രചന :ഡേവിഡ് ജോൺ
ലക്ഷ്മിയോട് നാളെ പാർക്കിൽ കാണാമെന്നു പറഞ്ഞ് ഉറപ്പിച്ചു മൊബൈൽ ഫോൺ താഴെ വച്ചത് മുതൽ മനസ്സിൽ കുമിഞ്ഞു കൂടിയ സംശയങ്ങൾ ഓരോന്നായി എന്റെ ചിന്ത മണ്ഡലത്തിലിരുന്നു ബ്രേക്ക് ഡാൻസ് കളിക്കുകയായിരുന്നു.
ഇന്നലെ ഫ്‌ബി ലോഗിൻ ചെയ്ത സമയത്ത് വെറുതെ അവളുടെ പ്രൊഫൈൽ തുറന്ന് നോക്കിയതാണ് ഞാൻ. പ്രൊഫൈൽ ഫോട്ടോയിൽ ലക്ഷ്മിയോട് ചേർന്ന് നിൽക്കുന്ന സുന്ദരനും ചെറുപ്പക്കാരനുമായ മുഖം എന്റെ കണ്ണിൽ ഉടക്കി.
"ആരായിരിക്കും എന്റെ പെണ്ണിനോട് ചേർന്ന് മുട്ടിയുരുമ്മി നിൽക്കുന്ന അലവലാതി ഷാജി ..!!
മൂ...........
ഡൈനോസറിന്റ വലുപ്പമുള്ള കൊതുകിന്റെ മൂളിപ്പാട്ട് എന്റെ ചിന്തയെ ഡിസ്റ്റർബ് ചെയുന്നത് തിരിച്ചറിഞ്ഞ നിമിഷം എന്റെയുള്ളിൽ ഉറങ്ങി കിടന്ന സൈക്കോ പുറത്തേക്ക് ചാടാൻ ഒരുങ്ങി.
"വൃത്തിയില്ലാത്ത കൊതു എന്റെ രക്തം കുടിച് തടിച്ചു കൊഴുത്തതും പോരാഞ്ഞിട്ട് മനുഷ്യൻ ടെന്ഷനടിച്ചു കിളി പോയി നിൽക്കുന്ന സമയത്തു തന്നെ നിന്റെ വൃത്തികെട്ട മൂളിപ്പാട്ട് പാടി എന്നെ ദേഷ്യം പിടിപ്പിക്കുന്നോ.. !!!
കൈയിൽ ഇരുന്ന ഇലക്ട്രിക്ക് ബെറ്റ് ആഞ്ഞു വീശിയതും ആ ഡൈനോസർ കൊതുക്ക് അകാല ചരമം പ്രാപിച്ചതും ഒരുമിച്ചായിരുന്നു.
പക്ഷേ വര്ഷങ്ങളായി എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലയ്ക്ക് ഇട്ട് പൂട്ടിയ സൈക്കോ സട കുടഞ്ഞെഴുന്നേറ്റു.
ഷോക്കടിച്ചു വീണ കൊതുകിന്റെ ശവത്തെ വീണ്ടും പിടിച്ചു ബെറ്റിലേക്ക് ഇട്ട് ഞാൻ സ്വിച്ച് ഓൺ ചെയ്തു ചാമ്പലാക്കി.
രാവിലെ പല്ല് തേപ്പും കുളിയും പ്രഭാത കർമ്മങ്ങളും ഒരു ചടങ്ങ് പോലെ നടത്തി അധി വേഗം ബഹു ദൂരം ബൈക്ക് സ്റ്റാർട്ട് ചെയ്തു പാർക്കിലേക്ക് തിരിച്ചു ഞാൻ. വഴിയിൽ വച് ബൈക്ക് ഒന്ന് രണ്ട് തവണ മിസ്സിംഗ് കാണിച്ചപ്പോൾ ബൈക്ക് നിർത്തി പെട്രോൾ ടാങ്ക് ചെക്ക് ചെയ്തതും അടിഭാഗത് അല്പം എണ്ണ മാത്രം ബാക്കി. എന്റെ സുഹൃത്തായ രഞ്ജിത്തിനെ ഉടനെ ഫോണിൽ വിളിച്ചു.
