്പൊരുത്തം നോക്കാൻ വിട്ട് പോയി.
ഭാര്യാപദം അലങ്കരിക്കാൻ മനസ്സ് തയ്യാറാക്കുന്നതിന് മുൻപേ അടിച്ചേൽപ്പിച്ച അധികാരങ്ങൾ.... മനസ്സിന്റെ താളപ്പിഴകളുടെ തുടക്കമായിരുന്നു.
ജീവിതം എന്നത് ആജ്ഞയും അനുസരണയും എന്ന രണ്ടു പദങ്ങളിലേക്ക് ചുരുങ്ങുമ്പോൾ സ്വയം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
ഏക പ്രതീക്ഷ ആയിരുന്ന കുഞ്ഞും നഷ്ടപ്പെട്ടപ്പോൾ ഭ്രാന്ത് എന്ന മാർഗത്തിൽ അഭയം തേടുകയായിരുന്നു മനസ്സ്.
അതേ കാരണത്താൽ ബന്ധമൊഴിഞ്ഞതൊന്നും അവൾ അറിഞ്ഞിരുന്നില്ല. മനസ്സപ്പോഴും ദേവനിൽ തന്നെ തങ്ങി നിൽക്കുകയായിരുന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
വീണ്ടും ആ പടികൾ കയറുമ്പോൾ ഉറച്ചതായിരുന്നു ചുവടുകൾ. മാധവന്റെ മുഖത്ത് പഴയ പ്രൗഢിയുടെ അടയാളങ്ങൾ അവശേഷിച്ചിട്ടില്ല എന്ന് തോന്നി ദേവന്.
"സർക്കാർ ജോലി തന്നെയാണ്. സെക്രട്ടറിയേറ്റിൽ". കൈയിൽ ഇരുന്ന കവർ നീട്ടി പറയുമ്പോൾ വരണ്ട ഒരു പുഞ്ചിരി മാത്രമാണ് മറുപടിയായി കിട്ടിയത്.
അകത്തേക്ക് ചെല്ലുമ്പോൾ അവൾ അപ്പോഴും ജനലരികിൽ തന്നെ ആയിരുന്നു.
അപ്പൂട്ടാ എന്ന് വിളിച്ചു തിരിച്ചു നിർത്തുമ്പോൾ കടലോളം ഭാവങ്ങൾ ഒളിപ്പിച്ച കണ്ണുകൾ നിർജീവമാണെന്ന് തോന്നി അവനു.
അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അവൾ. ഈ മുഖം തനിക്കാരോ ആണെന്ന് മനസ്സ് പറയുന്നു.
പയ്യെ അവന്റെ താടിയിൽ വിരൽ ചേർത്തു. ഒരു ചില്ലു പ്രതിമയിൽ തൊടുന്ന സൂഷ്മതയോടെ.
"എന്തേ താടി വേണോ അപ്പൂട്ടന്. "ചോദിക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
വേണമെന്ന് തലയാട്ടി അവൾ. അവന്റെ കണ്ണുകളിൽ കൂടി ഒഴുകി ഇറങ്ങിയ കണ്ണുനീർ കവിളിനെ നനച്ചു താടിയിൽ പറ്റി നിന്നപ്പോൾ അത് കൈവിരലുകളാൽ ഒപ്പി എടുത്തവൾ.
"അപ്പൂട്ടനെ ഞാൻ ഉടനേ എന്റെ വീട്ടിലേക്ക് കൊണ്ട് പോവാട്ടോ. എന്നിട്ട് അപ്പൂട്ടനും താടി തരാം. "ഒരു കുഞ്ഞിനോടെന്ന പോൽ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു അവൻ അവളെ.
സമ്മതമെന്ന ഭാവത്തിൽ നെഞ്ചോഡ് ചേർന്നു നിൽക്കുമ്പോൾ ഓർമകളിൽ അവന്റെ മുഖം ഭ്രാന്തമായി തിരയുകയായിരുന്നു തിരയുകയായിരുന്നു അവളുടെ മനസ്സ്.
അവന്റെ കൈകളും അവളെ ചേർത്തു പിടിച്ചു ഇനി അവളിൽ നിന്നും ഒരു മടക്കം ഇല്ലെന്ന് പറയാതെ പറയുന്നത് പോലെ.
ശുഭം......
ലൈക്ക് ഷെയർ ചെയ്യണേ...
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 🤗