എങ്ങനെയെങ്കിലും അവളേകൊണ്ട് ഡ്രസ്സ് മാറ്റിപ്പിക്കണം എന്ന് ഉറപ്പിച്ച് കൊണ്ട് നന്ദു...

Valappottukal


ഗൗരീ നന്ദനം...

രചന: ഗൗരി നന്ദ

"നിന്നോട് ഒരായിരം പ്രാവശ്യം പറഞ്ഞിട്ടില്ലെ ഈ ഡ്രസ്സ്  ഇടരുതെന്ന് . ഞാനിതൊക്കെ പറയുന്നത് നിന്റെ സേഫ്റ്റിക്ക് വേണ്ടിയാണ്. അല്ലാതെ നിന്നെ നാല് ചെക്കൻമ്മാർ നോക്കുമെന്നുള്ള കുശുമ്പ് കൊണ്ടല്ല. "


ചെറിയ ചിരിയോടെ അവൾ


മറുപടി പറഞ്ഞു. 

" ഈ ഡ്രസ്സ് എടുത്ത് ഇടുമ്പോഴേ എനിക്കറിയാമായിരുന്നു നീ ഇതൊക്കെ തന്നെയാവും പറയാന്ന് . എന്റെ നന്ദു ഞാനിത് മനപൂർവ്വം എടുത്ത് ഇട്ടതല്ല അമ്മ തേച്ച് വച്ചത് ഇതായിരുന്നു. വേറെ ഡ്രസ്സ് എടുത്ത് തേച്ച് ഇടാനുള്ള സമയം കിട്ടിയില്ല അതുകൊണ്ടാണ്.  നിനക്കെന്താ ഈ ഡ്രസ്സിനോട് ഇത്ര ദേഷ്യം ?  ഞാനിത് ഇടുമ്പോ നല്ല ഭംഗിയുണ്ടെന്ന് ആദി പറയാറുണ്ടല്ലോ .... പിന്നെ നിനക്ക് മാത്രം എന്താ പ്രശ്നം.?" 


നന്ദു മനസ്സിൽ പറഞ്ഞു. "അതെ ആദി അവൻ തന്നെയാണ് പ്രശ്നം. "

ഉള്ളിലെ പൊസ്സസ്സീവ്നസ്സ് ഗൗരി അറിയാതിരിക്കാൻ അധികം പാടുപ്പെടാതെ ഒരു കള്ളവും പറഞ്ഞു.


" ഭംഗിയൊക്കെ ഉണ്ട് ഗൗരീ ... എന്നാലും ഈ ഡ്രസ്സിന് കഴുത്ത് ഇത്തിരി കൂടുതലാണ്.  ഒരു ബോയ് എങ്ങനെയാണെന്ന് ഒരു ബോയ്ക്ക് മാത്രേ അറിയൂ..."


നെടുവീർപ്പോടെ ഗൗരി പറഞ്ഞു. 

" എന്തായാലും ഇട്ടു ഇനിയിപ്പൊ പറഞ്ഞിട്ടെന്താ. നീ വണ്ടിയെടുക്ക് വാ നമ്മുക്ക് പോവാം. " 


എങ്ങനെയെങ്കിലും അവളേകൊണ്ട് ഡ്രസ്സ് മാറ്റിപ്പിക്കണം എന്ന് ഉറപ്പിച്ച് കൊണ്ട് നന്ദു ബൈക്ക് എടുത്തു അവൾ കേറി ഇരിക്കുന്നതിലും മുമ്പേ സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ വഴുതി വീണു. 


" നന്ദൂ നീയിതെന്ത് പണിയാ കാണിച്ചെ.

ശ്യോ ചെളിയായിലോ ... ഇനി ഡ്രസ്സ് മാറീട്ട് നമ്മൾ എപ്പൊ പോവാനാ .... ? " 


അയ്യോ സോറി ഡി... ഞാൻ ശ്രദ്ധിച്ചില്ല ... നീ ഓടി പോയി മാറീട്ട് വാ. . വേഗം വന്നാ കേക്കിന്റെ പൊടിയെങ്കിലും കിട്ടും ട്ടോ ... ഉള്ളിലെ സന്തോഷം പുറത്തു വരാതെ ശ്രദ്ധിച്ചു കൊണ്ടായിരുന്നു നന്ദുവിന്റെ മറുപടി.. 


