രചന: Saji Mananthavady
"എടീ ഒന്ന് പതുക്കെ പറ അമ്മ കേൾക്കും"
"ആര് കേട്ടാലും എനിക്ക് കുഴപ്പമില്ല. നിങ്ങളുടെ തള്ളയെ എനിക്കിനി സഹിക്കാൻ കഴിയില്ല. "
"അമ്മയുടെ ഇഷ്ടങ്ങളങ്ങ് സാധിച്ചു കൊടുത്തേക്കണം. അമ്മക്ക് അവിയൽ മതി അതങ്ങ് ഉണ്ടാക്കി കൊടുക്കണം. "
"അതെനിക്ക് പറ്റില്ല. അഞ്ച് പൈസക്ക് വകയില്ലാത്ത ആ തള്ളയെ എനിക്ക് നോക്കാൻ പറ്റില്ല."
"എടി നമ്മൾ ഇപ്പോൾ താമസിക്കുന്ന വീടും കടയും അമ്മയുടെതല്ലേ ?"
"അത് ശരിയാ ആറ് മാസം മുമ്പ് വരെ ഇപ്പോ അതൊക്കെ നിങ്ങളുടെ പേരില്ലല്ലേ ? പിനെന്തിനാ ആ തള്ളയെ പേടിക്കുന്നെ ?"
" എന്നാ നീ പറ ഞാനെന്താ ചെയ്യണ്ടത് ?"
" അമ്മയെ വ്യദ്ധ സദനത്തിൽ കൊണ്ടാക്കണം. എനിക്ക് അവർക്ക് വെച്ചു വിളമ്പാനൊന്നും എന്നെ കിട്ടില്ല . നിങ്ങൾക്കത് പറ്റില്ലെങ്കിൽ നിങ്ങൾ അമ്മയെ കൂട്ടി വെറെയെവിടെയെങ്കിലും താമസിച്ചോ? ഈ വീട് ഇപ്പോ എന്റെ പേരിലാ . അത് മറക്കണ്ട . പിന്നെ നിങ്ങളെന്താ പറഞ്ഞെ നമ്മൾ ടൂറ് പോകുമ്പോൾ അമ്മയെ കൂടി കൊണ്ടുപോകാമെന്നോ ? അതിന് നമ്മൾ തീർത്ഥാടനത്തിന് പോകുകയല്ലല്ലോ. അങ്ങിനെ പോകണമെങ്കിൽ അമ്മയും മോനും പോയാൽ മതി ഞാൻ ഇവിടിരുന്നോളാം. "
" നീയൊന്നടങ്ങ് .ഞാനൊന്നാലോചിക്കട്ടെ "
" നിങ്ങൾ എന്താലോചിച്ചാലും എന്റെ വാക്കിന് മാറ്റമുണ്ടാവുമെന്ന് കരുതണ്ട "
രണ്ട് ദിവസം കഴിഞ്ഞ് അനൂപ് തന്റെ ഭാര്യയോട് പറഞ്ഞു
"അമ്മ കേൾക്കണ്ട ഞാനൊരു കാര്യം പറയാം. ടൂറിന് അമ്മെ കൂടി കൊണ്ടുപോകാം. എന്റെയൊരു സുഹൃത്ത് ഷിംലയിൽ ഒരു വൃദ്ധമന്ദിരം നടത്തുന്നുണ്ട്. കുറച്ച് കാശു കൊടുത്താൽ അവൻ അമ്മയെ നോക്കിക്കൊള്ളും. പിന്നെ അവിടെയുള്ള അന്തേവാസികളെല്ലാം ഹിന്ദിക്കാരാ . അവർ അമ്മയെ അവിടുന്ന് പുറത്തേക്ക് വിടില്ല. എന്റെ ബന്ധുക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലാത്തതിനാൽ അവരൊന്നും അന്വേഷിക്കാൻ വരില്ല, പിന്നെ നിന്റെ ആളുകളോട് അമ്മ കാശിയിൽ വെച്ച് സുഖമില്ലാതായെന്നും മരിച്ചെന്നും അമ്മയുടെ ആഗ്രഹപ്രകാരം അവിടെ ദഹിപ്പിച്ചെന്നും പറയണം. നീ എന്തു പറയുന്നു ?"
