അതിനു ഷാനു അവളെ നോക്കി ഒന്ന് ചിരിച്ചു, പിന്നെ അവളുടെ കയ്യിൽ തന്റെ കൈകൾ ചേർത്തു...

Valappottukal


രചന: Aravind Swaminath


🥀 ഹൃദയസഖി 🥀


"എനിക്ക് ഓളെ പെരുത്ത് ഇഷ്ടം ആയിരുന്നു കബീറിക്ക..കുഞ്ഞിലേ മനസ്സിൽ കൂടിയ ഇഷ്ടം ആണ്.. പറഞ്ഞു ഇല്ല,പേടിചിട്ട. ഒരു വീട് പോലെ കരുതുന്ന സലീം ഇക്കയുടെ വീട്ടിന്നു പെണ്ണ് ചോദിക്കാൻ മാത്രം ഒരു മേനിയും എനിക്ക് ഉള്ളതായി തോന്നി ഇല്ല. ഇന്നിപ്പോൾ മാമ വിളിച്ചിട്ട് ഓൾടെ നിക്കാഹ് ആണ് വേഗം നാട്ടിലേക്ക് ടിക്കറ്റ് എടുത്തോ എന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടച്ചു പോയി..എനിക്ക് വിധിച്ചിട്ടില്ലായിരിക്കും ഓളെ.. അല്ലേ കബീറിക്ക.." അത് പറയുമ്പോൾ ഷാനിന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞിരുന്നു.


"നീയ്യിങ്ങനെ വിഷമിക്കല്ലേ ഷാനുവേ. എന്തായാലും മൂന്നു വർഷം ആകുന്നില്ലേ നീ ഈ നാട്ടിൽ വന്നിട്ട്. നിന്റെ ആദ്യത്തെ തിരിച്ചു പോക്ക് ഇങ്ങനെ ആവട്ടെ എന്നാകും പടച്ചോൻ നിശ്ചയിച്ചത്. പതിനഞ്ചിന് അല്ലേ നിക്കാഹ്. നീ പോകണം.ആമിനയ്ക്ക് കൊടുക്കാൻ എന്തെങ്കിലും സമ്മാനം കയ്യിൽ കരുതണം. മറക്കണം എന്നൊക്കെ ഇക്കയ്ക്ക് പറയാനെ കഴിയുള്ളു. നീ വന്നത് മുതൽ ഇക്ക കേൾക്കുന്നത് അല്ലേ അന്റെ ആമിനയോടുള്ള ഇഷ്ടം. പടച്ചോൻ എന്താ നിശ്ചയിച്ചത് എന്ന് അവനല്ലേ അറിയൂ.." കബീർ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു..


"കുറച്ചു സാധനങ്ങൾ വാങ്ങണം ഇക്ക. ആദ്യത്തെ പോക്ക്‌ അല്ലേ ബന്ധുക്കൾ ഒക്കെ കാത്തിരിക്കും. പ്രവാസി ആയി പോയില്ലേ. അവരൊക്കെ സ്നേഹം അളക്കുന്നത് നമ്മൾ കൊണ്ട് ചെല്ലുന്ന സാധനങ്ങളുടെ മതിപ്പ് നോക്കിയാണ്.." ഷാനു പറഞ്ഞു.


"അത്‌ നീ പറഞ്ഞത് സത്യം.. വൈകിട്ടു ഡ്യൂട്ടി കഴിഞ്ഞു നമുക്ക് ഒരുമിച്ചു ഇറങ്ങാം. പിന്നെ നീ വിഷമിക്കേണ്ട ആമിനെക്കാൾ മൊഞ്ചുള്ള ഒരു പെണ്ണിനെ പടച്ചോൻ നിന്റെ മുന്നിൽ കൊണ്ട് നിർത്തി തരും.." കബീർ ചിരിച്ചു കൊണ്ട് പറഞ്ഞു..


