രചന: Pratheesh
അവളെന്റെ സ്വന്തം ഭാര്യയാണെങ്കിലും ചിലപ്പോഴൊക്കെ എനിക്കവളെ ത-ല്ലി കൊ-ല്ലാൻ തോന്നും..., ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ അതും അഞ്ചര വർഷത്തെ നീണ്ട പ്രണയത്തിനു ശേഷം എന്നാൽ പ്രണയിക്കുമ്പോൾ ഞാൻ കണ്ട പെണ്ണെയല്ലായിരുന്നു ഭാര്യയായപ്പോൾ അവൾ,
വലിയ പിടിവാശികളും, തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യവും, അവൾ പറയുന്നത് അനുസരിക്കണമെന്ന ശാഠ്യവും, അവളാണു ഭർത്താവെന്ന രീതിയിലുള്ള നടപ്പുകളും അതും പോരാഞ്ഞ് ഇപ്പോൾ എല്ലാം ഒരു സംശയത്തിന്റെ കണ്ണിലൂടെയാണവൾ എന്നെയും നോക്കി കാണുന്നത്, മൊബൈലിനു റെയ്ഞ്ചിന്റെ പ്രശ്നം വരുമ്പോൾ ഫോണുമായി വീടിനു പുറത്തിറങ്ങി സംസാരിക്കുന്നതു പോലും അവൾ ചെവി വട്ടം പിടിച്ച് കാതോർക്കും ഞാനാരോടാണ്
അവളറിയാതെ പുറത്തു പോയി സംസാരിക്കുന്നതെന്ന് ?
ഇനി ഇതെങ്ങാനും രാത്രിയിലാണെങ്കിൽ കഴിഞ്ഞു കഥ അന്നേരം തൊട്ടവൾ ഭദ്രകാളിയാവും..,
പകൽ സമയങ്ങളിൽ എന്നെ കുറച്ചധികം നേരം അതായത് അവൾ അവളുടെ മനസിൽ എനിക്കനുവദിച്ച സമയത്തിനും അപ്പുറം വാട്ട്സ്ആപ്പിൽ കണ്ടാൽ ഉടനെ അവളുടെ ഫോൺ വരും നിങ്ങൾക്കെന്താ വാട്ട്സ് ആപ്പിൽ പരിപാടി ?
ഏതവളുമായിട്ടാ നിങ്ങളുടെ ചാറ്റിങ്ങ് ?
എന്നും ചോദിച്ചു കൊണ്ട്,
നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരുത്തിയും ശരിയല്ല,
എല്ലാറ്റിനും ഒരു കള്ളദൃഷ്ടിയുണ്ട്,
എന്നൊക്കെയാണ് അവളുടെ സംശയങ്ങൾ,
ഒാഫീസിലെ പെണ്ണുങ്ങളോടൊപ്പം
ഇരുന്ന് ഉച്ചഭക്ഷണം കഴിക്കരുത്,
അവരോടൊപ്പം ചായ കുടിക്കാൻ പുറത്തു പോകരുത്,
അവരോടൊന്നിച്ച് എങ്ങോട്ടും യാത്ര ചെയ്യരുത്,
അവരെ തൊട്ടുരുമി ഇരിക്കരുത്,
അവരോട് കൊഞ്ചികുഴയരുത് തുടങ്ങിയ കർക്കശ നിയമങ്ങൾ വേറെയും,
ഇവിടങ്ങളിലൊക്കെയാണ് പ്രണയം തുടക്കം കുറിക്കുന്നതെന്നാണ് അവളുടെ കണ്ടെത്തൽ,
കൂടെ വീട്ടിലെത്തിയാൽ
ഞാൻ ഫോൺ നോക്കി ചിരിക്കാനും പാടില്ല,
ഇതിലും കഷ്ടമാണ് ഒഫീസ് കഴിഞ്ഞാൽ അടുത്ത ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തണമെന്ന അവളുടെ ആവശ്യം,
