ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 57 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്



ദിവസം പിന്നെയും ഓടി മറഞ്ഞു കൊണ്ടിരുന്നു. റീനയുടെ ആ സംഭവത്തിനു ശേഷം ഇപ്പോൾ ഒരു മാസം പിന്നിട്ടിരിക്കുന്നു. എല്ലാവരും അവൾ എന്ന അധ്യായം പാടെ മറന്നിരുന്നു. മേരി ഒഴികെ. അവർക്ക് മാത്രം അവൾ എന്നത് നേരിയ നോവ് ആയിരുന്നു. എന്നാൽ അതിനു ശേഷം അവർ ആദമിനെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി. അവനും രണ്ട് അമ്മമാരുടെ സ്നേഹം ആവോളം ആസ്വദിക്കുകയായിരുന്നു ആ നിമിഷങ്ങളിൽ.


ദിവസങ്ങൾ കഴിയും തോറും കല്യാണത്തിന്റെ തിരക്കുകളും കൂടിക്കൂടി വന്നു. വിവാഹത്തിന് ഇനി രണ്ട് ദിവസം മാത്രമേ ഉള്ളൂ. അതിന്റെ ഒരുക്കത്തിലാണ് മാളിയേക്കൽ തറവാട്. ആദമിന്റെ നിർബന്ധപ്രകാരം വിവാഹം അവന്റെ വീട്ടിൽ വച്ച് നടത്താൻ തീരുമാനിച്ചു. മാത്യുവും മേരിയും അത് സമ്മതിക്കുകയും ചെയ്തു. ആമി ഇപ്പോൾ നീതുവിന്റെ വീട്ടിൽ ആണ്. മാധവൻ വന്ന് അവളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലേദിവസത്തെ റിസപ്ഷൻ കഴിഞ്ഞ് വരാം എന്ന് പറഞ്ഞതു കൊണ്ട് ആദം എതിര് പറഞ്ഞില്ല. നാളെയാണ് അവിടെ റിസപ്ഷൻ. ഇതിനോടകം കുറച്ച് ബന്ധുക്കൾ ഒക്കെ അവിടെ എത്തിയിട്ടുണ്ട്. നീതുവിന്റെ നിഴൽ പോലെ ആമിയും ഉണ്ട് കൂടെ.






================================




ഇന്നാണ് റിസപ്ഷൻ അതിന്റെ ഒരുക്കത്തിലാണ് നീതു ഇവിടെ റൂമിൽ. ഇവളുടെ കാട്ടിക്കൂട്ടലുകൾ ഒക്കെ കണ്ട് ആമി താടിക്ക് കയ്യും കൊടുത്ത് ബെഡിൽ ഇരിപ്പുണ്ട്. ചുവന്ന ഒരു നെറ്റിന്റെ ഫുൾ ലെങ്ത് ചുരിദാർ ആണ് ആമിയുടെത്. മിതമായ രീതിയിൽ ഒരുങ്ങി അവൾ ഇന്നേവരെ സുന്ദരി ആയിട്ടുണ്ട്. ഒരുങ്ങിക്കഴിഞ്ഞ് അവളുടെ ഇച്ചായനെ വിളിച്ച് വീഡിയോ കോളിൽ കാണിക്കാനും മറന്നില്ല. അവളെ കണ്ട നേരം മുതൽ ചെക്കനെ അവളെ അടുത്ത് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അത് പറഞ്ഞതും ആമി വേഗത്തിൽ ഫോൺ കട്ട് ചെയ്യുകയാണ്  ഉണ്ടായത്.


" എന്റെ നീതു ഇത് ഇന്നെങ്ങാനും കഴിയുമോ കുറെ നേരമായല്ലോ തുടങ്ങിയിട്ട്"


അതുകേട്ട് നീതു കണ്ണാടിയിലൂടെ ആമിയേ ഒന്ന് നോക്കി.