"എന്റെ ഉമ്മ കഴിഞ്ഞ ഈ ലോകത്തു മൊഞ്ചുള്ള പെണ്ണായി എനിക്ക് ആമിന മാത്രം ഉള്ളു ഇക്ക..പക്ഷെ പോയില്ലേ..." ഷാനു അത് പറയുമ്പോൾ എത്രമാത്രം വേദനയുണ്ട് അവന്റെ നെഞ്ചിൽ എന്ന് കബീറിന് അറിയാം ആയിരുന്നു.. ഇവിടേക്ക് മൂന്നു വർഷം മുൻപ് വരുമ്പോൾ അവനു പറയത്തക്ക ബാധ്യത ഒന്നും ഉണ്ടായിരുന്നില്ല. ഉപ്പ ചെറുപ്പത്തിൽ മരിച്ച ഷാനുന് ഉമ്മ ആയിരുന്നു എല്ലാം. ഒരു കൈ അകലത്തിൽ സലിമിന്റെ കുടുംബവും അവർക്ക് എല്ലാത്തിനും ഒപ്പം നിന്നു.ബന്ധുക്കൾ ഒന്നുമല്ല പക്ഷെ അതിനേക്കാൾ ആത്മബന്ധം ആയിരുന്നു ആ കുടുംബങ്ങൾ തമ്മിൽ. സലീമിന്റെ മോൻ റിയാസും ഷാനുവും ഒരേ പ്രായമായിരുന്നു.ഒരുമിച്ചു കളിച്ചു ഒരുമിച്ചു പഠിച്ചു വളർന്നവർഅവരെക്കാൾ മൂന്നു വയസിനു . ഇളയത് ആണ് ആമിന..


എപ്പോളോ ആമിനയുടെ മുഖം ഷാനുന്റെ മനസ്സിൽ പതിഞ്ഞു പോയിരുന്നു. കളിക്കൂട്ടുകാരിയോട് പറയാൻ പല തവണ മനസ് കൊതിച്ചു പക്ഷേ തങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒരുപോലെ നിൽക്കുന്ന സലിം ഇക്കയ്ക്ക് ആ ആ ബന്ധം ഇഷ്ടം ആകുമോ എന്നുള്ള പേടി പിന്നെ ആമിന അവൾക്ക് തന്നോട് ഇഷ്ടം ഉണ്ടാകുമോ എന്നുള്ള ഭയം മറ്റൊരു തരത്തിൽ ഷാനുനെ പിന്നോട്ട് വലിച്ചു. സലിം ഇക്കയുടെ കുടുംബത്തോടൊപ്പം പിടിച്ചു നിൽക്കാൻ ഉള്ള സാമ്പത്തിക ശേഷി ഒന്നും ഷാനുനു ഇല്ലായിരുന്നു. എന്നാലും ആമിനയോടുള്ള ഇഷ്ടം നഷ്ടം ആക്കാതെ ഇരിക്കാൻ ആണ് അവന് ഇവിടേക്ക് വന്നത്. കുറെ പണം സമ്പാദിക്കണം എന്നിട്ട് സലിം ഇക്കയോട് പോയി പെണ്ണ് ചോദിക്കണം എന്നൊക്കെ ആയിരുന്നു മനസ്സിൽ.ഇപ്പോൾ അത്യാവശ്യം സമ്പാദ്യം ഒക്കെ ഉണ്ട് പക്ഷെ ചോദിക്കാൻ ധൈര്യം ഇല്ല. മാത്രം അല്ല അവളുടെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു.


വൈകിട്ടു കബീർ ഇക്കയോടൊപ്പം പോയി സാധനങ്ങൾ എല്ലാം വാങ്ങി. പിന്നെ ആമിനയ്ക്ക് ആയി ഒരു സ്വർണ നെക്‌ലസ് കൂടി.ഒരുപാട് സ്വപ്നം കണ്ട നിമിഷം ആയിരുന്നു ഇത് അവൾക്കായ് ഒരു നെക്ക്ലെസ്സ് വാങ്ങുന്നതും നാട്ടിൽ ചെന്ന് അവളുടെ കൈകളിലേക്ക് ഇത് വച്ചു കൊടുക്കുന്നതും ഉമ്മയും ആയി അവളെ പെണ്ണ് ചോദിക്കുന്നതും ഒക്കെ.. പക്ഷെ...


"നീ എപ്പോൾ എങ്കിലും പറഞ്ഞിരുന്നോ ഷാനുവേ അവളോട് നിന്റെ ഇഷ്ടം.. ഒരു നോട്ടം കൊണ്ട് എങ്കിലും?" എയർപോർട്ടിൽ ഷാനുവിനെ കൊണ്ടാക്കാൻ നിൽകുമ്പോൾ കബീർ ചോദിച്ചു.. അതിന് ഒരു ദീർഘ നിശ്വാസം മാത്രം ആണ് ഷാനു മറുപടി കൊടുത്തത്..


