രചന: ബിനീഷ് ജോസഫ്
ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ പോർച്ചിൽ ബുള്ളറ്റ് പാർക്ക് ചെയ്ത് സബ് ഇൻസ്പെക്ടർ രജീഷ് അശോകൻ അകത്തേക്ക് കയറി. ചെന്ന പാടെ കോൺസ്റ്റബിൾ സഹദേവൻ അറിയിച്ചു
"സി ഐ സാർ അന്വേഷിച്ചു.."
"എന്നെയോ"
"അതെ "
എന്താണാവോ കാര്യം എന്നറിയാതെ സി ഐ യുടെ മുറിയിലേക്ക് കയറി. അറ്റൻഷനായി സല്യൂട്ട് കൊടുക്കുന്നതിനിടെ സി ഐ പറഞ്ഞു
“ രാജേഷേ .. അമ്പലത്തുകടവിൽ ഒരാക്ക്സിഡന്റ്.. എനിക്കറിയാവുന്ന ഒരാൾ വിളിച്ചു പറഞ്ഞതാ .. എന്തോ കാർ മതിലിൽ ഇടിച്ചെന്നോ മറ്റോ.. ഒന്ന് ചെന്ന് നോക്കണം...”
“ശെരി സാർ “
അല്ലെങ്കിലേ അറിയാമായിരുന്നു ഏതെങ്കിലും വള്ളി ആയിരിക്കും എന്ന് .. അത് തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഇറങ്ങി .. ഡ്രൈവർ ജീപ്പ് റെഡിയാക്കി..
കുറച്ചാളുകൾ കൂടിയട്ടുണ്ട് .. ഇടിച്ച വണ്ടി അവിടെ കിടപ്പുണ്ട് .. ഒരു ഹോണ്ട അമേസ്.. മതിൽ പൊളിഞ്ഞു വീണു .. അല്ലെങ്കിലും അത് വീഴാൻ കാത്തിരുന്ന പോലെ ഉള്ള ഒരു മതിൽ ആണെന്ന് തോന്നി.. എസ് ഐ യെ കണ്ടു കഷണ്ടി കയറിയ തലയുമായി ഒരാൾ ഓടി വന്നു.. വരവ് കണ്ടപ്പോൾ തന്നെ തോന്നി അയാളായിരിക്കും മതലിന്റെ ഓണർ എന്ന് . ഊഹം തെറ്റിയില്ല.. എസ് ഐ യെ കണ്ടതും അയാൾ പറഞ്ഞു തുടങ്ങി..
“സാറേ .. ഇതിപ്പോ സ്ഥിരം പരിപാടിയാ.. ഈ മതിൽ കെട്ടിയപ്പോൾ മുതൽ ആരെങ്കിലും വന്നു കയറും.. വണ്ടിയുടെ ആളുകളെകൊണ്ട് ഈ മതില് കെട്ടി തരാതെ പറഞ്ഞു വിടരുത്...”
“ഉം.. അപ്പൊ ഇത് സ്ഥിരം പൊളിയാറുണ്ടോ...”
“അതെ സാറേ .. കെട്ടി കെട്ടി എനിക്ക് മതിയായി..”
“എവിടെ വണ്ടി ഓടിച്ചിരുന്ന ആളുകൾ..”
“ദേ ആ വീട്ടിൽ ഉണ്ട്”
മാന്യൻ എന്ന് തോന്നിക്കുന്ന ഒരാൾ രജീഷിനോട് പറഞ്ഞു..അയാൾ തുടർന്നു...
“രണ്ടു പാവം പിടിച്ച പെൺകുട്ടികളാ സാറേ .. അവർ പേടിച്ചു പോയി.. ഞാനാ ആ വീട്ടിലേക്ക് വിട്ടത്..”
“താൻ ആണോ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് ..”
“അതെ .. മതിൽ കെട്ടികൊടുക്കാതെ അയാൾ വിടില്ല എന്ന് പറഞ്ഞപ്പോൾ ആണ്... ആ മതിലാണെങ്കി റോട്ടിലാ സാറേ .. കുറച്ചു സ്ഥലം വിട്ടുകൊടുത്താ തീരാവുന്ന പ്രശ്നമേ ഉള്ളു ..”
