രചന: ആതൂസ് മഹാദേവ്
മാളിയേക്കൽ തറവാടിന് മുന്നിൽ ആയ് കാർ വന്ന് നിന്നതും അലോഷി തന്റെ പറ്റിച്ചേർന്നിരിക്കുന്ന നീതുവിനെ ഒന്ന് നോക്കി. കരഞ്ഞു കരഞ്ഞ് എപ്പോഴോ ഒന്ന് മയങ്ങിയതാണ് അവൾ.
"നീതുസേ "
തന്റെ നെഞ്ചിലായി പടർന്നു കിടക്കുന്ന അവളുടെ മുടി മാടി ഒതുക്കിക്കൊണ്ട് അവൻ അവളെ വിളിച്ചുണർത്തി.അവൾ പതിയെ തന്റെ കണ്ണുകൾ ചിമ്മി തുറന്നു.
"വീട്ടിൽ എത്തിയെടോ "
അതുകേട്ട് അവൾ അവനിൽ നിന്ന് അകന്നു മാറി ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
"സോറി ഞാൻ ഉറങ്ങി പോയി "
"അതിന് എന്തിനാ പെണ്ണെ സോറി താൻ ഇറങ്ങ് "
അവൾ ഒന്നും മൂളി കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി പുറകെ അവനും. ഉമ്മറത്ത് തന്നെ മേരിയും നിർമലയും ആമിയും ഒക്കെ അവരെയും നോക്കി നിറഞ്ഞ ചിരിയോടെ നിൽപ്പുണ്ട്. അലോഷി അവളുടെ കൈയും പിടിച്ച് അവരുടെ അടുത്തേയ്ക്ക് വന്നു. മേരി അവരുടെ രണ്ടുപേരെയും ചേർത്ത് നിർത്തി നെറ്റിയിൽ കുരിശ് വരച്ചു. ശേഷം ആമിയുടെ കൈയിൽ ഇരുന്ന നിലവിളക്ക് വാങ്ങി നീതുവിന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.
"വലത് കാൽ വയ്ച്ച് കയറി വാ മോളെ "
അവൾ അലോഷിയെ ഒന്ന് നോക്കി അവൻ കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തതും അവൾ നിലവിളക്ക് വാങ്ങി പ്രാർത്ഥനയോടെ വലതുകാൽ വച്ച് മാളിയിയേക്കൽ തറവാട്ടിന്റെ അകത്തേക്ക് കയറി.
"ആമി മോളെ നീതു മോളെ മുകളിലേയ്ക്ക് കൊണ്ട് പോ . കുട്ടി ഒന്ന് ഫ്രഷായി റസ്റ്റ് എടുക്കട്ടെ. ഷീണം ഉണ്ടാവും രണ്ടാൾക്കും "
മേരി ചിരിയോടെ അത് പറഞ്ഞതും ആമി നീതുവിനെയും കൂട്ടി മുകളിലേയ്ക്ക് പോയി.
================================
ആമി അവളെയും കൊണ്ട് അവരുടെ റൂമിലേക്ക് ആണ് പോയത്. ഫ്രഷായി ഇത്തിരി നേരം കിടന്ന ശേഷം രണ്ട് പേരും താഴേയ്ക്ക് വന്നു. മാത്യുവും മേരിയും നിർമലയും ഹാളിൽ ഇരിപ്പുണ്ട്. കൂടെ മേരിയുടെ അനിയത്തിയുടെ കുടുംബവും. ആദവും അലോഷിയെയും പിന്നെ അവർ കണ്ടതെ ഇല്ല.
"ആ മക്കൾ എഴുന്നേറ്റോ വാ ഞാൻ ചായ എടുക്കാം "
അവരെ ഇരുവരെയും കണ്ടതും മേരി സോഫയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു എങ്കിലും ആമി അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു.
