അവളുടെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ ജീവൻ അവളെ തൻ്റെ നെഞ്ചോട് ചേർത്തു...

Valappottukal

 



രചന: Rajesh Dhipu


"കൊച്ചമ്മ ഇന്ന് നടക്കുവാൻ പോകുന്നില്ലേ...? "


ഉറക്കത്തിൻ്റെ ആലസ്യം വിട്ടുമാറാതെ കണ്ണു തിരുമ്മി കൊണ്ട് ജീവൻ തെട്ടടുത്തു കിടക്കുന്ന പ്രിയതമയോട് ആരാഞ്ഞു.


"ഊം." അവൾ നീട്ടീ മൂളികൊണ്ട് കുറച്ചും കൂടി അകലം പാലിച്ചു നീങ്ങി കിടന്നു.


"അപ്പോൾ കൊച്ചമ്മയുടെ തടി കുറയണ്ടേ.."

ചിരിച്ചു കൊണ്ടാണ് ജീവൻ വീണ്ടും ചോദിച്ചത്


മറുപടി പറയാതെ പ്രഭ ചാടിയെഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു തൻ്റെ തൻ്റെ മേനിയെ ഒന്നു ഉഴിഞ്ഞു.


ഒരു മാസമായി നടക്കാൻ പോകുന്നു ഒരു കിലോ പോലും കുറഞ്ഞിട്ടില്ല. പണ്ടാരമടങ്ങാൻ മടുത്തു എനിക്ക് വയ്യ ഇനി പോരാത്തതിന് ജീവേട്ടൻ്റെ വക പരിഹാസവും. അവൾ  ആരോടെന്നി ല്ലാതെ പുലമ്പികൊണ്ടിരുന്നു.


മറുപടി ലഭിക്കാതായപ്പോൾ ജീവൻ തിരിഞ്ഞു കിടന്നു അവളെ പിന്നഴക് ഒന്ന് നോക്കി.


"എന്താടീ പെണ്ണേ എവിടം കൊണ്ടാണ് കുറഞ്ഞതെന്ന് നോക്കുകയാണോ.നിനക്ക് കൂടുന്നതല്ലാതെ കുറയുന്നത്  ഒന്നും കാണുന്നില്ലല്ലോ '


"നീ മനസ്സുവെച്ച ഒരു മാസം കൊണ്ടു ഈ തടി പാതിയാക്കാവുന്നതേ ഉള്ളു"


അവൾ തിരിഞ്ഞു നിന്ന് ജീവനെ ഒന്നു രൂക്ഷമായി നോക്കി..


"ദേ രാവിലെ തന്നെ കൊഞ്ചാൻ നിൽക്കാതെ എഴുന്നേറ്റു പോയി കുളിച്ച് ജോലിക്കു പോകാൻ നോക്കു മനുഷ്യാ.."


"എല്ലാവരും കിടന്നുറങ്ങുമ്പോൾ കയറി വരും.എന്നിട്ട് കൂർക്കം വലിച്ചു ഉറങ്ങും എന്നിട്ട് തടി കുറയ്ക്കാൻ ടിപ്പുമായി വന്നേക്കുന്നു."


"എന്നെ കൊണ്ടു അധികം പറയിപ്പേക്കണ്ട ജീവേട്ടാ.."


അവൾ ചുണ്ടു കോട്ടി പറഞ്ഞവസാനിപ്പിച്ചു കൊണ്ട് മുടി വാരി ചുറ്റി അടുക്കളയിലേയ്ക്ക് നടക്കുവാൻ ഒരുങ്ങി ..


"ഓ എന്നാൽ വേണ്ട ഒരു നല്ല കാര്യം പറയാമെന്ന് വെച്ചപ്പോൾ അവൾക്ക് കേൾക്കാൻ മനസ്സില്ല എന്നാ ശരി.."


താൻ ഉദ്ദേശിച്ച വിഷയമല്ല ജീവേട്ടൻ പറയാൻ വന്നതെന്നു മനസ്സിലാക്കിയ പ്രഭ വാതിൽക്കലൊന്നു നിന്നു. ഇനി  സത്യമാണെങ്കിലോ 


ചിരിച്ചു കൊണ്ടു തിരിഞ്ഞു നോക്കി .


"നടക്കാൻ പോകാതെ തടി കുറയ്ക്കുന്ന വല്ല മാർഗ്ഗവുമാണോ ജീവേട്ടാ."