“ഉം ...”
നീട്ടി മൂളിയ ശേഷം രജീഷ് പെൺകുട്ടികൾ ഇരിക്കുന്ന വീട്ടിലേക്ക് നടന്നു...
റോഡിൽ പോലീസ് ജീപ്പ് വന്നു നിൽക്കുന്നതും പോലീസുകാർ ഇറങ്ങുന്നതും നോക്കി പേടിയോടെ അനുശ്രീ നിൽക്കുന്നുണ്ടായിരുന്നു. പുതിയ കാർ ആണ്. കേട്ടിയോൻ അറിയാതെ എടുത്തുകൊണ്ടു പോന്നതാണ് .. ഇനി എന്തൊക്കെ ഉണ്ടാകും ആവൊ.. കൂടെ ഉള്ളവളാണെങ്കി പേടിച്ചു വിറച്ചു ഇരിക്കുകയാണ്.. ഒരു പോലീസുകാരൻ അവിടേയ്ക്ക് വരുന്നത് കണ്ടു കാലിൽ ഒരു വിറയൽ .. പതിയെ ആ പോലീസുകാരനെ അവൾക്ക് വ്യെകതമായി കാണാൻ സാധിച്ചു.. അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല
" രജീഷ് അശോകൻ "
അനുശ്രീയെ കണ്ടതും രജീഷിന്റെ വേഗത കുറഞ്ഞു .. ഓർമ്മകൾ ഒന്നര പതിറ്റാണ്ടു പുറകോട്ടോടി...
സ്കൂളിൽ രജീഷ് ആവേശമായിരുന്നു.. ഫുടബോളിൽ രജീഷ് , ക്രിക്കറ്റിൽ രജീഷ് , ക്യാരംസിൽ രജീഷ് , ഓട്ടത്തിൽ രജീഷ് , ചാട്ടത്തിൽ രജീഷ്.. അങ്ങനെ എല്ലാ കളിക്കളത്തിലും അവൻ നിറഞ്ഞു നിന്നു..പക്ഷെ പഠനത്തിൽ .. അല്ലെങ്കിൽ അതാര് നോക്കുന്നു..
കളിയും ബഹളവും നിറഞ്ഞ പറമ്പായ പറമ്പിലെ കളിക്കളം മുഴുവൻ ഓടിനടന്ന് കളിച്ച് , .. പുഴയിലെ തലകുത്തി ചാട്ടവും മാവിലെയും ആഞ്ഞിലി മരത്തിലെയും കയറ്റം കഴിഞ്ഞും മഠത്തിലെ പേരക്ക കട്ട് പറിച്ചും നടന്ന രാജേഷിന് പഠിക്കാനെവിടന്ന് നേരം...
സ്കൂളിലെ കഞ്ഞിപ്പുരയ്ക്കു പുറകിലും പ്ലസ് ടു കെട്ടിടത്തിന് പുറകിലും വലിയ സ്കൂൾ കിണറിന്റെ മറയിലും പൂത്തുലഞ്ഞ കുഞ്ഞു പ്രണയങ്ങൾ കണ്ടു മന്ദഹസിച്ചതല്ലാതെ രജീഷിനെ തേടി ഒരു പ്രണയവും ഉണ്ടായില്ല താനും
പത്താം ക്ലാസിലാണ് എന്നുള്ള ഇടയ്ക്കിടെ മുഴങ്ങുന്ന അമ്മയുടെയും ടീച്ചർമാരുടെയും അശരീരികൾ കേട്ടിട്ടും കേൾക്കാതെ നടക്കവേ ആണ് കൈകഴുകുന്ന പൈപ്പിനിടയിൽ നിന്നൊരു ബഹളം കേട്ടത് .. ചീറ്റിത്തെറിക്കുന്ന വെള്ളം .. ആ വെള്ളത്തിൽ നനഞ്ഞു കുളിച്ചൊരു പെൺകുട്ടി.. അവളുടെ കയ്യിൽ ഒടിഞ്ഞു പോയ പൈപ്പ് .. വെള്ളം തടഞ്ഞു നിർത്താൻ പാടുപെടുന്നതിനിടയിൽ അവളാകെ നനഞ്ഞിരുന്നു .. അത് കണ്ട് ആർത്തു വിളിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ ചേരാൻ രാജേഷിനു മനസു വന്നില്ല.. അരികിലെ മതലിനു മുകളിലേക്ക് ചാടിക്കയറി അവൻ ഒരു മരത്തിന്റെ കൊമ്പ് ഒടിച്ചു ... അതിന്റെ ചെറിയ ഭാഗം ഒടിഞ്ഞ പൈപ്പിൽ തിരുകി കയറ്റി .. അതോടെ വെള്ളം നിന്നു.