" എന്റെ പെണ്ണേ ഇന്നല്ലേ ഇങ്ങനെ ഒരുങ്ങാൻ പറ്റൂ. അത് മാക്സിമം ഞങ്ങൾ യൂസ് ചെയ്യേണ്ട "


" എന്ന് കരുതി നീ ഇത് എപ്പോൾ തൊട്ട് തുടങ്ങിയതാ ഇനിയെങ്കിലും ഒന്ന് മതിയാക്ക് "


ആമി തലയിൽ കൈ വച്ചുകൊണ്ട് അപേക്ഷ സ്വരത്തിൽ മുഖത്ത് പുട്ടിയിടുന്ന നീതുനെ നോക്കി പറഞ്ഞു. അതുകേട്ട് നീതു ഇടുപ്പിൽ കൈകുത്തി അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.


" അതെ നിനക്ക് ആവശ്യത്തിൽ അധികം സൗന്ദര്യം ഉള്ളതുകൊണ്ടും ചേട്ടായി നിന്റെ സൗന്ദര്യത്തിൽ ഓൾറെഡി വീണതുകൊണ്ട് നിനക്ക് ടെൻഷൻ വേണ്ട. ബട്ട് അതുപോലെയല്ല എന്റെ കാര്യം ഇനിയാണ് എനിക്ക് നിന്റെ ചേട്ടായി എന്ന മനുഷ്യനെ വീഴ്ത്താൻ ഉള്ളത്. അതുകൊണ്ട് ആമി മോളെ നീ എന്നെ വെറുതെപ്പെടുത്തരുത്. ഞാൻ ഇതൊന്നു തീർത്തോട്ടെ "


അത്രയും പറഞ്ഞുകൊണ്ട് നീല വീണ്ടും തന്റെ പണി തുടർന്നു.


" ഇത് ഇന്ന് റിസപ്ഷൻ കഴിഞ്ഞാലും തീരാൻ പോകുന്നില്ല "


ആമി അതും വെറുതെ കൊണ്ട് തന്റെ ഫോണും എടുത്ത് പുറത്തേക്ക് നടന്നു.






================================



ഇന്നലെ മുഴുവവും ഇന്ന് ഉച്ച വരെയും ഓരോ തിരക്കുകൾ കാരണം അലഞ്ഞു നടന്ന ക്ഷീണത്തിൽ ഉറങ്ങുകയാണ് ആദം. ഇടയ്ക്ക് എപ്പോഴോ ഫോൺ റിങ് ചെയ്യുന്ന കേട്ടവൻ കണ്ണുകൾ തുറക്കാതെ തന്നെ ഫോൺ കൈകൊണ്ട് തപ്പി പിടിച്ച് എടുത്ത് ചെവിയോട് ചേർത്തു.


"ഇച്ചായ"


മറുപുറത്തു നിന്നുള്ള ആമിയുടെ നീട്ടിയുള്ള വിളിയിൽ അവൻ കണ്ണുകൾ തുറക്കാതെ ഒന്നു പുഞ്ചിരിച്ചു.


"എന്നതാ കൊച്ചേ "


അവൻ അത് ചിരിയോടെ ചോദിച്ചു.


"ഇച്ചായൻ ഇപ്പോഴും ഉറക്കം ആണോ, നേരത്തെ ഞാൻ വിളിച്ചപ്പോൾ ഇപ്പോൾ എഴുന്നേൽക്കും എന്ന് പറഞ്ഞിട്ട് പിന്നെയും കിടന്നുറങ്ങിയോ "


"വയ്യ കൊച്ചേ ഭയങ്കര ക്ഷീണം ആണ് "


അതിനു മറുപടിയായി അവന്റെ അവസ്ഥ മനസ്സിലാക്കി അവൾ ഒന്ന് മൂളി.


" അല്ല എന്നതിനാ കൊച്ച് ഇപ്പോൾ വിളിച്ചേ "


" അതെന്താ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ എനിക്ക് വിളിക്കാൻ പാടുള്ളൂ "


അവളുടെ പരിഭവത്തോടെയുള്ള ചോദ്യം അവൻ ചിരിച്ചു പോയി.