അവൾ ആകാംക്ഷയോടെ ജീവൻ്റെ അടുത്ത് കട്ടിലിൽ വന്നിരുന്നു..


"പതുക്കെയിരിക്കെടി നാളെയും കിടക്കാനുള്ളതാ."


അവൾ  വാശിയിൽ  ഒന്നുകൂടെ എഴുന്നേറ്റു വീണ്ടും ഇരുന്നു..


"കുന്തം. നീ ചെല്ല് വല്ലതും കഴിക്കാൻ ഉണ്ടാക്ക്.


നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല അതൊന്നുംനിന്നോട് പറയാൻ വന്ന എന്നെ തല്ലാൻ ആളില്ലല്ലോ ..."


അവൾ സ്നേഹത്തോടെ അവൻ്റെ താടിയിൽ പതിയെ തലോടീ


"എൻ്റെ ജീവേട്ടനല്ലേ. ഞാനൊരു തമാശ പറഞ്ഞതല്ലേ."


പറയ്ജീവേട്ടാ.


"ജിവേട്ടൻ്റെ പ്രഭക്കുട്ടി സുന്ദരിയാവണ്ടേ..ഞാൻ  സുന്ദരിയായാൽ അതിന്റെ ക്രഡിറ്റ് ആർക്കാ എന്റെ ജീവേട്ടന് നാട്ടുകാരു പറയും  ആ ജീവന്റെ  പെണ്ണ് കണ്ടില്ലേ ഇപ്പോഴും എന്തു സുന്ദരിയാണെന്ന്.."


"വേണ്ട . എൻ്റെ പെണ്ണിന് അൽപ്പം തടിയുള്ളതാ ഭംഗി...'


"എനിക്കു തടി കുറക്കണം പ്ലീസ് ഒന്നു പറയുന്നുണ്ടോ..


അവൾ അൽപം നീരസത്തോടെയാണ് പറഞ്ഞത് .."


"അതുപോട്ടെ നീ എന്താണിന്ന് നടക്കുവാൻ പോകാതിരുന്നത്."


"അതു പിന്നെ.."

ആദ്യമൊന്ന് വിസമ്മതിച്ചതിനു ശേഷം അവൾ മുഖം കൊടുക്കാതെ ആ സത്യം അങ്ങോട്ട് പറഞ്ഞു ..


"രാവിലെ തന്നെ പാർക്കിൽ നിറച്ചും വായനോക്കികളാ ജീവേട്ടാ."

"ചിലരുടെ ആസ്ഥാനത്തുള്ള നോട്ടം കാണുമ്പോൾ ചെവിക്കല്ലു നോക്കി ഒന്നു കൊടുക്കാൻ തോന്നും.. നോക്കി നമ്മളെ അങ്ങോട്ടില്ലാതാക്കും.ഇവൻമാരുടെ വീട്ടില്  ഉള്ളതിനെ  നോക്കില്ല രാവിലെ തന്നെ  പാർക്കിൽ വന്നു വായും പൊളിച്ചു നിന്നോളും നാണം  ഇല്ലാത്ത വർഗ്ഗം."


അതു കേട്ട് ജീവൻ ഒന്നു പൊട്ടിച്ചിരിച്ചു...


"എന്താ ഇത്ര ഇളിക്കാൻ ഏട്ടനടക്കുമുള്ള ആണുങ്ങൾ എല്ലാം ഇങ്ങിനെയാ പെണ്ണുങ്ങളെ കാണാത്തപോലേ.."


ജീവൻ എഴുന്നേറ്റ് കട്ടിലിലേക്ക് ചാരിയിരുന്നു ..


"നീ കാണിച്ചു കൊടുക്കുവാൻ നിന്നിട്ടല്ലേ അവർ നോക്കുന്നത് ..ഒതുക്കിവെക്കേണ്ടത് എല്ലാം പുറത്ത് കാണിച്ചാൽ ചിലപ്പോൾ നോക്കിയെന്നു വരും 

അതിനു ആണുങ്ങളെ മുഴുവൻ അടച്ചക്ഷേപിക്കല്ലേ പ്രഭേ."