അവൾ വീട്ടിലേക്കോടുന്നത് അവൻ  നോക്കി നിന്നു .  


" അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ എന്റെ പച്ച ഷർട്ടിന് മാച്ചായിട്ട് ഏതെങ്കിലും ഡ്രസ്സിട്ട് വരും ... എന്തായാലും പിങ്ക് മാറീലോ അത് മതി. ആ തെണ്ടി ആദി പിങ്ക് ഷർട്ട് ഇട്ട് ബസ്റ്റോപ്പിൽ നിക്കണത് കണ്ടപ്പോളേ എനിക്ക് തോന്നി ഇവൾ പിങ്ക് ഡ്രസ്സിൽ ആവുമെന്ന് ... എന്തായാലും അവൻ പ്രൊപോസ് ചെയ്യുന്നതിലും മുമ്പ് എനിക്ക് പ്രൊപോസ് ചെയ്യണം... " 


മനസ്സ് കാട് കേറി ഓടും മുമ്പ് ദാ ഓടി വരുന്നു  ഗൗരി അതും ഒരു കരിനീല ചുരിദാറിട്ട് ... 


ഉദ്ദേശ്ശം നടക്കാത്തതിന്റെ അമർഷത്തിൽ അറിയാതെ നന്ദു പറഞ്ഞു .... 


" നിനക്ക് വേറെ നല്ല ചുരിദാറൊന്നുമില്ലെ? "


" ഇതിനെന്താ പ്രശ്നം ? ഇന്നലെ അമ്പലത്തിലേക്ക് ഇട്ടതാണ്. പെട്ടെന്ന് നോക്കിയപ്പൊ ഇതേ കണ്ടുള്ളൂ ... അപ്പൊ പിന്നെ ഒന്നും നോക്കീല്ല സ്പ്രേ അടിച്ച് എടുത്ത് ഇട്ടു ... "


 പുച്ഛഭാവം അവൾ കാണാതിരിക്കാൻ അവൻ ബൈക്കിന്റെ കണ്ണാടി നോക്കി പറഞ്ഞു.

" ആ കേറ് , കഥ പറഞ്ഞ് നിന്നാ കേക്കും കിട്ടില്ല ഒരു കോപ്പും കിട്ടില്ല. " 


അതും പറഞ്ഞ് അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. 


" പിടിച്ച് ഇരുന്നോളോ ... ഇനി വീണാൽ നിനക്ക് ഇടാൻ ഡ്രസ്സ് വേറെ കാണും കാത്ത് നിക്കാൻ എനിക്ക് സമയം ഇണ്ടാവില്ല.... " അതും പറഞ്ഞവൻ ആക്സിലേറ്റർ കൊടുത്തു...


" ഒന്ന് പതുക്കെ പോ നന്ദൂ .... ഇങ്ങനെ പോയാ മീനുന്റെ ബർത്ത്ഡേയും നമ്മടെ ഡെത്ത് ഡേയും ഒരു ദിവസം ആവും " 


"നീയൊന്ന് മിണ്ടാതിരിക്കോ ? അല്ലെങ്കിൽ തന്നെ പ്രാന്ത് പിടിച്ച് ഇരിക്കാ അപ്പോളാ അവൾടെ കോപ്പിലെ ഡൈലോഗ് " 

അവൾ പച്ച ഡ്രസ്സിടാത്ത ദേഷ്യം അവന്റെ ഉള്ളിൽ കിടന്ന് വിങ്ങുന്നുണ്ടായിരുന്നു


" ഞാൻ വന്നപ്പൊ തൊട്ട് ശ്രദ്ധിക്കാ നിന്നെ . എന്താ നിന്റെ പ്രശ്നം ? എന്തെങ്കിലും ഉണ്ടെങ്കിൽ തെളിച്ച പറ.... അല്ലാതെ ഉള്ളിൽ എന്തോ വെച്ച് എന്നെയിങ്ങനെ കടിച്ച് കീറാൻ നിക്കല്ല ചെയ്യാ ... "


"ഓഹ്.... ഒന്നുമില്ല ഡി... 

ഡീ ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോക്ക്യട്ടെ ? "


" എന്താടാ  ?"


" നിനക്ക് ആദിയെ പറ്റി എന്താ അഭിപ്രായം? ഐ മീൻ അവന്റെ നിന്നോടുള്ള ആറ്റിട്ടുഡ് ?" 

ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് അവൻ പ്രതീക്ഷിച്ച മറുപടിയാണവൾ കൊടുത്തത്.


" അവൻ നല്ല കുട്ടി അല്ലെ. നല്ല പെരുമാറ്റം. നന്നായി പഠിക്കും ചെയ്യും. നീ കഴിഞ്ഞാ പിന്നെ ക്ലാസ്സിൽ എനിക്ക് അവനെയാ ഇഷ്ടം. " 


 " ഹോ സമാധാനം ... അപ്പൊ ഞാൻ കഴിഞ്ഞിട്ടേയുള്ളൂ അവൻ ....." നന്ദു മനസ്സിൽ പറഞ്ഞു. 


" എന്താ ഇപ്പൊ ഇങ്ങനൊരു ചോദ്യം. "


" ഒന്നുമില്ലെഡി .... കൊർച്ച് ദിവസായിട്ട് അവനെ ഞാൻ ശ്രദ്ധിക്ക്ണ്ട്. അവന് നിന്നോട് എന്തോ ഒരു അട്രാക്ഷൻ പോലെ എനിക്ക് ഫീൽ ചെയ്ണ്ട്. നീ അവനോട് അധികം അടുത്ത് പെരുമാറണ്ട . ഇനി അവൻ തെറ്റുദ്ധരിച്ചാലോ ... നമ്മളായിട്ട് എന്തിനാ മോഹം കൊടുക്കണെ?"

"പോടാ ... നിനക്ക് തോന്നുന്നതാ... അവന് അങ്ങനെയൊന്നുമില്ല.."


സംസാരിച്ച് മീനുവിന്റെ വീടെത്തിയതറിഞ്ഞില്ല. 


"ഡീ നീ എറങ്ങിക്കോ ഞാൻ വണ്ടി വച്ചട്ട് വരാം."


വണ്ടി ഒതുക്കി വന്ന നന്ദു കണ്ടത് നീല ഷർട്ട് ഇട്ട് നിൽക്കുന്ന ആദിയെയാണ് ...


" ശ്ശെടാ... ഇവനെന്തിന്റെ കേടാ... ഇവൻ തിരിച്ച് പോയി നീല ഷർട്ട് ഇട്ടു കാണാൻ വഴിയില്ല.... " സംശയം തീർക്കാനെന്ന പോലെയായിരുന്നു പിങ്ക് ഷർട്ടിട്ട് മനുവിന്റെ വരവ്..... 


" ആഹാ അപ്പൊ ഇതാണ് കളി... മനുവിനെ വിളിച്ച് കാര്യം ചോദിക്കാം അതാ നല്ലത്. . " ഒന്നും അറിയാത്ത മട്ടിൽ മനുവിന്റെ തോളത്ത് കൈയ്യിട്ട് മനു തിരക്കി.


" അല്ലടാ ... ഇത് ആദീടെ ഷർട്ടില്ലെ .. അവനിതിട്ട്  ബസ്റ്റോപ്പിൽ നിക്കണ കണ്ടല്ലോ?"


"പതുക്കെ പറ നന്ദു ... ഗൗരി കേക്കും "


"എന്താടാ ... എന്താ കാര്യം ...  നിങ്ങൾ വീട്ടിൽ സംസാരിച്ച് നിക്കണത് ആദി ബസിൽ പോവുമ്പോ കണ്ടു. വന്ന വഴിക്ക് എന്നോട് ഷർട്ട് ഊരാൻ പറഞ്ഞു. എന്താ കാര്യം ന്ന് ചോദിച്ചപ്പോ പറയാ ഗൗരി ഇന്ന് നീല ചുരിദാറാന്ന് .. ഇത് രോഗം മറ്റതാ ... പ്രേമം ...."


അത് കേട്ടതും നന്ദുവിന് നഖം തൊട്ട് മുടി വരെ അരിച്ച് കേറി ... അസൂയയോ കുശുമ്പോ ദേഷ്യമോ എന്തോ കാരണം ബർത്ത് ഡേ പാർട്ടി എൻ ജോയ് ചെയ്യാൻ അവന് മാത്രം പറ്റീല്ല ....


തിരിച്ച് വരും വഴി ഗൗരി കാര്യം തിരക്കി ....