കൃതാർത്ഥയോടെ ആ പെൺകുട്ടി രജീഷിനെ നോക്കി.. ഒന്ന് ചിരിച്ചു അവൻ നടന്നു പോയി..
പിന്നീടാണ് അറിഞ്ഞത് .. അനുശ്രീ എന്നാണവളുടെ പേരെന്നും അവൾ തന്നെ അന്വേഷിക്കാറുണ്ട് എന്നും.. എന്തോ ആദ്യം അവളെ നോക്കാൻ തോന്നിയില്ലെങ്കിലും പിന്നീട് അവളെ പതിയെ ശ്രെദ്ധിക്കാൻ തുടങ്ങി.. സുന്ദരിയാണ്.. പഠിക്കാൻ മിടുക്കി ആണെന്നൊക്കെ പറയുന്ന കേട്ടു. പിന്നീട് ഓരോ കാഴ്ച്ചയിലും അവൾക്ക് ഭംഗി കൂടി വരുന്നതായി രാജേഷിന് തോന്നി. ആ വർഷത്തെ യൂത്ത് ഫെസ്റ്റിവലിൽ അനുശ്രീ രജീഷിനോട് തന്റെ ഹൃദയം തുറന്നതോടെ അനുശ്രീ രജീഷ് എന്ന ഒരു പേര് കൂടി ആ സ്കൂളിന്റെ മതിലുകളിൽ സ്ഥാനം പിടിച്ചു.
അതോടെ രജീഷ് കളിപ്പറമ്പുകൾ മറന്നു, പുഴയെ മറന്നു .. മരങ്ങളെയും മറന്നു .. അനുശ്രീ മാത്രമായി അവന്റെ മനസിൽ. അതിനൊരു മാറ്റം വന്നത് എസ് എസ് എൽ സി പരീക്ഷ അടുത്തപ്പോഴാണ്.. അതോടെ സ്കൂളിൽ നിന്ന് പോകേണ്ടി വരും എന്ന് മാത്രമല്ല ജയിച്ച് അവൾ ചേരുന്ന കോളേജിൽ തന്നെ ചേർന്നില്ലെങ്കിൽ ...
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.. പുസ്തകം എടുത്ത് അതുവരെ നോക്കാതിരുന്ന പാഠഭാഗങ്ങൾ മുഴുവൻ നോക്കാൻ തുടങ്ങി.. ഈ പഠിത്തം ആണെങ്കിൽ ചെക്കൻ ഫസ്റ്റ് ക്ലാസ് വാങ്ങും എന്ന അമ്മയുടെ നിരീക്ഷണം വീട്ടുകാർക്കും സന്തോഷിക്കാൻ വക നൽകി.
പക്ഷെ...., ഇതൊക്കെ ആര് എപ്പോ പഠിപ്പിച്ചു എന്ന് അവന് എത്ര നോക്കിയിട്ടും മനസിലായില്ല.. ഇംഗ്ളീഷും കണക്കും ഫിസിക്സും കെമിസ്ട്രിയും ബയോളജിയും എല്ലാം കൂടി രജീഷിനെ നിർത്തി പൊരിച്ചു.