"ഇതെനിക്കിഷ്മായി. ഇനി ഏതായാലും പത്തിരുപത് ദിവസം കൂടി തള്ളയെ സഹിച്ചാൽ മതിയല്ലോ. എന്താ മനുഷ്യാ ഈ ബുദ്ധി നിങ്ങൾക്ക് നേരെത്തേ തോന്നാതിരുന്നത് ? "
പക്ഷെ ഇതെല്ലാം അനൂപിന്റെ അമ്മയായ സുമതി കേൾക്കുന്നുണ്ടായിരുന്നു.
പിറ്റെ ദിവസം മകനും മരുമകളും കടയിലേക്ക് പോയപ്പോൾ സുമതി കരഞ്ഞ് കലങ്ങിയ കണ്ണുമായി പുറത്തേക്കിറങ്ങി. അവർ ഒരു ചെറിയ ബാഗ് മാത്രമെ എടുത്തിരുന്നുള്ളു. പക്ഷെ വീട് പൂട്ടുന്നതിന് മുമ്പായി ഒരു കടലാസ് താളിൽ ഇത് മാത്രം കുറിച്ച് വെച്ചു ,
"നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു. അന്യദേശത്തെ അനാഥാലയത്തിൽ കിടന്നു മരിക്കുന്നതിനേക്കാൾ നല്ലത് എന്റെ നാട്ടിൽ കിടന്ന് മരിക്കുന്നതാണ്. ഇനി എനിക്ക് അനൂപ്പെന്ന മകനുമില്ല ഞാൻ ചത്താൽ പോലും നീ എന്നെ കാണാൻ വരരുത്. എന്നെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുന്ന നീ എന്റെ മകനാണോ ? എനിക്ക് സംശയമുണ്ട്. നിനക്കും മക്കളുണ്ടാവുമ്പോൾ അവർ നിന്നെ എന്തു ചെയ്യുമെന്നോർത്ത് ഞാൻ ഭയപ്പെടുന്നു. "
ഇത്രയും എഴുതി കഴിഞ്ഞപ്പോഴേക്കും അവർക്ക് അവരുടെ കണ്ണുകൾ നിറഞ്ഞ് ചാലുകളായി. അവർ എഴുതി കൊണ്ടിരുന്ന കടലാസ് നനഞ്ഞു പോകുമെന്ന് അവർക്ക് തോന്നി . സാരി തലപ്പുകൊണ്ട് അവർ കണ്ണുകൾ തുടച്ചു. ഒരു നിമിഷത്തേക്ക് അവരുടെ ചിന്തകൾ സുമതിയുടെ ഭർത്താവ് മരിച്ച കാലത്തേക്ക് ഊളിയിട്ടു. അവരുടെ ഭർത്താവായ രാഘവേട്ടൻ മരിക്കുമ്പോൾ ആകെയുണ്ടായിരുന്നത് ഹൈസ്കൂൾ ജംഗ്ഷനിലുണ്ടായിരുന്ന ചെറിയ കട മാത്രമായിരുന്നു. പിന്നിട് കട വലുതായി. സ്വന്തമായി വീടായി. അനൂപ്പിനെ BTech വരെ പഠിപ്പിച്ചു. അവനെ മറ്റൊരു കട നടത്താനുള്ള ചുമതല ഏൽപ്പിക്കാൻ നോക്കിയപ്പോഴാണ് അവൻ കാരുണ്യയെ വിവാഹം കഴിച്ചത്. അവൾക്ക് ഗൾഫിൽ പോകണമെന്ന് ഒരേ വാശി. അങ്ങിനെ നാല് കൊല്ലത്തെ ഗൾഫിലെ ആർഭാടജീവിതം കഴിഞ്ഞപ്പോൾ ഒരു രൂപയുടെ സമ്പാദ്യം പോലും അനൂപിനുണ്ടായിരുന്നില്ല. ആ സമയത്ത് അവർക്ക് അമ്മയോട് വലിയ സ്നേഹമായിരുന്നു. അതുകൊണ്ടാണ് വീടും കടയും അവർക്കെഴുതി കൊടുത്തത്. പക്ഷെ അതെല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ അവരുടെ വിധം മാറി. എന്തായാലും പോസ്റ്റോഫിസിലിട്ട തുക മാത്രം അവനെ അറിയിച്ചിരുന്നില്ല അതറിഞ്ഞിരുന്നെങ്കിൽ അത് കൈക്കലാക്കുന്നത് വരെ സ്നേഹിച്ചേനെ .