"ഓ എന്നാൽ ഞാൻ ഇനി മുതൽ സാരിയുടുത്ത് നടക്കുവാൻ പോകാം. അതാകുമ്പോൾ പെട്ടന്ന് ഒന്നും കാണില്ല ല്ലോ "


ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടിൽ ജീവേട്ടന് മറുപടി കൊടുത്തുകൊണ്ട് പ്രഭയൊന്നു ഞാൻ  ജയിച്ചു എന്ന മട്ടിൽ ഞെളിഞ്ഞിരുന്നു...

"

നടക്കുവാൻ പോയാൽ തടി കുറയുമെന്ന് നിന്നോടാരാ പറഞ്ഞത്."


"ഓ ഇപ്പാൾ നടക്കാൻ പോയതായോ കുറ്റം."


"ഞാൻ പറയുന്നതുപോലെ ചെയ്താൽ ഒരു മാസത്തിനുള്ളിൽ തടി കുറയ്ക്കാം.."


"എന്നാൽ മാഷു പറഞ്ഞാട്ടെ."

അവൾ ജീവൻ്റെ മടിയിലേയ്ക്ക് തല വെച്ച് ആ വാക്കുകൾക്കായ് കാതോർത്തു..


"ആദ്യം. നീ തൊട്ടതിനും പിടിച്ചതിനും അമ്മിണിയമ്മയെ വിളിക്കുന്നതൊന്ന് നിറുത്തണം..."


"അതാ ഇപ്പോൾ നന്നായേ.."ആ പാവത്തിന് വല്ലതും കിട്ടിക്കോട്ടെ. എന്നു കരുതിയാണ് പണിക്കു വിളിക്കുന്നത് .."


"അല്ലാതെ നിനക്ക് പണിയെടുക്കാൻ മടി  ഒന്നും ഉണ്ടായിട്ടല്ല അല്ലേ..?"


അതു  അവിടെ നിൽക്കട്ടെ  ജീവേട്ട ബാക്കി പറയ് കേൾക്കട്ടെ ..


അവൾ  ആ ടിപ്പിലേക്ക് ജീവേട്ടന്റെ ശ്രദ്ധയെ വഴി തിരിച്ചു വിട്ടു..

"

ഞാൻ ജോലിക്കു പോയ് തിരിച്ചു വരും വരെ നിനക്ക് എന്താണ് ഇവിടെ ജോലി ഒന്നു വിശദീകരിച്ചേ.."


അവൾ  ചിന്തയിലാണ്ടു..


"രാവിലെ എഴുന്നേറ്റ് ചേട്ടന് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കണം,എനിക്ക് കുളിക്കണം, പാത്രം കഴുകി വെക്കണം.. ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കണം.,"


"പിന്നെ ഉച്ചതിരിഞ്ഞു കിടന്നുറങ്ങും കുറച്ചു നേരം ടിവി കാണും പിന്നെ മൊബൈലിൽ കുറച്ച് നേരം നോക്കും പിന്നെ വൈകുന്നേരത്തിന് ഏട്ടന് ഭക്ഷണം ഉണ്ടാക്കും ടി വി യിൽ കോമഡി കാണുംഅപ്പോഴേക്കും ഏട്ടൻ വരും .ഇത്ര തന്നെ.."


"ഇനി ഏട്ടൻ ടിപ്പ് പറ.."


"ആദ്യം നീ പോയി ഒരു കാപ്പിയിട്ടു കൊണ്ടു വാ അപ്പോഴേക്കും ഞാൻ പറയാം."


മറുപടി പറയാൻ അവൾ നിന്നില്ല അടുക്കളയിലേക്ക് ഓടുകയായിരുന്നു ..


ആ കാഴ്ച കണ്ടു ചുണ്ടിൽ ചിരി വിടർന്നെങ്കിലും പുറത്ത് കാട്ടാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് നടന്നു.


മുഖം കഴുകി തിരിച്ചു വരുമ്പോഴേക്കും കാപ്പിയുമായ് പ്രഭ തിരിച്ചെത്തിയിരുന്നു ..


"ഇതാ കാപ്പി ഇനിയെങ്കിലും പറയൂ ജീവേട്ട.."


വളരെയധികം വിനയത്തോടെ ജീവനു നേരെ കാപ്പിയുടെ കപ്പ് നീട്ടികൊണ്ടവൾ അപേക്ഷിച്ചു ..


പറയാം നീ ഇരിക്ക്


അവൾ കട്ടിലിൽവന്നിരുന്നു


കാപ്പിയിൽ നിന്ന് ഒരിറക്ക് കുടിച്ചു കൊണ്ട് ജീവൻ തുടർന്നു ..