സംഭവ ബഹുലമായ പരീക്ഷ അവസാനിച്ചു. അവസാന പരീക്ഷ എഴുതി വിങ്ങുന്ന ഹൃദയത്തോടെ അനുശ്രീയോട് വിടപറയവെ എറണാകുളത്തെ ഏതു കോളേജിൽ അഡ്മിഷൻ എടുക്കണം എന്ന് കൂടി തീരുമാനിച്ച് അവർ പിരിഞ്ഞു...
റിസൾട്ട് വന്ന ദിവസം .. രജീഷ് ജീവിതത്തിൽ മറക്കാത്ത ദിവസം...അകെ 218 മാർക്ക് ഉണ്ടെങ്കിലും കണക്ക് ചതിച്ചു... കണക്കിന് മാർക്കിട്ട സാർ എങ്ങനെ ഒക്കെ കൂട്ടി നോക്കിയെങ്കിലും 15 മാർക്കിൽ കൂടുതൽ കൊടുക്കാൻ ആ പേപ്പറുകളിൽ ഒന്നും ഉണ്ടായിരുന്നില്ല.. കൂടെ കെമിസ്ട്രിയിലെ ദയനീയ പ്രകടനം കൂടി ആയപ്പോ ആ പത്താം ക്ലാസുകാരൻ ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞു.. പഠിക്കാതെ കളിച്ചു നടന്നതിനെ ഓർത്ത് പലവട്ടം സ്വയം കുറ്റപ്പെടുത്തി .. കൂടെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ കൂടി ആയപ്പോ സഹിച്ചില്ല ..
ഏറ്റവും വലുത് അനുശ്രീയെ നേരിടാൻ വയ്യ എന്നതായിരുന്നു. അതാണ് അമ്മാവൻ എറണാകുളത്തുള്ള തന്റെ കടയിൽ നിന്ന് ബിസിനസ് പഠിക്കട്ടെ എന്ന് നിർദ്ദേശിച്ചപ്പോൾ ചാടി പുറപ്പെട്ടത്.. പേരറിയാത്ത ഏതോ ഒരു ജംക്ഷന്റെ മൂലയിൽ ഉണ്ടായിരുന്ന ജ്യുസ് കടയായിരുന്നു അമ്മാവന്റെ ബിസ്സിനസ്സ് സാമ്രാജ്യം.. അത് കണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അങ്ങോട്ട് അവിടെ കൂടി.. ഒരു നാൾ..
ജ്യുസ് ഓർഡർ എടുക്കാൻ അമ്മാവന്റെ നിർദ്ദേശപ്രകാരം ടേബിളിന്റെ അടുത്തെത്തിയ രജീഷ് ഞെട്ടി.. അവിടെ അനുശ്രീയും കൂട്ടുകാരും...അവനെ കണ്ടു അനുശ്രീ ഞെട്ടി
"എടാ നീ..."
ഒന്നും മിണ്ടാതെ രജീഷ് തല താഴ്ത്തി...
"എന്താണ് വേണ്ടത്.."
അനുശ്രീ അവന്റെ അടുത്തെത്തി.
"നീ ഇങ്ങു വന്നേ..."
രണ്ടു പേരും അല്പം മാറി നിന്നു
"എന്താ പ്രശ്നം" അമ്മാവൻ
"ഒന്നുമില്ലമ്മാവാ.. എന്റെ ഫ്രണ്ടാ"
അമ്മാവൻ ഒന്നിരുത്തി മൂളി... അവളോട് സംസാരിക്കുമ്പോൾ നിയന്ത്രണം വിടാതിരിക്കാൻ രജീഷ് സ്രെധിച്ചു .. പോകാൻ നേരം അവൾ ഒരിക്കൽ കൂടി അവന്റെ അടുത്തെത്തി..
“എടാ.. നീയിങ്ങനെ ഈ കടയിൽ നില്ക്കരുത്.. അതെനിക്ക് സഹിക്കാനാകില്ല... പത്താം ക്ളാസേ തോറ്റിട്ടുള്ളു .. ജീവിതമല്ല...”
