മോഹങ്ങൾ കൊണ്ട് പണിതുയർത്തിയ സാങ്കല്പിക കൊട്ടാരത്തിലെ സ്വയംവര...

Valappottukal

 


രചന: സജി തൈപ്പറമ്പ്


ഡീ ദേവൂ ... നീയാ വീടിൻ്റെ മുകളിൽ നില്ക്കുന്ന ചുള്ളൻ ചെക്കനെ കണ്ടോ?


കവലയിലേക്ക് ,തയ്യല് പഠിക്കാനായി ,ഗ്രാവല് വിതറിയ റോഡിലൂടെ നടന്ന് പോകുമ്പോൾ, കൂട്ടുകാരി സുമിത്ര അവളോട് ചോദിച്ചു.


അത് കേട്ടവൾ ഇടം കണ്ണിട്ട് ഇടത് വശത്തെ ആ പഴയ ബംഗ്ളാവിൻ്റെ മട്ടുപ്പാവിലേക്ക് പാളി നോക്കി.


ശരിയാണ്, അവിടെ ഒരു യുവകോമളൻ തങ്ങളെ കണ്ണിമയ്ക്കാതെ നോക്കി നില്ക്കുന്നത്, ദേവശ്രീയും കണ്ടു.


വായിനോക്കി..., 

നീയെന്തിനാ അങ്ങോട്ട് നോക്കാൻ പോണത്? നിനക്ക് നേരെ നോക്കി നടന്നാൽ പോരെ?


ദേവശ്രീ ,അനിഷ്ടത്തോടെ സുമിത്രയോട് ചോദിച്ചു.


അയാള് ചുമ്മാതെ നോക്കുന്നതല്ലെടീ .. അയാൾക്ക്‌ നിൻ്റെ മേലൊരു കണ്ണുണ്ടെന്ന്, എനിക്ക് നേരത്തെ ഡൗട്ടടിച്ചതാണ്,


പിന്നേ... ,ഒന്ന് പോ പെണ്ണേ , വല്യ വീട്ടിലെ മൊതലാളി ചെക്കൻ എന്നെ നോക്കിയെന്നോ ?പുളുവടിക്കാതെ നടക്കുന്നുണ്ടോ നീയ്?


ദേവശ്രീ ശുണ്ഠിയോടെ പറഞ്ഞു.


ഓഹ് എങ്കിൽ നീ വിശ്വസിക്കണ്ടാ, നീ നോക്കിക്കോ ?ഒരിക്കൽ തൻ്റെ ഇഷ്ടം തുറന്ന് പറയാനായി അയാൾ നിൻ്റെ പിറകെ വരും,


ദേ സുമിത്രേ... കിന്നാരം പറയാൻ നില്ക്കാതെ, നീ വേഗം നടക്കാൻ നോക്ക്


ദേവശ്രീ,കൂട്ടുകാരിയെ ശാസിച്ച് കൊണ്ട് മുന്നോട്ട് നടന്നു. 


###################


പിറ്റേന്ന് ദേവശ്രീ തനിച്ചായിരുന്നു തയ്യൽ കടയിലേക്ക് പോയത്.


ആ പഴയ ബംഗ്ളാവിൻ്റെ നീളമേറിയ പുറം മതില് തുടങ്ങുന്ന ഭാഗത്തെത്തിയപ്പോൾ ,

എന്ത് കൊണ്ടോ, ദേവശ്രീയുടെ നെഞ്ചിടിപ്പിന് വേഗം കൂടി .


ഗ്രാവല്റോഡിൻ്റെ അരിക് ചേർന്ന് മുന്നോട്ട് നടന്നുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ, ഇടത്തേയ്ക്ക് നോട്ടമയക്കാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.


അവിടെ ആ വിശാലമായ മട്ടുപ്പാവിൽ ,ആ ചുള്ളൻ ചെക്കൻ തന്നെ നോക്കി നില്ക്കുന്നുണ്ടെന്ന്, ഒരു നിഴൽ പോലെ ഇടംകണ്ണിലൂടെ അവൾ കാണുന്നുണ്ടായിരുന്നു.


അത്യാഗ്രഹമാണ്, 

വല്യ വീട്ടിലെ ചെക്കനാണ് ,താനാണെങ്കിൽ അവരുടെ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല് വയലുകളിൽ ,

വിത്തെറിയുകയും ,

ഞാറ് നടുകയും, കളപറിക്കുകയുമൊക്കെ ചെയ്യുന്ന, വെറുമൊരു പണിക്കാരൻ്റെ മകളും


എല്ലാമറിയാമായിരുന്നിട്ടും ഉള്ളിൻ്റെയുള്ളിൽ മുള പൊട്ടിയ ആഗ്രഹങ്ങളെ ചങ്ങലയ്ക്കിടാൻ ,അവൾക്ക്  കഴിയാതെ വന്നു


അവൻ തന്നെ, ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ, 

ആ സ്നേഹത്തെ താനെന്തിന് തിരസ്കരിക്കണം.