"മേരി അമ്മ അവിടെ ഇരുന്നോ ഞാൻ എടുത്തോളാം "
ആമി കിച്ചണിലേക്ക് പോയതും നീതുവും അവൾക്ക് പുറകെ പോയി.
"നല്ല കുട്ടി അല്ലെ ഇച്ചായ "
മോളി (മേരിയുടെ അനിയത്തി )തന്റെ ഭർത്താവിനോട് ചോദിച്ചു.
"പിന്നെ നല്ല കുട്ടി, നല്ല അടക്കവും ഒതുക്കവും ഉണ്ട് "
അയാളും ഒരു പുഞ്ചിരിയോടെ പറഞ്ഞു. അത് കേൾക്കെ മേരിക്കും മാത്യുവിനും സന്തോഷം തോന്നി.
ഇത്തിരി നേരം കഴിഞ്ഞതും ആമിയും നീതുവും കിച്ചണിൽ നിന്ന് ഹാളിലേയ്ക്ക് വന്നിരുന്നു.
"ഇച്ചായനും ചേട്ടായിയും എവിടെ മേരി അമ്മേ "
ആമി മേരിയോട് ചോദിച്ചു.നീതു നിർമലയുടെ അടുത്തായ് ഇരുന്നു.
"രണ്ടാളും പുറത്ത് നിൽപ്പുണ്ട് മോളെ "
"ആ ഞാൻ ഒന്ന് നോക്കിയിട്ട് വരാം "
അതും പറഞ്ഞ് അവൾ പുറത്തേയ്ക്ക് ഇറങ്ങി .എന്നാൽ പുറത്തേയ്ക്ക് വന്ന ആമി മുന്നിലെ കാഴ്ച്ചയിൽ അവളുടെ മുഖം വലിഞ്ഞു മുറുകി. ചുണ്ടിലെ ചിരി മാഞ്ഞു.
പുറത്ത് മുറ്റത്തായ് നിൽക്കുവാണ് ആദവും അലോഷിയും. അവർക്ക് അടുത്തായ് ലിസയും നിൽപ്പുണ്ട്. അവളുടെ കൈകൾ ആദമിന്റെ കൈയിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. അവൾ അവരോട് എന്തൊക്കെയോ പറഞ്ഞ് ചരിച്ചു കൊണ്ട് അവന്റെ ദേഹത്തേയ്ക്ക് ചേർന്ന് ചേർന്ന് പോകുവാണ്.അവൻ ആണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ അവൾ പറയുന്നത് കേട്ട് ചിരിക്കുന്നുണ്ട്. ഇതൊക്കെ കണ്ട് ആമിയുടെ സകല നിലയും തെറ്റിയിരുന്നു. അവൾ അവന്റെ അരികിലേയ്ക്ക് പാഞ്ഞു ചെന്ന് ഉച്ചത്തിൽ വിളിച്ചു.
"ഇച്ചായ "
അവളുടെ ആ അലർച്ചയിൽ അവൻ മാത്രം അല്ല അവിടെ നിന്ന എല്ലാവരും ഒരു വേള ഞെട്ടി പോയി.
"എന്താ ആമി "
അവൻ വേഗം അവളുടെ അടുത്തേയ്ക് വന്ന് ചോദിച്ചു. സത്യത്തിൽ അപ്പോഴാണ് അവൾക്കും താൻ എന്താ ചെയ്തത് എന്ന് ബോധം വന്നത്. എങ്കിലും ചിരിയോടെ നിൽക്കുന്ന ലിസയുടെ മുഖം കണ്ട് അവൾ ആദമിനെ ഒന്ന് രൂക്ഷമായ് നോക്കി കൊണ്ട് അകത്തേയ്ക്ക് കയറി പോയി.അവളുടെ പുറകെ പോകാൻ നിന്ന ആദമിന്റെ തടഞ്ഞു കൊണ്ട് ലിസ പറഞ്ഞു.