അതായിരുന്നു അവസാനമായി അനുശ്രീ പറഞ്ഞതും അവളെ കണ്ടതും....!
ഓർമകിൽ നിന്ന് തിരിച്ചു വരുമ്പോൾ മതില് പൊളിഞ്ഞ മനുഷ്യനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി രണ്ടു കൂട്ടർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രശ്നം അവസാനിപ്പിച്ച് വണ്ടി ഒരുവർക്ക് ഷോപ്പിലും ആക്കി രണ്ടു പേരോടും ജീപ്പിൽ കയറുന്നതിനിടെ രജീഷ് ചോദിച്ചു..
“ഒരു ജ്യുസ്...കുടിക്കുന്നുണ്ടോ..?”
ആകാം എന്ന് ചിരിച്ചു കൊണ്ട് അനുശ്രീ മറുപടി പറഞ്ഞു.
കൂൾബാറിലെ തണുത്ത ജ്യുസ് വലിച്ചു കുടിക്കവേ അനുശ്രീ രജീഷിനെ സ്രെധിച്ചു.. എസ് ഐ .. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു രൂപം. ജ്യുസ് കുടിച്ച് അനു ചോദിച്ചു..
"എന്നിട്ട്"
“നീ അങ്ങനെ പറഞ്ഞിട്ട് പോയപ്പോ അവിടെ പിന്നെ നില്ക്കാൻ തോന്നിയില്ല.. വീട്ടിലേക്ക് തിരിച്ചു പൊന്നു..ഒരു പ്രൈവറ്റ് സെന്ററിൽ പത്താം ക്ലാസ് വീണ്ടും പഠിക്കാൻ ചേർന്നു... അനിയത്തിയും പത്താം ക്ലാസിൽ അവിടെ ട്യൂഷൻ പഠിക്കുന്നുണ്ടായിരുന്നു ... ആദ്യമൊക്കെ പലരും കളിയാക്കാൻ തുടങ്ങി.. ആ പലരിൽ അനിയത്തിയും ഉണ്ടായിരുന്നു.. പക്ഷെ.."
അനുശ്രീയും കൂടെ ഉള്ള കുട്ടിയും രജീഷ് പറയുന്നത് കേൾക്കാൻ സ്രെദ്ധയോടെ ഇരുന്നു..
“പിന്നീട് അവൾക്ക് മനസിലായി.. ഞാൻ കാര്യമായിട്ടാണ് എന്ന് ... അതോടെ അവൾ എന്റെ കൂടെ കൂടി.. ഞങ്ങൾ രണ്ടു പേരും ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി.. പ്രീ ഡിഗ്രി കൂടി നല്ല രീതിയിൽ പാസായിട്ടേ നിന്നെ കാണാവൂ എന്നൊരു വാശി.. അങ്ങനെ പ്രീ ഡിഗ്രി കഴിഞ്ഞു. നിന്നെ അന്വേഷിച്ചപ്പോൾ നീ വേറെവിടെയോ പഠിക്കാൻ പോയിരുന്നു."
"ഉം .. ചാലക്കുടി സീക്രട്ട് ഹാർട്ട് കോളേജിൽ ബി എസ് സി."
"എന്നാ പിന്നെ ഡിഗ്രിയും കഴിഞ്ഞ് ഒരു ജോലിയും കിട്ടിയിട്ട് നിന്നെ കാണാം എന്ന് വച്ച് .. അന്ന് തുടങ്ങി അതിനുള്ള ശ്രെമം ആയി... ഡിഗ്രി കഴിഞ്ഞു എസ് ഐ ടെസ്റ്റ് എഴുതി.. ട്രെയിനിങ്ങിന് അപ്പോയിന്മെന്റ് വന്ന ആ ദിവസം ആയിരുന്നു നിന്റെ കല്യാണം.."
അനുശ്രീ ഒന്നും മിണ്ടാതെ തലകുനിച്ചു...