നമ്മുക്കാണെങ്കിൽ ഒാഫീസിലെ തിരക്കും ടെൻഷനും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് കുറച്ചെങ്കിലും രസവും ആശ്വാസവും ഉള്ളത് അവിടെയും അവളുടെ ഇഷ്ടത്തിനൊത്ത് തുള്ളണമെന്നു വെച്ചാൽ അതിത്തിരി പാടാണ്,
അവളാണെങ്കിൽ ആറു മണിക്ക് ഒരു മിനുട്ട് ബാക്കിയുള്ളപ്പോൾ തൊട്ട് എവിടെയെത്തിയെന്നും ചോദിച്ച് ഫോണിൽ വിളി തുടങ്ങും ആ ചോദ്യമങ്ങു കേൾക്കുമ്പോൾ തന്നെ മനുഷ്യനു പ്രാന്തു പിടിക്കും,
അവൾക്കങ്ങിനെ വിളിച്ചോണ്ടിരിക്കാം എന്നാൽ നമുക്ക് നമ്മുടെതായ ഒരു ലോകമുണ്ട് അതു നഷ്ടപ്പെടുത്തി ജീവിക്കുക എന്നത് നമുക്കും പ്രയാസമുള്ള കാര്യമാണ് അതവൾ മനസിലാക്കുന്നേയില്ല..,
എന്നാലും ഞാൻ വിട്ടു കൊടുക്കില്ല ഫോൺ ഒാഫാക്കി വെച്ച് ഞാൻ കൂട്ടുകാരോടൊത്ത് പോയിരിക്കും എന്നിട്ട് ഒരു എട്ടരയാവുമ്പോൾ മെല്ലെ വീട്ടിൽ കയറി ചെല്ലും ആ സമയം എന്നെയും കാത്തവൾ പുറത്തു തന്നെയുണ്ടാവും എന്നെ കാണുന്ന നിമിഷം അവൾ മുഖം വീർപ്പിച്ച് അകത്തേക്ക് കയറി പോകും..,
ആ സമയം അവളുടെ മനസിലുണ്ടാവും അവൾ അപ്പോൾ പപ്പടം പൊരിക്കുന്ന ആ തിളച്ച വെളിച്ചെണ്ണയിൽ എന്നെ കൂടി വറുത്തെടുക്കണമെന്ന്,
പക്ഷെ അവളുടെ എല്ലാ റൗഡിത്തരങ്ങൾക്കും അങ്ങിനെ വഴിവെച്ചു കൊടുക്കാൻ പറ്റില്ലല്ലോ..?
അവളുടെ പ്രധാന പ്രശ്നം എപ്പോഴും അവളുടെ കൺവെട്ടത്ത് ഞാനുണ്ടാവണമെന്നതാണ്,
എന്നാലൊ അപ്പോഴും എന്റെ ഫോണിലേക്ക് ഒരു കോളോ മെസേജോ വന്നാൽ അതിനടുത്ത നിമിഷം തന്നെ അവളുടെ തല എനിലേക്ക് വെട്ടി തിരിയും,
എറ്റവും വലിയ തലവേദന അനാവശ്യമായ അവളുടെ ഫോൺവിളിയാണ് ഒരോ അര മണിക്കൂറിലും അലാറം സെറ്റു ചെയ്തു വെച്ച പോലെ അനാവശ്യവും കൃത്യവുമായി അവ വന്നിരിക്കും,
ഒരു കല്യാണത്തിനു പോയാൽ പോലും അവളെന്നെ വിട്ടുമാറുകയേ ഇല്ല, കല്യാണത്തിനു വന്ന ഏതെങ്കിലും പെണ്ണെന്നെ ഒന്നു നോക്കിയാൽ,
എന്റെ ഭാര്യക്ക് സ്വന്തമായി പതിച്ചു കിട്ടിയ ഭൂമിയാണു ഞാൻ എന്ന രീതിയിൽ അവൾ എന്നോടു കുറച്ചു കൂടി ചേർന്നിരിക്കും, അതു കണ്ടും ആ പെണ്ണെനെ പിന്നേയും നേക്കിയാൽ അവളെന്റെ കൈയ്യെടുത്ത് അവളുടെ തോളിലിടും...!
