രചന: റിവിൻ ലാൽ
കല്യാണ നിശ്ചയം കഴിഞ്ഞു മൂന്നാം നാൾ ആൽബിയുടെ കൂടെ ഇരുന്നു രണ്ടു പെഗ് അടിക്കുമ്പോളാണ് മനുവിന്റെ ഫോണിന്റെ മെസ്സഞ്ചറിലെ ടോൺ ശബ്ദിച്ചത്.
എടുത്തു നോക്കിയപ്പോൾ ഒരു നിത്യയുടെ "ഹായ്"..
മനു വിചാരിച്ചു ഇതേതാ ഒരു നിത്യ.. അതും ഇങ്ങോട്ടു കേറി ഹായ് അയക്കാൻ.. മനു അവളുടെ പ്രൊഫൈൽ നോക്കിയപ്പോൾ കുറേ പൂക്കളുടെയും കുഞ്ഞു കുട്ടികളുടെയും ഫോട്ടോ മാത്രമുണ്ട് ആൽബത്തിൽ. വേറെ ഒരു ഡീറ്റൈൽസും ഇല്ല. മനുവിന്റെ മനസ്സിൽ നിത്യ എന്ന പേര് ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല.. അങ്ങിനെ ഒരാളെ തനിക്കറീല.
"ഡാ ആൽബി.. ഏതാടാ ഒരു നിത്യ.. നിനക്കറിയുമോ.??"
"നിത്യയോ.?? എനിക്കറീല മോനെ.. നീയല്ലേ പണ്ട് സകല പെൺ പിള്ളേരെയും പിന്നാലെ പോയി വളച്ചു നടന്നേ.. അതിൽ ഏതേലും തേച്ചവൾ ആവും.." ആൽബി പറഞ്ഞു..
"ഇല്ലെടാ.. ഇങ്ങിനെ ഒരു കാമുകി എനിക്കില്ല.. ഉറപ്പാണ്.. എന്നാൽ അവളെ കണ്ടു പിടിച്ചിട്ടു തന്നെ കാര്യം. മനു റിപ്ലൈ അയക്കാൻ തീരുമാനിച്ചു."
മനു: "എനിക്കു നിത്യ ആരാണെന്നു മനസിലായില്ല...??"
നിത്യ: "എനിക്ക് മനുവേട്ടനെ അറിയാം."
മനു: "എങ്ങിനെ അറിയാം.??"
നിത്യ: "മനുവേട്ടൻ ഒരു IT കമ്പനിയിൽ ടീം ലീഡർ അല്ലെ.??"
മനു: "അതെ. എങ്ങിനെ അറിയാം അതൊക്കെ .?"
നിത്യ: "അതൊക്കെ അറിയാം. പിന്നെ മനുവേട്ടന്റെ മോതിര മാറ്റം കഴിഞ്ഞതല്ലേ. ബാംഗ്ലൂരിൽ ബാങ്കിൽ ജോലിയുള്ള അഞ്ജനയുമായി.??"
മനു: "അഞ്ജനയെ അറിയുമോ.?? അഞ്ജനയുടെ കൂട്ടുകാരിയാണോ.?"
മനുവിന്റെ ആ ചോദ്യത്തിന് ഒരു പൊട്ടിചിരിയുടെ സ്മൈലി ആയിരുന്നു അവളുടെ റിപ്ലൈ.
നിത്യ: "അതെ. ഞാൻ അവളുടെ അടുത്ത കൂട്ടുകാരിയാണ്. മനുവേട്ടനെ കുറിച്ച് അവൾ എല്ലാം പറഞ്ഞിട്ടുണ്ട്."
മനു: "അങ്ങിനെയാണോ.. നിത്യ എന്ത് ചെയുന്നു??"
നിത്യ: "ഞാനും ഒരു IT കമ്പനിയിലാണ് മനുവേട്ടാ.."
