ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 56 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


രാത്രിയിൽ ആദമിന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുവാണ് ആമി. അവളെ തന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച് ആ കുഞ്ഞ് വയറിൽ അരുമയായ് പതിയെ തലോടി കൊണ്ടിരിക്കുവാണ് അവൻ. അവന് ഇപ്പോഴും അതൊരു സ്വപ്നമായ് ആണ് തോന്നിക്കുന്നത്. ഈ ഭൂമിയിൽ തനിക്ക് അവകാശി ആയ് തന്റെ ആമിക്ക് പുറകെ മറ്റൊരാൾ കൂടെ വരാൻ പോകുന്നു. തന്റെ രക്തം. അത് ഓർക്കവേ തന്റെ മനസ്സ് ഒന്ന് കുളിരുന്നത് അവൻ അറിഞ്ഞു. കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ അല്ലെങ്കിൽ കുറച്ച് മുന്നേ തന്നിൽ ഏൽപ്പിച്ച ആഘാതം പൂർണമായും അവനിൽ നിന്ന് ഈ നിമിഷം വിട്ടുപോയിരുന്നു. ഇപ്പോൾ അവിടെ താനും തന്റെ പ്രാണനും തങ്ങൾക്ക് ജനിക്കാൻ പോകുന്ന തങ്ങളുടെ കുഞ്ഞു മാത്രം. അതിന്റെ ഫലമായി അവളെ പുണർന്നിരുന്ന അവന്റെ കൈകൾ ഒന്ന് മുറുകി. ആമി അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി ആ മുഖത്തേയ്ക്ക് നോക്കി. അത് കണ്ട് അവൻ പുരികം ഉയർത്തി എന്താന്ന് ചോദിച്ചു.


"എന്നെ ഇറുക്കി കൊല്ലുവോ ഇച്ചായ "


അതിനെ മറുപടി ആയ് അവൻ ഒന്ന് പുഞ്ചിരിച്ചു. ആ മുഖത്തേ ചിരി കണ്ട് അവളുടെ മനസ്സും നിറഞ്ഞിരുന്നു. ആദം അവളെ തന്നിൽ നിന്ന് അകത്തി മാറ്റി ബെഡിലേയ്ക്ക് ചായ്ച്ചു കിടത്തി. ശേഷം അവളുടെ വയറിന്റെ ഭാഗത്ത്‌ നിന്ന് ടോപ്പ് മെല്ലെ ഉയർത്തി. അവൾ വിടർന്ന കണ്ണാലേ അവന്റെ പ്രവൃത്തികൾ ഓരോന്നും നോക്കി കിടന്നു. അവളുടെ ആ കുഞ്ഞ് വയറിലേയ്ക്ക് ഇത്തിരി നേരം നോക്കിയിരുന്ന ശേഷം അവൻ ഒന്ന് മുഖം ഉയർത്തി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. അവൾ തന്റെ കണ്ണുകൾ അടച്ച് തന്റെ പ്രാണന്റെ ചുംബനം സ്വികരിച്ചു. ഇത്തിരി നിമിഷങ്ങൾ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ വിശ്രമിച്ച ശേഷം അവിടെ നിന്ന് അകത്തി മാറ്റി മുഖം അൽപ്പം തായ്‌തി അവളുടെ വയറിൽ അമർത്തി ചുംബിച്ചു. തന്റെ കുഞ്ഞിനായ് അവൻ നൽകുന്ന ആദ്യ ചുംബനം. അത് നൽക്കുന്ന അവന്റെ കണ്ണുകളും വാങ്ങുന്ന അവളുടെ കണ്ണുകളും ഒരുപോലെ നിറഞ്ഞിരുന്നു. ഒരിക്കൽ കൂടെ അവളുടെ വയറിൽ മൃദുവായ് മുത്തി കൊണ്ട് എഴുന്നേറ്റ് ടോപ്പ് നേരെ ഇട്ടു കൊണ്ട് അവളുടെ ആരികിൽ ആയ് സൈഡ് ചരിഞ്ഞു കിടന്നു.


"ഹാപ്പി ആണോ ഇച്ചായ "


തന്റെ അരികിൽ കിടക്കുന്ന പ്രാണന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് അവൾ ചോദിച്ചു.


"ഒരുപാട് ഒരുപാട് എന്റെ ആമി കൊച്ചേ "


തന്റെ കവിളിലായി ഇരിക്കുന്ന അവളുടെ കൈകൾ പിടിച്ച് അതിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു. അവൾ നിറഞ്ഞ മനസ്സോടെ അവന്റെ അരികിലേക്ക് നീങ്ങി കിടന്നു കൊണ്ട് അവനെ മുറുകെ പുണർന്നു. അവന്റെ കൈകളും അവിടെ ചുറ്റി വരിഞ്ഞു.


