രചന: അമ്മു സന്തോഷ്
മനുവിന് എന്തൊ പറയാനുണ്ടെന്ന് രണ്ടു ദിവസമായി എനിക്ക് തോന്നുന്നുണ്ടായിരുന്നു. വിവാഹം കഴിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളു എങ്കിലും ആ ഭാവഭേദങ്ങൾ ഒക്കെ എനിക്ക് മനഃപാഠമായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ നീ കഴിച്ചോ എന്ന് ചോദിക്കാനൊരിക്കലും മറക്കാത്ത ആൾ എന്തൊ കഴിച്ചുവെന്ന് വരുത്തി എഴുന്നേറ്റു പോകുന്നത് ഞാൻ ശ്രദ്ധിച്ചു.
ആദ്യമൊക്കെ അത് ഓഫീസിലെന്തെങ്കിലും ടെൻഷൻ ആവുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതല്ല. ഇനി വല്ല... റിലേഷനും.. അങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ് എന്നെനിക്കറിയാം കാരണം ഒരു പെണ്ണിന്റെ ചതിയുടെ വേദനയിൽ ഇനിയൊരു കല്യാണം വേണ്ട എന്ന് ചിന്തിച്ച ആളാണ്. അമ്മയുടെ കണ്ണീരിനു മുന്നിൽ തോറ്റു കൊടുത്തപ്പോൾ എന്നെ സ്നേഹിക്കാൻ കഴിയും എന്ന് ചിന്തിച്ചിരുന്നില്ല എന്ന് ആൾ തന്നെ പറഞ്ഞിട്ടുണ്ട്.
സത്യം പറയാമല്ലോ എന്റെ ആദ്യപ്രണയം മനുവായിരുന്നു . കാണാൻ വന്ന നാൾ മുതൽ ഉള്ളിൽ കേറി കൂടിയ ആളാണ്. അതാണ് ആളിന്റെ രണ്ടാമത്തെ വിവാഹം ആയിട്ടും ഇത് മതി എന്ന് വാശി പിടിച്ചത്.
പക്ഷെ ആളിനെ സ്നേഹിച്ചപ്പോ കല്ല് പോലത്തെ ആ മനസ്സ് ആലിപ്പഴം പോലെ അലിഞ്ഞു. പ്രണയത്തിന്റ, കരുതലിന്റെ, വാത്സല്യത്തിന്റെ ഒക്കെ രാജകുമാരനായി മനു. ..
മനുവിന്റെ ഷർട്ട് കഴുകുമ്പോൾ എനിക്കൊരു ട്രെയിൻ ടിക്കറ്റ് കിട്ടി. ഇന്നലെ ഓഫീസിൽ പോയിട്ടില്ല. പകരം ദൂരെ ഒരു നഗരത്തിൽ.. എന്റെ ഉള്ളിൽ ഒരു വേദന നിറഞ്ഞു. എന്തിനാണ് എന്നെ ഒളിച്ചത്? പക്ഷെ ഞാൻ ചോദിച്ചില്ല. ചിലത് ചോദിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു പാട് ചുഴിഞ്ഞു പരിശോധിക്കാതെയും ഇരിക്കുക. എന്നോട് പറയാൻ തോന്നുന്നു എങ്കിൽ പറയട്ടെ. പക്ഷെ അങ്ങനെ തീരുമാനിച്ചാലും അത് നടക്കുകയൊന്നുമില്ല. മനു എനിക്ക് മുഖം തരുന്നില്ല.
"മനു ഞാൻ എന്റെ വീട്ടിൽ വരെ പോയി വരട്ടെ?"
മനു അമ്പരന്ന് എന്നെ നോക്കി. ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"രണ്ടു ദിവസം കഴിഞ്ഞു വരാം"
ഞാൻ ഒറ്റയ്ക്ക് വീട്ടിൽ പോകുന്നത് മനുവിന് അത്ര ഇഷ്ടം ഉള്ള ഒന്നല്ല. മനു പക്ഷെ തലയാട്ടി അനുവാദം തന്നു.
ഞാൻ വീട്ടിലേക്ക് പോയി.
"അഞ്ജലി നീ അറിഞ്ഞോ മനുവിന്റെ ആദ്യ ഭാര്യയില്ലെ.. അവൾ മരിച്ചു ആക്‌സിഡന്റ് ആയിരുന്നു"
ഞാൻ എന്റെ അമ്മയെ ഞെട്ടി നോക്കി.
"നിന്റെ അച്ഛനാണ് പറഞ്ഞത് നിന്നോട് പറയണ്ട എന്നും പറഞ്ഞു.. പത്രത്തിൽ ഉണ്ട്. നീ കണ്ടില്ലേ?"
ഞാൻ പത്രം രണ്ടു ദിവസം കണ്ടില്ലല്ലോ എന്നോർത്തു. അല്ലെങ്കിലും മൊബൈൽ ന്യൂസ് കാണുന്നത് കൊണ്ട് പത്രം എന്നും നോക്കാറില്ല.. രണ്ടു ദിവസായി ഓഫീസിൽ എനിക്കും ജോലി കൂടുതൽ ആയിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല.
