എന്റെ ഉ ള്ളിലെ പ്രണയം മുഴുവൻ ഞാൻ അവന് നല്കിപ്പോയി ഏട്ടാ...

Valappottukal

 



രചന: അഞ്ജലി ജഗത്

സേറയുടെ പ്രണയം...

എയർപോർട്ടിൽ നിന്ന് നേരെ അരുണിന്റെ അടുത്തേക്കാണ് യാത്ര. വിവാഹത്തിന് പപ്പ സമ്മതിച്ചു എന്നറിയുമ്പോൾ അവൻ തുള്ളിച്ചാടും. അവന്റെ വീട്ടിൽ എതിർപ്പുകൾ ഒന്നും ഉണ്ടാവില്ല, അവർക്ക് എന്നെ അറിയാം. ശരിക്കും ഞങ്ങളുടെ പ്രണയതിനിടയിൽ ഹംസമായി നിന്നത് തന്നെ അരുണിന്റെ ഏട്ടൻ അമൽ ആയിരുന്നു. ഞങ്ങളുടെ അമലേട്ടൻ. 

നഴ്സറി ക്ലാസ് തൊട്ട് പിജി വരെ അവനും ഞാനും ഒരുമിച്ചായിരുന്നു. പപ്പയെ കാണാൻ ലണ്ടൻ വരെ പോയ ഈ ഒരു മാസം ആണ് സത്യം പറഞ്ഞാൽ ആദ്യമായി അവനെ ഇത്രേം നാൾ പിരിഞ്ഞിരിക്കുന്നത്. ഒന്ന് വിളിക്കാൻ പോലും പറ്റിയില്ല. എന്തായാലും അവൻ സർപ്രൈസ് ആവും എന്നതിൽ സംശയം ഇല്ല.


"ടീ ചേച്ചി നിനക്ക് വിശക്കുന്നുണ്ടോ..?" മുൻസീറ്റിൽ അഖിൽ ആണ്. ഒരേ വയറ്റിൽ പിറന്നതല്ലെങ്കിലും ദൈവം എനിക്ക് തന്ന പ്രിയപ്പെട്ട അനിയൻ.


"നല്ല വിശപ്പ്.. പക്ഷെ അവനെ കണ്ട് എല്ലാം പറഞ്ഞിട്ട് മതി എന്തെങ്കിലും കഴിക്കുന്നത്."


"നീ വിളിച്ചു പറഞ്ഞിരുന്നോ?"


"ഇല്ല ടാ.. സൺഡേ അല്ലെ എല്ലാവരും കാണും. പിന്നെ എന്നെ അറിയാലോ അവർക്കൊക്കെ. അമലേട്ടൻ ഉണ്ടല്ലോ പിന്നൊരു കട്ട സപ്പോർട്ടിന്."


"ആ ബെസ്റ്റ്, അങ്ങേര് ആദ്യം കണ്ടം വഴി ഓടാതിരുന്നാൽ മതി. നായർ ചെക്കനെ പ്രേമിച്ച നസ്രാണി പെണ്ണിനെ വീട്ടിൽ കയറ്റുവോ നിങ്ങടെ ആ വട്ട് ടീച്ചർ തള്ള.??"


"അക്കു, വേണ്ടാട്ടോ.."


"അമ്മായിയമ്മയെ പറഞ്ഞപ്പോ എന്തൊരു ചൂട്.." അവൻ പിണങ്ങിയത് പോലെ തിരിഞ്ഞിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് സീറ്റിലേക്ക് തല ചായ്ച്ചു. അറിയാതെ മനസ് പഴയ നഴ്സറി ക്ലാസ്സിലേക്ക് പോയി.


"സേറാ അരുണിന് നിന്നോട് ഐ ലവ് യൂ ആണെന്ന്.." അന്ന് യൂ കെ ജിയിൽ ആണ്. ശരത് അവന്റെ ബെസ്റ്റ്ഫ്രണ്ട് ആണ് അന്നും ഇന്നും. 