നാട്ടിൽ അവനെ കൂട്ടാൻ റിയാസും കൂട്ടരും എത്തിയിരുന്നു. എല്ലാർക്കും നിക്കാഹിന്റെ കാര്യങ്ങൾ പറയാൻ ഉള്ളു വിശേഷമായിട്ട്.എല്ലാം കേട്ട് വെറുതെ ചിരിച്ചു ഇരിക്കാനേ ഷാനുവിനു കഴിഞ്ഞു ഉള്ളു.ഇന്ന് ഇരുട്ടി വെളുക്കുമ്പോൾ ആമിനയുടെ നിക്കാഹ് ആണ്. നാളെ മുതൽ അവൾ മറ്റൊരുത്തന്റെ ഭാര്യ ആയി.തന്റെ തെറ്റാണ്. ഒരിക്കൽ എങ്കിലും പറയാം ആയിരുന്നു തന്റെ ഇഷ്ടം. പറഞ്ഞു ഇല്ല ദുരഭിമാനം.പറഞ്ഞു നഷ്ടം ആയിരുന്നു എങ്കിൽ അങ്ങനെ സമാധാനിക്കാം ആയിരുന്നു ഇതിപ്പോൾ...


ഓരോന്ന് ചിന്തിച്ചു വീടിന്റെ മുന്നിലെ വഴി എത്തിയത് ഷാനു അറിഞ്ഞു ഇല്ല.


"എടാ നീ ഇവിടെ ഇറങ്ങു. കാർ അങ്ങോട്ട്‌ കേറ്റുന്നില്ല പന്തൽ ഒക്കെ രണ്ടു വീട്ടിലും ഉണ്ട്. സാധനം ഞങ്ങൾ അങ്ങു കൊണ്ട് വരാം " റിയാസ് പറഞ്ഞു..


ഷാനു വണ്ടിയിൽ നിന്ന് ഇറങ്ങി..വഴിയിൽ ആകെ അലങ്കാര ബൾബുകളും തോരണം കൊണ്ടും മനോഹരം ആക്കിയിട്ടുണ്ട്.തന്റെ വീട്ടിലും ഇട്ടിട്ടുണ്ട് പന്തൽ.. ഷാനു കുറച്ചു നേരം ആമിനയുടെ വീട്ടിലേക്ക് നോക്കി പിന്നെ തന്റെ വീട്ടിലേക്ക് തിരിഞ്ഞപ്പോൾ കണ്ടു തന്നെ ഉറ്റു നോക്കി നിൽക്കുന്ന ഉമ്മിച്ചായെ.. ഓടി ചെന്ന് ഒരു കെട്ടിപ്പിടുത്തം ആയിരുന്നു.. നെഞ്ചിലെ സകല വിഷമവും ഉമ്മയിലേക്ക് ഇറക്കി വച്ചു.. മൂന്നു വർഷം ആയി നഷ്ടം ആയ സ്നേഹവും വാത്സല്യം ഒക്കെ ആ നെഞ്ചിൽ നിന്ന് പകർന്നു കിട്ടിയ നിമിഷം..


"ന്റെ മോൻ വല്ലോം കഴിച്ചോ.. ക്ഷീണിച്ചു എന്റെ മോൻ. വന്നേ ഉമ്മ ഒറോട്ടിയും തേങ്ങ പാലും ഇറച്ചി കറിയും ആക്കി വച്ചിട്ടുണ്ട്. വാ വന്നേ.." അത് പറഞ്ഞു അവന്റെ കൈ പിടിച്ചു കൊച്ചു കുഞ്ഞിനെ പോലെ ആയിഷുമ്മ അകത്തേക്ക് കയറ്റി.. അപ്പോളും ഷാനു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു തന്റെ പ്രിയപ്പെട്ടവൾ അവിടെ എങ്ങാനും ഉണ്ടോന്ന്..


ആയിഷുമ്മ അവന് കഴിക്കുന്നത് നോക്കി കൊണ്ട് ഇരുന്നു.


"ഉമ്മ പോയില്ലേ അങ്ങേലേക്ക്?"ഷാനു ചോദിച്ചു


"ഞാനവിടെ തന്നെ അല്ലേ. ഇന്ന് പിന്നെ നീ വരുന്നോണ്ട് എല്ലാം ഒരുക്കണ്ടേ. വന്നിട്ട് ഒരുമിച്ചു അങ്ങോട്ട്‌ ഇറങ്ങാന്ന് കരുതി.."