"

നീ ദിവസവും ഒരു ടൈം ടേബിൾ ഉണ്ടാക്കണം. ഒരോ മണിക്കൂറും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ളത് ..'


"ഞാൻ എന്താ സ്കൂളിൽ പഠിക്കുന്ന കുട്ടിയോ ടൈം ടേബിൾ വെച്ചു ജോലി ചെയ്യാൻ."


"എടി പെണ്ണേ പറയുന്നത് കേൾക്ക് തോക്കിൽ കയറി വെടി വയ്ക്കല്ലേ.."


"ശരി ഏട്ടൻ പറ ഞാൻ അതു പോലെ ചെയ്യാം."


"രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണം..അന്നേരം തന്നെ കുളിക്കണം. ഒരു പത്ത് മിനിറ്റ് പൂജാമുറിയിൽ കയറി ..നിനക്ക് വേണ്ടി പ്രാർത്ഥിക്കണം."


"അതിനു ശേഷം അടുക്കളയിൽ കയറി പ്രഭാത ഭക്ഷണം വല്ലതും ഉണ്ടാക്കണം കൂട്ടത്തിൽ എനിക്ക് കാപ്പിയും"


"അതോടൊപ്പം അരി കഴുകി അടുപ്പത്തിടണം ചൂലെടുത്ത് മുറ്റം ഒന്നു അടിച്ചു വാരണം."


"അപ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും."


"ഇനി ശ്രദ്ധയോടെ കേൾക്കണം."

നീ രാവിലെ ചെയ്ത വ്യായാമത്തിൻ്റെ ഗുണം പറയാം."


"രാവിലെ എഴുന്നേറ്റു കുളിക്കുമ്പോൾ മനസ്സു ശരീരവും ഒന്നു തണുക്കും നിനക്ക് ജോലി ചെയ്യാനുള്ള ഒരു ഉൻമേഷവും കിട്ടും."


"പിന്നെ കുനിഞ്ഞു നിന്ന് നിന്ന് മുറ്റമടിക്കുമ്പോൾ"

"

പള്ളിക്കൂടത്തിൻ്റെ മുന്നിൽ കാണുന്ന സ്പീഡ് ബ്രേക്കർ പോലെയുള്ള നിൻ്റെ വയറ് കുറച്ച് ഒന്നു കുറയും."


അവൾ ദേഷ്യത്തോടെ തലയാട്ടി. അടുത്തത് എന്ന ഭാവത്തിൽ ആഗ്യം കാണിച്ചു.

"

അത്യാവശമുള്ള ചെറിയ തുണികൾ മാത്രം വാഷിംഗ് മിഷീനിൽ ഇട്ടാൽ മതിയാവും"


"ബാക്കിയുള്ളത് കല്ലിൽ അലക്കിയെടുക്കാൻ ശ്രമിക്കണം.'


അതിൻ്റെ ഗുണം.


"നിൻ്റെ ആനയുടെതുമ്പികൈ പോലെയുള്ള കൈ ചെറുതായി വാഴപിണ്ടി പോലെയാകും."


"ജീവേട്ടാ. "അവൾ നീട്ടിയൊന്നു വിളിച്ചു.


അതു ശ്രദ്ധിക്കാതെ അവൻ തുടർന്നു ..

"നിൻ്റെ മുന്നഴകും ഒന്ന് ഒതുങ്ങും. അതു കേട്ടപ്പോൾ അവൾ തൻ്റെ മുൻ വശത്തേക്ക് ഒന്ന് നോക്കി.."


വീണ്ടും ജീവേട്ടൻ്റെ വാക്കുകൾക്ക്‌ ശ്രദ്ധയൂന്നി ..


"അതിനു ശേഷം ഈ മുറികളൊക്കൊ ഒന്നു തുടച്ചു വൃത്തിയാക്കണം

അതും തറയിൽ ഇരുന്ന് കൊണ്ട് തുടക്കണം."

"അപ്പോൾ നിൻ്റെ കുത്തബ് മിനാർപോലെയുള്ള നിൻ്റെ കാലുകൾ

ഒതുങ്ങി കൽ തൂണ് പോലെയാകും."


