പകൽ ഞാൻ ഇവിടെ തനിച്ചാണ് കുറച്ചു നേരെത്തെ വന്നൂടെ...

Valappottukal

 


രണ്ടിടങ്ങളിൽ രണ്ടു പേര്


രചന: Ammu Santhosh


ഒരിടത്ത്


"നിങ്ങൾ മാറില്ല അല്ലെ? പകൽ മുഴുവൻ ഞാൻ ഇവിടെ തനിച്ചാണ് കുറച്ചു നേരെത്തെ വന്നൂടെ?നോക്കു 11ആയി. ഞാൻ ഇത് വരെ കഴിക്കാതെ കാത്തിരിക്കുകയായിരുന്നു. ഒന്ന് വിളിച്ചു കൂടിയില്ല "അവൾ ദയനീയമായി പറഞ്ഞു 


"ഓഫീസിൽ നല്ല

തിരക്കാരുന്നു "അയാൾ ഷൂ ഊരി മുറിയുടെ മൂലയ്ക്ക് എറിഞ്ഞു 


അയാളുടെ കാലു നിലത്തുറയ്ക്കുന്നില്ല. തല നേരേ നിൽക്കുന്നില്ല


"ഇന്നും വെളിവില്ല അല്ലെ?"അവൾ കരഞ്ഞു 


"കൂട്ടുകാര് നിർബന്ധിച്ചപ്പോ കുറച്ച്... അതിന് നിനക്കെന്താ.. നിന്റെ കാശ് ഒന്നുമല്ലല്ലോ.നിനക്ക് എന്താ ഒരു കുറവ്? പകൽ മുഴുവൻ സുഖം ആയി ഇരുന്നു ടീവി കാണുക. ജോലി ചെയ്യാൻ സർവന്റ് ഉണ്ടല്ലോ.. ഷോപ്പിങ് ന് പോകുമ്പോൾ എന്റെ ക്രെഡിറ്റ്‌ കാർഡ് കൊണ്ട് പോകുക. ധാരാളം ചിലവാക്കുക.ഞാൻ കുറച്ചു കുടിച്ചാൽ തീർന്നു...എടി ഇത് എന്റെ കാഷാ "


അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു


"അല്ലെന്ന് ഞാൻ പറഞ്ഞോ?എന്നുമിങ്ങനെ തന്നെ അല്ലെ? ഞാൻ ബോർഡിങ്ങിലായിരിക്കുന്ന മക്കളെ ഇങ്ങോട്ട് കൊണ്ട് വന്നാലൊന്നാ.. ഭയങ്കര മുഷിപ്പാ പകൽ. അവർ ഉണ്ടെങ്കിൽ ഒരു സന്തോഷം ആയേനെ "


"അയ്യോ എന്റെ പൊന്നേ വേണ്ട. അവർ എങ്ങനെ എങ്കിലും സമാധാനം ആയി ജീവിച്ചോട്ടെ.എന്റെ ജീവിതമോ ഇങ്ങനെ..

ഹൂ "


അയാൾ തൊഴുതു. പിന്നെ സെറ്റിയിൽ വീണു ഉറക്കവുമായി

നിന്ദ, അപമാനം, പരിഹാസം.. അവളുടെ തല പെരുത്തു. സത്യത്തിൽ അയാളീ ചെയ്യുന്നത് ഒന്നും അവർ അറിയാതിരിക്കാനാണ്, അവരുടെ മുന്നിൽ നല്ല പിള്ളയാകാനാണ് അയാൾ അവരെ ബോർഡിങ്ങിൽ ആക്കിയത് എന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു അവൾക്ക്.

പക്ഷെ ആരോട്?


അവൾ എന്തൊ ആലോചിച്ചു ഇരുന്നിട്ട് അകത്തു പോയി ഷെൽഫിൽ നിന്ന് മദ്യകുപ്പി എടുത്തു വായിലേക്ക് കമിഴ്ത്തി.. പിന്നെ കിടക്കയിലേക്ക് വീണു കണ്ണടച്ചു


മറ്റൊരിടത്ത്


മീൻ കറി ചോറിന് മുകളിൽ ഒഴിച്ച് കുഴച്ച് ആദ്യത്തെ ഉരുള രുചിയോടെ കഴിക്കുമ്പോഴാണ് അയാൾ വന്നത്. വാതിലിൽ മുട്ട് പലതവണ കേട്ടിട്ടും ചോറ് മുഴുവൻ കഴിച്ചു തീർന്നു പാത്രം കഴുകി വെച്ചിട്ട് മാത്രമാണ് അവൾ ചെന്നു വാതിൽ തുറന്നത്. വാതിൽ മറഞ്ഞ് അവളങ്ങനെ നിന്നു 


അയാളുടെ മുഖത്ത് ഇളിഭ്യത നിറഞ്ഞ ചിരി


"സമയം കുറച്ചു വൈകി. അത് കൊണ്ട കാളിംഗ് ബെൽ അടിക്കാഞ്ഞേ. പിള്ളേർ ഉറങ്ങിയോ "കാല് നിലത്ത് ഉറയ്ക്കുന്നില്ല.അയാൾ ഒരു വിധത്തിൽ ബാലൻസ് ചെയ്തു നിന്നു 


"ഉറങ്ങി..സമയം പത്ത് മണി കഴിഞ്ഞില്ലേ?ഓഫിസ് ടൈം കഴിഞ്ഞു ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ടു മണിക്കൂർ കൂട്ടുകാർക്കൊപ്പം കറങ്ങിക്കോ.കുഴപ്പമില്ല . പക്ഷെ എട്ട് മണിക്ക് മുൻപേങ്കിലും വീട്ടിൽ എത്തണം എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അല്ലെ ?"


