രചന: നൗഫൽ ചാലിയം
"എനിക്കൊരു മൂവായിരം രൂപ അയച്ചു തരുമോ നീ "
മൊബൈൽ എടുത്തു ഐഎംഒ ഓൺ ചെയ്തു വീട്ടിലേക് വിളിക്കുവാനായി നോക്കുമ്പോൾ ആയിരുന്നു ഞാൻ ആ മെസ്സേജ് കണ്ടത്…
ഐഎംഒ യിൽ തന്നെ ആയിരുന്നു ആ മെസ്സേജ്…
"വല്ലപ്പോഴും എനിക്കോ അനിയനോ മാത്രം വിളിക്കാൻ വേണ്ടി എടുത്ത അക്കൗണ്ടിലെ പച്ച വെളിച്ചം ആ സമയത്തിനുള്ളിൽ തന്നെ മങ്ങി പോയിരുന്നു…"
അങ്ങിങ്ങായി മുളച്ചു പൊന്തിയ താടിയും… നേരച്ച മുടിയുമുള്ള അതിലെ പ്രൊഫൈൽ ഫോട്ടോയിലേക്ക് ഞാൻ കുറച്ചു സമയം നോക്കി ഇരുന്നു..
വീണ്ടും അതിലെ വോയിസ് മെസ്സേജ് ഞാൻ കേട്ടു…
"അബൂ…
ഉപ്പച്ചിക് ഒരു മൂവായിരം രൂപ അയച്ചു തരുമോ നീ…
വീട്ടിലേക് പൈസ അയക്കുന്ന കൂട്ടത്തിൽ അയച്ചാൽ മതി…"
"എനിക്കെന്തോ എന്റെ കണ്ണുകൾ അറിയാതെ നിറയുന്നത് പോലെ…
പത്തു മുപ്പത് കൊല്ലമായി എന്നെ വളർത്തിയ എന്റെ ഉപ്പ എന്നോട് പൈസ അയച്ചു തരുമോ എന്ന് ചോദിക്കുന്നു…
വീട്ടിലേക് പൈസ അയക്കുന്ന കൂട്ടത്തിൽ എനിക്കൊരു പത്തോ രണ്ടായിരമോ അയക്കണമെന്ന് മെസ്സേജ് അയച്ചിരുന്നേൽ സത്യമായിട്ടും എനിക്കിത്ര സങ്കടം വരില്ലായിരുന്നു…"
"മാത്രമല്ല പൈസ ഉമ്മയുടെ പേരിൽ ബാങ്കിലേക്ക് ആണ് അയക്കുന്നതെങ്കിലും അതിൽ നിന്ന് ഉപ്പാക് വേണ്ടത് എടുത്തു ഉമ്മാക് കൊടുത്താൽ മതിയെന്ന് ഞാൻ എപ്പോഴും പറയാറുമുണ്ട്…
പക്ഷെ ഇന്നെന്താ ഉപ്പാക് അതിൽ കൂടുതൽ ആവശ്യമുള്ളത് പോലെ തോന്നുന്നു.. "
ഉപ്പാ ഞാൻ അയക്കാം എന്നൊരു മെസ്സേജ് വിട്ടു വീട്ടിലേക് വിളിച്ചു..
" ഹലോ ഉമ്മ…"
"അബു…
സുഖമല്ലേടാ നിനക്ക്…
നീ പൈസ അയച്ചോ…"
"ഇല്ലല്ലോ ഉമ്മ… ഇന്ന് വൈകുന്നേരത്തിനുള്ളിലെ പൈസ അക്കൗണ്ടിൽ കയറൂ…
കയറിയ ഉടനെ ഞാൻ അയക്കാം…"
"ഹ്മ്മ്…
നിന്റെ പൈസ വന്നോ എന്ന് ചോദിച്ചു ഒന്ന് രണ്ടു വട്ടമായി ഹംസക്ക വീട്ടിലേക് വരുന്നു…
ഇന്നല്ലേ അയാളോട് നമ്മൾ പറഞ്ഞ ലാസ്റ്റ് ഡേറ്റ്…
നിന്റെ കയ്യിൽ അയാൾക് കൊടുക്കാനുള്ള പൈസ മുഴുവൻ ഉണ്ടോ…"
"അനിയന്റെ വിസ ശരിയാക്കുവാനായിട്ട് ഹംസക്കയുടെ കയ്യിൽ നിന്നും അമ്പതിനായിരം രൂപ വാങ്ങിയിട്ട് മൂന്നു മാസമായി…
മൂപ്പരുടെ മകന്റെ വീടിന്റെ പണിക്കുള്ള പൈസ ആയിരുന്നു ഞങ്ങൾക്കൊരു ആവശ്യം വന്നപ്പോൾ തിരിക്കാനായി തന്നത്…
കോൺടാക്ട് പണി ആയത് കൊണ്ടു തന്നെ അവർക്ക് കൊടുക്കേണ്ട തിയ്യതി നാളെയോ മറ്റന്നാളോ ആയിരുന്നു…