"ഉച്ചക്ക് മൂക്ക്മുട്ടെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നതിനു പകരം ആവശ്യത്തിന് കഴിച്ച് നമ്മുടെ പറമ്പിൽ ഒക്കെ ഒന്നു ചുറ്റിയടിച്ച് വല്ല പട്ടമടലോ ചെറിയ വിറകുകളോ ശേഖരിക്കുകയാണങ്കിൽ അടുപ്പിൽ വെയ്ക്കാനുള്ള വിറകും കിട്ടും നീ കഴിച്ചഭക്ഷണം ദഹിക്കുലുമാകും..."


"അതിനു ശേഷം ചായ കുടിച്ച് ടി വി കാണുകയോ മൊബൈൽ നോക്കുകയോ എന്തു വേണമെങ്കിലും ആയിക്കോളു.."


"ഇത്രയും നിനക്ക് ചെയ്യുവാൻ സാധിച്ചാൽ ഒരു മാസത്തിനുള്ളിൽ നിൻ്റെ തടി കുറഞ്ഞിരിക്കും.%


"കുറഞ്ഞില്ലെങ്കിൽ...?"


"ഇല്ലങ്കിൽ അതിനു ശേഷം ഞാൻ അടുക്കളയിൽ കയറിക്കൊള്ളാം."


"ഉറപ്പാണോ.."


"ഉറപ്പ്"


"പിന്നെ ഒരു കാര്യം ഇത്രയും കാര്യങ്ങൾ നീ തന്നെ ചെയ്യണം അമ്മിണിയമ്മയല്ല.. ചെയ്യേണ്ടത്. കേട്ടല്ലോ ഇനി ഇതിനെ  പറ്റി ഒരു സംസാരം  വേണ്ട കൃത്യ 30ദിവസം  അപ്പോൾ ശരി "


"ഓ കളിയാക്കണ്ട. ഞാൻ ചെയ്തു കാണിക്കാം .."


"ചലഞ്ച്


രണ്ടും പേരും പരസ്പരം കയ്യിലടിച്ചു  കരാറിൽ ഒപ്പ് വെച്ചു.."


എന്നാൽ ശരി  പ്രഭ എനിക്ക് പോകുവാൻ സമയമായി..


ജീവൻ ഓഫീസിലേയ്ക്ക് പോയതിനു ശേഷം പ്രഭ ജീവേട്ടന് കൊടുത്ത ഉറപ്പിനെ ഒന്നു തിരിച്ചും മറിച്ചും നോക്കി..


തടി  കൂടാനുള്ള വഴികളിലൂടെ  ഒന്നു സഞ്ചരിച്ചു..


പാരമ്പര്യമായി കിട്ടാൻ ഒരു മാർഗ്ഗവും ഇല്ല അച്ഛനും അമ്മയും എനിക്ക് ഓർമ്മ വച്ച  നാൾ മുതൽ  മെലിഞ്ഞ പ്രകൃതമാണ്..നടക്കാൻ  പോയിട്ടും തടി  കുറയാത്തത്  എങ്ങിനെയെന്നത്ര ആലോചിട്ടും മനസിലാകുന്നില്ല. കൂടെ  വരുന്ന മേരിചേച്ചീ പതിനഞ്ച്  ദിവസം  ആയിട്ടുള്ളു   പിന്നേ ശാരിയും  അവരുടെ ഒക്കെ കുറയുന്നുണ്ട് എന്റെ മാത്രം കുറയുന്നില്ല..


ഒന്ന് ഓർക്കുമ്പോൾ ഏട്ടൻ പറഞ്ഞത് ശരിയാണല്ലോ.

രാവിലെ കുളിക്കുന്നത് പതിനൊന്ന് മണി.. ഒന്നരാടം കൂടി അമ്മിണിയമ്മയാണ് മുറ്റം അടിക്കുന്നതും മുറി അടിച്ചുവാരി തുടച്ചു വൃത്തിയാക്കുന്നതും.തൻ്റെ പണിയെന്നു പറയുന്നത് തീറ്റയും ഉറക്കവും..ശോ.. വെറുതേയല്ല തടി കൂടുന്നത് ..


അവൾ മാറി ചിന്തിക്കുവാൻ തീരുമാനിച്ചു.

ആദ്യമൊക്കെ കുറച്ചു പ്രയാസമുണ്ടായിരുന്നുവെങ്കിലും ദിവസങ്ങൾ കഴിയുംതോറും അവൾക്ക് അതെല്ലാം വളരെയധികം അനായാസമായി തോന്നി തുടങ്ങി .. ദിവസങ്ങൾ ഓരോന്നു കഴിയുംതോറും തൻ്റെ വസ്ത്രങ്ങൾ ലൂസായി വന്നപ്പേഴാണ് തൻ്റെ ശരീരഭാരം കുറയുന്നതവൾ തിരിച്ചറിഞ്ഞത്.. 


