രചന: ആതൂസ് മഹാദേവ്
ദിവസങ്ങളും മാസങ്ങളും മാറ്റങ്ങൾ ഇല്ലാതെ കടന്ന് പോയ് കൊണ്ടിരുന്നു. ആമിക്ക് ഇപ്പോൾ ഇത് 7ആം മാസം ആണ്. വയർ ഒക്കെ നന്നായി വലുതായിട്ട് ഉണ്ട്. ആള് മൊത്തത്തിൽ ഒന്ന് ഉരുണ്ട പോലെ ആണ് ഇപ്പോൾ. അതിന് അനുസരിച്ച് അവൾക്ക് ബുദ്ധിമുട്ടുകളും കൂടി. നടക്കാനും ആഹാരം കഴിക്കാനും ഒക്കെ അവൾക്ക് ഇപ്പോഴും ഭയങ്കര മടി ആണ്. എല്ലാവരും എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ടാവും. പിന്നെ ലിസ തിരികെ പോയി.
അങ്ങനെ ഇരിക്കെ ഒരു ദിവസം ബാൽകണിയിൽ സെറ്റ് ചെയ്തിരിക്കുന്ന ചെയറിൽ ഇരിക്കുവാണ് ആമി. സന്ധ്യ സമയത്തെ ഇളം വെയിലും ചെറു കാറ്റും അവളെ തൊട്ട് തലോടി കടന്ന് പോകുന്നുണ്ട്. ചുണ്ടിൽ വിരിഞ്ഞ ചെറു പുഞ്ചിരിയോടെ ഏതോ ഓരോ പാട്ട് മെല്ലെ മൂളി കൊണ്ട് അങ്ങ് ദൂരെ അസ്തമിക്കാൻ നിൽക്കുന്ന സൂര്യനെ നോക്കി ഇരിക്കുവാണ് അവൾ.
"ആമി കൊച്ചേ "
അവളുടെ തോളിലൂടേ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ട് ആദം അവളുടെ അടുത്തേയ്ക്ക് ഇരുന്നു കൊണ്ട് വിളിച്ചു.
"എവിടെ ആയിരുന്നു ഇച്ചായ ഇത്രയും നേരം "
അവൾ ഒരു പരിഭവത്തോടെ അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു കൊണ്ട് ചോദിച്ചു.
"തിരക്കായിരുന്നു കൊച്ചേ, ദേ ആകെ മുഴുവൻ വിയർത്ത് ഒരു വശം ആയി ഞാൻ "
അപ്പോഴാണ് അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കുന്നത്. ശെരിയാണ് ആകെ ക്ഷീണിച്ചാണ് അവന്റെ ഇരുപ്പ്.
"ഇച്ചായൻ പോയ് ഫ്രഷായി വാ അപ്പോഴേയ്ക്ക് ചേച്ചി ചായ കൊണ്ട് വരും "
"കുറച്ച് കഴിയട്ടെ പെണ്ണെ ഞാൻ ഇപ്പോ വന്നതല്ലേ ഉളളൂ. ഇത്തിരി നേരം ഞാൻ എന്റെ പൊന്ന് മണികളുടെ അടുത്ത് ഇരുന്നോട്ടെ "
അവളുടെ വീർതിരിക്കുന്ന വയറിൽ ഒന്ന് തലോടി കൊണ്ട് അവൻ പറഞ്ഞതും അവൾ പരിഭവത്തോടെ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.
"അല്ലെങ്കിലും ഇച്ചായന് ഇപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല. ഏത് നേരവും മോളെ മാത്രം മതി. "
അവളുടെ സംസാരവും ഭാവവും ഒക്കെ കണ്ട് അവൻ ഉറക്കെ ചിരിച്ചു പോയി. അത് കണ്ട് അവൾ അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് അവളുടെ തോളിൽ ഇരുന്ന അവന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.
"ഇനി വാ കൊച്ചേ എന്ന് വിളിച്ച് അപ്പൊ കാണിച്ച് തരാം ഞാൻ "
"വെറുതെ കൊതിപ്പിക്കല്ലേ ആമി കൊച്ചേ സത്യമായും കാണിച്ച് തരുവോ "
അവളുടെ കാതിനരുകിലേയ്ക്ക് മുഖം അടുപ്പിച്ച് കൊണ്ട് അവൻ കുസൃതി ചിരിയോടെ പറഞ്ഞതും അവൾ അവന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കി. ആ മുഖത്തേ ചിരി കണ്ട് അവൾ അവനെ തുറിച്ച് നോക്കി.