മനു: "നിത്യ കല്യാണം കഴിച്ചതാണോ.?" (മനുവിന്റെ ഉള്ളിലെ അലമ്പൻ കാട്ടു കോഴി അറിയാതെ ഉണർന്നു🐓🐓🐓)
നിത്യ: "ഇല്ലല്ലോ മനുവേട്ട.. എന്താ എന്നെ സ്കെച്ച് ആക്കാൻ വല്ല പ്ലാനും ഉണ്ടോ..??😉😉"
മനു: "ഫിക്സ് ആയി പോയല്ലോ മാഡം.. അല്ലേൽ ഒരു കൈ നോക്കാമായിരുന്നു..😉
നിത്യ: ഹി.. ഹി.. ശരി ശരി... വേറെ എന്തൊക്കെയാ..?"
മനു: "സുഖം. എന്തൊക്കെയാണ് നിത്യയുടെ വിശേഷങ്ങൾ .??"
നിത്യ: "സുഖമായി പോകുന്നു.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. സത്യം പറയാമോ.??"
മനു: "പറയു നിത്യാ.? എന്താണ് ചോദിയ്ക്കാൻ ഉള്ളത്.??"
നിത്യ: "മനുവേട്ടന് പ്രണയം ഒന്നുമിലായിരുന്നോ.?"
മനു: "ഹ. ഹ... എനിക്കു തോന്നി അത് തന്നെയാകും ചോദ്യം എന്ന്."
നിത്യ: "പറ..."
മനു: "ഉണ്ടായിരുന്നു. നല്ല കട്ട തേപ്പും കിട്ടീട്ടുണ്ട്."
നിത്യ: "ആഹാ.. അടിപൊളി.. പിന്നെ വെള്ളമടിയും പുകവലിയും ഒന്നുമില്ലേ.?"
മനു: "മദ്യപാനം..!!!! ആഹ്.. അതും ഉണ്ടായിരുന്നു.. ഇപ്പോൾ നിർത്തി.. ഇനി എന്താ നിത്യക്ക് അറിയേണ്ടത്.??"
നിത്യ: "ഏട്ടൻ ഏതേലും പെൺകുട്ടിയുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുണ്ടോ.???"
ആ ചോദ്യത്തിന് മനു ഒരു നിമിഷം ആലോചിച്ചു.. ഇവൾ ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് അവന്റെ മനസിലൂടെ ഒരു ചോദ്യം മിന്നി മാഞ്ഞു. പണ്ട് കോളേജിൽ പഠിക്കുമ്പോൾ മദ്യപിച്ചു കൂട്ടുകാരുമൊത്തു പണം കൊടുത്തു പെണ്ണിന്റെ മാംസം തേടി പോയി സുഖം അനുഭവിച്ചത് അവൻ ഓർത്തു.
നിത്യ: "എന്താ ഒന്നും മിണ്ടാത്തത്.?? പോയോ.??
അപ്പോളും മനു ഒന്നും റിപ്ലൈ ചെയ്‌തില്ല."
അവൻ കുറച്ചു സമയം എന്തോ ആലോചിച്ചു.
ഡാ ആൽബി.. ഈ നിത്യ അഞ്ജനയുടെ കൂട്ടുകാരി അല്ലെ.. അഞ്ജന പറഞ്ഞിട്ടു കൂട്ടുകാരി വഴി എന്റെ ചരിത്രം അറിയാൻ ഉള്ള അവളുടെ സൈക്കോളജിക്കൽ മൂവ് ആയിരിക്കുമോ..??
ആൽബി: "അതെ ഡാ.. അങ്ങിനെയും നമ്മൾ ചിന്തിക്കണം. നീ ആ ചാറ്റ് വല്ലാതെ മുന്നോട്ടു കൊണ്ട് പോകണ്ട. ചിലപ്പോൾ പണി പാളും."
ആൽബി പറഞ്ഞത് ശരിയാണെന്ന് മനുവിനും തോന്നി.
പിന്നെ ഫേസ്ബുക് വേഗം ലോഗ് ഔട്ട് ചെയ്തു മനു ഒരു പെഗ് കൂടി ഒഴിച്ചു വായിൽ ഒരു സിഗരറ്റ് പഫുമെടുത്തു കണ്ണുകളടച്ചു ഗാഢമായി എന്തോ ചിന്തിച്ചു ചെയറിന്റെ പിന്നിലേക്കു ചരിഞ്ഞു കിടന്നു.