ഏട്ടൻ പറഞ്ഞതല്ലാതെ പല ജോലികളും അവൾ സ്വയം ഏറ്റെടുത്ത് ചെയ്യുവാൻ തുടങ്ങി .. ആഹാരക്രമത്തിൽ ശ്രദ്ധ ചെലുത്തി. 


പറമ്പിൽ ചെറുതായി പച്ചക്കറി കൃഷി തുടങ്ങി .. മുറ്റത്ത് പല തരത്തിലുള്ള പൂക്കൾ വച്ചുപിടിപ്പിച്ചു .. 


എന്നിട്ടും തനിക്ക് വിശ്രമിക്കാൻ ഇഷ്ടം പോലെ സമയം കിട്ടുന്നു.അവൾ  മനസ്സ് കൊണ്ടു ജീവേട്ടനോട്  നന്ദി  പറഞ്ഞു.. 


അന്ന് ജീവൻ നൽകിയ ഒരു മാസം കാലാവധി വന്നെത്തി രാത്രീ കിടക്കുവാൻ നേരമാണ് ജീവൻ അക്കാര്യം വീണ്ടുമെടുത്തിട്ടത്.. 


"പ്രഭേ അപ്പോൾ നാളെത്തൊട്ട് ഞാൻ അടുക്കളയിൽ കയറാൻ റെഡിയാ ട്ടോ.. "


മറുപടി പറയാതെ അവൾ ആ നെഞ്ചിൽ തല വയ്ച്ചു കിടന്നു.. 


അവളുടെ ചുടുകണ്ണുനീർ ആ നെഞ്ചിൽ പതിച്ചപ്പോഴാണ്  അവൾ കരയുകയാ ണെന്നവന് മനസ്സിലായത്.. 


"പ്രഭേ നീ കരയുകയാണോ? "


"അല്ല ഏട്ടാ.. അറിയാതെ കണ്ണു നിറഞ്ഞു പോയതാ.. "


"അതിനു  നിന്നേ ഞാൻ  വഴക്കൊന്നും  പറഞ്ഞില്ലല്ലോ പ്രഭേ.. "


ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു തുടങ്ങി 


"എല്ലാം എൻ്റെ തെറ്റാ.. "


"എൻ്റെ വാശിയായിരുന്നല്ലോ.. ഏട്ടനെ അമ്മയുടേയും അച്ഛൻ്റേയും അടുത്ത് നിന്ന് പിരിച്ചു പുതിയ വീടെടുക്കാൻ നിർബദ്ധിച്ചത് .. "


"എൻ്റെ മടിയായിരുന്നു എല്ലാത്തിനും കാരണം... "


"അവർക്ക് വച്ചു വിളമ്പണം അവരുടെ കാര്യങ്ങൾ നോക്കണം എല്ലാം എൻ്റെ സ്വാർത്ഥത മാത്രമായിരുന്നു .. "


"സ്വന്തം ഭർത്താവ്‌, മക്കൾ ഇതിൽ കൂടുതൽ ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല .. ഇന്ന് ജോലികളെല്ലാം കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോൾ ഞാൻ അവർ കൂടെയുണ്ടങ്കിൽ ഒന്നും മിണ്ടിയും പറഞ്ഞും ഇരിക്കാനങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോകുന്നു .. ഒറ്റയ്ക്ക് ആയതു പോലെ തോന്നുന്നു.. "


"ഏട്ടാ.. "


"എന്താ പ്രഭേ.. "


"അതേ ഏട്ടാ കുടുംബമെന്നാൽ സ്വന്തം കാര്യമല്ലാതെ ആർക്കെങ്കിലും ഒരാൾക്കു വേണ്ടിയെങ്കിലും ജീവിക്കണമെന്ന സത്യം തിരിച്ചറിഞ്ഞു ഏട്ടാ.. "


"എനിക്കു ഏട്ടൻ്റെ ഭാര്യയായി ജീവിക്കണം. പിന്നെയൊരു കാര്യം നാളെത്തന്നെ മോനൂട്ടനെ വിളിച്ചു കൊണ്ടുവരണം. അവൻ ഹോസ്റ്റലിൽ നിന്നു പഠിച്ചതുമതി.. "


"എൻ്റെ മോൻ ഇനി ഇവിടെ നിന്ന് ദിവസവും പോയി പഠിച്ചാൽ മതി.. 