ഞാൻ മനുവിനെ ഓർത്തു. എന്നോട് പറയാൻ കഴിയാതെ നീറി നീറി.. എങ്ങനെ പറയുമെന്നോർത്ത് ആധി പിടിച്ച്
ഒരിക്കൽ ജീവനെ പോലെ സ്നേഹിച്ചവളെ മറക്കുന്നത് എങ്ങനെ? എത്ര ചതിച്ചാലും, ഉപേക്ഷിച്ചു പോയാലും മരിച്ചു പോയി ഓർക്കുമ്പോൾ...
അപ്പൊ മനു പോയത് ആ ശരീരം കാണാനായിരുന്നു. എനിക്ക് അപ്പൊ മനസിലായി.
ഞാൻ അടുത്ത ബസിന് തന്നെ തിരിച്ചു പോരുന്നു.
കിടക്കയിൽ മനു ഉണ്ടായിരുന്നു. ആകെ തകർന്നു പോയ പോലെ..
ഞാൻ ആ ഉടലിനോട് ചേർന്നു കിടന്നു..
"പോട്ടെ മനു.. സാരോല്ല.. ഞാൻ ഇപ്പോഴാ അറിഞ്ഞത് അമ്മ പറഞ്ഞപ്പോൾ" ഞാൻ ആ ശിരസ്സിൽ തലോടി.
മനു പെട്ടെന്ന് തിരിഞ്ഞു എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
"എന്നോട് ക്ഷമിക്കണേ.. ഞാൻ
ഞാൻ..."
ഞാൻ ആ ശിരസ്സ് എന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..
"ഞാൻ കരുതി നീ അറിഞ്ഞിട്ടുണ്ടാവുമെന്ന്.. എന്നോട് അതേ കുറിച്ച് ഒന്നും ചോദിക്കാഞ്ഞപ്പോ എനിക്ക് എങ്ങനെ അത്... അവളെ ഞാൻ ഒരു പാട് സ്നേഹിച്ചിരുന്നു അഞ്ജു.. അത്രയും സ്നേഹിച്ചിട്ട് പോലും എന്നെ നിസാരമായി ഉപേക്ഷിച്ചു പോയിട്ടും വെറുത്തിട്ടില്ല. എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കണേ എന്ന് പ്രാർത്ഥിച്ചിട്ടേയുള്ളു. മരിച്ചു പോയി എന്ന് കേട്ടപ്പോ.. സഹിക്കാൻ കഴിഞ്ഞില്ല. അവസാനമായി ഒന്ന് കാണാൻ തോന്നി.. നിന്നേ കൂട്ടാൻ എനിക്ക് തോന്നിയില്ല. അത് നിന്നേ വേദനിപ്പിക്കും. എത്രയാണെങ്കിലും സ്വന്തം ഭർത്താവ് വേറെ ഒരു പെണ്ണിനെ ഓർത്തു കരയുന്നത് ഒരു ഭാര്യയും സഹിക്കില്ല എന്ന് എനിക്ക് തോന്നി."
"അത് വെറുതെ തോന്നൽ മാത്രം ആണ് മനു.. എന്നെ അറിയില്ലേ മനുവിന്?ആ മരണം ഞാൻ അറിഞ്ഞില്ല. അല്ലെങ്കിൽ ഞാനും ഒപ്പം വന്നേനെ. . മരണം ഒരു അവസാനം അല്ലെ മനു?മനു അവളെ ഓർത്തു കരയുമ്പോൾ അത് മനുവിന്റെ മനസിന്റെ നൻമ അല്ലെ? അവിടെ ദേഷ്യമില്ല, വാശിയോ പകയോ ഇല്ല. അങ്ങനെ അല്ലെ? ആത്മാവിനെങ്കിലും സമാധാനം കിട്ടട്ടെ.."
മനു അൽപനേരം കഴിഞ്ഞു ശാന്തനായി..
അപ്പൊ ഞാൻ പറഞ്ഞു
"എനിക്ക് വേദന തോന്നുക എന്നോട് എന്തെങ്കിലും ഒളിക്കുമ്പോളാണ്. മറച്ചു പിടിക്കുമ്പോൾ ആണ്. നമ്മൾ ഒന്നാണ് മനു.. നമുക്കിടയിൽ മതിലുകൾ വേണ്ട. ഞാൻ എന്റെ മനുവിന്റെയാണ്. മനു എന്റെയും"
മനു എന്നെ ചേർത്ത് പിടിച്ചു ..
"എന്റെ ഭാഗ്യാ നീ.. സത്യം"
ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കണ്ണുകൾ..
ആ കണ്ണുകൾക്ക് മുകളിൽ ഞാൻ മൃദുവായി ചുംബിച്ചു.. മനു എന്നെ ഇറുകെ കെട്ടിപ്പുണർന്നു.
ഞങ്ങൾ ഒറ്റ മനസായി, ഒറ്റ ഉടലായി തമ്മിൽ അലിഞ്ഞലിഞ്ഞ് . അങ്ങനെ... അങ്ങനെ... അങ്ങനെ...
ലൈക്ക് കമന്റ് ചെയ്യണേ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ...