കല്യാണം കഴിഞ്ഞു ആദ്യരാത്രിയിൽ തന്നെ ഭാര്യയെ നഷ്ടപ്പെടുക...

Valappottukal


രചന: Sithara Rajeevan


"കല്യാണം കഴിഞ്ഞു  ആദ്യരാത്രിയിൽ തന്നെ ഭാര്യയെ നഷ്ടപ്പെടുക "

ആ ഒരവസ്ഥ എങ്ങനെയായിരുന്നിരിക്കണം ഒരു ചെറുപ്പക്കാരൻ തരണം ചെയ്യുക....! 

സംശയം വേണ്ട, സാമാന്യം ആർക്കായാലും സമനില തെറ്റിപ്പോകും , ജിതനും അതുതന്നെയാണ് സംഭവിച്ചത്!

കൂടുതലായെന്നും എനിക്കുമറിയില്ല, അവനെ തേടിയുള്ള യാത്രയിലാണ് ഞാൻ....!!


വ്യക്തിപരമായ ചില കാരണങ്ങളുടെ പുറത്തു അപ്പനുമായി ഒന്നുടക്കി പിരിഞ്ഞപ്പോൾ അന്ന് ഉപേക്ഷിച്ചുപോയതാണ് സ്വന്തമെന്നു കരുതിയതൊക്കെയും. 

നീണ്ട ആറേഴുവർഷങ്ങൾക്കിപ്പുറം ഒരു വീണ്ടുവിചാരമുണ്ടായി. 

വേണ്ടപെട്ടവരെയും മറ്റും കാണാനൊരു ആഗ്രഹം,

കൂടെ പൊടിപിടിച്ചുകിടന്ന സൗഹൃദങ്ങളും വീണ്ടെടുക്കണം !

ഒരിക്കൽകൂടി എല്ലാവരെയും കാണുവാനും, ആ വാകമരച്ചോട്ടിൽ ഒന്നിച്ചൊരു നാടൻ  ചായ കുടിച്ചു വിശേഷങ്ങൾ പങ്കുവയ്ക്കുവാനും, സമയത്തിന് തിരികെ കൊടുക്കാത്ത പുസ്തകത്തെച്ചൊല്ലി പബ്ലിക് ലൈബ്രറിയിലെ രമേശേട്ടന്റെ വഴക്കു കേൾക്കുവാനും അങ്ങനെ പലതും...!

കാലങ്ങൾക്കു ശേഷം കൂട്ടത്തിലൊരുവനെ കണ്ടുപിടിക്കാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല, 

വലിയൊരു ചീത്തവിളിയോടെയാണ് ദീപക്കെന്റെ ഫോൺ പോലുമെടുത്തത്.

അവനിൽ നിന്നാണ് ജിതന്റെ ജീവിതത്തതിൽ സംഭവിച്ച ദുരന്തത്തെകുറിച്ചു അറിയുന്നത്.


'ജിതൻ ഒരു മാനസികരോഗിയായി ആശുപത്രിയിൽ !

ആദ്യരാത്രി തന്നെ ജീവന്റെ പാതിയായി കൂടെ കൂട്ടിയ ഭാര്യയെ നഷ്ടപ്പെടുക!'


എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല, പുച്ഛം മാത്രം.!!!

ഒരു ചെറുപ്പക്കാരന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും തച്ചുടച്ചു ഒരു മാനസികരോഗിയുടെ വേഷം അവനുപകർന്നുകൊടുത്തു വിധി അതിന്റെ വിളയാട്ടം ഭംഗിയായി ആടുന്നു.

അതങ്ങനെയാണ്, എന്റെ ജീവിതത്തിലും പലപ്പോഴും ഒരു കാരണവുമില്ലാതെ, ക്ഷണം കാത്തുനിൽക്കാതെ അതതിന്റെ കൂത്താട്ടം നടത്തുന്നു. 

ദീപക്കിനും അവനെക്കുറിച്ചു വലിയ പിടുത്തമില്ല, അവരവിടെനിന്നും സ്ഥലം മാറിയിരുന്നു.

അവനെ കുറിച്ച്  ബുദ്ധിമുട്ടിച്ചെങ്കിലും അഡ്രസ് തരപെട്ടുകിട്ടി, അത് കൃത്യമാണോയെന്നു പോലുമുറപ്പില്ല.