"നോക്കിക്കോ ഞാൻ എന്റെ പപ്പയോട് പറഞ്ഞു കൊടുക്കും." അന്ന് ആ അഞ്ചുവയസുകാരി കലിതുള്ളി പറയുമ്പോൾ ചെക്കന്മാര് രണ്ടും പേടിച്ചു വിറക്കുകയായിരുന്നു. ആദ്യം പോയി പറഞ്ഞത് അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന ചേട്ടനോടായിരുന്നു. ആള് ആ ക്ലാസ്സിലെ തന്റെ ഗുണ്ടകളെയും കൂട്ടിവന്ന് രണ്ടിനെയും വിരട്ടിയപ്പോൾ ആദ്യം സന്തോഷിച്ചെങ്കിലും പിന്നീട് അവൻ നോക്കാതിരുന്നപ്പോൾ ചെറിയൊരു സങ്കടം തോന്നി. നാലാംക്ലാസ് വരെ അത് തുടർന്നു. ബാക്കി എല്ലാവരോടും മിണ്ടും, എന്നോട് മാത്രം മിണ്ടില്ല. ഒരു ദിവസം സങ്കടം സഹിക്കാതായപ്പോൾ ചോദിക്കാൻ തീരുമാനിച്ചു. 


"താനെന്താ എന്നോട് മിണ്ടാത്തെ..?"


"എന്നിട്ടെന്തിനാ ഇയാടെ തടിയൻ ചേട്ടന്റെ തല്ല് വാങ്ങാനോ..?"


"സോറി.." കണ്ണുകൾ അറിയാതെ നിറഞ്ഞു.


"കരയാണോ?"


"ഉം..ഉം.."


"ഫ്രണ്ട്സ്?" അവൻ നീട്ടിയ കയ്യിലേക്ക് കൈ ചേർത്ത് വച്ചു. പിന്നീടെപ്പോഴോ ആ സൗഹൃദം പ്രണയം ആയിമാറി. എന്റെ ഇഷ്ടങ്ങൾക്കൊന്നും എതിര് പറയാത്ത പപ്പയും മമ്മിയും ഇച്ഛായനും ആദ്യമൊക്കെ എതിർത്തെങ്കിലും ഒടുവിൽ എന്റെ വാശിക്ക് മുൻപിൽ തോറ്റു തന്നു. പക്ഷെ എന്നെ കാണുമ്പോഴൊക്കെ അവന്റെ അമ്മയുടെ കണ്ണുകളിൽ വെറുപ്പ് മാത്രം കണ്ടു. അപ്പോൾ അവനും അമലേട്ടനും സമാധാനിപ്പിക്കും. അവൻ കുസൃതിച്ചിരിയോടെ കണ്ണിറുക്കും. എന്റെ മാത്രം പെണ്ണെന്ന് അവൻ കാതോരം മൊഴിയുമ്പോൾ ഞാൻ കോരിത്തരിച്ചു പോകും. ശരിയാണ് അന്നും ഇന്നും എന്നും ഈ സേറ അവന്റെ മാത്രം പെണ്ണാണ്. 

കൂട്ടുകാർക്കൊക്കെ ഇപ്പഴും അതിശയം ആണ്, എങ്ങനെ ഇപ്പഴും ഞങ്ങൾക്ക് ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നു എന്ന്. അതേ ഈ ലോകത്ത് ഞങ്ങളെ പോലെ ഞങ്ങൾ മാത്രമേ ഉള്ളു. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.


"ടീ ചേച്ചി.." അക്കുവിൻറെ വിളിയാണ് എന്നെ ഉണർത്തിയത്.


"എന്താടാ..?"


"നമ്മളെത്തി."


ഒത്തിരി തവണ വന്നിട്ടുണ്ടെങ്കിലും ഇന്നെന്തോ ഒരു പുതുമ പോലെ. ഞാൻ കാറിൽ നിന്നിറങ്ങി. പുറത്തെ പുൽത്തകിടിയിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും ആ കൂട്ടത്തിൽ നിന്ന് അമലേട്ടൻ എഴുന്നേറ്റ് വരുന്നത് ഞാൻ കണ്ടു. ഞാൻ ഓടിച്ചെന്ന് അമലേട്ടന്റെ കൈകൾ കവർന്നു.


"സേറ എപ്പോ എത്തി..?"


"വരണ വഴിയാ ഏട്ടാ.. അവനെന്തിയേ, പപ്പ സമ്മതിച്ചു ഏട്ടാ.. അത് ആരെക്കാളും മുൻപ് ഏട്ടൻ ആണ് അറിയേണ്ടത്. ഇനി വേഗം ഞങ്ങൾക്കൊരു എടത്തിയമ്മയെ കണ്ടുപിടിക്കണം. എന്നിട്ട് മതി ഞങ്ങൾക്ക് കല്യാണം. കേട്ടോ?"


അമലേട്ടൻ വിളറിയ ഒരു ചിരി ചിരിച്ചു. അവിടെ ഉള്ളവരൊക്കെ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കുന്നുണ്ട്. എനിക്കെന്തോ വല്ലായ്മ തോന്നി. 