"അത് നന്നായി. ഞാന് ഓൾക്ക് കൊടുക്കാൻ ഒരു നെക്ക്ലെസ് വാങ്ങി. ഉമ്മ അത് കൊടുത്തേക്ക്. എങ്ങനെയാ ഓളുടെ നിക്കാഹിനു വെറും കയ്യോടെ വരിക.. പിന്നെ അത്യാവശ്യം അവിടേക്ക് കുറച്ചു സാധനങ്ങൾ ഉണ്ട് പെട്ടിയിൽ. അത് കൂടി കൊടുക്കണം. നമുക്ക് വേറെ ആരാണ് ഉമ്മ ഉള്ളത്.." ഷാനു കഴിച്ചു എണീറ്റു കൊണ്ട് പറഞ്ഞു.


"അതിനെന്താട.. കൊടുക്കുന്നത് കുറഞ്ഞു പോവരുത് എന്നെ ഉള്ളു മോനെ. അത്രയും കടപ്പാട് ഉണ്ട് അവരോട്.."


"ഉമ്മ കണ്ടോ ഓൾടെ ചെക്കനെ?" ഷാനു വിശേഷം പോലെ തിരക്കി..


"കണ്ടിരുന്നു.. നല്ല ചേർച്ച ആണ് ആമിന ആയിട്ട്.. എല്ലാർക്കും പെരുത്ത് ഇഷ്ടം ആയി.." ആയിഷുമ്മ ഉത്സാഹത്തോട് പറഞ്ഞു..അത് കേട്ടപ്പോൾ ഷാനുന്റെ മുഖം മ്ലാനമായി


"നീ കുളിച്ചു വേഗം വന്നേ. നമുക്ക് അങ്ങോട്ട്‌ പോകാം.." ആയിഷുമ്മ പറഞ്ഞു.. ഒരു അരമണിക്കൂർ നേരം എടുത്തു ഷാനു. റെഡി ആകാൻ അല്ല,അവന്റെ മുറിയിൽ നിന്ന് പുറത്തു ഇറങ്ങാൻ,അവന്റെ മനസിനെ പരുവപ്പെടുത്തി എടുക്കാൻ..അവിടുന്ന് ഇറങ്ങി സലീമിന്റെ വീട്ട് മുറ്റത്തു നിൽകുമ്പോൾ മുൻപ് എങ്ങും അനുഭവപ്പെടാത്ത ഒരു തളർച്ച അവന്റെ കാലുകളെ ബാധിച്ചു. അവനെ കണ്ടതും സലിം ഓടി വന്നു കെട്ടിപ്പുണർന്നു..


"നീ വരില്ല എന്ന് ഞാൻ കരുതി.. എന്റെ ആമിനയുട നിക്കാഹിനു നീ ഇല്ലേൽ പിന്നെ എങ്ങനെ ആട മോനെ..ഇക്കയ്ക്ക് സന്തോഷം ആയി..പെരുത്ത് സന്തോഷം ആയി.." അവിടേക്ക് സലിം ഇക്കയുടെ ഭാര്യ ലൈലത്തയും ബാക്കി ബന്ധുക്കളും ഇറങ്ങി വന്നു.. സലിം ഷാനുവിനെ അകത്തെ ഹാളിലേക്ക് കൂട്ടി.. അപ്പോളും ആ കണ്ണുകൾ പരാതിയത് ആമിനയെ ആയിരുന്നു..


"ആമി മോൾ എവിടെ.. ഇങ്ങട്ട് വിളിക്ക്. ഒന് അവൾക്ക് ആയിട്ട് കൊണ്ട് വന്നേ ആണ് ഇത്.." എന്ന് പറഞ്ഞു ആയിഷുമ്മ നെക്‌ലസ് ബോക്സ്‌ എടുത്തു പുറത്തു വച്ചു.. ഒപ്പം ഷാനു കൊണ്ട് വന്ന ബാക്കി സാധനങ്ങളും..


