രചന: ഹനു
എന്നിലെ എന്നെ തേടി...
അന്നും പതിവു പോലെ രാധിക ബസ്റ്റോപ്പിലേക്ക് ഓടി കിതച്ചാണ് എത്തിയത്.. അകലെന്നു അവളെ കണ്ട ഡ്രൈവർ അല്പ സമയം കാത്തു നിന്നു .. വയ്യാത്ത അമ്മയുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞാണ് വരുന്നതെന്ന് അവർക്ക് അറിയാം..
ഈ ഓട്ടപ്പാച്ചിലിനിടയിൽ ഒരു ദിവസം പോലും രാവിലെ ന്യൂസ്പേപ്പർ വായിക്കാൻ സമയം കിട്ടാറുണ്ടായിരുന്നില്ല. ഓഫീസിൽ ഉച്ചയ്ക്കുള്ള റസ്റ്റ് ടൈമിലാണ് ഓരോ ദിവസത്തെയും പേപ്പർ സാധാരണയായി വായിക്കാറ്.
അന്നും ഇതുപോലെ ഉച്ചഭക്ഷണം കഴിഞ്ഞു സഹപ്രവർത്തകർക്കൊപ്പം പേപ്പർ വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്നാണ് ആ ചിത്രം രാധിക കാണാൻ ഇടയായത്.
" അയ്യോ ഇത് അവനല്ലേ...!!! അവനെ പോലീസ് പിടിച്ചോ,,ദൈവമേ,,!!! "
പരിസരം മറന്നു കൊണ്ട് അവൾ ഉറക്കെ പറഞ്ഞു.
" ആരെ പിടിച്ച കാര്യമാണ് നീ പറയുന്നത് രാധു ? " അടുത്ത് മൊബൈലിൽ കുത്തി കൊണ്ടിരുന്ന മീനു ചോദിച്ചു.
" ദാ,, ഇവൻ,, എന്റെ വീട്ടിൽ വന്ന കള്ളനാണ്.. " പേപ്പറിൽ കണ്ട ഫോട്ടോ മീനുവിന് കാണിച്ചു കൊടുത്തു രാധിക ആശ്ചര്യത്തോടെ പറഞ്ഞു.
" കള്ളനെ നീ എങ്ങനെയാ കണ്ടത് ? " മീനുവിന് സംശയം കൂടി വന്നു..
രണ്ടാഴ്ച മുമ്പ് രാത്രി 12 മണിക്ക് , പിറകുവശത്തെ വരാന്തയിൽ തൂക്കിയിട്ട തത്തയുടെ കരച്ചിൽ കേട്ട് ഞാൻ അടുക്കള വാതിൽ തുറന്നു നോക്കി.. പൂച്ചയോ മറ്റോ ആയിരിക്കും എന്ന് കരുതിയാണ് ഞാൻ വാതിൽ തുറന്നത്.
" എന്നിട്ട് ? " ആകാംഷയോടെ മീനു ചോദിച്ചു.
" പക്ഷേ ഞാൻ അവിടെ കണ്ടത് പൂച്ചയെയല്ല ,,, ഈ കള്ളനെ ആയിരുന്നു..അവൻ ഗ്രില്ലിന്റെ ലോക്ക് തുറക്കാൻ ഉള്ള ശ്രമത്തിലായിരുന്നു.." രാധിക സംഭവങ്ങൾ വിവരിച്ചു തുടങ്ങി.
" നീ ശരിക്കും അയാളെ കണ്ടോ ? " മീനു പിന്നെയും ചോദിച്ചു കൊണ്ടിരുന്നു.
" ഏട്ടൻ വീട്ടിൽ ഇല്ലാത്ത കാരണം, പുറത്തുള്ള ലൈറ്റുകൾ എല്ലാം രാത്രി ഓൺചെയ്ത് ഇടാറുണ്ട്. അതുകൊണ്ട് ആ വെളിച്ചത്തിൽ ഇയാളുടെ മുഖം എനിക്ക് ശരിക്കും കാണാൻ പറ്റി .."
" എന്നിട്ട് നീ എന്ത് ചെയ്തു.."
കുറച്ച് ധൈര്യം സംഭരിച്ചു കൊണ്ട് തന്നെ ഞാൻ ആരടാ!!എന്ന് ഉറക്കെ ചോദിച്ചു.
" ഞാനാണെങ്കിൽ അപ്പോൾതന്നെ കാറ്റുപോയി അവിടെ വീണിട്ടുണ്ടാകും.." മീനു ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഇടയ്ക്ക് ആദിയേട്ടന് നൈറ്റ്ഷിഫ്റ്റ് ഉള്ളത് കാരണം ഞങ്ങൾ ഒറ്റക്കാകും.അത്കൊണ്ട് എനിക്കിപ്പോ കുറച്ച് ധൈര്യം ഒക്കെ വന്നിട്ടുണ്ട്..." രാധിക പറഞ്ഞു.
