രചന: രാജു പി കെ കോടനാട്
ഉമ്മറപ്പടിയിൽ ചൂടു ചായയും കുടിച്ച് പഴയ കാര്യങ്ങൾ ഓർത്ത് സ്ഥലകാലബോധം ഇല്ലാതെ ഇരിക്കുമ്പോഴാണ് അരികിൽ ചേർന്നിരുന്ന് പ്രിയപ്പെട്ടവളുടെ ചോദ്യം.
"എട്ടോയ് എന്താ ഇന്ന് പതിവില്ലാതെ ഒറ്റയ്ക്കിവിടെ എന്തു പറ്റി."
"ഒന്നുമില്ലടാ മനുഷ്യൻ്റെ കാര്യം ഞാൻ ആലോചിക്കുകയായിരുന്നു ഇന്ന് വർക്ക് സയ്റ്റിൽ കമ്പനിയുടെ മുതലാളി രവിസാർ വന്നിരുന്നു. ആളെന്നെക്കണ്ടതും എൻ്റെ അടുത്തേക്ക് വന്ന് ഒരു പുഞ്ചിരിയോടെ എന്നേയും ചേർത്ത് പിടിച്ച് ഓഫീസിലേക്ക് നടന്നു. ഇതു കണ്ട് മറ്റെല്ലാവരും എന്നെ അദ്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു."
"പണ്ട് ഞാനും അവനും ഗുജറാത്തിലെ സുറത്തിൽ ഒരൊറ്റ മുറിയിൽ അഞ്ച് വർഷം ഒരുമിച്ച് ഉണ്ടുറങ്ങിയവരാണ്. ഇന്ന് മുതലാളി വരുന്നുണ്ടെന്നും എല്ലാവരും അല്പം ജാഗ്രതയോടെ ജോലി ചെയ്യണമെന്നും ഇന്നലെ ഫോർമാന്മാരുടെ മീറ്റിംഗിൽ ഞങ്ങളോട് പറഞ്ഞിരുന്നു. പണ്ടത്തെ രവിയാണ് ഇത്രയും വലിയ ഒരു ബിസ്സിനസ്സ് സാമ്രാജ്യത്തിൻ്റെ അധിപനെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. വീട്ടിലെ മൂത്ത മകനായിരുന്നു രവി.അവന് താഴെ മൂന്ന് പെൺകുട്ടികളും.
നല്ല മാർക്കോടെ പത്ത് പാസായിട്ടും തുടർന്ന് പഠിക്കാതെ അച്ഛനും അമ്മക്കും കുടപ്പിറപ്പുകൾക്കും ഒരു സഹായിയാവാൻ കൂട്ടുകാരൻ്റെ ചേട്ടനോടൊപ്പം സുറത്തിൽ ഞങ്ങളുടെ റൂമിൽ എത്തുമ്പോൾ അവൻ്റെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു.
സമപ്രായക്കാരായ ഞങ്ങൾ വളരെ വേഗം നല്ല ചങ്ങാതിമാരായി.രണ്ട് വർഷം കൊണ്ട് പണികൾ പഠിച്ച ഞങ്ങൾക്ക് മറ്റൊരു കമ്പനി നല്ല ശമ്പളം നൽകാമെന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് മാറി.നല്ല ജോലിയും ഭേദപ്പെട്ട ശമ്പളവുമായി സമാധാനത്തോടെ പോകുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് സൂറത്തിൽ പ്ലേഗ് പടർന്ന് പിടിക്കുന്നത്.പലരും മരണത്തിന് കീഴടങ്ങിയപ്പോൾ ജോലി ഉപേക്ഷിച്ച് മലയാളികൾ എല്ലാം നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ ഞങ്ങളെ അവിടെത്തന്നെ തുടരാൻ നിർബന്ധിതരാക്കി.
ഒരു ദിവസം ജോലിയും കഴിഞ്ഞ് തിരികെ വരുമ്പോൾ വീട്ടുടമസ്ഥയും അവരുടെ പതിനെട്ട് വയസ്സോളം പ്രായം വരുന്ന മകളും പതിവില്ലാതെ ഞങ്ങളേയും കാത്ത് മുറ്റത്ത് നിൽക്കുന്നുണ്ട്.വീടിനു പുറത്ത് അപൂർവ്വമായേ ഇവരെ കാണാറുള്ളൂ.കരഞ്ഞുകൊണ്ടവർ ഞങ്ങളോട് പറഞ്ഞു."
"ഞങ്ങൾക്ക് പോകാൻ വേറെ ഇടമില്ല നിങ്ങൾക്ക് അങ്ങിനെയല്ലല്ലോ ഓരോ ദിവസവും മരണസംഖ്യ ഉയരുകയാണ് എത്രയും പെട്ടന്ന് നിങ്ങളെങ്കിലും രക്ഷപെടാൻ നോക്ക്."
"ജനിച്ചാൽ ഒരിക്കൽ നമ്മൾ എല്ലാവരും മരിക്കും വിധി ഇവിടെ വച്ച് വിട പറയാനാണെങ്കിൽ അങ്ങനെ തന്നെ സംഭവിക്കും.നിങ്ങൾ പേടിക്കാതെ നമുക്കാർക്കും ഒന്നും വരില്ല. എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ച് അകത്തേക്ക് കയറുമ്പോൾ.മനോഹരമായ ഒരു പുഞ്ചിരിയും സമ്മാനിച്ച് നേഹ ഞങ്ങളേയും നോക്കി നിൽക്കുന്നുണ്ടായിരുന്നു."