"ആമി ദേ ഷാനു വന്നു..." എന്ന് സലിം അകത്തേക്ക് വിളിച്ചു പറഞ്ഞതും അവളുടെ കൊലുസിന്റെ കാലൊച്ച ഷാനുന്റെ ചെവിയിൽ പതിച്ചതും ഒരുമിച്ചു ആയിരുന്നു.. അവൻ ആ ഭാഗത്തേക്ക്‌ കണ്ണ് നട്ടു ഇരുന്നു.. തന്റെ പ്രിയപ്പെട്ട ആമി.. അവന്റെ നെഞ്ചിടിപ്പ് ഉയർന്നു.. വെളുത്ത ചുരിദാറിൽ തലയിൽ ദുപ്പട്ട ഒരു കൈ കൊണ്ട് പിടിച്ചു ഇട്ട് കൊണ്ട് അവൾ അവന്റെ അടുത്തേക്ക് വന്നു.. അവളിൽ നിന്ന് കണ്ണെടുക്കാൻ പോലും തോന്നാത്ത വിധം ഷാനു അകപ്പെട്ടു പോയിരുന്നു.. ആയിഷുമ്മ ഒന്ന് തട്ടിയപ്പോൾ ആണ് ഷാനുനു സ്ഥലകാല ബോധം വന്നേ..പരുങ്ങൽ ഒളിപ്പിച്ചു കൊണ്ട് ഷാനു അത് ആമിക്ക് കൊടുത്തു.. എന്തൊക്കെയോ ചോദിക്കാൻ കാത്തിരുന്ന ദിവസം ആയിരുന്നു നിമിഷം ആയിരുന്നു.. ഒരു പുഞ്ചിരി മാത്രം നൽകി അവൾക്ക് ഒരു ആൾ ദി ബെസ്റ്റ് മാത്രം പറഞ്ഞു അവിടെ നിന്ന് പെട്ടെന്ന് പുറത്തോട്ട് ഇറങ്ങിയത് തന്റെ കണ്ണ് നിറയുന്നത് ആരും കാണാതെ ഇരിക്കാൻ വേണ്ടി ആയിരുന്നു..


പുറത്തു ഇറങ്ങുമ്പോൾ കണ്ടു റിയാസും കൂട്ടരും കൂടി ഒരു ബാനർ പിടിച്ചു കൊണ്ട് വരുന്നത്


"അളിയാ ഇതൊന്നു പിടിച്ചേ.. ദേ അവിടെ വലിച്ചു കെട്ടാൻ ഉള്ളതാ.. വരുന്നവർക്ക് പെണ്ണ് വീട് മാറേണ്ട. ഇല്ലേൽ എല്ലാരും കൂടി നിന്റെ വീട്ടിലോട്ട് വരും..പിന്നെ നിനക്ക് പെണ്ണ് അന്വേഷിക്കേണ്ട അവസ്ഥ ആകും നാളെ കല്യാണം നടത്താൻ " അത് പറഞ്ഞു റിയാസ് ചിരിച്ചു കൊണ്ട് ബാനർ ഷാനുനെ ഏൽപ്പിച്ചു..അവരുടെ കൂട്ടുകാരും ഓരോ തമാശ പറഞ്ഞു ഒപ്പം കൂടി ആകെ ഒരു കല്യാണ മയം ആയി..ഷാനു ബാനർ അവരെ ഏൽപ്പിച്ചു വീട്ടിലേക്ക് പോയി..


റിയാസ് കയർ ഒപ്പിച്ചു വന്നു അവരുടെ രണ്ടിന്റെയും വീടിന്റെ നടുക്ക് ഉള്ള വഴിയിൽ ഉയർത്തിൽ ബാനർ പിടിച്ചു കെട്ടി..


"ആഹാ പെർഫെക്ട്.. അല്ല അളിയൻ എന്തെ.. ഡാ ഷാനു ഷാനുവേ..ഒന്നിങ്ങു വന്നേ ഇതൊന്നു നോക്കിയേ ഒക്കെ ആണോന്ന് " റിയാസ് വിളിക്കുന്നത് കേട്ട് മനസില്ല മനസോടെ ഷാനു ഇറങ്ങി വന്നു..


"എന്താടാ.."


"എടാ ഈ ബാനർ നേരെ ആണോന്നു നോക്കെ "


"ആ ആണ്.." അതിലേക്ക് നോക്കാതെ തന്നെ ഷാനു പറഞ്ഞു. അതിൽ ചെക്കന്റെയും പെണ്ണിന്റെയും ഫോട്ടോ ഉണ്ടന്ന് അല്പം മുന്നേ തന്നെ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു ഇരുന്നു. അത് കാണാൻ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ് ആ ബാനർ അവരെ ഏൽപ്പിച്ചു പോയതും..