"റീന എന്താ ഇച്ചായ ഇങ്ങനെ ആയിപോയത് പാവം ചേട്ടായി ഒത്തിരി വേദനിക്കുന്നുണ്ട് "


ഏറെ നേരത്തെ മൗനത്തിന് വിരാമം ഇട്ട് കൊണ്ട് അവൾ ചോദിച്ചു. അതിനെ അവൻ ഒരു ദീർഘവിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.


"അറിയില്ല ഡോ എന്നോട് അധികം സംസാരിക്കാറില്ല എങ്കിലും ഇങ്ങനെ ഒന്നും ആയിരുന്നില്ല അവൾ. ചിലപ്പോൾ അവൾ പറഞ്ഞത് പോലെ അങ്കിളിന്റെയും ആന്റിയുടേയും എന്നോട് ഉള്ള സ്നേഹ കൂടുതൽ കൊണ്ടാവും "


"എന്നാലും ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാനും പെരുമാറാനും കഴിയുമോ "


"പിന്നെ എന്താ എല്ലാവരും എന്റെ ആമി കൊച്ചിനെ പോലെ പാവം ആകണോ "


കവിളിൽ ഒന്ന് കുത്തിക്കൊണ്ട് അവൻ കളിയായി ചോദിച്ചതും അവൾ കുറുമ്പോടേ അവന്റെ നെഞ്ചിൽ ഒന്ന് തല്ലി കൊണ്ട് പറഞ്ഞു.


"ഒന്ന് പോ ഇച്ചായ കളിയാക്കാതെ "


"എന്റെ ആമി കൊച്ചേ നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്നാണ് ഇത്. അത് വെറുതെ ഓരോന്ന് പറഞ്ഞ് കളയാതെ നീ നിന്റെ ഇച്ചായനെ ഒന്ന് സ്നേഹിക്കാൻ നോക്ക് "


അവളെ ചുറ്റി പിടിച്ച് കള്ള ചിരിയോടെ അവൻ പറഞ്ഞതും അവൾ അവന്റെ കവിളിൽ പിടിച്ച് പിച്ചി കൊണ്ട് പറഞ്ഞു.


"അയ്യടാ ഇനി മൂന്ന് മാസത്തേയ്ക്ക് ഒന്നും നടക്കില്ല എന്റെ ഇച്ചായ "


അത് കേട്ട് അവൻ സങ്കടം അഭിനയിച്ച് കൊണ്ട് പറഞ്ഞു.


"ആ സഹിക്ക തന്നെ വഴി "


അവന്റെ ഭാവം കണ്ട് അവൾ ചിരിയോടെ അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു. അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവനും.





==================================




സമയം ഏറെ ആയിട്ടും ഉറങ്ങാൻ കഴിയാതെ കരഞ്ഞുകൊണ്ട് ഇരിക്കുവാണ് മേരി. അടുത്ത് തന്നെ മാത്യുവും ഉണ്ട്.അവരെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന് അയാൾക്ക് അറിയില്ലായിരുന്നു.


"മേരി നീ ഇത് എന്ത് ഭാവിച്ച ഇപ്പോഴും അവളെ ഓർത്ത് കരഞ്ഞു കൊണ്ടിരിക്കാൻ നിനക്ക് എങ്ങനെ തോന്നുന്നു. ഇടയ്ക്ക് എങ്കിലും എന്റെ കുട്ടിയുടെ മുഖം കൂടെ നീ ഒന്ന് ഓർക്ക് "


ഒരുപാട് നേരം ആയിട്ടും അവർ കരച്ചിൽ നിർത്തുന്നില്ല എന്ന് കണ്ട് അയാൾ അവസാനം അവരെ നോക്കി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു. അയാളുടെ വാക്കുകൾ കേട്ട് കരഞ്ഞു കൊണ്ടിരുന്ന അവർ അയാളെ മുഖം ഉയർത്തി നോക്കി.