" രഞ്ജി... ഇത് ഞാനാ വിഷ്ണു. ബൈക്കിൽ എണ്ണ തീര്ന്നു ഞാൻ ഇപ്പോൾ വഴിയരികിൽ പോസ്റ്റാണ് എന്റെ കൈയിൽ അഞ്ചു പൈസയില്ല "
"നാണമില്ലേ നാറി. സ്വന്തം പെണ്ണിനെ കാണാൻ പോകുമ്പോൾ പോലും വണ്ടിയിൽ എണ്ണയുണ്ടോ എന്ന് നോക്കുന്ന പതിവില്ലെ..??
"ഡേയ് രാവിലെ തന്നെ ഉപദേശിച്ചു കൊല്ലാതെ നീ ഒരു കുപ്പിയിൽ എണ്ണയുമായി വാ.. ഞാൻ ബൈപാസ് റോഡിലുണ്ട് "
ഫോൺ നിർത്താതെ റിങ് ചെയ്തു കൊണ്ടിരിക്കുകയാണ്
"ലക്ഷ്മിയാണല്ലോ വിളിക്കുന്നത് ഇവൾ ഇത്ര പെട്ടെന്ന് പാർക്കിൽ എത്തിയോ.. !!
റോഡിൽ അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും പിറു പിറുത് കൊണ്ട് നടക്കുന്ന എന്നെ ഒരത്ഭുത ജീവിയെ പോലെ ആളുകൾ നോക്കി കടന്ന് പോകുന്നത് ശ്രെദ്ധയിൽ വന്നെങ്കിലും ഞാൻ അത് കാര്യമായി എടുത്തില്ല. പെട്ടന്ന് ഒരു ബൈക്ക് എന്റെ മുന്നിൽ ഒരു ബൈക്ക് സഡൻ ബ്രേക്ക് ഇട്ട് നിന്നു.
"ഇന്നാ നിന്റെ ബൈക്കിൽ ഊത്താനുള്ള എണ്ണ.. !!
ആ സമയത്ത് എന്റെ മനസ്സിൽ രഞ്ജിത്തിന് ഒരു ദിവ്യ പുരുഷന്റെ രൂപമായിരുന്നു (തലയ്ക്ക് ചുറ്റും ദിവ്യ വെളിച്ചത്തിന്റെ കുറവ് മാത്രം)
കുപ്പിയിൽ നിന്നും പകുതി പെട്രോൾ മാത്രം ബൈക്കിന്റെ അണ്ണാക്കിലേക്ക് തള്ളി കുപ്പി ബാഗിൽ വയ്ക്കുന്നത് കണ്ടതും രഞ്ജി എന്നോട് ചോദിച്ചു.
"നീയെന്താ മുഴുവൻ പെട്രോളും അതിലേക്ക് ഒഴിക്കാത്തത്..??
"ഇനിയും വണ്ടി നിന്ന് പോയാൽ നിന്നെ വിളിച്ചു ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതി "
"അപ്പോഴും നീ നിന്റെ ഏച്ചി സ്വഭാവം വിടില്ല അല്ലെ..?
രഞ്ജിത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് തിരിച്ചു പോയി.
******************************************
"ഹലോ.. രഞ്ജിത്ത് അല്ലെ..??
ഇത് പത്തനാപുരം സ്റ്റേഷൻ SI യാണ് സംസാരിക്കുന്നത്.
"ഹലോ സാർ ഞാൻ രഞ്ജിത്താണ് സംസാരിക്കുന്നത്.
"നിങ്ങൾ ഉടനെ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം "
"എന്താണ് സാർ വിഷയം.. !!
"വിഷയം അറിഞ്ഞാലേ നീ സ്റ്റേഷനിൽ വരൂ.??