"നീ ഇത് എവിടെ നോക്കി ആണ് പറയുന്നേ ഷാനു അങ്ങോട്ട്‌ നോക്കെടാ " എന്ന് പറഞ്ഞു റിയാസ് അവന്റെ മുഖം പിടിച്ചു ഉയർത്തി..അതിലേക്ക് കണ്ണുകൾ പതിച്ച ഷാനുനു താൻ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞു ഇല്ല..


"ആമിന weds ഷാനു "

(Nb:-  <- ഇത് പെണ്ണിന്റെ വീട് / അത്‌ ചെക്കന്റെ ->>)


ഒപ്പം അവന്റെയും ആമിയുടെയും ഫോട്ടോ..


"എടാ അളിയാ.. ഇത്.."ഷാനു കരഞ്ഞു കൊണ്ട് റിയാസിനെ കെട്ടിപിടിച്ചു..


"പ്ഫ കള്ള കാഫിറേ. നീ എന്താ കരുതിയെ നിന്റെ കള്ളത്തരം ഞങ്ങൾക്ക് മനസിലാകില്ലന്നോ.. ഒരു കാമുകൻ വന്നേക്കുന്നു.. നിനക്ക് വാ തുറന്നു പറഞ്ഞ പോരായിരുന്നോടാ എന്നോട് അല്ലേൽ വാപ്പയോട് പോട്ടെ അവളോട് എങ്കിലും പറഞ്ഞോ. എന്നിട്ട് അവളെ കെട്ടാൻ പൈസ ഉണ്ടാക്കാൻ അവൻ ദുബായ്ക്ക് പോയേക്കുന്നു നാടും വീടും വിട്ടു.." അവന്റെ തോളിൽ അടിച്ചു കൊണ്ട് റിയാസ് പറഞ്ഞു..


"എടാ നിങ്ങൾ.. നിങ്ങൾ എങ്ങനെ.."


"ഞാൻ പറഞ്ഞ മതിയോ ഷാനുവേ.." സലിം ആയിരുന്നു..


"ഇക്ക ഞാൻ.." ഷാനു വാക്കിനായി പരതി..


"ഞങ്ങൾക്കും അറിയില്ലായിരുന്നു ഷാനുവേ.. ഇവിടെ ആമിക്ക് കല്യാണ ആലോചന വന്നപ്പോൾ അവൾ ആണ് നിന്നെ മാത്രം മതി എന്ന് പറഞ്ഞു നിന്നെ. ഇഷ്ടം ഉണ്ടോ എന്നൊന്നും അവൾക്കും അറിയില്ലായിരുന്നു പക്ഷെ അന്ന് നീ ഇവിടുന്നു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ നിന്റെ കണ്ണ് നിറഞ്ഞത് വേറാരും കണ്ടില്ല എങ്കിലും ഞാൻ കണ്ടിരുന്നു. അത്‌ അവളെ പിരിയുന്നത് കൊണ്ടാണെന്നു എനിക്ക് മനസിലായി അവളോടുള്ള ഇഷ്ടം കൊണ്ടാണെന്നു.. നിനക്ക് ഓർമ ഉണ്ടോ ഷാനു അന്ന് ഞാൻ നിന്നോട് ചോദിച്ചത് ഒരു ബാധ്യതയും ഇല്ലാതെ നീ എന്തിനാടാ പുറം നാട്ടിൽ പോണേ എന്ന്. ഇവിടെ നിന്ന പോരെന്നു.. അന്ന് നീ ഒന്നും പറഞ്ഞു ഇല്ല ഇവളുടെ മുഖത്ത് മാത്രം നോക്കി.. എന്നിട്ട് പോണം എന്ന് മാത്രം പറഞ്ഞു.. അന്ന് എനിക്ക് മനസിലായി നീ പോകുന്നത് ആമിക്ക് വേണ്ടി ആണെന്ന്..ആമിക്ക് നിന്നോട് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ആയിഷുമ്മയോട് പറഞ്ഞു. ഇവിടെ ആർക്കും ഒരു എതിർപ്പും ഇല്ല നീ ഞങ്ങളുടെ കുട്ടി അല്ലേ..പക്ഷെ നിന്നോട് പറയേണ്ട എന്ന് വച്ചു നിന്റെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് ഒന്ന് അറിയാൻ കബീറിനെ വിളിച്ചപ്പോൾ അല്ലേ കള്ള കാമുകന്റെ മനസ്സിൽ ഉള്ളത് മൊത്തം അറിഞ്ഞത്..നീയും എന്റെ റിയാസും എനിക്ക് ഒരുപോലെ അല്ലേ മോനെ. എപ്പോൾ എങ്കിലും ഞാൻ വേർതിരിച്ചു കണ്ടിട്ടുണ്ടോ. പിന്നെ നീയെന്തിനാ ആമിയോട് ഒരു ഇഷ്ടം ഉണ്ടായിട്ട് എന്നോട് പറയാഞ്ഞത്..അതിൽ മാത്രം ഉള്ളു ഇക്കയ്ക്ക് സങ്കടം.. " സലിം അവനെ തോളോട് ചേർത്തു കൊണ്ട് പറഞ്ഞു..