" ഞാൻ നിന്നോട് പോകാൻ പറഞ്ഞെങ്കിലും ഇടയ്ക്ക് ആ കടയിൽ ഞാൻ വന്നു നോക്കുമായിരുന്നു..എന്നെങ്കിലും എന്നെ അന്വേഷിച്ചു വരും എന്ന് പ്രതീക്ഷിച്ചു .. അതിനിടയ്ക്കാണ് റോഷനെ പരിചയപ്പെടുന്നത്"
റോഷൻ എന്നെഴുതിയ അവളുടെ കയ്യിലെ മോതിരത്തിൽ നോക്കി അയാൾ ചിരിച്ചു..
"അല്ല നിങ്ങൾ രണ്ടും കൂടി പഴയ പ്രണയം പൊടി തട്ടി എടുക്കാനുള്ള പുറപ്പാടാണോ"
കൂടെയുള്ള പെൺകുട്ടിയെ അപ്പോഴാണ് രജീഷ് ശ്രെദ്ധിക്കുന്നത്.
“ഓ .. ഒന്നു പോടീ..”
രാജേഷിനു ആ പെൺകുട്ടിയെ അനുശ്രീ പരിചയപ്പെടുത്തി.
"ഇത് നിഷ.. എന്റെ കസിൻ ആണ് "
അവിടെ നിന്ന് ഇറങ്ങവേ രാജേഷിന് ജീവിതത്തിലെ ഏറ്റവും അർത്ഥമുള്ള ഒരു ദിവസമായി ആ ദിവസത്തെ തോന്നി..
കുറച്ചു ദിവസങ്ങൾക്കു ശേഷം അനുശ്രീ യുടെ ഫോൺ കോൾ കിട്ടി കാണണം എന്ന് പറഞ്ഞപ്പോൾ അയാൾ ഒന്ന് സന്ദേഹിച്ചു.
മറൈൻ ഡ്രൈവിൽ അയാളെ കാത്ത് അനുശ്രീ ഉണ്ടായിരുന്നു.
“എടാ അന്ന് നമ്മൾ കണ്ടില്ലേ.. നിഷ.. അവൾക്ക് നിന്നെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു...ഇപ്പൊ നിന്നെ കെട്ടണം എന്നാ പറയുന്നേ.."
പെട്ടന്ന് അനു അത് പറഞ്ഞപ്പോൾ രജീഷ് ഞെട്ടി..
"ഏയ് .. അത് വേണ്ടെടി... അത് ശെരിയാകില്ല.."
"എന്താടാ .. ഞാൻ നിന്നെ പണ്ട് പ്രേമിച്ചു എന്നത് കൊണ്ടാണോ"
"അതല്ലെടി .. അത് ശെരിയാകില്ല..."
"ഡാ.. അത് ശെരിയാകും..അടുത്ത മാസം ഞാനും റോഷനും യൂ എസ് ലേക്ക് പോവുകയാണ്.. എനിക്ക് അവളെ പിരിയുന്നത് ഓർത്ത് നല്ല വിഷമം ആയിരുന്നു.. നിന്നെ അവൾക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോഴാ എനിക്കൊരു സമാധാനം ആയത്"
"എടി അത്"
"ഒന്നുമില്ല...ഞാൻ നിനക്കെന്നും നല്ലൊരു സ്നേഹിത ആയിരിക്കും.. കൂടുതൽ ജാഡ കാണിക്കാതെ കുറച്ചു കഴിയുമ്പോ അവൾ വിളിക്കും.. ഫോൺ എടുത്തോളണം.."
നിഷ്കളങ്കമായ ഒരു ചിരി ചിരിക്കാനേ രാജേഷിന് കഴിഞ്ഞുള്ളു...
കൈ വീശി വിടപറഞ്ഞ് അനുശ്രീ പോകവേ അനുശ്രീ എന്ന പേരിന് സ്നേഹിത എന്നൊരർത്ഥം രജീഷ് മനസിൽ എഴുതുകയായിരുന്നു.