കൂട്ടത്തിൽ അമ്മയേയും അച്ഛനേയും വിളിച്ചു കൊണ്ടുവരണം. "


"പ്രഭേ നീ നല്ലവണ്ണം ആലോചിച്ചതിനു ശേഷമാണോ .ഈ തീരുമാനമെടുത്തത്.. "


"അതേ.. ഞാൻ മുൻപേ പറയാനിരുന്നതാണ് .. ഏട്ടൻ ഒന്നും ചോദിക്കാതിരുന്നതുകൊണ്ടാണ് കാത്തിരുന്നത് .. ഇനിയും ഞാൻ കാത്തിരുന്നാൽ എനിക്കു സൗന്ദര്യം മാത്രമല്ല. എല്ലാവരുടേയും സ്നേഹവും നഷ്ടപ്പെടും. "


"ഞാനറിയുന്നണ്ടെടി പെണ്ണേ നിൻ്റെ ഒരോ ദിവസത്തേയും മാറ്റങ്ങൾ "


"ഞാനും കാത്തിരുന്നതല്ലേ .. നിൻ്റെ മനസ്സ് തുറക്കുന്ന ഈയൊരു ദിനത്തിനായ് നീ ഇപ്പോൾ പണ്ടത്തെക്കാളും സുന്ദരിയാണ്. ആ മനസ്സ് നിൻ്റെ മുഖത്തെ സൗന്ദര്യത്തേക്കാളും അഴകുള്ളതായി മാറി കഴിഞ്ഞിരിക്കുന്നു .. "


"പിന്നെ വല്ലാതങ്ങോട്ട് മെലിഞ്ഞുണങ്ങണ്ട ഇപ്പോൾ തന്നെ എല്ലു അവിടെ അവിടെ കുത്തുന്നുണ്ട്.. 

ഇച്ചിരി ഇറച്ചിയില്ലങ്കിൽ പിന്നെ ഒരു സുഖവും ഉണ്ടാകില്ല. "


"ഒന്നു പോ ഏട്ടാ.. "


അവൾ അവൻ്റെ മീശയിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു. 


പിന്നെ ഒരു സന്തോഷ വാർത്തയുണ്ട്.. എനിക്ക് നമ്മുടെ അടുത്ത ബ്രാഞ്ചിലേയ്ക്ക് സ്ഥലമാറ്റം കിട്ടി.. "


"ഇനി വിളക്കു വക്കുമ്പേഴേക്കും വീട്ടിലെത്താം. നിൻ്റെ കൂടെ വർത്തമാനം പറത്തിരിക്കാം. എനിക്കുമുണ്ട് പ്രഭേ ആഗ്രഹങ്ങളും, സ്വപ്നങ്ങളും എല്ലാം അറിഞ്ഞു കൊണ്ട് ഒഴിവാക്കിയതല്ല .. "


"ക്ഷീണം കൊണ്ടുറങ്ങിപ്പോകുന്നതാണ് .. 

എനിക്ക് ഇനി നിന്നോട് കൂടുതൽ സമയം ചിലവഴിക്കാം. നിൻ്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെല്ലാം നടത്തിത്തരാം. നിന്നെ ദിവസവും കെട്ടിപ്പിടിച്ചുറങ്ങാം..  ഒളിച്ചും പതുങ്ങിയുമല്ല. സമയമെടുത്ത്...നമുക്ക് ഇനി അടച്ചു പൊളിക്കാമെടീ..നിനക്ക് സന്തോഷമായോ.. നിൻ്റെ പരിഭവങ്ങൾ ഇനി കേൾക്കാതെ പിണക്കങ്ങളില്ലാതെ.. "


"ഉം " അവളൊന്നു മൂളി .. 


"പ്രഭേ..പുറത്ത് നല്ല മഴ പെയ്യുന്നു.. 

അപ്പോൾ എങ്ങിനെയാ കാര്യങ്ങള് "


അവളുടെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ ജീവൻ അവളെ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു... പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയുടെ കുളിരിൽ അവരുടെ മനസ്സും ശരീരവും ഒന്നു ചേർന്നു...

To Top