അവളെന്റെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി കൊണ്ട് പറഞ്ഞു...

Valappottukal


രചന: നൗഫൽ ചാലിയം

"നാണമുണ്ടോടാ….നിനക്ക്…


അച്ചി വീട്ടിലെ എച്ചിലും തിന്ന് ജീവിക്കാൻ…


എന്റെ മകൻ കഷ്ടപെട്ട് ഉണ്ടാക്കുന്നത് മുഴുവൻ ഒരു ഉളുപ്പും കൂടാതെ നേരത്തിനു വന്നു വെട്ടി വിഴുങ്ങാൻ…


അതിനാണല്ലോ ഒരു പണിക്കും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത്……


കയ്യും കാലും കഴുകി നേരത്തിനു വന്നിരുന്നാൽ മതിയല്ലേ…


നേരത്തിനു ഭക്ഷണം…വിശ്രമിക്കാൻ ac യുള്ള മുറി… കിടക്കാൻ ആറടി നീളത്തിൽ ഒരു കട്ടിൽ…


പിന്നെ എന്റെ മോളെന്നു പറയുന്ന ഒരുവളും കൂടെ ഉണ്ടേൽ വേറെ എന്ത് വേണം…"


"ഉപ്പ സുലൈമാൻ ഹാജി എന്നെ നോക്കി പറയുന്നത് കേട്ടു എന്റെ തൊലി മുഴുവൻ ഉരിഞ്ഞു പോകുന്നത് പോലെ… എന്റെ നെഞ്ച് കലങ്ങി കണ്ണിൽ നിന്നും ചുടു കണ്ണുനീർ ഒലിച്ചു തുടങ്ങി…"


"ടാ…


ആണായാൽ കുറച്ചെങ്കിലും ഉളുപ്പ് വേണം…


നീ പെണ്ണുങ്ങളെ പോലെ മോങ്ങുന്നത് എന്തിനാ…?


ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ…"


നിനക്കും മക്കൾക്കും വെച്ചു വിളമ്പനാണോ എന്റെ മോനും മരുമോളും…


കഴിഞ്ഞ മാസത്തെ നിന്റെ മക്കളുടെ സ്കൂൾ ഫീസ് പോലും കെട്ടിയത് അവനല്ലേ… അവർക്കുള്ള ബാഗും കിറ്റും ബുക്കും എല്ലാം വാങ്ങിയതും അവൻ തന്നെ…


നീ ഒരു ഉപ്പ യാണോ…


മൂക്കിന് താഴെ മീശ വെച്ചാൽ ആണാകില്ല.. അതിന് കുറച്ചു തന്റേടം വേണം…


അതെങ്ങനെ അച്ചി വീട്ടിൽ കഴിയുന്നവന് തന്റേടം എന്നൊരു സാധനം ഉണ്ടാവുമോ..…


 ഇവിടെ സുഖമായി കഴിയാമെന്ന് കരുതി നല്ലൊരു ജോലി ഉപേക്ഷിച്ചു വന്നിരിക്കുകയാണ്… എരണം  കെട്ടവൻ…


അനുഭവിച്ചോ..


വരുത്തി വെച്ചതല്ലേ… അല്ലെങ്കിലും സ്വയം ഓരോ തീരുമാനങ്ങൾ എടുക്കുന്നവരുടെ എല്ലാം അവസാനം ഇങ്ങനെതന്നെയാണ്…


 എന്റെ മകൻ കഷ്ട്ടപെട്ടു ഉണ്ടാക്കുന്നത് അവനും അവന്റെ മക്കൾക്കും വേണ്ടിയാണ് അതിങ്ങനെ തിന്നു മുടിക്കാൻ ചിറിയും (വായ) തുറന്ന് ചിരിച്ചു വന്നിരിക്കരുത്…


നാളെ… നാളെത്തന്നെ കിട്ടുന്ന പണിക് പോയി എന്തെങ്കിലും കൊണ്ട് വന്നാൽ നിനക്കും നിന്റെ മക്കൾക്കും ഇവിടുന്ന് ഭക്ഷണം കഴിക്കാം..


