രചന: രാജു പി കെ കോടനാട്
"ശ്രീയേട്ടൻ്റെ മകളുടെ വിവാഹത്തിന് പോയി വന്നതിന് ശേക്ഷം നിനക്കിത് എന്ത് പറ്റി കവിതേ നീ കാര്യം പറയ് പെണ്ണെ..
എന്ത് സന്തോഷത്തോടു കൂടി പോയതാ നമ്മൾ ഇവിടെ നിന്നും ഇടയിൽ നിനക്കിത് എന്തു പറ്റി."
"ഏട്ടാ ഞാൻ ചെറിയ പ്രായത്തിൽ ഒരു പാട് ആഗ്രഹിച്ചിരുന്നതാണ് കുറച്ച് മോഡേണായി നടക്കാൻ അന്നത് കഴിഞ്ഞില്ല. ഇന്നതിനുള്ള സാഹചര്യം വന്നപ്പോൾ പ്രായം നാൽപ്പതിൽ എത്തിയല്ലോ എന്ന് ഞാൻ സങ്കടത്തോടെ ഓർക്കാറുണ്ടായിരുന്നു. അതിനുമപ്പുറം മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞാലോ എന്നുള്ള ഒരു ഭീതിയും പിന്നെ ഏട്ടൻ എൻ്റെ ആഗ്രഹത്തിന് എതിരൊന്നും പറയാതെ കൂടെ നിന്നപ്പോഴാണ് ഞാൻ അല്പം മോഡേണായി വിവാഹത്തിന് വരുന്നത് ഇവിടെ നിന്നും ഇറങ്ങുമ്പോൾ തന്നെ നമ്മുടെ മോൾ പറഞ്ഞതാണ് അമ്മക്ക് ഈ ഡ്രസ്സും മേയ്ക്കപ്പും ഒന്നും ചേരില്ലെന്ന്.."
"നീ ഇത്രമാത്രം സങ്കടപ്പെടാൻ അവിടെ എന്തുണ്ടായെന്നാ.."
"എൻ്റെയും ശ്രീയേട്ടൻ്റെയും കുട്ടിക്കാലത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോലും ഒരു പാട് ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു സ്കൂൾ തുറക്കുമ്പോൾ വാങ്ങുന്ന രണ്ട് ജോഡി കുപ്പായം കൊണ്ടാണ് ഒരു അദ്ധ്യായനവർഷം പൂർത്തിയാക്കിയിരുന്നത്.
മുണ്ടു മാത്രം ഉടുത്തിരുന്ന ശ്രീയേട്ടൻ നല്ലൊരു ജോലിയും വരുമാനവുമായിട്ടും കാലം മാറിയതറിയാതെ ആ പഴഞ്ചൻ രീതിയിൽ തന്നെ നടക്കുന്നത് എൻ്റെ കുഴപ്പമാണോ.."
"അതളിയൻ്റെ ഇഷ്ടമല്ലേ."
"ആണല്ലോ പിന്നെ എന്തിനാ മറ്റുള്ളവരുടെ ഇഷ്ടങ്ങളിൽ കൈകടത്തുന്നത്."
"നീ ഇതുവരെ കാര്യം പറഞ്ഞില്ല.."
"ഇന്നലെ നിങ്ങളെല്ലാം രാത്രി കമ്പനി കൂടിയിരുന്ന സമയത്ത് തണുത്ത വെള്ളമെടുക്കാനായി ശ്രീയേട്ടൻ അടുക്കളയിലേക്ക് വന്നു. എന്നെക്കണ്ടതും എല്ലാവരുടേയും മുന്നിൽ വച്ച് വല്ലാതെ പരിഹസിച്ചു."
"വന്ന് കറിയപ്പോൾ തന്നെ ഞാൻ പറയണമെന്ന് കരുതിയതാണ് നിന്നോട് എന്താടി നിൻ്റെ പുതിയ കോലം നല്ല നീളമുണ്ടായിരുന്ന മുടിയും മുറിച്ച് ചുണ്ടിൽ ചായവും തേച്ച് പിടിപ്പിച്ച് ജയൻ ഇതൊന്നും കാണുന്നില്ലേ അതോ അളിയൻ നിന്നെ ഭയന്നാണോ കഴിയുന്നത്..
ഇപ്പോൾ നിന്നെക്കണ്ടാൽ ഒരു മാതിരി ബാക്കി ഞാൻ പറയുന്നില്ല."
എൻ്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ ഏട്ടത്തി ഏട്ടനോട് പറഞ്ഞു.
"അതെല്ലാം അവരുടെ ഇഷ്ടങ്ങളാണ് എന്ത് ഭക്ഷണം കഴിക്കണം വസ്ത്രം ധരിക്കണം എന്നെല്ലാം അവളുടെ ഭർത്താവിന് കുഴപ്പമില്ലെങ്കിൽ ഏട്ടനെന്താ പ്രശ്നം ഇവിടെ ഇതുപോലെ വസ്ത്രം ധരിച്ച് ബന്ധുക്കൾ എത്രയോ പേർ വന്നിട്ടുണ്ട് അവരെയൊന്നും ഏട്ടൻ കണ്ടില്ലേ.."