വണ്ടിയുടെ വേഗതകുറച്ചു ഞാൻ സ്ഥലപ്പേര് വായിച്ചു.


"മൂവാറ്റുപുഴ , ഹാ ഇനിയൊരു രണ്ടുകിലോമീറ്റർ കൂടിയുണ്ട്....

അപ്പോഴേക്കും ഞാൻ ജിതനെക്കുറിച്ചൊന്നു  പറയാം...",


'അവനാദ്യം മുതലേ ഞങ്ങളുടെയൊക്കെ കൂട്ടത്തിൽ നിന്നും വേറിട്ടുനിന്നിരുന്നു.

വളരെ സൈലന്റായ എഴുത്തിനെയും, യാത്രകളെയുമൊക്കെ  സ്നേഹിച്ച ഒരു പട്ടര് ചെക്കൻ.

ചിരിക്കുമ്പോൾ മുഖത്തുതെളിയുന്ന നുണകുഴികൾ ഞങ്ങളിൽ പലർക്കും അവനോടു അസൂയ ജനിപ്പിച്ചുവെന്നത് ഞങ്ങളാൺകുട്ടികൾക്കിടയിൽ മാത്രം മൂടികിടന്നൊരു സത്യം.!!

ഒരു കോളേജിലെ ഒന്നിലധികം പെൺകുട്ടികളുടെ ആരാധനകഥാപാത്രമായ അവനെയോർത്തു എങ്ങനെ അസൂയപെടാതിരിക്കും.


"അളിയാ ചെക്കന്റെയൊരു കളറ്....!!'

അസാമാന്യമായി നൃത്തം ചെയ്യുന്ന അവനെ അസൂയയുടെ മുൾമുടിയിൽ, സ്ത്രീകളുടെ നടത്തത്തോടു ഉപമിച്ചു ഇടിച്ചുതാഴ്ത്താൻ നോക്കിയിട്ടുണ്ട് പലപ്പോഴും.

എന്നാലവനാവട്ടെ എല്ലാരിൽനിന്നും വേറിട്ട് മറ്റൊരു ലോകത്തു ജീവിക്കുന്നതുപോലെയാണ്.

അന്നും എനിക്കവനോട് വല്ലാത്തൊരു ആരാധനയോ ബഹുമാനമോ ഒക്കെയായിരുന്നു!

നാട്ടിൽപോകുമ്പോൾ മിക്കവാറും ഞങ്ങളൊരുമിച്ചായിരിക്കും യാത്ര.


'അവൻ കെട്ടാൻ പോണ പെണ്ണ് എങ്ങനെയായിരിക്കും എന്തിനേറെ പറയുന്നു വെള്ളിക്കിണ്ണം പോലത്തെ രണ്ടു പിള്ളേര് അവനുണ്ടാകുന്നതുവരെ ഞങ്ങളൊക്കെ ചർച്ച ചെയ്തിട്ടുണ്ട് എന്നത് വാസ്തവം.

ഓർമകൾക്ക് ചൂടുപിടിച്ചപ്പോൾ ഞാൻ കുറച്ചേറെ ദൂരം മുന്നോട്ടുപോയോന്നൊരു സംശയം.


"ഇല്ല,  ഇത് തന്നെ 'കടാതി '...!!"


ഇവിടിന്നു കുറച്ചങ്ങോട്ടു നടക്കണം.

ഒരു വീടിനുമുന്നിൽ കരിക്കുകൾ കൂട്ടിയിട്ടു വിൽക്കുന്നു.

ഞാനടുത്തേക്ക് ചെന്നൊരു കരിക്കു പറഞ്ഞു.


"ചേച്ചി ഈ പടിക്കലേത് വീടറിയുമോ.!!? 

ഒരു ജിതൻ...!!!

 മൂപ്പരുടെ അച്ഛന്റെ പേരോർമ്മയില്ല...."


"ഉവ്വ് ആ തലയ്ക്കു കുറച്ചസുഖോള്ള ചെക്കനല്ലേ....

ഈ വഴി പോകുമ്പോ അവസാനം കാണുന്ന വീടാണ്.

എന്തൊരു കഷ്ട്ടം, കല്യാണപ്പിറ്റേന്ന് മരണവീടായില്ലേ...!!!"


"ഉം.."