അല്ലെങ്കിൽ…


ഉപ്പ ഒന്ന് നിർത്തി…


എന്നെ കടുപ്പിച്ചോന്ന് നോക്കി…ആ നോട്ടം എന്റെ മക്കളിലേക്കും ഭാര്യലേക്കും നീങ്ങി…


പിന്നെ കൂടുതൽ ഒന്നും പറയാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി…


ഉപ്പ പറഞ്ഞതിന്റെ ബാക്കി എനിക്കറിയാം.. ഈ വീട്ടിൽ നിന്നും ഇറങ്ങാൻ..  പെട്ടിയെടുക്കാം… പ്രമാണം ഇല്ലാത്തത് കൊണ്ട് നോ ടെൻഷൻ..


അല്ലെങ്കിലും അച്ചി വീട്ടിൽ കഴിയുന്നവന് എച്ചിൽ പട്ടിയുടെ വില പോലും കിട്ടില്ലല്ലോ…


(അങ്ങനെ അല്ലാത്തവരും ഉണ്ട് ട്ടോ.. അതൊരു ചടങ്ങ് പോലെ കൊണ്ട് പോകുന്നവർ..മരണമടഞ്ഞു മണ്ണിനടിയിൽ ആയാലും എന്നും എപ്പോഴും അവർക്ക് അവൻ പുതിയാപ്ല ആയിരിക്കും…)


ഇതെന്റെ കഥയാണ്…എന്നും പറയുന്നത് പോലെ തന്നെ എന്റെ ജീവിതം…


ചില ജീവിതങ്ങൾ കൺ മുന്നിൽ കണ്ടാൽ പോലും ഹേയ് അതങ്ങനെ സംഭവിക്കില്ല എന്ന് തോന്നും…ഈ എഴുതി വെച്ചത് മുഴുവൻ കളവാണെന്നും…അങ്ങനെത്തെ ഒരു കഥ യാണ് ഇത്. .


++++


"എന്റെ പേര്.. ഹൈദർ…


ഭാര്യയും രണ്ടു പെൺ കുട്ടികളും…"


"ആറ് മാസം മുമ്പ് വരെ ഞാൻ ഇവർക്ക് ആരായിരുന്നു എന്ന് ഓർത്തുപോയി…


ഞാൻ ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ അങ്ങോട്ട് വിളിച്ചു വിശേഷം അറിയുന്നവർ..


 ഊണിലും ഉറക്കത്തിലും എന്റെ മരുമോൻ എന്റെ മരുമോൻ എന്ന് പറയുന്ന ആൾ ആയിരുന്നു സബീനയുടെ ഉപ്പ…


സബീന എന്റെ ഭാര്യ…


 ഞങ്ങളുടേത് ഒരു അറേൻജ് മേരേജ് തന്നെ ആയിരുന്നു..


 അന്നെനിക്ക് വിദേശത്തു നല്ലൊരു ജോലി യുള്ളത് കൊണ്ട് തന്നെ ആയിരുന്നു അവളുടെ ഉപ്പ എനിക്ക് അവളെ കെട്ടിച്ചു തന്നത്…"


"ഉപ്പ പറയുന്നത് കെട്ടു…ഓളും മക്കളും ഒന്നും കഴിക്കാതെ എഴുന്നേറ്റു പോയി…


അവർ പോകുന്നത്  കണ്ണിലെ മൂടലിൽ കൂടി മഞ്ഞു കണങ്ങൾ മുന്നിൽ നിറയുന്ന കാഴ്ച പോലെ ഞാൻ അറിഞ്ഞു…


എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്റെ കവിളിലൂടെ താടി കുളിൽ എവിടെയോ ഒളിക്കാൻ തുടങ്ങി.."


"സ്വന്തം ഉപ്പയെ പോലെ കണ്ടിരുന്ന ആൾ..


മനസ് വല്ലാതെ വീർപ്പു മുട്ടിക്കുന്നത് പോലെ… ഹൃദയം ഒരിക്കലും താങ്ങാൻ പറ്റാത്തത് പോലെ വേഗത്തിൽ മിടിക്കുന്നതിന് കൂടെ നെഞ്ചിൽ ഒരു സൂചി കൊണ്ട് കുത്തുന്ന വേദനയും…"


"ചിലതൊന്നും മനസിന്‌ താങ്ങുവാൻ കഴിയില്ല.. അത്രമേൽ അടുപ്പമാണെന്ന് കരുതിയവരുടെ വാക്കുകൾ… അവരുടെ നോട്ടം പോലും ഉള്ളിൽ അത്രയും വേദന നിറയ്ക്കും…"


കഴിച്ചു കൊണ്ടിരിക്കുന്ന ചോറിലേക്  താടി ക്കുളിൽ ഒളിച്ചിരിക്കുന്ന കണ്ണുനീർ കുടു കുടെ എന്ന് ഊർന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആയിരുന്നു ഞാൻ കരയുകയാണെന്ന് മനസിലായത്..