"ഇത് സേറ.. അച്ചൂന്റെ...." അമലേട്ടൻ അവരോടായി പറഞ്ഞു. പെട്ടെന്ന് കൂട്ടത്തിലെ പ്രായമായ ഒരു സ്ത്രീ എഴുന്നേറ്റ് എന്നെ പുച്ഛത്തോടെ ഒന്ന് നോക്കി.


"അമലേ കാര്യം ചോദിച്ചിട്ട് ഇറക്കിവിടാൻ നോക്ക്.." അതും പറഞ്ഞു അവർ അകത്തേക്ക് പോയി. 


"ഏയ് അത് കാര്യാക്കണ്ട.." എന്റെ മുഖം മങ്ങിയത് കണ്ടുകൊണ്ടാവണം അമലേട്ടൻ പറഞ്ഞു. 


"അച്ചു..?"


"അകത്തുണ്ട്.."


അകത്തേക്ക് പോകാൻ ശ്രമിച്ച എന്നെ പെട്ടെന്ന് അമലേട്ടൻ പിടിച്ചുവച്ചു.


"സേറ.." 


"എന്താ ഏട്ടാ..?"


"ഇത് കാർത്തിക.." മെലിഞ്ഞുവെളുത്ത കാണാൻ തരക്കേടില്ലാത്ത ഒരു പെണ്കുട്ടി. നെറ്റിയിൽ സിന്ദൂരം, മാറിൽ താലി.

അമ്പട! ഏട്ടൻ പണി പറ്റിച്ചല്ലോ.


"കള്ളൻ ചേട്ടൻ, ഇത്രേം നാളായിട്ട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ. ഇതാണോ എന്റെ ഏട്ടത്തിയമ്മ..?" ഞാൻ അരികിൽ ചെന്ന് അവളുടെ ചുമലിലൂടെ കയ്യിട്ടു.


"സേറ.."


"ഒന്നും പറയണ്ട, അവന് പോലും തോന്നിയില്ലലോ എന്നെ ഒന്ന് വിളിച്ചു പറയാൻ? ഏട്ടനും മറന്നു." ഞാൻ പിണങ്ങിയത് പോലെ നിന്നു.


"എനിക്കിഷ്ടായി ട്ടോ ന്റെ ഏടത്തിയമ്മയെ." 


"സേറ, കാർത്തിക അച്ചുവിന്റെ വൈഫ് ആണ്." പെട്ടെന്ന് അമലേട്ടൻ പറഞ്ഞു.

ഞാൻ അറിയാതെ പിടിവിട്ടുപോയി. ആ പെണ്കുട്ടി മുഖം കുനിച്ചു.


"അമലേട്ടാ, ചുമ്മാ ചളിയടിക്കല്ലേ.."


"സത്യമാണ്.. കാർത്തിക അച്ചുവിന്റെ ഭാര്യ ആണിപ്പോൾ." അവളുടെ കഴുത്തിലെ ആലിലതാലിയിൽ കൊത്തിയ പേര് ഞാൻ കണ്ടു. മോതിരത്തിലും. എന്റെ അച്ചുവിന്റെ പേര്. ഞാൻ ഒരു ബലത്തിന് വേണ്ടി കൈ കൊണ്ട് പരതി. ബോധം മറയുംമുന്നേ അക്കുവിന്റെയും അമലേട്ടന്റെയും വിളി എന്റെ കാതിൽ വീണു.


******


മീറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ വൈകിയിരുന്നു ഒരുപാട്. കമ്പനി ഞങ്ങളെ ഏൽപ്പിച്ച് പപ്പാ ഇപ്പോ അമ്മയ്‌ക്കൊപ്പം സെക്കന്റ് ഹണിമൂണിൽ ആണ്. റിങ് ചെയ്ത ഫോൺ എടുത്ത് ഞാൻ ലിഫ്റ്റിനരികിലേക്ക് നടന്നു. 

"അമലേട്ടൻ കാളിങ്.." ഒന്ന് സംശയിച്ചു. അഞ്ച് വര്ഷങ്ങള് കടന്നു പോയിരിക്കുന്നു. മറവിയിലേക്ക് വലിച്ചെറിഞ്ഞെങ്കിലും ഫോൺ നമ്പർ ഇത് പോലെ ഒളിച്ചിരിക്കുന്നതിന് സമം എല്ലാവരും മനസ്സിൽ ഏതോ ഒരു കോണിൽ ഉണ്ട്. ഫോൺ പാട്ട് നിർത്തിയിരിക്കുന്നു... കുറച്ചു സെക്കന്റുകൾ.. ഒരിക്കൽ കൂടി സ്‌ക്രീനിൽ ആ പേര് തെളിഞ്ഞു.