"ഇക്ക ഞാൻ പറഞ്ഞു ഇല്ലെ. ഒന്നും ഇല്ലാതെ എങ്ങനെയാ ഞാനവാളേ കൂട്ടുക ഒപ്പം. അവൾക്ക് വേണ്ടി എന്തെങ്കിലും ഒന്ന് കരുതി ജീവിതം എന്തെന്ന് ഒന്ന് അറിഞ്ഞു വേണം കൂടെ കൂട്ടാൻ എന്ന് മനസ്സിൽ കരുതി ഇരുന്നു. പിന്നെ ഇക്ക എനിക്ക് കുറച്ചു ദുരഭിമാനം ഉണ്ടായിരുന്ന് അത് എന്റെ മാത്രം ആയിരുന്നു എന്ന് ഇപ്പോൾ എന്നെ നിങ്ങൾ ഒക്കെ കൂടി സ്നേഹിച്ചു തോൽപിച്ചപ്പോൾ മനസിലായി. ക്ഷമിക്ക് ഇക്ക.. " സലിമീനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ആണ് ഷാനു പറഞ്ഞെ..


"അപ്പോൾ എല്ലാം കോംപ്ലിമെന്റ് ആയ സ്ഥിതിക്ക് ചെക്കനും പെണ്ണും ഓഫീഷ്യൽ ആയി പെണ്ണ് കാണണ്ടേ?" കൂട്ടുകാരിൽ ഒരാൾ കമന്റ് അടിച്ചു..


"ഇനി ഇപ്പോൾ നാളെ നിക്കാഹ് കഴിഞ്ഞു കാണാല്ലോ സമയം ഉണ്ടല്ലോ അല്ലേ ഷാനുവേ " വേറൊരാൾ കമന്റ് പാസ് ആക്കി..


"എന്തോ ആയാലും ഡാ ചെക്കാ പോയി മുടിയും വെട്ടി മെനയിൽ വേണം നിക്കാഹ് പന്തലിൽ ഇരിക്കാൻ ഒരുമാതിരി കാടന്റെ കൂട്ട് ഉണ്ട് " ആയിഷുമ്മയുടെ ഡയലോഗ് ആയിരുന്നു അത്.. അപ്പോളേക്കും എല്ലാരും അവനെയും പൊക്കി എടുത്തു പോയിരുന്നു.. പക്ഷെ അപ്പോളും ആമിനയെ ഒന്ന് കണ്ടിരുന്നു എങ്കിൽ മനസ് കൊതിച്ചു.. ഏകദേശം വൈകിട്ടു ആയിരുന്നു ഡ്രസ്സ്‌ ഒക്കെ എടുത്തു തിരിച്ചു വരാൻ ഷാനു.. വന്നു കുളിച്ചു റെഡി ആയി പുറത്തു വന്നപ്പോൾ കല്യാണ തലേന്നത്തെ തിരക്ക് തുടങ്ങി ഇരുന്നു.. ആമിയുടെ വീട്ടിൽ ആകെ ബഹളം..


ഷാനു ആണേൽ അവളെ ഒന്ന് കണ്ട മതി എന്ന അവസ്ഥയിൽ.. അവൻ റിയാസിനെ വിളിച്ചു ഒന്ന് അവളെ കാണണം എന്ന് പറയാൻ


"എന്തിനാടാ അളിയാ നിനക്ക് ഇത്രയും നാണം.. നീ ഇങ്ങു കേറി പോരെ.." എന്ന് മൈക്കിൽ കൂടി റിയാസ് വിളിച്ചു പറഞ്ഞതും എല്ലാവരും പുറത്തു നിൽക്കുന്ന ഷാനുനെ നോക്കി.. ആകെ ചമ്മി നാറി നിൽക്കുന്ന അവനെ ആയിഷുമ്മ പിടിച്ചു കൊണ്ട് ആമിക്ക് അരികിൽ ഇരുത്തി..