എങ്കിൽ ഞങ്ങൾ അങ്ങോട്ട് വരാം "
"അയ്യോ സാർ ഇങ്ങോട്ട് വരണ്ട. ഞാൻ അങ്ങോട്ട് വരാം. "
********************************************
പത്തനാപുരം പോലീസ് സ്റ്റേഷൻ
"സാർ എന്റെ പേര് രഞ്ജിത്ത് "
"അതിന് ഞാനെന്ത് വേണം.. !
കോൺസ്റ്റബിൾ കുട്ടൻ പിള്ള ഗൗരവത്തോടെ ചോദിച്ചു.
"സാർ നേരെത്തെ എനിക്ക് സ്റ്റേഷനിൽ നിന്നും കാൾ വന്നിരുന്നു.. !!
"ഓഹോ..ഇപ്പോൾ ആളെ പിടി കിട്ടി കൂട്ട് പ്രതി അല്ലെ??
"കൂട്ട് പ്രതിയോ.. !!സാർ എന്താ ഈ പറയുന്നത്..??
"നിനക്ക് ആ ലോക്കപ്പിൽ കിടക്കുന്ന സൈക്കോയെ അറിയാമോ..??
രഞ്ജിത്ത് എത്തി വലിഞ്ഞു സെല്ലിലേക്ക് നോക്കി. അകത്തു ചുവന്ന ബര്മുഡയിട്ട് നിൽക്കുന്ന എന്നെ കണ്ടതും രഞ്ജി ഓടി അടുത്ത് വന്നു.
"ഡാ. പുല്ലേ. നീയെന്ത ഒപ്പിച്ചു വച്ചത്.. !!
"ഞാൻ ഒന്നും ഒപ്പിച്ചിട്ടില്ല അളിയാ. നീ പോയി കഴിഞ്ഞതും ഞാൻ ലക്ഷ്മിയെ കാണാൻ പാർക്കിലേക്ക് പോയി.. "
"എന്നിട്ട് എന്ത് പറ്റി..??
"അവിടെ മുതലാണ് അളിയാ എന്റെ കഷ്ട്ട കാലം തുടങ്ങിയത്. പാർക്കിൽ എത്തി ലക്ഷ്മിയോട് സംസാരിക്കുന്നതിനിടയിൽ ഫ്‌ബിയിൽ അവള് പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കൂടെ നിൽക്കുന്ന ചെറുപ്പക്കാരനെ കുറിച്ച് ഞാൻ ചോദിച്ചു..!!
"അതും നീ സ്റ്റേഷനിൽ കിടക്കുന്നതും തമ്മിൽ എന്ത് ബന്ധം..??
ഒരു വളിച്ച ചമ്മലോടെ അവനെ നോക്കി മറുപടി പറഞ്ഞു.
"ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ വഴക്കായി ആ സമയത് എന്റെ ബാഗിൽ നിന്നും പെട്രോൾ കുപ്പി താഴെ വീണു... !!!
"എന്നിട്ട്..!!
രഞ്ജിത് ആകാംഷയോയോടെ ചോദിച്ചു
എന്നെ പെട്രോൾ ഒഴിച്ച് കൊല്ലാൻ നോക്കുന്നെയെന്ന് അലറി കരഞ്ഞു കൊണ്ട് ലക്ഷ്മി ഓടി. അവളോട് പെട്രോൾ ടാങ്കിൽ ഒഴിച്ചതിന്റെ ബാക്കി പെട്രോൾ എടുത്തു വച്ചതാണെന്ന സത്യാവസ്ഥ പറയാൻ കുപ്പിയും പിടിച്ചു ഞാൻ പിറകെ ഓടി.
പിന്നേ എനിക്കൊന്നും ഓർമ്മയില്ല അളിയാ . പാർക്കിൽ നിന്നവനും വരുന്നവനും പോകുന്നവനും
നീ പെൺപിള്ളേരെ പെട്രോൾ ഒഴിച്ച് കത്തിക്കും അല്ലേടാ എന്നും പറഞ്ഞു കൊണ്ട് ഇടിയുടെ പെരുന്നാൾ ആയിരുന്നു.."