"സേറ..." അമലേട്ടന്റെ ശബ്ദം കാതിൽ വീണു. മനസിലെ വിങ്ങൽ അടക്കി നിർത്തിയിട്ടും അണ പൊട്ടി, ആർത്തലച്ചൊഴുകാൻ വെമ്പുന്നു. അരുത് സേറ, ഞാൻ സ്വയം പറഞ്ഞു. ശബ്ദം പതറാതെ ഞാൻ വിളിച്ചു..


"അമലേട്ടാ..."

"മറന്നിട്ടില്ല അല്ലെ...?" വിങ്ങൽ വീണ്ടും ഉയർന്നു. തൊണ്ടയിൽ എന്തോ കുരുങ്ങി വലിക്കുന്നത് പോലെ..


"സേറ.?"


"ആ ഏട്ടാ..."


"സുഖാണോ മോൾക്ക്...?"

എങ്ങനെ സുഖമായിരിക്കണം, വര്ഷം ഇത്രയുമായിട്ടും ഇന്നും നെഞ്ചിൽ ഒരു പിടച്ചിലോടെ അവന്റെ ഓർമകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട എന്നോട് ഈ ചോദ്യം ചോദിയ്ക്കാൻ എങ്ങനെ മനസ് വന്നുവെന്ന് നെഞ്ചം വിങ്ങി വിങ്ങി ചോദിക്കുന്നു. പക്ഷെ പുറത്തു വന്നതാകട്ടെ സുഖം എന്ന എക്കാലവും എന്റെ മനസ്സിനെ മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കുന്ന കള്ളവും. പിടിച്ചു പറിച്ചെടുത്തു കൊണ്ട് പോയത് എന്റെ ജീവനല്ലേ, ദേഹി ഇല്ലാത്ത ദേഹമായി ഒടുങ്ങാൻ വിധിക്കപ്പെട്ടത്തിനിടെ കെട്ടിയാടുന്ന വേഷങ്ങൾ പലതാണ് ഏട്ടാ, എങ്കിലും പറയണം ഈ കള്ളം..


"മോളെ അടുത്താഴ്ച ആണ് അഞ്ചാം ആണ്ട്. ഇത്തവണയെങ്കിലും നീ വരണം.. അവന്റെ ആഗ്രഹം പോലെ നിന്റെ കൈ കൊണ്ട് അവന് മോക്ഷം നൽകണം.. എന്റെ അനിയന് വേണ്ടി മറ്റൊന്നും ചെയ്യാനിനി ബാക്കി ഇല്ലാത്തത് കൊണ്ടാണ്..." 

അഞ്ചു വർഷം, തെറ്റിയത് തനിക്കായിരുന്നു, അറിയാതെ പോയി സേറ എത്രമാത്രം അവനെ സ്നേഹിച്ചിരുന്നോ അതിലും എത്രയോ ഇരട്ടി അവൻ തന്നെ സ്നേഹിച്ചിരുന്നു എന്നത്.. ഒന്ന് കാണാൻ പോലും കൂട്ടാക്കാതെ ഇറങ്ങി പോന്നപ്പോൾ അറിഞ്ഞിരുന്നതല്ല ഇനി ഒരിക്കലും കാണാൻ പറ്റാത്ത അത്രയും ദൂരേക്ക് അവൻ പോകുമെന്ന്. തെറ്റിയത് മുഴുവൻ തനിക്കായിരുന്നു. അന്നൊരുപക്ഷെ അവനെ ഒന്ന് കണ്ടിരുന്നെങ്കിൽ...


"മോളെ..." കാതിൽ വീണത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു.


"ടീച്ചർ..." ഈശ്വരാ, എന്തിനീ പരീക്ഷണം. സ്വയം നശിക്കാനൊരുങ്ങി, ഉള്ളിലെ വേദനകളുടെ തടയണ പൊട്ടിയൊഴുകാൻ വെമ്പുന്നു... അരുത്, ചിലപ്പോൾ സർവ്വനാശം ആകും ഫലം..