"നിങ്ങൾ എന്നെ ഇങ്ങനെ ആണോ ഇച്ചായ കാണുന്നത്. ഞാൻ ഇവിടെ കിടന്ന് ഉരുകുന്നത് എന്റെ വയറ്റിൽ കുരുത്ത ആ നാശത്തെ കുറിച്ച് ഓർത്ത് അല്ല. എന്റെ ആദം മോനെ ആലോചിച്ച് ആണ്. ഇന്ന് അവളിൽ നിന്ന് അങ്ങനെ ഒക്കെ കേട്ട് എന്റെ കുഞ്ഞ് എത്ര മാത്രം വേദനിച്ചു കാണും. അവന്റെ മുഖം ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ഇച്ചായ "


അവരുടെ ഈ വാക്കുകൾ കേട്ടു കൊണ്ടാണ് അലോഷി റൂമിലേയ്ക്ക് വന്നത്. അവൻ ചിരിയോടെ അവരുടെ അടുത്തേയ്ക്ക് വന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.


"മമ്മ ഒന്നും ഓർത്ത് വിഷമിക്കണ്ട അവൻ നമ്മൾ ഒക്കെ കരുതുന്നതിലും അപ്പുറം ആണ്. ഗൗരവത്തിന്റെ മുഖമൂടി അണിഞ്ഞു നടക്കുന്നു എന്നെ ഉള്ളൂ. വെറും പാവം ആണ്. അവൾ ഇന്ന് ഈ പറഞ്ഞതിന് ഒക്കെ പകരം ആയ് ഇനിയുള്ള കാലം മുഴുവൻ നിങ്ങൾ രണ്ടാളും അവനെ സ്നേഹിച്ചാൽ മതി. ഒരുപക്ഷെ എന്നെക്കൾ കൂടുതൽ "


അവൻ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മാത്യു അവന്റെ അടുത്തേയ്ക്ക് വന്ന് അവന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.


" എബ്രഹാം പോയതിൽ പിന്നെ എന്റെ സ്വന്തം മകനായെ ഞാൻ അവനെ കണ്ടിട്ട് ഉള്ളൂ. ഇനിയും എന്റെ മരണം വരെ അത് അങ്ങനെ തന്നെ ആകും. എനിക്ക് മാത്രം അല്ല ഇവൾക്കും "


അത് മതിയായിരുന്നു അവന്റെ മനസ്സിലെ നീറ്റൽ മാറാൻ.


"മമ്മ ഇനി ഒന്നും ആലോചിക്കേണ്ട കിടക്കാൻ നോക്ക് "


അത്രയും പറഞ്ഞ് അവൻ തന്റെ പപ്പയെ ഒന്ന് നോക്കി കൊണ്ട് എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി.


"അപ്പൊ എങ്ങനെയാ ഭാര്യയെ കിടന്ന് ഉറങ്ങുന്നോ അതോ ബാക്കി കരയാൻ പോകുവാണോ നീ "


അയാൾ അവരുടെ അടുത്തേയ്ക്ക് വന്ന് തോളിലൂടേ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ട് കളിയായ് പറഞ്ഞതും അവർ ഉള്ളിൽ ഒളിപ്പിച്ച വേദനയോടെ അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു.






===============================




മാളിയേക്കളിൽ നിന്നും രാത്രി റീന അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലേയ്ക്ക് ആണ് വന്നത്. വന്നതിൽ പിന്നെ ആഹാരം പോലും കഴിക്കാതെ കഴിക്കാതെ ഒരേ ഇരുപ്പ് ആണ് അവൾ . അവളുടെ ഫ്രണ്ട് ആയ രാഖി റൂമിലേയ്ക്ക് വരുമ്പോ കാണുന്നത് എന്തോ ആലോചനയോടെ റൂഫിലേയ്ക്ക് നോക്കി ഇരിക്കുന്ന റീനയെ ആണ്.


"എന്താ മോളെ ഒരു ആലോചന വന്നപ്പോൾ തോട്ട് തുടങ്ങിയത് ആണല്ലോ ഇത് "


രാഖി അവളുടെ അരികിൽ ആയ് ഇരുന്ന് കൊണ്ട് ചോദിച്ചു.


"ഏയ് ഞാൻ വെറുതെ "


അവൾ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു കൊണ്ട് ബെഡിൽ നേരെ ഇരുന്നു.


"അങ്ങനെ പറഞ്ഞ് ഒഴിയാം എന്ന് നീ കരുതണ്ട. വന്നപ്പോൾ മുതൽ ശ്രെദ്ധിക്കുന്നത് ആണ് ഞാൻ. പറ റീന എന്താ നിന്റെ പ്രശ്നം "


രാഖി അവളുടെ തോളിൽ കൈ വച്ചു കൊണ്ട് ചോദിച്ചു.