അനിയന് ആണേൽ ഒരു പണി ശരിയായി പണിക് കയറിയിട്ട് ഇന്നേക്ക് ഒരു മാസം ആവുന്നു…
അവന്റെ ശമ്പളവും എന്റെ കയ്യിലെ പൈസയും കൂടേ ചേർത്തു വേണം ഏ മാസത്തെ പൈസ അയച്ചു മുപ്പരുടെ കടം വീട്ടുവാൻ എന്ന് ഓർത്തു ഇരിക്കുമ്പോളാണ് ഉപ്പയുടെ മെസ്സേജ്…"
"എല്ലാം കൂടേ എങ്ങനെ അയക്കുമെന്ന് മാത്രം എനിക്കൊരു നിശ്ചയവും ഇല്ലായിരുന്നു…
അമ്പതിനായിരവും അതിന്റെ കൂടേ വീട്ടിലെ അല്ലറ ചില്ലറ അടവ് തന്നെ പത്തു പതിനയ്യായിരം ഉണ്ട്…അതിന്റെ കൂടേ ചിലവിലേക്കെന്ന് പറഞ്ഞു ഒരു പതിനായിരം രൂപയോളം വേറെ വേണം…
ഇനി ഒരു മൂവായിരം കൂടേ ഞാൻ ഉണ്ടാക്കണം…"
"അല്ലെങ്കിൽ തന്നെ പറ്റെ ടൈറ്റ് ആയി കിടക്കുമ്പോഴാണ് ഓരോ വേണ്ടാത്ത ആവശ്യങ്ങൾ വന്നു മനുഷ്യനെ ഇടങ്ങേറ് ആകാറുള്ളത്…
എന്താ ചെയ്യാ…
ഉപ്പ ആദ്യമായി ചോദിച്ചത് കൊണ്ടു തന്നെ ഏ മാസമില്ല ഉപ്പ അടുത്ത മാസം പോരെ എന്നും ചോദിക്കാൻ പറ്റുന്നില്ല…"
"ഉച്ചക്ക് മുമ്പ് തന്നെ എന്റെ അക്കൗണ്ടിൽ ശമ്പളം ക്രെഡിറ്റ് ആയി… അനിയനും ഉച്ചക്ക് മുമ്പ് അവന് കിട്ടിയ ശമ്പളം മുഴുവൻ എന്റെ കയ്യിൽ കൊണ്ടു വന്നു തന്നു…അതിൽ നിന്നും ഒരു അഞ്ഞൂറ് റിയാൽ ഞാൻ അവനെ തന്നെ തിരികെ ഏൽപ്പിച്ചു അവനും ഈ മാസം എന്തെങ്കിലും ചിലവ് ഉണ്ടാവില്ലേ…
പക്ഷെ അവൻ അത് വീണ്ടും എന്റെ കയ്യിലെക് തന്നെ തന്നു ഇതും കൂടേ ഇക്ക കൂട്ടി അയച്ചോ എനിക്കിമാസം ചിലവൊന്നും ഇല്ല.. ഇനി വേണെങ്കിൽ ഷോപ്പിൽ നിന്നും അഡ്വാൻസ് കിട്ടും…"
"എന്നിട്ടും നാട്ടിലേക് അയക്കാനുള്ള പൈസ 70000 രൂപയെ ആയിട്ടുള്ളു.. ഇനി ഉപ്പാക്കുള്ള മൂവായിരം രൂപ കൂടേ വേണം.. ആ സമയത്താണ് എന്റെ കൂട്ടുകാരൻ തെണ്ടി വരുന്നത്.. ഉടനെ അവനെ പിടിച്ചു അവന്റെ കയ്യിൽ നിന്നും മൂവായിരം രൂപയ്ക്കുള്ള റിയാൽ കടമായി വാങ്ങി അക്കൗണ്ടിലേക് ഇട്ട് നാട്ടിലെ ഉമ്മയുടെ അക്കൗണ്ടിലേക് അയച്ചു കൊടുത്തു…"
ഇപ്പോഴാ ഒന്ന് സമാധാനം ആയത്…
ഓരോ ആവശ്യങ്ങൾ നിവർത്തി കൊടുക്കുമ്പോൾ മനസിൽ ഉണ്ടാകുന്ന ഒരു സമാധാനം ഇല്ലേ അത് തന്നെ…
കുറച്ചു കഴിഞ്ഞു ജോലി ക്കിടയിൽ നിൽകുമ്പോൾ തന്നെ ആയിരുന്നു ഉമ്മയുടെ ഫോണിൽ നിന്നും ഒരു വീഡിയോ കാൾ വന്നത്…
ഞാൻ എടുത്തു നോക്കുമ്പോൾ എന്റെ പൊണ്ടാട്ടിയാണ്…
അവൾ ഞാൻ ഫോൺ എടുത്ത ഉടനെ മിണ്ടരുതെന്ന് ചുണ്ടിൽ വിരൽ ചേർത്തു കാണിച്ചു..