"ആ കാലിൽ വീണ് മാപ്പ് ചോദിയ്ക്കാൻ പോലും അര്ഹതയില്ലെന്നറിയാം. എങ്കിലും അവന് വേണ്ടി എന്റെ മോള് വരണം.." കരച്ചിലിന്റെ ചീളുകൾ കർണപുടങ്ങളെ കുത്തിക്കീറുന്നു. ആത്മഹത്യാ ഭീഷണി മുഴക്കി എന്റെ ജീവനെ മറ്റൊരാൾക്ക് പങ്കിട്ട് നൽകി ഒരു മുഴം കയറിൽ എന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും ആത്മാവിനെയും ഇല്ലാതാക്കിയ സ്ത്രീയാണ്, എന്നെന്നും വെറുക്കപ്പെടേണ്ടവർ. പക്ഷെ അതിന് കഴിയുന്നില്ല. ഹോ!എന്തിന് വേണ്ടി എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു. തളർന്നു പോകുന്നു, മനസും ശരീരവും. എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു. അവന് വേണ്ടി അവരെപ്പോലെ തന്നെ എനിക്കും ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കുന്നു. 

*******


തിരുനെല്ലിയിലെ പാപനാശിനിയിൽ മുങ്ങി നിവരുമ്പോൾ ആ പുണ്യതീര്ഥത്തിനൊപ്പം എന്റെ ഉള്ളിലെ ആ നദിയും അതിന് കുറുകെ ഞാൻ പണിതുയർത്തിയ തടയണ തകർത്ത് പുറത്തേക്കൊഴുകി, അതിലേക്ക് ലയിച്ചു. ഞാൻ ഒരു കുഞ്ഞിനെ പോലെ വാവിട്ടു കരഞ്ഞു. എന്നെ നോക്കി നിന്ന ആരെയും ഞാൻ കണ്ടില്ല. ഒടുവിൽ അവന് വേണ്ടി അവസാന കർമ്മവും ചെയ്ത് തീർത്ത് എന്റെ പാപങ്ങൾക്കും കൂടി ഞാൻ ഉദകക്രിയ ചെയ്തു.


"ഇനിയെങ്കിലും ഒരു ജീവിതം തുടങ്ങിക്കൂടെ മോളെ നിനക്ക്.." നനഞ്ഞ മുടിയിഴകളെ അത് പോലെ വിട്ട് നടക്കുമ്പോൾ അമലേട്ടൻ ചോദിച്ചു.


"കാർത്തിക പോലും മറ്റൊരു ജീവിതം തേടി പോയി.. നീയിപ്പോഴും..." 

ഞാൻ അമലേട്ടനെ നോക്കി ചിരിച്ചു. 


"എന്റെ ഉള്ളിലെ പ്രണയം മുഴുവൻ ഞാൻ അവന് നല്കിപ്പോയി ഏട്ടാ, മറ്റൊരാൾക്ക് പകുത്തു നല്കാൻ പോലും ഒരിറ്റ് സ്നേഹം ബാക്കി വെക്കാതെ..." അമലേട്ടൻ എന്നെ ദയനീയമായി നോക്കി.


"വർഷങ്ങളുടെ ഓർമ്മകൾ ഉണ്ട് എനിക്ക് കൂട്ടിന്.. ആ ഓർമ്മകൾ മാത്രം മതി മുന്നോട്ടും. മറക്കാൻ ശ്രമിച്ചാൽ പോലും മിഴിവോടെ അവൻ കൂടെ ഉണ്ട്.. ഇന്നും ഈ സേറയുടെ പ്രണയത്തിന്റെ അവകാശി ആയി.." കണ്ണുകൾ ഈറനണിയുന്നത് ഞാൻ അറിഞ്ഞു. മോക്ഷം നേടി അവൻ യാത്ര പറഞ്ഞു പോയെങ്കിലും എന്റെ പ്രണയത്തിന്റെ തടവറയിൽ നിന്ന് മോചനമില്ലാതെ ഞാൻ തനിയെ ആകുന്നു. അവനോട് വല്ലാത്ത ദേഷ്യം തോന്നി എനിക്ക്. മോക്ഷമില്ലാതെ അലയാൻ എന്നെ ഇങ്ങനെ തനിച്ചു വിട്ടതിന്... യാത്ര പറഞ്ഞകലുമ്പോൾ എന്റെ മനസ് പറയുന്നുണ്ടായിരുന്നു, തിരുനെല്ലികാട്ടിൽ എവിടെയോ അവനുണ്ട്, ആ പാപനാശിനിയുടെ കരയിൽ എനിക്ക് വേണ്ടി അവൻ.. ഒരുനാൾ ഞാൻ തിരിച്ചു വരും, നിനക്ക് വേണ്ടി.. നിനക്കൊപ്പം ആ തെളിനീരിൽ ഒരുമിച്ചൊരു തുള്ളിയായി അലിയാൻ.......

To Top