" ഇപ്പോൾ നിനക്ക് ഭയങ്കര വാശി ആണല്ലോ ആമീ "


അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു കൊണ്ട് അതെ ചിരിയോടെ ചോദിച്ചു.


" ഞാൻ എങ്ങും അല്ല ഇച്ചായന്റെ കൊച്ചാണ് എന്നെ വാശി പിടിപ്പിക്കണേ "


അവൾ ഒരു കുറുമ്പോടെ പറഞ്ഞു.


" നീ കൊള്ളാലോടി കാന്താരി ഇപ്പോൾ കുറ്റം മുഴുവൻ എന്റെ കൊച്ചിന്റെ തലയ്ക്കായോ "


അവളുടെ ആ ചിരി നിമിഷം നേരം കൊണ്ട് അവനിലേക്കും പകർന്നു.


" ഞാൻ വെറുതെ വിളിച്ചതാണ് ഇച്ചായ ഇച്ചായന്റെ സ്വരം കേൾക്കണം പോലെ തോന്നി "


" എന്റെ ആമി കൊച്ചേ ഇത് ഇപ്പോൾ എത്രാമത്തെ തവണയാണ് നീ ഇന്ന് തന്നെ എന്നെ വിളിക്കുന്നത്. എന്നെ പിരിഞ്ഞിരിക്കാൻ വയ്യ എങ്കിൽ പിന്നെ നീ എന്തിനാ പോയെ "


" അതെങ്ങനെയാ ഇച്ചായ വരാതിരിക്കുന്നെ എന്റെ നീതു പാവം അല്ലെ "


അവൾ വിഷമത്തോടെ മറുപടി പറഞ്ഞു.


" എന്നാൽ പിന്നെ ഇത്തിരി നേരം കൂടെ സഹിച്ചു നിൽക്കെന്റെ പെണ്ണെ. രാത്രി ഞാനങ്ങു വരുമല്ലോ നിന്നെ കൂട്ടാൻ"


അത് പറയുമ്പോൾ ഇരുവരിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു. പെട്ടെന്ന് പുറകിൽ നിന്ന് നീതുവിന്റെ വിളി കേട്ടതും ആമി തിരിഞ്ഞു നോക്കി പറഞ്ഞു.


" ചായ ഞാൻ ബൈക്കുവാണ് ദേ ആ പെണ്ണ് വിളിക്കുന്നുണ്ട്"


" ഓക്കേ കൊച്ചേ പോയ് ഹാപ്പിയായ് അടിച്ചു പൊളിക്ക് അപ്പോഴേക്കും ഇച്ചായൻ വരാം "


അതും പറഞ്ഞ് ആദം ഫോൺ കട്ട് ചെയ്തതും ആമി നേരെ നീതുവിന്റെ റൂമിലേക്ക് പോയി.






==============================




ഏകദേശം നാലുമണിയോടെ അടുപ്പിച്ച് തന്നെ പാർട്ടി തുടങ്ങിയിരുന്നു. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും കൊണ്ട് വീടും നിറഞ്ഞിരുന്നു. എല്ലാവരും വളരെ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. വന്നവരിൽ പലരും ആരവിനെ തിരക്കിയെങ്കിലും മാധവൻ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു കൊണ്ടിരുന്നു. അത് കേൾക്കേ സീതയ്ക്ക് സങ്കടം തോന്നിയെങ്കിലും അവർ അതൊക്കെ ഉള്ളിൽ ഒതുക്കി പുറമേ ചിരിയോടെ നിന്നു.


ആമി നീതുവിന്റെ അരികിൽ തന്നെയുണ്ട്. അവളെ എങ്ങോട്ടും വിടാതെ പിടിച്ചു വച്ചിരിക്കുകയാണ് നീതു. ഫോട്ടോ എടുക്കുമ്പോൾ ഒക്കെ അവളെയും അരികിൽ ചേർത്തു പിടിച്ച് നിർത്തും.