ഇനിയും ഈ ഭക്ഷണം എന്റെ തൊണ്ടയിൽ കൂടി ഇറങ്ങില്ല..


പക്ഷെ ഭക്ഷണത്തെ നിന്ദിക്കരുത്.. പണ്ട് ഉമ്മ പറഞ്ഞു തന്ന വാക്കുകൾ ഇന്നും മനസിൽ ഒളി മാങ്ങാതെ ഉണ്ട്…


ഒരു വറ്റ് നിലത്തു വീണാൽ പോലും അത് എടുത്തു കഴുകി വൃത്തിയാക്കി കഴിക്കണം…


ഞാൻ ആ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.. ഇവിടുത്തെ അവസാനത്തെ ഭക്ഷണം…"


"ഞാൻ റൂമിലേക്കു എത്തുന്നതിനു മുമ്പ് തന്നെ എന്റെ പെണ്ണ് ഞങ്ങൾക്കുള്ള വസ്ത്രവും ബാക്കി യുള്ളതും എടുത്തു ബാഗിലാക്കി വെച്ചിരുന്നു…"


"പോവല്ലേ…നമുക്ക്…


നമ്മുടെ വീട്ടിലേക്…


കുഞ്ഞു വീടാണെങ്കിലും അടിച്ചുറപ്പ് ഇല്ലെങ്കിലും നമുക്ക് നാലു പേർക്കും സ്വാർഗം പോലെ കഴിഞ്ഞൂടെ അവിടെ…"


അവളെന്റെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി കൊണ്ട് പറഞ്ഞു…അവളുടെ കണ്ണിലും ഒരു തിരയിളക്കം ഞാൻ കാണുന്നുണ്ട്.. കരഞ്ഞിട്ടുണ്ട് അവൾ…


 "നിങ്ങൾ കൂടെ ഉണ്ടെങ്കിൽ എനിക്കാവീട് മണിച്ചിത്രതാഴ് ഇട്ട പൂട്ടിയ കൊട്ടാരത്തേക്കാൾ  സുരക്ഷ നൽകും ..


  എനിക്ക് വേണ്ടിയല്ലേ ഈ വീട്ടിൽ ആട്ടും തുപ്പും കേട്ട് ജീവിക്കേണ്ടി വരുന്നത്..


എന്റെ സന്തോഷത്തിനു വേണ്ടി… നിങ്ങളെ കൊച്ചാക്കുന്നവരുടെ ഇടയിൽ എനിക്കെന്തു സന്തോഷം കിട്ടാനാണ് കാക്കൂ… എന്റെ ഖൽബിനെ വെറുക്കുന്നവരെ എനിക്ക് വേണ്ടാ..


എന്നും പറഞ്ഞു അവൾ എന്റെ മുടിയിൽ കൈ കൊണ്ട് തലോടി…


ചില സമയം അവളെനിക് ഉമ്മയാകും.. ചിലപ്പോൾ എന്റെ സഹോദരി…അതും അല്ലേൽ എന്റെ ബെസ്റ്റി…


ഒരേ സമയം നാലോ അഞ്ചോ വേഷം കെട്ടാൻ കഴിയുന്നവൾ…


"ഇനി വേണ്ടാ..


പട്ടിണിയാണെങ്കിലും എന്റെ ഇക്ക എന്നെയും മകളെയും പൊന്ന് പോലെ നോക്കും…


നമുക്കൊന്ന് ഒറ്റക് ജീവിച്ചു തുടങ്ങാം കാക്കൂ…എല്ലാം ഒന്നെന്ന തുടക്കത്തിൽ നിന്ന്…"


അവളെന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…


"അവളുടെ സങ്കടം എന്റെ നെഞ്ചിൽ വന്നു വീഴുന്നത് ഞാൻ അറിഞ്ഞു.. പൊള്ളുന്ന ചൂടായിരുന്നു അവളുടെ കണ്ണുനീരിന്…


ഞാൻ അവളുടെ മുഖം എന്റെ കൈ കുമ്പിളിൽ ചേർത്ത് പിടിച്ചു…


ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു  വേദന നിറഞ്ഞ ചിരി….