മോഹവലയത്തിലകപ്പെട്ടു പോയ ,അവളപ്പോൾ

തൻ്റെ ഭ്രമത്തെ ന്യായീകരിച്ചു .


തൻ്റെയൊരു കടാക്ഷത്തിനായി അനുരാഗ വിലോചിതനായി ,

മട്ടുപ്പാവിൽ നില്ക്കുന്ന  ഗന്ധർവ്വനെ രണ്ടും കല്പിച്ചവൾ തിരിഞ്ഞ് നോക്കി


ആ ഒരു തിരിഞ്ഞ് നോട്ടത്തിനായി,

മിഴി നീട്ടി നിന്ന അയാൾ അവളെ നോക്കി മധുരമായി പുഞ്ചിരിച്ചു.


ആ മന്ദഹാസത്തിൽ മയങ്ങിപ്പോയ അവളും മറു ചിരി അവന് നല്കി.


അവളുടെ ലജ്ജയൊളിപ്പിച്ച

നുണക്കുഴികളിലും 

തുടുത്ത കപോലങ്ങളിലും അയാൾ തൻ്റെ ലക്ഷ്യം കുറിച്ചു.


####################


നിൻ്റെ വയറ് വേദന മാറിയില്ലേ സുമിത്രേ?


മൂന്നാം ദിവസവും കൂട്ടുകാരി,തയ്യല് പഠിക്കാൻ വരുന്നില്ലെന്നറിഞ്ഞ ദേവശ്രീ,

ജിജ്ഞാസയോടെ അവളോട് ചോദിച്ചു.


ഇല്ല ദേവൂ.. നിനക്കറിയാമല്ലോ ?കഴിഞ്ഞ പ്രാവശ്യവും ഇത് തന്നെയായിരുന്നു അവസ്ഥ

മൂന്ന് നാല് ദിവസം കടുത്ത വയറ് വേദനയായിരിക്കും


ഉം എങ്കിൽ ഞാൻ പോട്ടെ ഇപ്പോൾ തന്നെ നേരം ഒത്തിരിയായി,


സുമിത്രയോട് ധൃതിയിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ ലക്ഷ്യം തയ്യൽകട ആയിരുന്നില്ല


ആ വലിയ മതിൽക്കെട്ടിനകത്ത്

തലയെടുപ്പോടെ നില്ക്കുന്ന കൂറ്റൻ ബംഗ്ളാവിൻ്റെ അകത്തളങ്ങളായിരുന്നു


തലേ ദിവസം തന്നോട് സംസാരിച്ചപ്പോൾ ,തൻ്റെ വീട്ടിലെ വലിയ പൂജാമുറിയിൽ ശ്രീകൃഷ്ണൻ്റെ

പഞ്ചലോഹവിഗ്രഹമുണ്ടെന്നും അത്രയും വലിയൊരു വിഗ്രഹം കേരളത്തിൽ ഒരൊറ്റ ക്ഷേത്രങ്ങളിൽ പോലും ഇത് വരെ പ്രതിഷ്ഠിച്ചിട്ടില്ലെന്നും, 

നാളെ വീട്ടിൽ വരികയാണെങ്കിൽ അത് കാണിച്ച് തരാമെന്നുമൊക്കെ കൃഷ്ണരാജ് ഇന്നലെ അവളോട് പറഞ്ഞിരുന്നു


ജനിച്ചിട്ട് ഇന്ന് വരെ, ആ ബംഗ്ളാവിലെന്നല്ല, ആ വലിയ മതിൽക്കെട്ടിനകത്ത് പോലും കയറിയിട്ടില്ലാത്ത ദേവശ്രീയ്ക്ക്, തനിക്കൊരിക്കലും കടന്ന് ചെല്ലാൻ കഴിയില്ലെന്നുറപ്പിച്ചിരുന്ന അത്ഭുത ലോകമായിരുന്നു ഇന്നലെ വരെ ആ കൊട്ടാരം


പക്ഷെ, ഇന്ന് തന്നെ അവിടേക്ക് ക്ഷണിച്ചിരിക്കുന്നത് അവിടുത്തെ  രാജകുമാരനാണ്, നാളെയൊരിക്കൽ തന്നെ 

ആ ദേവലോകത്തേയ്ക്ക് പട്ടമഹിഷിയായി കൂട്ടിക്കൊണ്ട് പോകുമെന്ന് ,തൻ്റെ തലയിൽ തൊട്ട് ശപഥം ചെയ്ത, 

കൃഷ്ണരാജെന്ന തൻ്റെ കാമുകൻ


ആഗ്രഹങ്ങൾ അവളുടെ സിരകളിൽ പ്രണയരക്തം നിറച്ചു


മോഹങ്ങൾ കൊണ്ട് പണിതുയർത്തിയ സാങ്കല്പിക കൊട്ടാരത്തിലെ സ്വയംവര കന്യകയായിരുന്നു അവളപ്പോൾ


എന്താ ഇത്ര വൈകിയത്? 