"നോക്കി കൊല്ലുവോ പെണ്ണെ എന്നെ, ഇച്ചായൻ ചോദിച്ചതിൽ എന്താ തെറ്റ് എത്ര നാളായി എന്നറിയാമോ പട്ടിണി കിടക്കാൻ തുടങ്ങിയിട്ട് ഇച്ചായന് മതിയായിട്ടോ കൊച്ചേ "
അത് കേട്ട് അവൾക്ക് ചിരി വന്നു എങ്കിലും അത് പുറത്തു കാണിക്കാതെ അവനെ നോക്കി ചുണ്ടു കോട്ടിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു.
"ആമി കൊച്ചേ "
"മം "
അതിന് അവൾ ചെറുതായ് ഒന്ന് മൂളി കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു.
"പിണങ്ങിയോ ഇച്ചായനോട് "
"ഇല്ലാലോ "
അവൻ ചിരിയോടെ അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു.
"എന്താ ഇച്ചായനും കൊച്ചും കൂടെ ഇവിടെ പരിപാടി "
പെട്ടന്ന് സൈഡിൽ നിന്ന് ഒരു സൗണ്ട് കേട്ട് അവർ രണ്ടാളും അവിടെക്ക് നോക്കി. അലോഷിയും നീതുവും ആയിരുന്നു.
"ഇതാ ചേട്ടായി "
നീതു കൈയിൽ ഇരുന്ന ഒരു കപ്പ് അവന് നേരെ നീട്ടിയതും അവൻ അത് വാങ്ങി.
"നീ എന്താ ലേറ്റ് ആയെ "
അലോഷി അവരുടെ മറു സൈഡിലെ സീറ്റിലേയ്ക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു. കൂടെ നീതുവും.
"ഓഡിറ്റിങ് ആയിരുന്നു ടാ അതാ "
"പിന്നെ എന്താ എന്നെ വിളിക്കാതെ "
"അതിനും മാത്രം ഒന്നും ഇല്ല, ഞാൻ ഉണ്ടല്ലോ അവിടെ "
"അത് നിന്റെ മുഖം കണ്ടാൽ അറിയാം അതിന് മാത്രം ഒന്നുമില്ല എന്ന് "
അലോഷി അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു കാണിച്ചു.
"അല്ല ഇവൾ എന്താ ഇങ്ങനെ ഇരിക്കുന്നെ "
ഒന്നും മിണ്ടാതെ ആദമിന്റെ നെഞ്ചിലെ ചാഞ്ഞിരിക്കുന്ന ആമിയെ നോക്കി നീതു ചോദിച്ചു.
"അത് പിന്നെ ചോദിക്കാൻ ഉണ്ടോ നീതുസേ അവർ ഇച്ചായനും കൊച്ചും ഒരു പിണക്കം കഴിഞ്ഞു ഇടിച്ചതാണെന്ന് കണ്ടാൽ അറിയില്ലേ. അല്ല അളിയാ ഇന്ന് എന്തായിരുന്നു ആമിയുടെ പ്രശ്നം "
അലോഷി ചിരിയോടെ ചോദിച്ചു.
" ഈ മനുഷ്യന് എന്നോട് ഇപ്പോൾ ഒരു സ്നേഹവും ഇല്ല ചേട്ടായി. എപ്പോഴും മോളെ മാത്രം മതി "
മുന്നത്തെ പോലെ അവൾ സങ്കടത്തോടെ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.
"ടാ നീ എന്തിനാ എന്റെ കൊച്ചിനെ വിഷമിപ്പിക്കുന്നെ. നീ വാ മോളെ ഇവനോട് മിണ്ടണ്ട ഇനി നമുക്ക് പോകാം "
അലോഷി ചെയറിൽ നിന്ന് എഴുന്നേറ്റ് ആദമിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ആമിയുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു.
"എവിടേയ്ക്ക് "
ആമി മനസിലാകാത്ത പോലെ ചോദിച്ചു.