ഞാൻ മകളെയും എടുത്തു അവിടെ നിന്നും ഇറങ്ങി…


ആരോടും ഒന്നും പറയാതെ..  "


++++


"സ്വന്തമായി വീടുണ്ട്..


 പക്ഷെ അതിപ്പോഴും ആരെ പേരിലാണെന്ന് എനിക്കൊരു നിശ്ചയമില്ല…


 പണ്ടെങ്ങോ ഉപ്പ പണിയെടുത്ത തറവാട്ടിലെ കാരണവർ ഇഷ്ട്ടധാനം പോലെ നീട്ടിയ പത്തു സെന്റ് ഭൂമിയിൽ ഒരു കുഞ്ഞ് ഓടിട്ട വീട്…


അവിടെ ഇപ്പൊ ആരുമില്ല..


 ഒരു ആക്സിഡന്റിൽ ഉപ്പയും ഉമ്മയും കൂടപ്പിറപ്പും മണ്ണിലേക്ക് മടങ്ങി…


അവർ പോയപ്പോഴാണ് ഞാൻ വീട് ആരുടെ പേരിൽ ആണെന്ന് നോക്കുന്നത് തന്നെ..


ഉപ്പയുടെ പെട്ടിയിലോ ഉമ്മയുടെ പെട്ടിയിലോ…വില്ലേജിലോ ആ വീടിനെ കുറിച്ച് ഒരു രേഖയും ഇല്ലായിരുന്നു…


അങ്ങനെ ഒരു വീട് ഈ ഭൂമിമലയാളത്തിൽ ഇല്ല തന്നെ…


ശരിക്കും പറഞ്ഞാൽ എന്റെ കുടുംബം മറ്റൊരാളുടെ സ്ഥലത്തു അനധികൃതമായി വീട് കെട്ടി താമസിക്കുന്നത് പോലെ.. 


അവിടുത്തെ രേഖയിൽ എല്ലാം ഉസ്മാൻ ഹാജിയുടെ പേര് തന്നെ ആയിരുന്നു ഇപ്പോഴും.. ഇങ്ങനെ ഒരു പുരയിടം പോലും ഇല്ല.. എല്ലാം ഉസ്മാൻ ഹാജിയുടെ തൊടിയോട് ചേർന്നുള്ള പറമ്പ് ആയിരുന്നു…


അതിൽ പെട്ടത് തന്നെ…"


"ഉപ്പയും ഉമ്മയും അവിടെ കുഞ്ഞു വീട് വെച്ച് ജീവിതം തുടങ്ങിയപ്പോൾ…


 ആ സ്ഥലം സ്വന്തം പേരിലേക് മാറ്റുവാൻ  ഒന്ന് ശരിയാക്കി എടുക്കാൻ ഒരുപാട് നടന്നെങ്കിലും ഹാജിയാര് നീ അവിടെ കിടന്നോ..  അത് നിന്റെ മണ്ണ് തന്നെ ആണെന്ന് മാത്രം പറഞ്ഞു…


വീണ്ടും വീണ്ടും ഒരാളെ പോയി വെറുപ്പിച്ചു കാര്യം നേടുന്നതിലെ ഔചിത്യമില്ലായ്മ്മ ഒന്നോ രണ്ടോ പ്രാവശ്യം അദ്ദേഹത്തെ കണ്ടതിനു ശേഷം… പിന്നെ അദ്ദേഹത്തിന്റെ മുന്നിലേക്ക് പോകുന്നതിൽ നിന്നും എന്നെയും വിലക്കി…


എന്നെകിലും അതെന്റെ പേരിലേക് ആകുമെന്ന് തന്നെ യാണ് എന്റെ വിശ്വാസം.. ഇനി അതിന് പണം വേണമെങ്കിൽ ഞാൻ ഉണ്ടാകുവാനും തയ്യാറാണ്…"


"ആ വീട്ടിൽ ഒറ്റക് നിൽക്കണ്ടല്ലോ എന്ന് കരുതിയാണ് സബീന യെ അവളുടെ വീട്ടിലേക് പോകാൻ ഞാൻ പറഞ്ഞത്..