"ഇച്ചായ എങ്ങോട്ട് പോകുവാ "
"അത് ഞാൻ ഇപ്പൊ വരാം "
അവൻ വീണ്ടും പോകാൻ ആയ് തിരിഞ്ഞതും അവൾ വേഗം അവന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു.
"ദേ ഭാര്യയേ പിന്നെ കാണാം ഞാൻ പറഞ്ഞോണ്ട് ഇരുന്നത് കേട്ട് തീർന്നിട്ടേ ഇനി വിടാത്തൊള്ളൂ "
അതും പറഞ്ഞ് അവൾ ബാക്കി സംസാരിക്കാൻ തുടങ്ങി. വേറെ വഴി ഇല്ലാതെ ആദം പിന്നെ അവിടെ തന്നെ നിന്നു.
================================
അകത്തേയ്ക്ക് വന്ന ആമി ദേഷ്യത്തോടെ നീതുവിന്റെ അടുത്തേയ്ക്ക് വന്നിരുന്നു.
"അവര് എവിടെ മോളെ "
നിർമല അവളോട് ചോദിച്ചു.
"പുറത്ത് നിൽപ്പുണ്ട് അല്ലെ "
അവൾ വല്യ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു. അത് പറയുമ്പോൾ ഉള്ള അവളുടെ മുഖഭാവം നീതു ശ്രെദ്ധിക്കുകയും ചെയ്തു.
"ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതല്ലേ പിള്ളേര്. അവർക്ക് ഒരുപാട് സംസാരിക്കാൻ കാണും "
മോളി ചിരിയോടെ പറഞ്ഞതും അത് കേട്ട് ആമി ഒന്ന് ചുണ്ട് കോട്ടി.
"അല്ലെങ്കിലും ആദമിനെ കിട്ടി കഴിഞ്ഞാൽ പെണ്ണിന് പിന്നെ ആരും വേണ്ട. അത്രയും ഇഷ്ടം ആണ് അവനെ "
കൊണ്ടു കൊണ്ടു ആമിക്ക് ഇത് നല്ലോണം കൊണ്ടു. അവളുടെ മുഖം വീർത്ത് വന്നു. നീതുവിന് അത് കാൺകെ ചിരി ആണ് വന്നത്.
"ടി പെണ്ണെ ഇപ്പോ പൊട്ടുവല്ലോ നി "
അത് കേട്ട് അവൾ നീതുവിനെ നോക്കി കണ്ണുരുട്ടി കാണിച്ചു.
"അടിപൊളി "
അതും പറഞ്ഞ് നീതു പിന്നെ ആ ഭാഗത്തേയ്ക്ക് പോലും നോക്കാൻ പോയില്ല.
ഏറെ നേരത്തിന് ശേഷം ആദവും അവരും അകത്തേയ്ക്ക് വരുമ്പോൾ ആമിയൊക്കെ അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു. അകത്തേയ്ക്ക് വന്ന ആദം ആദ്യം നോക്കിയത് ആമിയെ ആണ്. താൻ വന്നത് കണ്ടു എങ്കിൽ കാണാത്ത ഭാവത്തിൽ നിർമലയുടെ തോളിൽ ചാരി കിടക്കുവാണ് അവൾ.
"ആഹാ എല്ലാം പറഞ്ഞു തീർന്നോ പിള്ളേരെ "
മോളി മൂന്ന് പേരെയും നോക്കി ചിരിയോടെ ചോദിച്ചു.