ഇനി ആ കല്യാണത്തിനിടക്ക് തന്നെ വേറെ ഏതെങ്കിലും രണ്ടാമതൊരു പെണ്ണ് കുറച്ചധികം താൽപ്പര്യത്തോടെയോ സ്നേഹത്തോടെയോ എന്നെ എങ്ങാനം നോക്കുന്നതവളുടെ ശ്രദ്ധയിൽ പെട്ടാൽ അന്നു രാത്രി എനിക്കു ശിവരാത്രിയാണ് ഉറങ്ങാൻ പറ്റില്ല,
ഞാൻ ആ പെണ്ണിന്റെ ശ്രദ്ധ ഞാൻ എന്നിലേക്ക് ക്ഷണിച്ചു വരുത്തി,
അവൾക്ക് എന്നിലേക്കുള്ള താൽപ്പര്യത്തെ വളർത്താൻ ഞാൻ സൗകര്യം ഒരുക്കി കൊടുത്തു,
അവളുടെ നോട്ടങ്ങളെ ശക്തമായി തടയാൻ ശ്രമിച്ചില്ല,
പുതിയ ഷർട്ടും ജീൻസും ഇട്ടു സ്പ്രേയും അടിച്ചു ഇറങ്ങിയിരിക്കാണ് കാമുകൻ കളിക്കാൻ.
തുടങ്ങി ഒരോന്നു പറഞ്ഞ്
ചെവി തല കേൾപ്പിക്കില്ല,
അന്നേരം തോന്നും
ഇതിനെ എടുത്തോണ്ടു പോയി കിണറ്റിലിട്ടാലോന്ന് ?
പിന്നെ വിചാരിക്കും അങ്ങിനെ ചെയ്താൽ നമ്മുടെ ഉള്ള വെള്ളം കുടി മുട്ടുമല്ലൊന്ന്,
അതോടെ ആ തീരുമാനവും അവസാനിക്കും,
അങ്ങിനെയിരിക്കെ ഒരു സംഭവമുണ്ടായി എനിക്ക് ഒരു കമ്പനി മീറ്റിങ്ങിന് ഹൈദരാബാദു വരെ പോകേണ്ടതുണ്ടായിരുന്നു അവളും അച്ഛനും കൂടിയാണ് എന്നെ അന്നു കൊണ്ടു വിടാൻ റെയിൽവ്വേസ്റ്റേഷൻ വരെ വന്നത്,
അവൾ വന്ന് റിസർവേഷൻ ചാർട്ടു നോക്കിയപ്പോൾ എന്റെ പേരിനു തൊട്ടു താഴെ ഒരു #അനുരാധ_മംഗൾ എന്നൊരു പേരു കണ്ടത്,
അവരും ഹൈദരാബാദിലെക്കു തന്നെയായിരുന്നു,
അതു കണ്ടതും
അവൾക്കു പിന്നെയും സംശയം ആ സമയം അവൾ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്
"എടോ താൻ കമ്പനി മീറ്റിങ്ങിനു തന്നെയാണോ പോണത് അതോ...? " എന്നതായിരുന്നു
ആ നോട്ടത്തിനർത്ഥം...!