ഒരിക്കലും പുറത്ത് കാണാതിരുന്ന നേഹ ദിവസവും ഞങ്ങൾ വരുന്നതും കാത്തിരിക്കുന്നതു പതിവായി. പതിയെ രവിയും നേഹയും വല്ലാതെ അടുത്തു. പലവട്ടം അവനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു.
കൊല്ലാനും മരിക്കാനും മടിയില്ലാത്ത രജപുത്രറവംശരായിരുന്നു അവർ.
"നിനക്ക് ജീവനാണോ ജീവിതമാണോ വലുത് " എന്ന എൻ്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു അവൻ്റെ മറുപടി.
ഇണങ്ങിയും പിണങ്ങിയും അവരുടെ പ്രണയം മുന്നേറിക്കൊണ്ടിരുന്നു.
മഹാമാരിയിൽ കമ്പനി ചെയ്തു കൊണ്ടിരുന്ന പണികൾ നിർത്തിവച്ചപ്പോൾ ഞങ്ങൾ നാട്ടിലേക്ക് പോകാൻ നിർബന്ധിതരായി. അമ്മയോടെല്ലൊം തുറന്ന് പറഞ്ഞ നേഹ ഞങ്ങളോടൊപ്പം വരാൻ തയ്യാറായി.പക്ഷെ മകളെ ഞങ്ങളോടൊപ്പം വിടാൻ അമ്മ തയ്യാറായില്ല. ജീവൻ വേണമെങ്കിൽ ഭർത്താവ് വരുന്നതിന് മുൻപ് സുറത്ത് വിടാൻ അവർ ആവശ്യപ്പെട്ടു. ജീവനിൽ ഭയന്ന ഞാൻ അവനേയും കുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി.
ട്രയിൻ പതിയെ നീങ്ങാൻ തുടങ്ങിയതും "എനിക്ക് കുറച്ച് നേരം തനിയെ ഇരിക്കണം" എന്ന് പറഞ്ഞ് കൈയ്യിലെ ബാഗ് എന്നെ ഏൽപ്പിച്ച് നടന്നകന്നു പോയ രവിയെ ഇന്നാണ് ഞാൻ പിന്നീട് കാണുന്നത്.
അന്നെന്നെ നാട്ടിലേക്ക് തനിയെ പറഞ്ഞയച്ച് അവൻ വീണ്ടും തിരികെ നേഹയുടെ അടുത്തെത്തി ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയിൽ ജാലകപ്പഴുതിലൂടെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവനേയും പ്രതിക്ഷിച്ചിരുന്ന അവൻ്റെ പെണ്ണിൻ്റെ കൈ പിടിച്ച് രാത്രിയുടെ നിശബ്ദതയിലൂടെ വിളഞ്ഞ് നിൽക്കുന്ന ഗോതമ്പ് പാടങ്ങൾക്കിടയിലൂടെ ജീവനേക്കാൾ വലുത് അവളോടൊത്തുള്ള ജീവിതമാണെന്നുറപ്പിച്ച് അവൻ അന്നെടുത്ത തീരുമാനമാണ് അവൻ്റെ എല്ലാ ഉയർച്ചകൾക്കും കാരണമെന്ന് രവി എന്നോട് പറഞ്ഞപ്പോൾ എനിക്കവനോട് ആദരവ് തോന്നി.
എല്ലാവരേയും ഉപേക്ഷിച്ച് രവിയോടൊപ്പം ഇറങ്ങുമ്പോൾ ഉറക്കം നടിച്ച് മകൾക്ക് കാവലിരുന്ന അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് മകളെയാത്രയാക്കുമ്പോൾ ഒരു ബാഗും അവനെ ഏൽപ്പിച്ചു കൊണ്ട് എൻ്റെ മകളെ ഒരിക്കലും കൈവിടരുതെന്ന് പറഞ്ഞു. അന്ന് അമ്മ കൊടുത്ത ആ ബാഗിൽ നിറയെ അവർക്കുള്ള പണമായിരുന്നു. സുറത്തിൽ നിന്നും ഡൽഹിയിൽ എത്തിയ അവർ എല്ലാം മറന്ന് പുതിയ ജീവിതം തുടങ്ങി.ചെറിയ പണികൾ സ്വന്തമായി ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങിയ രവിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു.
മൂന്നാമത്തെ അനുജത്തിയുടെ വിവാഹ ദിവസമാണ് നേഹയേയും മക്കളേയും കൂട്ടി രവി സ്വന്തം വീട്ടിലേക്ക് പോകുന്നത്. കാലങ്ങൾക്കു ശേഷം നേഹയേയും കൂട്ടി സുറത്തിൽ എത്തുമ്പോഴാണ് അറിയുന്നത് അന്നത്തെ മഹാമാരിയിൽ നേഹയുടെ കുടുംബവും...
മുറ്റത്ത് വന്ന് നിന്ന വാഹനത്തിൽ നിന്നും രവിയും കുടുബവും അകത്തേക്ക് കയറുമ്പോൾ "എട കുഞ്ഞാ നീ ഇതെവിടെയാ" എന്നുള്ള ചോദ്യം കേട്ടതും ഞാൻ പോലും അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞു. അതെ ചിലർ ഇങ്ങിനെയൊക്കെയാണ് എത്ര വളർന്നാലും തളർന്നാലും മാറാൻ കഴിയാത്തവർ നേഹയുടെയും കുട്ടികളുടേയും ചുണ്ടിലുമുണ്ട് മനോഹരമായ ആ പുഞ്ചിരി..!