ചുമര് വിണ്ട് കീറി ഓടുകൾ പൊട്ടി ചിതറിയ… കവുക്കോൽ ചിതൽ കയറി ദ്രവിച്ച വീട്ടിൽ അവളെ ഞാൻ ഒറ്റക് നിർത്തും…"


"പക്ഷെ അവൾ എന്നോട് അന്നേ പറഞ്ഞിരുന്നു ഞാൻ ഇവിടെ നിന്നോളാം.. രാത്രി കുറച്ചു പേടി തോന്നുമെങ്കിലും.. എനിക്ക് കുഴപ്പമില്ല കാക്കൂ…


മുകളിൽ എന്നെയും മക്കളെയും സാധാ സമയവും വീക്ഷിക്കുന്ന പടച്ചവൻ ഇല്ലേ…"


"പടച്ചോൻ കാണുന്നുണ്ടെന്ന് കരുതി പൊട്ടിയ ഓടിനടിയിൽ നിന്നാൽ അത് തലയിൽ വീഴുമ്പോൾ തട്ടി മാറ്റാൻ മൂപര് വരൂല…


വിണ്ട് കീറിയ ചുമർ ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ താങ്ങി നിർത്താൻ നിക്കൂല..


അതിനാണ് മനുഷ്യനെന്ന ഇരുകാലി മൃഗത്തിന് മറ്റുള്ള മൃഗങ്ങളിൽ നിന്നും 

വിബിന്ന മായി ഒരു സവിവിശേഷ ബുദ്ധി ദൈവം തന്നതെന്ന് വിശ്വാസിക്കുന്നവനാണ് ഞാൻ..…


എന്റെ കഷ്ട്ടപ്പാട്.. എന്റെ ദുഃഖങ്ങൾ എല്ലാം ഞാൻ അങ്ങനെ തന്നെ കാണുന്നു…"


++++


"എല്ലാം ഒരു വിധി യാണ്..


നമുക്ക് ചുറ്റുമ്മുള്ളവരിൽ  വേണ്ടപ്പെട്ടവർ ആരാണെന്നു അറിയാനുള്ള അവസരം…


ഉപ്പ പറഞ്ഞത് പോലെ നല്ല ശമ്പളമുള്ള പണി തന്നെ ആയിരുന്നു എനിക്ക്..  മാസം ഒരു ലക്ഷത്തിന് മുകളിൽ ശമ്പളവും ഉണ്ടായിരുന്നു…


ഉമ്മയും ഉപ്പയും കൂടപിറപ്പും ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ കയ്യിൽ സൊരു കൂട്ടി വെച്ചിരുന്ന പൈസ യാണോന്നൊന്നും നോക്കിയില്ല…ബാങ്ക് ബാലൻസ് സീറോ ആകുന്നത് വരെ അവരെ ചികിൽസിച്ചു… കയ്യിലുള്ള പൈസ മുഴുവൻ കഴിഞ്ഞപ്പോൾ സബീന യുടെ കയ്യിലുള്ളതും കഴുത്തിലുള്ളതും ഊരി തന്നു…അവരെ ചികിൽസിച്ചു രക്ഷപ്പെടുത്താൻ പറഞ്ഞു…


പക്ഷെ പണത്തിനു മുകളിൽ ആയിരുന്നു വിധി എന്ന രണ്ടക്ഷരം രണ്ടാഴ്ച ചികിത്സയിൽ കഴിഞ്ഞിരുന്ന അവർ ഒന്നിന് പുറകെ ഒന്നായി.. രണ്ടു ദിവസത്തെ ഇടവേളയിൽ മൂന്നു പേരും യാത്ര പോയി.. എന്നോട് ഒരു വാക് പോലും പറയാതെ…


എന്റെ മഹല്ലിൽ തൊട്ടടുത്തു തന്നെ മൂന്നു ഖബറുകൾ പൊന്തി..


ഉപ്പ…ഉമ്മാ… അനിയൻ…"


"അതിന് ശേഷമായിരുന്നു പടച്ചോൻ അടുത്ത തിരിച്ചടി തന്നത്…


എന്താ പറയാ… ആറ് മാസം.. ആറ് മാസമായി ശമ്പളം എന്നൊരു സാധനം കിട്ടാതെ ആയപ്പോൾ ആയിരുന്നു എന്റെ പെണ്ണ് തന്നെ എക്സിറ്റ് അടിച്ചു പോരാൻ നിർബന്ധിച്ചത്..