ഇടയ്ക്ക് എപ്പോഴോ നീതുവിനോട് സംസാരിച്ച് മുഖമുയർത്തിയ ആമി കാണുന്നത് തങ്ങളുടെ അടുത്തേക്ക് നടന്നുവരുന്ന ആദമിനെയാണ്. വെറും കയർ ഷർട്ടും അതിനു മാച്ചായ മുണ്ടും ഉടുത്ത് മുണ്ടിന്റെ ഒരു തുമ്പ് ഇടതു കൈയാൽ പിടിച്ചു നടന്നു വരുന്ന അവനെ അവൾ കണ്ണെടുക്കാതെ


നോക്കി നിന്നു. അവളുടെ നോട്ടത്തെ പിന്തുടർന്ന നീയും ഇത് കണ്ടു.


" എന്റെ മോളെ സ്വന്തം പ്രോപ്പർട്ടി നോക്കിയാണ് ഇങ്ങനെ വെള്ളമിറക്കുന്നത് "


" ഇങ്ങേർക്ക് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ "


നീതു പറയുന്നത് കേട്ട് ആമി വേറെ ഏതോ ലോകത്ത് എന്നപോലെ പറഞ്ഞു. അതുകേട്ട് നീതു ആമിയുടെ തോളിൽ ഒന്ന് തട്ടി. ആമി സ്വബോധം വീണ്ടെടുത്ത് അവളെ നോക്കി ഒന്നിളിച്ചു കൊണ്ട് മുന്നിലേക്ക് നോക്കി. അപ്പോഴേക്ക് ആദം നടന്നവരുടെ അടുത്ത് എത്തിയിരുന്നു.


"Happy married life "


അവൻ തന്റെ കയ്യിലിരുന്ന് ഗിഫ്റ്റ് ബോക്സ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അവൾ ഒരു പുഞ്ചിരിയോടെ അത് കയ്യിൽ വാങ്ങിക്കൊണ്ട് തുറന്നു നോക്കി. ഒരു നെക്ലൈസ് ആയിരുന്നു അതിൽ. അവൾ നിറഞ്ഞ കണ്ണുകളുയർത്തി അവനെ നോക്കിക്കൊണ്ട് ചോദിച്ചു.


" എന്തിനാ ചേട്ടായി ഇതൊക്കെ "


എന്നാൽ അതിനു മറുപടി പറഞ്ഞത് ആമിയാണ്.


" വലിയ ഷോ ഒന്നും ഇറക്കാതെ വാങ്ങി വയ്ക്ക് പെണ്ണെ "


അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ആമിയെ നോക്കി പുഞ്ചിരിച്ചു. ആദം ആമയുടെ അരികിലേക്ക് ചേർന്നുകൊണ്ട് പതിയെ പറഞ്ഞു.


" ഇച്ചായന്റെ കൊച്ച് ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ടല്ലോ "


" ഇച്ചായനും പൊളിച്ചിട്ടുണ്ട് ദേ നോക്കിയേ എല്ലാ പെൺപിള്ളേരുടെയും കണ്ണ് നിങ്ങളുടെ നെഞ്ചത്തോട്ടാണ് "


അവൾ ചുണ്ടുകോട്ടി കുശുമ്പോടെ പറഞ്ഞതും ആദം ഒന്നും ചുറ്റും നോക്കിക്കൊണ്ട് അവളുടെ അടുത്തേക്ക് കുറച്ചുകൂടെ ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.


" അങ്ങനെ ഇപ്പോൾ എന്റെ ആമി കൊച്ച് അല്ലാതെ എന്നെ വേറെ ആരും നോക്കണ്ട "


അത് കേട്ട് ആമി തന്റെ അരികിൽ നിൽക്കുന്ന ഇച്ചായന്റെ കയ്യിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് നിന്നു. തൊട്ടപ്പുറത്തായി നീതുവും. ക്യാമറമാൻ ആ ചിത്രം നന്നായി പകർത്തുകയും ചെയ്തു.