"ഡാ ദേ ആമി മോൾ നീ ഇവിടെ ഇരുന്നു അങ്ങ് നോക്കിക്കോ കോഴി മുട്ട ഇടാൻ നടക്കുന്ന പോലെ വന്നപ്പോൾ മുതൽ നടക്കുവാ അവൻ.." അത് കേട്ട് എല്ലാവരും ഉറക്കെ ചിരിക്കാൻ തുടങ്ങി.ആമിയും..


അവളുടെ ചിരിക്ക് ഒരു പ്രത്യേകം ഭംഗി ആയിരുന്നു.. നുണക്കുഴി കവിളുകൾക്ക് വല്ലാത്ത ചന്തമായിരുന്നു..


"ആമി..."


"ഉം.."


"ഞാൻ കരുതി എനിക്ക് നിന്നെ നഷ്ടം ആകുമെന്ന്..."


"ഞാനും... ഉപ്പയോട് പറയുമ്പോളും ഇക്കാക്ക് എന്നെ ഇഷ്ടം ആവുമോന്ന് ആയിരുന്നു.."


"അതെന്താ ആമി.."


"എങ്ങാനും എന്നെ പെങ്ങൾ ആയ കണ്ടത് എന്ന് പറയുമോന്ന് ഉള്ള പേടി ആയിരുന്നു.."


"അടിപൊളി..."


"അല്ല ഇക്ക എന്താ എന്നോട് ഇഷ്ടം തുറന്നു പറയാഞ്ഞേ?"


"അത് പിന്നെ നീ എന്നെ റിയാസിനെ പോലെ ആങ്ങള ആയിട്ട് ആണ് കണ്ടത് എന്ന് പറയുമോന്ന് ഞാനും പേടിച്ചു.. അതാണ്.."


"പഷ്ട്.. ഓഹ് ഞാൻ പറഞ്ഞു ഇല്ലായിരുന്നു എങ്കിൽ ഈശ്വരാ എന്റെ മക്കൾ നിങ്ങളെ ജീവിതകാലം മുഴുവൻ മാമ എന്ന് വിളിക്കേണ്ടി വന്നേനെ.."


"അതിപ്പോൾ എന്റെ മക്കൾ നിന്നെ അപ്പച്ചി എന്നും വിളിച്ചേനെ 😏"


"ഇങ്ങേരെ ഉണ്ടല്ലോ....."എന്ന് പറഞ്ഞു ആമി ഷാനുന്റെ കയ്യിൽ അമർത്തി പിച്ചി..


"എന്റെ പൊന്നു ആമി.. ഇപ്പോളെ പിച്ചല്ലേ ഇനിയും സമയം ഉണ്ടല്ലോ.. നാളെ നമ്മുടെ നിക്കാഹ് അല്ലേ അത് കഴിഞ്ഞു പോരെ ഒലക്ക ഒക്കെ എടുക്കുന്നത്.."


"ഒലക്കയോ? അതെന്തിന്?"


"അല്ല കല്യാണത്തിന് മുന്നേ പിച്ചിയും മാന്തിട്ട് ഒക്കെ പോകുന്നവർ പിന്നെ ഒലക്ക ഒക്കെ എടുക്കും എന്ന കല്യാണം കഴിഞ്ഞ ചങ്ങായിമാർ പറയുന്നേ.."


"എന്റെ പൊന്നോ ഇങ്ങട ചളിക്ക് ദുബായ് പോയിട്ടും ഒരു കുറവും ഇല്ലല്ലേ..."


അതിനു ഷാനു അവളെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ  അവളുടെ കയ്യിൽ തന്റെ കൈകൾ ചേർത്തു പിടിച്ചു ആ കൈകളിൽ അമർത്തി ചുംബിച്ചു.. അപ്പോൾ ആമിയുടെ ആ നുണക്കുഴി കവിൾ കൂടുതൽ മനോഹരം ആയിരുന്നു കാണാൻ..അവന്റെ ഉമ്മ കഴിഞ്ഞു അവൻ കണ്ട മൊഞ്ചുള്ള പെണ്ണ് ആമി ആണെന്ന് അവൻ ഒരിക്കൽ കൂടി മനസ്സിൽ ഓർത്തു...



To Top