" നിന്റെ ധൈര്യം കണ്ട് അവൻ അപ്പോൾ തന്നെ ഓടിപ്പോയിട്ടുണ്ടാകുംല്ലേ.. " മീനു കളിയാക്കി ചോദിച്ചു
" ഇല്ല..." അതല്ലേ രസം,, ആള് പയ്യെ വളരെ സൗമ്യമായി തിരിഞ്ഞുനടന്നു ഇരുട്ടിലേക്ക് മറഞ്ഞു .ഞാൻ വേഗം വാതിലടച്ച് അകത്തേക്കും പോന്നു.
" പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്നും 10,000 രൂപ കളവുപോയ കാര്യം അറിയുന്നത്."
" അപ്പോ നിന്റെ വീട്ടിലും മോഷ്ടിക്കാനായിരിക്കുമല്ലേ വന്നത് ..? " അടക്കിപ്പിടിച്ച ശ്വാസം വിട്ടുകൊണ്ട് മീനു പറഞ്ഞു.
" ആയിരിക്കും.."
" പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോൾ മോള് പറഞ്ഞു അവളുടെ ഇന്നർ ഒന്നുരണ്ടെണ്ണം കാണുന്നില്ലെന്ന്.."
" മോൾ അങ്ങനെ പറഞ്ഞപ്പോഴേ എനിക്ക് ഒരു സംശയം തോന്നിയിരുന്നു, ഞാൻ ബഹളം വെച്ചപ്പോ അവൻ ചായ്‌പിന്റെ അടുത്തേക്കാണ് മാറിപോയത്..മറ്റാരും അവിടെ വരാറില്ല. കാരണം വീടിൻ്റെ പിറകിലുള്ള ചയ്പ്പിൽ ആണ് ഡ്രസ്സ് അലക്കി ഇടുന്നത്, ഞാൻ രാവിലെ ചെന്നു നോക്കുമ്പോൾ അവൻ ധൃതിയിൽ ഇന്നർ വലിച്ചെടുത്തപ്പോ കൂടെയുണ്ടായിരുന്ന മറ്റു ഡ്രെസ്സുകൾ താഴെ വീണു കിടക്കുന്നുണ്ടായിരുന്നു.."
" ഇതിനുവേണ്ടി മാത്രം വരുന്ന ചില സൈക്കോകളും ഉണ്ട്. ചിലർക്ക് ഉടുത്തുമാറ്റിയ ഇന്നർ ആണ് വേണ്ടത്.. ഇതൊക്കെ ഒരു മാനസിക വൈകല്യമാണ് , ചികിത്സിച്ചാൽ ഭേദമാവുകയും ചെയ്യും. ആരും ഇതിനൊന്നും മെനക്കെടൂല്ല.." മീനു പറഞ്ഞു.
" ഇന്നർ ഒന്നും ആരും എടുത്തു കൊണ്ടു പോകില്ല ,,, ഷെൽഫിൽ വേറെ ഡ്രസ്സിന്റെ കൂടെ മടക്കി വച്ചിട്ടുണ്ടാകുമെന്ന്,," മോളോട് അന്ന് പറഞ്ഞിരുന്നു
" നിനക്ക് ഇങ്ങനെയൊരു സംശയം ഉണ്ടായിട്ടും, നീയെന്തേ മോളോട് അങ്ങനെ പറഞ്ഞത് ? " മീനു സംശയത്തോടെ ചോദിച്ചു..
" അതിന് ആർക്കും അറിയില്ലല്ലോ ഇതൊന്നും,, " ചിരിച്ചുകൊണ്ട് രാധിക പറഞ്ഞു
" ഏതൊന്നും? " മീനുവിന് ആകാംക്ഷ വർദ്ധിച്ചു
" ഞാൻ കഥയെഴുതുന്ന കാര്യം,,"
" നീ കഥയെഴുതോ ? മീനു ആശ്ചര്യത്തോടെയും സന്തോഷത്തോടെയും ചോദിച്ചു.
" ഉം ,, " രാധിക അക്കിടി പറ്റിയ പോലെ പറഞ്ഞു.
" ഇതൊന്നും ഞങ്ങൾ ഇതുവരെ അറിഞ്ഞില്ലല്ലോ..എത്ര നാളായിഎഴുത്തിന്റെ അസ്കിത തുടങ്ങിയിട്ട്..? "
" ഇപ്പോൾ രണ്ടു കൊല്ലം ഒക്കെ ആയിട്ടുണ്ടാവും,, " ഒരു ചമ്മലോടെ രാധിക പറഞ്ഞു.
" നീ എഴുതുന്നത് വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ..? "
" ഞാൻ മാസികകൾക്ക് ഒന്നും കൊടുക്കാറില്ല..എന്റെ കുത്തിക്കുറിക്കലുകൾ എല്ലാം പ്രതിലിപി എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ്.."