===============================



രാത്രി എട്ടുമണിയോടെ അടുപ്പിച്ച് തന്നെ ആദവും ആമിയും അവരോടൊക്കെ യാത്ര പറഞ്ഞിറങ്ങി. തിരികെ മാളികയിലേക്ക് എത്തുമ്പോൾ ആമി ഞെട്ടി പോയിരുന്നു. കാരണം അവൾ പോയപ്പോൾ ഒഴിഞ്ഞു കിടന്ന വീട് ഇപ്പോൾ ആളുകളെ കൊണ്ടു നിറഞ്ഞിരിക്കുന്നു.


"ഇത് എന്താ ഇച്ചായ "


കാറിൽ നിന്നിറങ്ങി അവൾ കണ്ണുമിഴിച്ചു കൊണ്ട് ആദമിനോട് ചോദിച്ചു.


"നീ വാ കൊച്ചേ "


അവൻ ചിരിയോടെ അവളുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു. ഹാളിലായി മാത്യു മേരിയും നിർമ്മലയും കുറച്ച് അധികം ബന്ധുക്കൾ ഒക്കെ ഇരിപ്പുണ്ടായിരുന്നു. ആദമിന്റെ കയ്യും പിടിച്ച് അകത്തേക്ക് വരുന്ന ആമിയെ കണ്ട് എല്ലാവരും ഒന്ന് നോക്കി.


"ഇതാണ് പൗർണമി ആദമിന്റെ പെണ്ണ് "


മേരി അവൾക്ക് അരികിലേക്ക് ചെന്ന് അവളെ ചേർത്തുപിടിച്ചു കൊണ്ട് അവിടെയിരിക്കുന്ന എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു. എല്ലാവരും അവളെ നോക്കി പുഞ്ചിരിച്ചു. അവൾക്ക് ആരെയും മനസ്സിലായില്ല എങ്കിലും തിരിച്ചൊരു പുഞ്ചിരി കൈമാറി.


എല്ലാവരെയും മാറി മാറി നോക്കുന്നതിനിടയിലാണ് ഒന്നിൽ ആമിയുടെ കണ്ണുകൾ ഉടക്കിയത്. ഒരു വെളുത്ത സുന്ദരിയായ പെൺകുട്ടി ആദമിനെ തന്നെ നോക്കി മതി മറന്നു നിൽക്കുന്നു. അവൾ മുഖം ചരിച്ച് ആദമിനെ ഒന്നു നോക്കി. അവൻ അതൊന്നും അറിയാതെ വേറെങ്ങോ നോക്കി നിൽക്കുകയാണ്. ആമി വീണ്ടും തലചരിച്ച് അവളെ തന്നെ നോക്കി. അവൾ ഇപ്പോഴും ആദമിൽ നിന്ന് കണ്ണുകൾ മാറ്റാതെ അവനെ തന്നെ നോക്കി നിൽക്കുന്നു. ആമി ഇത് കണ്ട് തലയാട്ടി കൊണ്ട് മനസ്സിൽ വിചാരിച്ചു


"ഇവൾ എനിക്കൊരു പണി ആകും "


പിന്നെ എന്തോ ഓർത്ത പോലെ അവൾ വേഗം അരികിൽ നിന്ന ആദമിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു. ആ പെൺകുട്ടിയുടെ കണ്ണുകളിൽ അസ്വസ്ഥത നിറയുന്നത് അവൾ നോക്കി കണ്ടു. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ ആദം അവളെ ഒന്ന് നോക്കി. എന്നാൽ അവളുടെ നോട്ടം മറ്റെങ്ങോ ആണെന്ന് കണ്ടതും അവൻ അവിടേക്ക് നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന ആളെയും അവളെ നോക്കി ദഹിപ്പിക്കുന്ന ആമിയെയും കണ്ട് ആദം പുറത്തേയ്ക്ക് വന്ന ചിരി അടക്കി പിടിച്ച് നിന്നു. തുടരും

To Top