"നിന്നോട് സ്നേഹം ഇല്ലാത്ത ഇവന്റെ കൂടെ ഇനി മോള് വരണ്ട വാ നമുക്ക് വേറെ റൂമിലേയ്ക്ക് പോകാം "
"അയ്യോ ഞാൻ എങ്ങും ഇല്ല "
"അത് എന്താ "
അവൻ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
"അത് പിന്നെ ഇച്ചായൻ ഇല്ലാതെ നിക്ക് പറ്റില്ല "
അവൾ മുഖം കുനിച്ച് കൊണ്ട് പതിഞ്ഞ ശബ്ദതിൽ പറഞ്ഞു. അത് കേൾക്കെ ആദമിന് അവളോട് വല്ലാത്ത വാത്സല്യം തോന്നി. അവൻ അവളെ തന്റെ നെഞ്ചിലേയ്ക്ക് പൊതിഞ്ഞു പിടിച്ചു പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ അരുമയായ് ഒന്ന് മുത്തി.
"ആഹാ ഇപ്പോൾ നിങ്ങൾ രണ്ടാളും സെറ്റ് ഞാൻ ഔട്ട്. വാടി നീതുസേ നമുക്ക് പോകാം "
അലോഷി പിണക്കം അഭിനയിച്ച് കൊണ്ട് അവളുടെ കൈയും പിടിച്ച് പുറത്തേയ്ക്ക് നടന്നു. അത് കണ്ട് ആദവും ആമിയും പരസ്പരം നോക്ക് ചിരിച്ചു.
"നീതു എന്താ "
അലോഷിയുടെ പെട്ടന്ന് വെപ്രാളത്തോടെ ഉള്ള വിളി കേട്ട് ആദം വേഗം അവിടെക്ക് നോക്കി. അവന്റെ നെഞ്ചിൽ തളർച്ചയോടെ കണ്ണുകൾ അടച്ച് നിൽക്കുന്ന നീതുവിനെ കണ്ട് അവൻ വേഗം എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് പോയി.
"എന്താടാ എന്ത് പറ്റി "
"അറിയില്ല ടാ "
അലോഷി ടെൻഷനോടെ അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
"ഇച്ചായ ദേ ആ വെള്ളം എടുത്ത് അവളുടെ മുഖത്തേയ്ക്ക് തളിക്ക് "
ആമി ടേബിളിൽ ഇരിക്കുന്ന ജെഗിനെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞതും ആദം വേഗം അത് കൈയിൽ എടുത്ത് ഇത്തിരി വെള്ളം അവളുടെ മുഖത്തേയ്ക്ക് കുടഞ്ഞു. നീതു പതിയെ തന്റെ കണ്ണുകൾ ചിമ്മി തുറന്നു.
"എന്താ ടാ എന്താ മോളെ പറ്റിയെ "
അലോഷി അവളുടെ മുഖത്തേ വെള്ള തുള്ളികൾ തുടച്ച് മാറ്റി കൊണ്ട് ചോദിച്ചു.
"ഏയ് ഒന്നുമില്ല ഇച്ചായ പെട്ടന്ന് തല ചുറ്റും പോലെ തോന്നി ഇപ്പോൾ കുഴപ്പമില്ല "
"നീ അവളെ ഇവിടെ ഇരുത്ത്
ആദം അത് പറഞ്ഞതും അലോഷി അവളെ ബെഡിലേയ്ക്ക് ഇരുത്തി. ആമി നടന്ന് അവളുടെ അടുത്തേയ്ക്ക് വന്ന് അവളുടെ വലത് കൈ എടുത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
"ഇപ്പോഴാ ടി മോളെ സന്തോഷം ആയത് നിക്ക് കൂട്ടിന് ഒരാൾ കൂടെ ആയല്ലോ "
ആമി കള്ള ചിരിയോടെ അത് പറഞ്ഞതും അലോഷിയും ആദവും പരസ്പരം ഒന്ന് നോക്കി കാര്യം മനസിലാകാതെ. എന്നാൽ നീതു നിറഞ്ഞ കണ്ണുകളോടെ വിറയ്ക്കുന്ന കൈകളോടെ തന്റെ വയറിനെ പൊതിഞ്ഞു കൊണ്ട് അലോഷിയെ നോക്കി.
"ഡോ മനുഷ്യ നിങ്ങൾ ഒരു അപ്പൻ ആകാൻ പോകുവാണെന്ന് "
രണ്ടിന്റേം ഒന്നും മനസിലാകാതെ ഉള്ള നിൽപ്പ് കണ്ട് ആമി തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
അത് കേട്ട് അലോഷിയുടെ കണ്ണുകൾ നിറഞ്ഞ് വന്നു. അവൻ സന്തോഷത്തോടെ അവളുടെ അടുത്തേയ്ക്ക് പോയ് അവളുടെ മുഖം കൈകളിൽ എടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു.