"എടി... അത് പിന്നെ വിനോദിന്റെ ചെറിയ ഒരു ട്രീറ്റ് .."


അവൾ കുറച്ചു നേരമയാളെ രൂക്ഷമായി നോക്കി


"നീ മാറ്. ഞാൻ അകത്തു കേറട്ടെ "അയാൾ മുന്നോട്ടാഞ്ഞു

അവൾ പെട്ടെന്ന് വട്ടം കേറി നിന്നു 


"പുറത്ത്.. ദേ അവിടെ മുറ്റത്ത്.. അവിടെ കിടന്നോണം.. ഈ കോലത്തിൽ ഞാൻ വീട്ടിൽ കേറ്റുകേല.. എനിക്കെ ഈ മണം ഇഷ്ടവുമല്ല.. കള്ളും കുടിച്ചു ബോധം ഇല്ലാതെ വന്നാൽ കേറ്റുകേല എന്ന് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. "


"അത് പറയാൻ നീ ആരാ?ഇത് എന്റെ വീടാ "


അയാളുടെ ശബ്ദം ഉയർന്നു


"അയ്യോടാ എപ്പോ തുടങ്ങി? ഇത് ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്തു ലോൺ അടച്ചു തീർത്തു സ്വന്തമാക്കിയ വീടാ.. വസ്തു നിങ്ങളുടെയാ പക്ഷെ അതിലിരിക്കുന്ന വീട് എന്റെയാ.. അത് കൊണ്ടാ മുറ്റത്തു കിടന്നോളാൻ പറഞ്ഞത്.. പിള്ളേർ ഉറങ്ങി.അവരെ ഇനി ഒച്ച വെച്ച് ഉണർത്തണ്ട.."


"എടി ആദ്യത്തെ തവണ അല്ലെ?ഇത്തവണ ക്ഷമിക്ക്... ഞാൻ അകത്തു കേറിക്കോട്ടെ "അയാൾ തണുത്തു 


"നടക്കുകേല..ഇത്രയും താമസിക്കുന്നത് ആദ്യമാണെങ്കിലും കുടിക്കുന്നത് ആദ്യമല്ലല്ലോ കള്ള് കുടിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ബോധം ഇല്ല.ഓരോ ഗോഷ്ടികളും കാണിച്ചു വരും.കുട്ടികൾ കാണും എന്ന വിചാരം ഇല്ല.അത് കൊണ്ട്  ഇന്ന് ഇങ്ങനെ മതി..ഇത് ഒരു പാഠമാ.ഇനി ഈ അവസ്ഥയിൽ എന്നൊക്കെ വരുന്നോ അന്നൊക്കെ ഇനി ഇങ്ങനെ തന്നേ. .  എനിക്ക് രാവിലെ ജോലിക്ക് പോകണം.. പിള്ളാർക്ക് ക്ലാസ്സ്‌ ഉണ്ട്.. ബഹളം വെയ്ക്കാതെ കിടന്ന അവർ ഉണരും മുന്നേ അകത്തു കയറാം. അവർ കണ്ടാൽ ഭയങ്കര നാണക്കേടാ. അറിയാല്ലോ.അച്ഛന്റെ വില പോകും. അത് വേണോ?"


അയാൾ വേണ്ടാന്ന് തലയാട്ടി. അവളുടെ ചുവന്ന മുഖത്തു നോക്കുമ്പോൾ ധൈര്യം ഒക്കെ പോകും. അല്ല അവൾ പറഞ്ഞതിലും കാര്യമുണ്ട്..വളർന്നു വരുന്ന രണ്ടു പെൺകുഞ്ഞുങ്ങളെയും ഇവളെയും ചിലപ്പോൾ അങ്ങ് മറന്നു പോകും.. തനിക്കിത് നന്നായി.. ഹും  അയാൾ ഒരു ദീർഘ നിശ്വാസത്തോടെ പൂമുഖത്തെ തിണ്ണയിലിരുന്നു. നല്ല തണുപ്പുണ്ട്.. പുറത്ത് നല്ല മഞ്ഞ്.. അയാൾ കൂനിക്കൂടി അങ്ങനെ ഇരുന്നു 


അവൾ വീടിനുള്ളിൽ വന്നു 


കുറച്ചു ബാക്കിയായ ജോലികൾ ചെയ്തു തീർത്തു..


പിന്നെ കുഞ്ഞുങ്ങളുടെ മുറിയിലെ ലൈറ്റ് അണച്ചു


അവരെ ചേർത്ത് പിടിച്ചു കിടന്നു 


കണ്ണടച്ചു സുഖമായ ഒരു ഉറക്കത്തിലേക്ക് വീണു.

To Top