സ്ഥിരം താക്കോൽ സൂക്ഷിക്കുന്ന സ്ഥലത്ത് അത് വെച്ചതിന് ശേഷം സുമതി ഒരിക്കൽ കൂടി വീട്ടിലേക്ക് തിരിഞ്ഞു നോക്കി. സമിശ്രവികാരങ്ങൾ അവരെ മഥിച്ചുക്കൊണ്ടിരുന്നു. അവർക്ക് നിയന്ത്രിക്കാൻ കഴിയാത്തത് അവരുടെ കണ്ണുകളായിരുന്നു.
വളരെ പതുക്കെ പക്ഷെ ഉറച്ച കാൽ വെപ്പുകളോടെ അവർ റോഡിലൂടെ നടന്നു. പെട്ടെന്നാണ് അവരുടെയടുത്ത് ഒരു ഓട്ടോ വന്ന് നിന്നത്.
"അമ്മയെങ്ങോട്ടാ പോകുന്നത് ഈ പൊരി വെയിലത്ത് ? എന്നെയൊന്ന് വിളിച്ചാ പോരായിരുന്നോ ?"
സുമതി തിരിഞ്ഞു നോക്കി.
ഓട്ടോ ഓടിക്കുന്ന വിനു വാണ്. സ്ഥിരമായി കടയിലേക്ക് അവരെ കൊണ്ടുപോയിരുന്നത് വിനുവായിരുന്നു. മാത്രമല്ല. അവന്റെ ഏക മകന്റെ ഓപ്പറേഷൻ സമയത്ത് പണം കൊടുത്ത് സഹായിച്ചതും സുമതിയായിരുന്നു.
"ഏതായാലും മോനെ നീ വന്നത് നന്നായി. എന്നെയൊന്ന് ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്ടേക്ക് "
"അമ്മ എന്തിനാ കരഞ്ഞത് ? സുഖമില്ലെ?"
"ഒന്നുമില്ല ടാ മോനെ. " അവർ ഒഴിഞ്ഞുമാറി.
"ഒരു കാര്യം പറയാൻ ഞാനും ഷാലിയും അമ്മയെ കാണാൻ വൈകുന്നേരം വരണമെന്ന് വിചാരിക്കുകയായിരുന്നു. ഞങ്ങൾ വയനാട്ടിലേക്ക് താമസം മാറ്റുകയാണ്. അമ്മ ഞങ്ങളുടെ കൂടെ പോരുന്നോ ? ഞങ്ങൾ രണ്ട് പേരും അനാഥാലത്തിൽ വളർന്നവരല്ലേ ? അതുകൊണ്ടാണ് അമ്മ കുറച്ച് ദിവസം ഞങ്ങളുടെ കൂടെ നിൽക്കാമോയെന്ന് ചോദിച്ചത്? പിന്നെ അമ്മയെന്തിനാ ബസ് സ്റ്റാൻഡിൽ പോകുന്നത് ?"
സുമതി എല്ലാം വിശദമായി വിനുവിനോട് പറഞ്ഞു. വിനുവിന്റെ ഓട്ടോ പോയത് അവന്റെ വീട്ടിലേക്കായിരുന്നു. അന്ന് രാത്രി അവർ വയനാട്ടിലേക്ക് യാത്ര തിരിച്ചു. പിറ്റെന്ന് സൂര്യൻ ഇരുളിൻ തിരശീല മാറ്റുമ്പോൾ , അവരെ പുതിയൊരു നിറക്കൂട്ട് കാത്തിരിക്കുന്നുണ്ടായിരുന്നു.