"എന്താ പിള്ളേരെ ഇവിടെ ഒന്നിനെയും പുറത്തേയ്ക്ക് കാണാൻ ഇല്ലാലോ "
അവിടെക്ക് വന്ന മാത്യുവും ചോദിച്ചു കൂടെ മേരിയും നിർമലയും റീനയും ഉണ്ട്.
"ആഹാ എല്ലാവരും എത്തിയല്ലോ ഒരു ഹാപ്പി ന്യൂസ് ഉണ്ട് "
ആദം ചിരിയോടെ അവരെ എല്ലാവരെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.
"എന്താ ഇച്ചായ ടെൻഷൻ ആക്കാതെ കാര്യം പറ "
റീന വേഗം അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.
"വേറെ ഒന്നുമില്ല ടി പെണ്ണെ നിന്നെ ആന്റി എന്ന് വിളിക്കാൻ ഒരാൾ കൂടെ വരാൻ പോകുവാ "
ആദം അത് പറഞ്ഞപ്പോൾ ആദ്യം ആര്‍ക്കും ഒന്നും മനസ്സിലായില്ല പിന്നെ അവർ എല്ലാവരും ഒരു സംശയത്തോടെ നീതുവിനെ നോക്കി. അവളുടെ നിറഞ്ഞ കണ്ണുകൾ കാൺകെ അവർ സന്തോഷത്തോടെ പരസ്പരം നോക്കി പുഞ്ചിരിച്ചു. മേരി അവൾക്ക് അരികിലേയ്ക്ക് ചെന്ന് അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.
"ഇത്തിരി കഴിഞ്ഞ് വീട്ടിൽ വിളിച്ച് അറിയിക്ക് മോളെ "
അവൾ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് തലയാട്ടി.
"നാളെ ഒന്ന് ഹോസ്പിറ്റലിൽ പോയ് കാണിക്ക് മോനെ "
മാത്യു അത് പറഞ്ഞതും അലോഷി അത് ശെരി വച്ചു.
"നീ അവളെയും കൊണ്ട് റൂമിലേയ്ക്ക് പൊയ്ക്കോ, അവൾ ഒന്ന് കിടക്കട്ടെ "
അവർക്ക് ഇത്തിരി നേരത്തെ പ്രൈവസിക്ക് വേണ്ടി ആദം അത് പറഞ്ഞതും അലോഷി അവളെയും ചേർത്ത് പിടിച്ച് പുറത്തേയ്ക്ക് നടന്നു.
"മോൾക്ക് കഴിക്കാൻ എന്തെങ്കിലും എടുക്കട്ടേ "
മേരി ആമിക്ക് അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.
"അയ്യോ എന്റെ മേരിയമ്മേ കുറച്ച് മുന്നേ അല്ലെ എന്നെ കൊണ്ട് ഫുഡ് കഴിപ്പിച്ചത് ഇനി കുറച്ച് നേരത്തേയ്ക്ക് നിക്ക് ഒന്നും വേണ്ട "
ആമി തൊഴുതു കൊണ്ട് പറഞ്ഞതും അവർ ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തലോടി.
"ഇത്തിരി കഴിയുമ്പോൾ കൊണ്ട് വരാം ഞാൻ കഴിച്ചില്ല എങ്കിൽ നല്ല തല്ല് വച്ച് തരും ഞാൻ "
പുറത്തേക്ക് നടക്കുന്നതിന് ഇടയിൽ അവർ അത് പറഞ്ഞതും ആമി ദയനീയമായി അടുത്ത് നിൽക്കുന്ന തന്റെ അമ്മയെ ഒന്ന് നോക്കി. അത് കണ്ട് അവർ വേഗം അവളെ കാണാത്ത ഭാവത്തിൽ പുറത്തേയ്ക്ക് മുങ്ങി പുറകെ മാത്യു വും.
"ഇച്ചായ "
എല്ലാവരും കൈ ഒഴിഞ്ഞതും ആമി ദയനീയമായി അവനെ ഒന്ന് വിളിച്ചു.
"ഞാൻ ഒന്ന് ഫ്രഷായിട്ട് വരവേ ആമി കൊച്ചേ "
അതും പറഞ്ഞ് അവൻ വേഗം ബാത്‌റൂമിലേയ്ക്ക് ഓടി. ആമി ആകെ പെട്ട അവസ്ഥയിൽ ബെഡിലേക്ക് ഇരുന്നു... തുടരും...