അതു കണ്ടതും
ഞാൻ മുഖം വെട്ടിച്ചു കളഞ്ഞു,
അതെല്ലാം കണ്ടതും ഞാൻ മനസിൽ വിചാരിക്കുകയായിരുന്നു
ഈശ്വരാ വരുന്ന സ്ത്രീ ഒരു തൈകിളവി ആയിരിക്കണേന്ന് "
എന്നാൽ ഈശ്വരൻ അവിടെയും എന്നെ കൈവിട്ടു,
അവൾ എന്നെയും റിസർവേഷൻ ചാർട്ട് ബോർഡിനേയും മാറി മാറി സംശയത്തോടെ നോക്കവേ പെട്ടന്ന് അനുരാധ എന്ന പേരിനു മേൽ ആകാശനീല നെയിൽപോളിഷണിഞ്ഞ ഒരു വിരൽ വന്നു പതിഞ്ഞു,
അതു കണ്ട് ആ വിരലിനുടമയേ ഞാനൊന്നു നോക്കിയതും എന്റെ പ്രതീക്ഷകൾ പാടെ തകർന്നു, ഒരു മുപ്പതിനോടടുത്ത് പ്രായമുള്ള നല്ല കടും നീല ക്ലിഫോൺ സാരിയെല്ലാം ഉടുത്ത് ഒരു മൾട്ടി മദാലസയായ രൂപം"
ആ സ്ത്രീയേ കണ്ടതും അവളുടെ മുഖമൊന്നു കണണമായിരുന്നു,
അവളുടെ ഉള്ളിൽ അന്നേരം കിടന്നു കത്തിയെരിയുന്ന സംശയത്തിന്റെ ആ കനൽ എനിക്കു വ്യക്തമായി കാണായിരുന്നു,
അതു കണ്ടതും ഞാനുറപ്പിച്ചു ഇനി അവളെന്നെ ഒറ്റക്കു വിടില്ലാന്ന്,
എന്നാൽ അച്ഛൻ കൂടെയുണ്ടായിരുന്നത് ഒരു കണക്കിന് സഹായമായി,
എന്നാലവളുടെ മനസ്സ് അന്നേരം സംശയത്തിന്റെ കൊടുമുടി കയറുകയായിരുന്നു,
ട്രെയിൻ വന്നതും പെട്ടന്നു തന്നെ ഞാനതിൽ കയറിയിരുന്നു അതും അവൾക്ക് അത്ര പിടിച്ചിട്ടില്ലെന്ന് അവളുടെ മുഖഭാവങ്ങളിൽ നിന്ന് എനിക്കു മനസിലായി,
അച്ഛനകത്തേക്കു വന്നെങ്കിലും അവൾ ട്രെയിനിന്റെ വിന്റോയിലൂടെ എന്നെ തന്നെ നോക്കുകയായിരുന്നു,
അതിനിടയിൽ അനുരാധ എന്റെ മുന്നിലെ സീറ്റിൽ വന്നിരിക്കുകയും സൗഹാർദപരമായി എന്നെ നോക്കി ഒന്നു ചിരിക്കുകയും ചെയ്തു,
അതു കണ്ടതും അവളുടെ കലിപ്പ് പെരുവിരലിൽ നിന്നു നെറുംതല വരെ കയറുന്നത് ഞാൻ കണ്ടു,
ട്രെയിൻ വിടാൻ തുടങ്ങിയതും അവളുടെ മുഖത്തൊരു ഭാവം പ്രത്യക്ഷപ്പെട്ടു,
"അച്ഛൻ കൂടെയുള്ളത് നിന്റെ ഭാഗ്യം ഇല്ലെങ്കിൽ നിന്നെ ഞാൻ കൊന്നേനെ " എന്ന തരത്തിൽ,
ട്രെയിൻ സ്റ്റേഷൻ വിടാൻ തുടങ്ങിയതോടെ രക്ഷപ്പെട്ടു എന്നു കരുതിയതായിരുന്നു എന്നാലവൾ വീട്ടിലെത്തേണ്ട താമസം വീഡിയോ കോളിലൂടെ അവൾ എന്നെ പിൻതുടരാൻ തുടങ്ങി,
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ട്രെയിനിലും റോഡിലും ഹോട്ടൽ മുറിയിൽ പോലും വീഡിയോ കോൾ വഴി അവളെന്നെ പിൻ തുടർന്നു കൊണ്ടെയിരുന്നു,