ഒന്ന് മൂളുക മാത്രം ചെയ്തു , പണംകൊടുത്തു പോകാനായി തിരിഞ്ഞു 


"ചേച്ചി ഒന്നുകൂടി, ഈ ജിതന്റെ പെണ്ണിനെന്താ പറ്റിയത് ...!?"


"അത് ബലാത്സംഗമല്ലായിരുന്നോ..?"


"ഏഹ്.."


കേട്ടത് ദഹിക്കാനാവാത്തപോലെ വല്ലാത്തൊരു തളർച്ച, 

"അവനെപോലെയൊരാൾ.."


അപ്പോഴേക്കും അവിടേക്ക് മൂന്നുനാലുപേരൊരുമിച്ചു വന്നതും ഞാൻ ചോദ്യങ്ങളുള്ളിലൊതുക്കി.

മുന്നോട്ടുപോകാനുള്ള ഉന്മേഷം നഷ്ട്ടപെട്ടപോലെ, വച്ചകാൽ  പിന്നോട്ട് വേണ്ട,  

എന്തായാലും പോയി കാണാം...! 

പറഞ്ഞയിടങ്ങളൊക്കെ വച്ച് ജിതന്റെതെന്നു തോന്നിയ വീടിനു മുന്നിലെത്തി ഞാൻ അറിയിപ്പ്‌കൊടുത്തു കാത്തിരുന്നു.

വാതിൽതുറന്ന ജിതന്റെ അമ്മയുടെ കണ്ണുകളിൽ പരിചിതഭാവം , എന്നാൽ എവിടെയാണെന്ന് പിടിയില്ല.


"അമ്മക്കെന്നെ മനസിലായോ ?"


"കണ്ടിട്ടുണ്ടാവണം  , പക്ഷേങ്കിൽ ഓർമ്മ കിട്ടണില്ലാ.."


"ഞാൻ ജിതന്റെ കൂടെ എഞ്ചിനീയറിംഗ് പഠിച്ചതാണ് , കോട്ടയം ആയിരുന്നപ്പോൾ,

അമ്മ അന്നെന്നോട് സംസാരിച്ചിട്ടുണ്ട് "


ഈറനായ കണ്ണുകളോടെ അവനെ അകത്തേക്ക് ക്ഷണിച്ചു.


"ജിതൻ ...!!!?"


അകത്തൊരു ഭാഗത്തേക്ക് നോക്കിയവർ കൈ ചൂണ്ടി, 


"മോൻ ചെല്ല്, അവനവിടെയുണ്ട് ഞാൻ കുടിക്കാനെടുക്കം."


അവർ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നടന്നു.

ഇടനാഴിപോലെയൊന്നു പിന്നിട്ടപ്പോൾ ഇളംനിറത്തിലുള്ള കർട്ടനുകൾ കാറ്റിൽ പറന്നു വാതിൽപ്പടി  കാണിച്ചുതന്നു.

അകത്തേക്കു ഞാൻ ചെല്ലുകയും അവനെന്റെ മുന്നിലേക്ക് വരുന്നതും ഒരുമിച്ചായിരുന്നു.


"ആഹ് നീയോ , ആരുടെയോ കാല്പാദം കേട്ട് ആരാന്ന് നോക്കാൻ വന്നതാ, 

വാ ഇരിക്ക് വാ .."


ഇപ്പോൾ അന്തം വിട്ടുപോയത് ഞാനാണ്, 

'ഇവനെന്നെ ശരിക്കും മനസിലായോ, അതോ അസുഖത്തിന്റെയാണോ ?

എന്റെ വരവ് പ്രതീക്ഷിച്ചിരുന്നതുപോലെ സംസാരിക്കുന്നു'.

ആശയകുഴപ്പത്തോടെ ഞാൻ അവനു മുന്നിലിരുന്നു.


"എന്താടാ , എന്റെ വട്ടൊക്കെ ഭേദമായി,

എനിക്കിപ്പോ ആൾക്കാരെയൊക്കെ കണ്ടാലറിയാം...

നീയെന്താ ഇറങ്ങിയേ കല്യാണമായോ ..?"


"ജിതൻ..!"


എന്റെ ചുണ്ടുകൾ വിറച്ചു , ഞാൻ നോക്കികാണുകയായിരുന്നു.