റൂമിന് തൊട്ടടുത്തുള്ള അഫ്കാനികൾ നടത്തുന്ന തമ്മീസ് (റൊട്ടി) കടയിൽ അവർ വൈകുന്നേരം ഒഴിവാക്കാനായി വെക്കുന്ന രണ്ടു റൊട്ടിയായിരുന്നു എന്റെ ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും… കൂടെ ബാലധിയ (നഗരസഭ) പൈപ്പിൽ നിന്നും വരുന്ന വെള്ളവും…


അത്രയും രുചിയോടെ ഞാൻ ഇന്ന് വരെ ഒരു ഭക്ഷണവും കഴിച്ചിട്ടില്ല.. എന്റെ മുന്നിൽ വിഭവ സമൃദമായ ഏതു ഭക്ഷണം വന്നാലും ഞാൻ അതോർക്കും…അതോർത്താൽ ഒരു വറ്റ് നിലത്തേക് ചാടിയാൽ വേദനയാണ്.. അള്ളാഹ് ഇത് പോലും കിട്ടാത്ത എത്ര പേര് എന്റെ ചുറ്റിലുമുണ്ട്…"


"എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് തന്നെ പുതിയൊരു ജോലി പെട്ടന്ന് കിട്ടുമല്ലോ എന്നായിരുന്നു സബീന യുടെ ഉള്ളിൽ…


പക്ഷെ രണ്ടു മാസം പുതിയ പല കമ്പനികളിലും ട്രൈ ചെയ്തെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല… ശമ്പളം വളരെ കുറവ് ആയിരുന്നു അവരെല്ലാം പറഞ്ഞിരുന്നത്.. 


750 ആയിരവും റിയാലിന് ഗള്ഫിലേക് പോയത് കൊണ്ട് എന്താണ് മെച്ചം..


ഇടയ്ക്കിടെ ഇന്റർവ്യൂ വിനു പോകുന്നത് കൊണ്ട് തന്നെ നാട്ടിലൊരു ജോലിക് പോകുവാൻ കഴിഞ്ഞതുമില്ല…"


"ഓരോന്ന് ചിന്തിച്ചു വീടെത്തിയത് ഞാൻ അറിഞ്ഞില്ല..വീടിന്റെ മുറ്റം മുഴുവൻ കരിയില നിറഞ്ഞിരിക്കുന്നു… ആൾ പെരുമാറ്റം ഇല്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു.. ചുമര് നിറയെ ചിലന്തി വല നെയ്തു ഒരു കൂട്ടു കുടുംബം തന്നെ ഉണ്ടാക്കി എടുത്തിട്ടുണ്ട്… ഒന്ന് രണ്ടു കിളിക്കൂടുകളും ഉണ്ടായിരുന്നു കോലായിലെ തൂണിന് മുകളിൽ..


ചെറിയ മകൾ അത് കണ്ടു കൈ കൊട്ടി സന്തോഷിച്ചു…


ഞാൻ അത് അവിടെ തന്നെ വെച്ചു…


ഞാനും എന്റെ പെണ്ണും വീട് മുഴുവൻ വൃത്തിയാക്കി…ആൾ പെരുമാറ്റം കണ്ട് ഉസ്മാൻ ഹാജിയുടെ വീട്ടിൽ നിന്നും ആരോ ഞങ്ങളുടെ വീട്ടിലേക് എത്തി നോക്കുന്നതായി കണ്ടു…


കുറച്ചു സമയത്തിന് ശേഷം.. അവിടേക്ക് ഉസ്മാൻ ഹാജിയുടെ രണ്ടു മക്കൾ കയറി വന്നു…


"പടച്ചോനെ ഈ കൂരയിൽ നിന്നും നീ എന്നെ ഇറക്കി വിടുകയാണോ.. എന്റെ ഉള്ളിൽ ആ സമയം നിറഞ്ഞത് ആ ചോദ്യമായിരുന്നു…


ഇവിടുന്നും ഇറങ്ങിയാൽ ഇനി ഞാനും എന്റെ കുടുംബവും എങ്ങോട്ട് പോകും…


ഒരിക്കലും തീരാത്ത പരീക്ഷണങ്ങൾ…


എന്റെ ഹൃദയം വീണ്ടും വേഗത്തിൽ മിടിക്കാൻ തുടങ്ങി…"


"ഹൈദർ.. ഞങ്ങൾ ഒന്ന് രണ്ടു പ്രാവശ്യം ഇവിടെ വന്നിരുന്നു.."