എന്നാൽ സംശയത്തിന്റെ കാഠിന്യം മൂത്ത് അന്ന് അർദ്ധരാത്രിയിൽ
എന്നെ വിളിച്ചുണർത്തി ഹോട്ടലിലെ കുളിമുറിയിലും കട്ടിലിനടിയിലും ഞാൻ അനുരാധയേ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ വിഡീയോ കോൾ വഴി അവിടമെല്ലാം കാണണമെന്നു വാശിപിടിച്ചത് എന്നെ സംബന്ധിച്ച് അസഹ്യമായ ഒന്നായിരുന്നു,
എന്നെ ഒരു വിശ്വാസവും ഇല്ലാത്തതു പോലെ ഒരോന്ന് പ്രവർത്തിക്കുക എന്നു വെച്ചാൽ എന്റെ അഭിമാനത്തെ പോലും ചോദ്യം ചെയ്യും വിധമാണ് എനിക്കനുഭവപ്പെട്ടത്,
ആ സംഭവത്തോടെ ഇതിനൊരു തീരുമാനം വേണമെന്ന് എനിക്കും തോന്നി,
തുടർന്ന് കോൺഫ്രൻസ് കഴിഞ്ഞു നാട്ടിലെത്തിയ ഞാൻ വീട്ടിലേക്കു പോകും മുന്നേ നേരെ എന്റെ സുഹൃത്തും വക്കീലുമായ #ജോഷ്വോ_ഡാർവിയെ കാണാനാണു പോയത്,
അവൻ രണ്ടു വഴികളാണു എന്റെ മുന്നോട്ടു വെച്ചത്,
അതിലൊന്ന് ഈ ബന്ധം അവസാനിപ്പിക്കുക എന്നതായിരുന്നു,
എന്നാൽ
എല്ലാം ഉപേക്ഷിച്ച് എന്നെ വിശ്വസിച്ച് കൂടെ വന്ന അവളെ കുറിച്ച് അങ്ങിനെ ഒന്ന് ആലോചിക്കാൻ കൂടി എനിക്കു സാധിക്കുമായിരുന്നില്ല,
അതിനൊരിക്കലും ഞാൻ തയ്യാറല്ല കാരണം അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്
അതിൽ എന്തു കുറ്റങ്ങൾ വന്നാലും അതു സഹിക്കേണ്ട ബാധ്യത കൂടി എനിക്കുണ്ട് അതു കൊണ്ടു തന്നെ അവളെ ജീവിതത്തിൽ നിന്നെടുത്തു മാറ്റുക എന്നത് എനിക്ക് സാധ്യമല്ല,
ഞാൻ ഉറങ്ങി കിടക്കുമ്പോൾ
അവൾ എന്നെ കൊല്ലുമെന്നു എനിക്ക് ഉറപ്പുണ്ടെങ്കിൽ പോലും ഞാനവളോടൊപ്പമേ ഉറങ്ങു,
അവൾ എന്നെ എന്തും ചെയ്തോട്ടെ ഞാനവളെ അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു,
ജോഷ്വോ പറഞ്ഞ രണ്ടാമത്തെ വഴി ആലോചിക്കാവുന്നതാണെങ്കിലും ഈ പ്രശ്നങ്ങൾക്കിടയിൽ അത് എത്രമാത്രം പ്രാക്റ്റിക്കലാകുമെന്ന് നിശ്ചയമില്ല,
അവനടുത്തു നിന്നു ഇറങ്ങിയെങ്കിലും എനിക്കൊരു തീരുമാനവും എടുക്കാനായില്ല,
അവന്റെ ഒാഫീസിനു മുന്നിലായി