'അവന്റെ നീളൻ മുടിയിഴകൾ , കണ്ണുകളിലെ തെളിച്ചതിനു മങ്ങലേറ്റിരിക്കുന്നു, മുഖത്തെ ചൈതന്യം നഷ്ട്ടപെട്ടുപോയിരുന്നു , ചിരിക്കുമ്പോൾ തെളിയുന്ന നുണകുഴികളെ മറച്ചു കുറ്റിത്താടി വളർന്നുനിൽക്കുന്ന കവിൾത്തടങ്ങൾ...!

ഒരുവന്റെ നഷ്ടങ്ങളുടെ, പതനത്തിന്റെ ആകെയുള്ള ആവിഷ്കാരം...!

അപ്പോഴേക്കും ജിതന്റെ 'അമ്മ മുറിയിലേക്ക് ഒരു ഗ്ലാസിൽ തണുത്ത നാരങ്ങാ വെള്ളവുമായിവന്നു.


"മോൻ കഴിച്ചിട്ടേ പോകാവൂ."


ഞാൻ യാന്ത്രികമായി തലയാട്ടി.


"കുടിക്കടാ, "


അവനെന്നെ നോക്കി ചിരിച്ചു.


"ജിതാ, ഞാൻ...ഞാൻ നാട്ടിൽവന്നിട്ടു ഒരാഴ്ച ആകുന്നതേയുള്ളു ,

 വന്നപ്പോൾ എല്ലാവരെയും കാണാനൊരു ആഗ്രഹം, ഈ അഡ്രസ് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി."


മറുപടിയായി അവനൊന്നു ചിരിച്ചു.


"നീ വന്നല്ലോ , തേടിപിടിച്ചാണെലും നീ വന്നല്ലോ....!"


അവനെന്നെ മനസിലായിട്ടു തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാൻ  പിന്നെയുമോർത്തു , അതൊന്നുറപ്പിക്കാനായി ഞാൻ പഴയ ചിലകാര്യങ്ങളൊക്കെ എടുത്തിട്ടു, എന്റെ ആശങ്ക കണ്ടിട്ടാവണം അവനെന്നെ പേരെടുത്തു വിളിച്ചപ്പോഴാണ്  ഒടുവിലെനിക്കു സമാധാനമായത്.


"എടാ.....!!! എന്താ നിനക്ക് പറ്റിയത്.?

നീയിങ്ങനെയൊന്നുമായിരുന്നില്ലല്ലോ...?"


കുറച്ചുനേരത്തേക്ക് അവൻ മുഖം കുനിച്ചു താഴേക്ക്  നോക്കിയിരുന്നു.


"അമ്മേ, ആ ചൂലിങ്ങെടുത്തോണ്ടു വാ, ദേ  ഇവിടെയൊക്കെ ഉറുമ്പായി...."


ഭിത്തിൽനിന്നും ജനാലപ്പടിയിലേക്കു നിരനിരയായി നീങ്ങുന്ന ഉറുമ്പുകളെ കണ്ടു.


"ആ  വെള്ളം അവിടെ വച്ചിട്ടാ, നീയതങ്ങെടുത്തു പിടിച്ചോ...."


ഞാനൊരു വലിക്കു അത് കുടിച്ചിറകുമ്പോഴേക്ക് അവൻ ഉറുമ്പുകളെ കൈകൾകൊണ്ട് തട്ടിയെടുത്തു ജനാല വഴി പുറത്തേക്കു കളഞ്ഞു.

ഇനിയെന്ത് പറയണമെന്നറിയാതെ ഞാൻ വിഷമിച്ചുപോയി.

ചിലകാര്യങ്ങൾക്കു പുറമേ കേട്ടുകേൾവി വച്ച് നമ്മളിറങ്ങിത്തിരിക്കും, പക്ഷേ യാഥാർഥ്യത്തെ നേരിടുമ്പോൾ ഇറങ്ങിത്തിരിക്കുമ്പോഴത്തെ ആവേശം കാണണമെന്നില്ല.

ഒരുപക്ഷേ എല്ലാം മറന്നു തുടങ്ങിയതാണവനെങ്കിൽ വീണ്ടും ചോദിച്ചു ഓർമിപ്പിക്കുന്നതിൽ വലുതായി മറ്റൊരു പാപം ചെയ്യാനില്ല. 

പക്ഷേ ആ കടക്കാരി പറഞ്ഞതുപോലെയാണെങ്കിൽ ഒന്നുമവൻ അത്ര വേഗം മറക്കാനും പാടില്ല.