" അപ്പോ മിണ്ടാപ്പൂച്ച കലമുടയ്ക്കുന്നുണ്ടല്ലേ,, " മീനു അവളെ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
" വീട്ടിലെ ആർക്കും ഇതൊന്നും അറിയില്ലേ,,? "
" ഇല്ല,,, ഏട്ടൻ നൈറ്റ് ഷിഫ്റ്റ് പോകുന്ന ദിവസങ്ങളിലാണ് ഞാൻ ഇതിനൊക്കെ ഇരിക്കാറ്.. അന്നും അങ്ങിനെ ഇരുന്നപ്പോഴാണ് തത്തയുടെ കരച്ചിൽ കേട്ടത്.." ചമ്മലോടെ രാധിക പറഞ്ഞു.
" കഥയെഴുതുന്ന കാര്യം മറ്റാരും അറിയാതിരിക്കാൻ ഞാൻ കള്ളൻ കണ്ട കാര്യം വീട്ടിൽ പറഞ്ഞില്ല.."
" ഇനി എന്തായാലും വീട്ടിലും നാട്ടിലും ഉള്ളവരൊക്കെ അറിയണം..." മീനു ഉറപ്പിച്ചു പറഞ്ഞു.
" അയ്യോ!!,, വേണ്ട ഇതുതന്നെ അബദ്ധത്തിൽ നിന്നോട് പറഞ്ഞുപോയതാണ്...നീ ഇനി ആരോടും കൊട്ടിഘോഷിക്കാൻ നിൽക്കണ്ട.." രാധിക ചമ്മലോടെ പറഞ്ഞു.
എന്തായാലും നിനക്ക് ഇങ്ങനെ ഒരു കഴിവുള്ളത് ഇവിടെ ആർക്കും അറിയില്ല.. അങ്ങനെ ഒളിപ്പിച്ചുവെക്കാൻ പറ്റിയ ഒന്നല്ല ഈ എഴുത്ത് എന്നത്.. അത് എല്ലാവർക്കും നടക്കുന്ന കാര്യവും അല്ല.. ഇപ്പോൾ തന്നെ ഓഫീസിലുള്ള എല്ലാവരോടും ഞാൻ പറയും.." എന്നുപറഞ്ഞുകൊണ്ട് മീനു അവിടെനിന്നും അപ്പുറത്തേ ക്യാബിനിലേക്ക് ഓടിപ്പോയി..
ഓർക്കുന്തോറും നാണം തോന്നിയതുകൊണ്ട് രാധിക പിന്നാലെ പോയില്ല..
അധികം താമസിയാതെ തന്നെ മീനു രാധികയുടെ ഒരു കഥ, പ്രമുഖപത്രത്തിന് അയച്ചുകൊടുത്തു..അവർ അത് സൺഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചു.
സൺഡേ ഡ്യൂട്ടി ഉണ്ടായിരുന്ന ദിവസം, പത്രത്തിൽ നിന്നാണ് രാധികയുടെ കഥ ആദിത്യൻ ആദ്യമായി വായിച്ചത്.. എഴുതിയത് തന്റെ രാധു തന്നെയാണോ എന്ന് ഉറപ്പുവരുത്താനായി അപ്പോൾതന്നെ അവളെ വിളിച്ചു ചോദിച്ചു..
ആദ്യം ഒരു ഉൾഭയത്തോടെയാണ് അവൾ ഉത്തരം നൽകിയത്..പിന്നീട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നുള്ള സംസാരം അവൾക്ക് കൂടുതൽ സന്തോഷവും ആശ്വാസവുമായി...
ആദിക്കു അവളുടെ എഴുത്തുകൾ ഒരു അഭിമാനമായി തന്നെ തോന്നി..ആ പേപ്പർ കട്ടിങ് അവൻ വീട്ടുകാർക്കും കൂട്ടുകാർക്കെല്ലാം അയച്ചുകൊടുത്തു..
അവൻ ഡ്യൂട്ടി കഴിഞ്ഞു വരുന്ന സമയം , വീട്ടിലേക്ക് വരാൻ എല്ലാവരോടും പറഞ്ഞിരുന്നു.. വൈകുന്നേരം അവിചാരിതമായി എല്ലാവരെയും കണ്ട സന്തോഷത്തിൽ അവളുടെ കണ്ണുനിറഞ്ഞു..
ലോകം മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരിയായി തീരുവാനുള്ള അനുഗ്രഹത്തോടൊപ്പം,,കൂട്ടുകാരെല്ലാവരും കൂടി സമ്മാനിച്ചത് വിലകൂടിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു...
അപ്രതീക്ഷിതമായി തനിക്ക് കിട്ടിയ പ്രോത്സാഹനത്തിനും സമ്മാനങ്ങൾക്കും ദൈവത്തിനോട് മനസ്സിൽ നന്ദിപറയുമ്പോൾ സന്തോഷാശ്രുക്കൾ അവളുടെ കാഴ്ചയെ മുറിച്ചു കൊണ്ടിരുന്നു.... അതുകണ്ട ആദി അവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തു ....