"ഇപ്പോൾ എനിക്ക് എല്ലാം വ്യക്തമായി. പെട്രോൾ വാങ്ങിച് തന്നതിന്റെ പേരിൽ ഞാൻ കൂട്ട് പ്രതിയായി അല്ലെ. "
വഴിയേ പോയ വയ്യാവേലി എടുത്ത് ചുമലിൽ കേറ്റിയ ദുർ വിധിയെ പഴിച്ച് രഞ്ജി ലോകപ്പിന്റെ ഇരുമ്പ് കമ്പിയിൽ വവ്വാലിനെ പോലെ പിടിച്ചു നിന്നു.
"നിങ്ങൾ രണ്ട് പേരെയും SI അകത്തേക്ക് വിളിക്കുന്നുണ്ട് വേഗം ചെല്ല് എന്നിട്ട് കിട്ടാനുള്ളത് സ്പോട്ടിൽ തന്നെ വാങ്ങിച്ചോ "
അകത്തെ മുറിയിൽ നിന്നും എസ് ഐ രണ്ട് പേരെയും അകത്തേക്ക് വിളിച്ചു
"എന്താ നിങ്ങളെ ഇനി ആനയും അമ്പാരിയും കൊണ്ട് വന്ന് ക്ഷണിച്ചല്ലെ വരൂ..??
"സാർ പേടിച്ചിട്ടാ ഞങ്ങൾ അകത്തേക്ക് വരാത്തത്. !!
"പേടിക്കുകയൊന്നും വേണ്ട ഞാൻ ഒന്നും ചെയ്യില്ല. നിങ്ങളെ കുറിച്ച് ഡീറ്റയിലായി ഞങ്ങൾ അന്വേഷണം നടത്തി നിങ്ങൾ കുഴപ്പക്കാരല്ലെന്നും പിന്നേ ആ പെൺകുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞത് കൊണ്ടും ഇത്തവണ ഞാൻ നിങ്ങളെ വിടുന്നു. ഇനി പെട്രോൾ കുപ്പിയുമായി എന്റെ സ്റ്റേഷന്റെ പരിസരത്ത് കണ്ടാൽ രാവിലെ പാർക്കിൽ നിന്നും നാട്ടുകാരുടെ കൈയിൽ നിന്ന് കിട്ടിയതിന്റെ ബാക്കി ഇവിടെ നിന്ന് കിട്ടും "
"സാർ ഇനി ഈ ജന്മം ഞാൻ ബൈക്ക് കൈ കൊണ്ട് ഒന്ന് തൊട്ട് നോക്കുക വരെ ചെയ്യില്ല സത്യം "
"എങ്കിൽ രണ്ടും ഇവിടെ നിന്ന് കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക് "
********************************************
"ഡാ രഞ്ജി...!
ലക്ഷ്മി വിളിച്ചിരുന്നു.അന്ന് അവളുടെ കൂടെ നിന്ന് ഫോട്ടോ എടുത്തത് അവളുടെ ചേട്ടൻ ആണെന്ന് "
"എന്റെ പൊന്ന് ബ്രോ ആദ്യം സ്നേഹിക്കുന്ന പെണ്ണിനെ വിശ്വാസിക്കാൻ പഠിക്ക്.. !!
ആത്മാർത്ഥമായി പ്രണയിക്കുന്ന ഒരു പെണ്ണിനും കാമുകനെ വ ഞ്ചിക്കാൻ കഴിയില്ല
"സത്യമാണ് ബ്രോ ഇനി ഒരിക്കലും ഞാൻ ലക്ഷ്മിയെ തെറ്റി ധരിക്കില്ല അടുത്ത ആഴ്ച ഞാൻ അമ്മയെയും അച്ഛനെയും കൂട്ടി അവളുടെ വീട്ടിൽ പെണ്ണ് കാണാൻ പോകുന്നുണ്ട് നീയും കൂടെ വരണം "
ശുഭം....
Nb :അഭിപ്രയങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ ചേർക്കാൻ മടിക്കരുത്
ലൈക്ക് കമന്റ് ചെയ്യണേ...