എന്റെ മുന്നിലിരിക്കുന്ന ജിതൻ അങ്ങനെയൊരു പാപം ചെയ്തിട്ടുണ്ടാവുമെന്നത് എന്റെ ഉപബോധമനസ്സിനു പോലും കരുതാൻ വയ്യ.


"രൂപൻ, കല്യാണമായോ ..?"


അവന്റെ ചോദ്യമെന്നെ ചിന്തകളിൽ നിന്നുമുണർത്തി.

ഞാൻ പെട്ടന്നവനെ നോക്കി.


"ഇല്ലടാ , അമ്മ ചിലതൊക്കെ നോക്കുന്നു.."


"ഉം...!!!"


മൂളലോടെ അവൻ കട്ടിലിലേക്കിരുന്നു.


" കല്യാണം....ഇപ്പൊ തന്നെ താമസിച്ചു വയസ്സെത്രയായിന്നാ..."


അവൻ മെല്ലെ ചിരിച്ചു.

എനിക്ക് ദേഷ്യം ഇരമ്പിവന്നു.


"നേരവും കാലമൊക്കെ നോക്കി കെട്ടിയിട്ടെന്തായി...!

എന്തേ നിന്റെ കാര്യം കഴിഞ്ഞപ്പോൾ....."


എനിക്ക് മുഴുവിപ്പിക്കാനായില്ല.

സ്ഥലകാലബോധം നഷ്ട്ടപെട്ടതുപോലെ ഞാനവനെ നോക്കി.

അവന്റെ മുഖത്തപ്പോൾ തെളിഞ്ഞ ചിരിയെന്നിൽ ഭയം ഉളവാക്കി,

'എന്റെ ജീവനെയോർത്തല്ല, ഒരിക്കൽ ചങ്ങലക്കിട്ട അവന്റെ മനസ്സിനെയോർത്തായിരുന്നു. 

അതിനിയും കണ്ണികൾ ഛേദിച്ചു പുറത്തേക്കുവന്നാൽ.....!"


"ജിതാ ഞാൻ..ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടിയിട്ടല്ല......കാലങ്ങൾക്കു ശേഷം നിന്നെയിങ്ങനെയൊരു അവസ്ഥയിൽ കാണുമെന്ന്....

നീയെങ്ങനെയാടാ ഇങ്ങനെയായിത്തീർന്നത്...? "


പിന്നെയുള്ള കുറച്ചു നിമിഷങ്ങളെ തരണം ചെയ്യാൻ ഞാൻ നല്ല പാടുപെട്ടു.

ഇരുകൈകൾക്കൊണ്ടും മുഖം മറച്ചിരിക്കുകയാണവൻ.

ഞാൻ മെല്ലെ അവന്റെ തോളിൽ തൊട്ടതും അവൻ മുഖം തിരിച്ചെന്നെ നോക്കി.

ആ മുഖം ശാന്തമായിരുന്നു, കൺകോണിലായി നീർത്തിളക്കം കാണാമായിരുന്നു.


"രൂപാ... നീ വിഷമിക്കണ്ട, ഇനിയൊന്നിനും എന്നെ കുത്തിനോവിക്കാനാവില്ല.

എനിക്ക് വേദനിക്കില്ല, കാരണം അതിന്റെയൊക്കെ ഏറ്റവും വലിയനിലയിൽ ചെന്ന് നിൽക്കുവാണ് ഞാനിപ്പോൾ, തിരിച്ചിറങ്ങിയാലും, താഴേക്കുനോക്കിയാലുമെല്ലാം ചെറുത്.

 അവളനുഭവിച്ച വേദനകൾക്ക് മുന്നിൽ മറ്റുള്ളതൊക്കെയുമെത്ര നിസാരം.

എന്റെ ദുസ്വപ്നങ്ങളിൽ പോലും ഞാൻ കരുതിയിരുന്നില്ല ദൈവം എനിക്കായ് ഇങ്ങനെയൊന്നു കരുതിവയ്ക്കുമെന്ന്.

നീ വാ.."


അവനുപിന്നാലെ ഞാനും വാതിൽ കടന്നു വരാന്തക്കപ്പുറമുള്ള മുറ്റത്തേക്കിറങ്ങി.


"വിവാഹജീവിതത്തതിന്റെ കാര്യത്തിൽ നമ്മൾ ആൺകുട്ടികളും ഒട്ടും പിന്നിലല്ല സ്വപ്നം കാണാൻ, അങ്ങനെയല്ലേ..? 