ഉസ്മാൻ ഹാജിയുടെ മൂത്ത മകൻ റഹീം എന്റെ നേരെ കൈകൾ നീട്ടി സലാം ചൊല്ലി കൊണ്ട് പറഞ്ഞു..


"ഞാൻ ഇവിടെ ഇല്ലായിരുന്നു ഇക്കാ… ഇവളുടെ വീട്ടിൽ ആയിരുന്നു കുറച്ചു ദിവസം..


ഞങ്ങൾക് കുറച്ചു സാവകാശം തരണം ഇക്കാ…ഒരു പുതിയ വാടക വീട് കണ്ടെത്തുന്നത് വരെ.. അത് വരെ എന്നെയും എന്റെ മക്കളെയും ഇവിടെ നിന്നും ഇറക്കി വിടരുത്.."


അത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…


"താൻ എന്താടോ ഹൈദറേ പറയുന്നത്…


തന്നെയും തന്റെ കുടുംബത്തെയും ഇവിടെ നിന്നും ഇറക്കി വിടുകയോ…


അള്ളാഹ്.. താൻ ഞങ്ങളെ കുറിച്ച് അതാണോ ധരിച്ചു വെച്ചിരിക്കുന്നത്…


ഈ വീടും പറമ്പും നിന്റെ പേരിലേക് എഴുതി ചേർക്കാൻ രെജിസ്റ്റർ ഓഫീസിലേക് ഒന്ന് പോയാലോ എന്ന് ചോദിക്കാൻ വന്നതാണ് ഞങ്ങൾ..


ഉസ്മാൻ ഹാജിയുടെ രണ്ടാമത്തെ മകൻ അബ്ദു പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളം മഞ്ഞു വീഴുന്നത് പോലെ തണുക്കുന്നത് ഞാൻ അറിഞ്ഞു…"


ഒരിക്കൽ കൂടെ അവരുടെ വായിൽ നിന്നും ആ വാക്കുകൾ കേൾക്കാൻ എന്റെ ഹൃദയം വല്ലാതെ കൊതിച്ചു..


"നീ ഞെട്ടണ്ട…


ഈ വീടും പറമ്പും നിന്റെ ഉപ്പയുടെ പേരിലേക് മാറ്റിയതിന്റെ രേഖ ഞങ്ങളുടെ ഉപ്പയുടെ കൈവശം ഉണ്ടായിരുന്നു.. പക്ഷെ രെജിസ്റ്റർ ഓഫീസിൽ രെജിസ്റ്റർ ചെയ്തിരുന്നില്ല…


ഉപ്പാക് ആറ് മാസമായി കുറച്ചു ഓർമ്മ കുറവ് ഉണ്ടായിരുന്നു.. അതായിരിക്കാം നീ വന്നു ചോദിച്ചപ്പോഴും അതിനെ കുറിച്ച് മറന്നു പോയത്…


ഉപ്പാന്റെ പെട്ടി പരിശോദിച്ചപ്പോൾ ആണ് ഈ രേഖ ഞങ്ങൾ കാണുന്നത്..


മാത്രമല്ല…..  ഉപ്പ മറ്റൊന്ന് കൂടെ എഴുതിയിരുന്നു നിങ്ങളുടെ വീട് ഞങ്ങളുടെ ചിലവിൽ പുതുക്കി പണിതു കൊടുക്കാൻ…


ഞങ്ങൾ അതും കൂടെ സംസാരിക്കാനാണ് വന്നത്…


തനിക് കുഴപ്പമൊന്നും ഇല്ലങ്കിൽ.."


അവർ അതും പറഞ്ഞു എന്നെ നോക്കി..


"ഞാൻ പുറകിലേക്ക് തിരിഞ്ഞ് സബീനയെ നോക്കിയപ്പോൾ അവൾ രണ്ടു കൈകളും മുകളിലേക്കു ഉയർത്തിയിരിക്കുന്നു…


കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…


റബ്ബിനോട് നന്ദി പറയുകയായിരുന്നു…"


"അൽഹംദുലില്ലാഹ്…"


എന്റെ ചുണ്ടിലും ആ ദിക്‌ർ ഒഴുകി വന്നു… ലൈക്ക് ചെയ്യണേ...

To Top