ഒരു ക്രിസ്ത്യൻ പള്ളിയുണ്ട് പെട്ടന്നാണ് അതെന്റെ ശ്രദ്ധയിൽ പെട്ടത് മനസ് അസ്വസ്ഥമായിരിക്കുന്നതു കൊണ്ടു തന്നെ കുറച്ചു നേരം അവിടെ പോയിരുന്നാലോ എന്നൊരു തോന്നൽ പിന്നെ അധികം ഒന്നും ചിന്തിച്ചില്ല നേരെ അങ്ങോട്ടു നടന്നു,
പള്ളിയിൽ ആരും തന്നെയില്ലായിരുന്നു, ഒരു കണക്കിന് അതൊരു സൗകര്യമായി ഞാനവിടെയുള്ള ഒരു ബഞ്ചിലിരുന്നു, പള്ളിക്കുള്ളിൽ ആ സമയം ഞാനും ഈശോയും മാത്രം,
പള്ളിക്കകവും ഈശോയേയും നോക്കിയിരിക്കവേ എന്റെ ഉള്ളു നിറയേ അവളും ജീവിതവും മാത്രമായിരുന്നു,
എങ്ങിനെ ഇങ്ങനെ മുന്നോട്ടു പോകും എന്നെനിക്കൊരു പിടിയുമില്ലായിരുന്നു,
എല്ലാം മനസിലോർത്ത് ഈശോയേ നോക്കിയിരിക്കവേ പെട്ടന്ന് ഈശോയുടെ ദൃഷ്ടി പതിക്കുന്നത്
ഞാൻ ഇരിക്കുന്നതിനും തൊട്ടുമാറി വലതു വശത്താണെന്നൊരു തോന്നൽ ഞാനങ്ങോട്ടു നോക്കിയതും അവിടെയൊരു ബൈബിൾ "
പെട്ടന്ന് ഏതൊ ഉൾപ്രേരണയുടെ പുറത്ത് ഞാനെഴുന്നേറ്റ് ചെന്ന് ആ ബൈബിളിനു മുന്നിൽ ചെന്നിരുന്നു പതിയെ അതെടുത്തു തുറന്നു മെല്ലെ വായിക്കാൻ ശ്രമിക്കവേ,എന്റെ കണ്ണിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്
"ഭയം " എന്ന വാക്കാണ്,
കുറച്ചു നേരം മറ്റൊന്നിലും ശ്രദ്ധ പതിയാത്ത വണ്ണം ആ വാക്കെന്നുള്ളിൽ കിടന്നു തട്ടി കളിച്ചു,
തുടർന്നു വായിക്കവേ
എന്നെ കാത്തൊരു അത്ഭുതം
ആ ബൈബിളിലുണ്ടായിരുന്നു,
ആ അത്ഭുത വാക്ക്യത്തിലായിരുന്നു എന്റെ മനസ്സുടക്കിയത് അതു വായിച്ചു തീർന്നതും എന്റെ ഉള്ളൊന്നു പിടഞ്ഞു "
ഞാനാ കുറച്ചു സമയത്തിനകം
ആ വാക്ക്യം എത്രയോ ആവർത്തി വായിച്ചു തീർത്തു,
ഞാൻ അതുവരെയും അന്വേഷിച്ചതെന്തോ അതിനെനിക്കു ഉത്തരം ലഭിച്ചിരിക്കുന്നു...!
തുടർന്ന് എനിക്കു ലഭിച്ച സഹായത്തിന് ഞാൻ ഈശോയുടെ രൂപത്തിനു മുന്നിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുകയും നന്ദി പറയുകയും ചെയ്തു,
ആ വാക്ക്യം മുൻപ് പല പള്ളിമതിലിലും എഴുതി വെച്ചത് വായിച്ചിട്ടുണ്ടെങ്കിലും അതിന്റെ പൂർണ്ണമായ അർത്ഥത്തലങ്ങളിൽ അതു ഗ്രഹിക്കാൻ കഴിഞ്ഞത് ഈ നിമിഷത്തിലാണ്,
അതെന്റെ ഉള്ളിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി...!