നിത്യ കുറേ നേരം മനുവിനെ കാത്തു നിന്നു. പക്ഷെ മനു പിന്നീട് ഓൺലൈൻ വന്നില്ല.
അപ്പോൾ നിത്യയുടെ ഇൻബോക്സിൽ ഒരു പുതിയ മെസ്സേജ് വന്നു. "ഹായ് നിത്യ ചേച്ചി...!!"
നിത്യ അതിശയിച്ചു. ഇതാരാ ചേച്ചി എന്നു പരിചയം വെച്ചു വിളിക്കാൻ. അവൾ പ്രൊഫൈലിന്റെ പേര് നോക്കിയപ്പോൾ വേദിക എന്ന പേര് കണ്ടു. പഠിക്കുന്നത് ബി. ടെക് ഫൈനൽ ഇയർ.. സ്റ്റുഡന്റ് ആണ്. ബാംഗ്ലൂർ ആർ വി കോളേജ് എന്ന് സ്ഥലവും..
നിത്യ: "വേദികയെ എനിക്കു മനസിലായില്ല.?? എന്നെ എങ്ങിനെ അറിയാം.??"
വേദിക: "ചേച്ചിക്ക് എന്നെ അറിയില്ല.. പക്ഷെ എനിക്ക് ചേച്ചിയെ അറിയാം.. നിത്യ ചേച്ചി മനുവേട്ടന് മെസേജ് അയച്ചിരുന്നല്ലേ.. ഏട്ടൻ പറഞ്ഞാണ് ഞാൻ നിത്യ ചേച്ചിയെ അറിയുന്നത്. മനുവേട്ടൻ എന്റെ സീനിയർ ആയിരുന്നു. നല്ല കമ്പനിയാണ് ആൾ. ഏട്ടന്റെ പ്രണയത്തെ കുറിച്ചൊക്കെ ചേച്ചി ചോദിച്ചല്ലേ.??
സത്യം പറയാലോ ചേച്ചി. ഏട്ടൻ ഒരു പഞ്ച പാവമാണ് കേട്ടോ.. ഏട്ടന്റെ പിന്നാലെ കുറേ പെൺപിള്ളേർ നടന്നിട്ടുണ്ട്. ആ കൂട്ടത്തിൽ ഞാനും കക്ഷിയെ വളയ്ക്കാൻ ഒരു കൈ നോക്കിയിരുന്നു കേട്ടോ😉.! പക്ഷെ ചീറ്റി പോയി എന്നു വേണേൽ പറയാം🙈.!! ഏട്ടൻ ആണേൽ കെട്ടുന്ന പെണ്ണിനെയേ പ്രണയിക്കു എന്നും പറഞ്ഞു ആരുമായും കമ്മിറ്റഡ് ആയിട്ടില്ല. ചേച്ചിയോട് ചുമ്മാ പറഞ്ഞതാവും കട്ട തേപ്പു കിട്ടി എന്നൊക്കെ. പിന്നെ പുകവലി.. മദ്യപാനം ഒന്നുമില്ല കേട്ടോ.. എക്സ്ട്രാ ഡീസന്റ് ആണ് ആൾ.. ചേച്ചി ഏട്ടൻ പറഞ്ഞ എല്ലാ തള്ളലും വിശ്വസിച്ചു കാണുമല്ലേ.?? എനിക്കറിയാം. ഏട്ടൻ അങ്ങിനെ പറഞ്ഞാൽ ആരും വിശ്വസിച്ചു പോകും. ഏട്ടനെ കെട്ടുന്ന ചേച്ചിയുടെ കൂട്ടുകാരി അഞ്ജന ചേച്ചി ഭാഗ്യവതിയാണ് കേട്ടോ. അവരോടു പറഞ്ഞേക്കു അത്. അവർക്കും സന്തോഷമായാലോ.??" സൂപ്പർ ഫാസ്റ്റ് പോലെ അത്രയും പറഞ്ഞു വേദിക നിർത്തി.
എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ നിത്യ ഒരു നെടുവീർപ്പിട്ടു. മനുവേട്ടൻ ഇത്രയും നല്ല ആളായിരുന്നോ.?? എന്തായാലും അഞ്ജനയെ കുറിച്ചും കുറച്ചു നല്ലത് പറഞ്ഞേക്കാം നിത്യ വിചാരിച്ചു.
നിത്യ: "വേദികാ.. മനുവേട്ടനെ കുറിച്ച് എല്ലാം കേട്ടതിൽ സന്തോഷമുണ്ട് കേട്ടോ. എന്റെ കൂട്ടുകാരി അഞ്ജനയും പഞ്ച പാവമാണ്. ഒരൊറ്റ പ്രേമം പോലുമില്ല. മനുവേട്ടന്റെ ഭാഗ്യമാണ് അവളും. മനുവേട്ടനോട് അത് പറയാൻ വേദികയും മറക്കണ്ട.
അതും പറഞ്ഞു ഒരൊറ്റ വലിക്കു തൊട്ടടുത്ത് ഒഴിച്ച് വെച്ചിരുന്ന ഒരു പെഗ് വിസ്കി നിത്യ കുടിച്ചു തീർത്തു. കൂടെ പ്ലേറ്റിൽ നിന്നും ഒരു ചില്ലി ചിക്കന്റെ പീസും എടുത്തു ചവച്ചരച്ചു. എന്നിട്ടു തലയല്പം ആട്ടി കൊണ്ട് മേലോട്ട് നോക്കി മനസ്സിൽ വിചാരിച്ചു.. "ദൈവമേ.. അഞ്ജന തേച്ച രണ്ടു കാമുകന്മാരുടെ ശാപം ഒന്നും കല്യാണത്തിന് ശേഷം അവൾക്കു കൊടുക്കല്ലേ.. അവൾ ഒരു പാവം നിഷ്കു കുട്ടിയാണേ.. കാത്തോളണേ..!!"
വേദിക: "അങ്ങിനെയാണോ ചേച്ചി.. എന്തായാലും നന്നായി.. അവർ സുഖമായി ജീവിക്കട്ടെ അല്ലെ.. എല്ലാം ചേച്ചിയോട് പറയണം എന്ന് തോന്നി. അതാട്ടോ മെസ്സേജ് അയച്ചേ. എന്നാൽ ഞാൻ പോകട്ടേ. പിന്നെ.. കാണാം.. കുറച്ചു പണികൾ ഉണ്ടേ.. ബൈ ചേച്ചി..."
വേദിക ഓൺലൈനിൽ നിന്നും പോയി..
മനുവേട്ടനെ കുറിച്ച് എല്ലാം കല്യാണത്തിന് മുമ്പേ അറിഞ്ഞതിൽ നിത്യയപ്പോൾ ഉള്ളിൽ സന്തോഷിക്കുകയായിരുന്നു. എന്തായാലും ഇനി ഈ നിത്യ എന്ന ഫേക്ക് അക്കൗണ്ട് വേണ്ട. ഡിലീറ്റ് ചെയ്തു കളയാം. മനുവേട്ടൻ തന്റെ കഴിഞ്ഞ കാലമൊന്നും അറിയണ്ട. ഇനി മുതൽ മനുവേട്ടന്റെ നല്ലൊരു ഭാര്യയായി പുതിയൊരു ജീവിതം തുടങ്ങാം. ഒരു നിറഞ്ഞ സന്തോഷത്തോടെ അഞ്ജന നിത്യ എന്ന ഫേസ്ബുക് അക്കൗണ്ടിൽ ഡിലീറ്റ് ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ മറു വശത്തു എല്ലാ തരികിടകളും പയറ്റി തെളിഞ്ഞ മനു അഞ്ജനയുടെ മനസ്സിൽ ഒന്നുമറിയാത്ത പാവം നല്ലവനായ കല്യാണചെക്കനായ സന്തോഷത്തിൽ വേദിക എന്ന ഫേക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..!!
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...