നിനക്കറിയുമോ, 

പതിനാറാം വയസുമുതൽ ഞാൻ കണ്ട സ്വപ്നങ്ങൾക്കും, ശ്വസിച്ച വായുവിനും, കണ്ണിൽ തെളിഞ്ഞ കാഴ്ച്ചകൾക്കും അങ്ങനെയൊക്കെത്തിനും അവളുടെ കൂട്ടുണ്ടായിരുന്നു.

ആ അവളെന്റെ മുന്നിൽ മരിച്ചുവീഴുമ്പോൾ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഒരു രാത്രിയുടെ  പോലും സുരക്ഷിതത്വം കൊടുക്കാൻ കഴിയാത്ത ഞാനെന്തൊരു ഭർത്താവായിരുന്നെടാ...!

നീ വാ, ഞാനവളെ കാട്ടിത്തരാം...."


എന്നെയും കൊണ്ടവൻ പോയത് തൊടിയിലേക്കായിരുന്നു.


"ഇവിടെയവളുണ്ട്.... "


കുഴിമാടം കണ്ടതും വീണ്ടും ഞാൻ മൗനത്തെ കൂട്ടുപിടിച്ചു.


"ചെറിയ കുട്ടിയായിരുന്നു, എന്റെ നെഞ്ചിന്റെ അത്രയേ ഉയരമുള്ളു.

ഇനിയൊരാഗ്രഹമേ അവശേഷിക്കുന്നുള്ളൂ, അവളെയടക്കിയതിന് അടുത്തായി അവളുടെ തല എന്റെ നെഞ്ചിനോടുചേർന്നു നിൽക്കുംപോലോരു കുഴിയിൽ, അവളെ ചേർത്തുപിടിച്ചെന്നതുപോലെയൊരുറക്കം...!!!

സത്യത്തിൽ എനിക്ക് ഭ്രാന്തൊന്നുമുണ്ടായിരുന്നില്ല,അവളുടെയടുത്തേക്കു വേഗം പോകാനും, അവളനുഭവിച്ചതിന്റെ ഒരുതരിയെങ്കിലും വേദനയനുഭവിക്കാൻ വേണ്ടിയിട്ടു ചെയ്തുകൂട്ടിയതൊക്കെ അവളോടുള്ള എന്റെ പ്രണയത്തിന്റെ, 

അല്ലെങ്കിൽ അവൾക്കുവേണ്ടിയൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തുള്ള വേദനയുടെ പ്രതിഫലനമായിരുന്നു..."


 അവൻ പറയുന്നതൊന്നും മനസ്സിലാകാതെ ഞാനവനെ നോക്കി.


"രൂപൻ, നിനക്കോ നമ്മുടെ മറ്റു കൂട്ടുകാർക്കോ അറിയാത്തൊരു ഞാനുണ്ടായിരുന്നു . 

ഞാൻ   ജീവിച്ചതേറെയും അവളും ഞാനും മാത്രമുള്ളൊരു ലോകത്തായിരുന്നു.

എട്ടുവർഷം ഞങ്ങൾ പ്രണയിച്ചു , അഗ്നിസാക്ഷിയായി സ്വന്തമാക്കും എത്രയോ മുൻപേ തന്നെ അവളെൻറെ സ്വന്തമായിരുന്നു.

ഞങ്ങൾ നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും എത്ര രസമുള്ളതായിരുന്നു .

അങ്ങനെയവളുടെയൊരു സ്വപ്നമായിരുന്നു,

രാത്രിയിൽ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിൽ, ഭൂമിയും, മനുഷ്യരും മൃഗങ്ങളും അങ്ങനെ സർവ്വതും ഉറങ്ങുന്ന, ആ നേരത്തു എന്നോടുചേർന്നിരുന്നു  നിലാവിന്റെ ഭംഗി കാണണമെന്ന്.

നിശബ്‌ദമായ താഴ്‌വരയിൽ അവൾക്കെന്നോടൊപ്പം ഇരുൾമാറി നിലാവ് പടരുന്നതും പിന്നീട് പുലരി തെളിയുന്നതുമൊക്കെ കാണണമായിരുന്നു.