എത്ര നേരമായ് ഞാൻ കാത്ത് നില്ക്കാൻ തുടങ്ങിയിട്ട്?


കൂറ്റൻ ഗേറ്റിന് മുന്നിൽ അക്ഷമയോടെ നിന്ന കൃഷ്ണരാജ് അവളോട് പരിഭവിച്ചു.


ഗേറ്റ് തുറന്നപ്പോൾ, വെളിവായ ബംഗ്ളാവിൻ്റെ, കൊത്ത് പണികളാൽ അലംകൃതമായ പൂമുഖം കണ്ടവൾ, ആശ്ചര്യത്തോടെയാണ് അവനോടൊപ്പം അകത്തേയ്ക്ക് കയറിയത്,


വേഗം നടന്ന് വാ, പുറംപണിക്കാരാരെങ്കിലും കണ്ടാൽ, ക്ഷേത്രത്തിൽ പോയിരിക്കുന്ന അച്ഛനും അമ്മയും തിരിച്ച് വരുമ്പോൾ, അവർ പറഞ്ഞ് കൊടുക്കും,


അയാൾ തെല്ല് ഭീതിയോടെ അവളോട് പറഞ്ഞു.


ങ് ഹേ ?അപ്പോൾ അവരിവിടില്ലേ?


അവൾ ആശങ്കയോടെ ചോദിച്ചു.


ഇല്ല ,എല്ലാ മലയാളമാസം  ഒന്നാം തീയതിയും, ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്ന ശീലം അവർക്കുണ്ട് ,അത് കൊണ്ടാണ്, ഇന്ന് തന്നെ വരാൻ നിന്നോട് പറഞ്ഞത്


അവൻ്റെ നാസിക തുമ്പിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞതും, അവൻ തൻ്റെ വീതിയേറിയ നെറ്റിത്തടം, 

വലത് കൈപ്പത്തി കൊണ്ട് തുടച്ചതും അവളെ ഉത്ക്കണ്ഠാകുലയാക്കി.


മുൻവാതിലിലൂടെ അകത്തേയ്ക്ക് കയറുമ്പോൾ അവളുടെ കൈ കാലുകളിൽ വിറയൽ അനുഭവപ്പെട്ടു.


ഒരു മായിക ലോകത്ത് അകപ്പെട്ട പ്രതീതിയായിരുന്നു അവൾക്കപ്പോൾ 


പൊടുന്നനെ കൃഷ്ണരാജ് അവളെ കെട്ടിപ്പുണർന്നു.


അപ്രതീക്ഷിതമായ അവൻ്റെ പെരുമാറ്റത്തിൽ പകച്ച് പോയ അവൾ, സർവ്വശക്തിയുമെടുത്ത് കുതറി മാറി, എന്നിട്ട് രോഷത്തോടെ അവൻ്റെ കരണത്താഞ്ഞടിച്ചു.


ദേവൂ.. എന്തായിത് ,നിനക്കെന്നെ ഇഷ്ടമല്ലേ? കുറച്ച് നാള് കഴിഞ്ഞ് നീയെൻ്റെ ഭാര്യയാകേണ്ടവളല്ലേ? അപ്പോൾ പിന്നെ ഞാൻ നിന്നെയൊന്ന് കെട്ടിപ്പിടിച്ചെന്ന് കരുതി എന്താ കുഴപ്പം?


അതപ്പോഴല്ലേ? ഞാൻ നിന്നെ സ്നേഹിച്ചത്, നിനക്കെന്നോട് ആത്മാർത്ഥതയുണ്ടെന്ന് കരുതിയിട്ടായിരുന്നു, പക്ഷേ നിൻ്റെ മനസ്സിലെ ദുരുദ്ദേശം, ഇപ്പോഴല്ലേ എനിക്ക് മനസ്സിലായത് ,നീയെന്ത് കരുതി ? പ്രേമിക്കുന്ന പെണ്ണുങ്ങളെല്ലാം, നിൻ്റെ ഇംഗിതത്തിന് വഴങ്ങുന്നവരാണെന്നോ?

ഞങ്ങൾ പെണ്ണുങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിരുകളുണ്ടാവില്ല, 

പക്ഷേ, ആത്മാഭിമാനം പണയം വയ്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ, എത്ര വലിയ ആഗ്രഹത്തെയും ഒരു നിമിഷം കൊണ്ട് ,വേരോടെ പിഴുതെറിയാൻ ഞങ്ങൾക്ക് യാതൊരു മടിയുമുണ്ടാവില്ല, ഓർത്തോ നീയ്,


അതൊരു താക്കീതായിരുന്നു .


കുറച്ച് മുൻപ് വരെ, 

പേടമാനിനെപോലെ ഒതുങ്ങി നിന്നിരുന്നവൾ, ഝാൻസി റാണിയെ പോലെ വീറോടെ ഇറങ്ങി പോകുന്നത് കണ്ട

അയാൾ, അസ്ത്രപ്രജ്ഞനായി നിന്ന് പോയി.

To Top