"ചെയ്തത് ഒക്കെ തെറ്റായി പോയോ എന്നൊരു തോന്നൽ. ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു "


"നീ ആദം ഏട്ടായിയെ കുറിച്ച് ആണോ പറയുന്നത് "


അവളുടെ ഏട്ടായി എന്നാ പ്രയോഗം കേട്ട് റീനയ്ക്ക് ആദ്യമായ് സ്വയം പുച്ഛം തോന്നി. കാരണം സ്വന്തം ഇച്ചായനായ് കാണേണ്ട ആളെ താൻ ഇതുവരെ അങ്ങനെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല എന്നവൾ ഓർത്തു.


"ഞാൻ ചോദിക്കുന്നത് നീ കേൾക്കുന്നില്ലേ നീ "


അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് രാഖി അവളോട് ഒരിക്കൽ കൂടെ ചോദിച്ചു. അതിന് മറുപടി പറയാതെ റീന ഒന്ന് തലയാട്ടി.


"ഞാൻ നിന്നോട് ആദ്യമേ പറഞ്ഞത് അല്ലെ വേണ്ടത് ഒന്നും ചിന്തിച്ചു കൂട്ടണ്ട എന്ന്. അത് മാത്രം ആണോ എന്തൊക്കെ ദുശീലങ്ങളിലൂടേ ആണ് നീ സഞ്ചരിക്കുന്നത് എന്ന് വല്ല വിചാരവും ഉണ്ടോ. അല്ല നിന്റെ ആ ആരവും ഫ്രണ്ട്സും ഒക്കെ നിന്നെ ഇപ്പോഴും വിളിക്കാറുണ്ടോ "


അവസാന വാചകം അവൾ ഒരു പുച്ഛത്തോടെ ആണ് ചോദിച്ചത്. റീന ഉത്തരം പറയാൻ കഴിയാതെ മുഖം കുനിച്ച് ഇരുന്ന് പോയി.


"ദേ ഞാൻ പറയുന്നത് നീ കേൾക്കുവോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല എന്നാലും പറയുവാ. ഇനി എങ്കിലും എല്ലാം ഒന്ന് മതിയാക്ക് റീന. നിന്റെ വീട്ടുകാർ ഒക്കെ നിന്നെ ഓർത്ത് എന്ത് മാത്രം വിഷമിക്കുന്നുണ്ടാവും എന്ന് അറിയാവോ നിനക്ക്. അല്ല ആദം എന്ന മനുഷ്യനോട്‌ നിനക്ക് എന്തിനാ ഇത്രയും ദേഷ്യം എന്ന് എനിക്ക് മനസിലാകുന്നില്ല. കുഞ്ഞ് നാളിൽ നിന്റെ അച്ഛനും അമ്മയും നിന്നെക്കാൾ കൂടുതൽ അയാളെ സ്നേഹിച്ചത് ആണ് പ്രശ്നം എങ്കിൽ നീ ഒന്ന് ആലോചിച്ച് നോക്ക് കുഞ്ഞ് നാളിലെ അച്ഛനും അമ്മയും നഷ്ട്ടപെടുമ്പോൾ ഉള്ള വേദന. അതിന്റെ ആഴം ഊഹിക്കാൻ എങ്കിലും പറ്റുവോ നിനക്ക് പറയ് "


റീന ഒന്നും പറയാൻ കഴിയാതെ മുഖം കുനിച്ച് ഇരിക്കുക മാത്രമെ ചെയ്തുള്ളൂ.


"പറയുന്നത് കേൾക്ക് തെറ്റിലേക്ക് ഉള്ള നിന്റെ പോക്ക് ഇനി എങ്കിലും ഒന്ന് മതിയാക്ക്. ആ ആരവും സാന്ദ്രയും ആയുള്ള എല്ലാ പരിപാടിയും നിർത്ത്. ഇനി എങ്കിലും മര്യാദയ്ക്ക് ജീവിക്കാൻ നോക്ക് നീ. ഇല്ലെങ്കിൽ നഷ്ട്ടം നിനക്ക് മാത്രം ആകും റീന . അന്ന് ഇപ്പോൾ നിൽക്കുന്ന ആരും നിന്റെ കൂടെ കാണില്ല. അത്ര മാത്രമേ എനിക്ക് ഇനി നിന്നോട് പറയാൻ ഉള്ളൂ. ബാക്കി ഒക്കെ എന്താന്ന് വച്ചാൽ നീ തന്നെ ആലോചിച്ച് തീരുമാനിക്ക് "


അത്രയും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. അവൾ പോയതും റീന തന്റെ കണ്ണുകൾ രണ്ടും മുറുകെ അടച്ചു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി. തുടരും

To Top