പള്ളിയിൽ നിന്നിറങ്ങുമ്പോൾ എല്ലാം എന്നിൽ വ്യക്തമായിരുന്നു,
ഒരോന്നും എന്നിൽ വളരെ ഭംഗിയായി തന്നെ ഉള്ളിൽ വന്നു നിറഞ്ഞു,
അതു പ്രകാരം ഒരു കാര്യം എനിക്കു മനസിലായി അവൾക്ക് എന്നോടുള്ളത് സംശയമല്ല,
അവളുടെ വിഷയം ഭയമാണ് "
എല്ലാം വിട്ടു വന്നിട്ട്
എന്നെ കൂടി നഷ്ടമാവുമോ എന്ന ഭയം "
ഒരു നോട്ടക്കുറവു കൊണ്ടു പോലും അവൾക്കെന്നെ നഷ്ടമാവരുതെന്ന ഭയം,
അവളുടെ ഉള്ളിൽ ഞാൻ മാത്രമേയുള്ളൂ
ആ എന്നെ ഒരിക്കലും നഷ്ടപ്പെടുത്താനാവാത്ത വിധം അവളുടെ നെഞ്ചോടു ഒതുക്കി പിടിക്കാൻ ശ്രമിക്കുകയാണവൾ ചെയ്യുന്നത് "
അവൾ അതിനായി സ്വീകരിക്കുന്ന വഴികൾ ചിലപ്പോൾ എനിക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാവാം എന്നാൽ അതുവഴിയുള്ള അവളുടെ ഉദേശം മഞ്ഞു പോലെ വിശുദ്ധമാണ്,
അതോടെ ജോഷ്വോ പറഞ്ഞ രണ്ടാമത്തെ കാര്യം പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും എന്നു തോന്നി,
അവൻ പറഞ്ഞ രണ്ടാമത്തെ കാര്യം,
ഒരു കുഞ്ഞില്ലാത്തതാണ്
അവളുടെ പ്രശ്നമെന്നാണ്,
ഒരു കുഞ്ഞ് ഉദരത്തിൽ ജന്മമെടുക്കുന്നതു മുതൽ അമ്മമാർ അതിന്റെ തിരക്കിൽ അകപ്പെട്ടു പോകും അങ്ങിനെ വരുമ്പോൾ ഇപ്പോഴുള്ള പല കാര്യങ്ങൾക്കുമുള്ള സമയം ഉണ്ടായെന്നു വരില്ല എന്നാണവൻ പറഞ്ഞത്, അതു ശരിയാണെന്ന് എനിക്കും തോന്നി,
തുടർന്ന് വരുന്ന വഴിക്ക് മറ്റൊരു ഫ്രണ്ടിനെ വിളിച്ച് പലപ്പോഴായി മാറ്റിവെച്ച ഞങ്ങളുടെ ഹണിമൂൺ ട്രിപ്പ് നടത്താനുള്ള കാര്യങ്ങൾ കൂടി ശരിയാക്കാൻ ഏർപ്പാടാക്കി,
ഇനി എന്റെ കഴിവു തെളിയിച്ച ശേഷമേ ഹണിമൂൺ അവസാനിപ്പിക്കു എന്നു ഞാനും അങ്ങു തീരുമാനിച്ചു...!
അവൾക്കറിയില്ല എന്നെ ഞാൻ വേണ്ടാന്നു വെച്ചിട്ടാണ്
ഇനി ഏതായാലും യുദ്ധക്കാലാടിസ്ഥാനത്തിൽ ഡബിൾഡ്യൂട്ടിയും ഒാവർടൈമും എടുത്ത് ഇതിലൊരു തീരുമാനമാക്കിട്ടെയുള്ളൂ ബാക്കി കാര്യം.,
ഇരട്ടക്കുട്ടികൾ തന്നെ
എന്റെ ലക്ഷ്യമായി ഞാനങ്ങ് തീരുമാനിച്ചു,
അന്ന് ഞാൻ വീട്ടിലെത്തിയത്
അവൾക്ക് ഏറ്റവും ഇഷ്ടമുള്ള മസാലദോശയും വാങ്ങിയായിരുന്നു എന്റെ വരവും കാത്തവൾ വീടിനു മുന്നിൽ തന്നെയുണ്ടായിരുന്നു,
എന്നെ കണ്ടതും
അവളുടെ കണ്ണുകളിൽ അളവില്ലാത്ത സ്നേഹത്തിന്റെ ഒരു ദിവ്യപ്രകാശം തെളിഞ്ഞു,
അതെ നിമിഷം ആ ബൈബിൾ വാക്ക്യം എന്റെയുള്ളിലും വന്നു നിറഞ്ഞു,
"നിന്റെ സമ്പാദ്യം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും " എന്നത്,
അതെ അവളുടെ ഏറ്റവും വലിയ
ആ സമ്പാദ്യം ഞാനാണ്......! (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ....)