എന്താണെന്ന് അറിയാതെ ഞാൻ മൊബൈലിലേക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു…
ആ സമയം ഉപ്പ വണ്ടിയിൽ നിന്നും ഇറങ്ങുകയായിരുന്നു…
അവരുടെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു..
അവർ വന്നത് കണ്ടപ്പോൾ തന്നെ എന്റെ രണ്ടു പെൺ മക്കൾ ഓടി പോയി സിറ്റൗട്ടിൽ നിന്നും പുറത്തേക് ഇറങ്ങുവാനുള്ള ഗേറ്റിന് അരികെ തന്നെ നിന്നു…
ഉപ്പപ്പ എന്നും വിളിച്ചു കൊണ്ടു…
"ആ ഉപ്പപ്പാന്റെ മക്കൾ സ്കൂൾ വിട്ടു വന്നോ..
ഉപ്പ അവരെ ചേർത്ത് പിടിച്ചു കൊണ്ടു ചോദിച്ചു..
ഒരാൾ lkg യിലും ഒരാൾ അംഗൻവാടിയിലുമാണ് പോകുന്നത്…"
"ആ ബന്ന്… ബന്നപ്പോൾ ഉപ്പാപ്പനെ ഇവിടെ കാണില്ലെനി…"
ചെറിയവൾ ഒരു പരാതി പോലെ പറഞ്ഞപ്പോൾ ഉപ്പ അവളെ മടിയിലേക് വെച്ച്… എന്നിട്ട് പറഞ്ഞു..
"ഉപ്പാപ്പ,...
ഉപ്പാപ്പന്റെ കുട്ടിയേൾക് ഒരു സമ്മാനം വാങ്ങിക്കാൻ പോയത് അല്ലായിരുന്നു…"
അതും പറഞ്ഞു ഉപ്പ കയ്യിലെ കവർ തുറന്നു അതിൽ നിന്നും രണ്ടു കുഞ്ഞു പെട്ടികൾ പുറത്തേക് എടുത്തു..
"മോളെ ഇതൊന്ന് തുറന്നെ …"
ഫോൺ കയ്യിൽ ഇരിക്കുന്ന പൊണ്ടാട്ടിയോട് പറഞ്ഞപ്പോൾ ഉമ്മ പെട്ടന്ന് അത് വാങ്ങി… അവൾ ഫോൺ ചെയ്യുകയാണെന്ന് പറഞ്ഞു…
എന്നിട്ട് എന്റെ മുന്നിൽ നിന്ന് തന്നെ ആ പെട്ടി തുറന്നു..
അതിൽ നിന്നും വെള്ളിയുടെ കുഞ്ഞു കുഞ്ഞു മുത്തുകൾ ഉണ്ടായിരുന്ന രണ്ടു ജോടി പാദസരം പുറത്തേക് എടുത്തു…
"ഹേയ്….
അത് കണ്ടപ്പോൾ തന്നെ മക്കളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു…
അവരുടെ സന്തോഷം കണ്ട് എന്റെ ഉപ്പയുടെയും…
ഉപ്പ തന്നെ അത് എന്റെ മക്കളുടെ കാലിൽ ഇട്ട് കൊടുത്തു…"
"അവർ ആഗ്രഹിച്ചത് കിട്ടിയ സന്തോഷത്തിൽ രണ്ടു പേരും ഉപ്പയുടെ കവിളിൽ മാറി മാറി ഉമ്മ വെക്കുന്നത് കണ്ടപ്പോൾ…
അറിയാതെ എന്റെ രണ്ടു കണ്ണുകൾ നിറഞ്ഞൊഴുകി പോയി…"
"ഉപ്പ പൈസ ചോദിച്ചത് എന്റെ മക്കളുടെ ആവശ്യത്തിനായിരുന്നു… അവർ കുറച്ചു ദിവസമായി അവരുടെ കൂട്ടുകാരികളുടെ കാലിൽ ഉള്ളത് പോലെയുള്ള കൊലുസ് വേണമെന്നും പറഞ്ഞു ഉപ്പയെ ഇടങ്ങേറ് ആകുന്നു…
അതായിരുന്നു ഉപ്പ ഇന്ന് രാവിലെ തന്നെ എനിക്ക് മെസ്സേജ് അയച്ചത്…
അബൂ എനിക്കൊരു മൂവ്വായിരം രൂപ നീ അയക്കുമോ എന്ന് ചോദിച്ചു കൊണ്ട്…"
ഇഷ്ടപ്പെട്ടാൽ, ലൈക്ക് ചെയ്ത് 2 വരി കുറിക്കാതെ പോവല്ലേ...