"അങ്ങനെ നടക്കുന്ന പലരും ഉണ്ടാവും എന്താ നിനക്കും തോന്നുന്നുണ്ടോ ഇതു പോലെ വേഷം കെട്ടി നടക്കാൻ അങ്ങനെ വല്ല പൂതിയുമുണ്ടെങ്കിൽ മനസ്സിൽ തന്നെ കുഴിച്ചുമൂടിക്കോ ജയനല്ല ഞാൻ.."
വെള്ളവും എടുത്ത് ശ്രീയേട്ടൻ പുറത്തേക്ക് പോയതും ഏടത്തി എന്നോട് പറഞ്ഞു.
"നിൻ്റെ നാവിറങ്ങിപ്പോയിരുന്നോ പറയരുതായിരുന്നോ പുന്നാര ആങ്ങളയോട് ഭാര്യയുടേയും മക്കളുടേയും കാര്യം നോക്കാൻ."
"നിനക്ക് ഈ ജീൻസും ടോപ്പുമൊക്കെ നന്നായി ചേരുന്നുണ്ട് നല്ല ഇറക്കമുള്ള ടോപ്പാണല്ലോ നിൻ്റെ കോന്തൻ ആങ്ങള എന്നെ കെട്ടുന്നതിന് മുൻപ് എങ്ങനെ നടന്ന പെണ്ണായിരുന്നു ഞാൻ ഇപ്പോൾ എനിക്ക് തോന്നുന്നു നമ്മുടെ കൊച്ചു സന്തോഷങ്ങളുടെ മേലുള്ള തീരുമാനമെടുക്കാനുള്ള അധികാരം നമ്മൾ ആർക്കും കൊടുക്കരുതെന്ന്" ചേച്ചിയുടെ വാക്കുകൾ എൻ്റെ സങ്കടം അല്പം കുറച്ചെങ്കിലും എനിക്ക് വലിയ ആശ്വാസമൊന്നും നൽകിയില്ല.
"അതിപ്പോഴും നിൻ്റെ മുഖത്ത് കാണുന്നുണ്ട്."
"സാരമില്ലെന്ന് നിൻ്റെ ചേട്ടനല്ലേ മറ്റാരുമല്ലല്ലോ..
ഇതിൽ ഇത്ര സങ്കടപ്പെടാനൊന്നുമില്ലന്ന്."
ചിരിച്ചു കൊണ്ട് എന്നെ ചേർത്ത് പിടിച്ച ഏട്ടൻ്റെ കൈയ്യിൽ തൂങ്ങി അകത്തേക്ക് നടക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു.
പതിവുപോലെ ഞായറാഴ്ച്ച രാവിലെ പൂമുഖപ്പടിയിൽ പേപ്പറും നോക്കിയിരുന്ന ഏട്ടൻ്റെ ഉച്ചത്തിലുള്ള വിളി കേട്ട് അടുക്കളയിൽ നിന്നും ഓടി പൂമുഖത്തെത്തുമ്പോൾ ജീൻസും ടോപ്പുമണിഞ്ഞ വനജേച്ചി കൈയ്യിൽ ഒരു കൂളിംഗ് ഗ്ലാസ്സു മായി പടി കടന്ന് വരുന്നതാണ് കണ്ടത് തൊട്ടുപുറകിലായി വല്ലാതെ ചമ്മിയ മുഖമൊളിപ്പിക്കാൻ കൈയ്യിലെ തൂവാല കൊണ്ട് മുഖം അമർത്തി തുടയ്ക്കുന്ന ശ്രീയേട്ടനേയും.
പൊട്ടി വന്ന ചിരി ഒതുക്കാൻ പാടുപെടുന്ന വനജേച്ചിയുടെ കൈയ്യിൽ മുറുകെ പിടിച്ച് അകത്തേക്ക് കയറുമ്പോൾ ചേച്ചി പറഞ്ഞു.
"ഈ ജന്മത്ത് നടക്കുമെന്ന് കരുതിയതല്ല സ്വന്തം അനിയത്തിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ഞാൻ ധരിച്ചാൽ എന്താ എന്ന ചോദ്യത്തിനു മുന്നിൽ സമ്മതം തന്നു എൻ്റെ പെണ്ണെ.."
അല്ലെങ്കിലും ജീവിതത്തിൽ ഒരു ചെറിയ ചെയ്ഞ്ച് ഒക്കെ ആരാ ആഗ്രഹിക്കാത്തത് സാധിച്ചു കൊടുക്കാൻ പറ്റുന്നതാണെങ്കിൽ കൊടുത്തേക്കണം അതിന് പ്രായത്തിൻ്റെ പേരും പറഞ്ഞ് തടസ്സം നിന്നിട്ടെന്തിനാ..!