"കത്തി വച്ച് കൊല്ലുവായിരുന്നു ഇത്രയും നേരം ഇവൾ "
അലോഷി ലിസയുടെ തലയിൽ ഒന്ന് കോട്ടി കൊണ്ട് മേരിയുടെ അടുത്തായ് വന്നിരുന്നു കൊണ്ട് നീതുവിനെ ഒന്ന് നോക്കി. ഇത്രയും നേരം അവനെ തന്നെ നോക്കിയിരുന്ന അവൾ അവൻ നോക്കുന്നത് കണ്ട് വേഗം നോട്ടം മാറ്റി. അത് കാൺകെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
"പിന്നെ ഞാൻ കത്തി വച്ചത് ഒന്നും അല്ല കാര്യം പറഞ്ഞതാ അല്ലെ ഇച്ചായ "
ലിസ കൊഞ്ചലോടെ ആദമിനോട് ചോദിച്ചു കൊണ്ട് അവന്റെ കൈയിൽ ചുറ്റി പിടിച്ചു നിന്നു. ആ നേരം ആദമിന്റെ കണ്ണുകൾ പോയത് ആമിയിൽ ആണ്. അവനെ തന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഇരിക്കുവാണ് അവൾ.
"കർത്താവേ തീർന്ന് "
അതും മനസ്സിൽ പറഞ്ഞ് അവൻ തന്റെ കൈയിൽ ചുറ്റി പിടിച്ചിരിക്കുന്ന ലിസയുടെ കൈ എടുത്ത് മാറ്റി കൊണ്ട് വേഗം മുകളിലേയ്ക്ക് കയറി പോയി.
===============================
ആദം പിന്നെ താഴെയ്ക്ക് വന്നത് രാത്രി ആണ്. അതുവരെ ആമി മുകളിലേയ്ക്കും പോയില്ല.ഒരുപാട് നേരം എല്ലാവരും സംസാരിച്ച് ഒക്കെ ഇരുന്ന ശേഷം ഭക്ഷണം കഴിക്കാൻ പോയി. നീതുവും അലോഷിയും ആദവും ആമിയും ഒരുമിച്ച് ഇരുന്നു. അവരുടെ കൂടെ ലിസയും ഉണ്ടായിരുന്നു . മുതിർന്നവർ ഒക്കെ അതിന് മുന്നേ ആയ് ഇരുന്നു. ആമി വേഗം ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റ് പോയി. അവളുടെ പിണക്കം ആദമിന് മനസിലായി. അവനും എഴുന്നേൽക്കാൻ പോയതും.
"ഇച്ചായൻ കഴിച്ച് മതിയാക്കിയോ "
അവൻ എഴുന്നേൽക്കാൻ പോകുന്നത് കണ്ട് ലിസി ചോദിച്ചു. അത് കേട്ട് കിച്ചണിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ആമി ഒന്ന് തിരിഞ്ഞു നോക്കി.
"ആ എനിക്ക് മതി "
"അതിന് ഒന്നും കഴിച്ചില്ലല്ലോ "
അവൻ വീണ്ടും എഴുന്നേൽക്കാൻ തുടങ്ങി എങ്കിലും അവൾ അത് തടഞ്ഞു കൊണ്ട് പറഞ്ഞു.
"അതൊന്നും പറഞ്ഞാൽ പറ്റില്ല ദേ ഇത് മുഴുവൻ കഴിച്ചിട്ട് പോയാൽ മതി "
"കഴിക്കേടാ നീ ഒന്നും കഴിച്ചില്ലല്ലോ "
അലോഷി കൂടെ പറഞ്ഞതും ആദം ആമിയെ ഒന്ന് നോക്കി. അവൾ വേഗം കിച്ചണിലേയ്ക്ക് കയറി പോയി. കുറച്ച് നേരം കഴിഞ്ഞതും ഓരോരുത്തർ ആയ് കഴിച്ച് എഴുന്നേറ്റു. ആദവും അലോഷിയും മുകളിലേയ്ക്ക് കയറി പോയി. കിച്ചണിലേ പണികൾ എല്ലാം കഴിഞ്ഞതും ആമി നീതുവിനെയും കൊണ്ട് താഴെ ഉള്ള ഒരു റൂമിലേയ്ക്ക് പോയി.
"ദാ നീ ഫ്രഷായായി ഡ്രസ്സ് ഒക്കെ ഒന്ന് മാറി വാ "
അവൾക്ക് നേരെ ഒരു കവർ നീട്ടി കൊണ്ട് ആമി പറഞ്ഞതും. നീതു ആ കവർ കൈയിലേക്ക് വാങ്ങി കൊണ്ട് നാണത്തോടെ പറഞ്ഞു.