അങ്ങനെ ഞങ്ങളൊരുമിച്ചുള ജീവിതം ഒരിക്കലുമവസാനിക്കാതെ കടന്നുവരുന്ന ഓരോ പകലിനെയും രാവിനെയും  ഒരുമിച്ചു  സ്വാഗതം  നൽകി മടക്കിയയക്കണമെന്നു....!!!

കല്യാണവീട്ടിലെ തിരക്കൊഴിയാനൊന്നും നിന്നില്ല, അവളുടെ വീട്ടിൽനിന്നു ആളുവന്നുപോയതും ഞാനവളെയും കൊണ്ട് പറന്നു....!!!

ഞങ്ങളൊരുമിച്ചുള്ള അവസാനയാത്രയായിരുന്നു, ഞങ്ങളൊരുമിച്ചുള്ള ആദ്യരാത്രിയും !!"


അവന്റെ ശബ്‌ദമൊന്നു ഇടറിയതുപോലെ തോന്നി.


"സ്ഥലമൊന്നും നോക്കിയില്ല പാലയൊക്കെ കഴിഞ്ഞു കുറെയങ്ങു പോയി.

ഒരു കുന്നിൻ മുകളിൽ കൊണ്ടുപോയി അവളെ നിർത്തിയപ്പോൾ നിനക്കറിയുമോ അത്രയും സന്തോഷത്തിൽ ഇതിനുമുൻപ് ഞാനവളെ  കണ്ടിട്ടില്ല .....!!!

എത്ര ആസ്വദിച്ചിട്ടും വെള്ളിവെളിച്ചം പൊഴിച്ച് രാവ് ഞങ്ങളെ വീണ്ടും വീണ്ടും കൊതിപ്പിച്ചുകൊണ്ടേയിരുന്നു  .

അങ്ങനെ സ്വയം മറന്നു നിൽക്കുമ്പോഴാണ് മനുഷ്യരുടെ രൂപം മാത്രമുള്ള ആ കാട്ടാളന്മാർ, അവരൊരു നാല് പേരുണ്ടായിരുന്നു.

അവസാനം വരെയും ഞാൻ പൊരുതിനിന്നു എന്റെ പെണ്ണിനുവേണ്ടിയിട്ട്..,

പക്ഷേ.."


അവൻ പെട്ടന്ന് തലയുടെ  പുറകിലായി തലോടി..എനിക്ക് പിന്തിരിഞ്ഞുനിന്നു.


"നീയിവിടെയൊന്നു തൊട്ടേ..."

എന്റെ കൈപിടിച്ചവൻ അവിടെ തൊടുവിച്ചു.


"ദേ ഇവിടെയായിട്ടാവണം, കണ്ണിലേക്കു ഇരുട്ടങ്ങു കേറിയന്നെ.

ബോധം വരുമ്പോൾ ആരൊക്കെയോ ചുറ്റിനും കൂടിയിട്ടുണ്ടായിരുന്നു .

മണിക്കൂറുകൾക്കു മുൻപ് ഞങ്ങൾ കൈകോർത്തിരുന്ന കുന്നിനു താഴെയായി അവളുടെ ദേഹം വെറും ശരീരം മാത്രമായി............"


"ദൈവമേ....!!!"

ഞാൻ പോലുമറിയാതെ ഞാൻ വിളിച്ചുപോയി.

എന്റെ രണ്ടുകണ്ണുകളും നിറഞ്ഞൊഴുകുമ്പോഴും അവന്റെ കണ്ണുകളിൽ കണ്ണുനീരിന്റെ ഒരുകണിക പോലുമുണ്ടായിരുന്നില്ല.


പതിയെ വീടിനോടു ചേർന്ന് പിന്നാമ്പുറത്തുള്ള വരാന്തയിലേക്ക് ഞങ്ങളൊരുപോലെയിരുന്നു.


"ഇരുപത്തിമൂന്നു വർഷം വരെ ഒരുപോറലുപോലുമേൽപ്പികാതെ അവളെ നോക്കി വളർത്തിയ അവളുടെ അച്ഛൻ അന്നെന്റെ  കൈകൾ പിടിച്ചു അവളെ തരുമ്പോൾ, എന്നിലർപ്പിച്ച ആ വിശ്വാസം...!!!!!!!, 

അവന്മാർ ഇല്ലാതാക്കിയത്  ആ വിശ്വാസമല്ലേടാ, ഞങ്ങളുടെ ജീവിതമല്ലേ..!