" എന്താടാ .... നീ ഇന്നത്തെ ദിവസം ഫുൾ മൂഡോഫാലോ? എന്താ പ്രശ്നം ? " 

 കനാലിന്റെ സൈഡിൽ വണ്ടി ഒതുക്കി നന്ദു ചോദിച്ചു. 


" ഗൗരി നിനക്കെന്നെ ഇഷ്ടമാണോ ? "


"ഇതെന്താ ഇപ്പൊ ഇങ്ങനൊരു ചോദ്യം ?"


"നീ മറുപടി പറ "


അവളൊന്ന് പതറി.... ഇങ്ങനൊരു ചോദ്യം കേട്ടാൽ ഉടൻ പറയാൻ എന്നോ ഒരുക്കി വച്ച ഉത്തരങ്ങളെല്ലാം അവൾ മറന്നിരിക്കുന്നു....


" അത് .... നന്ദൂ ... "


" പലപ്പോഴും നിന്റെ കണ്ണിൽ എന്നോടുള്ള പ്രത്യേക ഫീൽ ഞാൻ ആസ്വദിച്ചിട്ടുണ്ട്... എന്റെ തോന്നൽ ആണോ എന്നെനിക്ക് അറിയില്ല. ഫ്രണ്ട്ഷിപ്പിൽ കൂടുതൽ എന്തോ ഒന്ന് എനിക്ക് നിന്നോട് ഉണ്ട്. നിന്നെ മറ്റൊരുത്തൻ വേറെ ഒരു രീതിയിൽ നോക്കുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റണില്ല. എല്ലാം എന്റെ മാത്രം തോന്നൽ ആണെങ്കിൽ നിന്നെ എനിക്ക് നഷ്ടപ്പെടും എന്ന പേടി കൊണ്ടാണ് ഇതു വരെ ഒന്നും പറയാതിരുന്നത്.


"


അവളാകെ വിയർത്തു. തിരിച്ച് പറയാൻ മറുപടി കിട്ടാതെ നിന്നു . ഇന്നലെ വരെ കേൾക്കാൻ കൊതിച്ചത് അവൻ പറഞ്ഞിട്ടും തിരിച്ച് മിണ്ടാതെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ ....


" എന്താണെങ്കിലും നാളെ പറഞ്ഞാൽ മതി. നേരം വൈകി. വാ കേറ് വീട്ടിൽ കൊണ്ടു വിടാം.."


പിന്നീടുള്ള യാത്രയിൽ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തിയതും അവളെ ഇറക്കി നന്ദു വണ്ടി തിരിച്ചു. അപ്പോളാണ് ആ വിളി. അവളുടെ അമ്മയായിരുന്നു അത്


" നന്ദൂ . ഇതുവരെ വന്നിട്ട് അമ്മോട് മിണ്ടാതെ പോവാണോ.? ഒന്ന് കേറിയേച്ചും പോ ടാ ...."


" പോയിട്ട് തിരക്കുണ്ട് അമ്മേ .... പിന്നീടാവാം ......" 


" ഒന്ന് നിക്ക് .... ഞാൻ ഇപ്പം വരാം ... ഇതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി.


" എന്റെ ഗൗരീ .... അലമാരയിൽ ഒള്ള ഡ്രസ്സ് മുഴുവൻ വലിച്ച് വാരി പുറത്ത് ഇട്ടേക്കാ അവൾ ... ഇതെന്താ പച്ച മാത്രം തിരഞ്ഞ് പുറത്ത് ഇട്ടേക്കണേ ? ആ രാഘവേട്ടന്റെ മോൾ ടെ ചുരിദാർ തയ്ച്ച് ഇവിടെ വച്ചിരുന്നത് നീ കണ്ടോ ?  അതൊന്ന് നോക്കി എടുത്ത് നന്ദൂന്റേൽ കൊടുത്ത് വിട്.... "


അകത്തെ സംസാരം പുറത്ത് കേട്ടപ്പോൾ ആശിച്ച മറുപടി കേട്ട ഫീലായിരുന്നു അവന് .....

ചമ്മലിന്റെ മറയിൽ ഒരു കവറുമായ് ഗൗരി പുറത്തേക്ക് വന്നു.


" അതേയ് ... പച്ച ഡ്രസ്സ് മുഴുവൻ പഴയതാ അതുകൊണ്ടാ ഇടാതിരുന്നെ .... "

To Top