"ശോ ഇന്ന് ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് ആണല്ലേ ഞാൻ അതങ്ങ് മറന്നു "
"അയ്യേ ഇത് എന്ത് സാധനം "
ആമി അവളെ നോക്കി അയ്യേ എന്ന ഭാവത്തിൽ പറഞ്ഞു.
"പോ പെണ്ണെ എനിക്ക് നാണം വരുന്നു "
"ഈശ്വര എന്റെ ചേട്ടായിയെ നീ തന്നെ കാത്തോണേ "
ആമി മുകളിലേയ്ക്ക് നോക്കി പ്രാർത്ഥിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി. നീതു ചിരിയോടെ ഫ്രഷാവനും കയറി. അവൾ തിരികെ ഇറങ്ങി തലമുടി ചീകി കെട്ടി ഒരു ചെറിയ പൊട്ടും വച്ച് കുറച്ച് സിന്ദൂരം എടുത്ത് തൊട്ടു . അപ്പോഴേയ്ക്ക് ആമി വന്നിരുന്നു അവൾ കൈയിൽ ഇരുന്ന പാൽ ഗ്ലാസ് ടേബിളിൽ വച്ച ശേഷം മറു കൈയിൽ ഇരുന്ന മുല്ല പൂവ് നീതുവിന് ചൂടി കൊടുത്തു.
"ഇതൊക്കെ വേണോ പെണ്ണെ "
"ഇരിക്കട്ടെ ദാ "
ആമി ടേബിളിൽ ഇരുന്ന പാൽ ഗ്ലാസ് അവൾക്ക് എടുത്ത് കൊടുത്തു. ശേഷം രണ്ടാളും റൂമിന് പുറത്തേയ്ക്ക് ഇറങ്ങി മുകളിലേയ്ക്ക് കയറി.
"അപ്പൊ ഹാപ്പി ഫസ്റ്റ് നൈറ്റ് നീതുസേ ദേ അതാണ് റൂം "
ആമി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ റൂമിലേയ്ക്ക് പോയി. നീതു അലോഷിയുടെയും.
================================
ആമി മുകളിലേയ്ക്ക് വരുമ്പോ ആദം ബെഡിൽ ഫോൺ നോക്കി കിടപ്പുണ്ടായിരുന്നു. അവൾ അകത്തേയ്ക്ക് കയറി ഡോർ വലിച്ചടച്ചു.
""കർത്താവേ രക്ഷിക്കണേ ""
അവൻ പതിയെ പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റിരുന്ന് അവളെ നോക്കി ചിരിച്ചു. എന്നാൽ ആമി അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബെഡിന്റെ മറു സൈഡിൽ ആയ് വന്ന് കിടന്നു.
"ഇത് ഇങ്ങനെ അല്ലാലോ "
ഒരു നിമിഷം ആമി തന്നോട് വഴക്ക് ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചിരുന്ന അവൻ ഇത് കണ്ട് സ്വയം ഒന്ന് ആലോചിച്ചു
കൊണ്ട് ആമിക്ക് അരികിലേയ്ക്ക് നീങ്ങി കിടന്നു കൊണ്ട് അവളെ പതിയെ വിളിച്ചു.
"ആമി കൊച്ചേ "
എന്നാൽ അവളുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. അതുകണ്ട് അവൻ ഒന്നൂടെ വിളിച്ചു.
"ആമി കൊച്ചേ "
"എന്താ "
അവൻ വിളിച്ച് തീരും മുന്നേ അവൾ അവന് നേരെ തിരിഞ്ഞു കൊണ്ട് ദേഷ്യത്തിൽ ചോദിച്ചു. അവൻ ഒന്ന് ഞെട്ടി പുറകിലേയ്ക്ക് മാറി. തുടരും