അവൾ പോയപ്പോൾ ഈ ലോകത്തെ ഏറ്റവും തോൽവിയായ ആണൊരുത്തൻ എന്ന ബഹുമതിയൊന്നും എന്നെ തളർത്തിയില്ല.

അവളന്നനുഭവിച്ച ആ വേദന, ശരീരംകൊണ്ടു മാത്രമല്ല, നൊന്തുപിടഞ്ഞ ആ മനസ്സിനെയോർത്താടാ ഞാൻ....!"

നീ പറഞ്ഞപോലെ എന്റെ ആവശ്യം.......


"ജിതൻ !" ഞാൻ ഇടക്കുകയറി വിളിച്ചുപോയി.


ശബ്‌ദിക്കാനാവുന്നില്ല..!

ഇങ്ങനെയൊരു ദുരന്തം , ഇങ്ങനെയൊന്നു ചെയ്യാൻ മനുഷ്യന് കഴിയുമോ ..!!?


അവരൊരുമിച്ചുള്ള ജീവിതത്തതിന്റെ ആദ്യ പടിയിൽത്തന്നെ അവൾക്കുവേണ്ട ഏറ്റവും വലിയ സന്തോഷം കൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട അവനെ നീയെന്തിനു ഇങ്ങനെ തീരാവേദനയിലാഴ്ത്തി.

മനസ്സിന്റെ സമനില തെറ്റിയതെത്രയോ ഭേദം , സമചിത്തതയോടെ ഒരാൾക്കും നേരിടാനാവില്ല ഇരുൾനിറഞ്ഞ ഇങ്ങനെയൊരു പകലിനെ...!

എത്രയോ നേരം കഴിഞ്ഞാണ് അവിടെ നിന്നും മടങ്ങിയത്.

അവനോടൊന്നും തന്നെ പറയാനുണ്ടായിരുന്നില്ല,ഇനിയൊന്നും ചോദിച്ചറിയാനുമില്ല. 

അവർക്കു വിധിച്ച വധശിക്ഷയൊന്നും അവന്റെ നഷ്ട്ടങ്ങൾക്കു പകരമാവില്ലലോ...! 

മനുഷ്യ മനസാക്ഷി മരച്ചിരുന്നു.


"നീ വന്നല്ലോ... "

അവനെത്രയോ തവണ ഇതുതന്നെ പറയുന്നുണ്ടായിരുന്നു.


"വണ്ടി കിടക്കുന്നവിടം വരെ ഞാൻ വരുന്നില്ല..."


അവൻ ഗെറ്റ് വരെ എന്നെയനുഗമിച്ചു.

തിരിച്ചുവന്നു വണ്ടി സ്റ്റാർട്ടാകുമ്പോൾ എന്റെ ഹൃദയം വല്ലാതെ വേദനിച്ചു.

ദീപക്കിന്റെ മിസ്സ്കാളുണ്ടായിരുന്നു.


"എടാ നീ കണ്ടാരുന്നോ അവനെ ..?"


"'ഉം .."


"എങ്ങനെയുണ്ടടാ അവന്....? എന്തായി..!!?"


"അവന്റെ സ്വബോധം തിരിച്ചുകിട്ടേണ്ടിയിരുന്നില്ലന്ന്‌ തോന്നണു..."


കൂടുതലൊന്നും പറയാതെ ഞാൻ ഫോൺ വച്ചു.


"നീയില്ലാന്നുള്ള വേദനിക്കുന്ന സത്യത്തേക്കാൾ  എത്രയോ മധുരമാണ് നീയുണ്ടെന്ന് തോന്നിപ്പിക്കുന്ന മിഥ്യ.

തിരിച്ചറിവുകളില്ലാത്ത, സ്വയം സങ്കൽപിച്ചുണ്ടാക്കിയ ലോകം നമ്മോടു കരുണകാണിക്കുമ്പോൾ ,

നോവുന്ന ഈ ലോകത്തു, വെളിവിന്റെ ലോകത്തു എന്തിനാണ് സ്വയം കണ്ണുനീർ  കുടിക്കുന്നത്...!

ഈ വേദന താങ്ങുന്നതിലും എത്രയോ നല്ലതു അവൻ ഭ്രാന്തിന്റെ ലോകത്തു ജീവിക്കുന്നതാണ്. 


സ്നേഹം

💜


രചന: Sithara Rajeevan

To Top